1. ക്യാപ്റ്റൻ ടിം ലാൻകാസ്റ്റർ, 2. കോക്ക്പിറ്റ് വിൻഡോ തകർന്ന് ക്യാപ്റ്റൻ പുറത്തേക്ക് തെറിക്കുന്ന ദൃശ്യം. സംഭവത്തെ അധികരിച്ച് നിർമിച്ച ടെലിവിഷൻ സീരീസിൽനിന്ന് | screengrab - Mayday S2 EP1|youtube
വിമാനത്തിന്റെ കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്ന് പൈലറ്റ് പുറത്തേക്ക് വലിച്ചെടുക്കപ്പെടുക. മുന്‍പൊന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ള നാടകീയ രംഗങ്ങള്‍ക്കാണ് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നിന്ന് സ്പെയിനിലെ മലാഗ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലെ ജീവനക്കാര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്. വിമാനം പറന്നുയര്‍ന്ന് 30 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്ന് ക്യാപ്റ്റന്‍ ടിം ലാന്‍കാസ്റ്റര്‍ പുറത്തേക്ക് വലിച്ചെടുക്കപ്പെടുന്നത്. അമിതവേഗത്തില്‍ പറക്കുന്ന വിമാനത്തിനു പുറത്തേക്ക് തെറിച്ചുപോയൊരാളെ പിടിച്ചുനിർത്തുക മനുഷ്യസാധ്യമായ കാര്യമായിരുന്നില്ല. എന്നാൽ സഹപൈലറ്റും ജീവനക്കാരും ചേർന്ന് സാഹസികമായാണ് 20 മിനിറ്റ് നേരം പൈലറ്റിനെ പിടിച്ചുനിർത്തിയത്. പിടിച്ചു നിർത്തുക മാത്രമല്ല പ്രധാന പൈലറ്റിന്റെ അഭാവത്തിൽ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. THEIRSTORY ഇത്തവണ അവതരിപ്പിക്കുന്നത് കോക്ക്പിറ്റിനു പുറത്തേക്ക് തെറിച്ചുപോയ പൈലറ്റിന്റെയും അദ്ദേഹത്തെ പിടിച്ചുനിർത്തിയ സഹപൈലറ്റിന്റെയും സംഭ്രമജനകമായ കഥയാണ്.
വിമാനത്തിലെ ജീവനക്കാരന് നൈജല്‍ ഓഗ്ഡന്‍ പൈലറ്റുമാര്‍ക്ക് പാനീയവുമായി കോക്ക്പിറ്റിലേക്ക് കടന്നയുടന്‍ വലിയ ശബ്ദത്തോടെ വിന്‍ഡോ തകരുകയും ക്യാപ്റ്റന്‍ ലാന്‍കാസ്റ്റര്‍ നിമിഷങ്ങള്‍ക്കകം പുറത്തേക്ക് വലിച്ചെടുക്കപ്പെടുകയുമായിരുന്നു. ആദ്യം ഒന്ന് നടുങ്ങിയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത ഫ്ളൈറ്റ് അറ്റന്റന്റ് നൈജല്‍ ഓഗ്ഡന്‍ ക്യാപ്റ്റന്റെ കാലില്‍ മുറുകെപ്പിടിച്ചു. ക്യാപ്റ്റന്റെ കാല് മാത്രമായിരുന്നു ആ സമയത്ത് വിമാനത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. വിമാനത്തിന് പുറത്തേക്ക് പൂര്‍ണമായും തെറിച്ചുപോകാതെ ക്യാപ്റ്റനെ എങ്ങനെയും പിടിച്ചുനിര്‍ത്താന്‍ നൈജലിന് നന്നേ പ്രയാസപ്പെടേണ്ടിവന്നു. വിമാനം അപ്പോള്‍ അതിവേഗം പറക്കുകയായിരുന്നു എന്നതിനാലും വളരെ ഉയരത്തില്‍ വായുമര്‍ദം കുറവായിരുന്നതിനാലും ക്യാപ്റ്റനെ പിടിച്ചുനിര്‍ത്തുക മനുഷ്യസാധ്യമായിരുന്നില്ല. നൈജല്‍ ഓഗ്ഡനും ക്യാപ്റ്റനൊപ്പം കോക്പിറ്റ് വിന്‍ഡോയിലൂടെ പുറത്തേക്ക് തെറിച്ചുപോകേണ്ടതായിരുന്നു. വിമാനത്തിലെ മറ്റൊരു ജീവനക്കാരന് ജോണ്‍ ഹെവാര്‍ഡാണ് നൈജലിനെ ബലമായി പിടിച്ചുനിര്‍ത്തിയത്. അതിനിടെ ജീവനക്കാര്‍ ക്യാപ്റ്റന്‍ ടിം ലാന്കാസ്റ്ററെയും നൈജല്‍ ഓഗ്ഡനേയും കോക്പിറ്റിനുള്ളില്‍ ബന്ധിച്ചുനിര്‍ത്തി. ജീവനക്കാര്‍ ഓരോരുത്തരായി പരസ്പരം ചേര്‍ത്തുപിടിച്ച് ക്യാപ്റ്റന്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് തെറിച്ചുപോകില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേസമയം 17,000 അടി ഉയരത്തില്‍ കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്ന് അപകടകരമായ നിലയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തില്‍നിന്ന് സഹപൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശമയച്ചു. ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ 20 മിനിറ്റിനുശേഷം കോ പൈലറ്റ് സതാംപ്റ്റണ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കി. 17000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയ ക്യാപ്റ്റനെ അരമണിക്കൂറോളം പിടിച്ചുനിര്‍ത്തിയ ജീവനക്കാര്‍ രക്ഷിച്ചത് അദ്ദേഹത്തിന്റെ ജീവന് മാത്രമായിരുന്നില്ല വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയുമാണ്.
അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍!
വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയിരുന്നെങ്കില്‍ ക്യാപ്റ്റന്റെ ശരീരം വിമാനത്തിന്റെ എന്ജിനില്തന്നെ പോയി ഇടിക്കാനുള്ള സാധ്യത ഏറെയായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ എന്ജിന് പൊട്ടിത്തെറിക്കുകയും വിമാനം തകര്‍ന്നു വീഴുന്നതിലേക്കും എത്തിച്ചേനെ. ക്യാപ്റ്റന്റെ ശരീരം വിമാനത്തിന്റെ ചിറകുകളിലടക്കം ഇടിച്ചിരുന്നുവെങ്കിലും സംഭവിക്കുക വന്‍ ദുരന്തം തന്നെയായിരുന്നു. വളരെ പ്രതികൂല സാഹചര്യത്തിലും മനഃസാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി ഇറക്കിയ കോ-പൈലറ്റും ഒഴിവാക്കിയത് വന്‍ ദുരന്തമാണ്. കേടുവന്ന് നിലത്തേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന വിമാനമാണ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള സന്ദേശംപോലും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ നിലത്തിറക്കിയത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെങ്കിലും വിമാനയാത്രക്കാര്‍ എല്ലാവരെയും അവര്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെയാണ് രക്ഷപ്പെടുത്തിയത്.
.jpg?$p=755395c&&q=0.8)
ആ ദിവസം സംഭവിച്ചത്
1990 ജൂണ്‍ പത്തിന് പ്രാദേശിക സമയം രാവിലെ 8.20-നാണ് ബ്രിട്ടീഷ് എയര്‍വെയ്സിന്റെ 5390 വിമാനം ടേക്കോഫ് ചെയ്തത്. നാല് കാബിന് ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമടക്കം 81 പേരാണ് അന്ന് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം 17,300 അടി ഉയരത്തില്‍ എത്തിയതോടെ പൈലറ്റുമാര്‍ സീറ്റ്ബെല്‍റ്റുകള്‍ ഒഴിവാക്കി. ഇതോടെ യാത്രക്കാര്‍ക്കും പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂ ഭക്ഷണം വിതരണംചെയ്തു തുടങ്ങി. പൈലറ്റുമാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നൈജല്‍ ഓഗ്ഡണ്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്ന് അകത്ത് പ്രദേശിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്റെ തൊട്ടുമുന്നിലുള്ള കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്ന് തെറിച്ചുപോയി. അതിവേഗത്തില്‍ പുറത്തേക്ക് വലിച്ചെടുക്കപ്പെട്ട ക്യാപ്റ്റന്‍ ടിം ലാന്കാസ്റ്ററുടെ തലയാണ് ആദ്യം വിമാനത്തിന് പുറത്തായത്. തൊട്ടുപിന്നാലെ ശരീരത്തിന്റെ പകുതിയിലേറെ ഭാഗം പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടു. അതിനിടെ വിമാനത്തിന്റെ കണ്ട്രോള് കണ്‍സോളില്‍ ക്യാപ്റ്റന്റെ കാല് കുടുങ്ങി. വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമാകുകയും വിമാനം അതിവേഗം താഴേക്ക് പതിച്ചുതുടങ്ങുകയും ചെയ്തു. കോക്ക്പിറ്റ് ഡോര്‍ ഇളകിവന്ന് കണ്ട്രോള് കണ്‍സോളില്‍ പതിച്ചതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ പൈലറ്റിന് നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച കോ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശമയച്ചു.
കോക്പിറ്റ് വിന്‍ഡോ തകര്‍ന്ന നിലയില്‍ താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന വിമാനത്തിലിരുന്ന് കോ പൈലറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള സന്ദേശങ്ങള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുന്നതിനുള്ള പരിശ്രമം പ്രതികൂല സാഹചര്യത്തിലും കോ-പൈലറ്റ് നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ലാന്കാസ്റ്ററെ വിമാനത്തില്‍നിന്ന് തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തിയിരുന്ന ഓഗ്ഡന്‍ പരിക്ഷീണനായി. ഇതോടെ ക്യാപ്റ്റനെ പിടിച്ചുനിര്‍ത്താനുള്ള ചുമതല വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഏറ്റെടുത്തു. അതിനിടെ ക്യാപ്റ്റന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എല്ലാവരിലും അസ്തമിച്ചു. എന്നാല്‍, വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി വിമാനം ഏതുവിധേനെയും സുരക്ഷിതമായി നിലത്തിറക്കാനുള്ള പരിശ്രമത്തില്‍നിന്ന് കോ-പൈലറ്റ് പിന്മാറിയില്ല. അതിനിടെ ക്യാപ്റ്റന്‍ ലാന്കാസ്റ്ററുടെ ശരീരം വീണ്ടും വിമാനത്തിന് പുറത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ തല പലതവണ വിമാനത്തില്‍ ഇടിച്ചു. അദ്ദേഹം മരിച്ചിട്ടുണ്ടാകുമെന്ന് വിമാന ജീവനക്കാരെല്ലാം കരുതി. അതിനിടെ വിമാനം സതാംപ്റ്റണ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനുള്ള അനുമതി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് കോ-പൈലറ്റിന് ലഭിച്ചു. പ്രാദേശിക സമയം 8.55 ഓടെ വിമാനം സുരക്ഷിതമായി ഇറക്കി. ലാന്കാസ്റ്ററുടെ വലതുകൈ ഒടിഞ്ഞിരുന്നു. വിരലിലെയും കൈത്തണ്ടയിലെയും എല്ലുകളും പൊട്ടിയിരുന്നു. തണുപ്പേറ്റ് അദ്ദേഹത്തിന്റെ ദേഹം മരവിക്കുകയും പലസ്ഥലത്തും മുറിവും ചതവും ഏല്ക്കുകയും ചെയ്തിരുന്നുവെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്നത് എന്തുകൊണ്ട് ?
1988 ല്‍ ബ്രിട്ടീഷ് എയര്‍വെയ്സ് സ്വന്തമാക്കിയ വിമാനമാണ് രണ്ട് വര്‍ഷത്തിനിടെ അപകടത്തെ മുഖാമുഖം കണ്ടത്. വിമാനങ്ങള്‍ മികച്ച രീതിയില്‍ അറ്റകുറ്റപ്പണി നടത്തി പരിചരിക്കുന്ന കമ്പനിയാണ് ബ്രിട്ടീഷ് എയര്‍വെയ്സ്. പരിചയസമ്പന്നരായിരുന്നു അന്ന് വിമാനം പറത്തിയ പൈലറ്റുമാര്‍. ക്യാപ്റ്റന്‍ ടിം ലാന്‍കാസ്റ്റര്‍ 11,000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ്. കോ-പൈലറ്റ് അലസ്റ്റൈര്‍ അറ്റ്ചിന്സണാകട്ടെ 7500 മണിക്കൂര്‍ വിമാനം പറത്തിയിട്ടുള്ള വ്യക്തിയായിരുന്നു. യാത്ര പുറപ്പെടുന്നതിനുമുമ്പ് ഇവര്‍ വിമാനം വിശദമായി പരിശോധിച്ചതാണ്. എങ്കിലും അപകട സാഹചര്യം എങ്ങനെയുണ്ടായി ?
കൃത്യമായ അളവിലുള്ള ബോള്‍ട്ടുകള്‍ ഉപയോഗിച്ച് വിന്‍ഡ് സ്ക്രീന്‍ പാനല്‍ ഘടിപ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തിയത്. ആ വിമാനം പറന്നുയരുന്നതിന് 27 മണിക്കൂറുകള്‍ക്കുമുമ്പ് വിന്‍ഡ് സ്ക്രീന്‍ പാനല്‍ മാറ്റിവച്ചിരുന്നു. 90-ഓളം ബോള്‍ട്ടുകള്‍ ഉപയോഗിച്ചാണ് വിന്‍ഡ് സ്ക്രീന്‍ പാനല്‍ ഘടിപ്പിക്കാറുള്ളത്. എന്നാല്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ വിന്‍ഡ് സ്ക്രീന്‍ പാനല്‍ ഘടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന 80-ലധികം ബോള്‍ട്ടുകള്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന കൃത്യമായ അളവിലുള്ളവ ആയിരുന്നില്ല. വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്നവര്‍ അശ്രദ്ധമായി തെറ്റായ അളവിലുള്ള ബോള്‍ട്ടുകള്‍ ഉപയോഗിച്ചതാണ് വിമാനത്തിലെ യാത്രക്കാര്‍ മുഴുവന്‍ മരണത്തെ മുഖാമുഖം കാണുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ ക്യാബിനുള്ളിലെയും പുറത്തെയും മര്‍ദവ്യത്യാസം താങ്ങാനാവാതെ കോക്ക്പിറ്റ് വിന്‍ഡോ തകര്‍ന്നു. ബര്‍മിങ്ഹാം വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചത് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
.jpg?$p=46909e9&&q=0.8)
വിമാന ജീവനക്കാര്‍ക്ക് ആദരം; ക്യാപ്റ്റനെ പിടിച്ചുനിര്‍ത്തിയ നൈജലിനെ മറന്നു
ആ വിമാനത്തിന്റെ കോ-പൈലറ്റ് അലിസ്റ്റൈര്‍ അറ്റ്ചിന്സണ്, ജീവനക്കാരായ സൂസന് ഗിബ്ബിണ്സ്, നൈജല്‍ ഓഗ്ഡണ്‍ എന്നിവര്‍ക്ക് ബ്രിട്ടണ് ക്യൂന്‍സ് കമന്റേഷന്‍ ഫോര്‍ വാല്യുവബിള്‍ സര്‍വീസ് ഇന്‍ ദി എയര്‍ പുരസ്കാരം നല്കി ആദരിച്ചു. എന്നാല്‍ ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റില്‍, വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയ ക്യാപ്റ്റന്‍ ടിം ലാന്കാസ്റ്ററെ അതിസാഹസികമായി പിടിച്ചുനിര്‍ത്തിയ നൈജല്‍ ഓഗ്ഡന്റെ പേര് ഉള്‍പ്പെടുത്താന്‍ വിട്ടുപോയി. അറ്റ്ചിന്സണിന് 1992-ല്‍ മികച്ച പൈലറ്റിനുള്ള പോളാരിസ് അവാര്‍ഡും ലഭിച്ചു. മരണത്തെ മുഖാമുഖം കണ്ട് ക്യാപ്റ്റന്‍ ടിം ലാന്‍കാസ്റ്റര്‍ സംഭവം നടന്ന് മാസങ്ങള്‍ക്കകം വീണ്ടും വിമാനം പറത്താന്‍ തുടങ്ങി. 2008-ലാണ് അദ്ദേഹം വിരമിച്ചത്. കോ-പൈലറ്റ് അലസ്റ്റൈര്‍ അറ്റ്ചിന്സണ് 2015 വരെയും വിമാനം പറത്തി. അറ്റകുറ്റപ്പണി നടത്തി വീണ്ടും രംഗത്തിറക്കിയ വിമാനം 2002 വരെ പറന്നു. 17000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുപോയ ക്യാപ്റ്റന്റെ ജീവന് രക്ഷിക്കാനും പ്രതികൂല സാഹചര്യത്തിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാനും ധൈര്യംകാട്ടിയ ആ ജീവനക്കാര്‍ വിമാനത്തില്‍ അന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ വ്യോമയാന ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായംകൂടി അന്ന് എഴുതിച്ചേര്ക്കപ്പെടുമായിരുന്നു. 80-ലധികം പേര് കൊല്ലപ്പെടുന്ന മറ്റൊരു വിമാന ദുരന്തംകൂടി അന്ന് ഉണ്ടാകുമായിരുന്നു.
Content Highlights: Their story,Captain Tim Lancaster,pilot hanging out of BA Flight 5390,British airways
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..