ശരണ്യ എം
പുഴു സിനിമ കണ്ടിറങ്ങിയ ശേഷം ഇത്രമാത്രം ജാതീയ വേർതിരിവുകൾ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളോ എന്ന് സന്ദേഹിച്ചവരുണ്ട്. എന്നാല്‍ കേരളത്തിന്റെ ഉള്ളറകളിലേക്ക് യാത്ര നടത്തിയാല്‍ പുഴുവിലും ഭീകരമായ ജാതീയ ഭ്രഷ്ടുകളെ ഇന്നും പല അടരുകളിൽ കാണാനാവും. ചിലത് പ്രകടമായിരിക്കും ചിലത് പൊതിഞ്ഞൊളിപ്പിച്ചതും. അത്തരത്തിലുള്ള ജാതി വിലക്കുകളെയും അവജ്ഞകളെയും അതിജീവിച്ച് മാധ്യമപ്രവർത്തകയായ ശരണ്യയാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍
എന്റെ അറിവില്‍ കരിവെള്ളൂര്‍പാലത്തരയിലെ ആദ്യ ജാതി മിശ്ര വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടേയും.1995ലായിരുന്നു അത്. തീയ്യജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ മൂവാരി ജാതിക്കാരനായിരുന്ന അച്ഛനെ കുടുംബത്തില്‍ നിന്ന് പുറത്താക്കി. നിയമപരമായി ഒബിസിവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് മൂവാരിയും തീയ്യയുമെങ്കിലും അച്ഛന്റെ ജാതിയെക്കാള്‍ എത്രയോ താഴ്ന്ന ജാതിയാണ് അമ്മയുടേതെന്നാണ് അച്ഛന്റെ കുടുംബാംഗങ്ങളുടെ ധാരണ. അത് ഇന്നും അങ്ങനെതന്നെ. ജാതി മാറിയുള്ള വിവാഹം അപരാധമായി കണ്ട് അച്ഛനെ വീട്ടില്‍ നിന്ന് പുറത്താക്കിയെങ്കിലും സ്വന്തമായി ഒരു വീടെടുത്ത് കൊണ്ട് ആ വിലക്കിനെ ആദ്യഘട്ടത്തില്‍ അച്ഛനും അമ്മയും അതിജീവിച്ചു. തുടരെ വിലക്കുകളുടെ വലിയ ഘോഷയാത്രതന്നെയായിരുന്നു. മൂവാരി ജാതിക്കാരുടെ ക്ഷേത്രത്തില്‍ നിന്ന് അച്ഛന് വര്‍ഷങ്ങളോളം വിലക്ക് നേരിട്ടു. പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന പൂരക്കളിയില്‍ നിന്നുള്ള മാറ്റി നിര്‍ത്തല്‍, ക്ഷേത്ര പിരിവ് സ്വീകരിക്കാതിരിക്കല്‍, കൂട്ടായി സ്ഥാനം അച്ഛനിരിക്കെ അനിയന്മാര്‍ക്ക് നല്‍കല്‍ തുടങ്ങിയ പലവിധ വിവേചനങ്ങളും ജാതിമാറിയുള്ള വിവാഹത്തിന്റെ ഭാഗമായി അച്ഛന് നേരിടേണ്ടി വന്നു.
അതിലും കഷ്ടമായിരുന്നു അമ്മയുടെ ജീവിതം. ക്ഷേത്രത്തിനു സമീപമായിരുന്നു ഞങ്ങളുടെ വീട്. അമ്മയ്ക്ക് മാസംമുറയുള്ള ദിവസങ്ങളില്‍ വഴി നടക്കുന്നതിന് വരെ വിലക്കുകള്‍ കൊണ്ടു വന്നു. പല ദിവസങ്ങളിലും പൊതുവഴിഉപയോഗിക്കാന്‍ കഴിയാതെ മറ്റ് വഴികളിലൂടെ പോകുമ്പോള്‍ വീട്ടുകാരുടെ വക അവഹേളനവും അമ്മ കേള്‍ക്കേണ്ടി വന്നു. മൂവാരി ജാതിക്കാരനെ വിവാഹം കഴിച്ചതിനാല്‍ തിയ്യജാതിക്കാരിയായ അമ്മയ്ക്ക് ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞുള്ള വിരട്ടലുകൾ തുടക്കം മുതലേ ഉണ്ടായി. 19വയസ്സു മാത്രമേ അന്നമ്മയ്ക്കുണ്ടായിരുന്നുള്ളൂ. രാത്രിയില്‍ ക്ഷേത്രത്തിലെ ആല്‍മരത്തില്‍ നിന്ന് പ്രേതമിറങ്ങി വന്ന് കൊന്ന് ശരീരം കുന്നിന്‍മുകളിലിടും എന്നു വരെ ചിലര്‍ അമ്മയെ പറഞ്ഞു പേടിപ്പിച്ചു.കറന്റ് പോലും ഇല്ലാത്ത ഒരു വീട്ടില്‍ ഭര്‍ത്താവെത്തും വരെ രാത്രിയില്‍ ഒറ്റക്കാകുന്ന ഒരു സ്ത്രീയെ ഭീതിപ്പെടുത്താനുള്ള എല്ലാ വകകളും ആ വിരട്ടലുകളിലുണ്ടായിരുന്നു. തീര്‍ത്തും അരക്ഷിതയായാണ് കാലങ്ങളോളം അമ്മ ആ വീട്ടില്‍ കഴിഞ്ഞത്. പ്രസവശേഷം വിഷാദത്തിലേക്ക് അമ്മയെ നയിച്ചത് ഇത്തരം അനുഭവങ്ങളായിരുന്നു. വര്‍ഷങ്ങളോളം നേരിട്ട അവഗണനയുടെയും വിലക്കുകളുടെയും അലയൊലികള്‍ അമ്മയെ ശാരീരികമായും മാനസ്സികമായും ബാധിച്ചു.വിഷാദത്തിന് മരുന്നു കഴിക്കേണ്ട അവസ്ഥയില്‍ വരെ അത് അമ്മയെ കൊണ്ടെത്തിച്ചു.
.jpeg?$p=6930173&&q=0.8)
ജാതി വെറി മക്കളായ ഞങ്ങളോടും
അച്ഛനും അമ്മയും ഭയന്നും കുതറിമാറിയും കുറെയൊക്കെ പല വിരട്ടലുകളെയും വിലക്കുകളെയും അതിജീവിച്ചു. എന്നാല്‍ ഉണങ്ങാത്ത മുറിവുകളായി പല വിലക്കുകളും അനുഭവപ്പെട്ടത് ഞങ്ങള്‍ രണ്ട് മക്കള്‍ക്കുമാണ്. മൂവാരി ജാതിക്കാരെ സംബന്ധിച്ച് മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള നാളുകള്‍ സംബന്ധിച്ചിടത്തോളം ഉത്സവകാലമാണ്. ബാലികമാരായ പെണ്‍കുട്ടികള്‍ ക്ഷേത്രങ്ങളില്‍ പൂക്കള്‍ ഇടുന്നതും, പുരുഷന്മാര്‍ മറത്തുകളി പൂരക്കളി തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുന്നതുമെല്ലാം ഉത്സവത്തിന്റെ ഭാഗമാണ്..
പെണ്‍കുട്ടികള്‍ 9 ദിവസം വ്രതമെടുത്ത് മത്സ്യ മാംസം ഒഴിവാക്കി വീടുകളിലും മറ്റും പൂ ഇടുന്ന ചടങ്ങുണ്ട്. അതില്‍ നിന്ന് ഞങ്ങളെ മാത്രം സമുദായം മാറ്റിനിര്‍ത്തി. കൂടെ കളിക്കുന്ന ബാക്കി കുഞ്ഞുങ്ങള്‍ എല്ലാം അവിടെ പോയി പൂ ഇടുകയും അമ്പലത്തിനകം വരെ കയറുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ക്ഷേത്രത്തിന് എത്രയോ ദൂരെ അതെല്ലാം നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് എത്രയോ രാവും പകലും കരഞ്ഞു തീര്‍ത്തിട്ടുണ്ട്. ആ മുറിവിന്റെ ആഴമാണ് എന്നെ ദൈവത്തില്‍ നിന്ന് അകറ്റിയത്. കാരണം ഞങ്ങളന്ന് കരഞ്ഞു തീര്‍ത്ത കണ്ണുനീരു കാണാന്‍ ശേഷിയില്ലാത്ത ഒരാളാണോ ദൈവം എന്ന ചോദ്യം എന്റെയുള്ളില്‍ സ്വാഭാവികമായും ഉടലെടുത്തു.
വിലക്കുകളില്‍ പലതും അമ്പലത്തിലും ആചാരത്തിലും മാത്രമൊതുങ്ങിയില്ല. ക്ഷേത്രക്കുളത്തിലും ഞങ്ങള്‍ വിലക്കുകള്‍ നേരിട്ടു. തൊട്ടടുത്ത വീട്ടിലെ എന്റെ സുഹൃത്തുക്കളെ അവരുടെ അച്ഛനമ്മമാര്‍ നീന്തല്‍ പഠിപ്പിക്കുമ്പോള്‍ വിലക്കുകള്‍ കാരണം കുളത്തിലിറങ്ങാനോ നീന്തല്‍പഠിക്കാനോ ഞങ്ങള്‍ക്കുമാത്രമായില്ല. ചുറ്റിലുമുള്ളവരുടെ ജാതിബോധമാണ് കുട്ടിക്കാലത്തെ അത്തരം നല്ല ഓര്‍മ്മകളെയും കളികളെയുമെല്ലാം ഞങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത്. അന്നും സുഹൃത്തുക്കളുടെ നീന്തല്‍ പഠിത്തം നോക്കി കരയാനായിരുന്നു ഞങ്ങളുടെ വിധി. നാളുകള്‍ കഴിഞ്ഞപ്പോള്‍ തറവാടു വീടുമായി സ്വാഭാവികമായും ഒരടുപ്പം ഉടലെടുത്തു. വീട്ടില്‍ മറ്റ് പേരക്കുട്ടികളൊന്നും ഇല്ലാത്തിനാല്‍ അച്ഛച്ഛനും അച്ഛമ്മയ്ക്കും ഞങ്ങളോടു വലിയ താത്പര്യമായിരുന്നു. എന്നാല്‍ അച്ഛമ്മയുടെ മരണത്തോടെ സ്ഥിതിഗതികള്‍ വീണ്ടും മാറി.

ജാതി വിലക്കുകള്‍ വീഴ്ത്തിയ യൂണിഫോമിലെ ചുളിവുകള്‍
യൂണിഫോം ഇസ്തിരിയിട്ട് സ്‌കൂളില്‍ പോവാനുള്ള പ്രിവിലജ് പത്താം ക്ലാസ്സ് വരെ ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നില്ല. വീട്ടില്‍ കരണ്ടില്ലാത്തതായിരുന്നു പ്രധാന കാരണം. നീല പാവാടയും വെള്ള ടോപ്പുമായിരുന്നു യൂണിഫോം. ഇസ്തിരിയിട്ടില്ലെങ്കില്‍ വെള്ളടോപ്പ് വല്ലാതെ ഉടയും. അതിനാല്‍ തറവാട്ടു വീട്ടില്‍ ഇസ്തിരിയിടാന്‍ പോകുമായിരുന്നു. പക്ഷെ ബന്ധുവായ ഒരു സ്ത്രീ ഒരിക്കല്‍ ഇസ്തിരിയിട്ട് കൊണ്ടിരിക്കെ പ്ലഗ്ഗില്‍ നിന്ന് ഇസ്തിരിപ്പെട്ടി ഊരിക്കൊണ്ടു പോയി ഞങ്ങളോടുള്ള നീചനോട്ടവും പെരുമാറ്റവും തുടർന്നു.. അന്നൊക്കെ ഞാന്‍ കരഞ്ഞു തീര്‍ത്ത കണ്ണുനീരിന് കണക്കില്ല. തറവാട്ടു വീട്ടില്‍ പോയി ഇസ്തിരിയിടാന്‍ ഇഷ്ടമുണ്ടായിട്ടല്ല. ചുക്കി ചുളിഞ്ഞ ഷര്‍ട്ടിട്ടു പോയി മറ്റുള്ളവര്‍ക്കു മുന്നില്‍ അപഹാസ്യയാവരുത് എന്ന് ആ കുഞ്ഞ് മനസ്സ് ആഗ്രഹിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ്.
കറണ്ട് കണക്ഷന്‍ വൈകുന്നതിലും നേരിട്ടല്ലാതെയാണെങ്കിലും കാരണമായത് അച്ഛന്റെയും അമ്മയുടെയും മിശ്രവിവാഹമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. കരണ്ടു കണക്ഷനായി പോസ്റ്റ് സ്ഥാപിക്കേണ്ടിയിരുന്നത് ക്ഷേത്രത്തിന്റെ സ്ഥലത്തായിരുന്നു. ഞങ്ങളവര്‍ക്ക് അന്യജാതിക്കാരായതിനാല്‍ പോസ്റ്റിടാന്‍ അവര്‍ ഒരു കാലത്തും സഹകരിച്ചില്ല. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുള്ള വീട്ടില്‍ കറണ്ട് കണക്ഷന്‍ കൊടുക്കണമെന്ന അന്നത്തെ സര്‍ക്കാര്‍ ഉത്തരവാണ് വീട്ടിലെ ഇരുട്ടിനെ അകറ്റിയത്. പഞ്ചായത്ത് ഇടപെട്ടതോടെ സ്വന്തം ചെലവില്‍ പോസ്റ്റ് ഇട്ട് കറണ്ട് കണക്ഷന്‍ ഞങ്ങളുടെ വീട്ടിലുമെത്തി. അങ്ങനെ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കറണ്ട് കണക്ഷന്‍ ലഭിക്കുന്നത്. അത്രനാളും ഞങ്ങളെ കറണ്ടുകണക്ഷനിൽ നിന്നകറ്റിയത് പലരുടെയും ജാതിബോധമായിരുന്നു.
Also Read
ഇതിനിടെ സാമൂഹിക സമ്മര്‍ദ്ദവും സാമ്പത്തിക പ്രശ്‌നങ്ങളും മൂലം കടം കയറി അച്ഛന്‍ നാടുവിട്ടു. ജാതി മാറിയുള്ള വിവാഹത്തില്‍ ദൈവം കോപിച്ചത് കൊണ്ടാണ് അച്ഛന് നാടുവിടേണ്ടി വന്നതെന്നായിരുന്നു അച്ഛന്റെ ജാതിക്കാര്‍ പറഞ്ഞുണ്ടാക്കിയത്. ഒടുവില്‍ പ്രശ്നം വെപ്പിച്ച് അച്ഛന്‍ തിരിച്ചുവരില്ല എന്ന പ്രഖ്യാപനവുമുണ്ടായി. ഇതുകേട്ടമ്മ ബോധം കെട്ടു വീണു. അന്നമ്മക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങടെ ഗതിയെന്താകുമായിരുന്നെന്നോര്‍ത്ത് ഇന്നും പല രാത്രികളില്‍ ഉള്ളില്‍ കാളലനുഭവിക്കാറുണ്ട്. എന്നാല്‍ എല്ലാ പ്രശ്‌നം വെക്കലുകളെയും അസ്ഥാനത്താക്കി അച്ഛന്‍ 18ാം നാള്‍ വീട്ടിലേക്ക് തിരിച്ചു വന്നു.
അച്ഛന്റെ ജാതിക്കാര്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍ ഇനി അച്ഛന്റെ ജാതി ഞങ്ങള്‍ക്കും വേണ്ട എന്ന തീരുമാനമെടുത്തു കൊണ്ട് അമ്മയുടെ ജാതിയാണ് എസ്എസ്എല്‍സി ബുക്കില്‍ ചേര്‍ത്തത്. അച്ഛനും അമ്മയും വിദ്യാഭ്യാസം ഇല്ലാത്തവരായതിനാല്‍ ഞങ്ങള്‍ പഠിച്ച് എവിടെയും എത്തില്ല എന്ന് നിരന്തരം കേട്ടു കൊണ്ടാണ് ഞങ്ങളെല്ലാകാലത്തും സ്‌കൂളില്‍പ്പോയിരുന്നത്. അതിനാല്‍ തന്നെ ഞങ്ങള്‍ പഠിച്ചൊരു നിലയിലെത്തണമെന്നത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ഞങ്ങള്‍ പഠനം തുടര്‍ന്നു. അതുമാത്രമായിരുന്നു ഇതിനെയെല്ലാം അതിജീവിക്കാനുള്ള ഞങ്ങളുടെ ആയുധം.
ഡിഗ്രിക്ക് ചേര്‍ന്നതിനു ശേഷമാണ് ഈ വിലക്കുകളും മാറ്റിനിര്‍ത്തലുകളും വിവേചനങ്ങളും എന്നെ ബാധിക്കാതെയാവുന്നത്. ആ ധൈര്യം നല്‍കിയതിന് കോളേജിലെ സംഘടനാപ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടായിരുന്നു. ഞങ്ങള്‍ ഇടപെടുന്ന കൂട്ടത്തില്‍ എല്ലാ ജാതിക്കാരും മതക്കാരും ഉണ്ട്. അതെന്റെ ലോകം വിശാലമാക്കി.അതുകൊണ്ട് തന്നെ ജേണലിസ്റ്റായുള്ള നിവര്‍ന്നു നില്‍ക്കലിലേക്കെത്തുന്നതു തന്നെ വലിയ പോരാട്ടം തന്നെയായിരുന്നു
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പഠിച്ചിരുന്ന കാലത്ത് വീട്ടിലേക്ക് ചില ദിവസങ്ങളില്‍ പത്ത് മണിക്കെത്തിയപ്പോള്‍ ഞങ്ങളോടുള്ള വെറി അപവാദപ്രചരണങ്ങളായും ഉപരിതലത്തില്‍ തത്തി കളിച്ചു. അമ്മ വേലി ചാടിയാല്‍ മോള്‍ മതിലു ചാടും എന്ന് പറഞ്ഞ് ഞങ്ങളെ ആവോളം നിരുത്സാഹപ്പെടുത്തിയതും ജാതീയത ഉള്ളില്‍ കൊണ്ടുനടന്ന ചില കുടുംബാംഗങ്ങളായിരുന്നു. ജേണലിസം പഠനവും അതിനുശേഷമുള്ള തൊഴില്‍ നേടലുമെല്ലാം എന്നെ സംബന്ധിച്ച് വലിയൊരു പോരാട്ടം തന്നെയായിരുന്നു.
വഴി വിലക്ക്
എല്ലാ നിരുത്സാഹപ്പെടുത്തലുകളെയും ജാതിവിലക്കുകളെയും അതിജീവിച്ചാണ് പഠനത്തിന്റെ ഓരോ പടവും കയറിയത്. പ്രസ് ക്ലബ്ബ് ജേണലിസം സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നതുവരെയുള്ള യാത്ര പല വിവേചനങ്ങളെയും മറികടന്നു കൊണ്ടുള്ള വലിയ പോരാട്ടം തന്നെയായിരുന്നു എന്നെ സംബന്ധിച്ച്. ഒടുവിൽ ജോലി നേടിയപ്പോഴും വന്നു ജാതിപ്രശ്നമെന്ന് പ്രത്യക്ഷത്തിൽ തോന്നാത്ത ചില ജാതി തടസ്സങ്ങൾ. വീട്ടിലേക്കുള്ള വഴി പരിമിതപ്പെടുത്തിയുള്ള ക്ഷേത്രക്കാരുടെ ഇടപെടലായിരുന്നു അതിൽ ഏറ്റവും ഒടുവിലത്തേത്. ഞാന്‍ വാങ്ങിയ കാര്‍ വീട്ടിലേക്ക് കൊണ്ടുപോവാന്‍ പറ്റാത്ത വിധം കല്ല് കെട്ടി വീട്ടിലേക്കുള്ള വഴി അവർ അടച്ചു. ആ വിഷയത്തില്‍ വലിയ രീതിയിലുള്ള പോരാട്ടം തന്നെ നടത്തേണ്ടി വന്നു. മാധ്യമമേഖലയിലെ ഇടപെടലും അറിവും എല്ലാം ആ വഴിയടക്കലിനെതിരേയുള്ള അതിജീവനത്തിന് വഴിവിളക്കായി. നിങ്ങള്‍ ചെയ്തത് ജാതി വിവേചനമാണെന്നും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുമുള്ള അമ്പലക്കാരുടെ യോഗത്തിലെ എന്റെ ഉറച്ച നിലപാടാണ് പ്രശ്നത്തിൽ അയവുവരുത്തിയത്.
ഒരു കൂട്ടമാളുകള്‍ ജീവിതത്തെ ദുര്‍ഘടമാക്കുമ്പോള്‍ ഉള്ളില്‍ ഊറിവരുന്ന എല്ലാ ചീത്തചിന്തയെയും പോസിറ്റീവായി ഒഴുക്കി വിടാനുള്ള ശക്തിയാവണം എനിക്കെന്റെ തൊഴില്‍ എന്ന തോന്നലാണ് എന്നെ ജേണലിസത്തിലേക്ക് കൂടുതലടുപ്പിച്ചത്.
ഇന്ന് ഞാനെന്റെ ജേണലിസം തൊഴിലിലൂടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ജാതിക്കെതിരേയുള്ള വിഷയങ്ങളാണ്. മാറ്റിനിര്‍ത്തപ്പെടുന്ന ആളുകള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള ഊര്‍ജ്ജമാണ് ഈ തൊഴിലിലേക്ക് എന്നെ ആകര്‍ഷിച്ചതും. അതിനാലാവാം കരിയറില്‍ ചെയ്തിട്ടുള്ള സ്റ്റോറികളില്‍ കൂടുതലും സാമൂഹിക പ്രശ്‌നങ്ങളും ജാതിവിഷയങ്ങളും കടന്നു കൂടിയതും.
Stop Shaming- മനുഷ്യരുടെ നിറത്തിനും രൂപത്തിനും കുലത്തിനും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. നിറവും തടിയുമളന്നുള്ള വിവാഹങ്ങളും മറ്റ് തിരഞ്ഞെടുപ്പുകളും ഇപ്പോഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് സമൂഹത്തിന്റെ പലധാരയിൽ നിന്ന് വരുന്നവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ വെച്ചു പുലർത്തുന്നുണ്ട്. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് വാര്‍പ്പുകളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു കടന്നിട്ടില്ല. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്കോമിലൂടെ
Content Highlights: Saranya M ,castism, ,njaninganeyanu theerppukal venda,social,mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..