സൂസൻ- ജീവിതത്തിന്റെ പല കാലങ്ങളിൽ.
'തീപ്പൊള്ളലേറ്റ മുഖം പഞ്ഞികൊണ്ട് പൊതിഞ്ഞു കെട്ടിവച്ചതായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മുറിവില്‍നിന്ന് പഞ്ഞി എടുത്തപ്പോള്‍ ശരീരമാകെ വെന്ത് അഴുകിയിരുന്നു. രണ്ട് ദ്വാരം മാത്രമാണ് മൂക്കിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഒരു വിരലിന് പകരം നാലുവിരലുകളും മുറിച്ചു മാറ്റി. മനുഷ്യശരീരത്തിന് എത്രമാത്രം വേദന സഹിക്കാന്‍ കഴിയും എന്നതിനുള്ള ഉദാഹരണമാണ് ബാക്കിയായ ഞാന്‍. എല്ലാ വേദനകളേയും അതിജയിക്കാനുള്ള മനസ്സ് മനുഷ്യനുണ്ടെന്നാണ് അനുഭവംകൊണ്ട് എനിക്ക് പറയാനുള്ളത്.'
തീപ്പൊള്ളലേറ്റ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ ഇപ്പോഴും കത്തിയാളുന്ന അഗ്‌നിഗോളം സുസന്റെ കണ്ണുകളിലുണ്ട്. അവിചാരിതമായി ശരീരത്തിലേക്ക് പടര്‍ന്ന തീ കരിച്ചു കളഞ്ഞത് എണ്ണമറ്റ സ്വപ്‌നങ്ങളെ കൂടെയാണ്. ചുട്ടുപൊള്ളുന്ന വേദന ശമിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. മൂന്ന് തവണ മരണത്തിന്റെ വക്കോളമെത്തി. അവിടെനിന്നാണ് സൂസന്‍ തിരിച്ചു വരുന്നത്. ഗുരുതരമായ തീപ്പൊള്ളലിനെ അതിജീവിച്ചുവന്ന സൂസന്‍ തോമസിന്റെ അസാമാന്യ ജീവിത കഥയാണിത്.
അപകടങ്ങളുടെ ചൂടേറ്റ് തളര്‍ന്നു പോയവര്‍ക്ക് നിവര്‍ന്നു നില്‍ക്കാനുള്ള മരുന്ന് ആ ജീവിതവഴികളില്‍ എമ്പാടുമുണ്ട്. വീണു പോയെന്ന് ലോകം പറഞ്ഞപ്പോഴും ജ്വലിച്ചു നില്‍ക്കാനാണ് മരണവേദനയുടെ കിടക്കയിലും സൂസന്‍ ശ്രമിച്ചത്. ആ മനസ്സാണ് സ്വപ്നതുല്യമായ മറ്റൊരു ജീവിതത്തിലേക്ക് നയിച്ചത്. തീ പടര്‍ന്ന ശരീരത്തിനും ജ്വലിച്ചു നില്‍ക്കുന്ന മനസ്സിനും ഇടയില്‍ സൂസന്‍ പറയുന്നത് ജീവിതം പൊരുതി മുന്നേറാനുള്ളതാണെന്നാണ്.
കണ്ണീരില്‍ എഴുതിയ അക്ഷരങ്ങള്‍

ഇടുക്കിയുടെ മലയോരഗ്രാമമായ അട്ടപ്പള്ളത്തെ കൊച്ചുവീട്ടിലാണ് സൂസന്‍ ജനിച്ചു വളര്‍ന്നത്. കുരിശുമലയില്‍നിന്ന് ഒഴുകിവരുന്ന കോടമഞ്ഞിന്റെ തണുപ്പേറ്റാണ് പിച്ചവച്ചു തുടങ്ങിയതും കാലുറപ്പിച്ചതും. ഗ്രാമത്തിന്റെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. പ്രതികൂല കാലാവസ്ഥയും കാട്ടുപന്നികളുടെ അക്രമണങ്ങളും കാരണം വിളനഷ്ടം നിത്യസംഭവമാണ്. മിക്ക വീടുകളിലും പട്ടിണി ശീലമായിരുന്നു. സൂസന്റെ കുട്ടിക്കാലവും അതില്‍നിന്ന് ഒട്ടും വിഭിന്നമല്ല. എണ്ണമറ്റ പ്രതിസന്ധികളിലൂടെയാണ് സൂസന്‍ വളര്‍ന്നു വന്നത്.
അന്നമ്മയുടെയും തോമസിന്റെയും ആറു മക്കളില്‍ അവസാനത്തെ കുട്ടിയാണ് സൂസന്‍. കര്‍ഷകനായ തോമസിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അര്‍ദ്ധപട്ടിണിയിലും സമ്പന്നമായുള്ളത് പരസ്പരം പങ്കുവച്ചിരുന്ന സ്‌നേഹമായിരുന്നു. അതുകൊണ്ടാകണം ഓര്‍ത്തെടുക്കുമ്പോള്‍ സൂസന്റെ കണ്ണുകളില്‍ നനവ് പടരുന്നത്. മിക്ക ദിവസങ്ങളിലും വിശപ്പ് മാറ്റാന്‍ കപ്പയും മാങ്ങയും മാത്രമേ ഉണ്ടാകു. ഒരിക്കല്‍ വിശപ്പ് സഹിക്കാന്‍ വയ്യാതെ തകടിപ്പുറംപറമ്പില്‍നിന്ന് കാച്ചില്‍ കൊണ്ടുവന്ന് കഴിച്ചത് ഇന്നും സൂസന്റെ ഓര്‍മ്മകളിലുണ്ട്.
കുമളിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മൂന്ന് കിലോ മീറ്ററോളം നടന്നു വേണം വിദ്യാലയത്തിലെത്താന്‍. ഒറ്റ നോട്ടുപുസ്തകമാണ് പത്താം തരത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ എഴുതുമ്പോള്‍ ഉള്ളു നീറുന്ന വേദനയോടെ കേട്ടിരിക്കാനേ സാധിച്ചിട്ടുള്ളു. മനസ്സില്‍ കണ്ണീരുകൊണ്ട് എഴുതിയ അക്ഷരങ്ങളാണ് പരീക്ഷക്ക് പകര്‍ത്തിയത്. സങ്കടത്തില്‍ കുതിര്‍ന്ന് നഷ്ടമായത് വലിയ സ്വപ്നങ്ങളാണ്.
യൂണിഫോമായി ആകെ ഉണ്ടായിരുന്നത് ഒരു പാവാടയും ഷര്‍ട്ടുമാണ്. മഴക്കാലത്ത് വീട്ടില്‍ എത്തുമ്പോഴേക്കും നനഞ്ഞ് കുതിര്‍ന്നുകാണും. പിന്നീടങ്ങോട്ട് അടുപ്പുമായുള്ള യുദ്ധമാണ്. യൂനിഫോം വിറക് അടുപ്പിലെ ചൂടില്‍ ഉണക്കി എടുക്കണം. എത്ര നേരം ചൂട് കൊള്ളിച്ചാലും നനവ് പൂര്‍ണ്ണമായും വിട്ട് മാറില്ല. അടുത്ത ദിവസവും ആ ഉടുപ്പ് തന്നെയാണ് ധരിക്കേണ്ടത്. ഈ പ്രതിസന്ധികള്‍ക്കിടയിലും അക്ഷരങ്ങളെ മാറോട് ചേര്‍ക്കാന്‍ സൂസന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കണ്ണില്‍ ഇപ്പോഴും ആ അഗ്‌നിഗോളമുണ്ട്

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പത്താം തരത്തില്‍ പഠനം നിര്‍ത്തേണ്ടി വന്നു. ചിറകരിഞ്ഞ് കൂട്ടില്‍ അകപ്പെട്ട പക്ഷിയെ പോലെയായിരുന്നു കുറെ നാള്‍. എല്ലാ സ്വപ്നങ്ങളും മനസ്സില്‍ കുഴിച്ചുമൂടി. ജീവിതമെന്ന യാഥാര്‍ഥ്യം അപ്പോഴും മുന്നില്‍ വിശന്ന് വലഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. സാധ്യമായ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കണമെന്നായിരുന്നു പിന്നീടുള്ള ചിന്ത. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ സമീപത്തെ റിസോര്‍ട്ടില്‍ ശുചീകരണ ജോലി ശരിയായി. പിന്നീട് സാധ്യമായ ജോലികള്‍ എല്ലാം ചെയ്തു.
കഷ്ടപ്പാടുകള്‍ക്ക് ഇടയിലും സന്തോഷത്തോടെ മുന്നേറുമ്പോഴാണ് ജീവിതം തകിടം മറിച്ച ദുരന്തമുണ്ടാകുന്നത്. എയ്ഞ്ചല്‍ വാലിയിലെ ധ്യാനകേന്ദ്രത്തില്‍ പതിവുപോലെ പോയതായിരുന്നു. ജപമാല ചൊല്ലി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അടുക്കളയില്‍നിന്നു ഗ്യാസിന്റെ രൂക്ഷഗന്ധം വന്നത്. പ്രേക്ഷിത വേല ചെയ്യുന്ന ജെയിംസിനൊപ്പം അടുക്കളയുടെ അകത്തേക്ക് കയറി. അടഞ്ഞു കിടന്ന സിലിണ്ടര്‍ തെറ്റിദ്ധരിച്ച് അദ്ദേഹം തുറന്നിട്ടു. അടുപ്പത്ത് ഉണ്ടായിരുന്ന മറ്റൊരു ഇരുമ്പുചട്ടിയിലേയ്ക്ക് നിമിഷനേരം കൊണ്ട് തീ പടര്‍ന്നു. മുന്നിലേക്ക് ചുവന്നു വന്ന തീഗോളം ഇപ്പോഴും സൂസന്റെ കണ്ണില്‍ ഉണ്ട്.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന ജെയിംസ് പുറത്തേക്ക് ചാടി. നിമിഷനേരം കൊണ്ട് ആളിപ്പടര്‍ന്ന തീ പുറത്തേക്കുള്ള വാതിലിലും പടര്‍ന്നു പിടിച്ചു. കത്തിയാളുന്ന അഗ്‌നിഗോളത്തിന് മുന്നില്‍ കരയാന്‍ പോലും സൂസന് സാധിച്ചിരുന്നില്ല. രക്ഷപ്പെടാനുള്ള മരണവെപ്രാളത്തിലാണ് തൊട്ടടുത്തുള്ള ജനവാതില്‍ തുറന്നത്. എന്നാല്‍ അതിന്റെ ഫലം വിപരീതമായിരുന്നു. വീശിയടിച്ചുവന്ന കാറ്റ് ജനലഴികളിലൂടെ യഥേഷ്ടം അടുക്കളയിലേക്ക് കടന്നു. വലിയ ശക്തിയില്‍ തീ ആളി പടരാന്‍ തുടങ്ങി.
പോളിസ്റ്റര്‍ ചുരിദാര്‍ ഉരുകി തുടങ്ങുന്നത് വേദനയോടെയാണ് തിരിച്ചറിഞ്ഞത്. കയ്യിലേക്ക് വന്ന തീഗോളം വിരലുകളെയും വെന്തുരുക്കി. ശരീരം പച്ചക്ക് ഉരുകുന്നത് സൂസന്‍ മനസ്സ് കൈവിടാതെ തിരിച്ചറിഞ്ഞു. ജനലഴിയിലൂടെ ദൂരെ കണ്ട കുരിശിലേക്ക് നോക്കി മനസ്സുരുകി പ്രാര്‍ത്ഥിക്കാനേ കഴിഞ്ഞുള്ളൂ. പിന്നീടെല്ലാം അവ്യക്തമായ കാഴ്ച്ചകളാണ്. ഓര്‍മ്മകളെ പോലും ക്ഷതമേല്‍പ്പിക്കാന്‍ തീഗോളങ്ങള്‍ക്ക് സാധിച്ചിരുന്നു. ലിയോ ബ്രദറാണ് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തീയണച്ച് പുറത്തേക്കെടുത്തത്. അപ്പോഴേക്കും ശരീരം വെന്തുരുകിയ രൂക്ഷഗന്ധം അവിടെമാകെ പടര്‍ന്നിരുന്നു.
മരണം വന്നത് മൂന്നു തവണ

പെരിയാര്‍ ആസ്പത്രിയിലേക്കാണ് നേരെ കൊണ്ടുപോയത്. ആ നാട് മുഴുവന്‍ അപ്പോഴേക്കും അവിടെ ഒഴുകി എത്തിയിരുന്നു. ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റതിനാല്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമായിരുന്നു. തുടര്‍ന്നാണ് പുഷ്പഗിരി ആസ്പത്രിയിലേക്ക് മാറ്റിയത്. വെന്തുരുകിയ ശരീരം മരണവേദനയാണ് ഓരോ നിമിഷവും സൂസന് കൊടുത്തത്. ഉറങ്ങാന്‍പോലും മരുന്നിന്റെ സഹായമില്ലാതെ സാധിച്ചിരുന്നില്ല. പൊതിഞ്ഞു കെട്ടിയ പഞ്ഞിക്കുള്ളിലായിരുന്നു നാല്‍പ്പത് ദിവസം ഐ.സി.യുവില്‍ കഴിഞ്ഞത്.
രക്ഷപ്പെടില്ല എന്ന് പലതവണ അവര്‍ പറയാതെ പറഞ്ഞു. എന്നാല്‍, മനസ്സ് കൈവിടാതെ ശക്തമായി തിരിച്ചു വരാനുള്ള പോരാട്ടത്തിലായിരുന്നു സൂസന്‍. മരണത്തെ മുഖാമുഖം കണ്ട സാഹചര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. ചികിത്സിച്ചിരുന്ന ഡോക്ടര്‍ അവധിയെടുത്തതോടെ എല്ലാം തകിടം മറിഞ്ഞു. ദിവസവും വൃത്തിയാക്കിയിരുന്ന മുറിവുകള്‍ ദിവസങ്ങളോളം ആരും ശ്രദ്ധിച്ചില്ല. പൊതിഞ്ഞു കെട്ടിയ പഞ്ഞിയില്‍നിന്നു വെന്തുരുകിയ ദുര്‍ഗന്ധം വരുന്നത് സൂസന്‍ അറിഞ്ഞു. ഒപ്പം പ്രാണനെടുക്കുന്ന വേദനയും.
ദിവസങ്ങള്‍ക്ക് ശേഷം പഞ്ഞി എടുത്തപ്പോള്‍ അഴുകിയ നിലയിലായിരുന്നു മൂക്കും വിരലുകളും. കണ്ണാടി നോക്കിയപ്പോഴാണ് മനസ്സിലായത് മൂക്കിന്റെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങള്‍ മാത്രമെ ബാക്കിയുള്ളു. കൈവിരലുകള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കാത്ത അവസ്ഥയിലും. ഒരു വിരല്‍ മുറിച്ചു മാറ്റാനാണ് ഓപ്പറേഷന് കയറ്റിയതെങ്കിലും നഷ്ടമായത് നാല് വിരലുകളാണ്. ഒരു മനുഷ്യശരീരത്തിന് സഹിക്കാവുന്ന വേദനയുടെ പരകോടിയില്‍ കയറി ഇറങ്ങി.
പൊള്ളലേറ്റത് ശരീരത്തിന് മാത്രമാണ്

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലെ 56 ദിവസങ്ങള്‍ നീണ്ട ചികിത്സയുടെ ഭാഗമായാണ് പുതുജീവന്‍ കിട്ടിയത്. നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ക്ക് നാമ്പ് മുളച്ചതും അവിടെനിന്നാണ്. വേദനയുടെ മഹാപര്‍വ്വങ്ങള്‍ താണ്ടി വീട്ടിലെത്തിയപ്പോള്‍ മാസങ്ങള്‍ പിന്നിട്ടിരുന്നു. തീപ്പൊള്ളലേറ്റ മുഖവും പാതിവെന്ത ശരീരവുമായി രണ്ട് വര്‍ഷമാണ് ഒറ്റമുറിയില്‍ കഴിഞ്ഞത്. വീട്ടിനുള്ളില്‍പോലും അപരിചിതമായ നോട്ടങ്ങള്‍ നേരിടേണ്ടിവന്നു. അത് കൂടുതല്‍ മുറിവേല്പിക്കാനും ഉള്‍വലിയാനും ഇടയാക്കി.
ഇത്തരം അവസ്ഥകള്‍ മനസിലാക്കിയ സഞ്ജയ് വര്‍ഗ്ഗീസ് അച്ചനാണ് പള്ളിയില്‍ വരാന്‍ നിര്‍ബന്ധിച്ചത്. സ്‌നേഹപൂര്‍വ്വമുള്ള അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ സൂസനും മനസ്സുവന്നില്ല. കണ്ണാടിയോട് ചേര്‍ത്തൊട്ടിച്ച പ്ലാസ്റ്റിക്ക് മൂക്കും വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക് ഇറങ്ങി. വല്ലാത്തൊരു ഭയമായിരുന്നു ആദ്യമൊക്കെ. ഓരോ നോട്ടങ്ങളും ഉള്ളുപൊള്ളിച്ചു. പരമകാരുണ്യവാന് മുന്നിലെത്തിയപ്പോള്‍ മനസ്സ് നീറി. ഹൃദയത്തിനുള്ളിലേക്ക് കണ്ണുനീര്‍ ആഴ്ന്നിറങ്ങി. എല്ലാം തന്റെ ദൈവത്തോട് മാത്രം പറഞ്ഞു. തിരിച്ച് പള്ളിയുടെ പടവുകള്‍ ഇറങ്ങിയത് മറ്റൊരു സൂസനായിരുന്നു.
ലോകത്തെ അഭിമുഖീകരിക്കാന്‍ പിന്നീട് ഭയപ്പെട്ടിട്ടില്ല. ജോസച്ചന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ വസ്ത്ര നിര്‍മ്മാണ കേന്ദ്രത്തിലും കുറച്ചുകാലം ജോലിചെയ്തു. അവിടെനിന്നാണ് സാന്ത്വനത്തില്‍ എത്തിയത്. ആ തണലാണ് ജീവിതത്തിന്റെ വേരുകള്‍ക്ക് കൂടുതല്‍ കരുത്തുനല്‍കിയത്. സാന്ത്വനത്തിലെ ആനി ബാബു, ഹൃദയത്തോട് ചേര്‍ത്തുവച്ച മറ്റൊരു പേരാണത്. ലോകത്തെ കൂടുതലറിയാനുള്ള വഴികള്‍ അവിടെ തുറന്നിട്ടിരുന്നു. സൂസന്റെ അവസ്ഥ മനസിലാക്കി മഠങ്ങളും വ്യക്തികളും കൂടെനിന്നു. പ്ലാസ്റ്റിക്ക് മൂക്കിന് പകരം സര്‍ജ്ജറിയിലൂടെ ജീവസ്സുറ്റ മൂക്ക് സാധ്യമായി. എണ്ണമറ്റ സര്‍ജ്ജറികള്‍ വീണ്ടും ചെയ്തു.
വീട്ടുജോലി ചെയ്തും തൊഴിലുറപ്പിന് പോയും സൂസന്‍ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങി. അഗ്‌നിബാധയേറ്റ് കരിഞ്ഞു പോയ ശരീരവും മനസ്സും കൈപ്പിടിയിലാക്കാന്‍ സാധിച്ചു. മോഡലിംഗും സംഗീതവുമായി സജീവമാണിപ്പോള്‍. സ്വന്തമായി ഒരു വീടുവക്കണം, വീണ്ടും പ്രാണന്‍ തന്ന ദൈവത്തിന്റെ സ്പര്‍ശനമേറ്റ ജറുസലേമില്‍ പോകണം. സൂസന്റെ ഹൃദയത്തില്‍ സ്വപ്നങ്ങള്‍ വീണ്ടും കൂടുകെട്ടുന്നുണ്ട്. ഇനി ഒരു അഗ്‌നിക്കും ദഹിപ്പിക്കാന്‍ സാധ്യമല്ലാത്ത വിധം കരുത്തുണ്ട് ആ പ്രതീക്ഷകള്‍ക്ക്.
Content Highlights:


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..