കൈക്കുഞ്ഞിനെ കൈയിലേന്തിയ 18കാരിയായ വിധവയില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ വനിത എന്‍ജിനീയറിലേക്ക്


By അഞ്ജന രാമത്ത്‌

3 min read
Read later
Print
Share

Ayyalasomayajula Lalitha, Image: Women's Eng. Society twitter

18-മത്തെ വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ ലളിതയുടെ കൈയില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം നാല് മാസം പ്രായമുള്ള കുട്ടിയും സെക്കന്‍ഡറി വിദ്യാഭ്യാസവുമായിരുന്നു. മുന്നിലുള്ളതാവട്ടെ വൈധവ്യത്തിന്റെ നീണ്ട ഇരുളടഞ്ഞ ഇടനാഴിയും. പക്ഷേ ആ വഴി പോകാന്‍ ആ കരുത്തുറ്റ സ്ത്രീ തയ്യാറായില്ല. അങ്ങനെ അവര്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ വനിതാ എന്‍ജിനീയറായി. പെണ്‍കരുത്തിന്റെ മറുപേരായ അയ്യല സോമായാജുല ലളിതയുടെ ജീവിതം പഠിപ്പിക്കുന്നത് പോരാട്ടത്തിന്റെ ജീവിത പാഠങ്ങളാണ്

1919 ല്‍ മദ്രാസിലെ തെലുഗു കുടുംബത്തിലാണ് ലളിതയുടെ ജനനം. ഏഴ് മക്കളില്‍ അഞ്ചാമതായിരുന്നു ലളിത. എന്‍ജിനീയറായ അച്ഛനും അതേ പാത തിരഞ്ഞെടുത്ത സഹോദരന്‍മാരും. ചെറുപ്പം മുതലേ വിദ്യാഭ്യാസത്തിന്റെ വില അറിഞ്ഞ് വളര്‍ന്ന ലളിത പഠനത്തില്‍ മിടുക്കിയായി വളര്‍ന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അടുക്കളയില്‍ മാത്രം കഴിവ് തെളിയിച്ചാല്‍ മതിയെന്ന് ഉറപ്പിച്ച സമൂഹത്തില്‍ ലളിതയ്ക്ക് തന്റെ 15-മത്തെ വയസ്സില്‍ വിവാഹിതയാവേണ്ടി വന്നു. പുസ്തകവും പേനയും പിടിച്ച കൈയില്‍ കരിപിടിച്ച പാത്രങ്ങളും ചൂലും അമ്മാനമാടി. എങ്കിലും വിവാഹശേഷം സെക്കൻഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായി ലളിതയ്ക്ക് പറ്റി പിന്നീട് അതിന് ഫുള്‍സ്റ്റോപ്പിടേണ്ടിയും വന്നു.

മകള്‍ ശ്യാമളയ്ക്ക് നാലുമാസം പ്രായമുള്ളപ്പോഴായിരുന്നു ഭര്‍ത്താവിന്റെ അകാല വിയോഗം. അന്നത്തെ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ ഒരു വിധവ തലമുണ്ഡനം ചെയ്ത് വീടിനുള്ളില്‍ തന്നെ ഒതുങ്ങി ലോകത്തിന്റെ കണ്ണില്‍ അശുഭലക്ഷണമായി മാറണമായിരുന്നു. എന്നാല്‍ അതിന് തനിക്കാവില്ലെന്ന ലളിത ഉറച്ച് വിശ്വസിച്ചു. പഠിക്കണമെന്നും തൊഴില്‍ നേടണമെന്നുമുള്ള തന്റെ ആവശ്യം ധൈര്യപൂര്‍വ്വം വീട്ടുകാര്‍ക്ക് മുന്നില്‍ ലളിത അവതരിപ്പിച്ചു. മകള്‍ക്ക് മുന്നില്‍ മികച്ച മാതൃകയാകാനായി ഒരുങ്ങിപ്പുറപ്പെട്ടു.

പിന്നീട് ലളിതയുടെ ആവശ്യപ്രകാരം അച്ഛന്‍ പപ്പു സുബ്ബറാവുവിന്റെ പിന്തുണയോടെ വിദ്യാഭ്യാസം പുനരാരംഭിച്ചു. അന്നത്തെ കാലത്തെ ട്രെൻഡനുസരിച്ച് ലളിത മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എന്‍ജിനീയര്‍മാരുടെ കുടുംബത്തില്‍ പിറന്ന ലളിതയ്ക്ക് ആ ജോലിയോട് അതിയായ ആഗ്രഹമുണ്ടായിരുന്നു അതിനാല്‍ തന്നെ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം അവര്‍ എന്‍ജിനീയറിങ് തന്നെ തിരഞ്ഞെടുത്തു. ഗിണ്ടി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലായിരുന്നു പഠനം.കോളേജിലെ ആദ്യ വിദ്യാര്‍ഥിനിയായി അവര്‍ ചരിത്രമെഴുതി. അതുവരെ ആൺകുട്ടികൾ മാത്രമായിരുന്നു കോളേജിലുണ്ടായിരുന്നത്.

ലളിതയ്ക്കായുള്ള ഹോസ്റ്റല്‍, പ്രത്യേക ശൗചാലയം തുടങ്ങി കോളേജിന് ചെയ്യാന്‍ പറ്റുന്ന എല്ലാ ഭൗതിക സഹായങ്ങളും അവര്‍ ചെയ്തു നല്‍കി. പിന്നീട് ഈ കോളേജിലേക്ക് പഠിക്കാനായി മലയാളികളായ പി.കെ. ത്രേസ്യയും ലീലാമ്മ കോശിയും എത്തി. അത് വരെ സര്‍ട്ടിഫിക്കറ്റില്‍ സ്ഥാനം പിടിച്ചിരുന്ന HE ക്കൊപ്പം SHE കൂടി വന്നു

പഠനകാലയളവില്‍ ലളിതയുടെ മകള്‍ ശ്യാമളയെ സംരക്ഷിച്ചിരുന്നത് ലളിതയുടെ സഹോദരന്‍മാരായിരുന്നു. സഹോദരഭാര്യ ശ്യാമളയെ സ്വന്തം മകളെ പോലെ ചേര്‍ത്ത് പിടിച്ചു. പഠനത്തോടുള്ള ലളിതയുടെ ആവേശത്തെ കോളേജ് അധികൃതരും വളരെ മികച്ച രീതീയിലാണ് വരവേറ്റത്. ലഭിച്ച എല്ലാ അവസരങ്ങളേയും മികവോടെ ഉപയോഗിച്ച് മികച്ച മാര്‍ക്കോടെ ഇലക്ട്രിക്കൽ എന്‍ജിനീയറിങ് ലളിത പാസായി. ഇതോടെ രാജ്യത്തെ ആദ്യത്തെ വനിതാ എന്‍ജിനീയര്‍ എന്ന ഖ്യാതിയും ലളിതയ്ക്ക് സ്വന്തമായി. ലളിതയ്‌ക്കൊപ്പം പഠിക്കാനായി കോളേജില്‍ എത്തിയ ലീലാമ്മയും ത്രേസ്യയും പിന്നീട് സിവില്‍ എന്‍ജിനീയര്‍മാരായി കേരളത്തില്‍ സജീവമായി.

പഠനത്തിന് ശേഷം ലളിത യാത്ര തിരിച്ചത് ഷിംലയിലെ സെന്‍ട്രല്‍ സ്റ്റാൻഡേര്‍ഡ് ഓര്‍ഗനൈസേഷനിലേക്കാണ്. മകളെ സംരംക്ഷിച്ചിരുന്ന സഹോദരന്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. തന്റെ മകളെ നോക്കാനും അവള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും വേണ്ടിയായിരുന്നു ഇത്തരത്തിലൊരു തീരുമാനം

പിന്നീട് അച്ഛനോടൊപ്പമുള്ള ഗവേഷണത്തിനായി ചെന്നെെയിലേക്ക് പുറപ്പെട്ടു. അതിനു ശേഷം കൊല്‍ക്കത്തയിലെ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ജോലിക്ക് കയറി. ഇരുപത് വര്‍ഷത്തോളം നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ സജീവമായി ജോലി ചെയ്തു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഐക്യാരാഷ്ട്ര സംഘടനയുടെ എന്‍ജിനീയറിങ് പ്രോജക്റ്റുകളില്‍ കണ്‍സള്‍ട്ടന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

തന്റെ എന്‍ജിനീയറിങ് കരിയറില്‍ നിരവധി നവോത്ഥാനപരമായ ഗവേഷണങ്ങളിലും ലളിത പങ്കാളിയായിട്ടുണ്ട്. ഇലക്ട്രിക്ക് ഫ്‌ളെയിം പ്രൊഡ്യൂസര്‍, സ്‌മോക്ക്‌ലെസ് ഓവന്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതോപകരണമായ ജെലക്ട്രോമോണിയം എന്നിവ അവയില്‍ ചിലത് മാത്രമാണ്.

വിപ്ലവകരമായി ജീവിതം വെട്ടിപിടിച്ച സ്ത്രീയെന്ന രീതിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായും ലിംഗനീതിക്കായും അവര്‍ നിരന്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ടേയിരുന്നു. സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ അവകാശം വേണമെന്ന് അവര്‍ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്തു.

എന്‍ജിനീയറിങ് മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി 1969-ല്‍ പത്മശ്രീ നല്‍കി രാജ്യം ലളിതയെ ആദരിച്ചു.1964-ൽ നടന്ന ന്യൂയോര്‍ക്ക് വേള്‍ഡ് ഫെയറില്‍ നടന്ന വനിത എന്‍ജിനീയര്‍മാരുടെ ആദ്യ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ലളിതയായിരുന്നു. ലണ്ടനിലെ വിമൻ എന്‍ജിനിയറിങ് സൊസൈറ്റിയില്‍ 1965-ല്‍ അംഗമായിരുന്നു.

തന്റെ തിരക്കിട്ട തൊഴില്‍ ജീവിതത്തിലും മകള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാനും അവള്‍ക്ക് വേണ്ട എല്ലാ കരുതലും കൊടുക്കാനും ലളിത മറന്നില്ല. അച്ഛനില്ലാത്ത ശൂന്യത തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് ഒരിക്കലൊരു അഭിമുഖത്തില്‍ മകള്‍ ശ്യാമള പറയുകയുണ്ടായി.
പിന്നീടൊരു വിവാഹത്തിനും ലളിത നിന്നില്ല. വീണ്ടുമൊരു വിവാഹം എന്ന ചോദ്യത്തിന് മുഖം കൊടുക്കാതെയായിരുന്നു ലളിതയുടെ ജീവിതം. മറ്റുള്ളവരോടുള്ള ക്ഷമയോടുള്ള സമീപനവും വാക്കുകള്‍ക്ക് പകരം പ്രവൃത്തിയുലൂന്നിയുള്ള അമ്മയുടെ ജീവിതവുമാണ് അമ്മയില്‍ നിന്ന് പഠിച്ച പാഠമെന്ന് ശ്യാമള പറയുന്നു.

1979-ല്‍ അറുപതാം വയസില്‍ അസുഖബാധിതയായി ആ പെണ്‍പോരാളി ഈ ലോകത്തോട് വിടപറഞ്ഞു.

Content Highlights: Story of Ayyalasomayajula Lalitha path breakers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
1
Premium

4 min

ദേവതമാരുടെ അര്‍ധനഗ്ന ശിൽപങ്ങളിൽ കാണുന്നത് നഗ്നതയല്ല; ദൈവികത | രഹ്ന ഫാത്തിമ കേസ് അവലോകനം | Law Point

Jun 8, 2023


athijeevanam
അതിജീവനം 114

3 min

ബിഹാറിലെ നരച്ച ഗ്രാമങ്ങളിലേക്ക് പടർന്ന വെളിച്ചം; സൈക്കിൾ ദീദിയും അവരുടെ സ്വപ്നങ്ങളും | അതിജീവനം 105

May 12, 2023


rahul gandhi
Premium

3 min

സൂറത്ത് മുതല്‍ സുപ്രീം കോടതി വരെ; നീതിപര്‍വ്വം താണ്ടാന്‍ രാഹുല്‍ | LawPoint

Apr 12, 2023

Most Commented