വർഗീസ് കുര്യൻ | Mathrubhumi archives
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 1980കള്‍ വരെ രാജ്യത്ത് പാലിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. ഈ സ്ഥിതിക്ക് മാറ്റംവരാനും കര്‍ഷകരുടെ ജീവിതവും ജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടാനും ഇടയാക്കിയത് Operation Flood എന്ന ധവള വിപ്ലവമാണ്. മലയാളിയായ ഡോ. വര്‍ഗീസ് കുര്യന് ഗുജറാത്തില്‍ സഹകരണ മേഖലയില്‍ ക്ഷീരോത്പാദനവും വിതരണവും കാര്യക്ഷമമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹം തുടക്കംകുറിച്ച അമുല്‍ എന്ന സഹകരണ സ്ഥാപനവുമാണ് ധവള വിപ്ലവത്തിന് അടിത്തറ പാകിയത്. 1970കളില്‍ ലോകത്തെ പാല് ഉത്പാദനത്തിന്റെ അഞ്ച് ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ സംഭാവന. 2018 ഓടെ 22 ശതമാനമായി വര്‍ധിച്ചു. 1970 നും 95 നുമിടെ നടന്ന ധവള വിപ്ലവമാണ് രാജ്യത്തെ ക്ഷീരോത്പാദനം കുതിച്ചുയരാന്‍ ഇടയാക്കിയത്. ഗുജറാത്തിലെ അമുലിന്റെ ചുവടുപിടിച്ച് പ്രാദേശിക സഹകരണ സംഘങ്ങള്‍വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാല് സംഭരണവും വിതരണവും സാധ്യമാക്കി. പാല് ക്ഷാമം നേരിട്ടിരുന്ന ഒരു രാജ്യം എന്ന നിലയില്‍നിന്ന് ലോകത്തെ പ്രമുഖ പാല് ഉത്പാദക രാജ്യമെന്ന നിലയിലേക്ക് ഇന്ത്യയെ പിന്നീട് മാറ്റിയത് ധവള വിപ്ലവമാണ്. 1998-ലാണ് പാല് ഉത്പാദനത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. കോഴിക്കോട് സ്വദേശിയായ ഡോ. വര്‍ഗീസ് കുര്യനാണ് ധവള വിപ്ലവത്തിലൂടെ രാജ്യത്തെ ക്ഷീരകര്‍ഷകരുടെ ജീവിതംതന്നെ മാറ്റിമറിച്ചത്. എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദമെടുത്തശേഷം യാദൃശ്ചികമായി ക്ഷീരോത്പാദന രംഗത്തെത്തിയ അദ്ദേഹം സഹകരണമേഖലയിലേക്ക് ആകര്ഷിക്കപ്പെട്ടതും മാനേജ്മെന്റ് വൈദഗ്ധ്യം പ്രകടമാക്കി അമുല്‍ എന്ന പ്രസ്ഥാനത്തെ വന്‍വിജയമാക്കി മാറ്റിയതും പിന്നീട് രാജ്യത്തെ ക്ഷീരോത്പാദനം കുതിച്ചുയരാന്‍ ഇടയാക്കിയ ധവള വിപ്ലവത്തിന് തുടക്കം കുറിച്ചതും അടക്കമുള്ളവയാണ് ഇന്നത്തെ Their Story ചര്‍ച്ചചെയ്യുന്നത്.

ഗുജറാത്തില്‍ എത്തിയത് മനസില്ലാമനസോടെ; പിന്നീട് തിരിച്ചുപോയില്ല
1921 നവംബര്‍ 26-ന് കോഴിക്കോട്ട് ജനിച്ച വര്‍ഗീസ് കുര്യന് ചെന്നൈ ലയോള കോളേജില്‍നിന്ന് ഫിസിക്സ് ബിരുദവും ഗിണ്ടിയിലെ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദവുമെടുത്തു. അതിനുശേഷം ജാംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹം ബെംഗളൂരുവിലെ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പ്രത്യേക പരിശീലനം നേടി. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദമെടുക്കാന്‍ അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോയി. ബോണ്ട് ചെയ്യുന്നതിനായാണ് 1949 മെയ് 13-ന് അദ്ദേഹം ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഡയറി ഓഫീസറായി എത്തുന്നത്.
മനസില്ലാമനസോടെയാണ് അവിടെ അദ്ദേഹം ജോലിയില്‍ തുടര്‍ന്നത്. പ്രദേശത്തെ നിരക്ഷരരും ദരിദ്രരുമായ ക്ഷീര കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണത്തിന് ഇരയാക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കിയതോടെ ഗുജറാത്തിനോടൊപ്പം ഇന്ത്യയുടെ തന്നെ ധവള ചരിത്രം മാറുകയായിരുന്നു
പോള്‍സണ്‍ ഡയറി എന്ന ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് അന്ന് ക്ഷീര മേഖലയില്‍ ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഉണ്ടായിരുന്നത്. അവരുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരം ഉള്ളതായിരുന്നുവെങ്കിലും ക്ഷീര കര്‍ഷകരെ അവര്‍ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടെന്ന് കുര്യന് മനസിലാക്കി. ആ സമയത്താണ് തൃഭുവന്‍ദാസ് പട്ടേല്‍ എന്ന നേതാവ് സഹകരണ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കുര്യന് ആകൃഷ്ടനാകുന്നത്. തുടര്‍ന്ന് ഖേദ ജില്ലയില്‍ അദ്ദേഹം ക്ഷീരകര്‍ഷകരുടെ സഹകരണ സംഘത്തിന് തുടക്കംകുറിച്ചു.പിന്നീട് അമുലിന്റെ രൂപവത്കരണത്തിന് വഴിതെളിച്ചത് ഈ സഹകരണ സംഘമാണ്.
കെയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് എന്ന പേരിലായിരുന്നു ആദ്യം സഹകരണ സംഘം അറിയപ്പെട്ടിരുന്നത്. എന്നാല്‍ സഹകരണ സംഘം വളര്‍ന്നു തുടങ്ങിയതോടെ അതിന്റെ പേര് അനായാസം പറയാനും ഓര്‍ത്തിരിക്കാനും കഴിയുന്നതാകണമെന്നും എങ്കില്‍ മാത്രമെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പേര് സഹായകമാകൂവെന്നും കുര്യന് തോന്നി. സഹകരണ സംഘത്തിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം ക്ഷീര കര്‍ഷകരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സഹകരണ സംഘത്തിലെ ക്വാളിറ്റി കണ്ട്രോള് സൂപ്പര്‍വൈസറാണ് സംസ്കൃതത്തിലുള്ള അമൂല്യ എന്ന പേര് നിര്‍ദ്ദേശിച്ചത്. വിലമതിക്കാനാവാത്തത് എന്നാണ് ഈ വാക്കിന്റെ അര്‍ഥം. അമൂല്യയാണ് പിന്നീട് അമുല്‍ എന്ന് ചുരുങ്ങിയത്. ആനന്ദ് മില്‍ക്ക് യൂണിയന് ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമായും അമുല്‍ മാറി.

എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി
എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി തയ്യാറാക്കുന്നതിലും വിജയംവരിച്ചതോടെ അമുലിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. നിരവധി ഗ്രാമങ്ങളിലേക്ക് സഹകരണ സംഘങ്ങള്‍ പടര്‍ന്നു പന്തലിച്ചു. ഗ്രാമത്തിലെ ക്ഷീര കര്‍ഷകരില്‍നിന്ന് ദിവസത്തില്‍ രണ്ടു തവണ പാല് സംഭരിക്കുക എന്നതായിരുന്നു ഓരോ സഹകരണ സംഘങ്ങളുടെയും ദൗത്യം. പാലിന്റെ ഗുണനിലവാരവും കൊഴുപ്പും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ ബാധിക്കുന്ന മുഖ്യഘടകങ്ങളായി മാറി. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികള്‍, സഹകരണ സംഘങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ എന്നിവ നടത്തി അഴിമതിയും തെറ്റായ പ്രവണതകളും ഇല്ലാതാക്കുന്നതിൽ അമുല്‍ വിജയിച്ചു. അതേസമയം തന്നെ പ്രതിദിനം പാല് സംഭരിക്കുന്നതിനുള്ള ക്യാനുകള്‍ ശീതികരണ സംവിധാനമുള്ള മില്‍ക്ക് ചില്ലര്‍ യൂണിറ്റുകള്‍ക്ക് വഴിമാറി. പാല് സംഭരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പാസ്ചറൈസേഷനും ശീതീകരണവും പായ്ക്കിങ്ങും ഉറപ്പാക്കി. പായ്ക്കുചെയ്ത പാല് മൊത്ത വിതരണക്കാരിലേക്കും പിന്നീട് ചില്ലറ വില്‍പ്പനക്കാരിലേക്കും അവിടെനിന്ന് ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനുള്ള കൃത്യമായ സംവിധാനമുണ്ടാക്കി.
.jpg?$p=37e043a&w=610&q=0.8)
വഴിത്തിരിവായത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അമുല്‍ സന്ദര്‍ശനം
അതിനിടെ അമുലിന്റെ കാലിത്തീറ്റ ഉത്പാദന പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ 1964 ല്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ആനന്ദിലെത്തി. അമുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സമാനമായ പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ വര്‍ഗീസ് കുര്യനോട് ആവശ്യപ്പെട്ടു. രാജ്യത്തെ കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ പദ്ധതി ഉതകുമെന്ന് ശാസ്ത്രി കണക്കുകൂട്ടി. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് 1965 ല്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കുകയും ഡോ. കുര്യനെ അതിന്റെ തലപ്പത്ത് നിയമിക്കുകയും ചെയ്തു. ഈ സമയത്ത് രാജ്യത്ത് പാലിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. എന്നാല്‍ ക്ഷീരവികസന പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി കടുത്ത തടസ്സമായി മാറി. ഇതോടെ ദേശീയ ക്ഷീരവികസന ബോര്‍ഡ് വായ്പയ്ക്കായി വിവിധ ബാങ്കുകളുടെ വാതിലില്‍ മുട്ടി. വ്യവസ്ഥകളൊന്നും കൂടാതെ വായ്പ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.
അതിനിടെയാണ് 1969 ല്‍ ലോകബാങ്ക് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. രാജ്യത്തെ ക്ഷീര വികസന പദ്ധതിക്ക് വായ്പ അനുവദിക്കണമെന്നും എന്നാല്‍ അതിനുശേഷം അതേപ്പറ്റി മറന്നേക്കണമെന്നും ലോകബാങ്ക് പ്രസിഡന്റിനോട് ഡോ. കുര്യന് അഭ്യര്‍ഥിച്ചു. ദിവസങ്ങള്‍ക്കകം തന്നെ വ്യവസ്ഥകളൊന്നും കൂടാതെ ലോകബാങ്ക് അനുവദിച്ച വായ്പയാണ് രാജ്യത്തെ ധവള വിപ്ലവത്തിന് അടിസ്ഥാനശില പാകിയത്.
ആനന്ദില്‍ കുര്യന് നടപ്പാക്കിയ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു ധവള വിപ്ലവംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. കേരളത്തിലെ മില്‍മ അടക്കമുള്ളവയുടെ രൂപവത്കരണത്തിന് ആനന്ദില്‍ ഡോ. കുര്യന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം പ്രചോദനമായി മാറിയിട്ടുണ്ട്. ഡോ. കുര്യന്റെ ഉപദേശവും മേല്‍നോട്ടവും മില്‍മയുടെ രൂപവത്കരണ കാലത്തുണ്ടായിരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, മാഗ്സസെ അവാര്‍ഡ്, കൃഷിരത്ന പുരസ്കാരം, ലോക ഭക്ഷ്യ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു.
.jpg?$p=5a9ff97&w=610&q=0.8)
പാല് കുടിക്കാത്ത ഡോ. കുര്യന്
രാജ്യത്തെ പാല് ഉത്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ക്ഷീരകര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റംകൊണ്ടുവരികയും ചെയ്ത ഡോ. വര്‍ഗീസ് കുര്യന്റെ അവിശ്വസനീയമായ പ്രത്യേകതകളിലൊന്ന് അദ്ദേഹം പാല് കുടിക്കില്ലായിരുന്നു എന്നതാണ്. താന്‍ പാല് ഉപയോഗിക്കാറില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ഷീര മേഖലയില്‍ അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം രാജ്യത്തിന് മുഴുവന്‍ മാതൃകയായി എന്നതാണ് ശ്രദ്ധേയം. എന്‍ജിനിയറായിരുന്ന അദ്ദേഹം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

അഞ്ച് ലക്ഷം കര്‍ഷകര്‍ രണ്ട് രൂപവീതം മുടക്കി നിര്‍മിച്ച സിനിമ
ധവള വിപ്ലവത്തെക്കുറിച്ചും ഗുജറാത്തിലെ അമുല്‍ ബ്രാണ്ടിനെക്കുറിച്ചും വിഖ്യാത സംവിധായകന് ശ്യാം ബനഗല്‍ സംവിധാനംചെയ്ത സിനിമയാണ് മന്ഥന്. സംവിധായകന് ശ്യാം ബെനഗലിനെ ധവള വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന് തന്നെ സമീപിച്ച് ഗുജറാത്തിലെ ക്ഷീര കര്‍ഷക സഹകരണ സംഘങ്ങളെപ്പറ്റി ഒരു സിനിമ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സിനിമ നിര്‍മിക്കാന്‍ 10 മുതല്‍ 12 ലക്ഷംവരെ ചെലവ് വരുമെന്ന് ശ്യാം ബെനഗല്‍ അറിയിച്ചു. അതോടെ തുക കണ്ടെത്താന്‍ ക്ഷീര കര്‍ഷകരെത്തന്നെ സമീപിക്കാന്‍ ഡോ. കുര്യന് തീരുമാനിക്കുകയായിരുന്നു.
ഓരോ പായ്ക്കറ്റ് പാലിനും ആറ് രൂപവച്ച് വാങ്ങുന്നതിന് പകരം എട്ട് രൂപവച്ച് വാങ്ങാന്‍ ഡോ. കുര്യന് അന്ന് ക്ഷീര കര്‍ഷകരോട് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ അധികം ലഭിച്ച രണ്ട് രൂപവീതം അഞ്ച് ലക്ഷം ക്ഷീര കര്‍ഷകര്‍ സമാഹരിച്ചാണ് സിനിമ നിര്‍മിച്ചത്.
ഗുജറാത്തിലെ ആനന്ദില്‍ വര്‍ഗീസ് കുര്യന് നടത്തിയ പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് സിനിമയുടെ ഇതിവൃത്തം. സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്പോണ്‍സര്‍ഷിപ്പുമായി പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അവയെല്ലാം വേണ്ടെന്നുവച്ചാണ് കര്‍ഷകരില്‍നിന്ന് സ്വരൂപിക്കുന്ന പണംകൊണ്ട് സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഗിരീഷ് കര്‍ണാടും സ്മിത പാട്ടീലും അഭിനയിച്ച സിനിമ ലോകശ്രദ്ധനേടി. 1977 ല്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും മന്ഥന് സ്വന്തമാക്കിയിരുന്നു.

ആ പരസ്യത്തിന് പിന്നിലും ഡോ. കുര്യന്
അമുലിന്റെ പരസ്യങ്ങളില്‍ ഭാഗ്യചിഹ്നമായി കുസൃതിക്കാരിയായ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതും ഡോ. വര്‍ഗീസ് കുര്യന് തന്നെയായിരുന്നു. പരസ്യങ്ങള്‍ കൈകൊണ്ട് വരച്ചിരുന്ന കാലത്ത് എളുപ്പത്തില്‍ വരയ്ക്കാന്‍ കഴിയുന്നതും എന്നാല്‍ ജനമനസില്‍ നിലനില്ക്കുന്നതുമായ കാര്‍ട്ടൂണ്‍ കഥാപാത്രം തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. ടെലിവിഷന്‍, റേഡിയോ പരസ്യങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കേണ്ടിവരുന്ന കാലത്തായിരുന്നു ഡോ. കുര്യന്റെ പരീക്ഷണം. പരസ്യങ്ങളിലൂടെ അമുലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ 1966-ലാണ് അവര്‍ തീരുമാനമെടുക്കുന്നത്. ഇന്നും ആ പരസ്യത്തിന്റെ സ്വീകാര്യത നഷ്ടപ്പെട്ടിട്ടില്ല. മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ്, മാര്‍ക്കറ്റ് റിസര്‍ച്ച്, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലെ പുതിയ കാര്യങ്ങളെല്ലാം അമുലിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഡോ. കുര്യന് പ്രയോജനപ്പെടുത്തി. അദ്ദേഹം മരിച്ച സമയത്ത് അമുലിന്റെ പരസ്യത്തില്‍ പെണ്‍കുട്ടി നിറകണ്ണുകളോടെ പ്രത്യക്ഷപ്പെട്ടിരുന്നു. 2012 സെപ്റ്റംബര്‍ ഒന്‍പതിന് 90 വയസുള്ളപ്പോഴാണ് ഡോ. കുര്യന് മരിക്കുന്നത്.

ഡോ. കുര്യന് അടിത്തറപാകി; പാല് ഉത്പാദനത്തില്‍ ഇന്ത്യ ഒന്നാമതെത്തി
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക, പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാല് ഉത്പാദനത്തില്‍ മാത്രമല്ല ഉപയോഗത്തിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ ഭൂരിഭാഗവും ആഭ്യന്തരമായി തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു ചെറിയ ഭാഗം മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. രാജ്യത്ത് അരി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തെക്കാള്‍ അധികം ലഭിക്കുന്നത് പാല് ഉത്പാദനത്തില്നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. പ്രതിവര്‍ഷം 8.5 ലക്ഷംകോടിയുടെ പാല് ഉത്പാദനമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ ചെറുകിട കര്ഷകര്ക്കാര് പാല് ഉത്പാദനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് പാല് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഡോ. കുര്യന്റെ നേതൃത്വത്തില്‍ നടന്ന ധവള വിപ്ലവമാണ് രാജ്യത്തെ പാല് ഉത്പാദനത്തില്‍ കുതിച്ചുചാട്ടത്തിന് തുടക്കംകുറിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..