.
കനകക്കുന്നിനെയാകെ മഴമേഘങ്ങൾ പൊതിഞ്ഞു. സൂര്യൻ നിറഞ്ഞു ജ്വലിക്കേണ്ട നട്ടുച്ചക്കും ഇരുട്ട് പതിയെ നിറയുന്നു. മേഘങ്ങൾക്കുള്ളിലേക്ക് പടർന്ന പോലുള്ള വൻ മരം. ആകാശത്തെയാകെ മറയ്ക്കുന്ന അവയുടെ ഇലകൾ. ആ ജൈവ വിസ്മയത്തിന് താഴെയാണ് മാതൃഭൂമി 'ക' ഫെസ്റ്റിവലിന്റെ ഒരു വേദി, 'അണ്ടർ ദ ട്രീ'.
മണ്ണിനെ നോവിക്കാത പൊഴിഞ്ഞു വീഴുന്ന ഇലകളെ പോലെ കാത്തിരിപ്പിന് വിരാമമിട്ട് അവർ വേദിയിലേക്ക് വന്നു. ചെറുചിരിയോടെ വേദിയിലെ മരബെഞ്ചിന്റെ ഓരത്ത് ഇരുന്നു. വന്നത് ആരെന്ന് അറിയാത്ത അങ്കലാപ്പ് ചിലരിൽ കാണാം. മോഡറേറ്റർ വന്നു പരിചയപ്പെടുത്തി, 'ഇത് സുധ വർഗ്ഗീസ്'. വേദി അവർക്കുമാത്രമായി ഒഴിഞ്ഞു കൊടുത്തു. അന്നാദ്യമായാണ് ഞാൻ സുധ വർഗീസിനെ കാണുന്നത്. കാണാൻ ഏറെ ആഗ്രഹിച്ച, കേട്ടു മാത്രം പരിചയമുള്ള ഒരാൾ. വിസ്മയകരമായ അവരുടെ ജീവിതത്തിന് മുന്നിൽ മറ്റാരെപ്പോലെയും ശ്വാസമടക്കി കേൾവിക്കാരനായി...
ബെഞ്ചിലെ കൈവരിയിൽ ഊന്നി അവർ പതിയെ എഴുന്നേറ്റു. കാലം ചെറു പാടുകൾ വീഴ്‌ത്തിയ കവിളിൽ വീണ്ടും ചിരി നിറഞ്ഞു. വേദിയിലൂടെ പതിയെ നടന്നു, അതിനിടക്ക് സംസാരിച്ചു തുടങ്ങി. 'എന്റെ ആളുകൾ അവരുടെ ഉന്നമനം'. പറഞ്ഞവസാനിപ്പിച്ച വരികളിൽ പലപ്പോഴും ആ പ്രയോഗം നിഴലിച്ചു നിന്നു. ബിഹാറിലെ മഹാദളിത് വിഭാഗമായ മുസഹറകളുടെ ജീവിതമാണ് അവർ ആവർത്തിച്ചത്. മണ്ണിലാണ്ടു പോയതുപോലെ ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ. അവരെ ചേർത്തു പിടിച്ച സ്വന്തം അനുഭവങ്ങൾ, നേരിട്ട പ്രതിസന്ധികൾ, വിജയങ്ങൾ. വേദി നിമിഷനേരത്തിനുള്ളിൽ നിറഞ്ഞു. അവിസ്മരണീയമായ അനുഭവനങ്ങൾക്ക് ഇലകളും ചെവിയോർക്കുന്ന പോലെ അവരിലേക്ക് ചാഞ്ഞു.
എലിയെ തിന്നുന്ന മനുഷ്യർ
കോട്ടയം കാഞ്ഞിരത്താനത്തുനിന്നാണ് സുധ വർഗ്ഗീസ് ബിഹാറിലെ നിറം മങ്ങി നരച്ച ഗ്രാമങ്ങളിലേക്ക് പടരുന്നത്. അവിടുത്തെ മനുഷ്യർ പാർക്കുന്ന കുടിലുകളുടെ ചിത്രങ്ങളാണ് അവരിലേക്കുള്ള വഴിയുടെ വേഗം കൂട്ടിയത്. ആ ഗ്രാമത്തിൽ കണ്ട കാഴ്ച്ചകൾക്ക് മുന്നിൽ നെഞ്ചുരുകി നിലച്ചു നിന്നു. നിസഹായരായ ഒരു കൂട്ടം മനുഷ്യർ പുഴുവിനെപ്പോലെ ജീവിക്കുന്നു.
ചുറ്റിലും പട്ടിണി മഹാമാരിപോലെ പടർന്ന ഗ്രാമങ്ങൾ. അവ നിരന്തരം പ്രണനെ വെല്ലുവിളിക്കുന്നു. രാപ്പകൽ അധ്വാനിച്ചാലും തുച്ഛമായ കൂലിയാണ്. അതിൽ തന്നെ സ്ത്രീക്കും പുരുഷനും രണ്ടു തരം. അധ്വാനത്തിന് മാത്രം ആ വിവേചനമില്ല. ജീവൻ ചേർത്തു പിടിക്കാനായാണ് ഗ്രാമവാസികൾ എലികളെ തിന്നുന്നത്. അതുകൊണ്ടു മാത്രമാണ് പ്രാണന്റെ തുടിപ്പ് നിലയ്ക്കാത്തത്. ആ കാഴ്ച്ചകളാണ് സുധ വർഗ്ഗീസിന് തന്റെ ജീവിതലക്ഷ്യം കൂടുതൽ വ്യക്തമാക്കികൊടുത്തത്.
.jpeg?$p=ba75a8d&&q=0.8)
ജാതി കാർന്ന ജീവിതങ്ങൾ
1965 ലാണ് നേത്രദാനം സന്യാസി സഭയിൽ കണ്ണിചേരുന്നത്. മനുഷ്യരിലേക്ക് ആഴത്തിൽ ഇറങ്ങുകയായിരുന്നു ലക്ഷ്യം. അധ്യാപന ജോലി അതിനുള്ള വഴിതുറന്നു. മുസഹറകൾ പാർക്കുന്ന ഗ്രാമങ്ങളിലേക്കുള്ള വഴി അപ്പോഴും എളുപ്പമായില്ല. അവർക്ക്, പുറത്തുള്ള ആളുകളെ ഭയവും സംശയവുമാണ്. ഗുഹകളിൽ അകപ്പെട്ടവരെപോലെ കഴിയുന്ന ആ മനുഷ്യരുടെ ആധി ഉൾക്കൊള്ളാൻ സുധ വർഗീസിന് വലിയ പ്രയാസമുണ്ടായില്ല.
അനീതിയുടെ ചാപ്പ പേറുന്ന മനുഷ്യരെയാണ് അവിടെയാകെ കണ്ടത്. സവർണ്ണതയുടെ ആജ്ഞകൾക്ക് അടിമപ്പെട്ട ആയിരങ്ങൾ. എന്ത് കഴിക്കണമെന്നും ഏത് വഴി നടക്കണമെന്നും അവർ പറയും. അതിനപ്പുറമുള്ള ദീർഘനിശ്വാസം പോലും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. റേഷൻ കിട്ടാനും ഭരണ കേന്ദ്രങ്ങളിൽ നിന്ന് നീതി ലഭിക്കണമെങ്കിലും ഗ്രാമ മുഖ്യൻ കനിയണം.
ആ മനുഷ്യർ പതിയെ സുധയ്‌ക്കു മുന്നിൽ ഹൃദയം തുറന്നു. അക്കാലത്താണ് അധ്യാപനം മാത്രമല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്. ഒട്ടും വൈകാതെ കുടിലുകെട്ടി ജംസത്തിലേക്ക് താമസം മാറി. അവർക്കൊപ്പം നിന്നു. എലിയെ തിന്നും അവരുടെ വസ്ത്രങ്ങൾ ധരിച്ചും നിഴലുപോലെ കൂടെനിന്നു. വിട്ടുനിന്ന മനുഷ്യർ പതിയെ കൂടെ ചേർന്നു. സൈക്കിളിൽ ഗ്രാമം ചുറ്റിയ തങ്ങളുടെ പ്രിയപ്പെട്ട ദീദിയെ അവർ സൈക്കിൾ ദീദിയെന്നു വിളിച്ചു. ഗ്രാമത്തിനുള്ളിലെ ഇരുണ്ട ജാതിക്കപ്പുറം ലോകമുണ്ടെന്ന് ആ ജനത തിരിച്ചറിഞ്ഞു.

സൈക്കിൾ ദീദിയും അവരുടെ സ്വപ്നങ്ങളും
പട്ടിണി വിഴുങ്ങിയ ഗ്രാമങ്ങളിലൂടെ ദീദി അന്നവുമായി നടന്നു. നീതി ലഭിക്കാതെ ജയിലകങ്ങളിൽ അകപ്പെട്ട മനുഷ്യരെക്കുറിച്ച് അറിയുന്നതും അക്കാലത്താണ്. ജാതിയിൽ താഴ്ന്നവർ എന്നുപറഞ്ഞ് ആ മനുഷ്യർക്കായി ഹാജരാകാൻ അഭിഭാഷകർ തയ്യാറായില്ല. സ്വയം നിയമപഠനത്തിന് ചേർന്നാണ് അതിനുള്ള മറുപടി കൊടുത്തത്. 1987 ഇൽ നാരി ഗുഞ്ചൻ സ്ഥാപിച്ചു. അന്നേവരെ ബലാത്സംഗത്തിന് ഇരയാവുന്നത് പോലും സാധാരണമായിരുന്നു. വിദ്യാലയമെന്ന് കേട്ടിട്ടുപോലുമില്ലാത്ത സ്ത്രീ ജനതയെ അക്ഷരങ്ങൾ പഠിപ്പിച്ചു ഒപ്പം സ്വപ്നം കാണാനും.
ഗ്രാമത്തിനുള്ളിലെ കടുത്ത മദ്യപാനമായിരുന്നു മറ്റൊരു വെല്ലുവിളി. നിരന്തരമായ പ്രയത്നത്തിലൂടെയാണ് അത്തരം ജീവിത രീതികളിൽ നിന്ന് ഗ്രാമത്തെ വീണ്ടെടുത്തത്. ഓരോ കുടിലിൽ നിന്നും പുതുതലമുറയെ വിദ്യാലയത്തിക്കാനുള്ള ശ്രമവും ഫലംകണ്ടു.
വിദ്യാലയങ്ങളിൽ മറ്റ് കുട്ടികൾക്കൊപ്പം ഇരിക്കാനും മുസഹറ വിഭാഗത്തിലെ വിദ്യാർത്ഥികളെ സവർണ്ണർ സമ്മതിച്ചിരുന്നില്ല. അതിനെ അതിജീവിക്കാനായി ദീദി പുതിയ വിദ്യാലയംതന്നെ തുടങ്ങി. ഒരു ജോലി സാധ്യത ഉണ്ടാവുന്നത് വരെ താമസിച്ച് പഠിക്കാനുള്ള സൗകര്യം അവിടെ സജ്ജമായി. ചെറിയ തോതിൽ വരുമാനം കണ്ടെത്തുന്നതിനായി നാപ്കിൻ നിർമ്മാണ യൂണിറ്റും തുടങ്ങി. അത്തരം നിർമ്മാണ യൂണിറ്റുകൾക്കൊപ്പം കൃഷിചെയ്യാനുള്ള അവസരവും സാധ്യമാക്കി. ഗ്രാമങ്ങൾക്ക് മുകളിലെ കാർമേഘങ്ങൾ പതിയെ പെയ്തൊഴിഞ്ഞു. വെളിച്ചം ഇരുട്ടിന്റെ മറനീക്കി. 2006 ൽ രാജ്യം പദ്മശ്രീ നൽകിയാണ് ആ ജീവിതത്തെ ആദരിച്ചത്.
ആ ഒരു മണിക്കൂർ ചെറു കാറ്റുപൊലെ കടന്നു പോയി. സുധ ദീദി സംസാരിച്ചു ഇറങ്ങുമ്പോഴേക്കും വേദിക്കു ചുറ്റും നിലക്കാത്ത കയ്യടിമുഴങ്ങി. എന്റെ ജനതയെന്ന് നിരന്തരം പറഞ്ഞ അവരുടെ സ്വപ്നങ്ങൾ പലരിലേക്കായി പടരുന്ന കാഴ്ച്ചയും അവിടെ കണ്ടു.
Content Highlights: athijeevanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..