കാന്‍സറിനെ തോല്‍പിച്ച പുഴമനുഷ്യന്‍ | അതിജീവനം 57


എ.വി. മുകേഷ്

4 min read
Read later
Print
Share

ഭാസ്‌കരൻ | ഫോട്ടോ: ഷാജു ചന്തപ്പുര

ദിവസങ്ങളോളം കനത്ത മഴ പരന്തന്‍മാട് ഗ്രാമത്തെ നിശ്ചലമാക്കിയിരുന്നു. നിര്‍ത്താതെ പെയ്ത മഴ കാരണം ഭാസ്‌കരന് പതിവുപോലെ പുഴയില്‍ മീന്‍ പിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇനിയും മഴ തുടര്‍ന്നാല്‍ തന്റെ വീടുള്‍പ്പെടെ ഗ്രാമം പട്ടിണിയിലാകുമെന്ന ആധി അദ്ദേഹത്തെ വല്ലാതെ അലട്ടി. മഴ മാറി പതിയെ ആകാശം തെളിഞ്ഞു വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. എന്നാല്‍ ഭാസ്‌കരന്റെ ജീവിതത്തില്‍ അപ്പോഴേക്കും മറ്റൊരു ദുരിതത്തിന്റെ കാര്‍മേഘങ്ങള്‍ വന്ന് മൂടിയിരുന്നു.

മഴ മാറിയപ്പോള്‍ ഉടന്‍തന്നെ ചൂണ്ടയുമെടുത്ത് പുഴയിലേക്ക് ഇറങ്ങിയതായിരുന്നു. വഴിയില്‍വച്ചു ചെറുതായി തോന്നിയ തലവേദന നിമിഷങ്ങള്‍ കൊണ്ട് പ്രാണനെടുക്കുന്ന വേദനയായി മാറി. ഒരടി അനങ്ങാന്‍ പറ്റാത്തവിധം വേദന ശരീരത്തെ തല്‍ക്ഷണം നിശ്ചലമാക്കിയിരുന്നു. ഭാര്യ ജാനകിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ അദ്ദേഹത്തെ എടുത്തുകൊണ്ട് പോകുകയായിരുന്നു. വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍തന്നെ മംഗലാപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നാണ് മണിപ്പാലിലേക്ക് എത്തിക്കുന്നത്.

സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമായ 1989-ലാണ് അദ്ദേഹത്തെ മണിപ്പാലില്‍ എത്തിക്കുന്നത്. നീണ്ട ഇടവേളകള്‍ക്ക് ശേഷം മാത്രം വരുന്ന ബസ്സുകളിലും ട്രെയിനിലുമായാണ് അവിടെ എത്തിച്ചേര്‍ന്നത്. യാത്രയിലുടനീളം സഹിച്ച വേദന വാക്കുകള്‍ക്ക് അതീതമാണെന്നാണ് ഭാസ്‌കരന്‍ പറയുന്നത്. മണിപ്പാലിലെ സ്വകാര്യ ആശുപത്രി സാധ്യമായ പരിശോധനകളെല്ലാം നടത്തി. ഒടുവില്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ ആ വാര്‍ത്ത ഭാസ്‌കരന്റെ ചെവിയിലുമെത്തി. കാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ആ വാര്‍ത്തക്കു മുന്നില്‍ അദ്ദേഹം അസാമാന്യ കരുത്തോടെ നില്‍ക്കുകയായിരുന്നു.

ആധുനിക ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് കാന്‍സറിനെ മനഃശക്തിക്കൊണ്ട് പൊരുതി തോല്‍പിച്ച ഭാസ്‌കരന്‍ ഒരു പാഠമാണ്. കാന്‍സറെന്നാല്‍ മരണമാണെന്ന മുപ്പത് വര്‍ഷം മുന്‍പത്തെ ചിന്തയെതന്നെ പാടെ അട്ടിമറിക്കുകയായിരുന്നു. അഞ്ചു പതിറ്റാണ്ടായി കവ്വായി കായലിലും തേജസ്വിനി പുഴയിലുമായി ഭാസ്‌കരനുണ്ട്. സ്വന്തം ഹൃദയതാളത്തെക്കാള്‍ നന്നായി പുഴയുടെ ഓരോ മര്‍മ്മരങ്ങളും മനഃപാഠമാണ് ഇന്നദ്ദേഹത്തിന്. കാന്‍സറിനെ ഭീതിയോടെ കണ്ട് തളര്‍ന്നു പോകരുതെന്നാണ് അദ്ദേഹം പറയുന്നത്. പ്രതീക്ഷയുടെ ഒഴുക്കുനിലക്കാത്ത നീര്‍ച്ചാലായി മനസ്സിനെ പാകപ്പെടുത്തണമെന്നും പറഞ്ഞുവെക്കുന്നുണ്ട് ഭാസ്‌കരന്‍.

Bhaskaran
ഭാസ്‌കരന്‍ മീന്‍പിടിത്തത്തില്‍ | ഫോട്ടോ: അഭി കൃഷ്ണന്‍

ജീവിതത്തിന്റെ ആദ്യാക്ഷരങ്ങള്‍

ഓര്‍മ്മവച്ച കാലം മുതല്‍ പുഴ ജീവിതത്തിന്റെ ഭാഗമാണ്. ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നതും അച്ഛനോടൊപ്പം പുഴയില്‍ പോകാനാണ്. ദൂരെനിന്നുള്ള പുഴയുടെ ഇരമ്പല്‍ കേള്‍ക്കുമ്പോഴേ ഹൃദയം ആഹ്ലാദം കൊണ്ട് നിറയും. സ്വപ്നങ്ങളില്‍ പോലും പുഴ നിറഞ്ഞു നിന്നിരുന്നു.

വിദ്യാലയത്തില്‍ പോകുന്നതിനെക്കാള്‍ സ്വന്തമായി ഒരു തൊഴില്‍ പഠിക്കുന്നതിനായിരുന്നു പ്രാമുഖ്യം. അന്നത്തെ സാമൂഹ്യവ്യവസ്ഥയും പട്ടിണിയുമാണ് അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയിരുന്നത്. മൂന്നാം ക്ലാസ്സില്‍തന്നെ ഭാസ്‌കരന് പഠനം അവസാനിപ്പിക്കേണ്ടി വന്നു.

ചന്ദന്റെയും കുമ്പച്ചിയുടെയും പത്ത് മക്കളില്‍ ഏഴാമത്തെ മകനായിരുന്നു ഭാസ്‌കരന്‍. അച്ഛന്‍ ചന്ദന്‍ അക്കാലത്തെ മികച്ച മീന്‍പിടുത്തക്കാരനായിരുന്നു. എങ്കിലും മീനിന് ഇന്ന് ലഭിക്കുന്ന വില അക്കാലത്ത് ഉണ്ടായിരുന്നില്ല. മീന്‍ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പന്ത്രണ്ട് പേരുടെ ആമാശയം നിറഞ്ഞിരുന്നത്.

ഓല മറച്ച ചെറിയ കൂരകളില്‍ പട്ടിണി വേട്ടയാടിയിരുന്ന കാലംകൂടെയായിരുന്നു അത്. പുഴയില്‍ വെള്ളം കൂടുമ്പോഴും കനത്ത മഴ പെയ്യുന്ന ദിവസങ്ങളിലും മീന്‍ പിടിക്കാന്‍ സാധിക്കില്ല. അന്നൊക്കെ പച്ചവെള്ളമാണ് വയര്‍ നിറച്ചത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഓലപ്പുരകളില്‍ പട്ടിണി എന്നും കനത്തു പെയ്തിരുന്നു. മറ്റ് കുടുംബങ്ങളുടെ അവസ്ഥയും മറിച്ചല്ല.

ഒന്നാം ക്ലാസ് മുതല്‍ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു കൊടുത്ത അച്യുതന്‍ മാഷ് തുടര്‍ന്ന് പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഒരിക്കല്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്‍ പുഴയിലേക്ക് പോകാന്‍ വിളിക്കുന്നത്. പിന്നീട് എട്ടാമത്തെ വയസ്സു മുതല്‍ അച്ഛന്റെ കൂടെ പുഴയിലായിരുന്നു ജീവിതപാഠങ്ങള്‍ പഠിച്ചത്.

ഒറ്റമരം കൊണ്ട് നിര്‍മ്മിച്ച നീളന്‍ തോണിയിലാണ് ആദ്യമായി മീന്‍ പിടിക്കാന്‍ പോയത്. വെള്ളത്തോട് ചേര്‍ന്ന് കിടക്കുന്ന ഇത്തരം തോണികള്‍ ഭയമുളവാക്കുമെങ്കിലും ഭാസ്‌കരന് ആവേശമായിരുന്നു.

Bhaskaran
ഭാസ്‌കരന്‍ | ഫോട്ടോ: ഷാജു ചന്തപ്പുര

പുഴ ജീവിതം

കിഴക്ക് സൂര്യന്‍ ഉദിക്കും മുമ്പേ എഴുന്നേല്‍ക്കണം. നിലാവ് പടര്‍ന്നു കിടക്കുന്ന പുഴയില്‍ അതിരാവിലെ മീന്‍പിടുത്തം തുടങ്ങും. നിലാവിന്റെ വെള്ളിവെളിച്ചത്തില്‍ പുഴയുടെ അടിത്തട്ട് വരെ ഏറെക്കുറെ കാണാന്‍ സാധിക്കും. വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വെളിച്ചത്തില്‍ ഓരോ മീനും വെട്ടിത്തിളങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്.

വളരെ പെട്ടെന്നുതന്നെ ഭാസ്‌കരനും ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതില്‍ അച്ഛനെപ്പോലെ മികച്ചുനിന്നു. ചെമ്പല്ലിയും കുളവനും മുതല്‍ വലുതും ചെറുതുമായ മീനുകളെ അനായാസം തന്റെ ചൂണ്ടയില്‍ കൊരുത്ത് കരക്കിട്ടു. ആവശ്യത്തിനുള്ള മീന്‍ മാത്രമെ ഒരു ദിവസം പിടിക്കൂ. അന്നന്നത്തെ അന്നത്തിനുള്ള വകയായല്‍ പിന്നെ മീന്‍ പിടിക്കില്ല. പുഴയുടെ താളമറിഞ്ഞ് തുഴയുന്ന ഭാസ്‌കരന്‍ കവ്വായി കായലിനും തേജസ്വിനി പുഴക്കും ഒരുപോലെ പ്രിയപ്പെട്ടവനായി. ഇന്നേവരെ ഒരപകടവും സംഭവിക്കാതെ പുഴ അദ്ദേഹത്തെ പൊതിഞ്ഞ് പിടിക്കുന്നതും ആ ഇഷ്ടം കൊണ്ടാവണം.

മംഗലാപുരത്തേക്കാണ് മീന്‍ കയറ്റി അയച്ചിരുന്നത്. എല്ലാവരുടെയും മീന്‍ ഒരുമിച്ചു ശേഖരിച്ച് ഒരാളാണ് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുക. അവിടെനിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് മംഗലാപുരത്തെ മീന്‍ കച്ചവടക്കാരിലേക്ക് എത്തുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ അതിന്റെ പണം അവര്‍ തിരിച്ചയച്ചു കൊടുക്കും.

നിലക്കാതെ ഒഴുകുന്ന പുഴപോലെ കാലങ്ങള്‍ കടന്നുപോയി. ഭാസ്‌കരന്റെ ജീവിതത്തിലേക്ക് തെയ്യത്തെ സാക്ഷിയാക്കി
ജാനകി കടന്നുവന്നു. മക്കളായി മൂന്നു പേരും. ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളായതോടെ പുഴയില്‍ തന്നെയായി മിക്ക സമയവും. കഠിനാധ്വാനത്തിലൂടെ സ്വന്തമായി ചെറിയൊരു തോണിയും വാങ്ങി. പിന്നീടൊരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. പുഴയെ മുറിവേല്പിക്കാതെയുള്ള ഭാസ്‌കരന്റെ ജീവിതം അവക്കൊപ്പം മുന്നോട്ട് ഒഴുകുകയായിരുന്നു.

Bhaskaran
ഭാസ്‌കരന്‍ | ഫോട്ടോ: അഭി കൃഷ്ണന്‍

കാന്‍സറും മനസ്സും

നിനച്ചിരിക്കാതെ വന്ന തലവേദനയാണ് ജീവിതം അടിമേല്‍ മറച്ചത്. മണിപ്പാലിലെ ആശുപത്രിയില്‍നിന്ന് കാന്‍സര്‍ ആണെന്ന വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നാടിന്റെ പ്രിയപ്പെട്ടവന് വന്ന മഹാമാരിയില്‍ പകച്ചു നില്‍ക്കാനേ മനുഷ്യര്‍ക്ക് സാധിച്ചൊള്ളു. അക്കാലത്ത് കാന്‍സര്‍ ഒരു അപൂര്‍വ്വ രോഗമായിരുന്നു. മരണം മാത്രം സമ്മാനിച്ച് കടന്നു പോകുന്ന ദയയില്ലാത്ത മഹാ രോഗം.

പതിമൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഓപ്പറേഷന് തയ്യാറായി വരാന്‍ പറഞ്ഞ് ഭാസ്‌കരനെ തിരിച്ചയക്കുകയായിരുന്നു. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയതെല്ലാം വിറ്റ് ഓപ്പറേഷനുള്ള പണം സ്വരുക്കൂട്ടി. ഡോക്ടര്‍ പറഞ്ഞതു പോലെ, രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത സാഹസത്തിന് ഭാസ്‌കരന്‍ മനസ്സുകൊണ്ട് തയ്യാറായി. തലയില്‍ വളര്‍ന്ന് വലുതായ കാന്‍സറിനെ പറിച്ചെറിയാന്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം തയ്യാറായി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തലക്കുള്ളിലെ മുഴ പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. പ്രാണന്‍ പോകുന്ന വേദനയായിരുന്നു ദിവസങ്ങളോളം. ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നിയ നിമിഷങ്ങള്‍. അപ്പോഴൊക്കെ നല്ല ദിവസങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിനെ പറഞ്ഞ് ശീലിപ്പിച്ചു. കാന്‍സറിനൊപ്പം ഇടത് ചെവികൂടെ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ആശുപത്രി വിട്ട് വീട്ടില്‍ എത്തിയെങ്കിലും മരണവേദന വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഓപ്പറേഷനില്‍ ഇടത് കണ്ണ് പുറത്തേക്ക് തള്ളി വന്നിരുന്നു. ദിവസങ്ങള്‍ കഴിയും തോറും കണ്ണിന്റെ വേദനയും അസഹനീയമായി. വീണ്ടും ഓപ്പറേഷന്‍ നടത്തി. ഇടതു കണ്ണും കാന്‍സറിന്റെ ഞണ്ടുകള്‍ എന്നേക്കുമായി ഇല്ലാതാക്കി.

വേദനയുടെ മഹാപര്‍വ്വം താണ്ടി ഇന്ന് ഭാസ്‌കരന്‍ കായലും പുഴയും ചേരുന്ന അഴിമുഖത്ത് നിറഞ്ഞ ചിരിയുമായുണ്ട്. പുഴയോളം ഒഴുക്കും കായലിന്റെ ശാന്തതയുമായി. ശരീരത്തെ കാര്‍ന്നു തിന്നാന്‍ വരുന്ന കാന്‍സര്‍ ഞണ്ടുകളോട് തളരാത്ത മനസ്സുമായി യുദ്ധം ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. വിജയിക്കാന്‍ ഉറച്ചുള്ള ആ യുദ്ധം തീര്‍ച്ചയായും ഫലം കാണുമെന്ന് പറയുമ്പോള്‍ ചുളിവു വീണ മുഖത്ത് ആത്മവിശ്വാസത്തിന്റെ തീയാളുന്നുണ്ടായിരുന്നു.

Content Highlights: The river man who fought against cancer | Athijeevanam 57

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented