ഐഎൻഎസ് കുക്രി ഇൻസെറ്റിൽ ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുള്ള | By Indian Navy - http:||indiannavy.nic.in|sites|commons.wikimedia.org|w|index.php?curid=30506167
യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായ ഏക യുദ്ധക്കപ്പലാണ് ഐഎന്‍എസ് ഖുക്രി. 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തായിരുന്നു അത്. ആ യുദ്ധകാലത്താണ് അന്തര്‍വാഹിനികള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ഖുക്രി പാക് അന്തര്വാഹനിയില്നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങുന്നത്. യുദ്ധത്തിൽ ഇന്ത്യ തിളക്കമാർന്ന വിജയം കൈവരിച്ചെങ്കിലും ഐഎൻഎസ് ഖുക്രിയും അതിലെ ക്യാപ്റ്റൻ മഹേന്ദ്രനാഥ് മുള്ളയെയും 176 നാവികരെയും ഇന്ത്യയ്ക്ക് യുദ്ധത്തിൽ നഷ്ടമായി. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ മുള്ള വീരമൃത്യു വരിക്കും വരെ നടത്തിയ രക്ഷാപ്രവർത്തനം ചരിത്രമുള്ള കാലത്തോളം ഓർമ്മയിൽ നിലനിൽക്കും. ഇത്തവണ THEIR STORY ചര്‍ച്ച ചെയ്യുന്നത് ഇന്ത്യൻ യുദ്ധചരിത്രത്തിലെ ധീരനായ ആ ക്യാപ്റ്റനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സ്വയം സമർപ്പണത്തെ കുറിച്ചും
അതൊരു ഡിസംബർ 9 ആയിരുന്നു. ഇന്നേക്ക് 50 വർഷവും ഒരു ദിവസവുമാകുന്നു ആ സംഭവത്തിന്. 1971ലെ പതിമൂന്ന് ദിവസം നീണ്ട ഇന്ത്യ പാക് യുദ്ധകാലത്താണ് ഇന്ത്യയുടെ യുദ്ധ കപ്പലിന് പാകിസ്താൻ കനത്ത പ്രഹരമേല്‍പ്പിക്കുന്നത്. കപ്പല്‍ ഉപേക്ഷിക്കാനും കഴിയുന്നത്ര നാവികര്‍ രക്ഷപ്പെടാനും ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുള്ള നിര്‍ദ്ദേശം നല്കി. തലയ്ക്ക് പരിക്കേറ്റ് ചോര വാര്‍ന്നൊലിക്കുന്ന നിലയില്‍നിന്നുകൊണ്ട് പരമാവധി നാവികരെ തകര്‍ന്ന് മുങ്ങുന്ന കപ്പലില്‍നിന്ന് രക്ഷപ്പെടുത്താന്‍ ക്യാപ്റ്റന്‍ പരിശ്രമിച്ചു. അദ്ദേഹത്തിന് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും സ്വന്തം ലൈഫ് ജാക്കറ്റുപോലും മറ്റൊരു യുവനാവികന് നല്‍കിക്കൊണ്ട് അയാളെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്തി. തകര്‍ന്ന് മുങ്ങുന്ന കപ്പലില്‍നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോള്‍ കപ്പലിന്റെ ബ്രിഡ്ജില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ക്യാപ്റ്റന്‍ മുള്ളയെയാണ് കണ്ടതെന്ന് അന്ന് രക്ഷപ്പെട്ട നിരവധിപേര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

അന്നേ ദിവസം ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ഖുക്രിയില്‍ ഉണ്ടായിരുന്ന 176 നാവികരും 18 ഓഫീസര്‍മാരും ധീരനായ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുള്ളയും വീരമൃത്യു വരിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മുള്ള സ്വന്തം ജീവന്‍പോലും ത്യജിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 67 പേര്‍ക്ക് ജീവന് തിരിച്ചുകിട്ടി. അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ മലയാളികളും ഉണ്ടായിരുന്നു.

ഡിസംബര്‍ നാലിനുതന്നെ പാകിസ്താനെതിരെ യുദ്ധം തുടങ്ങാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കരസേനാ മേധാവി മനേക് ഷായും നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനിടെ ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ 5.45 ന് ഇന്ത്യയുടെ ആറ് വ്യോമത്താവളങ്ങളെ ലക്ഷ്യമാക്കി പാക് വ്യോമസേന ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ വ്യോമത്താവളങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമത്താവളങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതോടെ യുദ്ധം തുടങ്ങി. ഡിസംബര്‍ അഞ്ചിന് പാകിസ്താന്റെ ഡഫൈന് ക്ലാസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം അറബിക്കടലില്‍ ദിയു തീരത്തുനിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ നാവികസേന കണ്ടെത്തി. പാക് അന്തര്‍വാഹിനി കണ്ടെത്തി തകര്‍ത്തുകളയാനുള്ള നിര്‍ദ്ദേശം ലഭിച്ചതോടെ അതിന് പ്രാപ്തിയുള്ള യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഖുക്രി, ഐഎന്‍എസ് കൃപാണ്‍ എന്നിവ മുംബൈയില്‍നിന്ന് പുറപ്പെട്ടു. ഡിസംബര്‍ ഒന്‍പതിന് ലക്ഷ്യസ്ഥാനത്തേക്ക് ഇവ എത്തുന്നതിന് തൊട്ടുമുമ്പ് പാകിസ്താന്റെ പിഎന്‍എസ് ഹങ്കോര്‍ എന്ന അന്തര്‍വാഹിനി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്കു നേരെ ടോര്‍പ്പിഡോകള്‍ അയച്ചു. ആദ്യ ടോര്‍പ്പിഡോ ഐഎന്‍എസ് കൃപാണിനെ ലക്ഷ്യമാക്കിയാണ് അയച്ചതെങ്കിലും കൃപാണ്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ ഹങ്കോറില്നിന്ന് അയച്ച രണ്ടാമത്തെ ടോര്‍പ്പിഡോ ഐഎന്‍എസ് ഖുക്രിയുടെ ഒരുവശത്ത് പതിച്ചു. കൃപാണിനെ ലക്ഷ്യമാക്കി മറ്റൊരു ടോര്‍പ്പിഡോ കൂടി ഹങ്കോറില്നിന്ന് അയച്ചുവെങ്കിലും അതും ലക്ഷ്യം തെറ്റിയിരുന്നു. എന്നാല്‍ ടോര്‍പ്പിഡോ ആക്രമണത്തില്‍ ഒരുവശം തകര്‍ന്ന ഐഎന്‍എസ് ഖുക്രിയിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി. നിമിഷങ്ങള്‍ക്കകം കപ്പല്‍ മുങ്ങാന്‍ തുടങ്ങി.
സ്വന്തം ലൈഫ് ജാക്കറ്റുപോലും മറ്റൊരാള്‍ക്ക് നല്കി ക്യാപ്റ്റന്‍
ഇതോടെ കപ്പലിനെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുള്ള തീരുമാനമെടുത്തു. തന്റെ കപ്പലിലെ പരമാവധി നാവിക സേനാംഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പിന്നീട് അദ്ദേഹം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹം നേരിട്ട് നേതൃത്വം നല്കി. സ്വന്തം ജീവന് രക്ഷപ്പെടുത്താനുള്ള അവസരം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലെത്തി പരമാവധി പേരോട് കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള നിര്‍ദ്ദേശം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. എന്നെക്കുറിച്ച് ചിന്തിക്കേണ്ട, എത്രയും വേഗം രക്ഷപ്പെട്ടോളൂ - സ്വന്തം ലൈഫ് ജാക്കറ്റ് യുവാവായ ഒരു നാവികന് കൈമാറിക്കൊണ്ട് മുള്ള പറഞ്ഞു.
ലൈഫ് ബോട്ടുകളില്‍ കയറി രക്ഷപ്പെട്ടവര്‍ പലരും അവസാന നിമിഷംവരെ കപ്പലിന്റെ ബ്രിഡ്ജില്നിന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ക്യാപ്റ്റന്‍ മുള്ളയെ കണ്ടകാര്യം പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. ജീവന് തിരിച്ചുകിട്ടിയ 67 നാവികസേനാംഗങ്ങളെയും പിറ്റേദിവസം ഐഎന്‍എസ് കട്ചല്‍ എന്ന കപ്പല്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. അവസാന ശ്വാസംവരെയും ധീരത കൈവിടാതെ തന്റെ സഹപ്രവര്‍ത്തകരില്‍ പരമാവധിപേരെ രക്ഷപ്പെടുത്താന്‍ ക്യാപ്റ്റന്‍ മുള്ള നടത്തിയ ശ്രമം ഐഎന്‍എസ് ഖുക്രിയിലെ മാത്രമല്ല മുഴുവന്‍ നാവികസേനാംഗങ്ങളുടെയും ആത്മവീര്യം ജ്വലിപ്പിച്ചുനിര്‍ത്താന്‍ പ്രാപ്തമായ ഓര്‍മ്മയായി പിന്നീട് മാറി. എങ്ങനെ ജീവിക്കണം എന്നുമാത്രമല്ല, എങ്ങനെ മരിക്കണം എന്നും ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുള്ള നാവികസേനാംഗങ്ങളെ പഠിപ്പിച്ചുവെന്ന് The Sinking of INS Khukri: Survivors' Stories എന്ന പുസ്തകമെഴുതിയ റിട്ട. മേജര്‍ ജനറലും ഇന്‍ഫന്‍ട്രി കമാന്‍ഡറുമായ ഇയാന്‍ കാര്‍ഡോസോ അനുസ്മരിച്ചിട്ടുണ്ട്. ഒരു മഹത്തായ രാജ്യത്തെ ഉത്തമ പൗരന്മാരായി ജീവിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരന്മാരെയും ഓര്‍മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തിന് രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ മഹാവീര ചക്രം നല്കി ആദരിച്ചിരുന്നു. ദുരന്തത്തില്‍ വീമൃത്യുവരിച്ച ധീരജവാന്മാരെ ആദരിക്കുന്നതിനായി ദിയുവില്‍ സ്മാരകവും പണികഴിപ്പിച്ചിട്ടുണ്ട്. ഐഎന്‍എസ് ഖുക്രിയുടെ മാതൃക അവിടെ കാണാം.
വീരമൃത്യു വരിച്ച നാവിക സേനാംഗങ്ങളുടെ കുടുംബങ്ങളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കാന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുള്ളയുടെ ഭാര്യ സുധ മുള്ള പിന്നീട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വീരമൃത്യു തീരാനഷ്ടമാണ് നാവികസേനയ്ക്ക് ഉണ്ടാക്കിയത്. നാവികസേനാംഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റൊരു ഉത്തരവിറക്കാന്‍ ഇതേത്തുടര്‍ന്ന് നാവികസേന നിര്‍ബന്ധിതമായി. ഉത്തരവില്‍ പറയുന്നത് ഇങ്ങനെ - 'തകരുന്ന കപ്പലിനൊപ്പം അവസാനംവരെ നിലയുറപ്പിച്ച് ജീവന്‍വെടിയുന്ന തരത്തില്‍ നാവികര്‍ പിന്തുടരുന്ന പ്രവര്‍ത്തനശൈലി വിലമതിക്കാനാവാത്തതാണ്. എന്നാല്‍ പരിചയസമ്പന്നരായ കമാന്‍ഡിങ് ഓഫീസര്‍മാരുടെ നഷ്ടം നാവികസേനയ്ക്ക് നികത്താന്‍ കഴിയാത്തതാണ്. ഇനിയും യുദ്ധമുഖങ്ങളില്‍ നേതൃത്വപരമായ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാല്‍ അവര്‍ സ്വന്തം ജീവന് രക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടതാണ്.'
ഐഎന്‍എസ് ഖുക്രിയില്‍ ടോര്‍പിഡോ പതിച്ചത് എന്തുകൊണ്ട് ?
ഐഎന്‍എസ് ഖുക്രി മണിക്കൂറില്‍ 12 നോട്സ് വേഗത്തില്‍ സഞ്ചരിച്ചതുകൊണ്ടാണ് ഡോര്പിഡോ ആക്രമണത്തിന് ഇരയായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഒപ്പമുണ്ടായിരുന്ന ഐഎന്‍എസ് കൃപാണ്‍ ആകട്ടെ മണിക്കൂറില്‍ 14 നോട്സ് വേഗത്തില്‍ സിഗ്സാഗ് പാതയിലാണ് സഞ്ചരിച്ചത്. ടോര്‍പിഡോ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കൃപാണിനെ ഇത് സഹായിച്ചു. ഖുക്രി വേഗത കുറച്ച് സഞ്ചരിച്ചതിനും ഒരു കാരണമുണ്ടായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന ലഫ്. വി.കെ ജയിന് എന്ന സമര്‍ഥനായ ഇലക്ട്രിക്കല്‍ ഓഫീസര്‍ അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയുന്ന സോണാര്‍ ഉപകരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ചില പരീക്ഷണങ്ങളിലായിരുന്നു. അതിനുവേണ്ടി ചില ഉപകരണങ്ങള്‍ അദ്ദേഹം ഖുക്രിയില്‍ സ്ഥാപിച്ചിരുന്നു. അവ കപ്പലിന്റെ വേഗം കുറയ്ക്കുമെന്നതിനാല്‍ ക്യാപ്റ്റന്‍ മുള്ള അവ സ്ഥാപിക്കുന്നതിനെ ആദ്യം എതിര്‍ത്തുവെങ്കിലും യുവ ഓഫീസറുടെ അഭ്യര്‍ഥന മാനിച്ച് പിന്നീട് അനുമതി നല്കി. പാകിസ്താന്റെ കൈവശമുണ്ടായിരുന്ന ഫ്രഞ്ച് ഡാഫൈന് അന്തര്‍വാഹിനികള്‍ക്ക് വളരെ ദൂരത്തുനിന്നുതന്നെ യുദ്ധക്കപ്പലുകളുടെയും മറ്റ് അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്നതും ഐഎന്‍എസ് ഖുക്രിക്ക് തിരിച്ചടിയായി. അന്തര്‍വാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും സാന്നിധ്യം ദൂരത്തുനിന്ന് തിരിച്ചറിയാനുള്ള ശേഷി ഡാഫൈന് അന്തര്‍വാഹിനികളെ അപേക്ഷിച്ച് അന്നത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് കുറവായിരുന്നു. അത്തരം യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സോണാര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ച ഹെലിക്കോപ്റ്ററുകള്‍ കപ്പലുകള്‍ക്ക് മുമ്പേ അയച്ച് അവയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെങ്കിലും അന്ന് അങ്ങനെ ഉണ്ടായില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഖുക്രി ഉയര്‍ത്തിയ വിവാദം
ഐഎന്‍എസ് ഖുക്രിയ്ക്ക് നേരെയുണ്ടായ ആക്രണത്തെ പ്രതിരോധിക്കാതെ ഒപ്പമുണ്ടായിരുന്ന ഐഎന്‍എസ് കൃപാണ്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് പിന്തിരിഞ്ഞ് ഓടിയെന്ന് ആരോപിച്ച് അന്ന് ഖുക്രിയില്‍ ഉണ്ടായിരുന്ന നാവികന് ചഞ്ചല്‍ സിങ് ഗില്‍ പിന്നീട് രംഗത്തെത്തി. ഐഎന്‍എസ് ഖുക്രിയുമായി ബന്ധപ്പെട്ട നാവികസേനാ ചരിത്രം തിരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിനെ സമീപിച്ചു. ഐഎന്‍എസ് കൃപാണില്‍ അന്ന് ഉണ്ടായിരുന്ന ഓഫീസര്‍മാര്‍ക്കും കമാന്‍ഡിങ് ഓഫീസര്‍മാര്‍ക്കും നല്കിയ ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ തിരികെ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതുപോലെ ഒരു ടോര്‍പ്പിഡോ ഏറ്റല്ല ഖുക്രി തകര്‍ന്നതെന്നും മൂന്ന് ടോര്‍പ്പിഡോകള്‍ ഖുക്രിയില്‍ പതിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. പാക് അന്തര്‍വാഹിനിക്കെതിരെ പ്രത്യാക്രമണം നടത്തി ഖുക്രിക്ക് നേരെയുള്ള ആക്രമണത്തെ ചെറുക്കാതെ എൈന്എസ് കൃപാണ്‍ അവിടെനിന്ന് രക്ഷപ്പെട്ടുവെന്നാണ് ഗില്ലിന്റെ ആരോപണം.
അവലംബം: മാതൃഭൂമി ആര്‍ക്കൈവ്സ്, TimesofIndia, IndiaToday, BetterIndia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..