ശിവൻ | ഫോട്ടോ: ജിൻസ് അഗസ്റ്റിൻ
'പട്ടിണി കിടക്കാതെ ജീവിക്കാനുള്ള കാര്യങ്ങള്‍ കണ്ണിന്റെ മുന്നില്‍ ഉണ്ട്. അതൊക്കെ കാണുമ്പൊ തിരിഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ ആളുകളുടെ പ്രശ്‌നം.' ഒരു അഭ്യാസിയെപ്പോലെ തന്റെ തോളിലേക്ക് പാട്ടവെള്ളം കയറ്റി വക്കുന്നതിനിടെ ശിവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. അഞ്ച് പതിറ്റാണ്ടായി തകരപ്പാട്ടയില്‍ വെള്ളം വിറ്റ് അന്നം കണ്ടെത്തുകയാണ് അദ്ദേഹം. ജീവിതസാധ്യതകളുടെ താക്കോല്‍ കണ്ടെത്താന്‍ കഴിയാത്തവരോട് അദ്ദേഹത്തിന് പറയാനുള്ളത് സ്വന്തം ജീവിതം തന്നെയാണ്.
കോടമഞ്ഞ് അരിച്ചിറങ്ങുന്ന ഒരു പുലര്‍ക്കാലത്താണ് ഏലപ്പാറയില്‍നിന്നു ജോലി തിരഞ്ഞ് വണ്ടി കയറിയത്. വലിയ കയറ്റിറക്കങ്ങള്‍ പിന്നിട്ട് എത്തിയത് ഇടുക്കിയുടെ മറ്റൊരു മനോഹരഗ്രാമമായ കട്ടപ്പനയിലാണ്. അക്കാലത്ത് വൈദ്യുതി പോലും മല കയറി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ആകെയുള്ളത് മുറുക്കാന്‍ കടകളും ചെറിയ ഹോട്ടലുകളും.
അപൂര്‍വ്വമായിരുന്നു അതു വഴി കടന്നുപോകുന്ന വാഹനങ്ങള്‍പോലും. കൃത്യമായ വികസനം നടക്കാത്തതിനാല്‍ വെള്ളത്തിന് വലിയ ക്ഷാമമായിരുന്നു. വികസിച്ച് വരുന്ന അങ്ങാടി എന്ന നിലയില്‍ ജലദൗര്‍ലഭ്യം കട്ടപ്പനയെ വലച്ചിരുന്നു. അങ്ങാടിയില്‍നിന്നു കുറച്ചകലെയുള്ള പഞ്ചായത്ത് കിണറായിരുന്നു ആകെയുള്ള ആശ്വാസം.
വന്നിറങ്ങിയത് മുതല്‍ ശിവന്റെ കണ്ണുടക്കിയത് രണ്ട് പാട്ടകളിലായി ചുമലില്‍ വെള്ളം എടുത്ത് താളത്തില്‍ നടക്കുന്ന മനുഷ്യരിലേക്കാണ്. അന്നൊക്കെ ഏകദേശം അന്‍പതോളം ആളുകള്‍ പാട്ടവെള്ളം ചുമക്കാന്‍ പോയിരുന്നു. ഇന്ന് കാണുന്ന കട്ടപ്പനയുടെ വളര്‍ച്ചക്ക് വെള്ളം നല്‍കിയത് യഥാര്‍ത്ഥത്തില്‍ അവരുടെ കഠിനാധ്വാനമാണ്. രാപ്പകല്‍ വിശ്രമമില്ലാതെ ശിവനും അവര്‍ക്കൊപ്പം കൂടി. വൈദ്യുതി വന്നതിനൊപ്പം മോട്ടോറും പൈപ്പും വന്നു. വെള്ളം വിതരണം ചെയ്തിരുന്ന പലരും മറ്റു ജോലികള്‍ക്കായി പോയി. ബാക്കിയുള്ളവരെ പ്രായവും ജോലിഭാരവും തളര്‍ത്തി.
കട്ടപ്പനക്ക് വെള്ളം നല്‍കി ഇപ്പോഴും ശിവന്‍ അങ്ങാടിയില്‍ തന്നെയുണ്ട്. അവിടെ ജീവിതം കരുപ്പിടിപ്പിച്ച മനുഷ്യര്‍ക്കും മണ്ണില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ക്കും ശിവനെന്നാല്‍ ജീവന്റെ തുടിപ്പാണ്. അതിജീവനത്തിന്റെ നീര്‍ചാലുകള്‍ ആ മനുഷ്യനൊപ്പം പരന്നൊഴുകുന്നുണ്ട്. ഒരു നാടും അതിനൊപ്പം വളര്‍ന്ന ജീവിതങ്ങളും ആ നീരുറവയ്ക്ക് അരികിലുണ്ട്. ശിവനൊപ്പം വളര്‍ന്നുവന്ന ഒരു നാടിന്റെ കഥ കൂടിയാണിത്.

ചായത്തോട്ടങ്ങളിലെ മനുഷ്യജീവികള്‍
തണുപ്പ് അരിച്ചിറങ്ങുന്ന ഏലപ്പാറയിലെ എസ്റ്റേറ്റിലാണ് ശിവന്‍ ജനിച്ചു വളര്‍ന്നത്. കുഞ്ഞൂഞ്ഞിന്റെയും ലക്ഷ്മിയുടെയും ഏഴു മക്കളില്‍ അഞ്ചാമന്‍. ചായത്തോട്ടത്തിലെ ജോലിക്കാരനായിരുന്നു അച്ഛന്‍. തോട്ടം തൊഴിലാളികള്‍ക്കുള്ള ഒറ്റമുറി ലയമായിരുന്നു ആകെയുള്ള സമ്പാദ്യം. മലയിറങ്ങി വരുന്ന കഠിനമായ തണുപ്പിനെ പ്രതിരോധിക്കാന്‍ പലപ്പോഴും ലയങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. തുച്ഛമായ കൂലി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പര്യാപ്തമല്ലായിരുന്നു. അത്രമേല്‍ അസാധ്യമാണ് തോട്ടം തൊഴിലാളികളുടെ ജീവിതം. അവന്റെ രോദനം പോലും തണുത്തുറഞ്ഞ ലയത്തില്‍നിന്ന് പുറത്തു കടക്കാറില്ല.
ഡോ. പോള്‍ ഹരിസ് ഡാനിയല്‍ 'റെഡ് ടീ' എന്ന പുസ്തകത്തില്‍ ഇന്ത്യയിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തേയിലത്തോട്ടത്തില്‍ ഡോക്ടറായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. തന്റെ പ്രശസ്തമായ നോവലിലൂടെ പറയാന്‍ ശ്രമിച്ചത് തോട്ടം തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചായിരുന്നു.
'രാത്രി സുഖമായി ഉറങ്ങി രാവിലെ എഴുന്നേറ്റ് നിങ്ങള്‍ കുടിക്കുന്ന ചുവന്ന നിറമുള്ള ചായ യാഥാര്‍ഥത്തില്‍ അതുണ്ടാക്കിയ മനുഷ്യരുടെ ചോരയാണ്. സാധാരണ മനുഷ്യന് ലഭിക്കുന്ന ജീവിതം സ്വപ്നം കാണാന്‍ പോലും സാധിക്കാതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ വിയര്‍പ്പാണ്.' 1941-ല്‍ അദ്ദേഹം കണ്ട കാഴ്ചകള്‍ നോവലില്‍ ഇങ്ങനെയാണ് അടയാളപ്പെടുത്തിയത്. ഓരോ തോട്ടം തൊഴിലാളിയുടെ ജീവിതത്തോടും ചേര്‍ത്ത് കെട്ടാന്‍ സാധിക്കുന്ന പുസ്തകമാണ് ഇന്നും 'റെഡ് ടീ.' ശിവന്റെ ബാല്യവും കൗമാരവും അത് ഒരിക്കല്‍ കൂടി അടിവരയിടുന്നുണ്ട്.
അച്ഛന്‍ കുഞ്ഞൂഞ് മരിച്ചതോടെ ഏലപ്പാറയിലെ സര്‍ക്കാര്‍ വിദ്യാലയത്തോട് എന്നേക്കുമായി വിട പറഞ്ഞു. പതിമൂന്നാം വയസ്സില്‍ ജോലി തിരഞ്ഞുള്ള യാത്ര ആരംഭിച്ചു. തോട്ടം മേഖലയില്‍ ചെറുതും വലുതുമായ പല ജോലികളും ചെയ്തു. ഒടുവില്‍ അയല്‍വാസി കൂടിയായ ലാസറിന്റെ കൂടെയാണ് കട്ടപ്പനയിലേക്ക് പോകുന്നത്. അങ്ങാടിയുടെ ചൂടും ചൂരും ഏറെ അതിശയത്തോടെയാണ് ശിവന്‍ കണ്ടത്. പലതരം ജോലി സാദ്ധ്യതകള്‍ അവിടെ കണ്ടെത്താനായി. തണുത്തുറഞ്ഞ ജീവിതം അന്നു മുതല്‍ മാറ്റം വന്ന് തുടങ്ങുകയായിരുന്നു.

പാട്ടവെള്ളവും കാലവും
കട്ടപ്പനയില്‍ അക്കാലത്ത് ഉണ്ടായിരുന്നത് മുറുക്കാന്‍ കടകളും പലചരക്കുകടയും രണ്ട് ഹോട്ടലുകളുമായിരുന്നു. വിജയ ഹോട്ടലിലേക്കാണ് വണ്ടി ഇറങ്ങി നേരെ ചെന്നത്. അവിടെ സഹായിയായി ജോലിയും കിട്ടി. തോട്ടങ്ങളിലും മറ്റും ജോലിക്ക് വരുന്ന തൊഴിലാളികളായിരുന്നു ഹോട്ടലില്‍ വരുന്നവരില്‍ ഏറെയും. വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും പതിനഞ്ച് രൂപയായിരുന്നു മാസ ശമ്പളമായി കിട്ടിയത്. അതും പലപ്പോഴും കിട്ടാറുമില്ല. അങ്ങനെയാണ് മറ്റൊരു ജോലി വേണം എന്ന ചിന്ത വന്നു തുടങ്ങിയത്. തകരപ്പാട്ടകളില്‍ വെള്ളം ചുമന്നു വില്‍ക്കുന്ന ആളുകള്‍ വന്ന് ഇറങ്ങിയത് മുതല്‍ ശിവന്റെ മനസില്‍ ഉണ്ട്. പക്ഷെ അതിലേക്ക് എങ്ങനെ എത്തിപ്പെടുമെന്ന് അറിയില്ലായിരുന്നു.
ഹോട്ടലിലെ ജോലി ഉപേക്ഷിച്ച് അങ്ങാടിയിലെ ജോലികള്‍ക്കായി ശിവന്‍ ഇറങ്ങി. പശുവിന് കാടിവെള്ളം ശേഖരിച്ചു കൊടുക്കുന്നത് മുതല്‍ ചെറുതും വലുതുമായ പല ജോലികള്‍ ചെയ്തു. കാടി വെള്ളം ശേഖരിക്കുന്നതിനൊപ്പം മുറുക്കാന്‍ കടകള്‍ക്ക് വെള്ളമെത്തിക്കാനും തുടങ്ങി. അതിനായി എണ്ണ ശേഖരിച്ച് വയ്ക്കുന്ന തകരപ്പാത്രങ്ങള്‍ കാപ്പിച്ചെടിയുടെ കമ്പില്‍ കെട്ടി തയ്യാറാക്കി. വൈകാതെ തന്നെ അങ്ങാടിയില്‍ പാട്ടവെള്ളം ചുമക്കുന്നവരില്‍ ഒരാളായി ശിവനും മാറി. 30 പൈസയായിരുന്നു ഒരു തപ്പ് വെള്ളത്തിന് ലഭിച്ചിരുന്നത്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ രാത്രി വരെ വെള്ളമെത്തിക്കും. ഒരു നിമിഷം പോലും വിശ്രമിക്കാതെയാണ് വെള്ളം ചുമന്നിരുന്നത്.
ഏകദേശം അര കിലോ മീറ്ററോളം അകലെയുള്ള പഞ്ചായത്ത് കിണറില്‍നിന്നാണ് വെള്ളം എത്തിച്ചിരുന്നത്. 36 കിലോ ഭാരം വരും രണ്ട് പാട്ടയിലെ വെള്ളവും കൂടി. ആദ്യദിവസങ്ങളില്‍ തോളെല്ല് നുറുങ്ങി പോകുന്ന വേദനയായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് മുന്നില്‍ ശിവനെ അത് ഒട്ടും വേദനിപ്പിച്ചില്ല. പിന്നീട് ആ വേദന കറുത്ത തഴമ്പായി രൂപപ്പെട്ടു. കാലത്തിനൊപ്പം ശിവനും കട്ടപ്പനയും വളര്‍ന്നു. 1971-ഓടെ അങ്ങാടിയില്‍ ആദ്യ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. പിന്നീടങ്ങോട്ട് പുതിയ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വന്നു.

മുന്നില്‍ തന്നെയുണ്ട് സാധ്യതകള്‍
രാപ്പകല്‍ അധ്വാനത്തിന്റെ ഫലമായി ചെറിയ വീടുവച്ചു. ജീവിതസഖിയായി ശാന്തമ്മയും മക്കളായി രശ്മിയും രമ്യയും വന്നു. ജീവിതഭാരം കൂടുന്നതിന് അനുസരിച്ച് വെള്ളം ചുമക്കുന്ന സമയവും കൂട്ടികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് കാപ്പിയുടെ കമ്പ് ഉരഞ്ഞ് തോളിലെ തഴമ്പ് മുറിഞ്ഞത്. അത് പിന്നീട് വൃണമായി മാറി. ഓരോ തവണ ആ മുറിവില്‍ കമ്പ് കൊള്ളുമ്പോഴും പ്രാണന്‍ പോകുന്ന വേദനയാണ്. വെള്ളം ചുമക്കുന്നത് അപ്പോഴും നിര്‍ത്തിയില്ല. ഒടുവില്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്ത മനസ്സിന് മുന്നില്‍ മുറിവ് താനെ ഉണങ്ങി.
ശിവനേക്കാള്‍ വേഗത്തില്‍ കട്ടപ്പന വളര്‍ന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം. എണ്ണമറ്റ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വന്നു. എല്ലായിടത്തും വൈദ്യുതിയും വെള്ളമെത്തിക്കാനുള്ള മോട്ടോര്‍ സംവിധാനങ്ങളും വന്നു. വെള്ളം ചുമക്കുന്നവര്‍ പലരായി മറ്റു ജോലികളിലേക്ക് പോയി. പുതിയ ആളുകള്‍ വരാതെയുമായി. ഒടുവില്‍ ശിവന്‍ മാത്രമായി. ഇപ്പോഴും ശിവന്റെ പാട്ടവെള്ളത്തിനായി കാത്തുനില്‍ക്കുന്ന ഒട്ടേറെ മനുഷ്യര്‍ ഉണ്ട്. ആ വെള്ളത്തിനോടും അത് കൊണ്ടുവരുന്ന മനുഷ്യനോടുമുള്ള വിശ്വാസവും സ്‌നേഹവുമാണ് പ്രധാന കാരണം.
കൊറോണ വന്നതോടെ സ്ഥാപനങ്ങള്‍ പലതിനും പൂട്ട് വീണു. പൊതുവില്‍ പാട്ടവെള്ളത്തിന്റെ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. എങ്കിലും കട്ടപ്പന വിട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സാധ്യമായ എല്ലാ ജോലികളും ചെയ്ത് ശിവന്‍ അങ്ങാടിയില്‍ തന്നെയുണ്ട്. കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്‌സിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്ന താല്‍ക്കാലിക ജോലിയും ഒരു ആശ്വാസമാണ്.
വീട് വൃത്തിയാക്കുന്നത് മുതല്‍ അടിക്കാട് വെട്ടുന്നത് വരെയുള്ള മനുഷ്യസാധ്യമായ എല്ലാ ജോലികളും ചെയ്യും. അദ്ദേഹത്തിന്റെ രീതിയില്‍ പറഞ്ഞാല്‍ പൊലീസ് പിടിക്കാത്ത എന്ത് ജോലിയും. രോഗാതുരമല്ലാത്ത നല്ല കാലത്തെ കാത്ത് വറ്റാത്ത നീരുറവയായി ശിവന്‍ അങ്ങാടിയില്‍ തന്നെയുണ്ട്.
Content Highlights: Sivan, the waterman of Kattappana | Athijeevanam 78
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..