വൈദ്യുതിച്ചെലവിൽ ആടിയുലഞ്ഞു; കാറ്റിനെ വിശ്വസിച്ച് കാറ്റാടിയിൽ 'രാജാവായി'


സി.എ ജേക്കബ്ഇത്തവണ THEIR STORYയിൽ ഇന്ത്യയുടെ വിന്‍ഡ് റെവല്യൂഷന് പിന്നിലെ പ്രേരക ശക്തിയും ഹരിത ഊർജ്ജ പദ്ധതികൾക്ക് തുടക്കമിട്ട വ്യവസായിയുമായ തുൾസി താംതി

TheirStory

തുൾസി താംതി

രു രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സാമൂഹിക ഉത്തരവാദിത്വബോധമുള്ള വ്യവസായികൾക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് വഴികാട്ടിയായി നിലകൊണ്ടയാളാണ് തുള്‍സി താംതി എന്ന വ്യവസായി. റിന്യൂവബിള്‍ എനര്‍ജി സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈനുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് തുടക്കം കുറിച്ചു. ലോകം മുഴുവന്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നതിന് വളരെ മുമ്പേ അക്കാര്യം ചിന്തിക്കുകയും വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാണ രംഗത്തിറങ്ങുകയും ചെയ്ത ദീർഘ ദർശിയാണദ്ദേഹം. കാലത്തിനു മുമ്പെയുള്ള ആ സഞ്ചാരം പി്ന്നീട് കടത്തിൽ മുങ്ങിയ തന്റെ സ്ഥാപനത്തിന് തിരിച്ചടിയായിട്ടുണ്ടാകാം എന്നും അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു. രാജ്യം വൈദ്യുതിക്ഷാമം അടക്കം നേരിട്ടിരുന്ന കാലത്ത് കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ടര്‍ബൈനുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് തുടക്കം കുറിക്കുന്നതിനും അതിന്റെ സാന്നിധ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനും തുള്‍സി താംതി നടത്തിയ പരിശ്രമങ്ങളാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.

  • 1995-ല്‍ സുസ്ലോണ്‍ എനര്‍ജി എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ഈ രംഗത്ത് ഒരു വിപ്ലവത്തിന് തന്നെ താംതി തുടക്കം കുറിച്ചു.
  • കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി സുസ്ലോൺ വളര്‍ന്നു.
  • ലോകത്തെ ഈ രംഗത്തുള്ള കമ്പനികളില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി.
ഇന്ത്യയില്‍ ചുവടുറപ്പിച്ചുകൊണ്ട് ആഗോള തലത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ കമ്പനിയുടെ കടം പെരുകി. കടങ്ങളെല്ലാം വീട്ടി കമ്പനിയെ വീണ്ടും മുന്നോട്ടുനയിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് 2022 ഒക്ടോബര്‍ ഒന്നിന് താംതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജം സംബന്ധിച്ച മേഖലയില്‍ വ്യവസായം നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇന്നത്തേതാണെന്നും എന്നാല്‍ രണ്ട് പതിറ്റാണ്ടുമുമ്പേ ഈ രംഗത്തേക്ക് തങ്ങള്‍ ചുടവുവച്ചിരുന്നുവെവെന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക്മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.സുസ്ലോണിന്റെ വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററിന്
സമീപം തുള്‍സി താംതി | AFP

ടെക്‌സ്‌റ്റൈല്‍ ബിസിനസ്സില്‍നിന്ന് വിന്‍ഡ് എനര്‍ജിയിലേക്ക്

ഇന്ത്യയുടെ വിന്‍ഡ് റെവല്യൂഷന് പിന്നിലെ പ്രേരക ശക്തിയായി അറിയപ്പെടുന്ന താംതി 1958-ല്‍ രാജ്കോട്ടിലാണ് ജനിച്ചത്. കോമേഴ്‌സിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുദം എടുത്തശേഷമാണ് വ്യവസായ രംഗത്തേക്ക് ഇറങ്ങുന്നത്. കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദന രംഗത്തേക്ക് കടക്കുന്നതിനുമുമ്പ് കുടുംബം നടത്തിവന്ന ടെക്സ്‌റ്റൈല്‍ ബിസിനസിന്റെ അമരക്കാരനായിരുന്നു താംതി. വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ വൈദ്യുതിക്കുവേണ്ടി വന്‍തുക ചിലവഴിക്കേണ്ടിവരുന്നതും വൈദ്യുതി വിതരണം അടിക്കടി തടസപ്പെടുത്തുന്നതുമാണ് അദ്ദേഹത്തെ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തെപ്പറ്റി ചിന്തിപ്പിച്ചത്. സ്വന്തം വ്യവസായ സ്ഥാപനത്തില്‍ അദ്ദേഹം രണ്ട് വിന്‍ഡ് ടര്‍ബൈനുകള്‍ 1990-ല്‍ സ്ഥാപിച്ചു. വിന്‍ഡ് എനര്‍ജിയില്‍ ആകൃഷ്ടനായ അദ്ദേഹം 2001 ല്‍ ടെക്സ്‌റ്റൈല്‍ ബിസിനസ് അവസാനിപ്പിച്ചാണ് കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിവൈദ്യുതി കമ്പനിയായി മാറി. 2003-ല്‍ അമേരിക്കയില്‍നിന്ന് 24 ടര്‍ബൈനുകള്‍ക്കുള്ള ആദ്യ ഓഡര്‍ ലഭിച്ചു. വിന്‍ഡ് എനര്‍ജി രംഗത്ത് വിദേശ കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്താണ് രാജ്യത്ത് അതിനുള്ള സാധ്യതകള്‍ ആരായാനുള്ള ധൈര്യം താംതി കാട്ടിയത്. വിദേശ കമ്പനികളുടെ വിന്‍ഡ് എനര്‍ജി സംവിധാനങ്ങള്‍ ചിലവേറിയതും രാജ്യത്തെ വ്യവസായികള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടേറിയതും ആയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വിദഗ്ധമായി മറികടക്കാന്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് കഴിഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിലും കമ്പനി സാന്നിധ്യമറിയിച്ചു. ഇതിനു പിന്നാലെ ജര്‍മനിയിലും നെതര്‍ലന്‍ഡ്സിലും ഡെന്‍മാര്‍ക്കിലും സ്വന്തം കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി സെന്റര്‍ തുള്‍സി താംതി സ്ഥാപിച്ചു. ഇതിനിടെ പരിസ്ഥിതി സംരക്ഷണ രംഗത്തെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2009-ല്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗാം (യു.എന്‍.ഇ.പി) ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് അംഗീകാരം അദ്ദേഹത്തിന് ലഭിച്ചു. 2007-ല്‍ ടൈം മാഗസിന്‍ ഹീറോ ഓഫ് ദി എന്‍വയോണ്‍മെന്റായി 2007-ല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അവബോധം ലോകത്തിന് നല്‍കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചായിരുന്നു ഇത്. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ 2006-ലെ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, വേള്‍ഡ് വിന്‍ഡ് എനര്‍ജി അസോസിയേഷന്റെ വേള്‍ഡ് വിന്‍ഡ് എനര്‍ജി അവാര്‍ഡ്, ചൈന എനര്‍ജിയുടെ ഗ്ലോബല്‍ ന്യൂ എനര്‍ജി ലീഡര്‍ അവാര്‍ഡ് എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യുടെ റിന്യൂവബിള്‍ എനര്‍ജി കൗണ്‍സില്‍, ഇന്ത്യന്‍ വിന്‍ഡ് ടര്‍ബൈന്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ശക്തമായ സാന്നിധ്യം

കാറ്റില്‍നിന്നുള്ള വൈദ്യുതിയുടെ മേഖലയില്‍ നിലവില്‍ ഇന്ത്യന്‍ വിപണിയുടെ 33 ശതമാനവും കൈയാളുന്നത് താംതി സ്ഥാപിച്ച കമ്പനിയാണ്. 19.4 ഗിഗാവാട്ടിന്റെ പദ്ധതികളാണ് ഇന്ത്യയില്‍ കമ്പനിക്കുള്ളത്. ഇതുകൂടാതെ 17 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്. അമേരിക്കയാണ് കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി. വിന്‍ഡ് എനര്‍ജി രംഗത്ത് ശക്തമായ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ അദ്ദേഹം ടര്‍ബൈന്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന ബെല്‍ജിയം ആസ്ഥാനമായ കമ്പനിയുടെ ചെയര്‍മാനും ആയിരുന്നു. എന്നാല്‍ രാജ്യത്ത് അദ്ദേഹം സ്ഥാപിച്ച കമ്പനി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. 1200 കോടിരൂപ റൈറ്റ് ഇഷ്യൂവിലൂടെ സമാഹരിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. നിലവിലുള്ള ഷെയര്‍ ഉടമകള്‍ക്കുതന്നെ പുതിയ ഷെയറുകള്‍ അനുവദിക്കുകയാണ് റൈറ്റ് ഇഷ്യൂവിലൂടെ ചെയ്യുന്നത്. കുന്നൂകൂടിയ കടം വീട്ടാനും പ്രവര്‍ത്തന മൂലധനം കണ്ടെത്താനുമാണ് കമ്പനി 1200 കോടിരൂപ സമാഹരിക്കുന്നത്.

അട്ടപ്പാടിയിലെ സുസ്ലോണ്‍ വിന്‍ഡ് എനര്‍ജി പ്രോജക്ട് | Mathrubhumi archives

വിദേശ രാജ്യങ്ങളിലേക്കും പടര്‍ന്ന് കമ്പനി

കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പായ്‌ക്കേജായി നല്‍കിക്കൊണ്ടാണ് 1995-ല്‍ സുസ്ലോണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ നിര്‍മിക്കുന്നതിനും അവയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമായി ജര്‍മന്‍ കമ്പനിയായ സൗത്ത് വിന്‍ഡ് എനര്‍ജിയുമായി താംതിയുടെ കമ്പനി കരാറിലേര്‍പ്പെട്ടു. രാജ്യത്ത് കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാന്‍ ഈ കരാര്‍ ഇടയാക്കി. ഇന്ത്യന്‍ പെട്രോകെമിക്കല്‍സ് ലിമിറ്റഡിനുവേണ്ടി ഗുജറാത്തിലാണ് കമ്പനി ആദ്യത്തെ വിന്‍ഡ് എനര്‍ജി ജനറേറ്റര്‍ സ്ഥാപിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്രയും തമിഴ്‌നാട്ടിലും കമ്പനി നിരവധി കാറ്റാടികള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ടാറ്റ അടക്കമുള്ളവ താംതിയുടെ കമ്പനി നിര്‍മിച്ച വിന്‍ഡ് എനര്‍ജി ജനറേറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങി. 2001 നും 2005-നുമിടെയാണ് താംതിയുടെ കമ്പനി വിദേശ രാജ്യങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ച് തുടങ്ങിയത്. അമേരിക്കയിലേക്കും ജര്‍മനിലിലേക്കുമാണ് കമ്പനി ആദ്യം പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. പിന്നീടെ ബെയ്ജിങ്ങില്‍ ഓഫീസ് തുറന്നു. ഓസ്‌ട്രേലിയയിലും ഡെന്‍മാര്‍ക്കിലും വൈകാതെ കമ്പനി പ്രവര്‍ത്തനം തുടങ്ങി. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി ഒരു ദശാബ്ദത്തിനകം കമ്പനിക്ക് സൂപ്പര്‍ബ്രാണ്ട് പദവി ലഭിച്ചു. ഇതോടെ നിരവധി നിക്ഷേപകര്‍ കമ്പനിയുടെ ഭാഗമാകാന്‍ തയ്യാറായി രംഗത്തെത്തി. ലോകത്തെ തന്നെ മൂന്ന് വന്‍കിട വിന്‍ഡ് എനര്‍ജി കമ്പനികളില്‍ ഒന്നായിമാറാന്‍ ലക്ഷ്യംവച്ച് നീങ്ങുന്നതിനിടെയാണ് തുള്‍സി താംതിയുടെ അപ്രതീക്ഷിത മരണം.

പ്രതീകാത്മക ചിത്രം | AFP

പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ താംതി നടത്തിയ ശ്രമം

വിന്‍ഡ് ടര്‍ബൈനുകള്‍ നിര്‍മിച്ചിരുന്ന ജര്‍മന്‍ കമ്പനിയായ റീപവറിനെ 2007-ല്‍ ഏറ്റെടുത്തതോടെയാണ് താംതിയുടെ കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയത്. ജര്‍മനിയില്‍നിന്ന് നേരിടേണ്ടിവന്ന ബാങ്കിങ് നിയന്ത്രണങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ 2015 ല്‍ റീപവറിനെ താംതിക്ക് വില്‍ക്കേണ്ടിവന്നു. കഠിനമായ പരിശ്രമത്തിലൂടെ പലിശ ബാധ്യത ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റമുണ്ടായില്ല. പ്രതിസന്ധിയില്‍നിന്ന് കമ്പനിയെ കരകയറ്റാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നതിനിടെയാണ് താംതിയുടെ മരണം. 2022 ജൂണ്‍ 30-ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ കടം 2774 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ സാമ്പത്തിക പാദത്തില്‍ 5796 ആയിരുന്ന കടം കുറച്ചുകൊണ്ടുവരുന്നതിനിടെയായിരുന്നു മരണം. കമ്പനി തിരിച്ചുവരവ് നടത്തുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ കമ്പനി സ്ഥാപിച്ച താംതി അത് കാണാനുണ്ടാകില്ല.

കഞ്ചിക്കോടുനിന്നുള്ള ദൃശ്യം | അഖില്‍ ഇ.എസ്, മാതൃഭൂമി

റിന്യൂവബിള്‍ എനര്‍ജിയിലേക്ക് ചുവടുമാറി ലോകം

പാരമ്പര്യേതര ഊര്‍ജത്തിലേക്ക് ചുവടുമാറാനുള്ള ശ്രമങ്ങളുമായി ലോകം അതിവേഗം മുന്നേറുന്നതിനിടെയാണ് ഈ രംഗത്ത് വലിയ സ്വപ്നങ്ങള്‍ കണ്ട താംതി വിടവാങ്ങിയത്. 2011 നും 21 നുമിടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉറവിടങ്ങളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ലോകത്ത് 20 ശതമാനത്തില്‍നിന്ന് 28 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മറുവശത്ത് ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം 68 ശതമാനത്തില്‍നിന്ന് 62 ശതമാനമായി കുറഞ്ഞു. ആണവോര്‍ജം (12 ശതമാനത്തില്‍നിന്ന് 10 ശതമാനത്തിലേക്ക്), ജലവൈദ്യുതി (16 ശതമാനത്തില്‍നിന്ന് 15 ശതമാനത്തിലേക്ക്) എന്നിവയില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നുമുള്ള വൈദ്യുതോത്പാദനം രണ്ട് ശതമാനത്തില്‍നിന്ന് 10 ശതമാനമായി വര്‍ധിച്ചു. ലോകമെമ്പാടും റിന്യൂവബിള്‍ എനര്‍ജിയുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളില്‍ 10 മില്യണ്‍ (ഒരു കോടി) പേര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

റിന്യൂവബിള്‍ എനര്‍ജിയിലേക്ക് രാജ്യവും അതിവേഗം മാറാനുള്ള പരിശ്രമത്തിലാണ്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോക്താവും മൂന്നാമത്തെ റിന്യൂവബിള്‍ എനര്‍ജി ഉത്പാദക രാജ്യവുമാണ് ഇന്ത്യ. ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ 2021 ലെ റിന്യൂവബിള്‍ എനര്‍ജി കണ്‍ട്രി അട്രാക്ടീവ്നെസ് ഇന്‍ഡക്സ് പ്രകാരം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. പാരീസ് ഉടമ്പടി പ്രകാരം 2030-ഓടെ ആകെ വൈദ്യുതിയുടെ 50 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉറവിടങ്ങളിലേക്ക് ഇന്ത്യയും ലോകവും അതിവേഗം ചുവടുമാറാന്‍ ലക്ഷ്യമിടുന്നതിനിടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അത്തരം സ്ങ്കേതങ്ങളുടെ സാധ്യതതേടി വ്യവസായ രംഗത്തിറങ്ങിയ താംതി വിടവാങ്ങിയത്.

Content Highlights: Their story,Suzlon founder Tulsi Tanti, social,mathrubhumi,renewable energy,wind turbine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented