അഗ്നിക്കിരയായ എസ് 11 കോച്ച്. ഫോട്ടോ - വി. രമേഷ്|മാതൃഭൂമി
ന്യൂഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്കുവന്ന തമിഴ്നാട് എക്സ്പ്രസിന്റെ എസ് 11 കോച്ച് അഗ്‌നിക്കിരയാകുന്നത് 2012 ജൂലായ് 30 ന് പുലര്‍ച്ചെ നാല് മണിയോടെയാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍വച്ച് അപകടം സംഭവിക്കുമ്പോള്‍ തീവണ്ടിയിലെ യാത്രക്കാര്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. 4.15 ഓടെ തീവണ്ടി നെല്ലൂര്‍ സ്റ്റേഷന് സമീപം നിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ തീ പൂര്‍ണമായും കെടുത്താനായത് 5.30ഓടെ മാത്രമാണ്. 70 ഓളം യാത്രക്കാര്‍ തീവണ്ടിയിലുണ്ടായിരുന്നു. ഇതില്‍ 32 പേര്‍ മരിച്ചു. 27 പേര്‍ക്ക് പൊള്ളലേറ്റു. എസ് 11 കോച്ചില്‍ സഞ്ചരിച്ച റാം സുധാകര്‍ എന്നയാളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും 20 ഓളം പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തതെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തീവണ്ടി യാത്രക്കാര്‍ സ്ഫോടന ശബ്ദം കേട്ടുവെന്ന് വെളിപ്പെടുത്തിയതോടെ അപകടത്തിന് പിന്നില്‍ അട്ടിമറിയാകാം എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. കത്തിയമര്‍ന്ന കോച്ചിലെ വാതിലുകളിലൊന്ന് ചൂടേറ്റ് തുറക്കാന്‍ കഴിയാത്തവിധം ഞെരിഞ്ഞമര്‍ന്ന നിലയിലായതടക്കം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നാണ് ദൃക്സാക്ഷികള്‍ പിന്നീട് വെളിപ്പെടുത്തിയത്. കൂട്ട നിലവിളികേട്ട് ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന റാം സുധാകര്‍ മനസാന്നിധ്യം കൈവിടാതെ തീവണ്ടിയുടെ ചങ്ങല വലിച്ചു. ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്താന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയില്ലായിരുന്നുവെങ്കില്‍ മറ്റ് കോച്ചുകളിലേക്കും തീ പടരുകയും വന്‍ ദുരന്തമുണ്ടാകുകയും ചെയ്യുമായിരുന്നു. തീവണ്ടി നിന്നതിനുശേഷവും സ്വയം പുറത്തിറങ്ങി രക്ഷപ്പെടുന്നതിനു പകരം ഉറങ്ങിക്കിടന്ന പരമാവധി ആളുകളെ വിളിച്ചുണര്‍ത്തി രക്ഷപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. നൂറു കിലോമീറ്ററിലധികം വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിലെ കത്തിയമര്‍ന്ന കോച്ചില്‍നിന്ന് 20 പേരെയെങ്കിലും ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞ ആ രക്ഷാപ്രവര്‍ത്തനമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
തീപ്പിടിത്തം പുലര്‍ച്ചെ; പരിഭ്രാന്തരായി യാത്രക്കാര്‍
അപകടം നടക്കുന്ന സമയത്ത് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ബ്രാഞ്ച് മാനേജര്‍ ആയിരുന്നു 45-കാരനായ റാം സുധാകര്‍. ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം വിജയവാഡയില്‍നിന്ന് തമിഴ്നാട് എക്സ്പ്രസില്‍ ചെന്നൈയിലേക്ക് വന്നത്. കടുത്ത പുക ശ്വസിച്ചുകൊണ്ട്, സഹയാത്രികരുടെ നിലവിളികേട്ട് പരിഭ്രമിച്ചാണ് ആ ദിവസം താന്‍ ഉറക്കമുണര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ഈ സമയത്ത് തീവണ്ടിയുടെ കോച്ചിനുള്ളില്‍ പുക നിറഞ്ഞിരുന്നു. ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ. തീവണ്ടിയില്‍ തീപ്പിടിത്തം ഉണ്ടായിരിക്കുന്നുവെന്നും കോച്ചിന്റെ മറുവശത്തുനിന്നും തീ പടര്‍ന്ന് തന്റെ ബര്‍ത്തിനരികിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. പ്രാണരക്ഷാര്‍ഥം യാത്രക്കാര്‍ കോച്ചിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് ഓടുകയായിരുന്നു ഈ സമയത്ത്. കോച്ചിലുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്നുപോലും പറയാന്‍ തയ്യാറാകാതെ എവിടേക്കോ ഓടി രക്ഷപ്പെടാനാണ് അവര്‍ ശ്രമിച്ചതെന്നും റാം സുധാകര്‍ പറയുന്നു. ഇതിനിടെ മനസാന്നിധ്യത്തോടെ കോച്ചിലെ അപായചങ്ങല വലിച്ച് തീവണ്ടി നിര്‍ത്താനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. തീവണ്ടിയുടെ വേഗം കുറയുന്നതിനിടെ അപ്പോഴും ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്താന്‍ അദ്ദേഹം തീപടരുന്ന കോച്ചിന്റെ പലഭാഗത്തും എത്തി. തീവണ്ടി നിന്നതോടെ പലരേയും വലിച്ച് പുറത്തിറക്കാന്‍ സഹായിച്ചു. തീ ആളിപ്പടരുന്ന കോച്ചില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹം വീണ്ടും അതിനുള്ളിലേക്ക് കയറിയാണ് പ്രായമായ ദമ്പതികളെയും അവരുടെ 18 വയസുള്ള കുട്ടിയേയും രക്ഷപ്പെടുത്തിയത്. ട്രെയിന്‍ നിര്‍ത്തി 20 മിനുട്ട് കഴിഞ്ഞതോടെ തീപ്പിടിത്തമുണ്ടായ എസ് 11 കോച്ച് പൂര്‍ണമായും കത്തിയമര്‍ന്നു. നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമെ കത്തിയമരുന്ന തീവണ്ടിയില്‍നിന്ന് രക്ഷപ്പെട്ട റാം സുധാകര്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ. ഇതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിനായി റെയില്‍വെയുടെ സംഘം അടക്കം സ്ഥലത്തെത്തിയതെന്ന് റാം സുധാകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കോച്ചിനുള്ളില്‍ തീ; മണിക്കൂറില്‍ 110 കി.മി വേഗത്തില്‍ തീവണ്ടി
7-ാം നമ്പര്‍ ബര്‍ത്തിലായിരുന്നു റാം സുധാകര്‍ യാത്രചെയ്തത്. തീപടര്‍ന്നത് കോച്ചിന്റെ മറുവശത്തുള്ള 72-ാം നമ്പര്‍ ബെര്‍ത്തിന് സമീപവും. ടോയ്‌ലെറ്റിന് സമീപമുള്ള ഇലക്ട്രിക്കല്‍ പാനലിനടുത്താണ് ആദ്യം തീ കണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ലോവര്‍ ബെര്‍ത്തുകളില്‍ ഉറങ്ങിയവര്‍ക്ക് കോച്ചിന്റെ തീപ്പിടിത്തമുണ്ടായ ഭാഗത്തുനിന്ന് മറുവശത്തേക്ക് അതിവേഗം ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ മുകളിലെ ബെര്‍ത്തുകളില്‍ ഉറങ്ങിയിരുന്നവരുടെ സ്ഥിതി അതായിരുന്നില്ല. പുലര്‍ച്ചെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന പലരും ബര്‍ത്തില്‍നിന്ന് താഴെയിറങ്ങാന്‍പോലും ബുദ്ധിമുട്ടി. കോച്ചിന്റെ തീപ്പിടിക്കാത്ത ഭാഗത്തുള്ള ഒരുവശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ മിക്കവര്‍ക്കും ഒരു ഡോറിലൂടെ മാത്രമെ പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. കോച്ചിനുള്ളില്‍ തീപടരുമ്പോഴും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ചങ്ങല വലിച്ച് നിര്‍ത്തിയത് റാം സുധാകര്‍ ആണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റെയില്‍വെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, തമിഴ്‌നാട് എക്‌സ്പ്രസിന് നെല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും അതുവഴി കടന്നുപോയ തീവണ്ടിയില്‍ തീപ്പിടിത്തമുണ്ടായത് ശ്രദ്ധയില്‍പ്പെട്ട നെല്ലൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അടിയന്തരമായി ഇടപെട്ടാണ് തീവണ്ടി നിര്‍ത്തിയതെന്നാണ് ഔദ്യോഗികഭാഷ്യം. തീവണ്ടി നിര്‍ത്തിയതിന് പിന്നില്‍ ആരുടെ മനസാന്നിധ്യം ആണെങ്കിലും അതിന് കഴിഞ്ഞിരുന്നില്ലെങ്കില്‍ മറ്റ് കോച്ചുകളിലേക്കും തീപടര്‍ന്നുപിടിക്കുകയും വന്‍ ദുരന്തത്തിന് രാജ്യത്തിന് സാക്ഷ്യംവഹിക്കേണ്ടിവരികയും ചെയ്യുമായിരുന്നു.
.jpg?$p=21161b7&&q=0.8)
തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയോ ?
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ യാത്രക്കാരില്‍ ആരോ തീവണ്ടിയില്‍ കയറ്റിയ പടക്കങ്ങളാണ് ദുരന്തത്തിന് വഴിതെളിച്ചതെന്ന് വ്യക്തമാക്കുന്ന റെയില്‍വെ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. റെയില്‍വെ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമല്ല, മറിച്ച് യാത്രക്കാരില്‍നിന്ന് ഉണ്ടായ അശ്രദ്ധയാണ് 32 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന് വഴിതെളിച്ചതെന്ന് അവകാശപ്പെടുന്നതായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. അഗ്നിക്കിരയായ ബോഗിയില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ ആന്ധ്രാപ്രദേശ് ഫോറന്‍സിക് സയന്‍സ് ലോബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പടക്കങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളും പൊട്ടിത്തെറിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗറ്റ് കുറ്റിയോ തീപ്പെട്ടിക്കൊള്ളിയോ പടക്കങ്ങള്‍ക്ക് തീപിടിക്കാന്‍ ഇടയാക്കിയിട്ടുണ്ടാകാം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. പടക്കങ്ങള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഉഗ്രശബ്ദമാകാം യാത്രക്കാര്‍ സ്‌ഫോടനമെന്ന് തെറ്റിദ്ധരിച്ചതെന്നും അട്ടിമറി സാധ്യത സംബന്ധിച്ച സംശയം ഉയരാന്‍ ഇടയാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
.jpg?$p=dc97fec&&q=0.8)
മുംബൈ - ഡല്‍ഹി രാജധാനി എക്‌സ്പ്രസിലെ തീപ്പിടിത്തം
മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുപോയ രാജധാനി എക്‌സ്പ്രസിലെ പാന്‍ട്രി കാറില്‍നിന്ന് തീപടര്‍ന്ന് തീവണ്ടിയുടെ മൂന്ന് കോച്ചുകള്‍ കത്തിനശിച്ചത് 2011 ഏപ്രില്‍ 18-ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു. മധ്യപ്രദേശിലൂടെ സഞ്ചരിക്കവെ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള കോട്ട-റത്‌ലം സെക്ഷനില്‍വച്ചാണ് അപകടമുണ്ടായത്. തമിഴ്‌നാട് എക്‌സപ്രസില്‍ ഉണ്ടായതിന് സമാനമായ ദുരന്തം രാജധാനി എക്‌സ്പ്രസിലും ആവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍ പാന്‍ട്രി കാറിലുണ്ടായിരുന്ന ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം തീവണ്ടിയില്‍ സഞ്ചരിച്ച ഒരാള്‍ക്കുപോലും പൊള്ളലേറ്റില്ല. പുലര്‍ച്ചെ രണ്ടിന് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ പാന്‍ട്രി കാര്‍ ജീവനക്കാര്‍ തൊട്ടടുത്ത കോച്ചുകളിലെത്തി ഉറങ്ങിക്കിടന്ന മുഴുവന്‍ യാത്രക്കാരെയും വിളിച്ചുണര്‍ത്തി അതിവേഗം തീവണ്ടിയില്‍നിന്ന് പുറത്തിറക്കി. തൊട്ടുപിന്നാലെ റെയില്‍വെ ജീവനക്കാര്‍ തീപ്പിടിച്ചമുണ്ടായ കോച്ചുകള്‍ ട്രെയിനില്‍നിന്ന് വേര്‍പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാജധാനി എക്‌സ്പ്രസിലെ ബി-5, ബി-6, ബി-7 കോച്ചുകളാണ് പാന്‍ട്രി കാറില്‍നിന്ന് തീപടര്‍ന്ന് കത്തിയമര്‍ന്നത്. മൂന്ന് ത്രീടയര്‍ എ.സി കോച്ചുകളിലായി 150-ലധികം പേരാണ് സഞ്ചരിച്ചിരുന്നത്. അഗ്നിബാധ പാന്‍ട്രി കാര്‍ ഇന്‍ചാര്‍ജ് ആയിരുന്ന പവന്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം പാന്‍ട്രി കാറിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ വിളിച്ചുണര്‍ത്തുകയും എല്ലാവരും ചേര്‍ന്ന് അതിവേഗം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.
.jpg?$p=3f50786&&q=0.8)
തീപ്പിടിത്തം പ്രതിരോധിക്കുന്ന കോച്ചുകള്‍
തീപ്പിടിത്തം പ്രതിരോധിക്കുന്നവയാണ് തീവണ്ടികളിലെ പുതിയ കോച്ചുകള്‍ എന്നാണ് റെയില്‍വെ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് സ്‌മോക് ഡിറ്റക്ഷന്‍ സംവിധാനം, ആധുനിക ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍ എന്നിവയെല്ലാമാണ് പുതിയ കോച്ചുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കോച്ചുകള്‍ ഫര്‍ണിഷ് ചെയ്യാന്‍ ഉപയോഗിക്കുന്നതും അഗ്നിബാധ പ്രതിരോധിക്കുന്ന വസ്തുക്കളാണ്. പുതിയ എല്‍എച്ച്ബി എയര്‍കണ്ടീഷന്‍ഡ് കോച്ചുകളില്‍ ഉപയോഗിക്കുന്ന റൂഫ് മൗണ്ടഡ് എ.ഡി പാക്കേജ് യൂണിറ്റുകളും തീപ്പിടിത്തം തടയാന്‍ ഉപകരിക്കുന്നതാണെന്ന് റെയില്‍വെ അവകാശപ്പെടുന്നു.
Content Highlights: Tamil nadu express s11 coach fire Tragedy Their story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..