
യു.എസ് എയർലൈൻസ് വിമാനം ഹഡ്സൺ നദിയിൽ | Photo - AP
മാര്‍ച്ച് 21-ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം ചൈനയിലെ ഗ്വാങ്സി പര്‍വത പ്രദേശത്ത് തകര്‍ന്നുവീണ് വിമാനത്തില്‍ ഉണ്ടായിരുന്ന 132 പേരും മരിച്ച സംഭവമാണ് 2022 നെ നടുക്കിയ വലിയ വിമാന ദുരന്തം. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത് 2020 ഓഗസ്റ്റ് ഏഴിനാണ്. രണ്ട് പൈലറ്റുമാരടക്കം 21 പേര്‍ക്കാണ് ജീവന് നഷ്ടമായത്. അതിനിടെ, വലിയ വിമാന ദുരന്തങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ അവിശ്വസനീയമെന്ന് തോന്നുന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. 2020 മെയ് 22 ന് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പി.കെ 8303 വിമാനം കറാച്ചി നഗരത്തിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരൊഴികെ മറ്റെല്ലാവരും മരിച്ചിരുന്നു. ജിന്ന ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ബസ് എ320 വിമാനം കെട്ടിടങ്ങള്ക്കുമുകളില്വീണ് കത്തിയമരുകയായിരുന്നു. പാകിസ്താനിലെ പഞ്ചാബ് ബാങ്കിന്റെ പ്രസിഡന്റ് സഫര്‍ മസൂദ്, മുഹമ്മദ് സുബൈര്‍ എന്ന മറ്റൊരാള്‍ എന്നിവരാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്ന ആ വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ടുപേര്‍.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് യു.എസ് എയര്‍വെയ്സ് ഫ്ളൈറ്റ് 1549 ന്റെ കഥ. വിമാനത്തിലെ പൈലറ്റുമാരായിരുന്ന ചെസ്ലി സള്ളന്ബര്ഗറിന്റെയും ജെഫ്രി സ്കൈല്സിന്റെയും സംയോജിത ഇടപെടലില്ലായിരുന്നെങ്കിൽ മറ്റേത് വിമാനദുരന്തവും പോലെ 155 പേരുടെ മരണ വാർത്തകളിൽ നിറഞ്ഞനേ ഹഡ്സൺ അപകടവും. എന്നാൽ ഇന്നും ലോകവും മാധ്യമങ്ങളും ഹഡ്സൺ സംഭവത്തെ വിലയിരുത്തുന്നത് ഹഡ്സൺ മിറാക്കിൾ എന്നാണ്. ഇത്തവണ TheirStoryയിൽ അത്തരമൊരു അസാധാരണ രക്ഷപ്പെടലിന്റെ കഥയാണ്.

2009 ജനുവരി 15 ന് ന്യൂയോര്‍ക്ക് നഗരത്തിലെ ലഗാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകമാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. അതോടെ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായി. വിമാനം ന്യൂജേഴ്സിയിലെ ടെറ്റര്ബറോ വിമാനത്താവളത്തിലോ ലഗാര്‍ഡിയ വിമാനത്താവളത്തില്തന്നെയോ അടിയന്തരമായി ഇറക്കുക എന്ന നിര്‍ദ്ദേശമാണ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പൈലറ്റുമാര്‍ക്ക് ലഭിച്ചത്. എന്നാല്‍ രണ്ട് എന്‍ജിനുകളും പൂര്‍ണമായും പ്രവര്‍ത്തന രഹിതമായ വിമാനം റണ്‍വേ വരെ എത്തില്ലെന്ന് മറുപടി നല്കിയ പൈലറ്റ് ചെസ്ലി സള്ളന്‍ബര്‍ഗര്‍ വിമാനം ഹഡ്സണ്‍ നദിയില്‍ ഇറക്കാന്‍ തീരുമാനമെടുത്തു. ഈ തീരുമാനം വിമാനത്തില്‍ ഉണ്ടായിരുന്ന 155 ജീവനുകളാണ് രക്ഷിച്ചത്. ഹഡ്സണ്‍ നദിയിലെ അതിസാഹസിക ലാന്‍ഡിങ്ങിന്റെ വിവരങ്ങള്‍ ലോകം അറിഞ്ഞതോടെ വിമാനത്തിന്റെ പൈലറ്റ് ചെസ്ലി സള്ളന്‍ബര്‍ഗര്‍, കോ പൈലറ്റ് ജെഫ്രി സ്കൈല്‍സ് എന്നിവര്‍ക്ക് താരപരിവേഷം ലഭിച്ചു. എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള നിര്‍ദ്ദേശം കണക്കിലെടുക്കാതെ ആ വിമാനം ആകാശത്തുകൂടി തെന്നിനീങ്ങുന്ന അവസ്ഥയില്‍ ഹഡ്സണ്‍ നദിയില്‍ ഇറക്കാനുള്ള തീരുമാനം യു.എന്‍ എയര്‍ഫോഴ്സ് മുന്‍ പൈലറ്റുകൂടിയായ സള്ളന്ബര്ഗറും സഹപൈലറ്റ് സ്കൈല്‍സും എടുത്തില്ലായിരുന്നുവെങ്കില്‍ നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന മറ്റൊരു വിമാന ദുരന്തത്തിന്റെ ഓര്‍മയായി ഫ്ളൈറ്റ് 1549 മാറുമായിരുന്നു. ഹഡ്സണ്‍ നദിയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെയെല്ലാം ബോട്ടുകളില്‍ കയറ്റി രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയശേഷം ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയതും ഈ രണ്ടുപേര്‍ ആയിരുന്നു.

റണ്‍വേയില്‍ എത്തില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം
അസാധാരണമായി ഒന്നും തന്നെ ശ്രദ്ധയില്‍പ്പെടാതിരുന്ന ഒരു ദിവസമായിരുന്നു അതെന്ന് സള്ളന്‍ബര്‍ഗര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 42 വര്‍ഷത്തെ വിമാനം പറത്തലിനിടയിലെ ഒരു സാധാരണ ദിവസംപോലെ ആയിരുന്നു അതും. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. വിമാനത്തില്‍ ഇടിക്കുന്നതിന് മൂന്ന് സെക്കന്‍ഡുകള്‍ മുമ്പ് മാത്രമാണ് പക്ഷിക്കൂട്ടത്തെ പൈലറ്റുമാര്‍ കണ്ടത്. വിമാനം നല്ല വേഗത്തില്‍ ആയിരുന്നതിനാല്‍ കൂട്ടിയിടി ഓഴിവാക്കുന്നതിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തൊട്ടുപിന്നാലെ പക്ഷികള്‍ വിമാനത്തിന്റെ എന്‍ജിനുകളില്‍ ഇടിക്കുന്ന ശബ്ദംകേട്ടു. ഇതോടെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായി. വ്യോമസേനയിലടക്കം പ്രവര്‍ത്തിച്ച ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് ഉണ്ടായിരുന്നുവെങ്കിലും ഇത്തരം സാഹചര്യം നേരിടേണ്ടിവന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് സുള്ളന്ബര്ഗര് പറയുന്നു. എന്‍ജിനുകള്‍ നിലച്ച വിമാനം ഒരു ഗ്ലൈഡര്പോലെ വായുവിലൂടെ തെന്നിനീങ്ങി. മൂന്ന് മിനിട്ടിനകം വിമാനം ന്യൂയോര്‍ക്ക് നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ തകര്‍ന്നുവീണേക്കാം എന്നതരത്തില്‍ താഴേക്ക് വന്നുകൊണ്ടിരുന്നു. വിമാനത്തിന് എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് അതിനിടെ യാത്രക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. മനസാന്നിധ്യം കൈവിടാതെ പൈലറ്റുമാര്‍ തുടര്‍നടപടികളിലേക്ക് കടന്നു. എന്‍ജിനുകളില്‍ ഒന്നെങ്കിലും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റുമാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിമാനത്തിന്റെ ഓക്സിലറി പവര്യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുകയാണ് പിന്നീട് അവര്‍ ചെയ്തത്. അതിനുശേഷം രണ്ട് എന്‍ജിനുകളും തകരാറായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ എയര്‍ബസ് മാനുവല്‍ നോക്കി ചെയ്തുതുടങ്ങി.
വിമാനം ഹഡ്സണ്‍ നദിയിലേക്ക്
രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായി 20 സെക്കന്‍ഡുകള്‍ക്കകം പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്ട്രോളില് മെയ്ഡേ എന്ന അപായസൂചനാ സന്ദേശം നല്കി. ജീവന് അപകടത്തിലാകുന്ന തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നല്കുന്ന അപായസൂചനാ സന്ദേശമാണിത്. പക്ഷിയിടിച്ച് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായെന്നും ലഗാര്‍ഡിയ വിമാനത്താവളത്തില്‍ തിരിച്ചിറക്കേണ്ടിവരുമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. ഇതോടെ തൊട്ടടുത്തുള്ള രണ്ട് വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിങ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാറ്റര്ബറോ വിമാനത്താവളത്തില്‍ ഇറക്കുകയാണെങ്കില്‍ റണ്‍വേ ഒന്ന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം എയര്‍ ട്രാഫിക് കണ്ട്രോള് നല്കി. എന്നാല്‍, വിമാനം തൊട്ടടുത്ത വിമാനത്താവളത്തിലെ റണ്‍വേ വരെ എത്തില്ലെന്നും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നും പൈലറ്റുമാര്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. വിമാനം ഹഡ്സണ്‍ നദിയില്‍ ഇറക്കുകയാണെന്ന് സുള്ളന്ബര്ഗര് എയര്‍ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. അതൊരു അത്ഭുതകരമായ രക്ഷപ്പെടലാകുമെന്ന് എയര്‍ട്രാഫിക് കണ്ട്രോളില് ഉണ്ടായിരുന്നവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. അപകടത്തില്‍പ്പെടാന്‍ പോകുന്ന വിമാനത്തില്‍നിന്നുള്ള അവസാന സന്ദേശമാകും അതെന്നാണ് അവര്‍ കരുതിയത്. തനിക്ക് കടുത്ത ദുഃഖമുണ്ടെന്ന് എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്ന പാട്രിക് പറഞ്ഞു.

മുങ്ങിമരിക്കുമെന്ന് ഭയന്ന് യാത്രക്കാര്‍
തൊട്ടുപിന്നാലെ വിമാനം നദിയില്‍ ഇറക്കി. വിമാനം നേരെ നില്‍ക്കുകയാണെന്നും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞതോടെ വലിയ ആശ്വാസം തോന്നിയെന്ന് പൈലറ്റ് പറയുന്നു. എന്നാല്‍ വിമാനം തകര്ന്നുവീണില്ലെങ്കിലും നദിയില്‍ മുങ്ങിമരിക്കാനാവും വിധിയെന്ന് യാത്രക്കാര്‍ കരുതി. വിമാനം നദിയില്‍ വീണെന്നും ഇത് ജീവിതത്തിന്റെ അവസാന നിമിഷങ്ങളാകാമെന്നും യാത്രക്കാരില്‍ പലരും ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചു. വിമാനത്തിന്റെ പിന്‍ഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. എന്നാല്‍, വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കാനുള്ള നടപടികള്‍ വളരെവേഗം സ്വീകരിച്ചു. പിന്‍ഭാഗത്തെ സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍ മുന്ഭാഗത്തേക്കുനീങ്ങി പുറത്തേക്കിറങ്ങാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശം നല്കി.
അതിനിടെ, വിമാനവുമായുള്ള ബന്ധം എയര്‍ട്രാഫിക് കണ്ട്രോളിന് നഷ്ടമായതോടെ വിമാനത്തിന്റെ ഗതി നിരീക്ഷിക്കാനും എന്ത് സംഭവിക്കുന്നുവെന്ന വിവരം ഉടന്‍ അറിയിക്കാനും സമീപത്ത് ഉണ്ടായിരുന്ന ഒരു ഹെലിക്കോപ്റ്ററിനെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് നിയോഗിച്ചു. അവര്‍ വിമാനത്തെ പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തുകൊണ്ടിരുന്നു. എയര്‍ട്രാഫിക് കണ്ട്രോളില്നിന്നടക്കം വിവരം ലഭിച്ചതിനാല്‍ വിമാനം നദിയില്‍ പതിച്ച് നാല് മിനിട്ടിനകം ആദ്യ ഫെറി ബോട്ട് വിമാനത്തിന്റെ സമീപത്തെത്തി. വിമാനത്തിന്റെ ചിറകിലടക്കം കയറിനിന്ന യാത്രക്കാരെയും തണുത്ത് മരവിച്ച നദിയിലേക്ക് എടുത്തുചാടിയവരെയും ആ ബോട്ടിലേക്ക് കയറ്റി. തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ടാമത്തെ ചിറകിന് സമീപം രണ്ടാമത്തെ ബോട്ടെത്തി. പിന്നീട് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് അടക്കം അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തകര്‍ യാത്രക്കാരെ മുഴുവനും രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുപോയി. ഏറ്റവും ഒടുവിലാണ് പൈലറ്റുമാരായ സള്ളന്ബര്ഗറും സ്കൈല്‍സും ആ വിമാനത്തില്‍നിന്നും പുറത്തിറങ്ങിയത്. പിന്നീട് സുരക്ഷാ ഏജന്‍സികളുടെ അന്വേഷണങ്ങളോട് സഹകരിച്ച അവര്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ദിവസങ്ങളോളം ചിലവഴിച്ചു.
വിമാനത്തിലെ യാത്രക്കാര്‍ മുഴുവനും വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെങ്കിലും ഡോറീന് വെല്‍ഷ് എന്ന ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിമാനത്തിന്റെ കാബിന് ഫ്ളോര്‍ തുളച്ചുകയറിയ ലോഹഭാഗം കാലില്‍ തറച്ചാണ് അവര്‍ക്ക് പരിക്കേറ്റത്. മറ്റ് നാലുപേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റുവെങ്കിലും വിമാനത്തിന്റെ പിന് സീറ്റുകളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഡോറീന് വെല്‍ഷ് ആയിരുന്നുവെന്ന് യാത്രക്കാര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

പിന്നീടുള്ള ജീവിതം വ്യോമയാന സുരക്ഷയ്ക്കുവേണ്ടി
യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ് അക്കാഡമിയില്നിന്നാണ് സള്ളന്‍ബര്‍ഗര്‍ വിമാനം പറത്താന്‍ പഠിക്കുന്നത്. ഓട്ട്സ്റ്റാന്‍ഡിങ് കേഡറ്റ് ഇന്‍ എയര്മാന്ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കിയാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പിന്നിട് യു.എസ് എയര്‍ഫോഴ്സില്‍ 1975 മുതല്‍ 1980 വരെ ഫൈറ്റര്‍ പൈലറ്റായി ജോലിചെയ്തു. ഇതിനിടെ ഫ്ളൈറ്റ് ലീഡറും ട്രെയിനിങ് ഓഫീസറും ക്യാപ്റ്റനുമായി. എയര്‍ഫോഴ്സില്‍ ജോലി ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം കൊമേഴ്സല്‍ എയര്‍ലൈന്‍ പൈലറ്റാകുന്നത്. പെസഫിക് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സി (പിഎസ്എ) ലായിരുന്നു തുടക്കം. പിഎസ്എയെ പിന്നീട് യു.എസ് എയര്‍വെയ്സ് ഏറ്റെടുത്തു. 2010 ല്‍ വിമരിക്കുന്നതുവരെ അദ്ദേഹം യു.എസ് എയര്‍വെയ്സില്‍ തുടര്‍ന്നു. 40 വര്‍ഷത്തിലധികം വിമാനം പറത്തി പരിചയമുള്ള അദ്ദേഹം പിന്നീട് യു.എസ് എയര്‍ഫോഴ്സിനുവേണ്ടി നിരവധി വിമാന അപകടങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കി. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് നടത്തിയ നിരവധി അന്വേഷണങ്ങളില്‍ എയര്‍ലൈന്‍സ് പൈലറ്റ്സ് അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്തു. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്റെ ലോക്കല്‍ എയര്‍ സേഫ്റ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. വ്യോമഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്ക പുറത്തിറക്കിയ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പൈലറ്റുമാര്‍ക്കുവേണ്ടി നടത്തപ്പെടുന്ന പല പരിശീലന പരിപാടികളും തയ്യാറാക്കിയതിന് പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. പിന്നീട് ഐക്യരാഷ്ട്രസഭയുടെ കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനിലെ അമേരിക്കയുടെ പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അന്ന് സള്ളന്ബര്ഗറിനൊപ്പം ഉണ്ടായിരുന്ന സഹപൈലറ്റ് ജെഫ് സ്കൈല്‍സ് ആകട്ടെ പിന്നീട് ക്യാപ്റ്റനായി മാറി. 2019 ജനുവരി 15 ന് നടന്ന ആ സംഭവം പിന്നീട് Sully എന്ന ഹോളിവുഡ് സിനിമയ്ക്കും ഇതിവൃത്തമായി. ടോം ഹാങ്ക്സും ആരോണ്‍ എക്ഹാര്ട്ടുമാണ് വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റുമായി വേഷമിട്ടത്.
ആ വിമാനം ഇന്നും മ്യൂസിയത്തില്‍
വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ വിമാനം ഇന്നും കരോളിനയിലെ ഏവിയേഷന്‍ മ്യൂസിയത്തിലുണ്ട്. ഹഡ്സണ്‍ നദിയില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയതിന് പിന്നാലെ വിമാനം നദിയില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. പിന്നീട് നദിയില്‍നിന്ന് വീണ്ടെടുത്ത വിമാനം നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിന്റെ (എന്‍ടിഎസ്ബി) അന്വേഷണത്തിനുവേണ്ടി ന്യൂജേഴ്സിയിലേക്ക് കൊണ്ടുപോയി. അന്വേഷണം പൂര്‍ത്തിയായതിന് പിന്നാലെ വിമാനത്തിന്റെ ഏതെങ്കിലും ഒരുഭാഗം മ്യൂസിയത്തിന് നല്‍കണമെന്ന അഭ്യര്‍ഥനയുമായി കരോളിനയിലെ ഏവിയേഷന്‍ മ്യൂസിയം അധികൃതരെ സമീപിച്ചു. എന്നാല്‍ വിമാനം മൊത്തത്തില്‍ മ്യൂസിയത്തിന് കൈമാറാനായിരുന്നു അധികൃതരുടെ തീരുമാനം.
വ്യോമയാന സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ ചില മെച്ചപ്പെടുത്തലുകള്‍ വരുത്തണമെന്ന നിര്‍ദ്ദേശം ഈ അപകടത്തിന് പിന്നാലെ ഉണ്ടായി. പക്ഷിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങളെ അതജീവിക്കാന്‍ കഴിയുംവിധം വിമാന എന്‍ജിനുകളുടെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തണം എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. കാബിന് ഫ്ളോറിലൂടെ ലോഹബീം തുളച്ചുകയറി ജീവനക്കാരിക്ക് പരിക്കേറ്റ സാഹചര്യം കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ അത്തരം ബീമുകളുടെ രൂപകല്‍പ്പനയില്‍ വേണമെന്ന നിര്‍ദ്ദേശം അധികൃതര്‍ എയര്‍ബസ് കമ്പനിക്ക് നല്കി.

കടലില്‍ ഇറക്കിയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് സംഭവിച്ചത്
യുഎസ് എയര്‍വെയ്സ് വിമാന അതിസാഹസികമായി നദിയിലിറക്കിയ പൈലറ്റുമാര്‍ വിമാനത്തിലെ മുഴുവന്‍പേരുടെയും ജീവന് രക്ഷിച്ചുവെങ്കിലും 1996 ല്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് കടലില്‍ ഇറക്കാന്‍ ശ്രമിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് സംഭവിച്ചത് മറ്റൊന്നാണ്. 1996 നവംബര്‍ 23-നായിരുന്നു സംഭവം. അഡിസ് അബാബയില്‍നിന്ന് നെയ്റോബിയിലേക്ക് പോയ വിമാനം എത്യോപ്യക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിയെടുത്തു. അഭയാര്‍ഥികളായി ഓസ്ട്രേലിയയില്‍ എത്താന്‍ ആഗ്രഹിച്ച അവര്‍ വിമാനം അവിടേക്ക് പറത്തണമെന്ന് നിര്‍ബന്ധംപിടിച്ചു. ഭീഷണിക്കുവഴിങ്ങി പൈലറ്റുമാര്‍ക്ക് ഇന്ധനം തീരുന്നതുവരെ വിമാനം പറത്തേണ്ടിവന്നു. തുടര്‍ന്ന് കടലില്‍ ഇറക്കിയ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരമടക്കം 175 പേരില്‍ 55 പേര് മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ഒരു എന്ജിന് പ്രവര്‍ത്തന രഹിതമാകുകയും ഇന്ധനം മുഴുവന്‍ തീരുകയും ചെയ്തിരുന്നു. ഇതോടെ വിമാനം കടലില്‍ ഇറക്കാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് പൈലറ്റ് യാത്രക്കാര്‍ക്ക് നല്കി. എന്നാല്‍ കടലില്‍ ഇറക്കിയ വിമാനം മൂന്ന് കഷണങ്ങളായി ചിതറിപ്പോയി. കൊമോറോ ദ്വീപുകള്‍ക്ക് സമീപം തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് പരിക്കേറ്റു കടലില്വീണയാത്രക്കാരെ ഫ്രഞ്ച് സൈന്യമാണ് രക്ഷപ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..