.സിന്ധു അമ്മയോടൊപ്പം | ഫോട്ടോ: സജീഷ് എസ്.
'മഴ പെയ്യുമ്പോൾ മേൽക്കൂരക്ക് ഉള്ളിലൂടെ വള്ളം ഇരച്ചുവരും. ഒന്നനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്ത് മഴക്കൊപ്പം കരയും. ഓർമ്മയുടെ തുലാവർഷമൊക്കെയും സങ്കടക്കാലമാണ്. എണ്ണമറ്റ രാത്രികളാണ് തോരാമഴയിൽ കണ്ണീരിനൊപ്പം കുതിർന്ന് കിടന്നത്.'
സംസാരത്തിനിടയ്ക്ക് സിന്ധുവിന്റെ വാക്കുകൾ വേദനകൊണ്ട് മുറിഞ്ഞു. ഏറെനേരം നിശബ്ദയായി കണ്ണുകളടച്ച് ഇരുന്നു. അത്രമേൽ അവർക്കുള്ളിൽ പെയ്തു തീരാത്ത സങ്കടങ്ങളുടെ കടലുണ്ട്. പക്ഷെ, ജീവിതം പാടേ നിശ്ചലമാക്കിയ കാലത്തിന് മുന്നിൽ ഒരിക്കലും കരഞ്ഞിട്ടില്ല. തളർന്ന കൈകൊണ്ട് കണ്ണീരൊപ്പാൻ പോലും സിന്ധുവിന് സാധിക്കില്ല. മറ്റൊരാൾ തന്റെ വേദന കാണുന്നത് ഇഷ്ടമല്ലാത്തതിനാൽ എല്ലാം ഉള്ളിലൊതുക്കും.
വലതുകയ്യിലെ വിരലുകൾ മാത്രമെ ചലിപ്പിക്കാൻ സാധിക്കു. ബാക്കി ശരീരം നിശ്ചലമാണ്. ആ വിരലുകളാണ് അസാധ്യമായി മുന്നോട്ട് നയിക്കുന്നത്. കീഴ്പ്പെടുത്താൻ ശ്രമിച്ചതിനോടൊക്കെയും പോരാടി നേടിയ വിജയത്തിന്റെ പേരാണ് യഥാർത്ഥത്തിൽ സിന്ധു. മരിച്ചെന്ന് പറഞ്ഞ് വെള്ള പുതപ്പിക്കാൻ നിന്നിരുന്ന ആശുപത്രി അനുഭവം പറയുമ്പോൾ അവരുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ അഗ്നി ആളുന്നുണ്ടായിരുന്നു.
ഇടക്ക് നിർത്തി സിന്ധു പറഞ്ഞു: 'ലോട്ടറി വാങ്ങാൻ സമയായി.' കൂടെ നടന്നെത്താവുന്ന വേഗതയിൽ വീൽച്ചെയർ പതിയെ മുന്നോട്ട് ചലിപ്പിച്ചു. റോഡാകെ ചുട്ട് പഴുത്ത അവസ്ഥയിലാണ്. വഴിയാത്രികൻ കൊടുത്ത ചുവന്ന തൊപ്പിയാണ് ഏക ആശ്രയം. കനത്ത ചൂടേറ്റ് തലയാകെ വിയത്തു കുളിച്ചു. നെറ്റിയിൽനിന്നു വിയർപ്പുതുള്ളിലകൾ വീൽചെയറിലേക്ക് ഇറ്റുന്നുണ്ട്.
മുറിച്ചു മാറ്റാൻ മറന്നുപോയ വഴിയോരത്തെ മരങ്ങളാണ് ആകെ ആശ്വാസം. സിന്ധുവിന്റെ അസാധ്യമായ വഴികളിൽ തണൽ പോലും അകലെയാണ്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും മുന്നോട്ട് നയിക്കുന്നത് മനസ്സിൽ വളർത്തിയെടുത്ത പ്രതീക്ഷയുടെ വന്മരങ്ങളും അമ്മയുമാണ്. ആ തണലുകളാണ് പ്രതിസന്ധികളെ കീഴ്പ്പെടുത്താനുള്ള ഊർജ്ജം പകരുന്നത്. സിന്ധുവിന്റെ അതിജീവന പോരാട്ടങ്ങളുടെ വേരുതേടിയുള്ള യാത്രയാണിത്...
.jpg?$p=9ea92f2&&q=0.8)
ചിറകരിഞ്ഞ ചികിത്സയും ബാല്യവും
ആലപ്പുഴയിലെ കണ്ണനാകുഴി ഗ്രാമത്തിലാണ് സിന്ധു ജനിച്ചുവളർന്നത്. വീടിനോട് ചേർന്ന് നോക്കെത്താ ദൂരത്തോളം അതിരിട്ടു കിടക്കുന്ന പുഞ്ചപാടമാണ്. രാത്രി പെയ്ത മഞ്ഞിൽ കുളിച്ചു നിൽക്കുന്ന നെൽക്കതിർ കണ്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. സൂര്യകിരണമേറ്റ് മഞ്ഞ് കണങ്ങൾ പവിഴം പോലെ തിളങ്ങുന്നത് ബാല്യത്തിലെ അത്ഭുതമാണ്. ജീവിതത്തിന്റെ നനുത്ത അനുഭവങ്ങൾക്ക് മുകളിൽ മഷി പടരും മുൻപുള്ള ഓർമ്മപ്പെടുത്തലായിരുന്നു അത്.
വിലാസിനിയുടെയും ദിവാകരന്റെയും രണ്ടാമത്തെ കുട്ടിയാണ് സിന്ധു. പെൺകുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ഹൃദയം നിറഞ്ഞാണ് അമ്മ വീട്ടിലെത്തിയത്. കൈ വളരുന്നതും കാൽ വളരുന്നതും കണ്ട് പ്രതീക്ഷയുടെ കൂടു കൂട്ടിയാണ് മകളെ മാറോട് ചേർത്ത് ഉറക്കാറുള്ളത്. ഓരോ രാവും വെളുക്കുന്നത് അവൾക്കൊപ്പമുള്ള പുതിയ സ്വപ്നങ്ങൾ സമ്മാനിച്ചാണ്.
നിറഞ്ഞ ചിരിയും കളികൊഞ്ചലും ആ പ്രതീക്ഷകൾക്ക് കൂടുതൽ മിഴിവേകി. ഒന്നാം പിറന്നാൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ചുട്ടുപൊള്ളുന്ന പനി വന്നത്. അസുഖം വന്നാൽ സാധാരണ പോകാറുള്ള ആശുപത്രി ജീവനക്കാരനെ തന്നെ ആശ്രയിച്ചു. പനി പെട്ടന്ന് മാറും എന്ന് പറഞ്ഞ് അദ്ദേഹം ഒരു ഇഞ്ചെക്ഷൻ വച്ചു. വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പനി വീണ്ടും മൂർച്ഛിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചു.
.jpg?$p=ce4bb41&&q=0.8)
മരണത്തിന്റെ തണുപ്പും ജീവന്റെ ചൂടും
സ്ഥിതി അതീവ ഗുരുതരമാണെന്ന് ആദ്യപരിശോധനയിൽ തന്നെ ഡോക്ടർ അറിയിച്ചു. അനുദിനം കുഞ്ഞുശരീരം തളർന്നുകൊണ്ടിരുന്നു. പിന്നീട് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് മരുന്ന് മാറി കുത്തിവച്ചതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ജീവൻ തിരിച്ചുകിട്ടാത്ത അവസ്ഥയിലാണെന്ന് ഡോക്ടർ അറിയിച്ചു. ഒന്നര മാസത്തോളം അതീവ പരിചരണ വിഭാഗത്തിലായിരുന്നു.
തിരിച്ചുവരാൻ ഒരു സാധ്യതയും ഇല്ലെന്ന നിഗമനത്തിൽ അധികൃതർ എത്തി. മരണത്തിന് വിട്ടുകൊടുത്ത് വെന്റിലേറ്ററിൽനിന്നു മാറ്റുന്ന അവസ്ഥവന്നു. ഒരൽപ്പം ജീവനോടെയാണെങ്കിലും എനിക്കെന്റെ മകളെ വേണമെന്ന അച്ഛന്റെ വാക്കിലാണ് പുനർജീവൻ കിട്ടിയത്. സിന്ധുവിനെയും കയ്യിലെടുത്ത് നെഞ്ച് പൊട്ടുന്ന വേദനയോടെ ആശുപത്രി വരാന്തയിലൂടെ നടന്നത് ഇന്നും അമ്മയുടെ ഹൃദയത്തിലുണ്ട്. വർഷങ്ങൾക്കിപ്പുറവും കണ്ണീർ പൊഴിക്കുന്ന വേദനയാണത്.
അരവയർ മാത്രം കഴിച്ച് സാധ്യമായ എല്ലാ ചികിത്സയും നടത്തി. കയറിയിറങ്ങാത്ത ആശുപത്രികൾ വിരളം. നാട്ടുവൈദ്യവും പരീക്ഷിച്ചു. തിരുമ്മലും ഉഴിച്ചിലുമായി മാസങ്ങൾ കടന്നുപോയി. ശക്തിയായ തിരുമ്മൽ ശരീരത്തിന് കൂടുതൽ ക്ഷതമേല്പിച്ചു. ഭാരിച്ച ചികിത്സ ചെലവുകൾ താങ്ങാവുന്നതിലും അപ്പുറമായി. അടുപ്പ് പുകയാത്ത അവസ്ഥ വന്നപ്പോൾ ചികിത്സ അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ബാക്കിയായ ജീവനുമായി മകളെകൂട്ടി വീട്ടിലേക്ക് തിരിച്ചു. പിന്നീട് ഇന്നേവരെ തുടർചികിത്സക്ക് കുടുംബത്തിന് സാധിച്ചിട്ടില്ല.

അക്ഷരങ്ങളും ഹൃദയത്തിലെ മനുഷ്യരും
ചലനമറ്റ കുഞ്ഞിനെ ഒന്നിൽനിന്നു മാറ്റി നിർത്താൻ അമ്മ തയ്യാറല്ലായിരുന്നു. കുഞ്ഞുടുപ്പും കളർ പെൻസിലുകളുമായി കൃത്യസമയത്തുതന്നെ വിദ്യാലയത്തിൽ ചേർത്തു. എൽ.പി. സ്കൂളിലെ പ്രത്യേകം തയ്യാറാക്കിയ ബെഞ്ചിൽ ചാരി ഇരുത്തും. അടുത്ത വീടുകളിൽ പണിക്ക് പോകുന്ന അമ്മ ഉച്ചക്ക് ഓടിവന്ന് ഭക്ഷണം വാരിത്തരും. ചിലദിവസങ്ങളിൽ വൈകുന്നേരം വരെ സ്കൂൾ വരാന്തയിൽ തന്നെ നിൽക്കും.
ഹൈസ്കൂൾ കാലമാണ് കൂടുതൽ വെല്ലുവിളിയായത്. അഞ്ച് കിലോ മീറ്റർ ദൂരെയുള്ള വിദ്യാലയത്തിൽ പോകുന്നത് വലിയ സാഹസമായിരുന്നു. സുഹൃത്തുക്കളായ പ്രജിതയും ബിന്ദുവും ബിനുവുമാണ് കരുത്തായി കൂടെ നിന്നത്. ഭക്ഷണം കൊടുക്കുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും അവരായിരുന്നു. ഒറ്റ ശരീരമായിനിന്ന അത്തരം സുഹൃത്തുക്കളെ ഹൃദയത്തിൽ ചേർത്ത് തുന്നിയിട്ടുണ്ട്.
സ്കൂളിൽ എത്തിക്കാൻ ആളില്ലാതെ വന്നതോടെ അക്ഷരങ്ങൾക്ക് അവധികൊടുക്കേണ്ടിവന്നു. നീണ്ട പതിനഞ്ച് വർഷങ്ങൾ വീടിന് അകത്തായി. ജനലഴിക്ക് പുറത്തുള്ള കാറ്റും മഴയും കണ്ട് തള്ളി നീക്കിയ കാലം ഓർക്കുമ്പോൾ ഇന്നും വേദനയാണ്. അവിചാരിതമായി കിട്ടിയ ഫോണാണ് ജീവിതത്തെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചത്. ഫേസ്ബുക്ക് സുഹൃത്ത് അഞ്ജന അതിന് ആക്കം കൂട്ടി.
ഫേസ്ബുക്ക് സുഹൃത്തുക്കളായ സരസ്വതിയുടെയും സുഹൃത്തുക്കളുടെയും ഇടപെടലിലൂടെ വീൽചെയർ യാഥാർഥ്യമായി. ഒറ്റക്ക് സഞ്ചരിക്കാൻ ആത്മവിശ്വാസം കിട്ടിയത് അന്നുമുതലാണ്. വർഷങ്ങൾക്ക് ശേഷം അലക്സാണ്ടർ എന്ന മനുഷ്യസ്നേഹി ഇലക്ട്രിക് വീൽചെയറും സമ്മാനിച്ചു. ജീവിതത്തിന് വേഗം കൂടിയത് അക്കാലത്താണ്.

ജീവിതം ഒടുവിലെ പോരാട്ടത്തിലാണ്
ഇനിയും കാലത്തിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് തീരുമാനിച്ചാണ് ലോട്ടറിയുമായി തെരുവിലേക്ക് ഇറങ്ങിയത്. അന്നാദ്യമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം വിരലിൽ കോർത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തു. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് ഇന്നും മുന്നോട്ട് നയിക്കുന്നത്. നിനച്ചിരിക്കാതെ വന്ന രണ്ടു പ്രളയങ്ങൾ പിന്നെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. കട്ടിലിനോട് ചേർന്ന് വരെ വെള്ളം വന്നു. താമസിക്കുന്ന ഷെഡ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായി. ശുചിമുറിയിൽ പോലും പോകാൻ പറ്റാതെ വെള്ളക്കെട്ടിൽ ദിവസങ്ങളോളം കിടന്നു.
പ്രളയത്തിന് ശേഷം ഷെഡിന് വലിയ കേടുപാടുകൾ ഉണ്ടായി. ചെറിയ ചാറ്റൽ മഴയിൽപോലും ചോർന്നൊലിക്കും. അന്നത്തിനായി ഓടുന്നതിനിടക്ക് പുര മറക്കാൻ ഒരു ഷീറ്റുവാങ്ങാൻ പോലും സാധിച്ചില്ല. പ്രായം തളർത്തിയ അച്ഛനും അമ്മയ്ക്കും ആകെയുള്ള ആശ്രയം ഇപ്പോൾ സിന്ധുവാണ്. തീപാറുന്ന വെയിലിലും ലോട്ടറിയുമായി പോകാൻ സാധിക്കുന്നത് ആ മുഖങ്ങൾ ഓർക്കുന്നതു കൊണ്ടാകണം. സർക്കാർ സഹായത്തിൽ തുടങ്ങിയ വീട് പകുതിയിൽ നിൽക്കുകയാണ്. പൂർത്തിയാക്കാൻ ഇനിയും ആറു ലക്ഷത്തിൽ അധികം വേണം.
ചോർന്നൊലിക്കാതെ കിടക്കാൻ ഒരു കൂരയും സ്വർണ്ണക്കൊലുസുമാണ് ജീവിതത്തിൽ ആകെയുള്ള ആഗ്രഹം. സ്വർണ്ണത്തിനോടുള്ള ഭ്രമമല്ല. ചെറുപ്പം മുതലേ മനസ്സിൽ പതിഞ്ഞ ആഗ്രഹമാണ് കൊലുസ്. നാഗരാജ ക്ഷേത്ര പരിസരത്ത് സൂര്യനുദിക്കുമ്പോൾ മുതൽ സിന്ധുവെത്തുന്നത് ആ സ്വപ്നങ്ങൾ സാധ്യമാക്കാനാണ്. എന്നാൽ രാപ്പകൽ അധ്വാനത്തിന് 300 രൂപയാണ് കിട്ടുക. മിക്ക ദിവസങ്ങളിലും അതും ഉണ്ടാകില്ല. വീട്ടുസാധനങ്ങൾ കൂടി വാങ്ങിയാൽ ബാക്കിയാവുന്നത് ചില്ലറത്തുട്ടുകളാണ്.
രാവിലെ മുതൽ വീട്ടിലെത്തുംവരെ ഒറ്റ ഇരുപ്പാണ്. തട്ടുകടയിലെ സജിതയാണ് വയറെരിയാതെ കാക്കുന്നത്. അവർ വാരിക്കൊടുക്കുന്ന അന്നമാണ് തളരാതെ നിർത്തുന്നത്. സിന്ധുവിന് വേണ്ടത് അത്തരമൊരു മനുഷ്യത്വപരമായ ഇടപെടലാണ്. ചോർന്നൊലിക്കുന്ന കൂരയിൽ ചലനമില്ലാതെ കിടക്കാൻ സിന്ധുവിനെ ഇനിയും വിട്ടുകൊടുക്കരുത്. വാതിലില്ലാത്ത ഷെഡിന്റെ ഉള്ളിലേക്ക് കയറിവരുന്ന തെരുവുപട്ടിയിൽനിന്നു സിന്ധുവിനെ ജീവിതത്തിലേക്ക് കൈ പിടിക്കേണ്ടത് ഒരു സമൂഹത്തിന്റെയാകെ കടമയാണ്.
Content Highlights: She is still in the torrential rain with her immobile body | Athijeevanam 88
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..