-
തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശ്മശാനത്തിന്റെ നടത്തിപ്പുകാരിയാണ് സലീന. 12 വര്‍ഷത്തിനിടെ അവര്‍ ദഹിപ്പിച്ചത് അയ്യായിരത്തോളം മൃതദേഹങ്ങളാണ്. ഒരുപാട് മനുഷ്യരുടെ തീച്ചൂടേറ്റതുകൊണ്ടാകണം ജീവിത പ്രതിസന്ധികള്‍ക്ക് മുന്നില്‍ അണഞ്ഞു പോകാതെ കത്തിജ്വലിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്. 56 വയസ്സിനിടക്ക് കടന്നുവന്ന വഴികളിലെ കനലോര്‍മ്മകള്‍ അതിജീവനത്തിന്റെ അസാമാന്യ പാഠങ്ങളാണ്. വനിതാദിനത്തില്‍ മാത്രം ഓര്‍ത്തെടുത്ത് അവസാനിപ്പിക്കേണ്ട ഒരു പേരല്ല സലീന. സ്ത്രീ ആയതിന്റെ പേരില്‍ സ്വപ്നങ്ങള്‍ ബലികൊടുത്ത് ജീവിക്കുന്നവര്‍ക്ക് മുന്നേറാനുള്ള ഇന്ധനമാണവര്‍.

ശ്മശാനം നടത്തുന്നത് സ്ത്രീ ആണെന്നറിഞ്ഞപ്പോള്‍ മുഖം ചുളിച്ചവരും അസാധ്യമാണെന്ന് പറഞ്ഞവരും ഒരുപാടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ മനസ്സില്‍ പ്രതീക്ഷയുടെ തീ അണയാതെ പിടിച്ചിരുന്നു. അതിന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ഓരോ ചലനമറ്റ മനുഷ്യനെയും അഗ്നിക്ക് സമര്‍പ്പിക്കുമ്പോള്‍ ഉള്ളുകൊണ്ടവര്‍ ദൈവത്തെ തൊടാറുണ്ട്. നിത്യശാന്തിക്കായി ഉള്ളുരുകറുണ്ട്.
പ്രേതവും ഭൂതവും ഉണ്ടെന്നുള്ള കഥകള്‍ കേട്ടും ഇരുട്ടിനെ പേടിച്ചും തന്നെയായിരുന്നു സലീനയുടെ ബാല്യവും കടന്നുപോയത്. എന്നാല്‍ എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് കുടുംബത്തിന് വേണ്ടി തൊഴിലുചെയ്യാനിറങ്ങിയ അന്നുമുതല്‍ എല്ലാ അന്ധവിശ്വാസങ്ങളും അവര്‍ക്കു മുന്നില്‍ അസാധുവാകുകയായിരുന്നു. അവര്‍ പറയുന്നത് ജീവനുള്ള മനുഷ്യനെക്കാള്‍ അപകടകാരിയായി ഒന്നുമില്ലെന്നാണ്. ശ്മശാനത്തിന്റെ വിളിപ്പാടകലെതന്നെയാണ് സലീനയുടെ കൊച്ചുവീടും. പ്രാരാബ്ധങ്ങളുടെ വേദന മനസ്സില്‍ കുമിഞ്ഞ് കൂടുമ്പോള്‍ ഒറ്റയ്ക്കിരുന്ന് കരയാനുള്ള സ്ഥലം കൂടെയാണ് ശ്മശാനം. അത്രമേല്‍ സ്വസ്ഥമാണ് മനുഷ്യന്‍ മണ്ണായി മാറുന്ന ഇടമെന്ന് പറയുമ്പോള്‍ തന്നെ ബാക്കിയെല്ലാം കെട്ടുകഥകളാണെന്ന് കൂടി അനുഭവങ്ങള്‍ കൊണ്ടവര്‍ പറയുന്നുണ്ട്.
മനുഷ്യജീവിതത്തിന്റെ പുകയേറ്റ് കറുത്ത് ഇരുണ്ടിട്ടുണ്ട് ശ്മശാനത്തിന്റെ ചുമരുകള്‍. അതിനരികിലായി കെടാതെ തീക്കനല്‍ സൂക്ഷിച്ചിട്ടുണ്ട്. ഊഴമിട്ട് വരുന്ന ചലനമറ്റ മനുഷ്യര്‍ക്കായി അത് എരിഞ്ഞുകത്തുന്നുണ്ട്. എത്രമേല്‍ ഉയര്‍ന്ന് പറന്നാലും മരണം അനുവാര്യമായ ഒന്നാണെന്ന് ആ കനല്‍ പലതവണ സാക്ഷ്യപ്പെടുത്തിയതാണ്. അവിടെ പല മനുഷ്യര്‍ ഒരേകനലില്‍ എരിഞ്ഞടങ്ങി മണ്ണായി മാറുകയാണ്. ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ബമ്പര്‍ പ്രൈസ് എന്നാണ് സലീനക്ക് മരണത്തിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് പറയാനുള്ളത്. കാപട്യങ്ങളില്ലാതെ മിനിമം മനുഷ്യനായെങ്കിലും ജീവിക്കാന്‍ ശ്രമിക്കുക എന്നു കൂടെ ആ കനലിനരികില്‍ ഇരുന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
കനല്‍ ഒടുങ്ങാത്ത ഓര്‍മ്മകള്‍
ജോസഫിന്റെയും ഡൊറോപ്പിയുടെയും അഞ്ചു മക്കളില്‍ ഇളയ കുട്ടിയായിരുന്നു സലീന. അമ്മയെന്ന് ഉറച്ച് വിളിക്കുന്നതിന് മുമ്പെ മരണം ഡൊറോപ്പിയെ കൊണ്ടുപോയിരുന്നു. ആ മാറിലെ സ്‌നേഹത്തിന്റെ ചൂട് രണ്ടുവയസ്സ് തികയും മുമ്പേ സലീനക്ക് നഷ്ടമാവുകയായിരുന്നു. പിന്നീട് അച്ഛനും സഹോദരങ്ങളുമായിരുന്നു എല്ലാം. എന്നാലും അമ്മ ഇപ്പോഴും കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മയാണ്. ഗ്യാസ് ഗോഡൗണിലെ ജോലി അച്ഛന്‍ ജോസഫിനേയും നിത്യരോഗിയാക്കി. കാലുകള്‍ തളര്‍ന്ന് കാഴ്ച്ച പതിയെ ഇല്ലാതായി. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായി. വൈകാതെ തന്നെ അച്ഛന്‍ പൂര്‍ണ്ണമായും കിടപ്പിലായി. അതോടുകൂടി ജീവിതം എല്ലാ തരത്തിലും വഴിമുട്ടി. അങ്ങനെയാണ് എട്ടാം ക്ലാസ്സില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

മാറാവ്യാധികള്‍ക്കൊപ്പം പട്ടിണിയും കൂടെപ്പിറപ്പായി. വീടിനടുത്തുള്ള കവലയിലെ ചായക്കടയില്‍ ജോലി ചോദിച്ചു പോയത് വിശപ്പ് സഹിക്കാന്‍ ആവാഞ്ഞിട്ടാണ്. പുലര്‍ച്ചെ നാലുമുതല്‍ ഇരുട്ടുംവരെ അധ്വാനമാണ്. വര്‍ഷങ്ങളോളം കൂലിയായി കിട്ടിയിരുന്നത് 50 പൈസയാണ്. ഉച്ചക്കും മറ്റുമായി കിട്ടുന്ന ചെറിയ ഒഴിവുസമയങ്ങളില്‍ സമീപത്തെ വീടുകളിലെ അടുക്കളപ്പണിയും യന്ത്രവേഗത്തില്‍ പൂര്‍ത്തിയാക്കും. ബോള്‍ഗാട്ടിയിലെ വാടകവീട്ടില്‍ എല്ലാം കഴിഞ്ഞ് തലചായ്ക്കുമ്പോഴേക്കും പുതിയ പുലരിയെ വരവേറ്റ് കോഴി കൂകിക്കാണും.
വീണ്ടും വീണുപോകാതിരിക്കാനുള്ള ഓട്ടമാണ്. ജീവിതത്തിന്റെ പുതിയ സാധ്യതതകള്‍ തേടിയാണ് കാക്കനാടേക്ക് ജീവിതം പറിച്ചുനട്ടത്. എന്നാല്‍ വിവാഹം മറ്റൊരു പരീക്ഷണമായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് രണ്ടുകുട്ടികള്‍ക്ക് ജന്മം നല്‍കി സലീനയെ ഉപേക്ഷിച്ചു. പാല്‍മണം മാറാത്ത പിഞ്ചു കുഞ്ഞുങ്ങളുമായി പിന്നീട് പോരാട്ടമായിരുന്നു. കിട്ടിയ ജോലികളെല്ലാം അതിവേഗം ചെയ്തു തീര്‍ത്തു. ആ വേഗത മറ്റുള്ളവര്‍ക്ക് അതിശയമായിരുന്നു. രണ്ടു സെന്റ് സ്ഥലത്ത് സര്‍ക്കാരിന്റെ ചെറിയ സഹായത്തോടെ വീടും വച്ചു. ജീവിതച്ചിലവുകളും കടവും കൂടിയതോടെ ഏറെ അധ്വാനവും കൂലി കൂടുതലുമുള്ള കല്‍പ്പണിക്ക് പോകാന്‍ തീരുമാനിച്ചു. കല്‍പ്പണി സ്ത്രീകള്‍ക്ക് ചെയ്യാനാവില്ലെന്ന് പറഞ്ഞ് മേസ്തിരി ആദ്യം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും ജോലിയോടുള്ള ആത്മാര്‍ത്ഥത തടസ്സങ്ങള്‍ ഇല്ലാതാക്കി. മനസ്സിനൊപ്പം ശരീരവും ഉറച്ചു. മറ്റെല്ലാ പ്രതിസന്ധികളും ആ കൂടിച്ചേരലിന് മുന്നില്‍ നിഷ്ഫലമായി.
എരിഞ്ഞൊടുങ്ങുന്നത് കാലമാണ്

ഇത് നമ്മള്‍ കരുതുന്ന പോലെയുള്ള ജോലിയല്ലെന്നും വളരെ ധൈര്യത്തോടെയും സൂക്ഷ്മമായും ചെയ്യേണ്ട ഒന്നാണെന്നും രാമദാസ് ഓര്‍മ്മപ്പെടുത്തി. എന്നാല്‍ അത്തരം ധൈര്യവും സൂക്ഷ്മതയും എന്നോ സലീന കൈമുതലാക്കിയിട്ടുണ്ട് എന്ന് മേസ്തിരി പറഞ്ഞു. താല്‍ക്കാലികമായി ശ്മശാനത്തിന്റെ ചുമതലക്കാരിയായി. ശരീരം ദഹിപ്പിക്കേണ്ട കുറെ കാര്യങ്ങള്‍ രാംദാസ് പറഞ്ഞു കൊടുത്തു. തൊട്ടടുത്തദിവസം തന്നെ ചലനമറ്റ മനുഷ്യനുമായി കുറേപ്പര്‍ വന്നു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയാണ് അതെന്ന് മനസ്സിലാക്കിയ സലീന മനസ്സിനെ ഒന്നുകൂടെ കരുത്തുറ്റതാക്കി. ഷട്ടര്‍ തുറന്ന് കത്തിക്കാന്‍ പാകത്തിന് തയ്യാറാക്കിയ പ്രത്യേകസ്ഥലം വൃത്തിയാക്കിയതിന് ശേഷം വിറകുകള്‍ പാകി. ചിരട്ടയും വിറകും ചകിരിയും ക്രമപ്രകാരം അടുക്കി വച്ചു. ഇനി അടുക്കി വച്ച വിറകിന് മുകളില്‍ മൃതശരീരം വക്കണം.
സലീനയുടെ നിര്‍ദ്ദേശ പ്രകാരം കൂടെ വന്നവര്‍ അത് ചെയ്തു. പ്രായമായ ഒരു മനുഷ്യനായിരുന്നു അത്. ശേഷം മൃതദേഹത്തിന് മുകളില്‍ വീണ്ടും മാവിന്‍ വിറക് അടുക്കി വക്കണം. വിറകുകൊണ്ട് പൊതിയും മുന്‍പ് അവസാനമായി ആ മുഖം നോക്കി. തിരക്കുപിടിച്ച ജീവിതം അവശേഷിപ്പിക്കുന്നത് എന്താണെന്ന് നിശ്ചലമായി കിടക്കുന്ന ഓരോ മുഖത്തും നിഴലിക്കാറുണ്ടത്രേ. പതിയെ മുഖവും വിറകുകൊണ്ട് പൊതിയും. ഒരു ജീവിതം കൊണ്ട് പല കാലങ്ങളെ അടയാളപ്പെടുത്തിയ ശരീരത്തിന് മുകളിലേക്ക്, കനല്‍ നാലുഭാഗത്തുമായി വിതറും. കനല്‍ പതിയെ അടുക്കി വച്ച വിറകിലേക്ക് തീ ആയി പടരും. നിമിഷങ്ങള്‍ കൊണ്ട് ശരീരത്തെ തീഗോളമാക്കും.
അണയും മുന്നെ നിറഞ്ഞു കത്തണം
തീക്കനല്‍ വിതറിക്കഴിഞ്ഞാല്‍ പിന്നെ ഷട്ടര്‍ ഇടും. അതോടുകൂടി വായുസഞ്ചാരം കുറയും. ചെറിയ രണ്ടു പൈപ്പുകള്‍ പുറത്തേക്ക് ഇട്ടിട്ടുണ്ട്. അതിലൂടെയാണ് കത്താനാവശ്യമായ വായു അകത്തേക്ക് വരുന്നത്. അരമണിക്കൂര്‍ കൂടുമ്പോള്‍ ഷട്ടര്‍ തുറന്ന് മൃതദേഹം കത്തുന്ന രീതി ക്രമപ്പെടുത്തണം. ശരീരത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചാണ് കത്താനുള്ള സമയം എടുക്കുക. പ്രായമാവരുടെ ശരീരം ആണത്രേ വേഗം തീരുക. രോഗികളുടെയും സ്ഥിരമായി മരുന്ന് കഴിക്കുന്നവരുടെയും ശരീരം കത്തിത്തീരാന്‍ നാലുമണിക്കൂറില്‍ കൂടുതല്‍ എടുക്കാറുമുണ്ട്. പതിറ്റാണ്ടുകള്‍ താണ്ടിയ ജീവിതങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എരിഞ്ഞു ചാരമാകും. വസൂരി വന്ന് അരിപ്പയായ ശരീരം മുതല്‍ ബന്ധുക്കള്‍പ്പോലും തൊടാത്ത പലതരം രോഗം വന്ന് മരണപ്പെട്ടവരുടെ ശരീരം വരെ ദഹിപ്പിച്ചിട്ടുണ്ട്.

ഒരു മൃതദേഹം ദഹിപ്പിക്കാന്‍ 1500 രൂപയാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ച തുക. ഇതില്‍ 525 രൂപ മുനിസിപ്പാലിറ്റിക്ക് തന്നെ തിരിച്ചടയ്ക്കണം. ബാക്കി വരുന്ന 975 രൂപയില്‍ 700 രൂപയുടെ വരെ വിറക് വേണം. എല്ലാം കഴിഞ്ഞ് ബാക്കിയവുന്നത് തീച്ചൂടില്‍ വെന്തുരുകിയ ശരീരം മാത്രമാണ്. അത്ര തുച്ഛമാണ് കിട്ടുന്ന കൂലി. ആകെയുള്ള കിടപ്പാടം പണയം വച്ചാണ് മക്കളുടെ കല്ല്യാണം നടത്തിയത്. വലിയൊരു തുക ബാങ്കിലേക്ക് ഇനിയും അടക്കാനുണ്ട്. ജീവിതച്ചിലവുകള്‍ വേറെയും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതികഠിനമായ തീച്ചൂട് എല്‍ക്കുന്നതിനുള്ള പ്രതിഫലം കിട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ജോലിയായി മാത്രം കണ്ടാല്‍ ഒരു നിമിഷം പോലും തുടരാന്‍ പറ്റില്ല എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. തന്റെ പ്രയാസങ്ങള്‍ അധികാരകേന്ദ്രങ്ങള്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സലീന ഓരോ ചിതയും ഒരുക്കുന്നത്.
ആചാരപ്രകാരം ജീവനറ്റ മനുഷ്യശരീരത്തെ അഗ്‌നിശുദ്ധി വരുത്തുകയാണ് ദഹിപ്പിക്കുന്നതിലൂടെ. ഇവിടെ ആ കര്‍മ്മമാണ് സലീന നിര്‍വഹിക്കുന്നത്. ഇത്രയേറെ ശരീരങ്ങള്‍ ദഹിപ്പിച്ച തന്റെയും ശരീരം മരണശേഷം ദഹിപ്പിക്കണമെന്നാണ് മറ്റൊരു മതവിശ്വസിയാണെങ്കിലും സലീനയുടെ ആഗ്രഹം. മരണം യാഥാര്‍ഥ്യമാണെന്നും ഓരോ മനുഷ്യനും തിരിച്ചിറങ്ങേണ്ടത് പ്രകൃതിസത്യമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീ എന്ന നിലയില്‍ അവര്‍ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത് കനാലായി കാലങ്ങളോളം ജ്വലിക്കുക തന്നെ ചെയ്യും. ആ ജീവിതം ഒരു ഉര്‍ജ്ജമാണ്, അതിലേറെ വീണിടത്തുനിന്ന് ജ്വലിച്ചുയരാനുള്ള ഇന്ധനമാണ്.
സലീനയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക:
Celina Michael,
Mullapparabil House,
Kusumagiri, kakkanad
Athani
Ernakulam682030
Bank: UCO bank
A/c No.: 21540110009321
Branch: Thrikkakara
IFSC code: UCBA0002154
content highlights: saleena caretaker of thrikkakkara crematorium


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..