തെച്ചിക്കോട്ടുകാവ് രാമചന്ദ്രനൊപ്പം രാമേട്ടൻ | ഫോട്ടോ: ബാനിഷ് പാമ്പൂർ
'പാലക്കാട് പുത്തൂര്‍ വേലയില്‍വച്ചാണ് ആ അപകടം ഉണ്ടായത്. ശരിക്കും അതൊരു പുനര്‍ജന്മം. എഴുന്നള്ളത്തിനായി ആനകളെ നിരത്തി നിര്‍ത്തിയിരിക്കുകയായിരുന്നു. തൊട്ടടുത്തു നിന്ന ആന എന്തോ കുസൃതി കാണിച്ചപ്പോള്‍ അതിന്റെ പാപ്പാന്‍ ചെറുതായൊരു തല്ലു കൊടുത്തു. ആ വടിക്കമ്പ് എന്റെ ആനയുടെ കൊമ്പില്‍ തട്ടി. ഉടനെ അവന്‍ മറ്റ് ആനകള്‍ക്ക് നേരെ തിരിഞ്ഞു. നിമിഷനേരം കൊണ്ട് എല്ലാവരും ചിതറി ഓടി. ഒഴിഞ്ഞ പൂരപ്പറമ്പില്‍ ഞാനും ആനയും ഒറ്റക്കായി. കലിപൂണ്ട ആന എന്റെ നേരെ തിരിഞ്ഞു. ആനയെ ശാന്തനാക്കാനുള്ള ശ്രമത്തിനിടെ കൊമ്പുകൊണ്ട് എന്നെ അടിച്ചു തെറിപ്പിച്ചു. കല്ലില്‍ തലയടിച്ച് അപ്പോള്‍ തന്നെ ബോധം പോയിരുന്നു. എന്നിട്ടും കലിതീരാതെ കുത്താനായി ആന എന്റെ നേരെ പാഞ്ഞുവന്നു.'
'അതുകണ്ട് ഓടി വന്ന കൂട്ടുകാരന്‍ സജി ആനയെ ഉടക്കി പിടിക്കുകയായിരുന്നു. ശക്തിയിലുള്ള സജിയുടെ ഉടക്കി പിടുത്തത്തില്‍ ആന അവിടെ നിന്നു. അല്ലെങ്കില്‍ എന്നെ കുത്തിക്കൊന്നേനെ. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എനിക്ക് ബോധം വന്നു. പതിയെ എഴുന്നേറ്റ് ആനയുടെ മുഖത്ത് നോക്കാതെ കൊമ്പില്‍ പിടിച്ചു. മുഖത്ത് നോക്കിയാല്‍ ചിലപ്പോള്‍ പേടിച്ച് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ആന കലി മാറി എന്നെ അനുസരിക്കാന്‍ തുടങ്ങി എന്ന് മനസ്സിലായപ്പോള്‍ പതിയെ ചങ്ങലയില്‍ തളച്ചു. എന്നിട്ടാണ് ആശുപത്രിയില്‍ പോയത്. നാലു തുന്നുണ്ടായിരുന്നു തലക്ക്.'
രാമേട്ടന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി. അപ്പോഴും കണ്ണുകളില്‍ കലി പൂണ്ട ആനയെ കാണാമായിരുന്നു. ശരീരം ഉറച്ച കാലം മുതല്‍ തുടങ്ങിയതാണ് ആനപ്പണി. പ്രമാണിമാരുടെ പാടങ്ങളില്‍ അടിമപ്പണി ചെയ്തിരുന്ന അമ്മയുടെയും അച്ഛന്റെയും ജീവിതം കണ്ട് മനസ്സ് മരവിച്ചാണ് മറ്റൊരു തൊഴില്‍ തേടി ഗ്രാമം വിട്ടത്. കാട്ടിലെ കൂപ്പിലാണ് ആ യാത്ര അവസാനിച്ചത്.
കഠിനാധ്വാനിയായ ആ ചെറുപ്പക്കാരന്‍ വളരെ വേഗം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. കൂപ്പില്‍വച്ചാണ് ആനയെ അടുത്തു കാണുന്നത്. വലിയ മരത്തടികള്‍ അനായാസം എടുത്ത് ലോറിയില്‍ അടുക്കുന്ന ആനയെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. വെറും ഒരു വടികൊണ്ട് മല പോലെയുള്ള ആനയെ നിയന്ത്രിക്കുന്ന മെലിഞ്ഞ ഒരു മനുഷ്യനെ അപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. അയാളുടെ നോട്ടങ്ങളില്‍ പോലും ആന പ്രതികരിക്കുന്നത് വല്ലാത്തൊരു വിസ്മയമാണ് രാമനില്‍ ഉണ്ടാക്കിയത്.
കരുത്തുറ്റ ആനയെക്കാള്‍ പാപ്പാനോട് ആരാധന തോന്നിയ നിമിഷങ്ങളായിരുന്നു അവയൊക്കെയും. പിന്നീടങ്ങോട്ട് മനസ്സു നിറയെ ആനയും ആ ജീവിതവുമായിരുന്നു. ആനകള്‍ക്ക് തെങ്ങിന്‍പട്ട വെട്ടിക്കൊടുത്തും മറ്റുമായി രാമന്‍ പാപ്പാന്മാരുടെ പ്രിയപ്പെട്ടവനായി. കൂപ്പിലെ പണി കഴിഞ്ഞ് പോകുമ്പോള്‍ ആനയുടെ കൂടെ വരുന്നോ എന്ന ചോദ്യത്തിനായി കാത്തിരുന്ന രാമന്റെ കാതിലേക്ക് ആ വിളിയെത്തി. താന്‍ കണ്ട സ്വപ്നത്തിലേക്കുള്ള വഴി മുന്നില്‍ തെളിഞ്ഞപ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ അവരുടെ കൂടെ കാടിറങ്ങി. രാമേട്ടന്റെ ആന ജീവിതത്തിന് അവിടെ കൊടിയേറുകയായിരുന്നു.

ഉടുതുണിക്ക് മറുതുണിയില്ലാത്ത കെട്ട കാലം
പാലക്കാട് ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കരിമ്പാറയിലാണ് രാമന്‍ ജനിച്ചു വളര്‍ന്നത്. ചെള്ളിയുടെയും മാധിയുടെയും പത്ത് മക്കളില്‍ മൂന്നാമനായിരുന്നു. കോടമഞ്ഞ് അരിച്ചിറങ്ങുന്ന നെല്ലിയാമ്പതി മലയുടെ അടിവാരത്ത് പന കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചുകുടിലായിരുന്നു അവരുടെ ലോകം. ജാതിബോധം അടക്കിവാഴുന്ന കാലമായിരുന്നു അത്. ജാതിയില്‍ താഴ്ന്നവര്‍ എല്ലാ അര്‍ഥത്തിലും അടിമയാണ്. പ്രമാണിയുടെ പാടങ്ങളില്‍ പണിയെടുത്ത് മരിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍.
വിദ്യാലയങ്ങള്‍ സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അന്നത്തെ സാമൂഹിക അവസ്ഥയും കുടുബത്തിന്റെ സാമ്പത്തികസ്ഥിതിയും അപ്രകാരമായിരുന്നു. വിശ്രമമില്ലാത്ത ജോലി അച്ഛനെയും അമ്മയെയും ഏറെ തളര്‍ത്തുന്നുണ്ടെന്ന് വളരെ ചെറുപ്പത്തിലെ രാമന്‍ തിരിച്ചറിഞ്ഞതാണ്. എന്നാല്‍, പത്ത് മക്കളുടെ വയറ്റില്‍ കഞ്ഞി എത്തണമെങ്കില്‍ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും കൂലിയായി കിട്ടുന്നത് നെല്ലാണ്. അന്നുതന്നെ ആ നെല്ല് കുത്തി വേവിച്ച് വിശപ്പു മാറ്റി കിടന്ന ദിവസങ്ങളുമുണ്ട്.
ഉടുതുണിക്ക് മറുതുണിയില്ലാത്ത കാലമായിരുന്നു അത്. ജനിച്ച് ഇരുപത്തിയെട്ടാം ദിവസം അരയില്‍ കെട്ടുന്ന ചരടില്‍ ഒരു കോണകം കെട്ടും. ആ തുണി പിന്നി പോകുന്നത് വരെ അത് ധരിക്കും. പത്താം വയസ്സിലാണ് ഒരു ട്രൗസര്‍ കിട്ടിയത്. അത് മാറ്റി മറ്റൊന്ന് കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത ഓണത്തിനാണ്. കൈക്കോട്ട് കയ്യില്‍ ഒതുങ്ങാന്‍ സാധിച്ച കാലത്ത് ഇറങ്ങിയതാണ് പാടത്തെ പണിക്ക്. അന്നൊക്കെ അഞ്ച് രൂപയായിരുന്നു കൂലി. വെയിലെന്നോ മഴയെന്നോ ഇല്ലാതെ പകലന്തിയോളം അധ്വാനിക്കണം ആ അഞ്ചു രൂപക്ക്.
ചെറുപ്പം മുതലെ എന്ത് പണിയും ചെയ്യാനുള്ള മനസ്സ് രാമനില്‍ ഉണ്ടായിരുന്നു. എന്നാല്‍, അടിമപ്പണിക്ക് സമാനമായി പ്രമാണിമാരുടെ പാടങ്ങളില്‍ വെന്തുരുകാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് മനസ്സില്ലാ മനസ്സോടെ ഗ്രാമം വിട്ട് ഇറങ്ങാന്‍ തയ്യാറായത്. ആ യാത്ര അവസാനിച്ചത് കരിമ്പാറ കൂപ്പിലാണ്.

ആനയും ജീവിതവും
കൂപ്പില്‍നിന്നാണ് ആനയും പാപ്പാനും സപ്നങ്ങളുടെ ഭാഗമാകുന്നതും അവര്‍ക്കൊപ്പം കാടിറങ്ങുന്നതും. പിന്നീടങ്ങോട്ട് ആനയെന്ന വിസ്മയജീവിയെ പഠിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഒന്നിലേറെ ആശാന്മാരുടെ കൂടെ സഹായിയായി നിന്നു. ആനയെ കുളിപ്പിക്കലും പാപ്പാന്‍മാര്‍ക്ക് ചായ വാങ്ങികൊടുക്കലും മറ്റുമായിരുന്നു ആദ്യമൊക്കെ. തുച്ഛമായ കൂലിയായിരുന്നു അന്നൊക്കെ ആനക്കാര്‍ക്ക് കിട്ടിയിരുന്നത്. എങ്കിലും വിട്ടുപോകാന്‍ രാമന്‍ ഒരുക്കമല്ലായിരുന്നു.
വര്‍ഷങ്ങള്‍ അതിവേഗം കടന്നുപോയി. ആനയുടെ ഓരോ ചലനങ്ങളും അദ്ദേഹത്തിന് മനഃപാഠമായി. കണ്ണില്‍ നോക്കി ആനയുടെ സ്വഭാവമറിയാന്‍ പോലും സാധിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നാം പാപ്പായത്. വളരെ വേഗം തന്നെ കേരളത്തിന് രാമന്‍ എന്ന പാപ്പാന്റെ പേര് സുപരിചിതമായി. ആനയുടെ വലിപ്പത്തേക്കാള്‍ ശാന്തസ്വഭാവക്കാരനായ പാപ്പാനെ കേരളം നെഞ്ചേറ്റുകയായിരുന്നു.
തൃശ്ശൂര്‍ തളി സ്വദേശിയായ ചന്ദ്രിക ജീവിതത്തിലേക്ക് കടന്നുവരുന്നതും ആ കാലത്തായിരുന്നു. മക്കളുടെ പഠനത്തിനും മറ്റുമായി പിന്നീട് തൃശ്ശൂരിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. മനോഹരമായി ജീവിതം കടന്നു പോകുമ്പോഴാണ് അപകടങ്ങള്‍ ഒന്നൊന്നായി സംഭവിക്കുന്നത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ട് രാമന്റെ കാലില്‍ പിടിച്ച് പുഴയിലേക്ക് എറിയുകയായിരുന്നു.
പിന്നീടും മറ്റ് പലരുടെയും അശ്രദ്ധകൊണ്ട് അപകടങ്ങള്‍ പലത് ഉണ്ടായി. എങ്കിലും ആനപ്പണി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. അത്രമാത്രം ആ രക്തത്തില്‍ ആനച്ചൂര് കലര്‍ന്നിട്ടുണ്ടായിരുന്നു. ആനയില്‍നിന്നും പത്ത് മീറ്ററെങ്കിലും ആളുകള്‍ അകലം പാലിക്കണം എന്നാണ് രാമേട്ടന്‍ പറയുന്നത്. പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതിന് കാരണം ജനങ്ങളുടെ അശ്രദ്ധ കൂടിയാണെന്നാണ് അനുഭവങ്ങള്‍ കൊണ്ട് അദ്ദേഹം മനസ്സിലാക്കിയത്.

മൃഗമായി കാണാതെ സ്‌നേഹിക്കണം
ബിഹാറില്‍നിന്നു വന്ന് പൂരപ്രമാണിയായി മാറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാനാണ് ഇന്ന് രാമേട്ടന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമചന്ദ്രനെ ചട്ടം പഠിപ്പിച്ചവരില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴായി പല ആനകളുടെ അടുത്തും മാറി മാറി നിന്നു. എല്ലാം നിര്‍ത്തി വിശ്രമിക്കണം എന്ന് കരുതിയായപ്പോഴാണ് രാമചന്ദ്രന്‍ ആനയുടെ പാപ്പാനായി വീണ്ടും ക്ഷണം ലഭിച്ചത്. അത് നിരസിക്കാന്‍ അദ്ദേഹത്തിനായില്ല. അത്രമാത്രം രാമചന്ദ്രനെ നെഞ്ചില്‍ ഏറ്റിയിട്ടുണ്ട് അദ്ദേഹം.
തളിയിലെ ചെറിയ മുറികളുള്ള കോളനിയില്‍ തന്നെയാണ് ഇപ്പോഴും രാമേട്ടനും കുടുംബവും കഴിയുന്നത്. നാല്പത്തിരണ്ട് വര്‍ഷത്തെ ആനജീവിതത്തില്‍ ബാക്കിയാകുന്നത് അത് മാത്രമാണ്. മനസ്സിലും സ്വപ്നങ്ങളിലും ഇപ്പോള്‍ ഒരു വീടുണ്ട്.അത് സാധ്യമാക്കാനുള്ള പരിശ്രമത്തില്‍ലാണ് അദ്ദേഹം. ആനകളെ നെഞ്ചേറ്റുന്ന കേരളം അതിനായി അദ്ദേഹത്തെ പിന്തുണക്കും എന്നും പ്രതീക്ഷിക്കാം.
തന്റെ ജീവിതത്തിലെ അവസാന ആനയായിരിക്കും രാമചന്ദ്രന്‍ എന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യനും ആനക്കും ഇടയിലുള്ള സ്‌നേഹത്തിന്റെ താക്കോല്‍ പുതുതായി വരുന്ന ആര്‍ക്കും കൈമാറാന്‍ അദ്ദേഹം ഒരുക്കമാണ്. സ്‌നേഹം കൊണ്ട് കൂച്ചുവിലങ്ങിടുന്ന ആ വിദ്യ പകര്‍ന്നു കൊടുക്കുന്നതില്‍ അദ്ദേഹത്തിന് സന്തോഷമേയുള്ളു. ആനയെ വെറുമൊരു മൃഗമായി കാണാതെ സ്‌നേഹിച്ചാല്‍ അത് തിരിച്ചും സ്‌നേഹിക്കുമെന്നു കൂടെ രാമേട്ടന്‍ പറഞ്ഞു വക്കുന്നുണ്ട്.
പണം കൊടുത്ത് ആനയെ വാങ്ങിയാല്‍ പവന്‍ കൊടുത്ത് പാപ്പാനെ വാങ്ങണം എന്നൊരു ചൊല്ലുണ്ട്. ആന പാപ്പാന്‍ എന്ന ജോലിയുടെ ആഴം എത്രമാത്രം എന്ന് വ്യക്തമാക്കാന്‍ ആ ചൊല്ല് ധാരാളമാണ്..
Content Highlights: The life of mahouts, an unknown story | Athijeevanam 67
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..