തെയ്യത്തിന് വിശക്കുന്നുണ്ട് | അതിജീവനം 73


എ.വി. മുകേഷ് \ ഫോട്ടോ: ഗോകുല്‍ ദാസ് പൂക്കുളങ്ങര, ചന്ദ്രന്‍ മാവിച്ചേരി, രാഹുല്‍ പാലോറ

5 min read
Read later
Print
Share

പലപ്പോഴും ഇരുട്ടിന്റെ മറകൊണ്ട് കാണാതെ പോകുന്ന വേദനയുടെ കഥയാണിത്. കുഞ്ഞാരന്‍ എന്ന തെയ്യം കലാകാരന്റെ ജീവിതം അത്രമേല്‍ അവിശ്വസനീയമായ യാഥാര്‍ഥ്യമാണ്. കാലു മുറിച്ചു മാറ്റേണ്ടി വന്നിട്ടും തെയ്യത്തെ ഇന്നും നെഞ്ചേറ്റി ജീവിക്കുകയാണ് കുഞ്ഞാരന്‍.

തീച്ചാമുണ്ഡി | ഫോട്ടോ: ചന്ദ്രൻ മാവിച്ചേരി

Kunharan
കുഞ്ഞാരന്‍ പെരുവണ്ണാന്‍ | ഫോട്ടോ: രാഹുല്‍ പാലോറ

'തീക്കനലിന്റെ ചൂടേറ്റ് വെന്ത് നില്‍ക്കുന്ന മണ്ണിലേക്കാണ് തെയ്യം കെട്ടി ഇറങ്ങിയത്. ആദ്യചവിട്ടില്‍ തന്നെ പന്തികേട് തോന്നിയെങ്കിലും പിന്മാറാന്‍ മനസ്സ് വന്നില്ല. ദൈവമല്ലേ, അതും ഉഗ്രരൂപിണിയായ തീച്ചാമുണ്ഡി'.

ഹിരണ്യനെ വധിക്കാനായി വന്ന വിഷ്ണുവാണ് തീച്ചാമുണ്ഡിയുടെ സങ്കല്‍പ്പം. ഹിരണ്യന്‍ തീക്കൂനയില്‍ ഒളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സാക്ഷാല്‍ വിഷ്ണുവാണ് അപ്പോള്‍ തെയ്യം. ശരീരത്തില്‍ തെയ്യക്കോലം കെട്ടിയുറപ്പിക്കുമ്പോള്‍ മനസ്സില്‍ ദൈവത്തെയും ആവാഹിച്ചുറപ്പിക്കും. ശേഷം ദൈവമാണ്. ചുറ്റിലും കൂടിയ നൂറുകണക്കിന് ആളുകളുടെ പ്രതീക്ഷയാണ്. പ്രാര്‍ത്ഥനയാണ്. അവിടെ തെയ്യത്തിനകത്തെ മനുഷ്യന്റെ വേദനക്ക് സ്ഥാനമില്ല.

'നിമിഷങ്ങള്‍കൊണ്ട് തന്നെ കാല് വെന്തുരുകാന്‍ തുടങ്ങി. നഖം വിരലില്‍നിന്ന് പറിഞ്ഞു പോകുന്നത് പ്രാണനെടുക്കുന്ന വേദനയോടെ തിരിറിച്ചറിഞ്ഞു. മുന്നില്‍ വിഴുങ്ങാനായി നില്‍ക്കുന്ന കനല്‍ക്കൂമ്പാരം അപ്പോഴും നീറി പുകയുന്നുണ്ടായിരുന്നു. സകല ദൈവങ്ങളെയും നെഞ്ചുരുകി മനസ്സില്‍ ഉറക്കെ വിളിച്ചു'. ജ്വലിച്ചു നില്‍ക്കുന്ന കനല്‍ കൂനയിലേക്ക് എന്നിട്ടും 65 തവണയാണ് കുഞ്ഞാരന്‍ ചാടിയത്.

ഹിരണ്യനെ തീക്കനലില്‍ തിരയുന്ന ഭഗവാന്‍ വിഷ്ണുവിനെ അവിശ്വസനീയമായാണ് അന്നവിടെ അവതരിപ്പിച്ചത്. പൊള്ളലേറ്റ ശരീരത്തില്‍ ദൈവത്തെ കണ്ട് ഭക്തര്‍ തിരികെ പോയി. ഉരുകിയൊലിച്ച മുഖത്തെഴുത്തും വാടിയ കുരുത്തോലയും വെന്ത ശരീരവും മാത്രം ഒടുവില്‍ ബാക്കിയായി.

പലപ്പോഴും ഇരുട്ടിന്റെ മറകൊണ്ട് കാണാതെ പോകുന്ന വേദനയുടെ കഥയാണിത്. കുഞ്ഞാരന്‍ എന്ന തെയ്യം കലാകാരന്റെ ജീവിതം അത്രമേല്‍ അവിശ്വസനീയമായ യാഥാര്‍ഥ്യമാണ്. കാലു മുറിച്ചു മാറ്റേണ്ടി വന്നിട്ടും തെയ്യത്തെ ഇന്നും നെഞ്ചേറ്റി ജീവിക്കുകയാണ് കുഞ്ഞാരന്‍. തെയ്യത്തിനിടക്ക് അപകടങ്ങള്‍ സംഭവിച്ച് കിടപ്പിലായവരും ജീവന്‍ നഷ്ടപ്പെട്ടവരും കുറവല്ല. കോലം അഴിക്കുന്നതിനൊപ്പം വിളക്കുകള്‍ അണഞ്ഞ് ഇരുട്ട് പടരുന്നതു പോലെയാണ് ആ മനുഷ്യരുടെ പിന്നീടുള്ള ജീവിതം. അതിജീവനത്തിന്റെ ചെറിയ കൈത്തിരി നാളം പോലും കാണാനാവാത്ത വിധം ഇരുട്ടാണ്. ജീവിതത്തോടും സ്വത്വത്തോടും കലഹിക്കുകയാണ് തെയ്യത്തിനുള്ളിലെ മനുഷ്യര്‍. ആ ജീവിതങ്ങളുടെ വ്യാപ്തി കുഞ്ഞാരന്‍ പെരുവണ്ണാനിലൂടെ കാലം തിരിച്ചറിയട്ടെ.

Pottan Theyyam
പൊട്ടന്‍ തെയ്യം | ഫോട്ടോ: ഗോകുല്‍ദാസ് പൂക്കുളങ്ങര

രക്തത്തില്‍ അലിഞ്ഞതാണ് തെയ്യം

വടക്കന്‍ കേരളത്തിന്റെ കൊടിയടയാളങ്ങളില്‍ ഒന്നാണ് തെയ്യം. കൃഷിയും ആചാര വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന അനുഷ്ഠാനകലയാണത്. കണ്ണൂരിലെ തെയ്യഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കരിവള്ളൂരിലെ കുണിയന്‍ ഗ്രാമം. ചെവിയോര്‍ത്താല്‍ അകലെ കാവുകളില്‍നിന്നു തോറ്റം പാട്ട് കേള്‍ക്കുന്ന വയലിന്റെ ഓരത്താണ് കുഞ്ഞാരന്‍ ജനിച്ചു വളര്‍ന്നത്. പരമ്പരാഗതമായി തെയ്യം അനുഷ്ഠിച്ചു വരുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. അമ്മിണിയുടെയും അമ്പുപെരുവണ്ണാന്റെയും ആറു മക്കളില്‍ ഒരാള്‍.

തെയ്യത്തിന്റെ ഇടവേളകളില്‍ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം കൃഷിയായിരുന്നു. തുച്ഛമായ നാണയത്തുട്ടുകളാണ് അക്കാലത്ത് തെയ്യം കലാകാരന് ലഭിച്ചിരുന്നത്. എങ്കിലും സമുദായത്തിന്റെ കുലത്തൊഴില്‍ ഒരു മുടക്കവും കൂടാതെ കൊണ്ടുപോകാന്‍ ശ്രദ്ധിച്ചിരുന്നു. തെയ്യമില്ലാത്ത ദിവസങ്ങളില്‍ കുടുംബം അരവയറാണ്. പാടത്തുനിന്ന് അന്നന്നുകഴിയാനുള്ള വകപോലും കിട്ടിയിരുന്നില്ല. അത്തരം സാഹചര്യങ്ങളെയൊക്കെ അതിജീവിച്ചാണ് വിദ്യാലയത്തില്‍ പോയത്.

നായര്‍ മെമ്മോറിയല്‍ എല്‍.പി. സ്‌കൂളില്‍നിന്ന് നാലാം ക്ലാസ് പൂര്‍ത്തിയാക്കി. അക്കാലത്താണ് കളരി പഠിക്കാനായി ലക്ഷ്മണന്‍ കുരിക്കളുടെ അടുത്ത് പോകുന്നത്. കളരിയും വിദ്യാലയവും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. മറിച്ചൊരു ചിന്തക്കും ഇടയില്ലാതെ പഠനം നിര്‍ത്താന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. കാരണം തെയ്യം കലാകാരന് വേണ്ട മെയ്വഴക്കം കളരിയിലൂടെയായിരുന്നു സ്വായത്തമാക്കിയിരുന്നത്. അക്കാലത്ത് കുലത്തൊഴിലിനേക്കാള്‍ വലുതല്ലായിരുന്നു വിദ്യാലയം.

ഓരോ ചുവടും മണ്ണില്‍ ഉറച്ച് മനസ്സില്‍ മനഃപാഠമാക്കി. മൂന്നു വര്‍ഷം കൊണ്ട് കുഞ്ഞാരന്‍ തികഞ്ഞ അഭ്യാസിയായി. കളരി പഠനം ശരീരത്തെ പോലെ മനസ്സിനെയും നവീകരിച്ചു. മനസ്സിന്റെ കയ്യില്‍ ശരീരം വഴങ്ങുന്ന അവസ്ഥയിലേക്ക് അതെത്തിച്ചു. കളരിയ്‌ക്കൊപ്പം തന്നെ അച്ഛന്‍ ചെണ്ടകൊട്ടാനും തോറ്റം ചൊല്ലാനും പഠിപ്പിച്ചിരുന്നു. തന്റെ കൂടെ തെയ്യങ്ങളുടെ സഹായിയായി കുഞ്ഞാരനെ കൊണ്ടുപോകാന്‍ തുടങ്ങി. നിരന്തരമായ പഠനവും കാഴ്ച്ചയും അനുഭവങ്ങളും തെയ്യത്തെ ഉള്‍ക്കൊള്ളാന്‍ കുഞ്ഞാരനെ പ്രാപ്തനാക്കുകയായിരുന്നു.

karinchamundi
കരിഞ്ചാമുണ്ടി | ഫോട്ടോ: ഗോകുല്‍ദാസ് പൂക്കുളങ്ങര

തെയ്യവും ജീവിതവും

ചാറ്റല്‍ മഴ പെയ്തു തുടങ്ങിയ കര്‍ക്കിടക മാസത്തിന്റെ ആദ്യമാണ് കുഞ്ഞാരനെ തേടി ആ നിയോഗം എത്തുന്നത്. പതിനാലാം വയസ്സില്‍ അങ്ങനെ തെയ്യക്കാരനായി. കതിവനൂര്‍ വീരനായിരുന്നു ആദ്യതെയ്യം. സ്വത്ത് തര്‍ക്കത്തില്‍ അനുകൂലവിധി വന്നപ്പോള്‍ വഴിപാടായി സ്ഥലത്തെ പ്രമാണിയാണ് തെയ്യം നടത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെ കുഞ്ഞാരന്‍ ആ ആരാധന ഏറ്റെടുത്തു. തികഞ്ഞ അര്‍പ്പണ ബോധത്തോടെയും മെയ്‌വഴക്കത്തോടെയും കതിവനൂര്‍ വീരനെ അനശ്വരമാക്കി. പിന്നീടങ്ങോട്ട് ആ ചെറുപ്പക്കാരന്റെ കാലമായിരുന്നു.

തെയ്യംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന യാഥാര്‍ഥ്യമാണ് ബീഡിക്കമ്പനിയില്‍ എത്തിച്ചത്. ബീഡിയില്‍ നൂലു കെട്ടുന്ന ജോലിയായിരുന്നു. ആഴ്ചക്ക് ഒടുവില്‍ കൂലിയായി മൂന്നു രൂപ കിട്ടും. കഷ്ടിച്ച് റേഷന് മാത്രമെ അത് തികഞ്ഞിരുന്നൊള്ളു. പുറത്തുനിന്ന് ഒരു ചായ കുടിച്ചാല്‍ പോലും കലത്തില്‍ അരി കുറയും. തെയ്യമുള്ളതിനാല്‍ മറ്റ് ജോലികള്‍ക്കു പോകാനും സാധിച്ചില്ല. ഒട്ടിയ വയറില്‍ കുരുത്തോല കയര്‍ മുറുക്കി കെട്ടി ദൈവമായിട്ടുണ്ട്. എല്ലാ വേദനയും തെയ്യത്തിന്റെ പൂര്‍ണ്ണതയ്ക്കാണെന്ന ചിന്ത ആശ്വാസം നല്‍കി.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ തെയ്യങ്ങള്‍ കെട്ടിയാടി. കാവുകളിലും അമ്പലങ്ങളിലും കുഞ്ഞാര പെരുവണ്ണാന്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. ജീവിതത്തിന്റെ കൈപിടിച്ച് ലക്ഷ്മിയും വന്നു. വൈകാതെ കൂട്ടായി മൂന്ന് മക്കളും. പ്രയാസങ്ങള്‍ക്കിടയിലും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്നു. എന്നാല്‍, മണ്ണില്‍ പതിയിരുന്ന അപകടം എല്ലാം താളം തെറ്റിക്കുകയായിരുന്നു.

kandanar
കണ്ടനാര്‍ കേളന്‍ തെയ്യം | ഫോട്ടോ: ഗോകുല്‍ദാസ് പൂക്കുളങ്ങര

ആ വിരലുകള്‍ സ്വയം മുറിച്ചതാണ്

'എന്നെ ധരിച്ചാല്‍ ധരിച്ചവര്‍ക്കും എന്നെ കാണാനും കേള്‍പ്പാനും വന്ന ഏവക്കും അവരുടെ കന്നുകാലികള്‍ക്കും പൈതങ്ങള്‍ക്കും നാളെമേലാക്കത്തിന് മേലൈശ്വര്യത്തിനും ഗുണം വരണേ.... ഗുണം' എന്ന പ്രാര്‍ത്ഥനയോടെയാണ് തീച്ചാമുണ്ഡി തീക്കനലിലേക്ക് എടുത്തു ചാടുന്നത്. മണിക്കൂറുകള്‍ വിറക് കത്തിച്ചാണ് തെയ്യത്തിനായി കനല്‍ കൂമ്പാരം ഉണ്ടാക്കി എടുക്കുന്നത്. അതിലേക്കാണ് തെയ്യക്കോലം കെട്ടിയ പച്ച മനുഷ്യന്‍ എടുത്ത് ചാടുന്നത്. അതും ഒട്ടേറെ തവണ.

തെയ്യമായി വന്ന് മണ്ണില്‍ കാലുകുത്തിയ ഉടനെത്തന്നെ അനിയന്ത്രിതമായ ചൂട് കുഞ്ഞാരന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ശരീരത്തിന്റെ വേദനക്ക് അവിടെ സ്ഥാനമില്ലായിരുന്നു. കൂടിനിന്ന ഭക്ത ജനങ്ങള്‍ക്ക് അപ്പോള്‍ തെയ്യം ദൈവമാണ്. കനലിലേക്കുള്ള ആദ്യചാട്ടത്തില്‍ തന്നെ കാല് വെന്തുരുകാന്‍ തുടങ്ങി. തിരിച്ചു കയറാന്‍ മനസ്സിലെ വിശ്വാസം അനുവദിച്ചില്ല. കഠിനമായ തീച്ചൂടേറ്റ് മാറിലും ദേഹത്താകെയും കെട്ടിയ കുരുത്തോല കരിഞ്ഞുണങ്ങി.

ഇടതുകാലിലെ നഖം ഇളകിവരുന്നത് പ്രാണന്‍ പിടയുന്ന വേദനയോടെയാണ് കണ്ടത്. അടുത്ത ചാട്ടം ചാടി തിരികെ മണ്ണിലേക്ക് എത്തിയപ്പോള്‍ രണ്ട് നഖങ്ങളുടെ പകുതിയും തീയെടുത്തിരുന്നു. ശരീരം നിന്ന് കത്തുന്നതു പോലെയാണ് അനുഭവപ്പെട്ടത്. എങ്കിലും ആ വേദന മുഖത്ത് കാണിക്കാന്‍ കുഞ്ഞാരന്‍ ഒരുക്കമല്ലായിരുന്നു. കാരണം ദൈവം കരഞ്ഞാല്‍ നഷ്ടപ്പെടുന്നത് ചുറ്റുമുള്ളവരുടെ പ്രതീക്ഷയാണ്. വെന്തു തുടങ്ങിയ ശരീരവുമായി വീണ്ടും വീണ്ടും കനലിലേക്ക് കുതിച്ചു. 65 തവണയാണ് അന്ന് തീക്കനലിനെ മനസ്സുകൊണ്ട് ജയിച്ചത്.

തിരിച്ച് വീട്ടില്‍ എത്തിയത് വെന്ത ശരീരവുമായാണ്. ആഴ്ചകള്‍ എടുത്തിട്ടാണ് എഴുന്നേറ്റ് നടക്കാന്‍ പോലുമായത്. ഗുരുതരമായി തീപ്പൊള്ളലേറ്റ വിരലുകളില്‍ അപ്പോഴേക്കും പഴുപ്പ് കയറിയിരുന്നു. അന്നത്തിനു വകയില്ലാത്ത കാലത്ത് ചികിത്സയെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും സാധിച്ചിരുന്നില്ല. വിരലിലെ പഴുപ്പ് ഗുരുതരമായ അവസ്ഥയില്‍ എത്തിയെന്ന് ബോധ്യമായതോടെ പിന്നീട് ഒന്നും ആലോചിച്ചില്ല. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് അതിരാവിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയി. സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കാല്‍വിരലിലേക്ക് കത്തി താഴ്ത്തി. പ്രാണന്‍ പിടയുന്ന വേദനയോടെ ശരീരത്തില്‍നിന്നും ആ വിരലുകള്‍ അറുത്തുമാറ്റപ്പെട്ടു.

Kandakarnan
കണ്ഠകര്‍ണന്‍ തെയ്യം | ഫോട്ടോ: ഗോകുല്‍ദാസ് പൂക്കുളങ്ങര

കോലത്തിനകത്ത് മനുഷ്യനാണ്

മനസിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ വേദനക്ക് സ്ഥാനമില്ലായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ മുറിവ് ഉണങ്ങി. വിരലുകള്‍ നഷ്ടപ്പെട്ടെങ്കിലും നിരന്തര പരിശ്രമത്തിലൂടെ അതിന്റെ കുറവുകള്‍ ഇല്ലാതാക്കി. മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും തെയ്യം കെട്ടാന്‍ തുടങ്ങി. കാലില്‍ വലിച്ചു കെട്ടുന്ന ചിലമ്പിന്റെ കയര്‍ പലപ്പോഴും നീറുന്ന വേദനയായിരുന്നു. അന്നത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ മുറിയാനും പഴുപ്പ് വരാനും തുടങ്ങി. മറ്റ് വിരലുകളിലേക്കും അത് വ്യാപിച്ചു. കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയായി. കുടുംബം പട്ടിണിയിലും.

വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ പലതവണ കരുതിയതാണ്. അപ്പോഴൊക്കെ കാതില്‍ തോറ്റം പാട്ട് മുഴങ്ങി നില്‍ക്കും. കണ്ണില്‍ തെയ്യം നിറയും. നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം കൊണ്ട് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് പുറപ്പെട്ടു. മുട്ടിന് താഴേക്ക് കാല്‍ മുറിക്കാതെ മറ്റൊരു പ്രതിവിധിയും അവര്‍ക്ക് ഇല്ലായിരുന്നു. ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കയറ്റിയെങ്കിലും ബി.പി. കൂടിയതിനാല്‍ നടന്നില്ല. വീണ്ടും ദിവസങ്ങള്‍ നീണ്ടു. കാലിലെ പഴുപ്പ് അനുദിനം കയറി മുട്ടിന് മുകളില്‍ എത്തി. ഒടുവില്‍ അത്രയും ഭാഗം നീക്കേണ്ടി വന്നു.

മാസങ്ങളോളം നീണ്ട കിടപ്പിനുശേഷം ഊന്നുവടിയുമായി ഉത്സവപ്പറമ്പുകളിലേക്ക് വീണ്ടും ഇറങ്ങി. തെയ്യത്തിന്റെ ഓരത്ത് ഊന്നുവടിയില്‍നിന്ന് തോറ്റം ചൊല്ലാന്‍ തുടങ്ങി. മനുഷ്യസാധ്യമായ രീതിയില്‍ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. അത് ഇന്നും തുടരുന്നു. ഇപ്പോള്‍ 1500 രൂപ പെന്‍ഷനാണ് ആകെയുള്ള വരുമാനം. ജീവിതത്തിന്റെ ആത്മാവ് മുഴുവന്‍ തെയ്യത്തിന് സമര്‍പ്പിച്ച കലാകാരന്‍ ഇപ്പോള്‍ അരവയറാണ്. കൊറോണ കാലത്തെ ജീവിതം അതി ദയനീയവും. എങ്കിലും പ്രാണനാണ് തെയ്യം. സകല വേദനക്കുള്ള മരുന്നും.

സത്യവും നീതിയും ദൈവികതയും തെയ്യക്കോലം കെട്ടിയതു മുതല്‍ വേഷത്തോടൊപ്പം അഴിച്ചുവച്ചിട്ടില്ല. ഒന്നിനും തകര്‍ക്കാനാകാത്ത വീരനായ തെയ്യം അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. പ്രതിസന്ധികളുടെ ചൂടേറ്റാണ് തളര്‍ന്ന് പോകുന്നത്. അത്തരത്തില്‍ ആകാശം മുട്ടെയുള്ള കനലടങ്ങാത്ത തീക്കൂന ഓരോ തെയ്യം കലാകാരന്റെയും ജീവിതത്തില്‍ അണയാതെ കിടക്കുന്നുണ്ട്. പത്മശ്രീ നല്‍കി അവരെ ആദരിച്ചിട്ടില്ലെങ്കിലും സഹജീവിയായി പരിഗണിക്കുകയെങ്കിലും വേണം. പ്രാര്‍ത്ഥനക്കൊപ്പം ആ വയറ്റിലെ വിശപ്പ് തിരിച്ചറിയേണ്ടതും കാലത്തിന്റെ ആവശ്യമാണ്.

Content Highlights: Story of Kunharan Peruvannan, the God himself in Theyyam ritual | Athijeevanam 73

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


Vande Bharat
ചിലത് പറയാനുണ്ട്

7 min

സില്‍വര്‍ലൈനിനു പകരം വന്ദേ ഭാരത് മതിയാകുമോ | ചിലത് പറയാനുണ്ട്

May 5, 2023


Most Commented