സുനിൽ മേനോൻ | ഫോട്ടോ: അഭയ്കുമാർ
"നീ ആണുങ്ങളെപ്പോലെ പെരുമാറണം, പെണ്ണുങ്ങളെപ്പോലെ നടക്കരുത്, അവരെപ്പോലെ സംസാരിക്കരുത് എന്നതാണ് കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന കാര്യം. എന്റെ സ്ത്രൈണത മറച്ചുവെക്കാന്‍ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു. ഇല്ലെങ്കില്‍ ആളുകള്‍ കളിയാക്കും ഉപദ്രവിക്കും എന്നതായിരുന്നു വീട്ടുകാരുടെ പേടി.
ഒന്നാം ക്ലാസ്സ് മുതല്‍ പിഎച്ച്ഡി വരെ ചെന്നൈയിലായിരുന്നു ജീവിതം. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. നന്നായി തമിഴറിയാത്തതിനാല്‍ എന്നെക്കുറിച്ച് എന്താണ് മറ്റുള്ളവര്‍ പറഞ്ഞ് നടന്നിരുന്നതെന്ന് മനസ്സിലായിരുന്നില്ല. അറിവില്ലായ്മ ആ തരത്തില്‍ പലപ്പോഴും എനിക്കനുഗ്രഹമായി. ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം അല്‍പം കൂടി ദുര്‍ഘടമാകുമായിരുന്നു. മലയാളത്തിലെയും തമിഴിലെയും തെറി വാക്കുകള്‍ വരെ ഞാന്‍ അടുത്തിടെയാണ് മനസ്സിലാക്കിയത്. അതിനാല്‍ തന്നെ ആളുകള്‍ പിന്നില്‍ നിന്ന് മോശം വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ പലതും എനിക്ക് മനസ്സിലായിരുന്നില്ല.
പ്രകട ജാതീയതയുള്ള സമൂഹമാണ് തമിഴ്‌നാട്ടിലേത്. ഒരു പക്ഷെ ഞാനൊരു പാവപ്പെട്ട കുടുംബത്തില്‍ നിന്നോ അവര്‍ണ്ണനോ ആയിരുന്നെങ്കില്‍ ഇതിലും വലിയ വേട്ടയാടല്‍ അനുഭവിക്കേണ്ടി വന്നേനേ. പെണ്ണിനെപ്പോലെ എന്നൊക്കെ പലരും പറയുന്നതുകേട്ട് ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല(അതെന്താ ആണിനു കരഞ്ഞാല്‍) എന്ന് പറഞ്ഞത് കേട്ട് എന്നിലെ കുട്ടി കരച്ചിലടക്കി, സ്വയമടക്കി നടന്നു.
അച്ഛനന്ന് കരഞ്ഞു, ഇന്ന് അഭിമാനിക്കുന്നുണ്ടാവണം
ഒരു അകന്ന ബന്ധുവാണ് അച്ഛനോട് ആദ്യമായി എന്റെ ഗേ സെക്ഷ്വാലിറ്റിയെക്കുറിച്ച് പറയുന്നത്. പുറത്ത് പറയുമെന്നയാൾ ഞങ്ങളുടെ വീട്ടുകാരെ ബ്ലാക്ക്മെയിൽ വരെ ചെയ്തു. അദ്ദേഹം അത് കേട്ട് കരഞ്ഞു. എന്നെ അംഗീകരിക്കാനാവില്ലെങ്കില്‍ വീട്ടില്‍ നിന്നിറങ്ങാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എനിക്കത് വേണ്ടി വന്നില്ല. യുഎസ്സിലുള്ള സഹോദരിയായിരുന്നു എന്റെ ഏറ്റവും വലിയ പിന്തുണ. അവള്‍ വീട്ടുകാരെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.
എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ എല്ലാ കാലവും നടന്നിരുന്നത്. അതിനാല്‍ സുഹൃത്ത് വലയങ്ങളില്‍ നിന്നുള്ള കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പഠിപ്പിലും സ്‌പോര്‍ട്‌സിലും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയിലും മികവ് പ്രകടിപ്പിച്ചതു കൊണ്ട് തന്നെ സ്ത്രൈണതയുടെ പേരിലുള്ള മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നില്ല. പിന്നീട് പ്ലസ്ടു കാലത്താണ് വെര്‍ബല്‍ അബ്യൂസ് തിരിച്ചറിഞ്ഞു തുടങ്ങിയത്.
വലുതായ ശേഷം ബസ്സിലും ട്രെയിനിലുമെല്ലാം യാത്ര പോയി തുടങ്ങിയപ്പോഴാണ് സ്ത്രൈണതയുള്ളവർ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതെന്ന തിരിച്ചറിവുകള്‍ വന്നു തുടങ്ങിയത്. അവിടുന്നങ്ങോട്ട് ജീവിതം ദുര്‍ഘടമായിരുന്നു.
ജീവിതത്തിലെ എല്ലാതരം വേട്ടയാടലും കോളേജ് ജീവിതം തൊട്ടാണ് അനുഭവിച്ചു തുടങ്ങിയത്. ശാരീരികമായ ഉപദ്രവങ്ങള്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രൈണതയുള്ള ഒരാണിനെ കാണുമ്പോള്‍ മറ്റാണുങ്ങളുടെ കണ്ണില്‍ ഞാന്‍ വെറുമൊരു ലൈംഗികോപകരണമായിരുന്നു. എന്റെ നടത്തവും പെരുമാറ്റവുമെല്ലാം ലൈംഗികതയ്ക്കുള്ള പരസ്യസമ്മതമായാണ് അവര്‍ എടുത്തിരുന്നത്. അവരുടെ വിചാരം ഞാന്‍ എല്ലാത്തിനും റെഡിയാണെന്നാണ്.
രാത്രികളെ ഭയക്കുന്നവര്‍
ഒരു ലൈംഗികത്തൊഴിലാളിയായ സ്ത്രീ തന്റെ ക്ലയന്റിനെ കാത്തുനില്‍ക്കുമ്പോള്‍ ആരെ സ്വീകരിക്കണം ആരെ സ്വീകരിക്കണ്ട എന്ന് പറയാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. പക്ഷെ അത് പല ആണുങ്ങളും അംഗീകരിക്കില്ല. ഒരു സ്ത്രീ ലൈംഗികതൊഴിലാളിയായാല്‍ ആണുങ്ങള്‍ക്ക് അവരെ എന്തും ചെയ്യാമെന്നാണ് അവരുടെ ഭാവം. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാരുടെ കാര്യം ഇതിലും കഷ്ടമാണ്. സെക്ഷ്വാലിറ്റി വിസിബിള്‍ ആയ ഗേസ് പലപ്പോഴും ബലാത്സംഗത്തിനു വരെ വിധേയരാവാറുണ്ട്.
എന്നെപ്പോലെ നടത്തത്തിലും മറ്റും സ്ത്രൈണതയുള്ള, സെക്ഷ്വാലിറ്റി വിസിബിള്‍ ആയവരെ ഭീഷണപ്പെടുത്തി ലൈംഗികമായി സമീപിക്കാറുണ്ട് പലരും. തിരസ്‌കാരം അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. തിരസ്‌കരിക്കുമ്പോള്‍ അവര്‍ നമ്മളെ ഉപദ്രവിക്കും. ഞങ്ങളില്‍ ഭൂരിഭാഗവും പ്രശ്‌നമുണ്ടാക്കണ്ട എന്ന് കരുതി ഇഷ്ടമില്ലാഞ്ഞിട്ടും സമ്മതം മൂളിയിട്ടുണ്ട് പല അവസരങ്ങളിലും.
അത്തരത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടി വന്ന അനവധി നിരവധി അവസരങ്ങളുണ്ട്. രാത്രികള്‍ ഞങ്ങള്‍ക്കൊരിക്കലും സുരക്ഷിതമായിരുന്നില്ല. രാത്രി റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഞാന്‍ എന്നും ഭയപ്പെട്ടിരുന്നു.
ഞങ്ങള്‍ നടക്കുന്നത് നിങ്ങളെ വശീകരിക്കാനല്ല
ഞങ്ങളെപ്പോലെ പ്രകടമായ സ്ത്രൈണതയുള്ളവർ(എല്ലാ ഗേകളും സ്ത്രൈണത പുലർത്തുന്നവരല്ല) നടന്നു പോവുന്നതു തന്നെ പലയാളുകളും ഓപ്പണ്‍ ഇന്‍വിറ്റേഷനായാണ് കണക്കാക്കിയിരുന്നത്. അവരെ വശീകരിക്കാന്‍ നടക്കുകയാണെന്നാണ് അവരുടെ വിചാരം. ഒരിക്കല്‍ എട്ട് മണി സമയത്ത് ആളൊഴിഞ്ഞ റോഡിലൂടെ നടക്കുമ്പോള്‍ നാലുപേരുള്ള കാര്‍ വന്ന് നിര്‍ത്തി അവരെന്നോട് വഴി ചോദിച്ചു. എന്റെ കഴുത്തിലെ മൊബൈല്‍ പൗച്ച് കയറിപ്പിടിച്ചു എന്നെ കാറിനുള്ളിലേക്ക് വലിച്ചിടാൻ ശ്രമിച്ചു. കുതറിയോടാന്‍ ശ്രമിച്ച എന്റെ ഫോണെടുത്ത് അവന്‍ ഡയല്‍ ചെയ്തു. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യത്തിനെതിരേയുള്ള നിയമങ്ങളൊക്കെ കടുത്ത ശിക്ഷ കുറ്റവാളിക്ക് വാങ്ങിക്കൊടുക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ അത്തരം ക്രിമിനല്‍ മനോഭാവുള്ളവര്‍ ഒന്നുകില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെയോ ഞങ്ങളെപ്പോലുള്ള ഗേസിനെയോ ആണ് ഇരയാക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ നിയമ പരിരക്ഷ ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ ലഭിക്കുന്നില്ല. പോലീസിനും ഞങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാന്‍ കഴിയുന്നില്ല.
കരുത്തായി സഹോദരൻ ഫൗണ്ടേഷൻ
1998ലാണ് എന്നെപ്പോലുള്ള ഗേസിനെ സഹായിക്കാന്‍ സഹോദരന്‍ ഫൗണ്ടേഷന്‍ ഞാന്‍ തുടങ്ങിയത്. എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് വേണ്ടി ഒരു മലയാളി തുടങ്ങിയ ആദ്യ സ്ഥാപനമായിരിക്കാം അത്. എന്റെ എല്‍ജിബിടി സ്ഥാപനത്തിലെ എത്രയോ സഹപ്രവര്‍ത്തകര്‍ക്ക് പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ പ്രിവിലജ്ഡ് ആയ ഒരാളായിരുന്നു ഞാന്‍. കുടുംബത്തിന്റെ മികച്ച സാമ്പത്തിക ശേഷിയും ജാതിയും എനിക്ക് രക്ഷയേകിയപ്പോൾ എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ മറ്റാളുകളുടെ അവസ്ഥ എന്നെപ്പോലെയായിരുന്നില്ല. പലര്‍ക്കും വീട്ടിൽ നിന്നുള്ള പിന്തുണ പോലും ലഭിച്ചിരുന്നില്ല. അവര്‍ക്ക് സ്വയം ശാക്തീകരണത്തിനുള്ള ഇടം ഒരുക്കലായിരുന്നു സഹോദരന്‍ ഫൗണ്ടേഷന്‍ ചെയ്തത്. അന്നെനിക്ക് 32 വയസ്സായിരുന്നു. 1992ല്‍ പിഎച്ചഡി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു റിസേര്‍ച്ചറായി യുഎന്നില്‍ നിന്നുള്ള ആള്‍ക്കൊപ്പം റിസേര്‍ച്ച് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തനം തുടങ്ങി. ഗേ കമ്മ്യൂണിറ്റിയുടെ ഇടയിലുള്ള എച്ച്‌ഐവി റിസ്‌കിനെകുറിച്ചായിരുന്നു പഠനം. അന്ന് ഗേ കമ്മ്യൂണിറ്റി ഇന്നത്തെ അത്രപോലും വിസിബിള്‍ പോലുമായിരുന്നില്ല. ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗേ കോണ്‍ഫറന്‍സിലും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും ഞാന്‍ ആ പഠനം അവതരിപ്പിച്ചിരുന്നു. അത് സഹോദരൻ ഫൗണ്ടേഷന്റെ പിറവിക്ക് ഊർജ്ജമേകി.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെയാണ് ആന്ത്രോപോളജിയില്‍ ബിരുദാനന്തര ബിരുദം ഞാൻ നേടുന്നത്. 2006ല്‍ യുഎന്‍എയിഡ്‌സ് സിവില്‍ സൊസൈറ്റി അവാര്‍ഡ് "സഹോദരനു"ലഭിച്ചു. നാഷണല്‍ എയിഡ്‌സ് കണ്‍ട്രോല്‍ ഓര്‍ഗനൈസേഷന്റെ അവാര്‍ഡ്, ലയണ്ഡസ് ക്ലബ്ബിന്റെ ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ സഹോദരന്‍ ഫൗണ്ടേഷനെയും എന്നെയും തേടിയെത്തി. ഇന്ന് ചെന്നെയിലറിയപ്പെടുന്ന ഫാഷന്‍ ഷോ ഡയറക്ടറാണ് ഞാന്‍ . മികച്ച ഫാഷൻ ഷോ കൊറിയോഗ്രാഫർക്കുള്ള വിവിധ അവാർഡുകൾ ലഭിച്ചു. ആകര്‍ഷകമായ വസ്ത്രവും ആഭരണവും ധരിച്ച് യാത്രചെയ്യുമ്പോള്‍ തുറിച്ചു നോട്ടങ്ങളുണ്ടാവാറുണ്ട്. പക്ഷെ എന്റെ യാത്രയുടെ ആഴവും പരപ്പും എനിക്കല്ലേ അറിയൂ, എന്നെ അളക്കാന്‍ അവരാര്. "
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..