ഡയാന ബുദിസാൽവ്ൽജെവിക്
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ക്രൊയേഷ്യയിലെ സ്ത്രീകളെയും പുരുഷന്മാരെയും അടിമവേലക്കായി ജര്‍മ്മനി തട്ടിക്കൊണ്ടുപോയപ്പോൾ രക്ഷിതാക്കളില്ലാതെ ദുരിതക്കയത്തിലേക്ക് വീണുപോയത് ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ്. അമ്മയുടെയും അച്ഛന്റെയും പരിലാളനകള്‍ കിട്ടാതെ, ഭക്ഷണം ലഭിക്കാതെ തണുപ്പേറ്റ്, പകര്‍ച്ചവ്യാധികള്‍ വന്ന് ആ കുഞ്ഞുങ്ങളെല്ലാം മരിച്ചു പോയേനെ ഡയാന ബുദിസാല്വ്ല്ജെവിക് എന്ന ഓസ്ട്രിയന്‍ വനിതയുടെ കാരുണ്യം ആ കുഞ്ഞുങ്ങളെ തേടിയെത്തിയില്ലായിരുന്നെങ്കില്‍. ഇത്തവണ THEIR STORY ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ആ കാരുണ്യ സ്പര്‍ശത്തെ കുറിച്ചാണ്.
നാസികള്‍ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കനാളുകൾ, ഒറ്റപ്പട്ടുപോയ കുഞ്ഞുങ്ങൾ; രക്ഷകയായി ഡയാന
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് കടുത്ത പീഡനവും ദുരിതവും മര്‍ദ്ദനവും ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാം ലോകമഹായുദ്ധ കാലം. 1941 ല്‍ അച്ചുതണ്ട് ശക്തികള്‍ ക്രൊയേഷ്യയില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം ആ രാജ്യത്തെ നിരവധി കുടുംബങ്ങളിലെ മുഴുവന്‍ പേരേയും ക്യാമ്പുകളിലേക്ക് മാറ്റി. അവുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ആ സമയത്ത് നാസി ജര്‍മനി യുദ്ധോപകരണങ്ങളും ആയുധങ്ങളും നിര്‍മിക്കുന്നതിനും അടിമവേല ചെയ്യിക്കുന്നതിനുവേണ്ടിയും തൊഴിലാളികളെ തേടുകയായിരുന്നു. ഇതിനായി ആരോഗ്യമുള്ള സ്ത്രീകളേയും പുരുഷന്മാരെയും ജര്‍മനിയിലേക്ക് നാടുകടത്തി. ഇതോടെ അവരുടെ മക്കള്‍ രക്ഷിതാക്കളില്‍നിന്നും അമ്മമാരില്‍നിന്നും വേര്‍പെടുത്തപ്പെട്ടു. ക്രൊയേഷ്യയിലെ ക്യാമ്പുകളില്‍ മാതാപിതാക്കളില്‍നിന്ന് വേര്‍പെട്ട് കഴിയേണ്ടിവന്ന കുട്ടികളുടെ അവസ്ഥ അതീവ ദയനീയമായിരുന്നു. ക്യാമ്പുകളില്‍ വെറും നിലത്ത് ആവശ്യത്തിന് വസ്ത്രങ്ങളില്ലാതെ പിഞ്ചുകുട്ടികള്‍ കിടന്നുറങ്ങി. മാനുഷിക പരിഗണനപോലും ലഭിക്കാതെ വന്നതോടെ കുട്ടികളില്‍ നല്ലൊരുപങ്കും രോഗബാധിതരായെങ്കിലും അവര്‍ക്ക് വൈദ്യസഹായം അടക്കമുള്ളവ ലഭിച്ചില്ല. പലരും മരിച്ചു. യുദ്ധക്കെടുതികള്‍ അവസാനിക്കുന്നതോടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പിഞ്ചോമനകളെ തേടിവരുമ്പോഴേക്കും കുട്ടികളില്‍ നല്ലൊരുശതമാനവും കടുത്ത ദുരിതവും അവഗണനയും സഹിച്ച് മരിക്കേണ്ടി വന്നേനേ. എന്നാല്‍ അത്തരത്തിലുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജീവന് രക്ഷിച്ചത് ഡയാന ബുദിസാല്വ്ല്ജെവിക് എന്ന ഒരു ഓസ്ട്രിയന്‍ വനിത ആയിരുന്നു. സമ്പന്നയും ഒരു ഡോക്ടറുടെ ഭാര്യയും ഓസ്ട്രിയക്കാരിയും ആയിരുന്ന അവരെ ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ വല്ലാതെ ബാധിക്കാന്‍ ഇടയുണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് അവര്‍ ആയിരക്കണക്കിന് പിഞ്ചോമനകളുടെ ജീവന് സംരക്ഷിക്കാനുള്ള വലിയ ദൗത്യവുമായി അന്ന് രംഗത്തിറങ്ങിയത്.
ആരായിരുന്നു ഡയാന ?
1891 ജനുവരി 15-ന് ഇന്‍സ്ബെര്‍ഗില്‍ ജനിച്ച ഡയാന ഒബെക്സര് എന്ന വനിത ഡോ. ജൂലിയസ് ബുദിസാല്വ്ല്ജെവിക്കിനെ വിവാഹം കഴിച്ച ശേഷമാണ് ഡയാന ബുദിസാല്വ്ല്ജെവിക് ആയി മാറിയത്. നഴ്സായിരുന്നു അവര്‍. ആ സമയത്ത് ഇന്സ്ബര്ഗിലെ സര്‍ജിക്കല്‍ ക്ലിനിക്കില്‍ ഇന്റേണ്‍ ഫിസിഷ്യന്‍ ആയിരുന്നു ഡോ. ജൂലിയസ്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് സഗ്രെബിലെ സ്കൂള്‍ ഓഫ് മെഡിസിനില്‍ സര്‍ജറി പ്രൊഫസറായി നിയമിതനായി. ഇതേത്തുടര്‍ന്നാണ് ദമ്പതിമാര്‍ സഗ്രെബ്ബിലേക്ക് താമസം മാറിയത്. നിരവധി കുട്ടികള്‍ ക്യാമ്പുകളില്‍ കടുത്ത ദുരിതം അനുഭവിച്ച് കഴിയുന്നുവെന്ന് അവിടെവച്ചാണ് ഡയാന അറിയാനിടയായത്. കുട്ടികളെ സഹായിക്കുന്നതിനും അവരുടെ ജീവന് രക്ഷിക്കുന്നതിനുമുള്ള വലിയ ദൗത്യത്തിന് ഏതാനും ചിലരുടെ സഹായത്തോടെ അവര്‍ തുടക്കം കുറച്ചു. കുട്ടികള്‍ക്കുവേണ്ട വസ്ത്രങ്ങള്‍ സമാഹരിച്ച് സ്വന്തം ഗാരേജില്‍വച്ച് അവ പായ്ക്കുചെയ്യാന്‍ ആരംഭിച്ചു. ബ്രെഡ്, മുട്ട, വെണ്ണ, ഉണക്കിയ പന്നിയിറച്ചി, പാകംചെയ്ത ഇറച്ചി, നാരങ്ങ, ഉപ്പ്, ഉള്ളി, വെളുത്തുള്ളി, തേയില, പഞ്ചസാര, ഉണക്കിയ പഴങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് എത്തിച്ചു നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഡയാന തുടക്കം കുറിച്ചു. എന്നാല്‍ കടുത്ത ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ കണ്ണീരൊപ്പാന്‍ ഇവയൊന്നും പര്യാപ്തമായിരുന്നില്ല.
ക്യാമ്പുകളിലെ കണ്ണീര്‍കാഴ്ചകള്‍
കുട്ടികളെ പാര്‍പ്പിച്ചിരുന്ന ഒരു ക്യാമ്പ് 1942 ല്‍ റെഡ് ക്രോസ് നഴ്സിനൊപ്പം റെഡ് ക്രോസ് യൂണിഫോം ധരിച്ചാണ് ഡയാന സന്ദര്‍ശിക്കുന്നത്. മാതാപിതാക്കളെ വേര്‍പെട്ട് ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന കുട്ടികളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. മുഖത്ത് ദയനീയ ഭാവവുമായി ശോഷിച്ച കൈകാലുകളും വീര്‍ത്ത വയറുമുളള ആയിരക്കണക്കിന് കുട്ടികളെയാണ് ഡയാന അവിടെ കണ്ടത്. മൂത്രത്തിന്റെ അസഹ്യമായ ഗന്ധം പരന്ന ആ ക്യാമ്പില്‍ കുട്ടികള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ശൗചാലയമോ ആവശ്യത്തിന് വെള്ളമോ ഉണ്ടായിരുന്നില്ല. പകര്‍ച്ചപ്പനിയും മലേറിയയും വയറിളക്കവും ഡിഫ്തീരിയയും അടക്കമുള്ളവ കുട്ടികളെ ബാധിച്ചിരുന്നു. ആശുപത്രിയെന്ന് അവകാശപ്പെട്ടിരുന്ന സ്ഥലത്ത് കിടക്ക അടക്കമുള്ള ഫര്‍ണിച്ചറുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. രാത്രിയില്‍ മൂത്രമൊഴിക്കുന്നതിന് ഉപയോഗിച്ചിരുന്ന നൈറ്റ് പോട്ടുകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മെലിഞ്ഞ് ഉണങ്ങി ആരോഗ്യം ക്ഷയിച്ച കുട്ടികള്‍ വെറും നിലത്താണ് ഇരുന്നതും കിടന്നതും. ഓരോ കുട്ടിയുടെയും കണ്ണില്‍ മരണം നിഴലിച്ചിരുന്നു. അവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും ? എന്തെങ്കിലും സഹായം ചെയ്യാം എന്നുവച്ചാല്പോലും വളരെ വൈകിയിരിക്കുന്നു എന്നാണ് അവിടുത്തെ ഡോക്ടര്‍ ഡയാനയോട് പറഞ്ഞത്. പല കുട്ടികളും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നതിനു മുമ്പ് തട്ടിന്‍പുറത്തേക്കുള്ള ഗോവണിയിലും വസ്ത്രം അലക്കാനുള്ള സ്ഥലത്തും കൂട്ടിയിടുകയാണ് ചെയ്തിരുന്നത്. അടിയന്തര വൈദ്യസഹായമായിരുന്നു ക്യാമ്പിലെ മിക്ക കുട്ടികള്‍ക്കും വേണ്ടിയിരുന്നത്.
എന്നാല്‍ അധികൃതരില്‍നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങാതെ കുട്ടികള്‍ക്ക് വൈദ്യസഹായം എത്തിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്ന് ക്യാമ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കാതെ കടുത്ത സമ്മര്‍ദ്ദം ചെലുത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ ദൃഢനിശ്ചയത്തോടെ ഡയാന പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമായി 6000 കുട്ടികളെ മൂന്ന് ക്യാമ്പുകളില്‍നിന്ന് സഗ്രെബിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.
മാതാപിതാക്കള്‍ക്ക് തിരിച്ചറിയാനായി ഓരോ കുട്ടിയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി
ക്യാമ്പുകളില്‍ മരണത്തോട് മല്ലിട്ട് കഴിയുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഡയാന തീരുമാനിച്ചു. അധികാര കേന്ദ്രങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്താനുളള ദൗത്യം നിറവേറ്റാനുള്ള രേഖാമൂലമുള്ള അനുമതി അവര്‍ സ്വന്തമാക്കി. കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് നേതൃത്വം നല്കാന് ഒരു ഡോക്ടറെ കണ്ടെത്തി. ഡോക്ടര്‍ ആരോ കുട്ടിയുടെയും ആരോഗ്യം വിലയിരുത്തുകയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനായി യാത്ര ചെയ്യാനുള്ള ആരോഗ്യം ഓരോ കുട്ടിക്കും ഉണ്ടോ എന്ന് വിലയിരുത്തുകയും ചെയ്തു. ഇതിനുശേഷം യാത്രചെയ്യാനുള്ള ആരോഗ്യമുള്ള കുട്ടികളെ വിവിധ സ്ഥാപനങ്ങളിലാക്കി.
വളരെ ചെറിയ കുട്ടികളായിരുന്ന അവരില്‍ പലര്‍ക്കും സ്വന്തം നിലയില്‍ സംസാരിക്കുാൻ പോലും അന്ന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡയാന ഓരോ കുട്ടികളുടെയും ശാരീരികമായ പ്രത്യേകതകള്‍ രേഖപ്പെടുത്തി വച്ചുതുടങ്ങി. ശരീരത്തിലുള്ള പാടുകള്‍, കണ്ണിന്റെയും മുടിയുടെയും പ്രത്യേകതകള്‍ എന്നിവയെല്ലാം വിശദമായി ഡയാന എഴുതിവച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ നേരിടേണ്ടിവന്ന ഓരോ കുട്ടിയുടെയും വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഫയലായി അത് മാറി. ഇതേക്കുറിച്ചുള്ള വിവരമറിഞ്ഞ് ലേബര്‍ ക്യാമ്പുകളില്‍ അടിമവേല ചെയ്യാന്‍ വിധിക്കപ്പെട്ട ദൗര്ഭാഗ്യവാന്മാരായ പലരും തങ്ങളുടെ മക്കളുടെ വിവരങ്ങള്‍ ആരാഞ്ഞ് നെടുവീര്‍പ്പോടും വേദനയോടുംകൂടി ഡയാനയ്ക്ക് കത്തുകള്‍ അയച്ചുതുടങ്ങി. ഇതോടെ കുട്ടികളെയും കൂട്ടി അവരുടെ മാതാപിതാക്കളെ നേരില്‍ക്കാണാനുള്ള പരിശ്രമങ്ങള്‍ ഡയാന നടത്തി. എന്നാല്‍ 1945 മെയ് മാസത്തില്‍ പിഞ്ചുകുട്ടികളുടെ വിവരങ്ങളെല്ലാം ശേഖരിച്ചുവച്ചിരുന്ന ആ ഫയല്‍ ഭരണകൂടം കണ്ടുകെട്ടി.
യുദ്ധക്കെടുതികള്‍ അവസാനിക്കുന്നതോടെ ഓരോ പിഞ്ചുകുഞ്ഞിനെയും അവരുടെ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാനുള്ള വലിയ ദൗത്യം മുന്നില്‍ക്കണ്ടാണ് ഡയാന ആ ഫയല്‍ തയ്യാറാക്കിയത്. എന്നാല്‍ ഭരണകൂടം ആ ഫയല്‍ കണ്ടുകെട്ടിയതോടെ അവരുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. കാണാതെപോയ മക്കള്‍ക്കു വേണ്ടിയുടെ നിരവധി അമ്മമാരുടെ തിരച്ചില്‍ ഫലംകാണണം എന്ന ലക്ഷ്യത്തോടെ ഡയാന തയ്യാറാക്കിവച്ച വിവരങ്ങള്‍ പിന്നീട് വെളിച്ചംകണ്ടില്ല. എങ്കിലും ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെടുത്തി വിവിധ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച നിരവധി കുട്ടികളെ സ്വന്തം കുടുംബത്തിന്റെ തണലിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതേക്കുറിച്ചെല്ലാം ഡയാന തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങളെല്ലാം അവരുടെ മരണത്തിന് ശേഷമാണ് ലോകം അറിഞ്ഞത്. അവരുടെ പേരക്കുട്ടി 2003 ല്‍ ഈ ഡയറി പ്രസിദ്ധീകരിച്ചതോടെ. രണ്ടാം ലോക മഹായുദ്ധത്തിനിടെ 15,000ത്തിലധികം കുട്ടികളെയാണ് ഡയാന മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ലോകയുദ്ധത്തിനിടയിലെ ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി അതിനെ വിലയിരുത്തപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം ഡയാനയെക്കുറിച്ച് അധികമാരും ഓര്‍ത്തില്ല. യുദ്ധത്തിനിടെ അവര്‍ നിര്വഹിച്ചദൗത്യം അതോടെ ഏതാണ്ട് വിസ്മൃതിയിലായി. അധികൃതരും അവരോട് അനുഭാവം കാട്ടിയില്ല. 1972 വരെ ഭര്‍ത്താവിനൊപ്പം സഗ്രെബില്‍ താമസിച്ച അവര്‍ പിന്നീട് സ്വന്തം ദേശമായ ഇന്സ്ബര്ഗിലേക്ക് മടങ്ങി. 1978 ഓഗസ്റ്റ് 20 ന് അവര്‍ മരിച്ചു. 2013 ല്‍ സെര്‍ബിയന്‍ സ്റ്റേറ്റ്ഹുഡ് ഡേയില്‍ അന്നത്തെ പ്രസിഡന്റ് ബോറിസ് ടോഡിക് അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാനിച്ച് മരണാനന്തര ബഹുമതിയായി സ്വര്‍ണമെഡല്‍ സമ്മാനിച്ചു. സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പമോന്നത ബഹുമതിയും അവര്‍ക്ക് ലഭിച്ചു. പിന്നീട് സെഗ്രെബിലെ ഒരു പാര്‍ക്കിനും ബെല്‍ഗ്രേഡിലെ സ്ട്രീറ്റിനും അധികൃതര്‍ ഡയാനയുടെ പേരുനല്കി.
അവലംബം : BBC, SarajevoTimes, rferl.org, medium.com
content highlights: Story of Diana Budisavljević, saviour of thousands of children during world war 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..