കൈകാലുകളില്ലാത്ത നിങ്ങള്‍ എന്ത് ചെയ്യും? ഇതുപോലെ അന്തസ്സായി ജീവിക്കും അതാണ് ഇവരുടെ ഉത്തരം


നിലീന അത്തോളി

രണ്ടുകാലും ഒരു കൈയ്യുമില്ലാത്ത മാംസപിണ്ഡമായി, ഇവനെക്കൊണ്ടെന്താവും? ഉത്തരം ഇവിടെയുണ്ട്

സണ്ണി പുനലൂരും ഭാര്യ അജിതയും

രുപത്തി എട്ടാം വയസ്സില്‍ പാളം മുറിച്ച് കടക്കുമ്പോള്‍ തീവണ്ടി തട്ടി അറ്റു പോയതാണ് പുനലൂരുകാരനായ സണ്ണിയുടെ രണ്ട് കാലുകളും ഒരു കൈയ്യും. കൈയ്യും കാലും വാരിക്കൂട്ടി സണ്ണിയെയും കോരിയെടുത്തോടി നാട്ടുകാര്‍ തിരിച്ചു പിടിച്ചതാണ് ആ ജീവന്‍. ആശുപത്രിയില്‍ വെച്ച് ഒപ്പിടാന്‍ ആളില്ലാതെ പോയതുകൊണ്ടാണ് തന്റെ കൈയ്യും കാലും തുന്നിച്ചേര്‍ക്കാനാവാതെ പോയതെന്ന സങ്കടം സണ്ണിക്കിപ്പോഴുമുണ്ട്. "വെറും മാംസപിണ്ഡം മാത്രമായി ഇവന്‍. ഇനി ഇവനെക്കൊണ്ടെന്താവും" എന്ന് ചോദിച്ചവര്‍ക്ക് കാട്ടി കൊടുക്കാന്‍ വെപ്പുകാലുകൊണ്ടും വീല്‍ച്ചെയറുന്തിയും സണ്ണി യാത്ര ചെയ്ത് തീര്‍ത്ത ജീവിത വഴികളുണ്ട്. കാലുകള്‍ രണ്ടും തളര്‍ന്ന അജിത ജീവിത സഖിയായി കൂടെയെത്തിയതോടെ നാലു കാലുകളില്ലാതെ ഈ ദമ്പതിമാർ എങ്ങനെ ജീവിക്കും എന്ന ആകാംക്ഷ പൂണ്ടവരുണ്ട്. ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന പരമ്പരയില്‍ അജിതയുടയെും സണ്ണിയുടെയും ജീവിതമാണ്.

റെയിൽവേ ക്രോസിൽ തകിടം മറിഞ്ഞ ജീവിതം, സണ്ണിക്ക് പറയാനുള്ളത്

"അമ്മ കൂലിപ്പണി ചെയ്താണ് ഞങ്ങള്‍ നാലുമക്കളെയും വളര്‍ത്തിയത്. കൂട്ടത്തിലെ ഇളയവനായിരുന്നു ഞാന്‍. അഫ്ഗാനില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ അവധിക്കു വന്നപ്പോള്‍ 2005ലായിരുന്നു ആ അപകടം സംഭവിക്കുന്നത്. റെയില്‍വേക്രോസില്‍ വെച്ച് നാട്ടുകാരെല്ലാം കൂടിയാണ് എന്റെ ഭാഗങ്ങളോരോന്നായി പെറുക്കി എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നത്. സ്വാകര്യാശുപത്രിയിൽ ചെന്നപ്പോൾ ഒപ്പിടാനാളില്ലാതെ തുന്നിച്ചേർക്കാനാവില്ലെന്ന ആശുപത്രിക്കാർ പറഞ്ഞു. ഒടുവിൽ മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും വൈകി. ഒരാഴ്ച കഴിഞ്ഞ് ബോധം വന്നപ്പോഴാണ് രണ്ട് കാലും ഒരു കൈയ്യും പൂര്‍ണ്ണമായും ഇല്ലെന്ന് തിരിച്ചറിയുന്നത് തന്നെ. പക്ഷെ ജീവിതത്തില്‍ ഏറ്റവും അധികം വേദന തിന്നത് ഇവനെക്കൊണ്ട് ഇനി ഒന്നിനും പറ്റില്ലല്ലോ എന്ന അടക്കം പറച്ചിലുകള്‍ കേട്ടപ്പോഴാണ്. അന്ന കുറെ കരഞ്ഞു. കാലുകളില്ലാതെ കൈകുത്തിയുള്ള പിച്ചവെക്കലായിരുന്നു പിന്നീടങ്ങോട്ടുള്ള രണ്ട് വര്‍ഷങ്ങള്‍. ആകെ ബാക്കി വന്നത് ഇടതുകൈയ്യാണ്. വലംകൈയ്യനായിരുന്നതിനാല്‍ ഇടംകൈകൊണ്ട് ഒപ്പിടാന്‍ പഠിച്ചു. പിന്നീട് പഴയ ചിത്രകലാവാസന പൊടിതട്ടിയെടുത്ത് വരക്കാനുള്ള ശ്രമങ്ങളായി. അപകട ശേഷം ആദ്യം കുറെ കരഞ്ഞെങ്കെിലും പിന്നെ വരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ടീച്ചര്‍മാരും മറ്റും സഹായിക്കാനെത്തി. ഭിന്നശേഷിക്കാരെ തൊഴിലിൽ പ്രാപ്തരാക്കി സ്വയംപര്യാപ്തരാക്കുന്ന umbrella by differently abled എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയും ഏറെ സഹായിച്ചു. അങ്ങനെ എന്നെക്കൊണ്ട് ആകെ ചെയ്യാന്‍ കഴിയുന്ന വര ഞാനെന്റെ തൊഴിലുമാക്കി.

അപകടശേഷം ആര്‍ജ്ജിച്ചെടുത്തതാണ് ഈ കലാവൈഭവം. അപകടം നടന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും വരയില്‍ നിന്ന് ചെറുതായി വരുമാനം കിട്ടി തുടങ്ങി. വയ്യാത്തിനാല്‍ പല എക്‌സിബിഷനുകള്‍ക്കും സ്റ്റാളുകള്‍ സൗജന്യമായി ലഭിച്ചു. "നീ ഒരു മാംസതുണ്ടമായിലേ ഇനി ഒന്നും ചെയ്യാന്‍ പറ്റീലല്ലോ" എന്ന് പരിതപിച്ചവര്‍ക്കു മുമ്പില്‍ സ്വയം തൊഴിലെടുത്തു ജീവിച്ചാണ് ഞാന്‍ എന്നെ തിരിച്ചുപിടിച്ചത്. അങ്ങനെയിരിക്കെയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ വെച്ച് അജിതയെ പരിചയപ്പെടുന്നത്. അജിതയുടെ രണ്ട് കാലുകളും തളര്‍ന്ന അവസ്ഥയിലായിരുന്നു. അഞ്ച് വയസ്സുവരെ നടന്നിരുന്ന അജിതയുടെ വിധി മാറ്റിയത് ഒരു പനിയാണ്. പനി വന്ന് ഇഞ്ചക്ഷന്‍ കുത്തിയതിലെ ചില പ്രശ്‌നങ്ങളാണ് കാല് തളര്‍ച്ചയിലേക്ക് എത്തിയത്.

അജിതയും സണ്ണിയും മകനും അമ്മയ്ക്കൊപ്പം | ഫയൽ ചിത്രം

രണ്ട് പേര്‍ക്കും വയ്യാത്തതിനാല്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്ക വീട്ടുകാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമുണ്ടായിരുന്നെങ്കിലും പലവിധ ചോദ്യങ്ങളും ആശങ്കകളും കാരണം കല്ല്യാണം കുറച്ച് നീണ്ടു പോയി. അവൾക്കൊന്ന് വെള്ളം എടുത്ത് കൊടുക്കാനെങ്കിലും ആളു വേണ്ടെ എന്ന ആശങ്ക അജിതയുടെ വീട്ടുകാര്‍ക്കുണ്ടായിരുന്നു. പക്ഷെ സാധാരണ മനുഷ്യർ എടുക്കുന്ന പ്രയത്നത്തിന്റെ നൂറ് മടങ്ങ് എടുത്ത് ഞങ്ങൾ ജീവിതം മുന്നോട്ടു കൊണ്ട് പോയി".

സാധാരണ ജീവിതം നയിക്കാനാവില്ലെന്നും രണ്ട് പേര്‍ക്കും നടക്കാന്‍ കഴിയാത്തത് ജീവിതത്തെ ദുര്‍ഘടമാക്കുമെന്നും പരിതപിച്ചവര്‍ക്കു മുന്നില്‍ ഇന്നവരുടെ ഏറ്റവും വലിയ സന്തോഷമായ മൂന്നര വയസ്സുള്ള മകൻ ആദിത്തിനെ ഈ ദമ്പതിമാർ ഉയര്‍ത്തികാണിക്കും. സണ്ണിയുടെ അമ്മയാണ് അവനു വേണ്ട കാര്യങ്ങള്‍ കൂടുതലായും ചെയ്തു കൊടുക്കുന്നത്. അമ്മയുടെ കാലശേഷം ഇവർ എന്തു ചെയ്യും എന്ന് ചോദിച്ചിട്ടുണ്ട് പലരും. ചോദിക്കുന്നവരോട് പ്രതിസന്ധികള്‍ പലതും വരും ഓരോ ഘട്ടത്തിലും എന്തെങ്കിലും വഴി ദൈവം കാണിച്ചു തരാതിരിക്കില്ല എന്ന ഉത്തരമേ അജിതയ്ക്കുള്ളൂ. അഞ്ചാം വയസ്സില്‍ തലയ്ക്കു താഴെ ചലനം നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റവളാണ് അജിത. ആ അജിതയ്ക്ക് അത്രയധികം പ്രതീക്ഷയോടെയേ ജീവിതത്തെ നോക്കിക്കാണാനാകൂ.

തലയ്ക്കു കീഴെ തളര്‍ന്നതില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റവൾ

"അഞ്ചാം വയസ്സില്‍ ആരോഗ്യ കേന്ദ്രത്തില്‍ പോയി പനിക്ക് ഇഞ്ചക്ഷന്‍ വെച്ചിരുന്നു. ആ ഇഞ്ചക്ഷന്‍ വെച്ച അന്നാണ് കാല് മടങ്ങി മടങ്ങി വീഴാന്‍ തുടങ്ങിയത്. തീരെ നടക്കാന്‍ പറ്റാതായി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോഴാണ് ഇഞ്ചക്ഷന്‍ ചെയ്തതിലെ അപാകതയാണ് കാരണമെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നത്. എത്രയും പെട്ടെന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ തലയൊഴികെ മുഴുവന്‍ ശരീരഭാഗവും തളരുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം കഴിയും മുമ്പേ തലയ്ക്കു താഴെ എന്റെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. പിന്നീട് ഏഴുവര്‍ഷക്കാലം ഞാനും അച്ഛനും അമ്മയും ആശുപത്രിയില്‍ തന്നെയായിരുന്നു താമസവും ചികിത്സയും.

തലമാത്രം ചലിക്കുന്ന എന്നെ കൂടി കേള്‍പ്പിക്കാനായി അനുജത്തി പഠിക്കുമ്പോള്‍ അവള്‍ ഉറക്കെ വായിച്ചു. കൈയ്യൊന്നും പൊങ്ങുമായിരുന്നില്ലെങ്കിലും അപ്പച്ചിമാര്‍ ആശുപത്രിയില്‍ വന്ന് കൈപിടിച്ച് എഴുതിപ്പിക്കുമായിരുന്നു അന്ന്. ചികിത്സയുടെ ഫലമായി പിന്നീട് കൈകള്‍ അനങ്ങിത്തുടങ്ങി. അങ്ങനെയാണ് 13ാം വയസ്സില്‍ അനിയത്തിയോടൊപ്പം ആറാം ക്ലാസ്സില്‍ ചേരുന്നത്", അജിത പറയുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മുട്ടുകാലില്‍ കൈകുത്തി ഇഴഞ്ഞാണ് അജിത കൈക്ക് ശക്തി വീണ്ടെടുത്തത്. ഇപ്പോ അടുത്തിടെയായി ഒരു കാലിലെ വിരലും ചെറുതായി അനങ്ങിത്തുടങ്ങി. ഡോക്ടറുടെ അനാസ്ഥയല്ലേ ജീവിതത്തെ വഴിമാറ്റിയത്, നിയമ നടപടിക്കൊന്നും പോകുന്നില്ലേ എന്ന ചോദ്യത്തിന് അജിത പറയുന്നതിതാണ്.

സണ്ണിയും അജിതയും മകൻ ആദിത്തിനൊപ്പം

"എന്റെ അവസ്ഥ കണ്ട് മനം നൊന്തിട്ടോ ഭീതി കൊണ്ടോ ആവണം. അവര്‍ വീടെല്ലാം ഒഴിഞ്ഞു പോയി. ആ സമയം എല്ലാവരും എന്നെ രക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലായിരുന്നു. 15 വര്‍ഷത്തോളം ട്രീറ്റ്‌മെന്റ് നടത്തി. സ്‌കൂളിലുള്ള സഹപാഠികളും അധ്യാപകരും കൂട്ടുകാരുമെല്ലാം വലിയ പിന്തുണയായിരുന്നു. ആങ്ങളയാണ് സൈക്കിളില്‍ കൊണ്ടുപോയാക്കിയിരുന്നത്. അധ്യാപകരും സുഹൃത്തുക്കളും ആണ് ക്ലാസ്സിലേക്കെടുത്തുവെക്കുക. ഏട്ടന്‍ കൊണ്ടുപോകാന്‍ വരുന്നതുവരെ ചേച്ചിമാര്‍ എനിക്കൊപ്പം ഇരിക്കുമായിരുന്നു. ദൈന്യതകളേറെ ഉണ്ടായിട്ടുണ്ടെങ്കിലും സ്‌നേഹവും അനുഗ്രഹവും ഒരുപാട് പലയിടത്തു നിന്നും ലഭിച്ചിട്ടുമുണ്ട്. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ വെച്ച് സണ്ണിച്ചായനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും അത്തരത്തിലൊരു ജീവിത നിമിത്തങ്ങളിലൊന്നാണ്", അജിത പറയുന്നു

രണ്ട് വയ്യാത്ത ആളുകള്‍ വിവാഹം കഴിച്ചാല്‍ ആരെങ്കിലും ഒരാള്‍ വീണ് പരിക്കേറ്റാല്‍ കൈത്താങ്ങായി ആരുണ്ടാവും, ഒന്ന് വന്ന് വെള്ളം തരാൻ ആരുണ്ടാവുമെന്ന് ചോദിച്ചവരുണ്ട്. എന്ത് ബുദ്ധിമുട്ടു വന്നാലും ആരെയും ബുദ്ധിമുട്ടിക്കത്തില്ല എന്നാണ് ഇവർ അന്നും ഇന്നും നല്‍കുന്ന മറുപടി.

" തീരെ നിവൃത്തിയില്ലെങ്കില്‍ ഞങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടും ആ തരത്തില്‍ വീല്‍ച്ചെയര്‍ തന്നും കാശ് തന്നും സഹായിച്ചിട്ടുണ്ട് നല്ലവരായ കുറെ മനുഷ്യര്‍. കുറെ കിറ്റിലാണ് കോവിഡ് കാലം കഴിഞ്ഞു കൂട്ടിയത്. എന്നിട്ടും ഉപജീവനമില്ലാതെ ഡോക്ടറെ കാണിക്കാന്‍ കാശിന് ബുദ്ധിമുട്ടിയ സന്ദര്‍ഭങ്ങളുമുണ്ടായി. എന്നിട്ടും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ ജീവിച്ചു, അജിത പറയുന്നു

കോവിഡ് കാലത്ത് ചിത്രങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നതും ഉപജീവനമില്ലാതായതും ആണ് ലോട്ടറി കച്ചവടത്തിലേക്ക് ഇരുവരെയും എത്തിച്ചത്. ഒരു വര്‍ഷത്തോളമായി ലോട്ടറി കട നടത്തുകയാണ് ഇരുവരും.

രണ്ട് കാലുമില്ലാതെ ഈ ദമ്പതികള്‍ എങ്ങനെ ജീവിതം കൊണ്ടു പോകും എന്ന ആശങ്ക പൂണ്ടവരുണ്ട്. ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെയും അപകടങ്ങളേക്കാളുമേറെ അവരെ തളർത്തിയതും ആത്മവിശ്വാസം കെടുത്തിയതും മുൻവിധിയോടെയുള്ള പലരുടെയും പ്രസ്താവനകളായിരുന്നു. നേരിട്ട പരിഹാസങ്ങളോടും കുറ്റപ്പെടുത്തലുകളോടൊന്നും ഇവർക്ക് പരിഭവമേതുമില്ല. "എല്ലാത്തിനോടും പൊരുതിയാണ് ഞങ്ങളിവിടം വരെ എത്തിയത്. ആത്യന്തികമായി നമ്മളെ മനസ്സിലാക്കുന്ന ആള്‍ക്കൊപ്പം സ്വസ്ഥമായി ജീവിക്കുക എന്നതാണ് ജീവിതത്തിനാവശ്യം. ഒപ്പം മനസ്സമാധാനവും സ്‌നേഹവും ബാക്കിയെല്ലാം അതിനു പിറകെ വരും", ഇരുവരും പറഞ്ഞു നിർത്തി.


stop shaming, stop being judgemental- സിംപതി വേണം പക്ഷെ ഇരകളുടെ ശക്തി ചോർത്തുന്നതാവരുത് ആ അനുഭാവപൂർവമായ നോട്ടങ്ങളും പറച്ചിലുകളും. ആത്മവിശ്വാസമാണ് ഇത്തരം ദുരന്തങ്ങളിലൂടെ പോകുന്നവരുടെ ആകെ മൂലധനം. ആ ആത്മവിശ്വാസം തകർക്കുന്ന വാക്കുകളും ആശങ്കളും മുൻവിധികളും കെടുത്തുന്നത് അവരുടെ ജീവിത പ്രതീക്ഷകളാണ്. ഭിന്നശേഷിക്കാരെയും അവരുടെ പ്രശ്നങ്ങളെയും സെൻസിറ്റീവായി തന്നെ സമൂഹം സമീപിക്കേണ്ടതുണ്ട്. കഴിയാത്ത കാര്യങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്താതെ കഴിയുന്നകാര്യങ്ങളെ കുറിച്ചുള്ള ആത്മവിശ്വാസമാണവർക്കാവശ്യം. മാറ്റാം മനോഭാവം മാതൃഭൂമി ഡോട്ട്കോമിലൂടെ

Content Highlights: survival story,physically challenged,artist sunny punaloor,.ajitha,social,njaninganetheerppukalvenda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented