-
അഞ്ചായത്തോടില്നിന്ന് വെള്ളാരംകല്ലുകള്‍ പെറുക്കി എടുക്കുമ്പോള്‍ ശ്രീധരന്‍ രോഷം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. സഞ്ചി നിറയെ കല്ലുകള്‍ പെറുക്കി നേരെ പോയത് കൃഷിയിടത്തിലേക്കാണ്. കോട്ടൂരില്‍നിന്ന് വാങ്ങിയ വെടിമരുന്ന് നേരത്തെ തന്നെ മഴ കൊള്ളാത്ത രീതിയില്‍ പാറക്കെട്ടിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്രയും വേഗം ആവുന്നത്ര കെണിപ്പടക്കം ഉണ്ടാക്കണം.
തലേദിവസം കാടിറങ്ങി വന്ന പന്നിക്കൂട്ടങ്ങള്‍ നശിപ്പിച്ച കപ്പക്കൃഷി കാണുമ്പോള്‍ അത്രമേല്‍ നെഞ്ചു പൊട്ടുന്ന വേദനയായിരുന്നു. മാസങ്ങളുടെ അധ്വാനമാണ് ഒറ്റ രാത്രികൊണ്ട് കാട്ടുപന്നികള്‍ ഇല്ലാതാക്കിയത്. വരാനിരിക്കുന്ന മഴക്കാലത്തേക്ക് കൂടിയുള്ള കരുതലായിരുന്നു ഇല്ലാതായത്.
ഇതിന് മുമ്പും ആനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ഇറങ്ങി അധ്വാനത്തിന്റെ വലിയ പങ്കും പലപ്പോഴായി നശിപ്പിച്ചിട്ടുണ്ട്. കാട് അവരുടേതു കൂടിയാണെന്ന് കാരണവന്മാര്‍ പറഞ്ഞത് അപ്പോഴൊക്കെ മനസ്സില്‍ ഓര്‍ത്ത് എല്ലാം സഹിക്കും. എന്നാല്‍ പാതി കത്തിയെരിയുന്ന വയറുമായി രാപ്പകല്‍ അധ്വാനിച്ച് ഉണ്ടാക്കിയ കൃഷി മുച്ചൂടും ഇല്ലാതായപ്പോള്‍ സഹിക്കാവുന്നതിലും വലുതായിരുന്നു ആ വേദന.
ഒട്ടും വൈകാതെ മലയിറങ്ങി കോട്ടൂരില്‍ പോയി വെടിമരുന്ന് വാങ്ങി. കൃഷിഭൂമിയിലേക്കുള്ള മൃഗങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചു. പണ്ടൊക്കെ കൂട്ടം ചേര്‍ന്ന് കൃഷി ചെയ്യുന്ന സമയത്ത് പലപ്പോഴും പന്നികളെ തുരത്താനായി വ്യാപകമായി കെണിപ്പടക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. അന്നത്തെ ഏകദേശ ധാരണ വച്ച് വെള്ളാരം കല്ലും വെടിമരുന്നും കൊണ്ട് ഒരു വിധം കെണിപ്പടക്കം ഉണ്ടാക്കി എടുക്കാനുള്ള ശ്രമം തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിന്റെ അരികിലിരുന്ന് തന്നെയാണ് ഉണ്ടാക്കുന്നത്.
സന്ധ്യ ആയാല്‍ കാട്ടില്‍ ഇരുട്ട് പരക്കും. വന്‍ മരങ്ങള്‍ക്ക് ഇടയിലൂടെ ഇറങ്ങി വരുന്ന ചെറിയ നിലാവെളിച്ചമാണ് പിന്നെ ഉണ്ടാവുക. അതിന്റെ മറപറ്റി പന്നിക്കൂട്ടങ്ങള്‍ ഇരച്ചു വരും അവശേഷിക്കുന്ന കൃഷിയും നശിപ്പിക്കും. അതിന് മുമ്പേ പടക്കം തയ്യാറാക്കണം. അവയെ ഇനി വരാത്ത വിധം തുരത്തി ഓടിക്കണം ശ്രീധരന്‍ മനസ്സില്‍ ഉറപ്പിച്ചു.
അത്രയും കാലത്തെ അധ്വാനത്തെ നശിപ്പിച്ച പന്നിക്കൂട്ടങ്ങളെ ഓര്‍ത്ത് ദേഷ്യം ഇരച്ചു കയറി. പടക്കം ഉണ്ടാക്കുന്നതിനിടക്ക് ശ്രദ്ധമാറി വെടിമരുന്നില്‍ വച്ചു കെട്ടിയ കല്ലുകള്‍ പരസ്പരം ഉരഞ്ഞു. തൊട്ടടുത്ത നിമിഷം ഉരഞ്ഞ കല്ലുകളില്‍ നിന്നും തീപ്പൊരി വെടിമരുന്നിലേക്ക് പടര്‍ന്നു പിടിച്ചു. പിന്നീട് വലിയൊരു തീഗോളം കണ്ണിലേക്ക് ഇരച്ചു കയറിയതേ ഓര്‍മ്മയുള്ളൂ.

ഒടുവില്‍ തോല്‍ക്കാന്‍ ശ്രമിക്കുന്നതിലും എത്രയോ എളുപ്പമാണ് ജീവിക്കാന്‍ തീരുമാനിക്കുന്നത് എന്ന യാഥാര്‍ഥ്യം അദ്ദേഹം തിരിച്ചറിയുകയായിരുന്നു. എത്രയും വേഗം കൃഷിയിലേക്ക് തിരികെ വരണമെന്ന അതിയായ ആഗ്രഹം പുതിയ ചിന്തകള്‍ക്കാണ് വഴി വച്ചത്. ഇന്ന് ആ ചിന്തകള്‍ രണ്ട് ഏക്കറോളം സ്ഥലത്ത് കപ്പയും കുരുമുളകും പലതരം പച്ചക്കറികളായും പൂത്ത് തളിര്‍ത്ത് നില്‍ക്കുന്നുണ്ട്.
കൈകള്‍ ഇല്ലാത്ത മനുഷ്യന്‍ കാടിനുള്ളില്‍ നിര്‍മ്മിച്ചത് വിസ്മയമാണ്. മഹാമന്ത്രികനെ പോലെ വിശ്രമമില്ലാതെ അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ തോറ്റു വീണുപോയെന്ന് കരുതുന്നവര്‍ ഒരിക്കലെങ്കിലും അവിടുത്തെ കാടിനോരത്ത് വന്ന് ഒരല്‍പ്പം സമയമെങ്കിലും നില്‍ക്കണം. അത്രമേല്‍ അവിടുത്തെ കാറ്റിന് പോലും ഉയര്‍ത്തെഴുന്നേല്‍പിന്റെ ഗന്ധമുണ്ട്.
കാടും ബാല്യവും
തിരുവനന്തപുരത്തെ പേപ്പാറ വനമേഖലയിലുള്ള കൊച്ചു കുടിലിലാണ് ശ്രീധരന്‍ സരസ്വതിയുടെയും വിശ്വനാഥന്റെയും മൂന്ന് മക്കളില്‍ മൂത്തവനായി ജനിക്കുന്നത്. ചീവീടുകളുടെ ചിറകടിച്ചുള്ള മൂളല്‍ കേട്ട് ഉറങ്ങുകയും മയിലുകളുടെയും മലയണ്ണാന്റെയും ശബ്ദം കേട്ട് ഉണരുകയും ചെയ്തിരുന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.
ഏറ്റവും അടുത്ത സുഹൃത്ത് ചുറ്റുമുള്ള കാടായിരുന്നു. വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളെ അന്ന് സമീപവാസികളായി ഉണ്ടായിരുന്നുള്ളു. സമപ്രായക്കാര്‍ ആരും വിദ്യാലയങ്ങളില്‍ പോകാത്തതിനാല്‍ ശ്രീധരനും അത്തരം ചിന്തയേ ഇല്ലായിരുന്നു. തുച്ഛമായ വരുമാനം കൊണ്ട് ജീവിച്ചിരുന്ന കുടുംബത്തിന് കിലോ മീറ്ററുകള്‍ക്കപ്പുറത്തെ വിദ്യാലയത്തില്‍ ശ്രീധരനെ എത്തിക്കാനുമായില്ല.
പത്തു വയസ്സുമുതല്‍ കാടാണ് പാഠശാല. തേന്‍ ശേഖരിക്കാനാണ് അച്ഛന്റെ കൂടെ ഉള്‍ക്കാടുകളിലേക്ക് ആദ്യമായി പോയത്. തേനീച്ചക്കൂടുകള്‍ ഉള്ള സ്ഥലത്ത് എത്തിയാല്‍ ശ്രീധരനെ ഒരല്‍പ്പം മാറ്റി നിര്‍ത്തിയ ശേഷം അച്ഛനാണ് മരത്തിലേക്ക് കയറുക. വളരെ ശ്രദ്ധയോടു കൂടിയാണ് തേന്‍ ശേഖരിക്കേണ്ടത്. ചെറിയ അശ്രദ്ധ പോലും അപകടം ഉണ്ടാക്കും. വലിയ മരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന തേനീച്ചകളുടെ സാമ്രാജ്യത്തില്‍നിന്ന് തേന്‍ എടുക്കുന്നത് അത്രമേല്‍ അപകടം പിടിച്ച പണിയാണ്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുശ്രീധരന്‍ എല്ലാം കണ്ടു പഠിച്ചു. അച്ഛനെ കൂടാതെ ഒറ്റക്ക് തേന്‍ എടുക്കാനുള്ള ധൈര്യവും സംഭരിച്ചു. എന്നാല്‍ തേന്‍ ശേഖരിച്ച് മരത്തില്‍നിന്നും ഇറങ്ങുന്നതിനിടെ തേനീച്ചയുടെ ആക്രമണം ഉണ്ടായി. ഒന്നിലേറെ സ്ഥലത്ത് തേനീച്ചയുടെ കുത്തേറ്റു.

എങ്കിലും തോറ്റു പിന്മാറാതെ പ്രതിരോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓടിപ്പോയി നൂലി ഇലയുടെ ചാറെടുത്ത് കുത്തേറ്റ ഭാഗത്ത് തേച്ചു. നൂലി ഇലയുടെ ചാറിന് നീരുവരാതെ ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന പാഠവും അച്ഛന്‍ പകര്‍ന്ന് കൊടുത്തതാണ്.
ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തേന്‍ എടുക്കാന്‍ കാടു കയറി. അതൊരു സമ്പൂര്‍ണ്ണ വിജയമായിരുന്നു. ഒപ്പം തന്നാലാവുന്ന രീതിയില്‍ അച്ഛനെ കൃഷിയിലും സഹായിച്ചു. വൈകാതെ തന്നെ സഹോദരങ്ങള്‍ക്ക് വിദ്യാലയത്തില്‍ പോകാനുള്ള സാധ്യത ഒരുങ്ങി. തനിക്ക് ലഭ്യമാകാത്ത വിദ്യാഭ്യാസം അവര്‍ക്ക് കിട്ടുന്നതില്‍ പൂര്‍ണ്ണ സന്തോഷവാനായിരുന്നു അദ്ദേഹം. ഓരോ ദിവസവും കാടറിവുകളുടെ പുതിയ പാഠങ്ങള്‍ മനഃപാഠമാക്കുന്നതിലായിരുന്നു ശ്രീധരന്റെ സന്തോഷം.

കാടും ജീവിതവും
കാടിനൊപ്പം ശ്രീധരനും ഉണരുന്നതാണ് പതിവ്. വന്‍മരങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചെത്തുന്നതിന് മുമ്പേ കാടു കയറും. കാട്ടുകിഴങ്ങുകളും തേനും ശേഖരിച്ച് ഉച്ചയോടെ മടങ്ങി വരും. ഇരുട്ടു മൂടിയാല്‍ കാട് മറ്റൊരു രൂപത്തിലേക്ക് മാറുമെന്ന് ശ്രീധരന് നന്നായി അറിയാം. അതുകൊണ്ട് ഇരുട്ടുംവരെ കാട്ടില്‍ നില്‍ക്കാറില്ല.
ആവശ്യമുള്ളത് മാത്രം ശേഖരിച്ച് അതിവേഗം മടങ്ങി വരും. ഏതാനും വര്‍ഷങ്ങള്‍ക്ക് ഒറ്റയാന്‍ ഓടിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ ഒറ്റപ്പെട്ടു പോയതോര്‍ക്കുമ്പോള്‍ ഇന്നും ശ്രീധരന്റെ കണ്ണില്‍ ഇരുട്ട് കയറും. ആ ദിവസവും അന്നു പഠിച്ച പാഠങ്ങളും ഇന്നും മായാതെയുണ്ട്.
ആവശ്യത്തിനുള്ള തേന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നെങ്കിലും കുറേ കൂടി എടുക്കാം എന്ന് കരുതി ഇരുന്ന് സമയം പോയത് അറിഞ്ഞില്ല. പെട്ടന്നായിരുന്നു മഴമേഘങ്ങള്‍ വന്നു മൂടി സൂര്യനെ മറച്ചത്. കാടിനുള്ളില്‍ കൂരിരുട്ട് പടര്‍ന്ന് പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ കാട് നിശബ്ദമായി. പൊടുന്നനെ ചുറ്റിലും ചീവീടുകളുടെ ശബ്ദം കനത്തു വന്നു.
ചീവീടുകളുടെ ശബ്ദത്തിന് ഭയപ്പെടുത്താനും ആകുമെന്ന് അന്നാണ് ശ്രീധരന്‍ തിരിച്ചറിഞ്ഞത്. നോക്കിയിരിക്കെ തുള്ളിക്കൊരു കുടം എന്ന കണക്കെ മഴ മണ്ണിലേക്ക് പതിച്ചു. ആകാശം പൊട്ടി വീഴുന്നത് പോലെ ആയിരുന്നത്രെ അന്ന് അനുഭവപ്പെട്ടത്. ഒരു വിധം മരത്തില്‍നിന്നും ഇറങ്ങി. തേന്‍ ശേഖരിച്ച കന്നാസ് പാറകള്‍ക്കിടയില്‍ ഭദ്രമാക്കി. മഴ വാശിയോടെ മണിക്കൂറുകള്‍ നിന്നു പെയ്തു.
മഴയ്ക്ക് ചെറുതായി ഒന്ന് ശമനം വന്നപ്പോള്‍ പതിയെ വീട് ലക്ഷ്യമാക്കി നടന്നു. അപ്പോഴും കാടകങ്ങളിലെ ഇരുട്ട് അതുപോലെ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് കുറച്ചകലെ നിന്നും വള്ളിപ്പടര്‍പ്പുകള്‍ ഇളകിയാടുന്നത് ശ്രദ്ധയില്‍ പെട്ടത്. പൊടുന്നനെ തന്നെ മറ നീക്കി ഭീകരരൂപത്തോടെ അത് പുറത്തേക്ക് കുതിച്ചു.
ഇത്രയും കാലം ഭയപ്പെട്ട ഒറ്റയാന്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു. ഓടാന്‍ പോലും കഴിയാതെ പകച്ചു നിന്നു. ശ്രീധരനെ കണ്ടതോടെ ആനയുടെ ക്രൗര്യം പതിന്മടങ്ങായി. കാട് ഞെട്ടിവിറക്കുന്ന വലിയ അലര്‍ച്ചയോടെ അദ്ദേഹത്തിന് നേരെ ആന തിരിഞ്ഞു നിന്നു. ഉള്ള ധൈര്യം എല്ലാം സംഭരിച്ച് എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. ഏറെ ദൂരം പിന്തുടര്‍ന്നെങ്കിലും വഴിയില്‍ എവിടെയോ വച്ച് ആന പിന്‍വാങ്ങി. ഏറെ നേരം അവിടെ തന്നെ നിന്നിട്ടാണ് പതിയെ കാടിറങ്ങിയത്. കാരണവന്മാരുടെ പ്രാര്‍ത്ഥനയാണ് തന്നെ രക്ഷിച്ചതെന്ന് പറഞ്ഞ് ശ്രീധരന്‍ ദീര്‍ഘനിശ്വാസം വിട്ടു.
കാടിനോടും മണ്ണിനോടും മല്ലിട്ട് കാലങ്ങള്‍ കടന്നു പോയി. സിന്ധു ഭാര്യയായി വന്നു. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കുമ്പിടിയിലേക്ക് വീടുമാറി. ഉള്ളതുകൊണ്ട് ചെറിയ ഒരു വീടുവച്ചു. അടച്ചുറപ്പുള്ള വാതിലും ജനലും ഇനിയും വാക്കാനുണ്ട്. മക്കളായി സീതാലക്ഷ്മിയും ശ്രീരാജും വന്നു. വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലത്ത് മണ്ണ് പൊന്നാക്കും വിധം അധ്വാനിച്ചു. കാടുകയറി പഴയ പോലെ തേന്‍ ശേഖരിക്കാനും പോയിക്കൊണ്ടിരുന്നു. കുടുംബത്തിന്റെ വയറു നിറയ്ക്കാന്‍ അത് മതിയായിരുന്നു.

പ്രകൃതിയും മനുഷ്യനും
വാലിപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ കാട്ടിലൂടെ കിലോ മീറ്ററുകള്‍ ഉള്ളിലേക്ക് പോകണം പിന്നെയും. അഞ്ചായത്തോട് മുറിച്ചു കടന്നാല്‍ പിന്നെ സാങ്കല്‍പ്പിക റോഡാണ്. മുപ്പത്തിരണ്ടോളം വീടുകള്‍ ഉണ്ട് അവിടെ. കിലോ മീറ്ററുകള്‍ പോകണം അവശ്യ സാധനങ്ങള്‍ കിട്ടുന്ന കോട്ടൂര്‍ ചന്തയില്‍ എത്താന്‍. വിഭവങ്ങള്‍ വില്‍ക്കുന്നതും അവിടെ തന്നെയാണ്. പണ്ടൊക്കെ നടന്നായിരുന്നു ഇത്രയും ദൂരം പോയിരുന്നത്. ഇപ്പോള്‍ ഏകദേശം വീടുവരെ ജീപ്പ് ഓടി എത്തുന്നുണ്ട്.
പൊന്നു വിളയുന്ന മണ്ണായതിനാല്‍ വാഴയും കപ്പയുമായി കൂടുതല്‍ കൃഷി ചെയ്തു തുടങ്ങി. ആ ഇടയ്ക്കാണ് ഒറ്റക്കെത്തിയിരുന്ന പന്നികള്‍ കൂട്ടമായി വന്ന് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്. ഉറക്കമൊഴിച്ചിരുന്ന് പാത്രം കൊട്ടിയും ചെറിയ പടക്കമെറിഞ്ഞും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഫലം കണ്ടില്ല.
എന്തു ചെയ്യും എന്ന് ആലോചിച്ചു നിസ്സഹായനായി തളര്‍ന്ന് ഉറങ്ങി പോയ ഒരു രാത്രിയിലാണ് പന്നികള്‍ വീണ്ടും കൂട്ടമായി കൃഷിയിടത്തിലേക്ക് വന്നത്. ഇരച്ചു കയറി വന്ന അവ നിമിഷ നേരം കൊണ്ട് വിളഞ്ഞു നില്‍ക്കുന്ന സര്‍വ്വതും നശിപ്പിച്ചു. നീണ്ട കാലത്തെ അധ്വാനം തകര്‍ത്തെറിഞ്ഞ് ഉള്‍ക്കാട്ടിലേക്ക് ഊളിയിടുകയായിരുന്നു.
വിശപ്പടക്കാന്‍ ഇലപോലും ബാക്കിയാക്കാതെ നശിപ്പിച്ച പന്നികളോട് ശ്രീധന്റെ ഉള്ളില്‍ രോഷം അണപൊട്ടി. അങ്ങനെയാണ് കെണിപ്പടക്കം ഉണ്ടാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കാലം അവിടെയും അദ്ദേഹത്തെ തോല്‍പ്പിച്ചു. നിര്‍മ്മാണത്തിനിടക്ക് കയ്യില്‍ ഇരുന്ന് പൊട്ടിയ പടക്കം ഇരു കൈകളും നഷ്ടമാക്കി. ബോധം തെളിഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ്. കൈപ്പത്തികള്‍ എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറത്തായിരുന്നു. 20 ദിവസത്തോളം വെന്തു നീറുന്ന മനസ്സുമായി അവിടെ തന്നെ കഴിഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞ് മലകയറി വീട്ടിലെത്തിയപ്പോള്‍ കാടുപോലും ആ കാഴ്ചക്ക് മുന്നില്‍ നിശ്ചലമായിരുന്നു. കണ്ണുനീര്‍ തുടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടി വന്നു. മലയില്‍നിന്ന് അരിച്ചു വന്ന കോടമഞ്ഞ് അന്നാദ്യമായി ശ്രീധരനെ തണുപ്പിച്ചില്ല. മാസങ്ങള്‍ കടന്നു പോയി. ഭാര്യ സിന്ധുവിന്റെ രാപ്പകല്‍ അധ്വാനം കൊണ്ട് പട്ടിണിയില്ലാതെ അരവയറുമായി ജീവിക്കാന്‍ സാധിച്ചു. മരിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണമെന്ന തിരിച്ചറിവ് അതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
ഒടുവില്‍ ജീവിക്കണം എന്നുതന്നെ തീരുമാനിച്ചു. ഇക്കാലമത്രയും വന്നു ചേര്‍ന്ന പ്രതിസന്ധിയെ തനിക്ക് അനുകൂലമാക്കി ചിന്തിക്കാന്‍ ശ്രമിച്ചു. മാസങ്ങള്‍ക്ക് ശേഷം മണ്ണിലേക്ക് ഇറങ്ങി. ചുറ്റും കണ്ണോടിച്ചു. കാടും കൃഷിഭൂമിയും തനിക്കായി കാത്തു നില്‍ക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ വറ്റാത്ത പ്രതീക്ഷയുണ്ടായിരുന്നു.

പ്രകൃതിനിയമം
തിരിച്ചുവരാന്‍ വേണ്ടിയുള്ള അതിയായ ആഗ്രഹം പുതിയ ചിന്തകള്‍ക്കാണ് തിരി കൊളുത്തിയത്. ആദ്യമായി മനസ്സിനെ പാകപ്പെടുത്തി. പിന്നീട് ഇതുവരെ ഉപയോഗിച്ച പണി ആയുധങ്ങള്‍ തനിക്ക് ഉപയോഗിക്കാന്‍ പാകത്തിന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കാടിനുള്ളിലെ കൊച്ചുവീട്ടില്‍ ഇരുന്ന് മനസ്സില്‍ അദ്ദേഹം കണ്ട പണി ആയുധങ്ങള്‍ക്ക് മക്കള്‍ പെന്‍സില്‍ കൊണ്ട് ജീവന്‍ നല്‍കി. മരുന്നിനും മറ്റുമായി കരുതി വച്ച അവസാന ചില്ലറത്തുട്ടുകളുമായി മകനോടൊപ്പം കാടിറങ്ങി. കവലയിലെ വെല്‍ഡിങ് വര്‍ക് ഷോപ്പില്‍നിന്ന് എല്ലാ പണിയായുധങ്ങള്‍ക്കും പ്രത്യേക പിടി വെപ്പിച്ചു.
പിറ്റേന്നു അതിരാവിലെ തന്നെ നിറഞ്ഞ മനസ്സോടെ വീണ്ടും മണ്ണിലേക്കിറങ്ങി. എന്നാല്‍ നിരാശയായിരുന്നു ഫലം. കാരണം ഉണ്ടാക്കി കൊണ്ടുവന്ന ആയുധങ്ങള്‍ ഒന്നും കരുതിയ പോലെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തളര്‍ന്ന മനസ്സുമായി കുറെ നേരം മണ്ണില്‍ ഇരുന്നു. പക്ഷെ ഉള്‍ക്കാടുകളില്‍നിന്നു വീശി അടിച്ചു വരുന്ന ഓരോ കാറ്റിലും തോല്‍ക്കരുതെന്ന് ആരൊക്കെയോ പറയുന്നത് പോലെ തോന്നി. പതിയെ എഴുന്നേറ്റ് വീണ്ടും ശ്രമിച്ചു. ആ ശ്രമം ആഴ്ചകളോളം തുടര്‍ന്നു. കൈകള്‍ ഉണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ച അതേ വേഗതയിലും അനായാസമായും ഇപ്പോള്‍ ആയുധങ്ങളും ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്.
വാഴയും കപ്പയും കാച്ചിലും കുരുമുളകും അപൂര്‍വ്വ ഇനം ഔഷധസസ്യങ്ങളുമായി രണ്ടേക്കര്‍ ഇന്ന് ഫലഭൂയിഷ്ഠമാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു കൃഷിയിടത്തെ സംരക്ഷിക്കാനായി ചുറ്റിലും മുള കൊണ്ട് വേലിയും കെട്ടിയിട്ടുണ്ട്. ഇനി ഒരിക്കലും മൃഗങ്ങള്‍ക്കായി കെണിപ്പടക്കം ഉണ്ടാക്കില്ല എന്നു പറയുമ്പോള്‍ അറ്റു പോയ കൈകള്‍ നെഞ്ചോട് ചേര്‍ക്കുന്നുണ്ടായിരുന്നു.
ഇനി ഒരു അപകടം ഉണ്ടാവാതിരിക്കാനല്ല കെണിപ്പടക്കം ഉണ്ടാക്കില്ലെന്ന് തീരുമാനിച്ചത്. അതിന്റെ വേദന എത്ര മാത്രമാണെന്ന് മനസ്സിലാക്കിയ ബോധ്യത്തില്‍നിന്നെടുത്ത തീരുമാനമാണത്. മൃഗങ്ങളുടേതും പക്ഷികളുടേതും സൂക്ഷ്മജീവികളുടേതും കൂടിയാണ് ഈ മണ്ണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വേട്ടയാടലും കീഴടക്കലും മാത്രമല്ല പ്രകൃതിനിയമമെന്നാണ് ശ്രീധരന്‍ ഉറച്ചു പറയുന്നത്.
content highlights: story of thiruvananthapuram native sreedharan who lost both hands while making crackers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..