civic chandran
സിവിക് ചന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് രണ്ട് എഴുത്തുകാരികളാണ്. അതില്‍ ഒരാള്‍ ദളിത് സമൂഹത്തില്‍ നിന്നുള്ള സാഹിത്യകാരിയാണ്. സിവിക് ചന്ദ്രന്‍ എഴുത്തുകാരനും പാഠഭേദം എന്ന മാസികയുടെ പ്രസാധകനും പത്രാധിപരും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമാണ്. ഏതാണ്ട് അമ്പതു വര്‍ഷക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തന പാരമ്പര്യമുള്ള ജീവിതത്തിന്റെ ഇങ്ങേ അറ്റത്തു വന്നു നില്‍ക്കുമ്പോഴാണ്, എഴുപതു വയസ്സു പിന്നിട്ടു നില്‍ക്കുമ്പോഴാണ് രണ്ടു സ്ത്രീകള്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാക്രമണം നടത്തിയെന്ന പേരില്‍ കേസ് കൊടുത്തിട്ടുള്ളത്. വേറെയും സ്ത്രീകള്‍ സിവിക് ചന്ദ്രനില്‍ നിന്ന് നേരിട്ടിട്ടുള്ള ലൈംഗിക കയ്യേറ്റത്തിന്റെ അനുഭവങ്ങള്‍ സ്വകാര്യമായി സ്ത്രീകള്‍ക്കിടയില്‍ പങ്കുവെച്ചു കഴിഞ്ഞിട്ടുണ്ട്.
സ്ത്രീയുടെ സമ്മതം കൂടാതെ ലൈംഗികാസക്തിയോടെ അവളുടെ ശരീരത്തിനു മേല്‍ നടത്തുന്ന ഏതു തരം അതിക്രമവും ലൈംഗികാക്രമണമാണ്. ബലാത്സംഗം ചെയ്താല്‍ മാത്രമേ ലൈംഗികാക്രമണത്തിന്റെ നിര്‍വ്വചനത്തില്‍ വരൂ എന്ന കാലം കഴിഞ്ഞു. പരിചയമുള്ളവരില്‍ നിന്ന് അത്തരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത്തരം ആക്രമണങ്ങളില്‍ പുരുഷന്റെ ഉയര്‍ന്ന പ്രായം, പദവി, പ്രശസ്തി, സാമൂഹ്യ, സാമ്പത്തികാധികാരം തുടങ്ങിയ ഘടകങ്ങള്‍ തക്കം നോക്കി ആക്രമിക്കുന്നതിനായി ലൈംഗികാക്രമണകാരികളായ പുരുഷന്‍മാര്‍ കയ്യാളിയിരിക്കുന്ന പ്രിവിലെജുകള്‍ ആണ്. ഈ പ്രിവിലേജുകള്‍ ഉള്ള പുരുഷന്‍മാര്‍ക്കെതിരേ തുറന്ന് പരാതിപ്പെടാന്‍ തീരുമാനിക്കുന്നതു പോലും സ്വന്തം ട്രോമയില്‍ നിന്ന് മുക്തമാകാന്‍ ഇരകള്‍ കഠിനമായി ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുകയോ കേസ് കൊടുക്കുകയോ ചെയ്യുകയില്ല. കാരണം, പരാതി കൊടുക്കാന്‍ സ്വന്തം വീട്ടിലുള്ളവര്‍ സാധാരണ നിലയില്‍ സമ്മതിക്കുകയില്ല. വീട്ടുകാരുടെ സമ്മതത്തോടെ പരാതി കൊടുത്താല്‍ തന്നെയും ബന്ധുക്കളും നാട്ടുകാരും ആ കുടുംബത്തെയും ഇരയായ സ്ത്രീയേയുമാണ് തുടര്‍ന്ന് കുറ്റപ്പെടുത്തുക. അനുഭവിച്ച ലൈംഗികാക്രമണം കൂടാതെ സ്ത്രീക്കു നേരെ ലൈംഗികാപവാദ പ്രചരണങ്ങളും കുറ്റവാളികളായ പുരുഷന്‍മാരുടെ സംരക്ഷണത്തിനായി നാടു മുഴുവന്‍ പടരും. സൂര്യനെല്ലി കേസു മുതല്‍ കേരളം അതു കണ്ടിട്ടുണ്ട്. ചെറിയ പെണ്‍കുട്ടിയെ നാല്പത് പേര്‍ തടവില്‍ വെച്ച് ലൈംഗിക പീഡനം നടത്തിയിട്ടും 'അവള്‍ എന്തിന് അവരുടെ കൂടെ പോയി?' എന്നാണ് പൊതുസമൂഹം കുറ്റവാളികള്‍ക്കനുകൂലമായി പെണ്‍കുട്ടിയെ വിചാരണ ചെയ്തിരുന്നത്. കുറ്റവാളികള്‍ പ്രശസ്തരും സ്വാധീനമുള്ളവരുമായ പുരുഷന്‍മാരാകുമ്പോള്‍ ഇപ്പോഴും ഇതു തന്നെയാണ് കേള്‍ക്കുന്നത്. ദിലീപിനെ അനുകൂലിച്ചു കൊണ്ട് നടിക്കു നേരെ പി സി ജോര്‍ജ്ജ് നടത്തിയ കള്ളപ്രചരണങ്ങള്‍ കേരളം കേട്ടിട്ടുണ്ട്.
സിവിക് ചന്ദ്രനെ അനുകൂലിക്കുന്നവര്‍ ദളിത് സ്ത്രീയായ പരാതിക്കാരിക്കു നേരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ നീതിബോധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അവര്‍ ഒരു ദളിത് സ്ത്രീയായതു കൊണ്ടു നേരിടേണ്ടി വരുന്ന അധികമായ വിചാരണ സിവിക് അനുകൂല പക്ഷത്തു നിന്ന് ഉണ്ടാകുന്നുണ്ട്. ഫെമിനിസ്റ്റുകളായി അറിയപ്പെടുന്ന, സിവിക് ചന്ദ്രന്റെ അനുഭാവികളും സുഹൃത്തുക്കളുമായ ഒരു ചെറിയ കൂട്ടം സവര്‍ണ്ണ സ്ത്രീകള്‍ ഫെമിനിസത്തിന്റെ രാഷ്ട്രീയ അന്തസ്സത്തയെത്തന്നെ മറന്നു കൊണ്ട്, ബൗദ്ധിക സത്യസന്ധതയില്ലാതെ പരാതിക്കാരിയായ സ്ത്രീക്കു നേരെയും അവര്‍ക്കു പിന്തുണ നല്‍കുന്ന സ്ത്രീകള്‍ക്കു നേരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങള്‍ പോലൊന്ന് മറ്റൊരു ലൈംഗിക ആക്രമണ കേസിലും കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് ലൈംഗികാക്രമണം നടത്തിയ പുരുഷന്‍ പ്രശസ്തനും വലിയ സൗഹൃദ വലയവും ഉള്ളവനാണെങ്കില്‍, ഇക്കാലത്ത് പാര്‍ശ്വവത്കൃത സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്നുള്ളതാണ്.

താന്‍ നേരിട്ട ആക്രമണത്തിന്റെ മുറിവുകളെ വീണ്ടും വീണ്ടും കീറിമുറിക്കുന്ന തരം ദുഷ്പ്രചരണങ്ങളെയാണ് പരാതിപ്പെട്ടതിനു ശേഷം ഈ കേസിലെ അതിജീവിതയും സിവിക് അനുകൂല പക്ഷത്തു നിന്ന് നേരിടുന്നത്. കോടതിയും അങ്ങനെയൊക്കെ തന്നെ പെരുമാറിയാലോ! അക്രമത്തിനും അനീതിക്കുമെതിരായി ദീര്‍ഘകാലം പോരാടിയാലും കോടതികളില്‍ നിന്ന് തീര്‍ത്തും സ്ത്രീവിരുദ്ധമായ, ലൈംഗിക കുറ്റവാളികള്‍ക്ക് അനുകൂലമായതുമായ വിധികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്രയും വിഷമതകള്‍ ഓര്‍ക്കുമ്പോള്‍ നിവൃത്തിയുണ്ടെങ്കില്‍ ഒരു സ്ത്രീയും പരാതിപ്പെടാന്‍ മുന്നോട്ടു വരികയില്ല. എന്നിട്ടും ആരെങ്കിലും പരാതികളുമായി മുന്നോട്ടു വരുന്നുണ്ടെങ്കില്‍ അതവരുടെ അഭിമാനബോധത്തിന്റേയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിന്റേയും ബലം കൊണ്ടു മാത്രമാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പുരുഷന്‍ ആള്‍ബലം കൊണ്ടും സാമൂഹ്യ സാമ്പത്തികാധികാരം കൊണ്ടും ഇരയേക്കാള്‍ പ്രബലനാണെങ്കില്‍ പരാതിപ്പെട്ട സ്ത്രീകള്‍ ഇടയ്ക്കു വെച്ച് പരാതി കൊടുത്തതില്‍ ആശയക്കുഴപ്പത്തിലകപ്പെടുകയും ജീവിതത്തില്‍ നിന്നു തന്നെ ഓടിപ്പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വിധം മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാകും. പക്ഷേ ഇത്തരം അതീവ സംഘര്‍ഷത്തിനുള്ളിലും ഉറച്ച് നിന്ന് പോരാടുന്ന അതിജീവിതകളാണ് ഈ കാലത്തിന്റെ ഇപ്പോഴുള്ള പ്രതീക്ഷ. ഇരകള്‍ എന്ന വിശേഷണം ഉപേക്ഷിച്ച് അവര്‍ അതിജീവിതകള്‍ എന്ന നിലയിലേക്കു വളര്‍ന്നു നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. ആ പോരാട്ടത്തോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം നിന്ന് പിന്തുണയ്ക്കാന്‍ കുറേ മനുഷ്യര്‍ നിരുപാധികമായി മുന്നോട്ടു വരുന്ന കാഴ്ചയും പ്രതീക്ഷ നല്‍കുന്നതാണ്.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി വിധി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാനുളള മനുഷ്യാവകാശം ഇന്ത്യന്‍ നിയമ വ്യവസ്ഥയിലുണ്ട്. അതിനാരും എതിരല്ല. എന്നാല്‍, സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി വിധിയില്‍ പറയുന്ന കാരണങ്ങള്‍ അതിജീവിതമാരുടെ നീതിക്കു വേണ്ടിയുള്ള സമരത്തെ തകര്‍ക്കും വിധത്തിലുള്ളതാണ്. SC/ST നിയമത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള, രാജ്യമാകെ വലിയ എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും വിളിച്ചു വരുത്തിയതും സര്‍ക്കാരിനെ നിയമപരമായ ഇടപെടല്‍ നടത്താന്‍ സമ്മര്‍ദ്ദത്തിലാക്കിയതുമായ ഒരു കോടതിവിധിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് SC/STപീഡനവകുപ്പില്‍ നിന്ന് സിവിക് ചന്ദ്രനെ ഒഴിവാക്കിക്കൊടുക്കുന്നത്. SSLC ബുക്കില്‍ ജാതിപ്പേരു വെയ്ക്കാത്ത, ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ ഒരു ദളിത് സ്ത്രീയോട് മോശമായി പെരുമാറില്ല എന്നാണ് കോടതി പറയുന്നത്! ബൻവാരി ദേവി കേസില്‍ 1995 ലെ പ്രമാദമായ സെഷന്‍സ് കോടതി വിധി പോലുള്ള ഒന്നാണ് 2021 ല്‍ കേരളത്തില്‍ നിന്നുണ്ടാകുന്നത് എന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്.
പരാതി കൊടുത്തതിലെ കാലതാമസമാണ് ഈ പരാതി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള മറ്റൊരു കാരണം. പരാതി കൊടുക്കാന്‍ രണ്ടു മാസത്തിലധികം കാലതാമസം ഈ കേസിലുണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു മാസമല്ല, രണ്ടു വര്‍ഷമോ നാലു വര്‍ഷമോ അതിലധികമോ കാലതാമസം പരാതിപ്പെടാനുണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പുറത്തു വന്നത് പരാതിപ്പെടുന്നത് എന്തെല്ലാം തടസ്സങ്ങളെ അതിജീവിച്ചു വന്നിട്ടാണെന്ന് മനസ്സിലാക്കണമെന്ന നീതിബോധം ജെന്റര്‍ ജസ്റ്റിസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവഹാരത്തിലുണ്ട്. അത്തരം കാഴ്ചപ്പാട്, നീതിബോധം ഇവിടെ പാടേ തമസ്‌ക്കരിക്കപ്പെട്ടു.
Also Read
മറ്റൊരു പരാമര്‍ശം പരാതിക്കാരിയുടേയും കുറ്റാരോപിതന്റേയും ഉയരവുമായി താരതമ്യം ചെയ്ത് ഇത്തരത്തിലൊരു ലൈംഗിക കുറ്റം ചെയ്തിരിക്കാന്‍ സാധ്യതയില്ല എന്നതാണ്. ഇതൊരു കോടതിവിധി തന്നെയോ എന്ന് അമ്പരന്നു പോകുന്ന തരം തുടര്‍ കാരണങ്ങളാണ് അതു സംബന്ധിച്ച് വിവരിച്ചിട്ടുള്ളത്. പരാതിക്കാരിക്ക് ആരോപണവിധേയനേക്കാള്‍ ആരോഗ്യമുണ്ടെന്നും പ്രായക്കുറവുണ്ടെന്നും സൂചിപ്പിച്ച് കുറ്റം നടന്നിരിക്കാനിടയില്ല എന്ന് നിഗമനം നടത്തുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതിന് മറ്റൊരു കാരണമായി പറഞ്ഞിട്ടുള്ളത് പോലീസില്‍ കേസ് കൊടുക്കുന്നതിനു മുമ്പ് മൂന്നു സ്ത്രീകള്‍ മാത്രമുള്ള കമ്മറ്റി ഈ പരാതി അന്വേഷിക്കുകയും അതില്‍ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തുകയും അതിനാല്‍ കുറ്റാരോപിതന് ജാമ്യം നല്‍കുന്നു എന്നുമാണ്. അക്ഷരാര്‍ത്ഥത്തില്‍ ICC അന്വേഷണത്തെ ഉപജീവിച്ച്, സിവിക് ചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതു പോലെയുള്ള സ്വരമാണ് ഈ ജാമ്യ വിധിയിലുള്ളത്.
സിവിക് ചന്ദ്രനടക്കമുള്ളവരുടെ വാട്‌സ് ആപ് ഗ്രൂപ്പിലിലിട്ട ആദ്യ പ്രതികരണത്തിന്‍മേലാണ് പാഠഭേദം ICC എന്ന പേരില്‍ ഉണ്ടാക്കിയ കമ്മറ്റിയിലെ സ്ത്രീകളായ മൂന്ന് അംഗങ്ങള്‍ ആദ്യപരാതിക്കാരിയുടെ അന്വേഷണം നടത്തിയിട്ടുള്ളത്. കുറ്റാരോപിതനെ മാറ്റി നിര്‍ത്താതെ, പാഠഭേദവും സിവിക് ചന്ദ്രനുമായി ബന്ധപ്പെട്ട സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി, നിയമവിദഗ്ധയായ ഒരംഗത്തെ ഉള്‍രപ്പെടുത്താതെ നടത്തിയ അന്വേഷത്തില്‍ ലൈംഗികാക്രമണം നടന്നതിന് തെളിവു ചോദിക്കുകയാണ് അംഗങ്ങള്‍ ചെയ്തിട്ടുള്ളത് എന്ന് അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം സംബന്ധിച്ച നിയമത്തിന്റെ ലംഘനങ്ങളാണ് ഈ അന്വേഷണത്തില്‍ നടന്നിട്ടുള്ളത് എന്ന് ആര്‍ക്കും കണ്ടെത്താനാവും. താന്‍ പരാതിക്കാരിയെ ഹഗ് ചെയ്തിട്ടുണ്ട് എന്ന് കുറ്റാരോപിതന്‍ തന്നെ പറഞ്ഞിട്ടും അതൊരു തെളിവായി എടുക്കാനോ നിയമത്തെ പരാതിക്കാരിയുടെ അനുഭവത്തിന്റെ പക്ഷത്തു നിന്ന് മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ തയ്യാറാവാതിരുന്ന മൂന്നു അംഗങ്ങള്‍ ചേര്‍ന്ന് സിവിക് ചന്ദ്രന്‍ മാപ്പു പറഞ്ഞാല്‍ മതി എന്ന് ഏകപക്ഷീയമായ തീരുമാനമെടുക്കുകയാണ് ചെയ്തത്. തെളിവില്ലെങ്കില്‍ ഈ മാപ്പു പറച്ചിലിന്റെ സാംഗത്യമെന്താണ് എന്ന് നോക്കാന്‍ കോടതിക്ക് താല്പര്യവുമുണ്ടായില്ല. ആകപ്പാടെ അസംബന്ധം നിറഞ്ഞ ICC കണ്ടെത്തലും സെഷന്‍സ് കോടതിയുടെ കണ്ടെത്തലുമാണ് ഇപ്പോള്‍ അതിജീവിതയുടേയും നമ്മുടെയാകെയും മുന്നിലുള്ളത്. ICC റിപ്പോര്‍ട്ട് അതിജീവിത നേരത്തേ തന്നെ തള്ളിക്കളഞ്ഞതാണ്. സെഷന്‍സ് കോടതി ജാമ്യവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും അതിജീവിതയ്‌ക്കൊപ്പമുള്ള ഐക്യദാര്‍ഢ്യകൂട്ടായ്മയും ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നത് സാമാന്യ യുക്തിക്കും നീതിക്കും നിരക്കാത്ത കാര്യങ്ങള്‍ ഈ വിധിയില്‍ ഉള്ളതുകൊണ്ടാണ്. ഹൈക്കോടതി ഈ വിധി തള്ളിക്കളയുമോ എന്നറിയില്ല. എന്നാല്‍ നീതിബോധമുള്ള മനുഷ്യരും നിയമജ്ഞരും മാധ്യമ പ്രവര്‍ത്തകരും ICC റിപ്പോര്‍ട്ടും ഈ കോടതിവിധിയും ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്. മുന്‍വിധികള്‍ നിറഞ്ഞതും കുറ്റാരോപിതന് മാത്രം അനുകൂലമായതുമായ സ്ത്രീവിരുദ്ധതയുടേയും ദലിത് വിരുദ്ധതയുടേയും ഉദാഹരണമായി ICC റിപ്പോര്‍ട്ടും സെഷന്‍സ് കോടതി ജാമ്യ വിധിയും എക്കാലവും വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കും എന്നതില്‍ സംശയമില്ല.
Content Highlights: Sexual abuse case against Civic Chandran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..