തകർന്നു വീഴാറായ വീട്ടിൽ ശോഭ
''ഒരു ദിവസം ഇത് ഇടിഞ്ഞ് എന്റെ ഉച്ചീൽ വീഴും. അന്നത്തോടെ എല്ലാം തീരും. അതൊന്നു വേഗമാക്കാൻ വേണ്ടിയാണ് ഇപ്പോഴെന്റെ പ്രാര്‍ത്ഥന''...വിണ്ടു കീറിയ ചുവരുകള്‍ക്കുനേരെ വിരല്‍ ചൂണ്ടി ശോഭ പറഞ്ഞു. അല്‍പ്പനേരത്തേയ്ക്ക് അവിടമാകെ നിശബ്ദത പരന്നു. കവിളുകളില്‍ പടര്‍ന്ന വേദനയില്‍ തൊണ്ടയിടറി, കരയിലേക്ക് പിടിച്ചിട്ട മീനിനെപ്പോലെ സങ്കടംകൊണ്ടവര്‍ പിടയുന്ന പോലെ തോന്നി.
സംസാരത്തിനിടക്ക് ശോഭ വലതുകാല്‍ കൈകൊണ്ട് ശക്തിയില്‍ അമര്‍ത്തുന്നുണ്ട്. കാലിലെ പ്ലാസ്റ്റര്‍ മാറ്റിയിട്ട് ആഴ്ചകളായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആളില്ല, ഓട്ടോക്കൂലിക്കുള്ള പണവുമില്ല. തറയിലെ ചളി പ്ലാസ്റ്ററിന്റെ നിറം മാറ്റിയിട്ടുണ്ട്. ഇടയ്ക്കിടെ കാലിലൂടെ ഇരച്ചുവരുന്ന വേദന ശരീരത്തെയാകെ പൊള്ളിക്കുന്നു.
കരയാന്‍ പറ്റാത്ത വിധം മഹാവേദന അവരെ വരിഞ്ഞുമുറുക്കുകയാണ്. മുഷിഞ്ഞ മാക്‌സി അല്‍പ്പം മുകളിലേക്ക് പൊക്കി, കാലുകള്‍ നിറയെ കുമിളകള്‍. പകച്ചു പോകുന്ന കാഴ്ച്ചയാണത്. ഒരപകടത്തില്‍ പെട്ടാണ് കാലിന് കമ്പി ഇട്ടത്. ഒരുവര്‍ഷം കൊണ്ട് കമ്പി എടുത്തുമാറ്റാന്‍ പറഞ്ഞെങ്കിലും നാലാമത്തെ വര്‍ഷവും അത് സാധിച്ചില്ല. മാംസപേശികള്‍ അഴുകുന്ന അവസ്ഥയിലാണെന്ന് പറയുമ്പോള്‍ ശോഭ നിസ്സഹായതകൊണ്ട് ഉറക്കെ ചിരിച്ചു, കണ്ണീര്‍ തുടച്ചു. പ്രിയപ്പെട്ടവരെ ശോഭ ജീവനറ്റ ശരീരമല്ല. ഒരല്‍പം പ്രാണന്‍ അവരിലിപ്പോഴും അവശേഷിക്കുന്നുണ്ട്. ഇനിയൊരിറ്റ് കണ്ണീര് ഇറ്റുവീഴാത്ത വിധം വേദന അവരെ കീഴ്‌പ്പെടുത്തി. ഇനിയും ഈ നരകം സഹിച്ച് എത്രകാലം? അതുകൊണ്ടാണ് ശോഭ പറയുന്നത് ''എന്നെയൊന്ന് കൊന്ന് തരൂ...'' ഈ വാക്കുകള്‍ ഇങ്ങനെ തന്നെ എഴുതേണ്ടി വന്നതില്‍ ഹൃദയമുള്ള മനുഷ്യരേ, നിങ്ങളോട് ക്ഷമ. അവരുടെ നരക ജീവിതം മറ്റൊന്നായി പറയാന്‍ എനിക്കറിയില്ല.
വേലായുധന്‍ ആചാരിയുടെയും സരസ്വതി അമ്മാളിന്റെയും നാലുമക്കളില്‍ ഇളയ കുട്ടിയാണ് ശോഭ. കൊല്ലം പത്തനാപുരത്തെ ഉള്‍ഗ്രാമത്തില്‍ അന്ന് കുടുംബത്തിന് കൂട്ടായുള്ളത് പട്ടിണി മാത്രം. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനം ഏഴുപേരടങ്ങുന്ന കുടുംബത്തിന് പര്യാപ്തമായിരുന്നില്ല. അഞ്ചാം ക്ലാസ്സില്‍ അക്ഷരങ്ങള്‍ക്ക് വിരാമമിട്ടു. അടുത്ത വീടുകളില്‍ വീട്ടുജോലിക്ക് സഹായിക്കും, ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കൂലി.ചാണകവും മണ്ണും ചുമക്കാന്‍ പോയ കാലത്ത് പതിനഞ്ച് വയസ്സ്. എല്ലുമുറിയുന്ന പണി കഴിഞ്ഞാല്‍ മൂന്നുരൂപ കൂലികിട്ടും. ചിലര്‍ ആഹാരം മാത്രം കൊടുത്ത് ഒഴിവാക്കും. കെട്ടിടം പണിക്കാരനായ ദേവദാസ് ഇരുപതാമത്തെ വയസ്സില്‍ ജീവിതത്തിന് താങ്ങായി വന്നു. അന്നാദ്യമായി ശോഭ നിറമുള്ള ജീവിതസ്വപ്നങ്ങള്‍ കണ്ടു. പക്ഷേ, ആദ്യരാത്രി തന്നെ മദ്യപിച്ചു ബോധരഹിതനായിവന്ന ഭര്‍ത്താവ് അവസാനപ്രതീക്ഷക്കും കൊള്ളിവച്ചു.

മദ്യപാനിയായ മകനും അമ്മയില്‍ നിന്ന് അകന്നു. രണ്ടുമക്കളുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അനാഥയായി. അക്കാലത്താണ് കാലിന് സംഭവിച്ച അപകടം ഗുരുതരമാകുന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ ലക്ഷങ്ങളുടെ കടമുണ്ടാക്കി. വീടുള്‍പ്പെടെ പണയത്തിലായി. അപ്പോഴും ചികിത്സ എങ്ങുമെത്തിയില്ല. കാലു മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ തുണയായത് തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. കാലിന് കമ്പിയിട്ടതും അവിടെനിന്നാണ്. ഒറ്റക്കാലിലെ ജീവിതം ഇടതുകാലും ദുര്‍ബലമാക്കി. നിലത്ത് ഇഴഞ്ഞ് തൊഴിലുറപ്പിനു പോയാണ് ജീവന്‍ കാത്തത്. ഇപ്പോള്‍ അതിനും സാധിക്കാത്ത അവസ്ഥയായി. റേഷന്‍ കടയില്‍ നിന്ന് അരികിട്ടും. പച്ച ചോറു കഴിക്കും. കൂട്ടിനുള്ളത് രണ്ടു പട്ടികള്‍, അവരാണ് ആകെയുള്ള ആശ്വാസം. ഉള്ളതില്‍ പാതി അവര്‍ക്കാണ്. സാധ്യമായ എല്ലാ ഇടത്തും സഹായത്തിനായി കൈനീട്ടി. ജീവിതം സാധ്യമാക്കുന്ന ഒരു മറുപടിയും ഇതുവരെ എവിടെനിന്നും കിട്ടിയില്ല.
വീല്‍ചെയര്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു. കയറും വടിയും കെട്ടിവച്ചാണ് മുന്നോട്ട് നീക്കുന്നത്. ജീവിതം പോലെ ഏതുനിമിഷവും അതും നിശ്ചലമാകും. സമീപത്തെ ചില വീട്ടുകാര്‍ കൊടുക്കുന്ന ആഹാരം ഇപ്പോഴും ജീവന്‍ നിലനിര്‍ത്തുന്നു എന്ന് മാത്രം. മലമൂത്ര വിസര്‍ജ്ജനം പോലും വെല്ലുവിളിയാണ്. പുറത്തു കെട്ടിയ കക്കൂസിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
സഹജീവികളേ, ഭരണകൂടമേ... ഇഴഞ്ഞ് കൊണ്ട് പോലും ഇനി ഈ അമ്മയ്ക്ക് ഒരടി മുന്നോട്ട് പോകാന്‍ സാധ്യമല്ല. അതുകൊണ്ടാണവര്‍ അധികാര കേന്ദ്രങ്ങളില്‍ അലയാത്തത്. വീട് ഏതുനിമിഷവും നിലംപൊത്താം. പേടിയില്ലേ ഇവിടെ കഴിയാന്‍ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞത് ''എല്ലാം വീണ് ഒടുങ്ങട്ടെ'' എന്നാണ്. ഒടുവില്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. അവരുടെ കണ്ണുകള്‍ മീനുകളുടേത് പോലെ തിളങ്ങുന്നു. കണ്ണുനീര്‍ തുള്ളികളില്‍ വെളിച്ചം വീഴുന്നതാണ്. കണ്‍പോളകളില്‍ കറുപ്പിന്റെ ഒരു വലയം. ഉറപ്പാണ്, നമ്മുടെ അവഗണനയുടെ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിയാതെ കനക്കുന്നതാണത്.
NAME : SOBHA S
BANK : SBI
ACCOUNT NUMBER : 67208690795
IFSC CODE : SBIN0070948
BRANCH : PATTAZHI
Content Highlights: Story of Shobha Athijeevanam Column


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..