സുധ | ഫോട്ടോ: നിഖിൽരാജ് കെ.എൻ.
'മഴ പെയ്താൽ ഷീറ്റിനുള്ളിലൂടെ വെള്ളം ഇരച്ചുകുത്തി വരും. ഷെഡിന് മുകളിലെ ഷീറ്റൊന്നു മാറ്റിയിട്ട് കൊല്ലങ്ങളായി. കാറ്റിൽ എല്ലാം കീറിപ്പറിഞ്ഞു. ഓടയിൽ വെള്ളം കയറിയപ്പോൾ മൂന്നു തവണയാണ് കട്ടിലിന് താഴെ പാമ്പു വന്നത്. ജീവിതത്തെ എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കിപ്പോഴും അറിയില്ല.'
സുധയുടെ കവിളിലൂടെ കണ്ണുനീരപ്പോൾ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു. ചെളിയിൽ ആഴ്ന്നുപോയ ദ്രവിച്ച കട്ടിലിന് മുകളിലേക്ക് വീണ് വേദനയുടെ തുള്ളികൾ അപ്രത്യക്ഷമായി. കണ്ണുനീർ അത്രമേൽ ശീലമായതു കൊണ്ടാകണം ആ മണ്ണിനും ഭാവഭേദം ഏതുമില്ലായിരുന്നു. ഓരോ വാഹനം കടന്നു പോകുമ്പോഴും ഷെഡ്ഡ് മൊത്തം വിറക്കുന്നുണ്ട്. പഴയ സാരിയും കയറും കൂട്ടിക്കെട്ടിയ ഷീറ്റിന്റെ വിടവിലൂടെ നഗരം അപൂർണ്ണമായി കാണാം.
കട്ടിലിനു താഴെയും തറയിലും നിറയെ വെളുത്തുള്ളിയാണ്. ആദ്യകാഴ്ചയിൽ അശ്രദ്ധമായി വീണുപോയതെന്ന് തോന്നുമെങ്കിലും യാഥാർഥ്യം ഉള്ളു പൊള്ളിക്കും. പാമ്പ് വരാതിരിക്കാൻ വേണ്ടിയാണത്രെ വെളുത്തുള്ളി നിലത്ത് വിതറിയിടുന്നത്. ഷെഡിന്റെ വിടവുകളിലൂടെ ഓരോ തവണ കാറ്റ് അകത്തേക്ക് വരുമ്പോഴും വെളുത്തുള്ളിയുടെ രൂക്ഷഗന്ധം നിറയും. അപ്പോൾ തലക്കാകെ ഒരു പെരുപ്പമാണെന്ന് പറയുമ്പോൾ മുഖത്തെ നിസ്സഹായത കണ്ണുനീർ മറയ്ക്കുന്നുണ്ടായിരുന്നു. സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് അവിടെമാകെ കാണിച്ചു തന്നു. താരതമ്യം ചെയ്യാൻ സാധ്യമായ ദയനീയതയുടെ മറ്റൊരു മനുഷ്യ വാസസ്ഥലം കണ്ടിട്ടില്ലാത്തതിനാൽ അതിന് മുതിരുന്നില്ല.

ഷെഡിനുള്ളിലെ ഇരുട്ട് ഇല്ലാതാക്കാൻ ആ പ്രകാശത്തിന് ശക്തിയില്ലെങ്കിലും ഓരോ ജ്വാലയിലും പ്രതീക്ഷനിറയുന്നുണ്ട്. ചെറുവെട്ടത്തിൽ ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച കവിതയുണ്ട്. പ്രണാമം. ജീവിതത്തിന്റെ തനി പകർപ്പാണത്. അതുകൊണ്ടാവണം പാതിവെളിച്ചത്തിലും ജ്വലിച്ചു നിൽക്കുന്നത്. പിന്നീട് കുറിച്ചിട്ട കടലാസുതുണ്ടുകൾ നനഞ്ഞ് കുതിർന്ന് പലയിടത്തായുണ്ട്. സുധയുടെ ജീവിതവും ഷെഡിനകത്തെ ഇരുട്ടും വെളിച്ചവും യഥാർത്ഥത്തിൽ പരസ്പരം ഇഴ ചേർന്നതാണ്. ചുറ്റിലും പ്രതിസന്ധികളുടെ ഇരുട്ട് കുമിഞ്ഞു കൂടുമ്പോഴും സ്വയം ജ്വലിക്കുകയാണ് ആ അമ്മ. ഇത് അവരുടെ അസാധ്യമായ ജീവിതവഴികളുടെ പകർത്തിയെഴുത്താണ്.

വസന്തമില്ലാത്ത ഓർമ്മകൾ
മേനോൻ വീട്ടിൽ വാസുവിന്റെയും ഗൗരിയുടെയും ആറു മക്കളിൽ മൂത്തവളാണ് സുധ. കൃഷിയിൽ തുടർച്ചയായ നഷ്ടം സംഭവിച്ചപ്പോഴാണ് കുടുംബവുമായി അച്ഛൻ കാഞ്ഞിരപ്പള്ളിയിലേക്ക് വണ്ടി കയറിയത്. വൈകാതെതന്നെ ഗണപതിയമ്പലത്തിന് സമീപത്തെ മരമില്ലിൽ ജോലിയും ലഭിച്ചു. ഉപയോഗശൂന്യമായി കിടന്നിരുന്ന ചെറിയൊരു വീട് താമസയോഗ്യമാക്കി മാറ്റുകയായിരുന്നു.
വട്ടകപ്പാറയിലെ കുന്നുകൾ കടന്ന് കിലോ മീറ്ററുകൾ നടന്നുവേണം പേട്ട സ്‌കൂളിലെത്താൻ. ഇടവഴികളും തോടുകളും താണ്ടിയുള്ള യാത്ര ഓർമ്മയിൽ ഇപ്പോഴും നിഴലിക്കുന്നുണ്ട്. അച്ഛന് സ്ഥിരജോലിക്കൊപ്പം കൃഷിയുമുള്ളതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. കുട്ടിക്കാലം മുതൽ പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമായത് അങ്ങനെയാണ്.
വിദ്യാലയത്തിന് സമീപത്തായിരുന്നു പാട്ടത്തിനെടുത്ത കൃഷിയിടം. ഓരോ ഇടവേളകളിലും വാഴത്തോട്ടത്തിലേക്ക് കുതിക്കും. തോട്ടത്തിലേക്ക് പശു വരാതെ നോക്കുന്ന ചുമതല സുധയ്ക്കാണ്. വൈകുന്നേരം വരെ കൃഷിയിടത്തിൽ ചെലവഴിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് നാട്ടിൽ പേരറിയാത്ത പനി പടർന്നു പിടിക്കുന്നത്. സുധയെയും ആഴ്ചകളോളം തളർത്തിയിടാൻ പനിക്കു സാധിച്ചു. പഠനത്തെക്കൂടി ഇല്ലാതാക്കിയായിരുന്നു പനി പോയത്.
മുഴുവൻ സമയം പിന്നീട് കൃഷിയിടത്തിലായി. സാധ്യമായ എല്ലാ ജോലിയും ചെയ്തു. മണ്ണും മരങ്ങളും കൂട്ടുകാരായി. പിന്നീട് അവക്കൊപ്പം ജീവിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കൃഷിയിൽ ഉണ്ടായ നഷ്ടം കുടുംബത്തിന്റെ നട്ടെല്ലു തകർത്തു. അച്ഛന് മില്ലിലെ ജോലിയും കുറഞ്ഞതോടെ അവിടം ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തോട് അത്രമേൽ ചേർന്നുനിന്ന മണ്ണിനോട് യാത്രപറയാൻ സുധ ഏറെ വിഷമിച്ചു. ആ കാഴ്ച്ചക്ക് മുന്നിൽ കുന്നുകളും മലകളും നിശബ്ദമായിരുന്നു.

ദുർഗാഷ്ടമിയിലെ കല്ല്യാണം
അന്നുവരെയുള്ള സമ്പാദ്യം കൂട്ടിവച്ച് വയനാട്ടിൽ കൃഷിയിടം വാങ്ങി. താമസിക്കാൻ ഇടം ലഭിക്കാത്തതിനാൽ സുധയെ കായംകുളത്തെ ബന്ധുവീട്ടിലാക്കി ബാക്കിയുള്ളവർ ചുരം കയറി. വേമ്പനാട് കായലിനോട് ചേർന്നുകിടക്കുന്ന കൊച്ചുവീട്ടിലായിരുന്നു കാലങ്ങളോളം. കായലിനോടും കാറ്റിനോടും സംസാരിച്ചാണ് ഓരോ ദിവസവും കടന്നുപോയത്.
പതിനാലാം വയസ്സിൽതന്നെ വിവാഹത്തിന് സമ്മതം മൂളേണ്ടിവന്നു. ജീവിതത്തിന്റെ ദിശ മാറിയത് അന്നുമുതലാണ്. സ്വപ്നങ്ങളിൽ പോലുമില്ലാത്ത വിവാഹത്തിന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഒരുങ്ങേണ്ടിവന്നു. 1967-ലെ ദുർഗാഷ്ടമി ദിവസം രാത്രി ഏഴു മണിക്ക് വിജയന്റെ കൈപിടിച്ചു. ജ്വലിക്കുന്ന പെട്രോമാക്‌സിന്റെ വെളിച്ചത്തിലാണ് അദ്ദേത്തിന്റെ വീട്ടിലേക്ക് കയറിയത്. ചുറ്റുമുള്ള ഇരുട്ട് ആ വെളിച്ചത്തെ വന്ന് മൂടാൻ അധികസമയം വേണ്ടിവന്നില്ല.
പലപ്പോഴും ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടേണ്ടിവന്നു. തിരികെ വീട്ടിലേക്ക് പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. ഗർഭിണിയായിരുന്ന അവസ്ഥയിൽത്തന്നെ വീടു വിട്ടിറങ്ങി. സ്വന്തം വീടിന്റെ തണൽ വലിയ ആശ്വാസമായിരുന്നു. എന്നാൽ അച്ഛൻ മരിച്ചതോടെ അതും നഷ്ടമായി. ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി തിരികെ പോകേണ്ടിവന്നു. എന്നാൽ പുലരും വരെ ആ വീടിന് മുന്നിൽ മഴ നനഞ്ഞു നിന്നിട്ടും കൈപിടിക്കാൻ ആരുമില്ലായിരുന്നു.
ഭർത്താവിനൊപ്പം വീടു വിട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു. എതിരെവന്ന ആദ്യത്തെ ബസ്സിൽ കയറി. ആ യാത്ര ചെന്നെത്തിയത് എറണാകുളം ബസ്സ് സ്റ്റാൻഡിലാണ്. ഓർമ്മകൾക്ക് മുന്നിൽ ദീർഘനിശ്വാസത്തോടെ അവർ നിശബ്ദയായി. ചെറിയ ഇടവേളക്ക് ശേഷം ആ കാലത്തെ കുറിച്ച് പിന്നീടെഴുതിയ കവിതയിലെ വരികൾ ഓർത്തെടുത്തു.
'ഇന്നെന്റെ ജീവിതം കണ്ണീർ കടലിലാണ്
എന്നേ മറന്നു ഞാൻ ശാന്തിതൻ നാളുകൾ
സ്വപ്നങ്ങൾ നെയ്തു ഞാൻ ദാമ്പത്യ സൗഭാഗ്യം
ദുഃസ്വപ്നമായവ മാറുമെന്നോർത്തീല'....

പുറമ്പോക്കിലെ കവിതകൾക്ക് വേദനിക്കുന്നുണ്ട്
നിധിപോലെ കാത്തുവച്ച ജിമിക്കി കമ്മൽ വിറ്റ് വാടകവീട് എടുത്തു. ബാക്കിയായ ചില്ലറത്തുട്ടുകൾ കൊണ്ട് കലവും അത്യാവശ്യം അരിയും പച്ചക്കറിയും വാങ്ങി. വെറും തറയിൽ പേപ്പർ വിരിച്ചാണ് ഏറെ കാലം കിടന്നത്. മീൻകച്ചവടവും കൂലിപ്പണിയുമായി ക്രമേണ ആ നാട്ടിൽ ഇഴുകി ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് പല ഇടങ്ങളിലേക്കായി താമസം മാറി. അസുഖങ്ങളും മറ്റുമായി പിന്നീട് വെല്ലുവിളികളുടെ പരമ്പരയായിരുന്നു.
കതൃക്കടവിലെ പുറമ്പോക്കിൽ തുടങ്ങിയ ചെറിയ തട്ടുകടയാണ് പട്ടിണി മാറ്റിയത്. വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു. അക്കാലത്തിനിടക്ക് ജീവിതം ഏറെ പഠിച്ച സുധ ഒരു നിമിഷം പോലും പതറിയിരുന്നില്ല. തട്ടുകടയോട് ചേർന്ന് വലിയ ഷീറ്റ് വലിച്ചുകെട്ടി താമസം ആരംഭിച്ചു. 25 വർഷമായി സുധ ആ മണ്ണിൽത്തന്നെയുണ്ട്. എറണാകുളം കേരളത്തിന്റെ മഹാനഗരമായി മാറുന്നത് അന്നും ഇന്നും ആ ഷെഡിൽനിന്ന് കാണുന്നുണ്ട്. തന്റെ ജീവിതത്തെ സ്പർശിക്കാത്ത അത്തരം വികസന മാതൃകകളോട് അവർക്ക് വിയോജിപ്പുമില്ല. എന്നെങ്കിലും തനിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണവർ.

വിരലിലെണ്ണാവുന്നെ ആളുകളെ ചായക്ക് വരാറുള്ളുവെങ്കിലും സമോവറിൽ എപ്പോഴും ചൂടുവെള്ളം ഉണ്ടാകും. അതിൽനിന്നു കിട്ടുന്ന ചില്ലറത്തുട്ടുകളാണ് ജീവൻ നിലനിർത്തുന്നത്. എണ്ണമറ്റ കവിതകളാണ് ഇതിനകം എഴുതി തീർത്തത്. ജീവിതം ചേർത്ത് തുന്നിയ ചില കവിതകൾ 'പ്രണാമം' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. കവിതയിലെ വരികളുടെ ജീവിതപ്പച്ച കണ്ട് വന്ന മനുഷ്യനാണ് പ്രസിദ്ധീകരിക്കാനുള്ള സഹായങ്ങൾ ചെയ്തത്. അദ്ദേഹം ഇഷ്ടദൈവമായ യേശുവിനോളം പ്രിയപ്പെട്ടവനുമാണ്. മതേതരയായ സുധക്ക് ക്രൂശിതനായ കർത്താവിനോടും ശ്രീനാരായണ ഗുരുവിനോടുമാണ് കൂടുതൽ അടുപ്പം.
'മകനുവേണ്ടി ഇന്നേവരെ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ അവന്റെ കൊച്ചുജീവിതത്തിലേക്ക് ഞാൻ കയറി ചെല്ലില്ല' എന്നാണ് സുധയുടെ തീരുമാനം. അഭിമാനത്തോടെ കാലുറപ്പിക്കാൻ അവർ ആവശ്യപ്പെടുന്നത് ഒരു സെന്റ് ഭൂമിയെങ്കിലുമാണ്. ജീവിതം ഇത്രത്തോളം വെല്ലുവിളിച്ച ആ അമ്മക്ക് സ്വന്തമായി ഇടമൊരുക്കേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണ്.
നിലത്ത് ചെളിപുരണ്ടു കിടക്കുന്ന കവിതകളുടെ മഷി പടർന്നിട്ടുണ്ട്. അരണ്ട വെളിച്ചത്തിൽ വരികൾ പലതും അവ്യക്തമാണ്. ആ ജീവിതത്തിന് മുന്നിൽ അക്ഷരങ്ങൾക്ക് പോലും വേദനിക്കുന്നുണ്ടാകണം.
Content Highlights: Story of Sudha, who is living in utter poor conditions | Athijeevanam 82


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..