നസീമ തസ്നിനും നസ്നിനും ഒപ്പം | ഫോട്ടോ : ബി. മുരളീകൃഷ്ണൻ
വയ്യാത്ത മക്കളെ ദിവസവും എന്തിനാണിങ്ങനെ പഠിപ്പിക്കാനായി ഏറ്റിക്കൊണ്ടു നടക്കുന്നതെന്ന പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ പത്താം ക്ലാസ്സിലവസാനിച്ച തന്റെ വിദ്യാമോഹം നസ്സീമയുടെ ഉള്ളകത്തു നിന്ന് പുളഞ്ഞു പുറത്തേക്ക് വരും. മനസ്സില്‍ ശിലപോലെ ഉറച്ച ആ അടങ്ങാത്ത ആഗ്രഹമാണ് മക്കള്‍ക്ക് വിദ്യനേടിക്കൊടുക്കാന് ഏതറ്റം വരെയും പോകാനുള്ള ചാലകശക്തിയായി നസ്സീമയുടെ ഉള്ളില്‍ ജ്വലിച്ചത്. ഈ പോക്ക് ഇന്നവസാനിക്കുമെന്ന് വിധിയെഴുതിയ ആളുകളെ അമ്പരപ്പിച്ചു കൊണ്ട് ഒന്നരപ്പതിറ്റാണ്ടിലേറെ കാലമാണ് നസീമ മക്കളെയും കൊണ്ട് സ്കൂളിലേക്കും കോളേജിലേക്കും ദിനം പ്രതിയെന്നോണം പാഞ്ഞത്. മക്കളുടെ പൂര്‍ണ്ണ ഹാജര്‍ അതിന് സാക്ഷ്യം പറയും. എന്‍ജിനിയറിങ്ങില്‍ റാങ്ക് നേടിയും വീല്ച്ചെയറുന്തിക്കൊണ്ട് സ്വന്തമായി ജോലി എടുത്തും ഉമ്മയുടെ പോരാട്ടത്തിന്റെ കനല് കെടാതെ കാക്കുന്നുമുണ്ട് മക്കള്‍. നിസ്സാര കാര്യങ്ങളില്‍ ജീവിതം തട്ടിത്തടഞ്ഞ് പതറുന്ന നമ്മളില്‍ പലര്‍ക്കും ഊര്‍ജ്ജം തന്നെയാണ് എറണാകുളം ചേരനെല്ലൂരില് താമസിക്കുന്ന നസ്സീമയുടെയും കുടുംബത്തിന്റെയും ഇന്നോളമുള്ള ജീവിതയാത്ര...
1984-ല്‍, പത്തിലെ അവസാനക്ലാസും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നസീമയ്ക്കറിയാമായിരുന്നു എത്രമാര്ക്കുണ്ടെങ്കിലും ഇനി താന്‍ സ്കൂളിന്റെ പടി കാണില്ലെന്ന്. ദാരിദ്ര്യമായിരുന്നു കാരണം. തനിക്കുതാഴെ വേറെയും പെണ്‍കുട്ടികളുണ്ട്. ദൂരേക്ക് തുടര്‍പഠനത്തിനായി വിടാനുള്ള ത്രാണി നസീമയുടെ ഉപ്പയ്ക്കുണ്ടായിരുന്നില്ല. മറ്റേതുപെണ്കുട്ടികളെയുംപോലെ നസീമയുടെയും പഠനമോഹം വിവാഹത്തില്‍ അമര്ന്നവസാനിച്ചു. 1990-ലാണ് നസീറിനെ നസീമ വിവാഹം കഴിക്കുന്നത്. പഠിക്കുക എന്നത് സമൂഹത്തിലെ ഉപരിവര്ഗത്തിലുള്ളവര്ക്ക് മാത്രം സാധിക്കുന്ന കാലത്ത് പഠനമോഹം മനസ്സിലൊതുക്കി കുടുംബിനിയായി അവള് ജീവിതം തുടര്‍ന്നു. സ്വന്തംസ്വപ്നങ്ങളെ മക്കളെ പഠിപ്പിക്കുന്നതിലേക്ക് കൂടുമാറ്റി മനസ്സിനെ അവള് പാകപ്പെടുത്തി.ആദ്യകുഞ്ഞ് പിറന്നപ്പോള്മുതല് അവളെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നതായിരുന്നു നസീമയുടെ സ്വപ്നം. പക്ഷേ, വിധി മറ്റൊന്നായിരുന്നു. എട്ടാംമാസമായിട്ടും മകള്‍ നസ്നിന് എഴുന്നേറ്റുനിന്നില്ല. നിന്നാല്‍ത്തന്നെ പിറകിലേക്ക് മലര്‍ന്നുവീഴും. ഒന്നരവയസ്സില്‍ ആ അപൂര്‍വരോഗം ഡോക്ടര്‍മാര്‍ കണ്ടെത്തി -ദിവസംചെല്ലുന്തോറും പേശികളുടെ ബലം ക്ഷയിക്കുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി അഥവാ എസ്.എം.എ. ടൈപ്പ് ത്രീ. രണ്ടാമത്തെ മകള്‍ തസ്നിനെ നസീമ ഗര്‍ഭം ധരിച്ചിരുന്ന സമയമായിരുന്നു അത്. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയെയും ഡോക്ടര്‍ പരിശോധിച്ചു. അതേ രോഗംതന്നെ. കേട്ടമാത്രയില്‍ ഭൂമി പിളര്‍ന്ന് ഉള്ളിലേക്കുപോയപോലെയാണ് നസീമയ്ക്കനുഭവപ്പെട്ടത്. പക്ഷേ, അവര്‍ മനസ്സില്‍ ഉരുവിട്ടു: ''മക്കളെ പഠിപ്പിക്കണം, ഡോക്ടറാക്കണം''.
അപൂര്‍വ രോഗവുമായി രണ്ടുപെണ്‍കുട്ടികള്‍ വീട്ടില്‍ ജനിച്ചുവീണത് നസീമയുടെ രക്തത്തിലെ കുഴപ്പമാണെന്നായിരുന്നു ദോഷൈകദൃക്കുകളായ സമൂഹം കണ്ടെത്തിയത്. സുഖമില്ലാത്ത മക്കളുടെ ഉമ്മ മാത്രമായിരുന്നില്ല നസീമ, രണ്ടുപതിറ്റാണ്ടുകാലം കുട്ടികളുടെ ശുശ്രൂഷകയും ഡ്രൈവറും ട്യൂഷന് ടീച്ചറും എല്ലാമായിരുന്നു അവര്‍. ഭര്‍ത്താവ് അന്നന്നത്തെ അന്നവും മരുന്നും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലായതിനാല് മക്കളെന്നത് നസീമയുടെ പൂര്‍ണ ഉത്തരവാദിത്വമായി. അവളത് സധൈര്യമേറ്റെടുത്തു.
ഒരു ദിനം, പല റോളുകള്‍
''രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് അടുക്കളപ്പണി ചെയ്തുതീര്‍ക്കും. കുളിമുതല് വസ്ത്രം ധരിക്കാന്വരെ മക്കള്‍ക്ക് എന്റെ സഹായം വേണം. മൂത്തവളുടേതുകഴിഞ്ഞാല് ഇളയവളെ സഹായിക്കണം. അവര്‍ക്ക് ഭക്ഷണം കൊടുക്കണം. അതുകഴിഞ്ഞുവേണം എനിക്കുതയ്യാറാവാന്. കുട്ടികളെ ഒമ്പതുമണിക്ക്് സ്കൂളില്‍ കൊണ്ടുചെന്നാക്കണം. എങ്ങനെയാണ് ആ കാലഘട്ടം തരണംചെയ്തതെന്ന് ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്'' -നസീമ ആ കാലത്തെ വിവരിക്കുന്നു.
നാലാംവയസ്സിലാണ് നസ്നിനെ എല്‍.കെ.ജി.യില്‍ ചേര്‍ക്കുന്നത്. സ്കൂള്‍ബസില്‍ വിട്ടുനോക്കിയെങ്കിലും ബസ് ബ്രേക്കിടുമ്പോള്‍ കുട്ടി വീഴാന്‍ തുടങ്ങി. മക്കളുടെ വിദ്യാഭ്യാസം മുടക്കാന്‍ ഈ ഭൂമിയിലെ ഒരുകാരണവും പര്യാപ്തമല്ല എന്നബോധ്യത്തില്‍ അവരുടെ സ്കൂളിലേക്കുള്ള യാത്ര നസീമ ഏറ്റെടുത്തു. വീട്ടിലേക്കുള്ള വഴി ഓട്ടോയ്ക്ക് കയറാനുള്ള വീതിയില്ലാഞ്ഞതിനാല് മക്കളെ രണ്ടുപേരെയും ഒക്കത്തെടുത്ത് കൊണ്ടുപോയാണ് സ്കൂളിലേക്കുള്ള കുറച്ചുദൂരം നസീമ താണ്ടിയത്. ബാക്കിയാത്ര ഓട്ടോയിലും. സ്കൂളിനുള്ളിലേക്കും ഓട്ടോ കയറ്റാന്പറ്റില്ല. ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസിനകത്ത് കയറുന്നതുവരെ നസീമ മക്കളെയുംകൊണ്ട് ഓട്ടോയില്‍ വഴിയരികില്‍ കാത്തുനില്ക്കും. തിരക്കൊന്നൊതുങ്ങിയാല്‍ ക്ലാസിനുള്ളിലേക്ക് മക്കളെ എടുത്തുതന്നെ കൊണ്ടുചെന്നാക്കും. ഓട്ടോകാശ് ലാഭിക്കാന്‍ തിരിച്ച് ഒറ്റയ്ക്ക് രണ്ടുകിലോമീറ്റര്‍ദൂരം വീട്ടിലേക്ക് നടക്കും.




.jpg?$p=9c0f6d1&q=0.8&f=16x10&w=284)
+1
സ്കൂള്‍ വിടുംവരെയുള്ള ബാക്കിനേരം വീട്ടുകാര്യങ്ങളില്‍ മുഴുകും. പൈപ്പ് കണക്ഷന് ഇല്ലാത്തതിനാല്‍ റോഡില്‍നിന്ന് അന്നന്നത്തെ വീട്ടാവശ്യത്തിനുള്ള ലിറ്ററുകണക്കിന് വെള്ളം പൊതുപൈപ്പില്‍നിന്ന് എടുത്തുകൊണ്ടുവരണം. മൂന്നുമണിയാവുമ്പോള്‍ വീണ്ടും സ്കൂളിലേക്ക്. ക്ലാസ് വിട്ട് കുട്ടികളെല്ലാം പോയി ഗ്രൗണ്ട് ഒഴിയുന്നതുവരെ കാത്തിട്ടുവേണം ഓട്ടോ കയറ്റാന്‍. മക്കളെയുംകൊണ്ട് തിരിച്ച് വീടെത്തിയ ഉടന്‍ ഒരു മുഴുവന്‍ദിവസം ബാത്ത്റൂമില്‍ പോവാതെ പിടിച്ചിരിക്കുന്ന മക്കളെ ബാത്ത്റൂമില്‍ കൊണ്ടുപോവണം (ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍തക്ക സൗഹൃദമല്ല ഇപ്പോഴും നമ്മുടെ സ്കൂളുകളിലെ ശൗചാലയങ്ങള്‍). ശേഷം, മേല്‍ കഴുകിച്ച് ഭക്ഷണം കൊടുക്കും. ട്യൂഷന് പറഞ്ഞയക്കാന്‍ സാമ്പത്തികമായും ശാരീരികമായും കഴിയാത്തതിനാല്‍ ആ ദൗത്യവും നസീമതന്നെ രാത്രിയില്‍ നിര്‍വഹിക്കും. രണ്ടുപതിറ്റാണ്ടുകാലം നസീമയുടെ ഒരുദിനം കടന്നുപോയതിങ്ങനെയാണ്: ''മക്കള്‍ പഠിക്കാന്‍പോയ 19 വര്‍ഷക്കാലത്തോളം ഉറങ്ങുന്ന സമയം മാത്രമായിരുന്നു എന്റെ വിശ്രമവേള. ഇപ്പോ സമയമുണ്ട്. അപ്പോഴേക്കും എന്റെ ആരോഗ്യം പോയി'' -സര്‍വംസഹയായ ആ മാതാവ് പറയുന്നു. മക്കളെ തോളത്തേറ്റി നടന്നതിന്റെയും എടുത്തുപൊന്തിച്ച് കാര്യങ്ങള്ചെയ്തതിന്റെയും തേയ്മാനം നസീമയുടെ ശരീരത്തിന് ഇന്ന് നന്നായുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ അവരെ അലോസരപ്പെടുത്തുന്നു.
വീട് വിറ്റു, ഡ്രൈവിങ് ലൈസന്‍സെടുത്തു
മക്കളുടെ ഉപരിപഠനം സുഗമമാക്കാന്‍ സ്വന്തമായുണ്ടായ വീടു വില്‍ക്കാനുള്ള തീരുമാനവും നസീമയുടേതായിരുന്നു. കോളേജിനടുത്ത് വീടെടുക്കാനായിരുന്നു എറണാകുളത്ത് തമ്മനത്തെ വീട് വിറ്റത്. എം.ബി.ബി.എസിന് പഠിക്കാനുള്ള യോഗ്യതാമാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും എഴുന്നേറ്റുനില്ക്കാന് കഴിയാത്ത കുട്ടിക്ക് ഡോക്ടറാവാന്പറ്റില്ല എന്ന അധ്യാപകരുടെ സ്നേഹോപദേശത്തിലാണ് എം.ജി. യൂണിവേഴ്സിറ്റിക്കുകീഴിലുള്ള കെ.എം.ഇ.എ. കോളേജില്‍ നസ്നിനെ എന്‍ജിനിയറിങ്ങിന് ചേര്‍ക്കുന്നത്. തന്റെ മോഹംപോലെ ഡോക്ടറായില്ലെങ്കിലും മക്കള്‍ പഠിക്കട്ടെ. മക്കള്‍ വലുതായി ഭാരംവെച്ചതോടെ ഉയരമുള്ള ഓട്ടോയിലേക്ക് അവരെ കയറ്റുന്നത് ബുദ്ധിമുട്ടായി. അവരുടെ തുടര്‍പഠനത്തെക്കുറിച്ചുള്ള ആശങ്ക കുടുംബത്തിനെയാകെ അലട്ടി. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നസീമ 40-ാം വയസ്സില്‍ കാര്‍ ഡ്രൈവിങ് പഠിക്കാനുള്ള തീരുമാനമെടുത്തു. 'സൈക്കിളുപോലും ഓടിക്കാനറിയാത്ത താത്തായെക്കൊണ്ട് ഈ പ്രായത്തില്‍ ലൈസന്സെടുക്കാനൊന്നും പറ്റില്ല' എന്നുപറഞ്ഞ് ഡ്രൈവിങ് സ്കൂളുകാര് ആദ്യം കൈയൊഴിഞ്ഞു. അവര്‍ക്കത് തമാശയായിരുന്നു; നസീമയ്ക്ക് ജീവിതലക്ഷ്യത്തിലേക്കുള്ള വഴിയും. അവര്‍ തളര്‍ന്നില്ല. അന്ന് നിരുത്സാഹപ്പെടുത്തിയ ഓരോരുത്തരെയും അമ്പരപ്പിച്ചുകൊണ്ട് ലേണേഴ്സെടുത്തു, ആദ്യത്തെ ടെസ്റ്റില്‍ത്തന്നെ ലൈസന്‍സും നേടി. വീടുവിറ്റ പണത്തിന്റെ ചെറിയ ഭാഗമെടുത്താണ് കാര്‍ വാങ്ങിക്കുന്നത്. ബാക്കി ലോണും. ലക്ഷ്യം മക്കളുടെ തുടര്‍പഠനം മാത്രം. മക്കളെ ദിവസവും ഓട്ടോയില്‍ കൊണ്ടുചെന്നാക്കുന്ന ഓട്ടപ്പാച്ചിലിനിടയില്‍ സമയംകിട്ടാത്തതിനാല് പുലര്‍ച്ചെ കാറുമെടുത്ത് പ്രാക്ടീസിനായി നസീമ ഗ്രൗണ്ടില്‍ പോകും. പരിചയമുള്ള ഓട്ടോ ഓടിക്കുന്ന പയ്യന്മാരെ സഹായത്തിനുവിളിച്ച് ഉച്ചനേരങ്ങളില്‍ ഡ്രൈവിങ് കൂടുതല്‍ ആയാസരഹിതമാക്കി. രണ്ടുതവണ വലിയ അപകടങ്ങളില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പക്ഷേ, അതൊന്നും അവരെ തളര്‍ത്തിയില്ല. മക്കളുടെ പഠനം തുടരാന്‍ താന്‍ കാറോടിച്ചേ തീരൂ എന്നവര്‍ക്കറിയാമായിരുന്നു. ഒടുവില്‍, മക്കളെ പിന്‍സീറ്റിലിരുത്തി കോളേജില്‍ കൊണ്ടുചെന്നാക്കുന്നത് പിന്നീടുള്ള കാലത്തെ ജീവിതത്തിന്റെ ഭാഗവുമായി. അപ്പോഴും പെട്രോള്കാശ് പ്രശ്നമായിരുന്നു. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ അതിനും ഒരു ഉപായം നസീമയുടെ മനസ്സിലുദിച്ചു.
''തസ്നിയെ ഡിഗ്രിമുതല്‍ എം.ബി.എ.വരെ കാറിലാണ് ഞാന്‍ കൊണ്ടുപോയത്. മോളെ കോളേജിലാക്കി കാറവിടെ ഇടും. എന്നിട്ട് തിരിച്ച് ബസില്‍ വീട്ടിലേക്കുവരും. വൈകുന്നേരം വീണ്ടും ബസില്‍പോയി മക്കളെയും കൂട്ടി കാറില്‍ തിരിച്ചുവരും''. ലൈസന്സെടുത്തിട്ടും കാറോടിക്കാന്‍ ധൈര്യമില്ലാതിരുന്ന നസ്നിന്റെയും തസ്നിന്റെയും പല അധ്യാപകര്‍ക്കും ഉമ്മയുടെ കാറോട്ടമാണ് പ്രചോദനമായതെന്ന് മക്കളും പറയുന്നു. ഐ.ടി. എന്‍ജിനിയറിങ്ങിന് പഠിച്ച ആ നാലുകൊല്ലവും നസ്നിന് നേടിയ മുഴുവന്‍ ഹാജരിനുമുള്ള എല്ലാ ?െക്രഡിറ്റും നസീമയ്ക്കുള്ളതാണ്. രണ്ടാമത്തെ മകള്‍ തസ്നിന്‍ പി.ജി.ക്ക് 90 ശതമാനത്തിലധികം മാര്ക്കുനേടിയപ്പോള് ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
''മുകള്‍നിലയിലായിരുന്നു തസ്നിന്റെ ക്ലാസ്. ഒപ്പം പഠിക്കുന്ന കുട്ടികളാണ് എല്ലാദിവസവും അവളെ വീല്ച്ചെയറിലേന്തി ക്ലാസ് മുറിയിലെത്തിച്ചിരുന്നത്. പിന്നീട് നട്ടെല്ലിന്റെ വളവ് ഒഴിവാക്കാനുള്ള ശസ്ത്രക്രിയ ചെയ്തതോടെ മുകളിലേക്കുപോവാന് വയ്യാതായി. പക്ഷേ, നല്ലവരായ അധ്യാപകര്‍ ചേര്‍ന്ന് എം.ബി.എ. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കുമുള്ള പഠനം താഴെ സെമിനാര്‍ കോംപ്ലക്സിലേക്ക്് മാറ്റുകയായിരുന്നു'' -ഇപ്പോഴും നസീമ ഓര്‍ക്കുന്നു.
''സമാനരോഗമുള്ള പല കുട്ടികളും വീട്ടിലിരുന്നാണ് പഠിച്ചത്. പക്ഷേ, എല്ലാം സഹിച്ചും ഉമ്മ ഞങ്ങളെ സ്കൂളില്‍ കൊണ്ടുപോയി പഠിപ്പിച്ചു. സ്കൂളില്‍നിന്ന് ലഭിച്ച സൗഹൃദവും സാമൂഹികവിദ്യാഭ്യാസവും വിലമതിക്കാനാവാത്തതാണ്. നല്ലമാര്‍ക്കോടെ പരീക്ഷ പാസാകാനും ജോലിനേടാനുമുള്ള ആത്മവിശ്വാസം നേടിത്തന്നത് ഈ സ്കൂള്‍വിദ്യാഭ്യാസവും സാധാരണമനുഷ്യരോടുള്ള നിരന്തര ഇടപഴകലുമാണ്'' -എം.ബി.എ. കഴിഞ്ഞ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലിചെയ്യുന്ന തസ്നിന്‍, ഉമ്മ വിശാലമാക്കിത്തന്ന തങ്ങളുടെ ലോകത്തെക്കുറിച്ച് പറഞ്ഞുനിര്‍ത്തി.

ചികിത്സയും ഭാരിച്ച ചെലവുകളും
നസ്നിന്റെ എന്‍ജിനിയറിങ് പഠനശേഷം ഇരുവരുടെയും ഫിസിയോതെറാപ്പിക്കും ചികിത്സയ്ക്കുമായി കുടുംബം മൂന്നുമാസത്തോളം പുണെയില്‍ ആശുപത്രിയിലായിരുന്നു. കട നടത്തിയിരുന്ന പിതാവ് നസീറിന്റെ വരുമാനം അതോടെ നിന്നു. 11 ലക്ഷത്തോളമാണ് അന്ന് ചികിത്സയ്ക്ക് ചെലവുവന്നത്. സഹപാഠികളില്‍നിന്നും മറ്റുസംഘടനകളില്നിന്നുമുള്ള അകമഴിഞ്ഞ സഹായങ്ങള്‍ ലഭിച്ചിരുന്നു. അവിടെവെച്ചാണ് തസ്നിന്റെ ജീവനുഭീഷണിയാകുന്ന തരത്തിലേക്ക് രോഗം മൂര്‍ച്ഛിച്ച കാര്യം എല്ലാവരും തിരിച്ചറിയുന്നത്. പേശി ക്ഷയിച്ചതോടെ നട്ടെല്ലുവളഞ്ഞ് ശ്വാസകോശത്തെ ഞെരുക്കിത്തുടങ്ങിയിരുന്നു. ജീവിക്കില്ല എന്നാണ് അന്ന്് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഓപ്പറേഷനല്ലാതെ മറ്റുപോംവഴിയില്ല. നട്ടെല്ലുനേരെയാക്കുന്ന വലിയ ഓപ്പറേഷന് തമിഴ്നാട്ടിലെ പ്രശസ്ത ആശുപത്രിയില്‍വെച്ചാണ് ചെയ്തത്. അതിനുശേഷം തസ്നിന്‍ കളക്ടറേറ്റില്‍ എന്‍ജിനിയറിങ് അസിസ്റ്റന്റായി താത്കാലിക ജോലി ലഭിച്ചു. അവിടത്തെ ജോലിക്കാലത്തിനിടയ്ക്കാണ് കൊച്ചൗസേപ്പ്്് ചിറ്റിലപ്പിള്ളി വഴി ഇരുവര്‍ക്കും ഇലക്ട്രോണിക് വീല്‍ച്ചെയര്‍ ലഭിക്കുന്നത്. എല്ലാകാര്യങ്ങള്‍ക്കും ഉമ്മയെ ആശ്രയിക്കലില്നിന്നുള്ള മോചനമായിരുന്നു ഇരുവര്‍ക്കും ഇലക്ട്രോണിക് വീല്‍ച്ചെയര്‍ നല്‍കിയത്. പക്ഷേ, വീല്ച്ചെയര്സൗഹൃദ ഇടങ്ങളായിരുന്നില്ല കളക്ടറേറ്റും പരിസരവും താമസിക്കുന്ന വാടകവീടും. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറച്ചുകൂടി സൗഹൃദമായ ഇടമെന്നനിലയ്ക്കാണ് തസ്നിനും നസ്നിനും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലിക്കുചേരുന്നത്. തസ്നിന്‍ ഫിനാന്‍സിലും നസ്നിന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ജോലിയില്‍ പ്രവേശിച്ചു.

ഇജാസിന്റെ കടന്നുവരവ്
ഇത്രയേറെ വിഷമതകള്‍ കുന്നുകൂടിയപ്പോഴും ദൈവംതമ്പുരാന് കൈവിട്ടില്ലെന്നും ഓരോസമയത്തും എന്തെങ്കിലുമൊക്കെ വഴികള്‍ കാണിച്ചുതന്നിട്ടുണ്ടെന്നും നസ്നിന്റെ ഭര്‍ത്താവ് ഇജാസിനെ പരിചയപ്പെടുത്തി നസീമ പറഞ്ഞു. നസ്നിനെ ഇഷ്ടപ്പെട്ട് വിവാഹാലോചനയുമായുള്ള ഇജാസിന്റെ വരവ് നസീമയിലുണ്ടാക്കിയ ആനന്ദത്തിന് അതിരില്ലായിരുന്നു. നാലുവര്‍ഷത്തിന്റെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇജാസിന്റെ വീട്ടില്‍നിന്ന് ആദ്യം ചില എതിര്‍പ്പുകള്‍ വന്നെങ്കിലും മകന്റെ ഉറച്ചതീരുമാനത്തെയും സ്നേഹത്തിന്റെ ആഴത്തെയും ആ വീട്ടുകാരും മാനിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ടിപ്പോള്.
സ്വന്തംമക്കള്‍ സ്വന്തംകാലില്‍ നടന്നുപോകുന്നത് കാണാന്പറ്റാത്തതിന്റെ സങ്കടം ഈ ഉമ്മ പേരക്കുട്ടിയുടെ ഓടിക്കളിയിലാണ് തീര്‍ത്തത്. വീല്‍ച്ചെയര്‍ ഉന്തിക്കൊണ്ടാണ് കുട്ടിയെ നോക്കലടക്കം വീട്ടിലെ സകലകാര്യങ്ങളും നസ്നിന് ചെയ്യുന്നത്. പലതവണ പി.എസ്.സി.ക്ക്് ശ്രമിച്ച് ലിസ്റ്റില്വന്നെങ്കിലും ജോലിമാത്രം ലഭിച്ചില്ല. കുഞ്ഞിനെ നോക്കലും സ്വകാര്യസ്ഥാപനത്തിലെ ജോലിയും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തതുകൊണ്ട് നസ്നിന് ജോലി രാജിവെച്ചു. വീട്ടിലിരിക്കുന്നതിന്റെ വിരസത അകറ്റാനാണ് ഒടുവില്‍ യൂട്യൂബ് ചാനലാരംഭിച്ചത്. വരുമാനമൊന്നുമില്ലെങ്കിലും മാനസികമായി തകരാതെ ആ ചാനല്‍ അവളെ കാക്കുന്നുണ്ട്. നട്ടെല്ലിന് ഓപ്പറേഷനടക്കം കഴിഞ്ഞ തസ്നിന്‍, വീല്‍ച്ചെയറിലിരുന്ന് ജോലിക്കുപോകുന്ന വരുമാനം കൊണ്ടാണ് ഇന്ന് നസീമയും കുടുംബവും കഴിയുന്നത്.
ശമ്പളത്തിന്റെ വലിയൊരുഭാഗം യാത്രയ്ക്കും മരുന്നിനും വീട്ടുവാടകയ്ക്കുമായി ചെലവാകും. ബാക്കിയുള്ളതുകൊണ്ടാണ് മൂന്നുപേരടങ്ങുന്ന കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതം. വയ്യാത്ത പെണ്കുട്ടികളാണെന്നുകരുതി, മറ്റുള്ളവര്‍ ഉപദേശിച്ചപോലെ മക്കളെ പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം ഇതിലും ദുര്ഘടമായേനേ എന്ന് നസീമ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇന്ന് സമാധാനിക്കുന്നു.
വാല്‍ക്കഷണം - കഴിഞ്ഞദിവസം നസീമയെ വിളിച്ചപ്പോഴും വാടകയ്ക്കെടുത്ത വീടുമാറാന്‍ ഉടമ പറഞ്ഞതനുസരിച്ച് വീട്ടുസാധനങ്ങള്‍ പെറുക്കിക്കൂട്ടി മറ്റൊരു വീടന്വേഷണത്തിലായിരുന്നു അവര്‍. തസ്നിന്‍ വീല്‍ച്ചെയര്‍ ഉരുട്ടാന്വഴിയുള്ള കുറഞ്ഞവാടകയുള്ള വീടുതന്നെ വേണം. മക്കളുടെ വിദ്യാഭ്യാസത്തിനായി വീടുവിറ്റ കുറ്റബോധമൊന്നും ഇപ്പോഴും നസീമയ്ക്കില്ല. അവര്‍ക്കീ വീടുമാറ്റവും മക്കളെയെടുത്തുള്ള ഓട്ടവും 20 വര്‍ഷത്തിലധികമായി നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ.
(ഉമ്മ വളർത്തിയ മക്കൾ എന്ന തലക്കെട്ടിൽ 15- 05- 2022 വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Survival Story of Naseema naseer and and her SMA affected daughters, Spinal muscular atrophy, social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..