-
മാസങ്ങളായി തുടങ്ങിയ കടുത്ത ശരീരവേദനയെ തുടര്‍ന്ന് തൃശൂരിലെ ഒട്ടു മിക്ക ആശുപത്രികളില്‍ പോയെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. വഴിപാടും പ്രാര്‍ത്ഥനയുമായി പിന്നീടെല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിക്കുകയായിരുന്നു. 18 വര്‍ഷം മുന്‍പുള്ള ഒരു വെള്ളിയാഴ്ച പ്രതീക്ഷയോടെ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്ന വഴിയാണ് കവിതക്ക് ആ ദുരന്തം ഉണ്ടാകുന്നത്. അമ്മയുടെ കൈ ചേര്‍ത്തു പിടിച്ച് തമാശകളൊക്കെ പറഞ്ഞു വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ശരീരം തണുക്കുന്നതായി അനുഭവപ്പെട്ടത്. ഒരടി പോലും കാലുകള്‍ മുന്നോട്ട് വക്കാന്‍ പറ്റാത്ത വിധം നിശ്ചലമായി. അമ്മയെ ചേര്‍ത്തു പിടിച്ച കൈകള്‍ സ്വയമെ താഴേക്ക് വീണു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ പൊടുന്നനെ തളര്‍ന്ന് വീഴുകയായിരുന്നു.
നിലത്ത് വീണു കിടക്കുന്ന മകളെ നോക്കി എന്താണ് സംഭവിച്ചതെന്നറിയാതെ അമ്മ തങ്കമണി പകച്ചുനിന്നുപോയി. ഒട്ടും വൈകാതെ തന്നെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. തൃശ്ശൂരിലെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എന്താണ് കവിതക്ക് സംഭവിച്ചതെന്ന് ആദ്യ മണിക്കൂറില്‍ അവര്‍ക്കും അവ്യക്തമായിരുന്നു. നട്ടെല്ലിന് ക്ഷയം വന്നതുകൊണ്ടാണ് തളര്‍ന്നു വീണതെന്ന് ഒടുവില്‍ കണ്ടെത്തി. എത്രയും വേഗം ഓപ്പറേഷന്‍ വേണമെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു. വൈകാതെ തന്നെ ഓപ്പറേഷന്‍ നടത്തിയെങ്കിലും കിടക്കയില്‍നിന്നു കവിതയെ എഴുന്നേല്പിക്കാന്‍ അവര്‍ക്കായില്ല. ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം നട്ടെല്ല് തകര്‍ന്നിരുന്നു എന്നവര്‍ മരുന്നിനൊപ്പം വിധിയെഴുതി. കരഞ്ഞു കലങ്ങിയ കണ്ണുകളും തകര്‍ന്ന മനസ്സുമായി അച്ഛന്‍ കേശവനും അമ്മയും കവിതക്ക് മുന്നില്‍ നിസ്സഹായരായി.

പിന്നീട് സാധ്യമായ എല്ലാ ചികിത്സകളും പരീക്ഷിച്ചു. ചികിത്സക്കായി വന്ന ഭാരിച്ച സാമ്പത്തികബാധ്യത ഇടത്തരം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും തുടര്‍ചികിത്സക്കായി രാപ്പകല്‍ വ്യത്യാസമില്ലാതെ ഡ്രൈവറായ അച്ഛന്‍ ഓടി നടന്നു. വര്‍ഷങ്ങളോളം കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. കിടന്ന കിടപ്പില്‍നിന്നു അനങ്ങാന്‍ പോലും കഴിയാതിരുന്ന കവിതയെ അമ്മ ഗര്‍ഭസ്ഥശിശുവിനെ പോലെ പരിചരിച്ചു. കവിതയെ സംബന്ധിച്ച് അമ്മയെന്നാല്‍ തനിക്കായി ദൈവം കരുതി വച്ച മനോഹരമായ കവിതയാണ്. അനിയത്തി നീതുവും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു.
പ്രിയപ്പെട്ടവരെല്ലാം പിന്തുണയും പ്രാര്‍ത്ഥനയുമായി കൂടെനിന്നിട്ടും കവിതക്ക് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ശരീരത്തെക്കാള്‍ തളര്‍ന്നത് മനസാണെന്ന യാഥാര്‍ഥ്യം ഏറെ നാള്‍ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. ആദ്യം ചികിത്സ വേണ്ടത് മനസ്സിനാണെന്ന ബോധ്യത്തില്‍നിന്നാണ് വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. അന്നുമുതലാണ് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയത്. അതോടെ നിരാശകൊണ്ട് തളര്‍ന്നിരുന്ന മുഖത്ത് പ്രതീക്ഷയുടെ ചിരി നിറഞ്ഞു നിന്നു. മറ്റുള്ളവരിലേക്കും ആ സന്തോഷമെത്തിക്കാന്‍ കവിതക്കായി. ഇപ്പോള്‍ സ്വപ്നങ്ങള്‍ കുടകളാക്കി അതിജീവനത്തിന്റെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോവുകയാണവര്‍. ശരീരം തളര്‍ത്തിയ മനുഷ്യര്‍ക്ക് പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള കരുത്ത് നല്‍കാനും കവിത മുന്നില്‍ തന്നെയുണ്ട്. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്റെ ജില്ലാ സെക്രട്ടറി കൂടെയാണിപ്പോള്‍. വേദനിക്കുന്ന മനുഷ്യര്‍ക്കിടയില്‍ അതിജീവനത്തിന്റെ സ്വപ്നങ്ങള്‍ പൂക്കുന്ന കവിതയായി അവര്‍ സാന്ത്വനമേകുകയാണ്.

പഠിക്കാന്‍ നൂറു വഴികളുണ്ട്
രണ്ടുമക്കളില്‍ മൂത്തവള്‍ ആയതുകൊണ്ട് തന്നെ അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങളും മനസ്സും നന്നായി അറിയാമായിരുന്നു. ആണ്‍മക്കളില്ലാത്ത വിഷമം അവരുടെ മനസ്സില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയായിരുന്നു. വലുതാകുമ്പോള്‍ ആണ്‍കുട്ടിയുടെ കുറവ് അറിയിക്കാതെ അമ്മയെയും അച്ഛനെയും സംരക്ഷിക്കണം എന്ന് അന്നേ മനസ്സില്‍ കുറിച്ചതാണ്. അതിന് മുന്‍പിലുണ്ടായിരുന്ന ഏക വഴി നന്നായി പഠിക്കുക മാത്രമായിരുന്നു. ഒട്ടും തന്നെ പഠനത്തില്‍ മടി കാണിക്കാതെ അക്ഷരങ്ങളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. ഓരോ പുതിയ പാഠവും തന്റെ മാതാപിതാക്കളുടെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് കവിത മനഃപാഠമാക്കിയിരുന്നു.
എന്നാല്‍ നെഞ്ചിന് താഴെ ചലനശേഷി നഷ്ടമായതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മനസ്സിലെ അക്ഷരങ്ങളും നിറഞ്ഞ കണ്ണുകളിലൂടെ കണ്ട ചിത്രങ്ങളും പാടെ മാഞ്ഞു തുടങ്ങിയിരുന്നു. എല്ലാം കൈവിട്ടു പോയി എന്ന നിരാശയില്‍ മാസങ്ങള്‍ കടന്നു പോയി. തളര്‍ന്ന ശരീരരത്തോട് ഏറെ കുറെ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. പഠിക്കാനുള്ള ആഗ്രഹം പതിയെ മനസ്സില്‍ മുളപൊട്ടുകയായിരുന്നു. എന്നാല്‍ നിശ്ചലമായ അവസ്ഥയില്‍ അതെങ്ങനെ സാധ്യമാകും എന്ന ചോദ്യം വീണ്ടും മനസ്സിനെ വേദനിപ്പിച്ചു.
ഒരു അധ്യയന വര്‍ഷം കടന്നുപോയത് ഇട മുറിയാതെ വന്ന മഴ ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിച്ചു. എങ്ങനെയെങ്കിലും പത്താം ക്ലാസ് ജയിക്കണം എന്ന ആഗ്രഹം മനസ്സില്‍ വിങ്ങുന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്‌കൂളിലെ പ്രധാന അധ്യാപകനായ ഭാസ്‌കരന്‍ മാഷുമായി ബന്ധപ്പെടുന്നത്. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സഹായിക്കാന്‍ സുഹൃത്തുക്കളും വന്നതോടെ മറഞ്ഞിരുന്ന അക്ഷരങ്ങള്‍ വെളിച്ചം കണ്ടു. പിന്നീടങ്ങോട്ട് അക്ഷരങ്ങളോടുള്ള പോരാട്ടമായിരുന്നു. ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാതെയുള്ള പോരാട്ടം. മിക്ക പാഠങ്ങളും ഹൃദിസ്ഥമാക്കിയത് ഒറ്റക്കായിരുന്നു. വൈകാതെ തന്നെ പരീക്ഷയുടെ ദിവസവും വന്നെത്തി. അമ്മയുടെയും ബന്ധുവിന്റെയും കൂടെ ടാക്‌സിയില്‍ സ്‌കൂളിലേക്ക് കടന്നപ്പോള്‍ എപ്പോഴോ അണഞ്ഞുപോയ പ്രതീക്ഷയുടെ ജ്വാല വീണ്ടും തെളിഞ്ഞതുപോലെയാണ് അനുഭവപ്പെട്ടത്. വീല്‍ ചെയറില്‍ ഇരുത്തി പുറത്തേക്ക് ഇറക്കിയപ്പോള്‍ ചുറ്റും നിശ്ശബ്ദമായിരുന്നു. ഇലകള്‍ പോലും അനക്കമില്ലാതെ തലകുനിച്ച് നില്‍ക്കുന്നത് പോലെയാണ് കവിതക്ക് തോന്നിയത്.
പ്രത്യേക രീതിയില്‍ പരീക്ഷ എഴുതാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും തയ്യാറായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഫലം വന്നപ്പോള്‍ കരുതിയതിലും മികച്ച മാര്‍ക്കോടെ കവിത ജയിച്ചു. പിന്നീട് വര്‍ഷങ്ങളോളം ചികിത്സയുമായി നടന്നതിനാല്‍ പഠനം മുന്നോട്ട് പോയില്ല. അപ്പോഴും മനസ്സിന്റെ കോണില്‍ പഠിക്കാനുള്ള ആഗ്രഹം അണയാതെ സൂക്ഷിച്ചിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു വീണ്ടും അക്ഷരങ്ങളെ മാറോട് ചേര്‍ക്കാന്‍. തുടര്‍ന്ന് ബി.എ. സോഷ്യോളജിയില്‍ മികച്ച മാര്‍ക്കോടെ ഡിഗ്രി കരസ്ഥമാക്കി. ഉന്നതപഠനത്തിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ശാരീരിക പരിമിതികളുള്ള മനുഷ്യരെ സഹായിക്കാന്‍ ഉതകുന്ന ജോലി സാധ്യതയുള്ള വിഷങ്ങള്‍ പഠിക്കാനാണ് ആഗ്രഹം. മനസ്സുണ്ടെങ്കില്‍ അക്ഷരങ്ങള്‍ അനായാസം കൈപ്പിടിയില്‍ ആക്കാമെന്നാണ് അനുഭവം കൊണ്ട് കവിത പറയുന്നത്.

മനുഷ്യനെന്നാല്‍ മനസ്സുകൂടെയാണ്
പല കാരണങ്ങള്‍ കൊണ്ട് ശരീരം തളര്‍ന്നു പോയ ആയിരക്കണക്കിന് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നോര്‍ത്ത് സ്വയം ഉരുകി ഒരു മതില്‍ കെട്ടിനകത്ത് ജീവിക്കുന്നവര്‍. സഹതാപത്തിന്റെ നോട്ടമെറിഞ്ഞ് കണ്ണെടുക്കാന്‍ മാത്രമുള്ള കാഴ്ചകള്‍ മാത്രമാണ് പലര്‍ക്കും അത്തരം മനുഷ്യര്‍. എന്നാല്‍ കവിത ഉറച്ചു പറയുന്നത്, ഞങ്ങള്‍ക്ക് ആവശ്യം സഹതാപമല്ല മനുഷ്യനെന്ന പരിഗണനയാണ് വേണ്ടതെന്നാണ്. തളര്‍ന്ന ശരീരത്തിനുള്ളില്‍ തളരാന്‍ ആഗ്രഹിക്കാത്ത ഒരു മനസ്സുണ്ടെന്നും സാധ്യമാകുമെങ്കില്‍ അത് കാണാന്‍ ശ്രമിക്കു എന്നും കവിത കൂട്ടിചേര്‍ത്തു.
ചികിത്സാ പിഴവാണ് യഥാര്‍ത്ഥത്തില്‍ കവിതയുടെ ജീവിതം ഇത്രമേല്‍ ദുസ്സഹമാക്കിയത്. തൃശ്ശൂരിലെ പേരുകേട്ട ആശുപത്രിയിലേക്കാണ് തളര്‍ന്ന കവിതയുമായി ഓടി കയറിയത്. രോഗാവസ്ഥക്ക് കാരണം ടി.ബി. (മൈക്രോ ബാക്ടീരിയം ടൂബര്‍ കുലോസിസ്) ആണെന്ന് വൈകാതെ തന്നെ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ നട്ടെല്ലിന് ഓപ്പറേഷനും നടന്നു. എന്നാല്‍ ചികിത്സാരീതിയില്‍ സംഭവിച്ചത് വലിയ പിഴവായിരുന്നു എന്നാണ് കവിത പറയുന്നത്. അത് തിരിച്ചറിഞ്ഞ ഉടനെ കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെനിന്നാണ് തന്റെ ശരീരത്തില്‍ ചികിത്സാപിഴവുകൊണ്ട് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.
വീഴ്ചയില്‍ തകര്‍ന്ന നട്ടെല്ലിന്റെ ഒരു ഭാഗം എടുത്ത് പകരം സ്റ്റീല്‍ കമ്പികള്‍ ഇടുകയായിരുന്നു. ഓപ്പറേഷന്‍ കൂടാതെ മരുന്ന് കഴിച്ച് സുഖമാകുമോ എന്ന സാധ്യതപോലും ആശുപത്രി അധികൃതര്‍ പരിഗണിച്ചിരുന്നില്ല. ഇതാണ് വീഴ്ച സംഭവിച്ചു എന്ന വാദത്തിന് കാരണം. എം.ആര്‍.ഐ. സ്‌കാന്‍ പോലും എടുക്കാതെയാണ് അവര്‍ ഓപ്പറേഷന്‍ നടത്തിയതെന്നറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു. മുന്നില്‍ കിടക്കുന്നത് മനുഷ്യനാണെന്ന ഓര്‍മ്മയുണ്ടാകണം എന്നുമാത്രമാണ് ജീവിതം ഇത്രമേല്‍ ദുസഹമാക്കിയ മനുഷ്യരോട് കവിതക്ക് പറയാനുള്ളത്.
ഒരു കൈകൊടുക്കാന്‍ ആളുണ്ടെങ്കില്‍ വീണു കിടക്കുന്ന ഏതു മനുഷ്യനും എഴുന്നേല്‍ക്കാന്‍ സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് കവിത. കത്തി ജ്വലിക്കാന്‍ പാകത്തിന് ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സ് എല്ലാ മനുഷ്യരിലും ഉണ്ടാകുമെന്ന് പറയുമ്പോള്‍, ആത്മവിശ്വാസത്തിന്റെ കണ്ണുകളില്‍ ചിരി നിറയുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറാണ് അത്തരത്തില്‍ കൈത്താങ്ങായത്. കവിതക്ക് സ്വപ്നങ്ങളിലേക്കുള്ള താക്കോല്‍ കൂടെയായിരുന്നു അത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കിടക്കയില്‍ എഴുന്നേറ്റ് ഇരുന്നതും ഇപ്പോള്‍ അമ്മയുടെ സഹായത്തോടെ നടക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ആത്മവിശ്വാസത്തിന്റെ ചിറകില്‍ തന്നെയാണ്. കൈവിടാതെ കാക്കാന്‍ ആളുണ്ടെങ്കില്‍ പറക്കാന്‍ തയ്യാറായ മനസ്സ് എല്ലാവരിലുമുണ്ടെന്നാണ് കവിത സ്വന്തം ജീവിതത്തിലൂടെ പറഞ്ഞു വക്കുന്നത്.

തോല്‍ക്കാന്‍ സമയമില്ല
പഠനത്തോടൊപ്പം ജോലി സാധ്യതയുള്ള തൊഴില്‍ പഠിക്കാനുള്ള ശ്രമവും തുടങ്ങി. ഫോട്ടോഷോപ്പ് പഠിച്ചെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. ആല്‍ഫ പാലിയേറ്റീവ് കെയറാണ് അവിടെയും കവിതക്ക് വഴികാട്ടിയത്. അതിജീവനത്തിനായുള്ള നിരവധി വഴികള്‍ അവര്‍ പഠിപ്പിച്ചു. ആയിടക്കാണ് അസുഖബാധിതനായ അച്ഛന്‍ മരണപ്പെട്ടത്. അതോടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയാകെ കൈവിട്ട് പോയിരുന്നു. എത്രയും പെട്ടെന്ന് സ്ഥിരവരുമാനമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയായി. അങ്ങനെയാണ് കുട നിര്‍മ്മാണത്തിലേക്ക് വരുന്നത്.
ആല്‍ഫയിലെ ഫിസിയോ തെറാപ്പിസ്റ്റായ അജീഷും സഹപ്രവര്‍ത്തകരും പൂര്‍ണ്ണ പിന്തുണയുമായി കൂടെനിന്നു. ഒപ്പം സുഹൃത്തായ സജീവിന്റെ കരുതലും ആയതോടെ പ്രതിസന്ധികള്‍ മഞ്ഞു പോലെ ഉരുകി. മണിക്കൂറുകള്‍ കൊണ്ട് മനോഹരമായ കുടകള്‍ കവിതയുടെ കൈകളിലൂടെ വിരിഞ്ഞു. ആദ്യമൊക്കെ എഴുന്നേറ്റ് ഇരിക്കുമ്പോള്‍ ജീവന്‍ പോകുന്ന വേദനയായിരുന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിരി മായതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ മണിക്കൂറുകളോളം എഴുന്നേറ്റ് ഇരുന്ന് ജോലി ചെയ്യാനും പഠിക്കാനും സാധിക്കുന്നുണ്ട്.
നിര്‍മ്മാണത്തേക്കാള്‍ പ്രയാസം നേരിടേണ്ടി വന്നത് വില്‍പ്പനയില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആദ്യമൊക്കെ വില്‍പ്പന നടന്നിരുന്നത്. എന്നാല്‍ അത് കാര്യക്ഷമമല്ല എന്ന തിരിച്ചറിവില്‍നിന്നാണ് മറ്റു സാധ്യതകള്‍ ആലോചിക്കാന്‍ തുടങ്ങിയത്. ആ ഇടക്കാണ് പഞ്ചായത്തില്‍നിന്നു നാലുചക്ര സ്‌കൂട്ടി ലഭിച്ചത്. ആദ്യം വലിയ സന്തോഷമായെങ്കിലും സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാതെ എങ്ങനെ ഓടിക്കും എന്ന ചിന്ത വല്ലാതെ അലട്ടി. നിസ്സഹായമായി ഇരിക്കുമ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദാലി സഹായിക്കാന്‍ എത്തുന്നത്. അദ്ദേഹമാണ് മുന്നോട്ട് നോക്കി ധൈര്യത്തോടെ റോഡിലൂടെ സ്‌കൂട്ടി ഓടിക്കാന്‍ പഠിപ്പിച്ചത്. വളരെ വേഗംതന്നെ സ്വന്തമായി എത്ര ദൂരം വേണമെങ്കിലും വണ്ടി ഓടിച്ചു പോകാവുന്ന സ്ഥിതിയിലേക്കും എത്തി.

അപ്രതീക്ഷിതമായി വന്ന കൊറോണ സര്‍വ്വമേഖലയും തകര്‍ത്തതുപോലെ കവിതയുടെ കുടകളെയും നിശ്ചലമാക്കി. സ്‌കൂള്‍ തുറക്കുമ്പോഴേക്കും വില്‍പ്പനക്ക് തയ്യാറാക്കി വച്ച നൂറുകണക്കിന് കുടകള്‍ ഇപ്പോള്‍ പൊടി പിടിക്കാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം നിത്യജീവിതത്തിന്റെ മുന്നോട്ടു പോക്കും ഏറെ പ്രയാസത്തിലാണ്. എങ്കിലും ഒരടിപോലും പുറകോട്ട് പോകാതെ ആത്മവിശ്വാസത്തോടെ പുതിയ കുടകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് അവര്‍. സ്വപ്നങ്ങള്‍ നെയ്ത തന്റെ കുടകള്‍ വാങ്ങാന്‍ ആളുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പുലരിയേയും കവിത വരവേല്‍ക്കുന്നത്.
കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികള്‍ക്ക് ശേഷം വലിയ ഒരു സ്വപ്നമുണ്ട് കവിതക്ക്. തന്നെ പോലെ പ്രയാസം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏതെങ്കിലും ഒരു തൊഴില്‍ അവരെ പഠിപ്പിക്കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെക്കൂടെ കൈപിടിച്ചു കൊണ്ടുവരണം. അങ്ങനെ ജീവിതം അവസാനിച്ചുവെന്നു കരുതിയ മനുഷ്യരുടെ മനസ്സില്‍ പറക്കാനുള്ള ഇന്ധനം നിറക്കണം. നിറഞ്ഞ ചിരിയോടെ മനുഷ്യനെന്നാല്‍ മനസ്സുകൂടെയാണെന്ന് ഒരിക്കല്‍ കൂടെ പറഞ്ഞാണ് കവിത വാക്കുകള്‍ അവസാനിപ്പിച്ചത്.
Content Highlights: Strong will ease your survival, says Kavitha | Athijeevanam 47


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..