പാട്രിയാര്‍ക്കി നഷ്ടപ്പെടുത്തുന്ന പെണ്ണുറക്കങ്ങള്‍ ‌| Dissecting patriarchy


നിലീന അത്തോളിജൈവികമായ പല കാരണങ്ങളാല്‍ തന്നെ ഉറക്കക്കുറവിനുള്ള സാധ്യത ആണുങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നാണ് പല ആഗോള പഠനങ്ങളും പറയുന്നത്.  

Dissecting Patriarchy

Representative Image | Photo: Gettyimages.in

നസ്സിനും ശരീരത്തിനും ഒരുപോലെ വേണ്ട ജീവധര്‍മ്മ പ്രക്രിയയാണ് ഉറക്കം. ഭക്ഷണമില്ലാതെ ദിവസങ്ങളോളം നിലനില്‍ക്കാന്‍ ഒരു മനുഷ്യനാവുമെങ്കിലും തുടര്‍ച്ചയായ ഉറക്ക നഷ്ടം മനുഷ്യന്റെ സമനിലതെറ്റിക്കുകയും എളുപ്പം മൃതപ്രായനാക്കുകയും ചെയ്യും. അതിനാലാണല്ലോ കുറ്റവാളികളെക്കൊണ്ട് സത്യം പറയിപ്പിക്കാന്‍ മര്‍ദ്ദനത്തേക്കാള്‍ വലിയ മുറയായി ഉറക്ക നിഷേധം പോലീസുകാര്‍ പ്രയോഗിച്ചു കാണുന്നതും. ലിംഗഭേദമന്യേ ആവശ്യമായ ഒന്നാണ് ഉറക്കം. എന്നാല്‍ പുരുഷകേന്ദ്രീകൃത കുടുംബ സാമൂഹ്യ ഘടനയില്‍ ഉറക്കം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്നും സ്ത്രീകളാണ്. പാട്രിയാര്‍ക്കി അപഹരിച്ച സ്ത്രീകളുടെ ഉറക്ക നഷ്ടങ്ങള്‍ ഒരു പെണ്‍കുട്ടി ജനിച്ചു വീഴുന്നത് തൊട്ട് മരണം വരെയും തുടരുന്ന പ്രക്രിയയാണ്. മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ട പെണ്ണാണെന്ന് പറഞ്ഞുള്ള ഉറക്ക നിഷേധത്തില്‍ തുടങ്ങി നല്ല കുടുംബിനിയും നല്ല അമ്മയുമാകാനുള്ള ഉത്തമ ലക്ഷണത്തിനായുള്ള പരക്കം പാച്ചിലില്‍ ഒരു സ്ത്രീ ഏറ്റവും അധികം കോംപ്രമൈസ് ചെയ്തിട്ടുള്ളതും ഉറക്കം തന്നെ.

അവധി ദിവസങ്ങളില്‍ മതിമറന്നുറങ്ങുന്ന ചെറിയ പെണ്‍കുട്ടികളെ നോക്കി "വേറൊരു വീട്ടില്‍ കയറിച്ചെല്ലേണ്ട പെണ്ണല്ലേ, ഇത്ര നേരം ഉറങ്ങാമോ" എന്ന് ഇന്നും ചോദിക്കുന്ന വീടുകളുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുള്ള വീടുകളില്‍ മുറ്റമടി, അമ്മയെ സഹായിക്കല്‍ എന്നിവയെല്ലാം പെണ്‍കുട്ടികളുടെ ബാധ്യതയാകുന്നത് കൊണ്ട് തന്നെ കുടുംബം പെണ്‍കുട്ടികളെ എന്നും നേരത്തെ എഴുന്നേല്‍പിച്ച് തന്നെ ശീലിപ്പിക്കുന്നു.

നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ജീവിതരീതിയായിരിക്കുമ്പോഴും ആ ഉറക്കത്തെ ആണിനും പെണ്ണിനും വീതിച്ചു വെച്ചിരിക്കുന്നതില്‍ അബോധപൂര്‍വ്വമായ ചില പാട്രിയാര്‍ക്കല്‍ ഇടപെടലുണ്ട് എന്നതാണ് ഇതിലെ പ്രശ്‌നം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആര്‍ത്തവകാലത്തെ അശുദ്ധികള്‍

ആര്‍ത്തവകാലത്തെ ഉറക്ക നഷ്ടവും പാട്രിയാര്‍ക്കിയും തമ്മിലെന്തെന്ന് ഒരുവേള നമ്മള്‍ അതിശയിച്ചേക്കാം. എന്നാല്‍ പല വീടുകളിലും ഇന്നും നിലനില്‍ക്കുന്ന ആര്‍ത്തവ തീണ്ടലുകള്‍ സ്ത്രീകളുടെ ഉറക്കത്തെയും മാനസ്സികാരോഗ്യത്തെയും ബാധിക്കുന്നുവെന്നത് തള്ളിക്കളയാനാവുന്നതല്ല. ആര്‍ത്തവമുള്ള ദിവസങ്ങളില്‍ ചില വീടുകളിലെങ്കിലും പെണ്‍കുട്ടികള്‍ക്ക് കിടക്കയില്‍ കിടക്കാനുള്ള അവകാശം നിഷേധിക്കുന്നുണ്ട്. ആര്‍ത്തവം അശുദ്ധിയാണെന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ടാണ് ഈ കിടക്ക തലയിണ നിഷേധങ്ങള്‍. തീണ്ടല്‍ പിന്തുടരുന്ന വീടുകളില്‍ ആര്‍ത്തവ സമയത്തുപയോഗിച്ചതെല്ലാം കഴുകി വെക്കണം എന്നാണ് ചട്ടം. തലയിണയും കിടക്കയും കഴുകി വെക്കാന്‍ കഴിയാത്തതിനാലാണ് പെണ്‍കുട്ടികളെ തറയിലും പായയിലും ഈ ദിവസങ്ങളില്‍ കിടത്തുന്നത്. 'നിലത്തു പായവിരിച്ചുള്ള കിടപ്പും കട്ടിയുള്ള പുതപ്പിന്റെയും തലയിണയുടെയും അഭാവവുമെല്ലാം തണുപ്പ് കാലത്തൊക്കെ വലിയ രീതിയിലുള്ള ഉറക്ക നഷ്ടമാമുണ്ടാക്കിയെന്ന് പറയുന്നു വയനാട്ടുകാരിയായ ദിവ്യ (യഥാര്‍ഥ പേരല്ല).

ആർത്തവ സമയത്ത് നിലത്ത് കിടന്നുറങ്ങുന്ന നിമിഷ സജയന്റെ കഥാപാത്രം, ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ നിന്നുളള രംഗം

ആർത്തവകാലത്ത് സാമൂഹികമായ ഭ്രഷ്ടുകൾ വലിയൊരളവിൽ കുറഞ്ഞെങ്കിലും ഇന്നും അത് പിന്തുടരുന്ന വീടുകളുണ്ട്. ഇനി ആർത്തവവിരാമ കാലമായാലോ ജൈവികമായി തന്നെ സ്ത്രീകള്‍ ഉറക്കപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ ശരീരം കടന്നു പോകുന്നതാണ് ആർത്തവ വിരാമ കാലത്ത് പല സ്ത്രീകളിലും ഉറക്ക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സ്ത്രീകളില്‍ പ്രായം കൂടുന്നതിന് അനുസരിച്ച് ഉറക്കത്തെ സഹായിക്കുന്ന മെലാറ്റോണിന്‍ (Melatonin) എന്ന ഹോര്‍മോണിന്റെ ഉത്പാദനശേഷി കുറയുകയും തത്ഫലമായി ഉറക്കക്കുറവിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. ജൈവികമായി സ്ത്രീകളില്‍ സംഭവിക്കുന്ന ഉറക്ക നഷ്ടത്തെ ഒരു കുടുംബവും ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ഉറക്ക നഷ്ടത്തിന്റെ അധികബാധ്യത കൂടി സ്ത്രീകളില്‍ വന്നു ചേരുകയാണ് ചെയ്യുന്നത്.

ആർത്തവവിരാമ കാലത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന സ്റ്റാർ എന്ന സിനിമയിൽ നിന്ന് |
ഷീലു എബ്രഹാമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്

സ്ത്രീയും ജോലിയും ഉറക്കവും

വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്ന പല സ്ത്രീകളും തീവണ്ടിയിലും ബസ്സിലുമിരുന്ന് നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാറുണ്ട്. ജോലി ചെയ്യുന്ന പുരുഷനും ഈ ഉറക്ക നഷ്ടമുണ്ടെങ്കില്‍ പോലും വീട്ടില്‍ തിരിച്ചെത്തിയാല്‍ ആ നഷ്ടം ബാലന്‍സ് ചെയ്യാനുള്ള അവസരം പുരുഷന്‍മാര്‍ക്കുണ്ട്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് രാത്രി ഭക്ഷണവും രാവിലേക്കുള്ള ബ്രേക്ക്ഫാസ്റ്റിനുള്ളത് തയ്യാറാക്കി വെക്കുന്നതും വീട് വൃത്തിയാക്കുന്നതും മക്കളെ പഠിപ്പിക്കുന്നതിലും മുഴുകി രാത്രി വരേയുള്ള സമയം പല കാര്യങ്ങൾക്കായി വീതം വെച്ച് നഷ്ടപ്പെടും. ഇതെല്ലാം ചെയ്ത് ഉറങ്ങാന്‍ വൈകുന്ന സ്ത്രീക്ക് രാവിലെ, നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത് തയ്യാറാക്കി വേണം ഓഫീസിലെത്താന്‍. ഗാർഹിക ജോലികൾ ചെയ്യാൻ തയ്യാറായ ഒരു പാട് പുരുഷൻമാരുണ്ടെങ്കിലും അവർ ചെയ്യുന്നത് ശ്ലാഘിക്കപ്പെടുമ്പോൾ ഒരു വേള സ്ത്രീ അധികമുറങ്ങിയാൽ അത് വലിയ കുറ്റമാകുന്നിടത്ത് പലപ്പോഴും വീട്ടുകാരെ തൃപ്തിപ്പെടുത്താൻ നേരത്തെ എഴുന്നേൽക്കേണ്ട ബാധ്യത എന്നും സ്ത്രീകൾക്ക് നിറവേറ്രേണ്ടി വരികയാണ്.

ജൈവികമായ പല കാരണങ്ങളാല്‍ തന്നെ ഉറക്കക്കുറവിനുള്ള സാധ്യത ആണുങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നാണ് പല ആഗോളപഠനങ്ങളും പറയുന്നത്. അതിനു പുറമെ പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥിതികള്‍ കൂടി ചേര്‍ക്കപ്പെടുമ്പോള്‍ സ്ത്രീക്കുള്ള ഉറക്ക നഷ്ടം കൂടുന്നു.

പുതിയ കാലത്തെ സ്ത്രീകളില്‍ ചിലരെങ്കിലും വീട്ടുസഹായികളെയും സാമൂഹിക അടുക്കളകളെയും ആശ്രയിച്ച് ഉറക്ക നഷ്ടത്തെ വീണ്ടെടുക്കുന്നുണ്ടെങ്കില്‍പ്പോലും നല്ല കുടുംബിനി സങ്കല്‍പത്തിനു പുറത്താണ് ഈ സ്ത്രീകളില്‍ പലരും.

ആറ് മണിക്കെഴുന്നേറ്റ് 9.30നുറങ്ങുന്ന ശീലക്കാരിയായിരുന്നു പാലക്കാട്ടുകാരിയായ പ്രസീതയുടേത്.(യഥാര്‍ഥ പേരല്ല). പക്ഷെ വിവാഹ ശേഷം ഉറക്കത്തിന്റെ താളം തെറ്റി. ജോലിക്കാരനായ ഭര്‍ത്താവിന് നേരം വൈകി ഉറങ്ങുന്നത് നേരം വൈകി എഴുന്നേല്‍ക്കുന്നതില്‍ ബാലന്‍സ് ചെയ്യാനാകുമ്പോള്‍ നേരത്തെ എഴുന്നേറ്റുള്ള വീട്ടുജോലികള്‍ അവളുടെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രി പത്തു മണി വരെ തുടരുന്ന ഉദ്യോഗത്തിനൊപ്പം തന്നെ നേരത്തെ എഴുന്നേല്‍ക്കലും ശീലിക്കേണ്ടി വന്നതോടെ ഉറക്കമെന്നത് അപൂര്‍വ്വമായി വന്നു ചേരുന്ന ലെഷര്‍ ആക്ടിവിറ്റിയായി അവളെ സംബന്ധിച്ച്. ഞായറാഴ്ചയിലെ ഉച്ചയുറക്കങ്ങള്‍ നല്ല പെണ്ണിന് ചേരാത്ത ലക്ഷണമായതു കൊണ്ടും അവധി ദിവസങ്ങളില്‍ ചെയ്ത് തീര്‍ക്കാന്‍ മറ്റനേകം വീട്ടു ജോലികള്‍ ഉള്ളതുകൊണ്ടും അവധി ദിവസൾ പോലും അവൾക്ക് നഷ്ടപ്പെടുത്തിയ ഉറക്കത്തെ തിരികെ നല്‍കിയില്ല. അമ്മയായതോടെ അവശേഷിച്ച ഇത്തിരി നേരത്തെ രാത്രിയുറക്കം കുഞ്ഞും കൂടി അപഹരിച്ചു.

"രാവിലെ നേരത്തെ എഴുന്നേല്‍ക്കാത്തത് മോശം പെണ്ണിന്റെ ലക്ഷണമായി വീട്ടുകാര്‍ കാണുന്നതു കൊണ്ട് തന്നെ വലിയ മാനസ്സിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വയ്യാഞ്ഞിട്ടും നേരത്തെ എഴുന്നേല്‍ക്കാനായി അക്ഷീണം പ്രയത്‌നിച്ചു. ഉറക്കമില്ലായ്മ തൊഴിലിനെ ബാധിക്കും വിധമുള്ള വലിയ മറവി പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങി", ഉറക്കച്ചടവുള്ള കണ്ണുകളുയര്‍ത്തി പ്രസീത പറയുന്നു.

ഗര്‍ഭ കാല- പ്രസവ കാല ഉറക്കനഷ്ടങ്ങള്‍

ഗര്‍ഭകാലത്തും പ്രസവശേഷവും ആരോഗ്യപരമായുള്ള ഉറക്കപ്രശ്നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നത് സ്വാഭാവികമാണ്. പ്രസവിക്കുന്നത് വരെയുള്ള ചെരിഞ്ഞ് കിടത്തം, ശര്‍ദ്ദി മറ്റു തുടങ്ങിയ ഗര്‍ഭകാല അസ്വസ്ഥതകള്‍ പല സ്ത്രീകളുടെയും ഉറക്കം കെടുത്താറുണ്ട്. സ്വാഭാവികമായ ഈ ഉറക്ക നഷ്ടങ്ങള്‍ക്കു പുറമെ ഗര്‍ഭകാലത്ത് പെണ്ണുറങ്ങരുത്, അത് മക്കളെ മടിച്ചിയാക്കും, അത് കുട്ടിക്ക് കേടാണ് തുടങ്ങീ കുട്ടിയുടെ പേര് പറഞ്ഞുള്ള ഉറക്കനഷ്ടങ്ങള്‍ കൂടി സ്ത്രീകള്‍ക്കധികമായി അനുഭവിക്കേണ്ടി വരുന്നുണ്ട്. അത് സ്വാഭാവികമായി നഷ്ടപ്പെടുന്ന ഉറക്കങ്ങളല്ല. പലതും പെണ്ണായി പോയതു കൊണ്ടു മാത്രം ലഭിക്കാത്ത പ്രിവിലജ് ഇല്ലായ്മയാണ്.

കുഞ്ഞ് ജനിച്ചാല്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടേണ്ടതിനാല്‍ തന്നെ അമ്മമാരുടെ ഉറക്കം പലപ്പോഴും കുറവാണ്. ഇതിനു പുറമെ കുഞ്ഞിന്റെ പ്രശ്നങ്ങള്‍ക്കും തടി കുറഞ്ഞതിനും എല്ലാമുള്ള കാരണം അമ്മമാരാണെന്ന കുറ്റപ്പെടുത്തലുകള്‍ വിഷാദ പ്രശ്നങ്ങളിലേക്കും ഉറക്കമില്ലായ്മയിലേക്കും സ്ത്രീകളെ കൊണ്ടെത്തിക്കും.

ഒരിക്കല്‍ താന്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് കുഞ്ഞിനെ കാണാന്‍ വന്ന ഭര്‍തൃവീട്ടുകാര്‍ പാലുകൊടുത്തുറങ്ങുമ്പോള്‍ കുഞ്ഞ് മരിച്ച കഥ പറഞ്ഞത് കേട്ട് അധ്യാപികയായ സ്ത്രീക്ക് ഒന്നരമാസമാണ് തന്റെ ഉറക്കം നഷ്ടപ്പെട്ടതെന്ന് പറയുന്നു. ഒരു കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിന് പാല് കൊടുക്കാന്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് അമ്മ ജാഗരൂകരായിരിക്കണം. പാലുകൊടുക്കാനും മൂത്രത്തുണി മാറ്റാനും മറ്റുമായി എഴുന്നേല്‍ക്കുന്നതിന് പുറമെ പുതിയ അമ്മയായതിന്റെയും മറ്റ് പല ഉത്തരവാദിത്വങ്ങള്‍ അമ്മമാര്‍ക്കാണ് അച്ഛന്‍മാരെ അപേക്ഷിച്ച് കൂടുതലും. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പുതിയ ഉത്തരവാദിത്തവും സ്ത്രീയെ ശാരീരികമായി തളര്‍ത്തുന്നതിനോടൊപ്പം മാനസികമായും തളര്‍ത്തും. പോസ്റ്റ്പാര്‍ട്ടം ബേബി ബ്ലൂസ് എന്ന വിഷാദാവസ്ഥയിലേക്ക് ഇത് പല അമ്മമാരെയും കൊണ്ടെത്തിക്കും.

ഒരു സ്ത്രീക്ക് പുരുഷനേക്കാള്‍ 20 മുതല്‍ 30 മിനുട്ട് വരെ അധിക ഉറക്കം വേണമെന്ന് പഠനങ്ങള്‍ പറയുന്ന കാലത്താണ് സ്ത്രീസൗഹൃദമല്ലാത്ത കുടുംബവ്യവസ്ഥിതികള്‍ കാരണം സ്ത്രീകൾ ഉറക്ക കുറവനുഭവിക്കേണ്ടി വരുന്നത്. മൂന്നില്‍ രണ്ടിനോടടുത്ത് സ്ത്രീകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കുറവ് സമയമേ ഉറങ്ങാന്‍ കഴിയൂവെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച് നടത്തിയ പഠനത്തില്‍ പറയുന്നത്.

വിവാഹം, ഉറക്കം, നാണക്കേടുകള്‍

വിവാഹം കഴിഞ്ഞുള്ള നാളുകളില്‍ നേരം വൈകി എഴുന്നേല്‍ക്കുമ്പോൾ മാനാഭിമാന പ്രശ്നം പുരുഷന്‍മാർക്കധികം നേരിടേണ്ടി വരാറില്ല. നേരം വൈകി എഴുന്നേല്‍ക്കുന്ന സ്ത്രീകള്‍ വളര്‍ത്തു ദോഷമായാണ് സമൂഹം പരിഗണിക്കുന്നത്. വിവാഹ ശേഷം വരനും വധുവും ഉറങ്ങുന്നത് ഒരേ സമയത്തായാലും സ്ത്രീ നേരത്തെ ഉറക്കമെഴുന്നേല്‍ക്കണമെന്നാണ് നയം. ബെഡ് കോഫി എന്ന പദോല്‍പത്തി തന്നെ കാപ്പി ഉണ്ടാക്കി ബെഡ്ഡില്‍ എത്തിച്ചു കൊടുക്കാന്‍ ആളുള്ളതുകൊണ്ട് ഉണ്ടായതാവണമല്ലോ.

വിവാഹം കഴിഞ്ഞ ശേഷം ആണും പെണ്ണും ഒരു പോലെ ലൈംഗികത അനുഭവിക്കാന്‍ വൈകി കിടക്കുമ്പോള്‍ നവവധു മാത്രം നേരത്തെ എഴുന്നേറ്റ് അടുക്കളയില്‍ കയറമെന്നാണല്ലോ പാട്രിയാര്‍ക്കി ആവശ്യപ്പെടുന്നത്. പുരുഷന് സ്വന്തം വീട്ടില്‍ തന്നെ ഉറങ്ങാനുള്ള പ്രിവിലജ് പാട്രിയാക്കി ഒരുക്കി കൊടുക്കുമ്പോള്‍ സ്ത്രീക്ക് അതില്ല. വീടും രീതികളും മാറി പുതിയ ശീലങ്ങളെ പരിചയപ്പെടലും അത്തരം ആകാംക്ഷാ പ്രശ്നങ്ങളും ഉറക്ക നഷ്ടത്തിലേക്ക് സ്ത്രീകളെ നയിക്കുന്നുണ്ട്. വീടും ശീലങ്ങളും മാറിയതു കൊണ്ടും ലൈംഗികത കടന്നു വന്നതുമൂലവുമുള്ള ഉറക്ക നഷ്ടങ്ങൾ പകല്‍ സമയങ്ങളില്‍ നവവധു ഉറങ്ങി തീര്‍ക്കുകയാണെങ്കിൽ അത് പല കുടുംബങ്ങളിലും നാണക്കേടിന്റെ വിഷയമാണ് ഇപ്പോഴും. കോഴിക്കോട്ടെ അധ്യാപികയായ റസീനയ്ക്ക് അത്തരമൊരു അനുഭവമാണ് പറയാനുള്ളത്.

"കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ബന്ധുവീടുകളില്‍ വിരുന്ന പോകുമ്പോള്‍ കാറില്‍ കയറിയ ഉടന്‍ കിടന്നുറങ്ങിപ്പോകുമായിരുന്നു ഞാൻ . എന്നാല്‍ ബന്ധുവായ മറ്റൊരു സ്ത്രീയാണ് അങ്ങനെ ഉറങ്ങരുതെന്നും രാത്രിയിലെ ഉറക്കമില്ലായ്മ കാരണമാണ് ഈ ഉറക്കമെന്ന് ആളുകള്‍ മനസ്സിലാക്കുമെന്നുമുള്ള ഉപദേശം നല്‍കുന്നത്. അതുവരെ ഉറക്കം ഒരു നാണക്കേടു വിഷയമായി ജീവിതത്തിലൊരിക്കലും എനിനുഭവപ്പെട്ടിരുന്നില്ല" റസീന പറയുന്നു.

നഷ്ടപ്പെടുന്ന ഉറക്കങ്ങളെ പലപ്പോഴും തലച്ചോറ് ബാലന്‍സ് ചെയ്യുന്നത് പകല്‍ സമയങ്ങളില്‍ ഉറങ്ങിത്തൂകിയാകും. അത് ശരീരത്തിന്റെ ജൈവധര്‍മ്മമാണ്. എന്നാല്‍ വിവാഹ ശേഷമുള്ള പകല്‍ സമയത്തെ ഉറങ്ങിത്തൂങ്ങലുകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് നാണക്കേടിന്റെ വിഷയമാകാറുണ്ടെന്നതിന്റെ ഉദാഹരണമാണ് റസീനയുടെ ജീവിതത്തിലെ അനുഭവം.

ഒരേ സമയം സ്ത്രീകള്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ട്. ആ മള്‍ട്ടി ടാസ്‌കിങ്ങ് എന്നതു തന്നെ പാട്രിയാര്‍ക്കല്‍ സമൂഹം സ്ത്രീകളുടെ ചുമലില്‍ ഏല്‍പിച്ച അധിക ജോലികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ഉറക്കം വേണ്ടതെന്ന് വാദം മുന്നോട്ടു വെച്ചിരിക്കുകയാണ് ഡ്യൂക്ക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. മള്‍ട്ടിടാസ്‌കേര്‍സ് ആയതിനാല്‍ തന്നെ സ്ത്രീകളുടെ തലച്ചോറ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയവും ഉണര്‍ന്നിരിക്കും. അതിനാല്‍ തന്നെ തലച്ചോറിനാവശ്യമുള്ള വിശ്രമവും സ്ത്രീക്ക് കൂടുതല്‍ വേണ്ടി വരുന്നു.

ആചാരങ്ങള്‍, ഉറക്ക ബാധ്യതകള്‍

ആചാരങ്ങളും വ്രതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അധിക ജോലി പലപ്പോഴും അനഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. പുലര്‍ച്ചെ വ്രതം തുടങ്ങുന്ന കൃത്യസമയത്ത് എഴുന്നേറ്റാല്‍ മതി ആണുങ്ങള്‍ക്ക്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അങ്ങനെയല്ല. പുലര്‍ച്ചത്തേക്കുള്ള ഭക്ഷണവും തയ്യാറാക്കി വേണം തലേന്നവര്‍ക്ക് ഉറങ്ങാന്‍. അതല്ലെങ്കിൽ പുലർച്ചെ വ്രതം നോൽക്കുന്നവർ എഴുന്നേൽക്കും മുമ്പ് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. "ആ ദിവസങ്ങളിൽ മൂന്ന് മണിക്കൂറൊക്കെ ഉറങ്ങിയാലായി. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കണം. ആണുങ്ങള്‍ ഭക്ഷണം കഴിച്ച് വേഗം ഉറങ്ങും. വീണ്ടും പാത്രങ്ങളെല്ലാം കഴുകിവെച്ച് തയ്യാറാക്കി വേണം സ്ത്രീകള്‍ക്കുറങ്ങാന്‍. ജോലി എടുക്കുന്ന സ്ത്രീയാണെങ്കില്‍ പിന്നെ ഉറക്കമില്ലാ രാത്രികളാണ്", കോഴിക്കോടുകാരിയായ ഹസി പറയുന്നു.

അതുപോലെ വീട്ടിലെ മുതിര്‍ന്നവരുടെ ശീലങ്ങള്‍ക്കും പരിചരണത്തിനുമായി പലപ്പോഴും ഉറക്ക നഷ്ടമനുഭവിക്കുന്നവര്‍ സ്ത്രീകളാണ്. ഭര്‍തൃപിതാവിന്റെ പുലര്‍ച്ചെയുള്ള കാപ്പി കുടിക്കായി വര്‍ഷങ്ങളോളം നേരത്തെ എഴുന്നേറ്റ് ശീലിച്ചവളാണ് അധ്യാപികയായ ആവണി. "അച്ഛന്‍ നല്ല അച്ഛനായിരുന്നു. പക്ഷെ അച്ഛന് എല്ലാ ദിവസവും ആറ് മണിക്ക് കാപ്പി വേണം. കൂടാതെ നാലര നാലേമുക്കാലിന് എണീറ്റാലേ വീട്ടിലേക്കുള്ള എല്ലാം റെഡിയാക്കി സ്‌കൂളില്‍ പോവാന്‍ പറ്റുകയുള്ളൂ. ഞായറാഴ്ച കുറച്ച് നേരം കൂടുതല്‍ ഉറങ്ങണമെന്ന് വിചാരിച്ചാല്‍ പോലും നടക്കാറില്ല. എഴുന്നേൽക്കാതായാൽ അച്ഛന്‍ അന്ന് കാപ്പി കുടിക്കില്ല. നമ്മൾ അധികമായെടുത്ത ഉറക്കസമയം അവിടെ വിചാരണ ചെയ്യപ്പെടും. മാത്രവുമല്ല അപ്പോ ഭര്‍ത്താവ് ചോദിക്കും നിങ്ങള്‍ക്ക് കുറച്ചു കൂടി നേരത്തെ എഴുന്നേറ്റ് കൂടായിരുന്നോ എന്ന്, ആദ്യകാലങ്ങളിലൊക്കെ നേരത്തെ എഴുന്നേൽക്കാത്തത് ചോദ്യം ചെയ്തിരുന്നു ഭർത്താവ്. വിവാഹമോചിതയായ ശേഷം ഇഷ്ടമുള്ളത്രയും കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്ന് ആവണി കൂട്ടിച്ചേർക്കുന്നു.

സ്ത്രീകളോട് ഉറങ്ങരുതെന്നും നേരത്തെ ഉറക്കം എഴുന്നേറ്റ് കാര്യങ്ങൾ ചെയ്ത് തരണമെന്നും ആവശ്യപ്പെടുന്നവർ കുറവായിരിക്കാം. പക്ഷെ ആവശ്യപ്പെടാതെ തന്നെ ഉറക്കം നഷ്ടപ്പെടുത്തി ചെയ്തുകൊടുക്കേണ്ടതാണ് തങ്ങളുടെ കടമ എന്ന വേവലാതിയിലാണ് പല സ്ത്രീകളും ഇത്തരത്തിലുള്ള ഉറക്ക നഷ്ടത്തിന് മുതിരുന്നത്. രാത്രി ജോലി കഴിഞ്ഞും വീട്ടിലെത്തുന്ന സ്ത്രീകൾ നേരത്തെ എഴുന്നേറ്റ് അടുക്കളപ്പണിയും വീട്ടുപണിയും ചെയ്യുമ്പോൾ അത് ഉത്തമ സ്ത്രീയുടെ ലക്ണഷമായി കുടുംബ സീരിയലുകളും സിനിമകളും വാഴ്ത്തുമ്പോൾ അതിൽ നിന്ന് മാറി നിടക്കാൻ പലപ്പോഴും സ്ത്രീകൾ ധൈര്യപ്പെടില്ല. മാത്രവുമല്ല പെണ്ണുറക്കങ്ങളെ വളർത്തു ദോഷമായും ഉത്തമ സ്ത്രീയുടെ ലക്ഷണമല്ലാതെയായും കൂടി സമൂഹം നോക്കി കാണുമ്പോൾ പല സ്ത്രീകളും ആ ട്രാപ്പിൽ വീഴും. ആ ഉറക്ക നഷ്ടങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും.

വാൽക്കഷ്ണം: വ്യക്തിപരമായ പ്രശ്നങ്ങളും മറ്റുമായി ആൺ പെൺ വ്യത്യാസമില്ലാതെ ഉറക്ക നഷ്ടങ്ങൾ അനുഭവിക്കുന്നവരാണ് മനുഷ്യർ. പക്ഷെ പാട്രിയാർക്കി ചുമത്തുന്ന അധിക ബാധ്യതയായുള്ള ഉറക്ക നഷ്ടം പലപ്പോഴും സ്ത്രീകളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന മാത്രം.


Content Highlights: sleep loss in women and the patriarchy's influence, Social, Mathrubhumi latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented