കത്രീനാമ്മ | ഫോട്ടോ: സതീഷ് ജോസ്
'ബേബിച്ചായനെ ടി.ബി. വല്ലാതെ ശ്വാസം മുട്ടിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പുള്ളി കിടപ്പായി. അതോടെ കഞ്ഞിക്കുള്ള അരി പോലും ഇല്ലാതായി. വാടക കൊടുക്കാന്‍ ഒരു നിവൃത്തിയും ഇല്ലായിരുന്നു. നാല്‍പത് രൂപ മാസ വാടക കൊടുക്കാന്‍ സാധിക്കാതെ ഒടുവില്‍ ഇറങ്ങി കൊടുക്കേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ ചട്ടിയും കലവും എടുത്ത് പുറത്തിടുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്ന എനിക്കപ്പോള്‍ കരയാന്‍ പോലും കഴിഞ്ഞില്ല.'
'ശരിക്കും പെരുവഴിയിലായി. പക്ഷെ, എന്ത് വന്നാലും നേരിടുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി, ചട്ടിയും തുണികളും വാരികെട്ടിയ സഞ്ചി തലയിലുംവച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു. ചാത്തു എഴുത്തച്ഛന്റെ വിളികേട്ടാണ് നിന്നത്. അദ്ദേഹം ദൂരെനിന്നു വരുന്നുണ്ടായിരുന്നു. വലിയ പറമ്പിന്റെ ഒരു മൂലയിലേക്ക് വിരല്‍ ചൂണ്ടി അവിടെ വീട് വച്ചുകെട്ടിക്കോ എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. ഭൂമിയുടെ പണം സാവധാനം തന്നാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ ദൈവം മുന്നില്‍ നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. പിന്നീടങ്ങോട്ട് ഇന്നുവരെ ഒരാളുടെ മുന്നിലും തല കുനിച്ചിട്ടില്ല.'
അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്ന് പരുവപ്പെട്ടുവന്ന സ്ത്രീയാണ് കത്രീന. ജീവിതത്തിന്റെ വിശ്രമകാലമെന്ന് പൊതുധാരണയുള്ള പ്രായത്തിലും കത്രീനാമ്മ കെട്ടിടം പണിയുടെ തിരക്കിലാണ്. 93-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ. ആര്‍ജ്ജിച്ചെടുത്ത മനസ്സിന്റെ കരുത്തുകൊണ്ടാണ് അത് സാധ്യമാകുന്നത്. പ്രായം ഒരു പരിമിതിയേയല്ല എന്നാണ് തന്റെ ശരീരം കൊണ്ട് അവര്‍ ആവര്‍ത്തിക്കുന്നത്.
കത്രീനാമ്മ കടന്നുവന്ന വഴികളില്‍ മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട പലതും തെളിഞ്ഞ് കിടക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ ജീവനൊടുക്കുന്നവരുടെ കണക്കില്‍ ഒട്ടും പുറകിലല്ലാത്ത കേരളത്തിന് ആ ജീവിതം പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നാണ്. മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ കത്രീനയെന്ന പേര് ചേര്‍ത്തെഴുതുന്നത് മുന്നോട്ടുള്ള പോക്കിന് ഇന്ധനമാകും എന്നതില്‍ സംശയമില്ല. അവരുടെ അതിജീവനത്തിന്റെ താളുകളില്‍നിന്ന് അത് തീര്‍ത്തും വ്യക്തമാകും.
കാടും കാലവും

തൃശൂര്‍ ചേറൂരിലാണ് കത്രീന ജനിച്ചു വളര്‍ന്നത്. ഏവ്യയുടെയും ഐപ്പിന്റെയും എട്ടു മക്കളില്‍ ഇളയ കുട്ടിയാണ് കത്രീന. വലിയ നെല്‍പ്പാടങ്ങളുള്ള സമ്പന്ന കുടുംബമായിരുന്നു. എന്നാല്‍, കാലക്രമേണ എല്ലാം നഷ്ടപ്പെട്ടു. പിന്നീട് ചേറൂര്‍ ഗ്രാമത്തിലെ കൊച്ചുകുടിലിലാണ് ജീവിതത്തിന്റെ തണല്‍ കണ്ടെത്തിയത്.
കൃഷിയും നാട്ടുപണിയുമായി കഷ്ടിച്ചു മുന്നോട്ടുപോകുന്ന അവസ്ഥ. എരിയുന്ന വയറ്റിലേക്ക് ഒരു നേരമെങ്കിലും അന്നമെത്തിക്കാന്‍ മാതാപിതാക്കള്‍ നന്നേ കഷ്ടപ്പെട്ടു. നാലാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്താന്‍ വിശപ്പല്ലാതെ മറ്റൊരു കാരണം കത്രീനയ്ക്ക് ഇല്ലായിരുന്നു.
അയല്‍വാസികളുടെ കൂടെ വിറകിനായി കാട് കയറുമ്പോള്‍ പത്ത് വയസ്സ് തികഞ്ഞിട്ടില്ല. രാവിലെ മുതല്‍ ഇരുട്ടുംവരെ കാട്ടില്‍ തന്നെയാണ്. അമ്മ പൊതിഞ്ഞു തരുന്ന ഒരു പിടി ചോറാണ് ആകെ ആശ്രയം. അതുപോലും മറ്റുള്ളവരുടെ കയ്യില്‍ ഉണ്ടാകില്ല. ഉള്ളത് എല്ലാവരും പങ്കുവെക്കും. അരവയറുമായി വിറകു ശേഖരിച്ചു മടങ്ങുമ്പോള്‍ വിശന്ന് വയര്‍ കത്തുന്നുണ്ടാകും.
രണ്ടണയാണ് പരമാവധി വിറകിന് കിട്ടുക. എങ്കിലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ആ നാണയത്തുട്ടുകള്‍ അഭിമാനത്തോടെ ചെറുകയ്യില്‍ മുറുക്കി പിടിക്കും. വീട്ടിലെത്തി അച്ഛനോ അമ്മക്കോ അത് കൊടുക്കും.
അപ്പോഴുണ്ടാകുന്ന അവരുടെ മുഖത്തെ സന്തോഷം മനസ്സ് നിറയ്ക്കും. വയറ്റില്‍ ആളുന്ന വിശപ്പിന്റെ തീ അവരുടെ ചിരിയില്‍ താനെ ഇല്ലാതാകും. വര്‍ഷങ്ങളോളം ആ നാണയത്തുട്ടുകള്‍ക്കായി കാടു കയറിയിട്ടുണ്ട്.
സിമന്റില്‍ കലര്‍ന്ന കണ്ണീര്‍ത്തുള്ളികള്‍

കാലം പോകുന്നതിനനുസരിച്ച് വീടിന്റെ ഉത്തരവാദിത്തങ്ങളും കത്രീനയുടെ കൈകളിലായി. ഓട് കമ്പനിയിയിലെ പണിയായിരുന്നു അന്നൊക്കെ ആശ്രയമായത്. ലോറിയില്‍നിന്ന് മണ്ണിറക്കി വലിയ കുട്ടകളില്‍ ചുമന്ന് കൊണ്ടിടണം. വൈകുന്നേരം ആകുമ്പോഴേക്കും നടുവൊടിയും. എങ്കിലും അത്യുത്സാഹത്തോടെ അടുത്ത ദിവസവും ആര്‍ക്കുമുന്‍പേയും കമ്പനിയില്‍ കത്രീന ഹാജര്‍ ആയിരിക്കും.
ഇരുപത്തിയൊന്നാം വയസ്സില്‍ സുഹൃത്തായ ബേബി ജോണിന്റെ കൈപിടിച്ചു. ജീവിതത്തിന്റെ മറ്റൊരു ഘട്ടം ആരംഭിച്ചത് അന്ന് മുതലാണ്. വിവാഹസ്വപ്നങ്ങള്‍ കണ്ടുതീരും മുന്‍പെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പണിക്ക് പോകേണ്ടി വന്നു. ചേറൂര്‍ എഞ്ചിനീയറിങ് കോളേജിലേക്കായിരുന്നു ആദ്യമായി പണിക്ക് പോയത്. കുഴച്ചെടുത്ത സിമന്റില്‍ കണ്ണീരുകലരുന്നത് മറ്റാരും കാണാതിരിക്കാന്‍ പാടുപെടേണ്ടി വന്നു. എങ്കിലും ഉറച്ച മനസ്സോടെ എല്ലാം നേരിടാന്‍ തന്നെ തീരുമാനിച്ചു.
പിന്നീട് തന്റെ വഴി ഇതെന്ന് മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു. കര്‍ക്കശക്കാരനായ മാധവന്‍ മേസ്തിരിയുടെ കൂടെ നിന്നാണ് കോണ്‍ക്രീറ്റിന്റെ പാഠങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചത്. എന്ത് പണിയും മടികൂടാതെ ചെയ്യുന്ന കത്രീന വളരെപ്പെട്ടെന്നു തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി.
വലിയ കെട്ടിടങ്ങള്‍ കൂടാതെ വീടുകളും കോണ്‍ക്രീറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വാടകവീട്ടിലേക്ക് മാറുമ്പോഴും വീടെന്ന സ്വപ്നം ബാക്കിയായിരുന്നു. എങ്കിലും രാപ്പകല്‍ അധ്വാനിച്ചു കിട്ടുന്നതില്‍നിന്ന് അവര്‍ സന്തോഷം കണ്ടെത്തി. മക്കളായി കൂട്ടിന് നാലുപേര്‍ വന്നു. ആ ഇടക്കാണ് ക്ഷയരോഗം വില്ലനായി ബേബിയെ തേടിയെത്തുന്നത്. ജീവിതം ഒരടി മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമാകാത്ത വിധം നിശ്ചലമായി. കഞ്ഞിക്കലം ശൂന്യമാകാന്‍ അധികദിവസം വേണ്ടായിരുന്നു.
പ്രായം പരിമിതിയല്ല

വാടക കൊടുക്കാന്‍ പോലും കഴിയാതെ വന്നപ്പോള്‍ അവിടെനിന്ന് ഇറങ്ങേണ്ടി വന്നു. ചാത്തു എഴുത്തച്ഛന്‍ തന്ന ഭൂമിയിലാണ് പിന്നീട് ജീവിതം പടുത്തത്. കയ്യിലുണ്ടായിരുന്ന അന്‍പത് രൂപക്ക് മുളയും ഓലയും വാങ്ങിച്ച് ചെറിയൊരു കുടില്‍ കെട്ടിയുണ്ടാക്കി. വലിയ കെട്ടിടങ്ങള്‍ക്ക് സിമന്റ് കണക്കു തെറ്റാതെ ചേര്‍ക്കുമ്പോഴും സ്വന്തം കൂരക്ക് ചാണകം മെഴുകാന്‍ പോലും സാധിച്ചില്ലായിരുന്നു. എങ്കിലും ഉറുമ്പ് അരിമണികള്‍ കൂട്ടിവക്കുന്നതുപോലെ ജീവിതം ഒന്നു മുതല്‍ തുടങ്ങി. ഒരു പെരുംമഴക്കാലം അതും ഇല്ലാതാക്കി. നിര്‍ത്താതെ പെയ്ത മഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് കവിഞ്ഞു. വഴി തെറ്റി വന്ന പുഴ കൊണ്ടുപോയത് പുതിയ സ്വപ്നങ്ങള്‍ക്ക് തണല്‍ തന്ന കുടിലാണ്. കൂട്ടിവച്ചതെല്ലാം അന്നത്തെ പ്രളയജലം കൊണ്ടുപോയി.
അനിയന്ത്രിതമായ പ്രകൃതിക്കുമുന്നിലും കീഴടങ്ങാന്‍ കത്രീനയ്ക്ക് മനസ്സില്ലായിരുന്നു. വെള്ളം ഇറങ്ങിയ ദിവസം തന്നെ പുതിയ തണല്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അതിപ്പോള്‍ അടച്ചുറപ്പുള്ള മനോഹരമായ വീടായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഏഴു രൂപ കൂലിയില്‍നിന്നു തുടങ്ങിയ കത്രീനാമ്മയ്ക്ക് ഇപ്പോള്‍ നാല്‍പ്പതോളം പണിക്കാരുണ്ട്. കേരളത്തില്‍ ഉടനീളം നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ സഹകരണ ആശുപത്രി മുതല്‍ രാഗം തിയറ്റര്‍, സിറ്റി സെന്റര്‍, പൂങ്കുന്നം മേല്‍പ്പാലം, ചാലക്കുടി പാലം തുടങ്ങിയവയില്‍ കത്രീനാമ്മയുടെ വിയര്‍പ്പ് അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്. കൂടാതെ നാലു മക്കള്‍ക്കും വീട് ഉണ്ടാക്കി കൊടുത്തതും സ്വന്തം അധ്വാനത്തിന്റെ കരുത്തിലാണ്.
നാലു മണിക്ക് തുടങ്ങുന്നതാണ് കത്രീനാമ്മയുടെ ഒരു ദിവസം. കല്ലിനോടും സിമന്റിനോടുമുള്ള യുദ്ധമാണ് പിന്നീട്. ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ ചുളിഞ്ഞ മുഖം നിറഞ്ഞുള്ള ചിരിയാണ് ഉത്തരം. എല്ലാം ഈ അധ്വാനം തന്നെയാണെന്ന് ആ ചിരിക്കുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ട്. കാലത്തിന്റെ ചുളിവുകള്‍ ശരീരത്തില്‍ വല്ലാതെ പടര്‍ന്നിട്ടുണ്ട്. എങ്കിലും കത്രീനാമ്മക്ക് അതൊക്കെ തൊണ്ണൂറ്റിമൂന്നിന്റെ ചെറുപ്പമാണ്.
Content Highlights: Still a woman concrete worker at the age of 93 | Athijeevanam 71
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..