സിന്ധു നായർ
"അച്ഛന്‍ യുഎന്നിലെ ഉദ്യോഗസ്ഥനായതുകൊണ്ട് വിവിധ രാജ്യങ്ങളിലായിരുന്നു എന്റെ കുട്ടിക്കാലം. സ്‌കോട്ടലന്‍ഡിലും യുകെയിലുമായിരുന്നു വിവാഹത്തിനു മുമ്പുള്ള വലിയ കാലഘട്ടത്തിലെ ജീവിതം. അതിനാല്‍ തന്നെ എന്റെ താത്പര്യങ്ങളും രീതികളുമെല്ലാം വ്യത്യസ്തമായിരുന്നു. എന്നാല്‍ 1998ല്‍ വിവാഹം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഉണ്ടായ കള്‍ച്ചറല്‍ ഷോക്ക് എന്നെ വല്ലാത്തൊരു ട്രോമയിലേക്കാണ് തള്ളിയിട്ടത്. ചെറുപ്പത്തില്‍ പല വിധ അബ്യൂസുകളിലൂടെയും റിലേഷന്‍ഷിപ്പ് ബ്രേക്കപ്പിലൂടെയും ഞാന്‍ കടന്നു പോയിരുന്നെങ്കിലും എന്നെ സംബന്ധിച്ച് വിവാഹം കഴിഞ്ഞുടനെയുള്ള ജീവിതക്രമത്തിലെ മാറ്റങ്ങളായിരുന്നു ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ മാനസ്സിക സംഘര്‍ഷം. ഭര്‍ത്താവുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയ്ക്കു വരെ വീട്ടിലെ പരമ്പരാഗതമായ രീതികളും ക്രമങ്ങളും തടസ്സമായി. പിരീഡ്‌സ് ആയാല്‍ വേറെ കഴിയണം. മറ്റുള്ളവരെ തൊടാന്‍ പാടില്ല എന്ന ചിട്ടകളായിരുന്നു ഭര്‍ത്താവിന്റെ വീട്ടില്‍. ആണുങ്ങള്‍ക്ക് ശേഷം പെണ്ണുങ്ങള്‍ കഴിച്ചാല്‍ മതി എന്ന രീതി പുറത്തു പഠിച്ചു വളർന്ന ആളെന്ന നിലയിൽ എനിക്ക് വലിയ ഷോക്ക് തന്നെ ആയിരുന്നു. അത്തരം പലവിധ ആചാരങ്ങളും വളരെ പാട്രിയാർക്കലായ കുടുംബസാഹചര്യവും ഡിപ്രഷനിലേക്കും മറ്റും എന്നെ തള്ളിവിട്ടു. അന്നത്തെ കാലത്ത് ബന്ധം വേര്‍പ്പെടുത്തല്‍ ഡിവോഴ്‌സ് എന്നത് സ്വീകാര്യമായ കാര്യമല്ലലോ. അതിനാല്‍ അന്ന അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സിന്ധു നായർ
ഭര്‍ത്താവ് രാജേഷ് പുരോഗമന സ്വഭാവമുള്ള എന്നെ മനസ്സിലാക്കുന്ന വ്യകിതിയായിരുന്നെങ്കിലും ഞങ്ങളുടെ ദാമ്പത്യത്തിന്റെ തുടക്കകാലത്ത് അത്തരം പിന്തുണകള്‍ പരസ്യമായി നല്‍കാന്‍ ഭര്‍ത്താവിന് സാധിച്ചിരുന്നില്ല. ഗൃഹഭരണത്തിലും വീട്ടിലെ തീരുമാനങ്ങളെടുക്കുന്നതിലും അത്രമാത്രം ശക്തമായ സാന്നിധ്യമായിരുന്നു ഭർതൃ മാതാവ്.
ഭര്‍ത്താവിന്റെ അമ്മ വളര്‍ന്ന് വന്ന സാഹചര്യവും അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയും കാരണമാവാം അമ്മ അങ്ങനെ പെരുമാറിയത്. മാത്രവുമല്ല ഞാൻ വളർന്നു വന്ന പശ്ചാത്തലവും അവരിൽ നിന്നും തീർത്തും വ്യത്യസ്തവുമായിരുന്നു. അതു കാരണമുള്ള കൾച്ചറൽ ക്ലാഷും ഘടകമായി. അതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്റെ കുടുംബവുമായി ബന്ധപ്പെട്ടതായതും മറ്റുള്ളവരെ വേദനിപ്പിക്കും എന്നുള്ളതു കൊണ്ടും തന്നെ അതേ കുറിച്ചുള്ള മറ്റ് വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അമ്മയാവാനോ വിവാഹിതയാവാനോ ഞാന്‍ തയ്യാറായിരുന്നില്ല എന്ന തോന്നലും ആഗ്രഹിക്കാത്ത രീതിയിലുള്ള ജീവിത ക്രമവും എന്റെ ആത്മവിശ്വാസത്തെയും ജീവിതത്തോടുള്ള ആസക്തിയെയും വരെ ബാധിച്ചു തുടങ്ങി. വിഷാദവും വിഷാദചികിത്സയുമെല്ലാം ജീവിതത്തില്‍ ഇടക്കിടെ കടന്നു പോയി. പ്രശ്‌നങ്ങൾ പാട്രിയാർക്കിയുടേതായിരുന്നു പക്ഷെ അതെന്റെ മനസ്സിനെ തകര്‍ത്തതിനാല്‍ തന്നെ ചികിത്‌സ മുഴുവനും മരുന്ന് കഴിക്കലും എന്റെ തുടര്‍ന്നുള്ള ജീവിതത്തിന്റെ ഭാഗവുമായി.
അച്ഛന്‍ യുഎന്നിലെ ഉദ്യോഗസ്ഥനായതുകൊണ്ടു തന്നെ വിവിധ രാജ്യങ്ങളിലായിരുന്നു ജോലി ചെയ്തത്. എനിക്കാശ്വാസമായി എന്റെടുത്ത് നിന്ന് ശക്തി തരാന്‍ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നില്ല. പലപ്പോഴും സങ്കടവും വേദനയും അണപൊട്ടി അവരോട് പറയുമ്പോള്‍ അക്കാലത്തെ ഒട്ടുമിക്ക മാതാപിതാക്കളെയും പോലെ "അഡ്ജസ്റ്റ് ചെയ്യൂ" എന്ന സ്ഥിരം പല്ലവിയാണ് കേള്‍ക്കേണ്ടി വന്നതും. ഭർത്താവ് രാജേഷിനോടുള്ള ഇഷ്ടക്കൂടുതലും വിശ്വാസവുമാണ് അതിനവരെ പ്രേരിപ്പിച്ചതും.
ഈ സംഘര്‍ഷങ്ങളിൽ നിന്നെല്ലാമുള്ള മോചനമായിരുന്നു എനിക്ക് പച്ചകുത്തല്‍. ടാറ്റുയിങ്ങ് എന്റെ മനസ്സിനുണ്ടാക്കിയ ശാന്തിയും സമാധാനവും എനിക്ക് വര്‍ണ്ണിക്കാന്‍ കഴിയില്ല. ജീവിതത്തോടുള്ള എന്റെ സമരമായി ഇതിനെ കാണുന്നവരുണ്ട്, കുട്ടിക്കളി മാറാത്ത വീട്ടമ്മയായി എന്നെ തരംതാഴ്ത്തുന്നവരുമുണ്ട്. പക്ഷെ മുന്നോട്ടുള്ള ജീവിതത്തില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നതാണ് എന്റെ ശരീരതതിലെ ഓരോ പച്ചകുത്തല്‍ കലയും. പല ചിത്രങ്ങളിലും വരച്ചിടാന്‍ ശ്രമിച്ചത് ജീവിതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകള്‍ തന്നെയായിരുന്നു.
ശരീരത്തിലെ പല ടാറ്റൂവും വലുതും വിസിബിളുമാണ്. നെഞ്ചിലൊരു വലിയ ടാറ്റു ചെയ്തിട്ടുണ്ട്. ടാറ്റു ചെയ്ത സ്ത്രീ എന്നത് ഈസിയായി അപ്രോച്ച് ചെയ്യാന്‍ പറ്റുന്ന ആളാണ് എന്ന ധാരണയാണ് പൊതുസമൂഹത്തിന്. ശരീരത്തിൽ ചെയ്യുന്ന ഒരു കലാരൂപമായി അതിനെ ഇപ്പോഴും നമ്മുടെ സമൂഹം കണ്ടു തുടങ്ങിയിട്ടില്ല. ബൈപ്പോളാറിന്റെ ഭാഗമാണോ, എന്ന തരത്തില്‍ സൈക്കോളജിസ്റ്റുകള്‍ വരെ ചോദിച്ചിട്ടുണ്ട്. "ആക്ട് യുവര്‍ ഏജ്" എന്ന പറച്ചില്‍ ടാറ്റൂ ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ കേട്ടു തുടങ്ങുന്നതാണ്.
മറ്റാരെയും ബുദ്ധിമുട്ടിക്കാതെ എന്റെ മനസ്സിനു സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രായപരിധി എങ്ങനെയാണ് നമുക്ക് നിശ്ചയിക്കാനാവുക. ഇന്നത്തെ കാലത്തും അങ്ങനെയൊക്കെ ഉണ്ടോ എന്നത് അത്ഭുതപ്പെടുത്തുന്നതാണ്
'ഇത്രേം പ്രായമായിട്ടില്ലേ. ഇനിയും നിനക്കിത് നിര്‍ത്താന്‍ സമയമായിട്ടില്ലേ' എന്ന് ചോദിക്കുന്നവരുണ്ട്. 'ബാക്കിയുള്ളവര്‍ എന്ത് വിചാരിക്കും. പ്രായമാവുമ്പോള്‍ നാം പക്വത കാണിക്കണം' എന്നുപദേശവും നിരന്തരം കേള്‍ക്കാം. ആരോടും കലഹിക്കാന്‍ ഞാന്‍ പോകാറില്ല. അവരോടെല്ലാം എനിക്കുത്തരമൊന്നേയുള്ളൂ ഇതെന്റെ ശരീരമാണ്. എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും.

ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനമായ മോത്ത് ടാറ്റൂ
അതേസമയം ജീവിതത്തിന്റെ കയ്‌പേറിയ ഭാഗങ്ങളല്ല ജീവിതത്തിന്റെ പ്രതീക്ഷയും മാറ്റങ്ങളുമാണ് ഞാന്‍ ഈ ശരീരകലയിലൂടെ പ്രകടിപ്പിക്കുന്നത്. അവസാനമായി നെഞ്ചില്‍ ചെയ്തത് നിശാശലഭത്തിന്റെ ടാറ്റുവാണ്. ജീവിതത്തില്‍ വലിയ രീതിയില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന ജീവിയാണല്ലോ ശലഭങ്ങള്‍. ചിത്രശലഭങ്ങൾ പൊതുവെ മൃദുലതയുമായി താരതമ്യം ചെയ്യപ്പെടുന്നവയാണ്. എന്നാൽ ശക്തി കൂടി ഉൾച്ചേരുന്നതാണ് നിശാശലഭം. അവ രാത്രി സഞ്ചാരികളുമാണ്. അതാണ് ആ വലിയ ടാറ്റുവിനു പുറകിലെ ആശയം.
നിശാശലഭ ടാറ്റു ഭര്‍ത്താവിന്റെ വക എനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമാണ്. എന്റെ ടാറ്റു ഭ്രമവും അതെനിക്ക് നല്‍കുന്ന ശാന്തിയും സന്തോഷവുമെല്ലാം ഭർത്താവിനറിയാം. അദ്ദേഹം എന്നെ എന്റെ ഇഷ്ടങ്ങൾക്ക് സ്വതന്ത്രമായി വിട്ടതും എൻറെ താത്പര്യങ്ങളെ ബഹുമാനിക്കുന്നതുമാണ് ഇന്നും ഇത്ര നല്ല സുഹൃത്തുക്കളായി ദാമ്പത്യം മുന്നോട്ടുപോവാൻ ഞങ്ങളെ സഹായിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദത്തിന് പഠിക്കുന്ന മകനും പ്ളസ്ടു കഴിഞ്ഞ മകളും നൽകുന്ന പിന്തുണയും അളവില്ലാത്തതാണ്
നിശാ ശലഭത്തിന്റെ ടാറ്റു ചെയ്യുമ്പോള്‍ മകളാണ് കൂടെ വന്നത്. സാധാരണ ടാറ്റൂ ചെയ്യുമ്പോള്‍ വലിയ വേദനയെ കുറിച്ചാണ് മറ്റുള്ളവര്‍ പറയുക. പക്ഷെ എനിക്ക് നിര്‍വാണപോലെയാണ് ടാറ്റു. ഒരു വേദനയും ഞാനറിയാറില്ല. വല്ലാത്ത നിര്‍വൃതിയിലേക്കാണ് ടാറ്റൂ ചെയ്യുന്ന സമയം ഞാന്‍ പോവുക. ഒരുപക്ഷെ ഫിസിക്കല്‍ പെയിനിനോട് എനിക്ക് ടോളറന്‍സ് കൂടുതലുള്ളതുകൊണ്ടാണോ അതോ ഇഷ്ടക്കൂടുതലുകൊണ്ടാണോ, എന്താണെന്നറിയില്ല. ശരീരത്തിലെ ഓരോ ടാറ്റുവും അവയവും പോലെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് എനിക്ക്. അതിലോരോന്നിലും ഞാനെന്നെത്തന്നെയാണ് വരച്ചു കാണിക്കുന്നത്. എന്റെ ജീവിത പ്രതീക്ഷകളും.. ഇടത്തേ തോളിനു മുകളിൽ വരച്ചിട്ടത് എന്റെ അരുമയായിരുന്ന ഏഞ്ചൽ എന്ന പട്ടിക്കുട്ടിയുടെ കാൽപ്പാടുകളാണ്. അവളുടെ കാൽപ്പാട് പകർത്തി അതിന്റെ പ്രിന്റെടുത്ത് വെച്ചിരുന്നു. അതാണ് തോളിൽ ടാറ്റുവാക്കി മാറ്റിയത്. ഇന്നവളെന്റെ കൂടെ ഇല്ലെങ്കിലും അവളുടെ കാൽപ്പാടുകൾ എന്റെ ചുമലിലുണ്ട്. മാലാഖയെപ്പോലെ...

നാണമില്ലേ െന്ന ചോദ്യങ്ഹൽക്കുള്ള സിന്ധുവിന്റെ
മറുപടി ജീവിതമാസ്വദിക്കുന്ന
ഈ മനോഹര ചിരിയാണ്.
"ദേഹം മുഴുവനായില്ലേ ഇനിയെങ്കിലും, ടാറ്റുചെയ്യല്‍ നിര്‍ത്തിക്കൂടെ" എന്ന് അമ്മ ചോദിക്കാറുണ്ട്. അമ്മ മാത്രമല്ല പലരും. മരിക്കുന്നതിനു മുമ്പ് ഇഷ്ടപ്രകാരം ജീവിക്കാതെയാണല്ലോ ഞാന്‍ ഈ ലോകത്തു നിന്നു പോകുന്നത് എന്ന വേദന ഉണ്ടാവരുത് എന്ന തീർച്ചയുണ്ട് എനിക്ക്. അതിനാല്‍ ഇഷ്ടമുള്ളിടത്തോളം കാലം പറ്റുന്നത്ര എന്നെ സന്തോഷിപ്പിക്കുന്ന എനിക്ക് ശക്തി പകരുന്ന ടാറ്റൂകള്‍ ഞാനിനിയും ചെയ്യും എന്നാണെന്റെ ഏക ഉത്തരം. ഇത്രയധികം ടാറ്റു ചെയ്യുമ്പോൾ ആദ്യം പലതും പറഞ്ഞിരുന്നെങ്കിലും അത്തരം ആശങ്കകൾ ഇപ്പോൾ അവർക്കില്ല. കുറെയൊക്കെ എന്റെ ഇഷ്ടങ്ങൾക്ക് പിന്തുണ നൽകുന്ന തലത്തിലേക്ക് അവരും ഒത്തിരി മാനസികമായി പാകപ്പെട്ടു. അതും എന്റെ ജീവിത വഴി എളുപ്പമാക്കി.
ടാറ്റു ചെയ്യുന്നവർ ലൂസ് കാരക്ടറാണെന്ന തെറ്റിദ്ധാരണ
ഇന്‍സ്റ്റയില്‍ ടാറ്റു ചെയ്ത പടങ്ങള്‍ ഇടുമ്പോള്‍ മോശം രീതിയില്‍ സമീപിക്കുന്നവരുണ്ട്. മകന്റെ പ്രായമുള്ള ചെറിയ പയ്യന്‍മാര്‍ വരെ മോശമായ രീതിയിൽ ചാറ്റ് ചെയ്യാന്‍ വരാറുണ്ട്. ശല്യം അസഹനീയമായപ്പോഴാണ് മെസഞ്ചറും മറ്റ് ചാറ്റ് ആപ്ലിക്കേഷനുകളുമെല്ലാം ഡിലീറ്റ് ചെയ്തത്. ടാറ്റൂ ചെയ്യുന്നവരെ കുറിച്ച് അത്രമാത്രം മിഥ്യാധാരണയാണ് സമൂഹത്തിന്. ടാറ്റൂ ചെയ്യുന്ന പെണ്ണുങ്ങളെ കുറിച്ച് അതിലുമേറെയാണ് മിഥ്യാ ധാരണ. അവര്‍ വീട്ടമ്മയോ പ്രായം ചെന്നവരോ ആണെങ്കില്‍ പറയുകയും വേണ്ട.
90ലധികം രാജ്യങ്ങള്‍ കണ്ടയാളാണ് എന്റെ അച്ഛന്‍. 10 ലേറെ രാജ്യങ്ങളില്‍ ഞാനും പോയിട്ടുണ്ട്. ഇനിയുമേറെ രാജ്യങ്ങളില്‍ പോവണം. ഷാര്‍ക്ക് ഡ്രൈവിങ് പോലുള്ള സാഹസിക കാര്യങ്ങളോടും വൈല്‍ഡ് ലൈഫിനോടും വലിയ താത്പര്യമാണ്. കുടുംബം നോക്കുക എന്ന വലിയ ഉത്തരവാദിത്വങ്ങളുള്ളതുകൊണ്ട് കുറച്ച് കാലമായി ജോലി രാജിവെച്ച് ഹോബികളോടൊക്കെ ഇഷ്ടം കൂടി ജീവിതമങ്ങാസ്വദിക്കുകയാണ് ഞാന്‍. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവും മക്കളുമുണ്ട്. വെറും വാക്കാലുള്ള പിന്തുണയല്ല, പകരം ഇവരൊക്കെയാണ് ടാറ്റു ചെയ്യാന്‍ ഒപ്പം വരാറുള്ളതു തന്നെ. അതൊരു ഭാഗ്യം കൂടിയാണ്"
content highlights: Sindhu Nair speaks about the bodyshaming and judgemental attitude she faced after doing tattoo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..