പട്ടിണി കിടക്കാന്‍ ഇനിയും വയ്യ, ചാവാതിരിക്കാന്‍ ഒരു കാരണം പറയൂ | അതിജീവനം 80


എ.വി. മുകേഷ്

അബ്ദുല്‍ സലാം കടന്നുവന്ന വഴികളില്‍ അതിജീവനത്തിന്റെ കണികപോലും അദൃശ്യമാണ്. അത്രമേല്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ജീവിതത്തിന്റെ സായാഹ്നഘട്ടത്തിലെങ്കിലും ആ മനുഷ്യനോടൊപ്പം നില്‍ക്കേണ്ടതുണ്ട്.

അബ്ദുൽ സലാമും ലൈലയും വഴിയോരത്തെ കുടിലിനു മുന്നിൽ | ഫോട്ടോ പി.എൻ. അനസ്‌

'ചാവാതിരിക്കാന്‍ ഒരു കാരണം പറഞ്ഞു തരൂ. റേഷനരിയും കാന്താരി മുളകും തിന്നാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കുറച്ച് ദിവസം മുന്നേ കാന്താരിയും തീര്‍ന്നു. വല്ലപ്പോഴും തോട്ടിലൂടെ ഒഴുകി വരുന്ന തേങ്ങയാണ് ആകെ ആശ്വാസം. അന്ന് പെരുന്നാളാണ്. നാവിനിപ്പൊ രുചി പോലും മനസിലാക്കാന്‍ പറ്റണില്ല. എപ്പോഴും മുളകിന്റെ കുത്തുന്ന എരിവാണ്. പട്ടിണി കിടന്ന് മടുത്തു'.

മുഖത്ത് നിസ്സഹായമായ ഒരു ചിരി വരുത്തി അബ്ദുല്‍ സലാം പറഞ്ഞു നിര്‍ത്തി. വയറ്റില്‍ ആളുന്ന വിശപ്പിന്റെ തീ അപ്പോള്‍ കണ്ണുകളില്‍ നിറഞ്ഞിരുന്നു. ഏറെ നേരം നിശബ്ദനായി. മുന്നിലെ പ്രതിസന്ധികള്‍ ഒരോന്നും മനസ്സിലൂടെ മിന്നിമാഞ്ഞിരിക്കണം. നിറഞ്ഞ കണ്ണുകളില്‍ അത് വ്യക്തമായിരുന്നു. ജീവിതവഴികളില്‍ നേരിട്ട അനുഭവങ്ങളുടെ ചൂട് ഓര്‍മ്മകള്‍ക്കൊപ്പം ആ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ കൊരട്ടിയിലാണ് അബ്ദുല്‍ സലാം ജനിച്ചു വളര്‍ന്നത്. ഉപ്പയുടെ കാളവണ്ടി ഓടിച്ചു തുടങ്ങിയ കാലം മുതലുള്ള സ്വപ്നമാണ് വയറു നിറച്ചും ഭക്ഷണം കഴിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും അത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഓരോ ദിവസവും തന്റെ ആഗ്രഹങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കുടുംബത്തിനും സഹജീവികള്‍ക്കുമായി ജീവിച്ച് കാലവും സമയവും കടന്നുപോയത് അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിച്ചില്ല. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണിപ്പോള്‍.

'ശരീരം നിറയെയുള്ള അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതിനാല്‍ കുറെ വിശപ്പ് അങ്ങനെ പോകും.' തങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇതിലും നന്നായി പറയാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ലൈല പറഞ്ഞത്. കാറ്റ് പോലും നിശബ്ദമായിരുന്നു ആ വാക്കുകള്‍ക്ക് മുന്നില്‍.

വിശപ്പെന്ന വാക്കിന്റെ വ്യാപ്തി അത് അനുഭവിച്ചവര്‍ക്ക് മാത്രമേ ആ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ സാധിക്കു. അത്രമേല്‍ ആഴമുള്ള വേദനയാണത്. അബ്ദുല്‍ സലാം കടന്നുവന്ന വഴികളില്‍ അതിജീവനത്തിന്റെ കണികപോലും അദൃശ്യമാണ്. അത്രമേല്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ജീവിതത്തിന്റെ സായാഹ്നഘട്ടത്തിലെങ്കിലും ആ മനുഷ്യനോടൊപ്പം നില്‍ക്കേണ്ടതുണ്ട്.

Laila Salam
അബ്ദുല്‍ സലാമും ലൈലയും | ഫോട്ടോ: പി.എന്‍. അനസ്‌

ഓര്‍മ്മകളിലെ ചക്രച്ചാലുകള്‍

തമ്പിക്കുഞ്ഞിന്റെയും ഫാത്തിമ്മയുടെയും അഞ്ച് മക്കളില്‍ മൂത്ത കുട്ടിയായിരുന്നു അബ്ദുല്‍ സലാം. കാളവണ്ടിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കലായിരുന്നു ഉപ്പയുടെ ജോലി. കുടുംബത്തിന് ആകെയുള്ള സമ്പാദ്യവും കാളവണ്ടിയാണ്. രാപ്പകല്‍ അധ്വാനിക്കുമെങ്കിലും ഏഴ് വയര്‍ നിറക്കാനുള്ള വരുമാനം കാളവണ്ടിയില്‍നിന്ന് കിട്ടിയിരുന്നില്ല. മണിമലയാറിലെ വെള്ളം കുടിച്ച് വയര്‍ നിറച്ച കുട്ടിക്കാലമാണ് ഓര്‍മ്മകളില്‍ അവശേഷിക്കുന്നത്.
അന്നത്തിന് വകയില്ലാത്ത കാലത്ത് വിദ്യാലയം സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.

ഉപ്പയ്ക്ക് പൊടുന്നനെ വന്ന പനിയാണ് കുടുംബത്തിന്റെ ജാതകം മാറ്റിഎഴുതിയത്. മണ്‍റോഡിലൂടെ മുണ്ടക്കയം ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും ഉപ്പയെ നഷ്ടമായിരുന്നു. വാടകവീട്ടില്‍ അവശേഷിച്ചത് പട്ടിണിയാണ്. 8 വയസ്സുകാരനായ അബ്ദുല്‍ സലാം ജീവിതത്തിനുമുന്നിലെ ചോദ്യങ്ങള്‍ക്കും വിശപ്പിനും മുന്നില്‍ ഒറ്റപ്പെട്ടു. ഉപ്പയുടെ ഗന്ധം ഒറ്റമുറി വീട്ടില്‍നിന്നു പോകുന്നതിന് മുന്‍പെ ജോലി അന്വേഷിച്ച് ഇറങ്ങേണ്ടിവന്നു.

കീറിയ ട്രൗസറുമിട്ട് നേരെ പോയത് പുത്തന്‍ ചന്തയിലേക്കാണ്. കച്ചവടത്തിന് വന്നവര്‍ക്ക് ചായ വാങ്ങികൊടുത്തും സാധ്യമായ പണികള്‍ ചെയ്തും അവരില്‍ ഒരാളായി. പുലരുന്നതിനു മുന്‍പെ ചന്തയില്‍ എത്തണം. ഇരുട്ട് വീഴുന്നത് വരെ പണിയാണ്. ഒരണയാണ് കൂലിയായി കിട്ടുക. വീട്ടില്‍ ഒരു നേരത്തെ കഞ്ഞിക്കുപോലും അത് തികയില്ല. തീറ്റപ്പുല്ല് വില്‍ക്കാനായി ഉമ്മയ്ക്കും ചന്തയിലേക്ക് വരേണ്ടി വന്നു. പ്രായമായ ഉമ്മ വെയിലും മഴയും കാര്യമാക്കാത്ത ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി ഓടി നടന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വേദനയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ചക്രങ്ങള്‍ ഉരുണ്ട് തുടങ്ങിയത് മുതല്‍ കണ്ണീരുമാത്രമാണ് ആ വഴികളിലത്രയും.

Laila Salam
അബ്ദുല്‍ സലാമും ലൈലയും | ഫോട്ടോ: പി.എന്‍. അനസ്‌

ഒറ്റപ്പെടുന്നവന് മുന്നില്‍ ദൈവമുണ്ടാവും

കാലം മുന്നോട്ട് പോകുംതോറും ജീവിതച്ചെലവുകളും ഇരട്ടിച്ചു. പതിനഞ്ചാം വയസ്സില്‍ ചന്തവിട്ട് കൂലിപ്പണിക്ക് പോയിത്തുടങ്ങി. അഞ്ച് രൂപയായിരുന്നു അന്നത്തെ കൂലി. പിന്നീടങ്ങോട്ട് എണ്ണമറ്റ ജോലികള്‍ ചെയ്തു. എരുമേലിയിലെ ഹോട്ടലില്‍ എത്തുന്നത് അക്കാലത്താണ്. അപ്പോഴേക്കും പ്രായാധിക്യം കാരണം ഉമ്മയും പോയിരുന്നു. കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിഞ്ഞെങ്കിലും അത് മറ്റൊരു ദുരന്തമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ മറ്റൊരു ജീവിതത്തിലേക്ക് പോയതോടെ പിന്നെയും ഒറ്റപ്പെട്ടു. കൂടെപ്പിറപ്പുകളും പല വഴികളിലായി പിരിഞ്ഞുപോയി.

ജോലി ചെയ്യുന്ന ഹോട്ടലില്‍ തന്നെയായിരുന്നു പിന്നീടുള്ള ജീവിതം. തുച്ഛമായ കൂലിയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. മിക്ക ദിവസവും അതും കിട്ടില്ല. ശബരിമല തീര്‍ത്ഥാടന കാലമാണ് ഏക ആശ്വാസം. അയ്യപ്പന്മാര്‍ക്കായി മലമുകളില്‍ കെട്ടുന്ന താല്‍ക്കാലിക ചായക്കടകളില്‍ മണ്ഡലമാസക്കാലം മുഴുവന്‍ അബ്ദുല്‍ സലാം ഉണ്ടാവും. അങ്ങനെയൊരു തീര്‍ത്ഥാടനകാലം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ജീവിതം അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്.

ഹോട്ടല്‍ ജോലിക്ക് വന്ന ലൈലയുമായി അടുക്കാന്‍ അധികസമയം വേണ്ടിവന്നില്ല. ഒറ്റപ്പെടലിന്റെ കാര്യത്തില്‍ ഇരുവരും സമാനദുഃഖിതരായിരുന്നു. വൈകാതെ തന്നെ ദൈവനാമത്തില്‍ കൈപിടിച്ച് ലൈലയെ കൂടെ കൂട്ടി. സ്ത്രീധനമായും മഹറായും കൈമാറാന്‍ ഇരുവര്‍ക്കുമുള്ളത് സ്‌നേഹം മാത്രമായിരുന്നു. ചെറിയ വാടകവീടെടുത്ത് ജീവിതം വീണ്ടും തുടങ്ങിയെങ്കിലും ദുരന്തങ്ങള്‍ തുടര്‍ക്കഥയായി.

വാദം വന്ന് പൊടുന്നനെ അബ്ദുല്‍ സലാമിന്റെ കാലുകള്‍ തളര്‍ന്നു. ആഴ്ചകളോളം ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അരിക്കലവും കാലിയായി. മണ്ണ് ചുമക്കാനും കൂലിപ്പണിക്കും പോയി ലൈലയാണ് അന്നത്തിനുള്ള വഴി ഉണ്ടാക്കിയത്. ചികിത്സക്ക് വലിയത്തുക വേണ്ടി വന്നു. അതുവരെ കരുതിവച്ചതെല്ലാം നഷ്ടമായി. ഒടുവില്‍ വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാതെ വീട് വിട്ട് തെരുവിലേക്ക് ഇറങ്ങി. പുറമ്പോക്കില്‍ ടാര്‍പ്പോളില്‍ വലിച്ചുകെട്ടി മഴകൊള്ളാത്ത വിധം സജ്ജമാക്കി. എല്ലാത്തിനും ദൈവത്തിന്റെ കയ്യില്‍ ഉത്തരമുണ്ടെന്ന് പറയുമ്പോള്‍ അബ്ദുല്‍ സലാമിന്റെ കണ്ണുകളില്‍ വേദന നിറയുന്നുണ്ടായിരുന്നു.

Laila
ലൈല | ഫോട്ടോ: പി.എന്‍. അനസ്‌

ഉപ്പും മുളകുമാണ് ആഹാരം

പുറമ്പോക്കിലെ ടാര്‍പോളിന്‍ ഷെഡില്‍ അഭയം പ്രാപിച്ചിട്ട് ഇപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞു. മുളയും പാഴ്‌വസ്തുക്കളും കൊണ്ടാണ് ഒറ്റമുറി ഷെഡ്ഡ് കെട്ടിയുണ്ടാക്കിയത്. മഴക്കാലം കൂടുതല്‍ ദുരിതപൂര്‍ണ്ണമാണ്. ഷീറ്റിനുള്ളിലൂടെ മഴവെള്ളം അകത്തേക്കുവരും. ശക്തമായ കാറ്റില്‍ പല തവണ ഷീറ്റ് പറന്നു പോയിട്ടുണ്ട്. സമീപത്തെ തോട്ടിലെ വെള്ളം അകത്തേക്ക് ഇരമ്പിയെത്തിയ ഓര്‍മ്മകളും നടുക്കുന്നതാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് അനുവദിച്ചിട്ടുണ്ടെന്നതാണ് ആശ്വാസ വാര്‍ത്ത. എന്നാല്‍ എപ്പോള്‍ എവിടെ ലഭിക്കും എന്ന് വ്യക്തമല്ല. എന്ത് ലഭിച്ചാലും തന്റെ കാലശേഷം യത്തീം മക്കള്‍ക്കായിരിക്കും അതിന്റെ ഉടമസ്ഥാവകാശം എന്നും അടിവരയിട്ട് അദ്ദേഹം പറയുന്നുണ്ട്.

കോവിഡ് വന്നതോടെ ഹോട്ടല്‍ ജോലിയും നഷ്ടമായ അവസ്ഥയാണ്. രണ്ട് വര്‍ഷമായി ഒരു ജോലിയുമില്ല. സര്‍ക്കാര്‍ നല്‍കി വന്നിരുന്ന കിറ്റായിരുന്നു ഏക ആശ്വാസം. അതിലെ സാധനങ്ങള്‍ കഴിയുന്നതോടെ കാന്താരി മുളകാണ് ആശ്രയം. ഇപ്പോള്‍ മുളക് പൂര്‍ണ്ണമായും തീര്‍ന്ന അവസ്ഥയാണ്. റേഷനരിക്കൊപ്പം മുളകുപൊടിയും ഉപ്പും ചാലിച്ചു കഴിക്കും. മാസാവസാനം ആകുമ്പോഴേക്കും എല്ലാം കാലിയാകും. പിശുക്കി ഉപയോഗിക്കുന്നത് കൊണ്ട് റേഷനരി മാത്രം ഉണ്ടാകും. അതുകൊണ്ട് കഞ്ഞി കുടിക്കും. ഓരോ വാക്കിലും അദ്ദേഹത്തിന്റെ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു.

പ്രായം കൂടുന്നതനുസരിച്ച് രോഗങ്ങളും ഒന്നിനുപുറകെ ഒന്നായി വന്നു. രണ്ടു പേര്‍ക്കും നിരന്തരം മരുന്ന് കഴിക്കേണ്ട ഒന്നിലേറെ അസുഖങ്ങള്‍ ഉണ്ട്. 2000 രൂപയോളം ഒരു മാസം മരുന്നുകള്‍ക്ക് മാത്രം വേണം. ആകെയുള്ള വരുമാനം 1500 രൂപ സര്‍ക്കാര്‍ പെന്‍ഷനാണ്. ബാക്കി വേണ്ട തുക സമീപവാസികളും സുഹൃത്തുക്കളും സഹായിക്കാറാണ് പതിവ്. കുറച്ചുകാലമായി അത്തരം സഹായങ്ങളും വിരളമാണ്.

സ്വന്തമായി അന്തിയുറങ്ങാന്‍ സുരക്ഷിതമായ കിടപ്പാടവും ആഹാരവും ഇല്ലാതായതോടെയാണ് അബ്ദുല്‍ സലാം നിസ്സഹായനായി അഭ്യര്‍ത്ഥിക്കുന്നത്. ആത്മഹത്യചെയ്യുമെന്ന് പറയേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ പട്ടിണി കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഇനി തീരുമാനിക്കേണ്ടത് ഈ നാടാണ്. സഹജീവിക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാധ്യത ഉണ്ടാക്കികൊടുക്കേണ്ടത് മനുഷ്യന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും കടമയാണ്.

mukeshpgdi@gmail.com

Content Highlights: Story of Abdul Salam and Laila, lonely couple | Athijeevanam 80

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented