ഷമീറ ബുഹാരി
'ഭംഗിയില്ലാത്തവൾ'
'പണമില്ലാത്തവൾ'
എന്ന പഴികൾ കേട്ട് സ്വയംപരിധി നിർണ്ണയിച്ചയാളായിരുന്നു ഒരു വലിയ കാലയളവുവരെ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഷമീറ ബുഹാരി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കല്‍പിച്ച മൂല്യം മാത്രമേ തനിക്കുള്ളൂവെന്നും ത്യാഗങ്ങള്‍ സഹിച്ചാണ് ഒരു പെണ്ണ് ജീവിക്കേണ്ടതെന്നും കരുതിയുള്ള ജീവിതം. സര്‍വ്വപീഡനങ്ങളും സഹിച്ച് ആ ത്യാഗസന്നദ്ധത കണ്ട് മറ്റുള്ളവര്‍ തനിക്ക് നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ക്ക് വേണ്ടി ഏറെനാള്‍ ജീവിച്ചവള്‍. എന്നാല്‍, സ്വയം കല്‍പിച്ച മുന്‍വിധിയില്‍നിന്നു മാറി സഞ്ചരിച്ചപ്പോഴാണ് ശരിയായ ആത്മമൂല്യം ഷമീറ തിരിച്ചറിയുന്നത്. ഇപ്പോള്‍ 40 വയസ്സിനിപ്പുറം സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും വ്യക്തത നല്‍കുന്ന കോച്ചിങ് നല്‍കുന്ന സ്ഥാപനം നടത്തുന്നു. അതോടൊപ്പം ദേശീയ, അന്താരാഷ്ട്ര തലത്തില്‍ തന്നെ വേദികള്‍ കയ്യടക്കി മുന്നേറുകയും ചെയ്യുന്നു. ഇത്തവണ'ഞാനിങ്ങനെയാണ്, തീര്‍പ്പുകള്‍ വേണ്ട' എന്ന പരമ്പരയില്‍ ഷമീറയുടെ ജീവിതകഥ വായിക്കാം.
"ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു ഞാന്‍. 1995-ലായിരുന്നു വിവാഹം . വിവാഹം വേണ്ടെന്ന് പറയാനുള്ള ഇടം വീട്ടിലുണ്ടായിട്ടും ഒരു കുടുംബവും കുട്ടിയുമുണ്ടാവുകയാണ് പരമപരമായ ധര്‍മ്മമെന്ന് കരുതിയാണ് ഞാന്‍ വിവാഹിതയാവുന്നത്. 17 വയസ്സില്‍ അത്രയൊക്കെയല്ലേ ചിന്ത പോവുകയുള്ളൂ. ഭര്‍ത്താവിന്റെ വീട്ടില്‍ മരുമക്കത്തായമായതിനാല്‍ കൂടുതലും സ്വന്തം വീട്ടിലായിരുന്നു ജീവിതം. പക്ഷെ, ഭര്‍ത്താവിന്റെ വീട്ടില്‍ ജീവിച്ച കുറഞ്ഞ നാളുകള്‍ ആത്മനിന്ദയുടെ കയ്പുനീര്‍ കുടിച്ച, ഏറ്റവും ദുസ്സഹമായ നാളുകളായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞുമായി കഴിഞ്ഞ നാളുകളിലാണ് കൂട്ടുകൂടുംബത്തിലെ മുഴുവന്‍ പേരുടെയും വസ്ത്രം അലക്കുന്നതടക്കമുള്ള പണികൾ ചെയ്തത്. അടുക്കളയില്‍ കയറിയാല്‍ മൂത്രമൊഴിക്കാന്‍ പോലും സമയം കിട്ടില്ല, പണിയെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിക്കുറങ്ങി അഞ്ചു മണിക്ക് എഴുന്നേൽക്കണം. ഭര്‍ത്താവ് അന്നൊന്നും വീട്ടിലേക്ക് ചെലവിന് കൊടുക്കാത്തതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്ക് വരെ കേള്‍ക്കേണ്ടി വന്നത് വേദനാജനകമായിരുന്നു.

"ആദ്യപ്രസവത്തിനു ശേഷം വിഷാദം ബാധിച്ച ഞാന്‍ എന്തെങ്കിലും കാര്യത്തില്‍ വ്യാപൃതയാവാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്തുള്ള ചെരിപ്പു കമ്പനിയില്‍ പാക്കിങ് സെക്ഷനില്‍ ജോലിക്ക് പോയിതുടങ്ങി. കുഞ്ഞിന് മരുന്ന് വാങ്ങിക്കാന്‍ പോലും കാശില്ലാത്തതു കൊണ്ട് കൂടിയായിരുന്നു ജോലിക്ക് പോവേണ്ടി വന്നത്. കല്ല്യാണം കഴിച്ച വകയില്‍ സ്വന്തം വീട്ടുകാര്‍ക്ക് കുറെ കടമുണ്ട്. അവരെ വീണ്ടും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. പഠിച്ച കുട്ടിയാണെന്നും നിവൃത്തികേടു കൊണ്ടാണ് കമ്പനിയില്‍ വന്നതെന്നുമുള്ള ചിലരുടെ അഭ്യര്‍ഥന പ്രകാരമാണ് പിന്നീട് സൂപ്പര്‍വൈസര്‍ ജോലി അവിടെ ലഭിക്കുന്നത്. എന്നാല്‍, ചെരുപ്പ് കമ്പനിയിൽ നില്‍ക്കുന്നത് തങ്ങള്‍ക്ക് അപമാനമാണെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വലിയ പ്രശ്നമുണ്ടാക്കി. ജോലി ഒഴിവാക്കി അവരുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി.
മൂത്ത കുഞ്ഞിന് പാല്‍ കൊടുത്തിരുന്ന ആ നാളുകളില്‍ നല്ല വിശപ്പുണ്ടായിരുന്നു. പെണ്ണുങ്ങളായാല്‍ അരവയറൊഴിഞ്ഞ് കഴിക്കണമെന്ന് പറഞ്ഞത് എന്റെയുള്ളിലെ എന്റെ വില വീണ്ടും ഇടിച്ചു. അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഓരോ ഘട്ടത്തിലും പട്ടിണി കിടന്ന് സ്വയം ശിക്ഷിച്ചു. അവിടുത്തെ സ്ത്രീകളും പാട്രിയാര്‍ക്കിയുടെ ഇരകളായിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. കുറച്ചു നാളുകളേ ആ വീട്ടില്‍ താമസിക്കേണ്ടി വന്നുവെങ്കിലും നിന്ന കാലത്തോളം ദുസ്സഹമായിരുന്നു അവിടുത്തെ ജീവിതം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളായതുകൊണ്ട് എന്റെ വീട്ടുകാരില്‍നിന്ന് കുറെ പണവും മറ്റും അവര്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് പിന്നീടുള്ള അവരുടെ വര്‍ത്തമാനങ്ങളില്‍നിന്ന് എനിക്ക് മനസ്സിലായി.
"ഭര്‍ത്താവ് ചെലവിന് നല്‍കാത്തതിനാല്‍ അരിഷ്ടിച്ചുള്ള ജീവിതമായിരുന്നു. വസ്ത്രത്തിനൊന്നും ചെലവാക്കാന്‍ കാശൊന്നും ഉണ്ടായിരുന്നില്ല. ഇടുന്ന വസ്ത്രത്തിന്റെ പേരില്‍ പോലും പരിഹാസം നേരിടേണ്ടി വന്നു. അന്ന് ഞാന്‍ കുട്ടിയായിരുന്നു. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ നാളുകളില്‍ പലപ്പോഴും ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലും ഇല്ലാതെ എന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നു.
"അതിലൊന്നായിരുന്നു ഗര്‍ഭിണിയായിരുന്നപ്പോൾ ഗര്‍ഭപാത്രത്തില്‍ കയ്യെത്തിക്കാൻ ശ്രമിച്ച് കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപ്പോഴും ഞാനയാളെ വെറുത്തില്ല. വെറുത്തതത്രയും എന്നെത്തന്നെയായിരുന്നു. ആരോടും പറയാതെ ഈ പീഡനമെല്ലാം സഹിക്കേണ്ട വിലയേ എനിക്കുള്ളൂ എന്നാലോചിച്ച് ഞാനെന്നെത്തന്നെ വെറുത്തുകൊണ്ടിരുന്നു.
"നല്ല ഭാര്യയായി ജീവിക്കുക എന്നതിനപ്പുറത്തേക്ക് എനിക്കന്നൊരു ലക്ഷ്യമില്ലായിരുന്നു. അതിനാല്‍ പലതും സഹിച്ചു. ആത്മഹത്യയ്ക്ക് വരെ ഒരിക്കല്‍ ശ്രമിച്ചു. പണമില്ലെന്നും സൗന്ദര്യമില്ലെന്നുമുള്ള പറച്ചിലുകള്‍ കേട്ട് എനിക്കെന്നോടുള്ള മതിപ്പു കുറഞ്ഞു. സ്വയം കല്‍പിച്ച ഒരു ചെറിയ വട്ടത്തിലേക്ക് ചുരുങ്ങിയ ഒരു വലിയ കാലയളവ് തന്നെ പിന്നീട് ജീവിതത്തിലുണ്ടായി. "അവന് ഇനിയും വേറെ ഭാര്യയെ കിട്ടും, നിനക്കാണ് കിട്ടാതിരിക്കുക" എന്ന പറച്ചിലുകള്‍ എന്റെയുള്ളില്‍ അരക്ഷിതബോധം വര്‍ധിപ്പിച്ചു. വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്നു കരുതി പല കാര്യങ്ങളും സ്വന്തം വീട്ടുകാരോടും തുറന്നു പറഞ്ഞില്ല.
Also Read
"വിദേശത്തേക്ക് ജോലിക്ക് പോയ ഭര്‍ത്താവ് എനിക്കോ കുഞ്ഞിനോ വേണ്ടി പണമയച്ചു തന്നുള്ള ഒരു ഉത്തരവാദിത്വവും നിര്‍വ്വഹിച്ചില്ല. കുവൈറ്റിലേക്ക് പോവാനുള്ള കാശ് പുള്ളിക്ക് ശരിയാക്കി കൊടുക്കല്‍ വരെ എന്റെയും വീട്ടുകാരുടെയും ഉത്തരവാദിത്വമായി. ആ കടം കൂടി തീര്‍ക്കാനാണ് ഞാന്‍ തയ്യല്‍ജോലി തുടങ്ങുന്നതും കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാന്‍ തുടങ്ങിയതും ..
"എനിക്കെല്ലാവിധ ശക്തിയും പിന്തുണയുമായിരുന്ന ഉപ്പ അതിനിടെ മരിച്ചു. ഭര്‍ത്താവ് വിദേശത്തുനിന്ന് വരുമ്പോഴെല്ലാം ജീവിതം കൂടുതല്‍ ദുരിതമയമായി. ഉപ്പ മരിക്കുമ്പോള്‍ എന്റെ പേരിലെഴുതിവെച്ച വീടാവശ്യപ്പെട്ട് പലവിധ ബുദ്ധിമുട്ടലുകള്‍ ഭര്‍ത്താവില്‍നിന്ന് വീണ്ടും നേരിട്ടു. അങ്ങനെ നിവൃത്തികെട്ടാണ് 2008-ല്‍ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുന്നത്. എല്ലാവരുടെയും പേര് ഒഴിവാക്കി കൊണ്ടായിരുന്നു അന്നെന്റെ പരാതി. ഉപദ്രവിച്ചയാളുടെ പേരില്ലാതെ, അയാള്‍ക്കെതിരേ നടപടിയെടുക്കാതെ എങ്ങനെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പോലീസെന്നോട് ചോദിച്ചു. അയാളോടുള്ള വിധേയത്വവും എനിക്കെന്നോടുള്ള മുന്‍വിധിയും കാരണം സ്വയം വിധിയില്‍ പഴിച്ച് വീണ്ടും മുന്നോട്ടു പോയി.

നാട്ടിലെത്തിയതോടെയാണ് തന്നെപ്പോലുള്ള അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാവുക എന്ന ഉദ്ദേശത്തില്‍ വുമന്‍ ക്ലാരിറ്റി കോച്ചിങ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം ശക്തിയെന്തെന്ന് കാണിച്ചു കൊടുക്കുക, പല പ്രശ്‌നങ്ങള്‍ കാരണം ജീവിതം പാഴായിപ്പോയി എന്ന് തോന്നുന്നവര്‍ക്ക് പ്രതീക്ഷകളും സ്വന്തം മൂല്യത്തിന്റെ ആഴവും മനസ്സിലാക്കി നല്‍കല്‍ എന്നിങ്ങനെ പോകുന്നു പ്രവര്‍ത്തനമേഖല. താമസിയാതെ ഈ മേഖലയില്‍ സ്വന്തമായ സ്ഥാപനവും തുടങ്ങി.
പട്ടിണി കിടന്ന കാലത്തുനിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള പ്രാപ്തിയിലേക്ക് ഇന്ന് ഞാനെത്തി. ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഞാന്‍ കോച്ചിങ്ങിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത്.
വിക്ടിം ഹുഡ് ഏറെക്കാലം ആഘോഷിച്ച ആളായിരുന്നു ഞാന്‍. സന്തോഷവതിയാവാതെ, ഭൂതകാലത്തിലാണ് ഞാന്‍ എപ്പോഴും ജീവിച്ചിരുന്നത്. ആ വേദനയില്‍ ജീവിക്കുന്നതായിരുന്നു എനിക്കിഷ്ടം. 'അയ്യോ പാവം' എന്ന് മറ്റുള്ളവര്‍ പറയുന്നതിലായിരുന്നു എന്റെ സന്തോഷവും ആശ്വാസവും. അതില്‍നിന്ന് പുറത്തുകടക്കാന്‍ കുറെ നാളെടുത്തു. അങ്ങനെ പുറത്തുകടക്കാന്‍ നമ്മള്‍ സഹായം തേടണം. എന്നെ മുന്‍വിധിയോടെ കണ്ടത് ഞാനായിരുന്നു. പാട്രിയാര്‍ക്കിയുടെ ഇര എന്ന അവസ്ഥയില്‍നിന്ന് പുറത്തുകടക്കാനുള്ള മതിപ്പ് എനിക്കന്നുണ്ടായിരുന്നില്ല. എന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന വാക്കുകളായിരുന്നു വിവാഹശേഷം ഞാന്‍ കേട്ടതത്രയും. സ്വന്തം മൂല്യം സ്വയം തിരിച്ചറിഞ്ഞതായിരുന്നു എന്റെ ആദ്യവിജയം. ആ തിരിച്ചറിവിനു ശേഷം തിരിഞ്ഞു നടക്കേണ്ടി വന്നിട്ടില്ല.
stop shaming, stop being judgemental- ആത്മവിശ്വാസമാണ് പലതരം പരിമിതികളിലൂടെ പോകുന്നവരുടെ ആകെ മൂലധനം. ആ ആത്മവിശ്വാസം തകർക്കുന്ന വാക്കുകളും ആശങ്കകളും മുൻവിധികളും കെടുത്തുന്നത് അവരുടെ ജീവിതപ്രതീക്ഷകളാണ്. മറ്റുള്ളവർ നമ്മെ മുൻവിധിയോടെ കാണുമ്പോൾ അതിൽ വീണ്, സ്വയം മുൻവിധികളും പരിധികളും നമ്മൾ സ്വയം വെച്ച് പുലർത്തും . എന്നാൽ, ആരൊക്കെ നമ്മെ മുൻവിധിയോടെ കണ്ടാലും സ്വയം നമ്മളങ്ങനെ വിലയിരുത്തരുത്. തെന്നിവീഴാതെ തിരിച്ചുവരിക തന്നെ വേണം .മാറ്റാം മനോഭാവം മാതൃഭൂമി ഡോട്ട്കോമിലൂടെ
Content Highlights: Story of Shameera Buhari in Njaninganeyanu theerppukal venda,social,dont underestimate others
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..