ഫുക്കുഷിമ ആണവ നിലയം | Photo-AP
ജപ്പാനില്‍ 2011ലുണ്ടായ ഭൂകമ്പത്തെയും സുനാമിയേയും തുടര്‍ന്നാണ് ഫുക്കുഷിമ ആണവ നിലയം അപകടത്തിലാകുന്നത്. 1986-ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഇത്തരത്തിലുള്ള ഏറ്റവും വലിയ ദുരന്തമായി അത് മാറി. ആണവ ദുരന്തത്തില്‍ ആരും മരിച്ചില്ല. നിലയത്തിലെ 16 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 1.54 ലക്ഷം പേരെയാണ് ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കേണ്ടിവന്നത്. സുനാമിയെത്തുടര്‍ന്ന് നിലയത്തില്‍ വെള്ളം കയറുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തുവെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ജീവന്‍ പണയംവച്ച് റിയാക്ടര്‍ തണുപ്പിക്കാന്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങി. ഈ ദൗത്യത്തിനിടെ നിരവധി ജീവനക്കാര്‍ക്കാണ് ആണവ വികിരണമേറ്റത്. ഫുക്കുഷിമ 50 എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട 50 ജീവനക്കാരാണ് അപകടമുണ്ടായ ആണവ നിലയത്തില്‍ ദിവസങ്ങളോളം തുടര്‍ന്ന് റിയാക്ടര്‍ തണുപ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. അന്നവര്‍ ആ ദൗത്യത്തില്‍ ഏര്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ ടോക്യോ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരുപക്ഷെ ഒഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുരന്തമുണ്ടായ സമയത്ത് ഫുകുഷിമ നിലയത്തിന്റെ മാനേജറായിരുന്ന മസാവോ യോഷിദയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിലയത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ) ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ സ്വന്തം തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തിച്ചുവെന്ന വിമര്‍ശനം അടക്കമുള്ളവയാണ് യോഷിദയ്ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ ടോക്യോ നഗരം മുഴുവന്‍ ഒഴിപ്പിക്കേണ്ടി വരുമായിരുന്ന വന്‍ ആണവ ദുരന്തം ഒഴിവാക്കിയത് അദ്ദേഹമാണെന്ന് അധികൃതര്‍ പിന്നീട് തിരിച്ചറിഞ്ഞു. എന്നാല്‍ വൈകാതെ അദ്ദേഹം കാന്‍സര്‍ ബാധിച്ച് മരിച്ചു. ഭൂകമ്പത്തിനും സുനാമിയ്ക്കുമിടെ തുടര്‍ ചലനങ്ങള്‍ ആവര്‍ത്തിച്ചിട്ടും നിലയത്തില്‍ ഹൈഡ്രജന്‍ സ്ഫോടനങ്ങള്‍ പലതവണ ഉണ്ടായിട്ടും അവിടെതന്നെ തുടര്‍ന്ന് യോഷിദയടക്കം നിലയത്തിലെ 50 ജീവനക്കാര്‍ ദുരന്തം ലഘൂകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത്തവണ Their Story ചര്‍ച്ച ചെയ്യുന്നത്.
വന്‍ ദുരന്തം മുന്നില്‍ക്കണ്ട് ആണവ നിലയത്തിലെ ജീവനക്കാര്‍
2011 മാര്‍ച്ച് 11-നാണ് ജപ്പാനില്‍ ഭൂചലനവും സുനാമിയും ഉണ്ടാകുന്നത്. നിലയത്തിലെ സംവിധാനങ്ങള്‍ ഭൂചലനം തിരിച്ചറിയുകയും പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂകമ്പവും സുനാമിയും മൂലം വൈദ്യുതി ലൈനുകള്‍ തകരാറിലായതിനാല്‍ നിലയത്തിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചതാണ് ആണവ ദുരന്തത്തിന് വഴിതെളിച്ചത്. ആണവ നിലയം സ്വയം ഷട്ട്ഡൗണ്‍ ആയശേഷവും തുടര്‍ച്ചയായി റിയാക്ടര്‍ കോറിലേക്ക് കൂളന്റ് പമ്പുചെയ്ത് എത്തിച്ചാല്‍ മാത്രമെ റിയാക്ടര്‍ തണുപ്പിക്കാനാകൂ. ഏത് അടിയന്തര ഘട്ടത്തിലും റിയാക്ടര്‍ തണുപ്പിക്കുന്നത് ഉറപ്പാക്കാനുള്ള എമര്‍ജന്‍സി റിയാക്ടറുകള്‍ നിലയത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സുനാമിയെത്തുടര്‍ന്ന് വെള്ളംകയറി അവ തകരാറായി. റിയാക്ടര്‍ തണുപ്പിക്കുന്ന പ്രവര്‍ത്തനം താത്കാലികമായി നിലയ്ക്കുന്ന അവസ്ഥ വന്നതോടെ റിയാക്ടര്‍ കോര്‍ ഉരുകുകയും മൂന്ന് ഹൈഡ്രജന്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. റേഡിയോ ആക്ടീവ് വസ്തുക്കള്‍ റിയാക്ടറിന് പുറത്തേക്ക് എത്തുന്നതിനും ഇത് ഇടയാക്കി.
.jpg?$p=76b105e&&q=0.8)
ആണവ വികിരണം ഉണ്ടായതായി തിരിച്ചറിഞ്ഞതോടെ പ്രദേശത്തുനിന്ന് ജനങ്ങളെ വന്‍തോതില്‍ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. നിലയത്തിന് ചുറ്റും 20 കിലോമീറ്റര്‍ പരിധിയില്‍ താമസിച്ചിരുന്ന 1.10 ലക്ഷം പേരെയാണ് ആദ്യഘട്ടത്തില്‍തന്നെ ഒഴിപ്പിച്ചത്. അതിനിടെ, റിയാക്ടറിലേക്ക് കൂളന്റ് പമ്പ് ചെയ്യാന്‍ കഴിയാതെവന്നതോടെ കടല്‍വെള്ളം കടത്തിവിട്ട് റിയാക്ടര്‍ തണുപ്പിക്കാന്‍ മസാവോ യോഷിദ നടത്തിയ ശ്രമാണ് ടെപ്കോ അധികൃതരെ ചൊടിപ്പിച്ചത്. കടല്‍വെള്ളം കയറ്റിവിടുന്നതോടെ റിയാക്ടര്‍ എന്നെന്നേക്കുമായി ഉപയോഗശൂന്യമാകുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, നിര്‍ദ്ദേശം അവഗണിച്ച് കടല്‍വെള്ളം ഉപയോഗിച്ചുതന്നെ റിയാക്ടര്‍ തണുപ്പിക്കാനുള്ള ശ്രമം അദ്ദേഹം തുടരുകയായിരുന്നു. അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് ഒരു വലിയ ആണവ ദുരന്തം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുകയും ലോകത്തെ അതില്‍നിന്ന് രക്ഷിക്കുകയും ചെയ്തതെന്ന് പിന്നീട് അധികൃതര്‍ തിരിച്ചറിഞ്ഞു.
അന്ത്യം അവിടെത്തന്നെയെന്ന കരുതി
യോഷിദയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃപാടവത്തിനും മുന്നില്‍ ആദരവോടെ ശിരസ് നമിക്കുന്നുവെന്ന് അന്നത്തെ ജപ്പാന്‍ പ്രധാനമന്ത്രി നവോട്ടോ കാന്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ആണവ ദുരന്തത്തെത്തുടര്‍ന്ന് താനും സഹപ്രവര്‍ത്തകരും റിയാക്ടറിനുള്ളില്‍ മരിച്ചുവീഴുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ദുരന്തമുണ്ടായ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇനി ഇവിടെനിന്ന് ഒരു രക്ഷപ്പെടല്‍ ഉണ്ടാകില്ലെന്നും അന്ത്യം ഇവിടെവച്ച് തന്നെയായിരിക്കുമെന്നും പല സമയത്തും ചിന്തിച്ചിരുന്നുവെന്ന് ജോലിയില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എങ്കിലും ആണവ നിലയം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനെപ്പറ്റി ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പവും സുനാമിയും ഉണ്ടായതിന് തൊട്ടടുത്ത ദിവസങ്ങളില്‍ കടുത്ത ആണവ വികിരണം നേരിട്ടുകൊണ്ട് വന്‍ ദുരന്തം ഒഴിവാക്കാന്‍ പ്രയത്നിച്ച യോഷിദയെ അന്ന് ടാപ്കോ പ്രസിഡന്റായിരുന്ന നവോമി ഹിറോസും പിന്നീട് അഭിനന്ദിച്ചു.
ആണവ ദുരന്തമുണ്ടായശേഷവും നിലയം ഉപേക്ഷിച്ചുപോകാതെ അവിടെതന്നെ തുടര്‍ന്ന് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ശ്രമിച്ച എന്‍ജിനിയറും എമര്‍ജന്‍സി വര്‍ക്കേഴ്സും ഉള്‍പ്പെട്ട ഫുക്കുഷിമ-50 എന്നപേരില്‍ അറിയപ്പെട്ട സംഘത്തെയും പിന്നീട് കമ്പനി അഭിനന്ദനം കൊണ്ട് മൂടി. ഭൂകമ്പവും സുനാമിയും ഉണ്ടായതിന് പിന്നാലെ ഫുക്കുഷിമ ആണവ നിലയത്തിലെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് ബോധ്യമായിട്ടും രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെതന്നെ തുടര്‍ന്നത് 50 ജീവനക്കാരാണ്.

വന്‍ ആണവ ദുരന്തത്തില്‍നിന്ന് ജപ്പാനെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമാണ് അവര്‍ നടത്തിയത്. വൈദ്യുതി നിലച്ച ആണവ നിലയത്തില്‍ കൂരിരുട്ടില്‍ ശുദ്ധവായുവിനായി വലിയ ഓക്സിജന്‍ സിലിണ്ടറുകള്‍ ചുമലിലേറ്റി, ആണവ വികിരണം പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച് ചെറിയ ഫ്ളാഷ് ലൈറ്റുകളുമായാണ് അവര്‍ റിയാക്ടറുകള്‍ ശീതീകരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടിയന്തരമായി എത്തിച്ച താത്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടല്‍ വെള്ളം പമ്പുചെയ്ത് റിയാക്ടര്‍ തണുപ്പിക്കാനുള്ള ദൗത്യമാണ് അവര്‍ സ്വയം ഏറ്റെടുത്തത്. അവര്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍ വന്‍തോതില്‍ ആണവ വികിരണം ഉണ്ടാകുകയും ആയിരക്കണക്കിനുപേര്‍ അതിന് ഇരയായി കടുത്ത ദുരിതം അനുഭവിക്കേണ്ടിവരികയും ചെയ്യുമായിരുന്നു. റേഡിയേറ്ററുകള്‍ ശീതീകരിക്കാനുള്ള നീക്കം ജീവനക്കാര്‍ നടത്തുന്നതിനിടെ അവയില്‍ ഒന്നിന്റെ കവചം തകരുകയും റേഡിയോ ആക്ടീവ് നീരാവി നിലയത്തിനുള്ളില്‍ വ്യാപിക്കുകയും ചെയ്തു. അടിയന്തര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരുടെ എണ്ണം 50 ല്‍നിന്ന് 100 ആയി ഉയര്‍ത്താന്‍ ടെപ്കോ അതിനിടെ ആലോചിച്ചിരുന്നുവെങ്കിലും ഈ സംഭവത്തോടെ അത് സാധ്യമായില്ല. ജീവനക്കാര്‍ നടത്തിയ ദൗത്യത്തെ അടിസ്ഥാനമാക്കി ഫുക്കുഷിമ 50 എന്ന സിനിമ പിന്നീട് പുറത്തിറങ്ങി.

യോഷിദയ്ക്ക് കാന്‍സര്‍ ബാധിച്ചതിന്റെ കാരണം ആണവ വികിരണമല്ലെന്ന് അധികൃതര്‍
ആണവ വികിരണമേറ്റ് ഫുക്കുഷിമ നിലയത്തിലെ റിയാക്ടറുകള്‍ തണുപ്പിക്കാനും ഒരു വലിയ വിപത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനും പരിശ്രമിച്ച മസാവോ യോഷിദയ്ക്ക് പിന്നീട് അന്നനാളത്തില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കാന്‍സര്‍ ബാധിക്കാനുള്ള കാരണം ആണവ നിലയത്തിലെ അപകടമല്ല എന്നാണ് ജപ്പാനിലെ അധികൃതര്‍ വിശദീകരിച്ചത്. 2011 ജൂണിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2012 ഡിസംബറില്‍ അദ്ദേഹം ജോലിയില്‍നിന്ന് വിരമിച്ചു. സേവന കാലാവധി തീരുംമുമ്പേ സ്വയം വിരമിക്കുകയായിരുന്നു. കാന്‍സര്‍ ചികിത്സയിലായരുന്ന അദ്ദേഹം 2013 ജൂലായ് ഒന്‍പതിന് മരണമടഞ്ഞു.

ആണവ മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ടത് 40 വര്‍ഷം
ആണവ ദുരന്തമുണ്ടായതിന് പിന്നാലെ നിലയത്തിനുചുറ്റും അധികൃതര്‍ പ്രഖ്യാപിച്ച എക്സ്‌ക്ലൂഷണ്‍ സോണിന്റെ വ്യാപ്തി പിന്നീട് പലതവണ വര്‍ധിച്ചു. 1,50,000-ത്തിലധികം പേരെയാണ് നിലയത്തിന് സമീപത്തുനിന്ന് ഒഴിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞും എക്സ്‌ക്ലൂഷന്‍ സോണ്‍ അതേപടി നിലനിന്നു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ പലതും പിന്നീട് നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തിയില്ല. പ്രദേശത്തെ ആണവ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാന്‍ 40 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തലസ്ഥാനമായ ടോക്യോയില്‍നിന്ന് 220 കിലോമീറ്റര്‍ അകലെ ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള ഒകുമ ടൗണിലാണ് ഫുക്കുഷിമ നിലയം. ആണവ ദുരന്തം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്നകാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.
ആണവ ദുരന്തത്തെത്തുടര്‍ന്ന് പ്രദേശത്തെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ജപ്പാനിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ എക്സ്‌ക്ലൂഷന്‍ സോണില്‍നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളില്‍ പലരും അധികൃതര്‍ പ്രദേശത്തെ നിയന്ത്രണങ്ങള്‍ നീക്കിയശേഷവും അവിടേക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. നിലയത്തിലെ ജീവനക്കാരില്‍ ഒരാള്‍ ആണവ വികിരണം ഏറ്റതിനെത്തുടര്‍ന്ന് മരിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും 2018 ല്‍ ജപ്പാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലെവല്‍ 7 വിഭാഗത്തിലാണ് ഫുക്കുഷിമ ആണവ ദുരന്തത്തെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെര്‍ണോബിലിനുശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആണവ ദുരന്തമാണത്.

ദുരന്തത്തിലേക്ക് നയിച്ചത് 19,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പവും സുനാമിയും
ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍വച്ച് ഏറ്റവും ശക്തമായ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയുമാണ് ഫുക്കുഷിമ ആണവ ദുരന്തത്തിലേക്ക് വഴിതെളിച്ചത്. സുനാമി ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് എട്ട് മുതല്‍ 10 മിനിറ്റു മുമ്പ് മാത്രമാണ് സുനാമി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. ജനങ്ങളെ അധികൃതര്‍ അടിയന്തരമായി ഒഴിപ്പിച്ച നിരവധി പ്രദേശങ്ങള്‍ സുനാമിയ്ക്കുശേഷം നാമാവശേഷമായി. സുനാമിക്ക് പിന്നാലെ താപനില വന്‍തോതില്‍ കുറഞ്ഞതും കടുത്ത ശൈത്യം അനുഭവപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെയടക്കം പ്രതികൂലമായി ബാധിച്ചു. ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ ഇഷിനോമാക്കിയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. 2021 ല്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 19,747 മരണങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടത്. 6242 പേര്‍ക്ക് പരിക്കേറ്റു. 2556 പേരെ കാണാതായി. ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി.
Content Highlights: Their story discusses about Fukushima Daiichi Nuclear Power Plant Disaster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..