ജനക്പുരിയിലെ നടവഴിയിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ മഹാവീറിന്റെ ഷെഡ് | ഫോട്ടോ: ജഗദീഷ് ബിഷ്ട്‌മാതൃഭൂമി ന്യൂസ്
'തണുപ്പ് കൂടുമ്പോൾ നെഞ്ചിൽ വല്ലാത്ത ആധിയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബം ഈ തെരുവിൽ അനാഥമാകും.' മഹാവീർ നിസ്സഹായനായി റോഡിലേക്ക് നോക്കി. അദ്ദേഹത്തിന്റെ കവിളുകൾ നനയുണ്ടായിരുന്നു. നര വീണ താടിക്കുള്ളിൽ എവിടെയോ കണ്ണുനീർ ഇല്ലാതായി. മുന്നിലെ ചായപ്പാത്രത്തിൽനിന്ന് ഉയർന്ന വെളുത്ത പുക ആ മനുഷ്യനെയാകെ മറച്ചു.
ഡൽഹിയുടെ തെരുവോരത്ത് മഹാവീറും കുടുംബവും അഭയാർത്ഥികളെ പോലെ ജീവിക്കാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷമായി. മഹത്തായ ജനാധിപത്യ രാജ്യത്ത് മഹാവീറിനെപ്പോലുള്ളവർ എവിടെ നിൽക്കുന്നു എന്നതിനുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ ജീവിതം. തല ചായ്ക്കാൻ റോഡരികിൽ പോലും വിപ്ലവം നടത്തേണ്ടി വരുന്ന അനേകമായിരങ്ങളുടെ ജീവിതമുണ്ട് ആ കണ്ണുകളിൽ.
ഡൽഹിയിൽ ഇത് ശൈത്യകാലമാണ്. വീടും സൗകര്യവും ഉള്ളവർക്ക് ജീവിതം ആസ്വദിക്കാനും കൂരയില്ലാത്തവർക്ക് ജീവൻ പോകുന്ന ദുരിതവുമാണത്. പകലവസാനിക്കും മുൻപെ സൂര്യൻ മിഴിയടക്കുന്ന ദിവസങ്ങളാണ് മുന്നിലുള്ളത്. നാലു മണിയോടെ സൂര്യവെളിച്ചം അപ്രത്യക്ഷമാകും. അസഹനീയമായ തണുപ്പ് കൂടുതൽ ശക്തമാകും.
ജനക്പുരിയിലെ നടവഴിയിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ മഹാവീറിന്റെ ഷെഡ് ദൂരെനിന്നേ കാണാം. പഴയ സാധനങ്ങൾ കൂട്ടിയിട്ടതുപോലെയാണ് ദൂരക്കാഴ്ച്ച. പടർന്നു പന്തലിച്ച പേരാലിന്റെ ശിഖരങ്ങളിൽ ഷീറ്റു കെട്ടിയ കയറുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ട്. നടവഴിയുടെ തിരക്കൊഴിഞ്ഞ ഇടത്താണ് കൂര കെട്ടിയുണ്ടാക്കിയത്. വെളിച്ചം കടക്കാത്ത ഷെഡിനുള്ളിൽ ബൾബിന്റെ ചെറിയ പ്രകാശമാണുള്ളത്.
ഷെഡിനുള്ളിൽതന്നെയാണ് അതിജീവന മാർഗ്ഗമായ ചായക്കടയും. പഴകി ദ്രവിച്ച ഷീറ്റിന്റെ ബാക്കി ഭാഗത്ത് കഴിയുന്നത് എട്ടു ജീവനുകളാണ്. കടന്നുപോയ കാലം ഒറ്റപ്പെടുത്തിയ മഹാവീറിന്റെ ജീവിത യാഥാർഥ്യങ്ങളുടെ നേർചിത്രമാണിത്. ആയുസ്സിന്റെ പൊള്ളലേറ്റ് വീണുപോകും മുമ്പേ രാജ്യത്തോട് അഭ്യർത്ഥിക്കുന്നത് സ്വസ്ഥമായി ഈ മണ്ണിൽ ഉറങ്ങാനുള്ള സ്വാതന്ത്ര്യമാണ്. ഒരൽപം മണ്ണാണ്.

മണ്ണും കൂരയുമില്ലാത്തവർ
ബിഹാറിലെ ഉൾഗ്രാമമായ മധുപനിയിലാണ് മഹാവീർ ജനിച്ചു വളർന്നത്. രാപ്പകൽ അധ്വാനത്തിന് പട്ടിണി കൂലിയായി ലഭിച്ചിരുന്ന കാലമാണ് ഓർമ്മയിലുള്ളത്. അച്ഛനും അമ്മയും തളർന്നു വീഴുന്നത് വരെ പാടത്തുതന്നെയായിരുന്നു. മക്കളായ തങ്ങളുടെ വിശപ്പു മാറ്റാനുള്ള വകപോലും കഷ്ടിയേ ലഭിക്കൂ. പറഞ്ഞു നിർത്തുമ്പോൾ വറുതിയുടെ കുടിൽ മഹാവീറിന്റെ കണ്ണുകളിൽ കാണാമായിരുന്നു.
സ്വപ്നങ്ങളിൽ പോലും വികസനം സ്പർശിക്കാത്ത ഗ്രാമങ്ങളിൽ ഒന്നായിരുന്നു മഹാവീറിന്റെത്. ശൗചാലയങ്ങൾ ഇന്നും അപൂർവ്വമാണ്. എല്ലാത്തിലുമുപരി മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേതുപോലെ ജാതിയും ശക്തമായി വേരാഴ്ത്തിയ മണ്ണാണത്. ജോലിയും സാമൂഹ്യ സാഹചര്യങ്ങളും ലഭിക്കുന്നതിനുള്ള യോഗ്യത ജാതിയായിരുന്നു. സവർണ്ണ സമൂഹത്തിന് പുറത്തുള്ളവരെ മനുഷ്യരെന്നുപോലും പരിഗണിക്കാത്ത ഗ്രാമങ്ങളുമുണ്ട്.
വിദ്യാഭ്യസ സൗകര്യങ്ങൾ ഒന്നും അക്കാലത്ത് ലഭ്യമായിരുന്നില്ല. മണ്ണിലായിരുന്നു ജീവിതപാഠങ്ങൾ പഠിച്ചത്. ഗോതമ്പുപാടത്തിനോട് ചേർന്നുള്ള ചെറിയ മൺ കുടിലാണ് കുടുംബത്തിന് തണലൊരുക്കിയത്. അവശേഷിച്ച ഗോതമ്പുമണികൾ എണ്ണിയെടുത്ത് വയറ്റിലെ ആന്തൽ ശമിപ്പിച്ച അമ്മയെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. മണ്ണിൽ കാലുറച്ച നാൾ മുതൽ ഓർമ്മകൾ നിറയെ കൃഷിയാണ്. അച്ഛനും അമ്മയുമാണ് കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. മക്കൾക്ക് കൈമാറാൻ മറ്റൊന്നും അവരുടെ പക്കൽ ഇല്ലായിരുന്നു.

വേദനയുടെ കാലവും കൈക്കുഞ്ഞും
കാർഷിക ജീവിതം കടുത്ത പട്ടിണിയിലേക്ക് തള്ളിയിട്ടപ്പോഴാണ് നാടു വിടാൻ തീരുമാനിച്ചത്. സ്വന്തമായി മണ്ണില്ലാത്തവന് എല്ലാ നാടും ഒന്നാണെന്ന് കരുതിയുള്ള ഇറങ്ങിത്തിരിക്കലായിരുന്നത്രെ അത്. ഒരു പിടി മണ്ണിനു വേണ്ടിയാണ് ഡൽഹിയിലേക്ക് വണ്ടി കയറിയത്. തീർത്തും അപരിചിതമായ നഗരം. മനോഹരമായ കെട്ടിടങ്ങളും വിലയുള്ള വസ്ത്രങ്ങളും ധരിച്ച മനുഷ്യർ മഹാവീറിന്റെ സ്വപ്നങ്ങൾക്കും കരുത്തേകി. എന്നാൽ മാസങ്ങളോളം അലഞ്ഞിട്ടും കാര്യമായ ജോലിയൊന്നും കണ്ടെത്താനായില്ല. കയ്യിലെ അവസാന ചില്ലറത്തുട്ടിന് ചായ കുടിക്കുമ്പോൾ ആമാശയം നനഞ്ഞിട്ട് രണ്ടുദിവസമായിരുന്നു.
എന്ത് സംഭവിച്ചാലും മരണത്തിന് കീഴടങ്ങാൻ ഒരുക്കമല്ലെന്ന് മനസിൽ ഉറച്ചു. മുന്നിലെ സകല പ്രതിസന്ധികളോടും പോരാടാൻ ഉറച്ചതും അക്കാലത്താണ്. കയ്യിലുള്ള പഴകിയ പുതപ്പ് ശരീരമാകെ മൂടി റോഡരികിലുള്ള ആൽമര ചുവട്ടിൽ കിടക്കുമ്പോഴും കണ്ണടക്കാൻ സാധിച്ചിരുന്നില്ല. കുടുംബത്തെ കുറിച്ചോർക്കുമ്പോൾ നെഞ്ച് നീറും. കണ്ണ് നിറയും. ആ രാത്രിയാണ് പുതിയ ആശയം മനസ്സിൽ തോന്നിയത്.
ചെറിയ ചായക്കട തുടങ്ങാനായിരുന്നു ഇരുട്ടി വെളുത്തപ്പോൾ തീരുമാനിച്ചത്. പാത്രങ്ങളും മറ്റും വാങ്ങാനായി സാധ്യമായ എല്ലാ ജോലികൾക്കും പോയി. വൈകാതെ തന്നെ തലചായ്ച്ച് ഉറങ്ങിയിരുന്ന ആൽമരച്ചുവട്ടിൽ ഇഷ്ടികകൊണ്ട് അടുപ്പ് ഉണ്ടാക്കി. ചെറിയ അലുമിനിയ പാത്രവും അഞ്ച് ഗ്ലാസ്സുകളുമായി ചായക്കച്ചവടം തുടങ്ങി. പ്രമീള ദേവി ജീവിതത്തിന്റെ കൈപിടിച്ചതും അക്കാലത്താണ്. പ്രതിസന്ധികളുടെ ചൂടിൽ പ്രമീളയുടെ സ്‌നേഹമാണ് കരുത്തായത്.
മരപ്പലകകളും ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിൽ ജീവിതം ആരംഭിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് ഒരു തണുപ്പുകാലത്താണ്. ഷീറ്റിനുള്ളിലൂടെ ഇരച്ചെത്തുന്ന തണുപ്പിൽനിന്നു കുഞ്ഞിനെ സംരക്ഷിക്കാൻ ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്നും ആ അമ്മയുടെ ഓർമ്മകൾക്ക് തീപ്പിടിക്കും. കണ്ണിമചിമ്മാതെ മാറിലെ ചൂടിൽ കിടത്തി ഉറക്കിയത് മാസങ്ങളോളമാണ്. കാലം പിന്നെയും മൂന്നു മക്കളെ നൽകി. വേദനയുടെ കാലങ്ങളിൽ അവർക്കത് വസന്തമായിരുന്നു.

പോരാട്ടത്തിൽ ബാക്കിയായത്
ആൽമരച്ചുവട്ടിലെ ജീവിതം പട്ടിണിയില്ലാത്ത അവസ്ഥയിൽ എത്തിച്ചു. കാലത്തിനൊപ്പം മക്കൾ വലുതായി. ജീവിതം തിരഞ്ഞ് മൂന്ന് പേർ പലവഴിക്കായി. ഇളയമകനും ഭാര്യയും മഹാവീറിനൊപ്പം നിന്നു. പ്രതിസന്ധികൾ നിഴൽപോലെ പിന്തുടരുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് നടപ്പാതയിൽ കിടക്കാൻ സാധിക്കില്ല പൊളിച്ചുമാറ്റണം എന്നുപറഞ്ഞ് അധികാര കേന്ദ്രങ്ങൾ ഇളകിവന്നത്. കാക്കിപ്പടയുടെ സഹായത്തോടെ അത് ഏറെക്കുറെ സാധ്യമാക്കാനും അവർക്കായി. എന്നാൽ മഹാവീറും കുടുംബവും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു പിന്നീട്. ചായക്കടയിൽനിന്നു കിട്ടുന്ന ചെറിയ പൈസ കൂട്ടിവച്ച് വക്കീലിനു കൊടുക്കാനുള്ള തുകയുണ്ടാക്കി. 2008 മുതൽ 2017 വരെ അധികാരകേന്ദ്രത്തോട് സമരസപ്പെടാതെ പോരാടി. ഒടുവിൽ തീസ് ഹസാരി കോടതി പുറപ്പെടുവിച്ച വിധി മഹാവീറിന് അനുകൂലമായി. മണ്ണിനോടും പ്രതിസന്ധിയുടെ കാലത്തോടും പോരാടിയ ആ മനുഷ്യന് അത്രയെങ്കിലും വിജയം അനിവാര്യമായിരുന്നു.
ജീവിതം പറഞ്ഞു തീർന്നപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. തണുപ്പും അസഹനീയമായി. ആർക്കെന്നില്ലാതെ മണ്ണെണ്ണ സ്റ്റൗവ്വിനു മുകളിലെ പാത്രത്തിൽ അപ്പോഴും ചായ തിളക്കുന്നുണ്ട്. അതിൽനിന്ന് ഉയരുന്ന വെളുത്ത പുക മൂടൽമഞ്ഞിലേക്ക് ചേർന്നില്ലാതാവുകയാണ്. മഞ്ഞു മൂടി കാഴ്ച്ച മറഞ്ഞ റോഡിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. ഒരു തണുപ്പിനും കീഴ്‌പ്പെടുത്താൻ സാധിക്കാത്ത വിധം പ്രതീക്ഷയുടെ തീ മഹാവീറിനുള്ളിൽ കെടാതെ നിൽക്കുന്നുണ്ടാകണം. ജീവിതത്തിന് സ്വയം ഇന്ധനമാകുന്ന ആ മനുഷ്യരെ അടയാളപ്പെടുത്താതെ ഇനിവരുന്ന ഒരു കാലത്തിനും കടന്നു പോകാൻ സാധിക്കില്ല.
Content Highlights: The land of Mahavir with no place to lay | Athijeevanam 83
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..