അട്ട വിഹരിക്കുന്ന വഴികളിലൂടെ കുഞ്ഞുങ്ങളെ തോള്‍സഞ്ചിയില്‍ തൂക്കി അവർ കാടുകയറും|Rural India


By ശ്രീമതി ഭട്ട്

4 min read
Rural India
Read later
Print
Share

വിറകുവെട്ടാനും, മുളകള്‍ വിളവെടുക്കാനും, പഴങ്ങള്‍ പറിക്കാനുമെല്ലാം അട്ടകള്‍ വിഹരിക്കുന്ന വഴികളിലൂടെ കുഞ്ഞുങ്ങളെയും തോള്‍സഞ്ചിയില്‍ തൂക്കി മുതുവരെന്നും കാടുകയറും. ഒപ്പം കാവലും കൂട്ടുമായി ഒരു പറ്റം നായകളും. കണ്ണാടിപ്പായയാണ് മുതുവരുടെ മുളയുത്പന്നങ്ങളിലെ സിഗ്‌നേച്ചര്‍ പ്രോഡക്ട്.

അടിച്ചിൽ തൊട്ടിയിലെ മുതുവ ആദിവാസികൾ

ചാലക്കുടിയില്‍ നിന്ന് കിഴക്കു മാറി, അതിരപ്പള്ളിയും വാഴച്ചാലും മലക്കപ്പാറയും കടന്ന് ഇടമലയാര്‍ താഴ്വരയുടെ ഉള്‍ഭാഗത്ത് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍, പുറംലോകത്തിന് അത്രയങ്ങ് കേട്ടുപരിചയമില്ലാത്ത ഒരു ഊരും കുറച്ച് മനുഷ്യരുമുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും മരങ്ങളും പാറക്കെട്ടും മലവെള്ളവും മാത്രം കാണാന്‍ സാധിക്കുന്ന ഊര്. മഴ തോരാത്ത വഴികളും കാറ്റത്ത് ആടിക്കൊണ്ടേയിരിക്കുന്ന മരങ്ങളും വഴിനടത്തി എത്തിക്കുന്ന ഊര്. മുളങ്കാടുകളുടെ മടിയില്‍ ശാന്തമായി ഉറങ്ങുന്ന, മുതുവരുടെ സ്വന്തം അടിച്ചില്‍തൊട്ടി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ചെറിയൊരു വിഭാഗം മുതുവര്‍ മാത്രമാണ് അടിച്ചില്‍തൊട്ടിയിലുള്ളത്. ഇവര്‍ കൂടുതലായും അധിവസിക്കുന്നത് ഇടുക്കി ജില്ലയിലാണ്. മുതുവരും മുളയും തമ്മിലുള്ള ബന്ധത്തിന് അടിച്ചില്‍തൊട്ടിയോളം പഴക്കമുണ്ട്. സുലഭമായി കാണുന്ന മുളകളില്‍ നിന്ന് ചീപ്പും കുട്ടയും പായയും മാത്രമല്ല വീട് വരെയുണ്ടാക്കും മുതുവര്‍. ഈറ്റപ്പായകളാണ് ഉണ്ടാക്കുന്നതില്‍ ഏറ്റവും ആകര്‍ഷകം. കലാചാരുതയോടെ, കയ്യടക്കത്തോടെ അവര്‍ പായ മെടയുന്നത് കണ്ടുനില്‍ക്കാന്‍ തന്നെ ഒരു കൗതുകമാണ്.

പായകളില്‍ തന്നെ പല തരം പായകളുണ്ട് ഇവര്‍ക്ക് സ്വന്തമായി. കണ്ണാടിപ്പായ, സെറപ്പായ, കസെറപ്പായ പേരുകള്‍ പായകള്‍ പോലെ അങ്ങനെ നീണ്ടുകിടക്കും.

'അമ്മയാണ് എന്നെ പായ മെടയാന്‍ പഠിപ്പിച്ചത്. പണ്ടൊക്കെ അമ്മ വേഗത്തില്‍ നെയ്യുന്നത് ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. കണ്ണാടിപ്പായകളാണ് കൂടുതലായി ചെയ്യുന്നത്. അങ്ങനെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഞാനും പായ മെടയാന്‍ തുടങ്ങി. ഒരാള്‍ക്ക് കിടക്കാവുന്ന ഒരു പായ ചെയ്യാന്‍ ആറ് ദിവസം എടുക്കും. കണക്കുണ്ട്, ഓരോ ഈറ്റക്കും. മെടയുന്ന സമയത്താണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. അത് എങ്ങനെയാണെന്ന് എനിക്കും അമ്മ പറഞ്ഞു തന്നിട്ടില്ല. പക്ഷേ ഞങ്ങളെല്ലാവരും പഠിച്ചു', തമിഴ് കലര്‍ന്ന മലയാളത്തില്‍ കനകമ്മ പാട്ടി പറഞ്ഞു നിര്‍ത്തി.

കനകമ്മ പാട്ടി പായനെയ്യുന്നു

പാട്ടീ എന്ന് എല്ലാവരും വിളിക്കുന്ന കനകമ്മയാണ് ഇവരില്‍ ഏറ്റവും പ്രായം ചെന്ന നെയ്ത്തുകാരി. ഒരാള്‍ക്ക് കിടക്കാവുന്നൊരു കണ്ണാടിപ്പായ നെയ്‌തെടുക്കാന്‍ മറ്റുള്ളവര്‍ക്ക് മാസമൊന്ന് വേണ്ടിവരുമ്പോള്‍ കനകമ്മപാട്ടിയുടെ കൈത്തഴക്കത്തില്‍ ഒരാഴ്ചകൊണ്ട് കണ്ണാടിപ്പായ നിവരും.

ചെറുപ്പം തൊട്ടേ കണ്ടും പിന്നീട് സ്വയം ചെയ്തും പഠിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇതിന്റെ മാര്‍ക്കറ്റ് വാല്യൂ എന്താണെന്നോ വിലയെന്താണെന്നോ ചോദിച്ചാല്‍ ഇവര്‍ കൈമലര്‍ത്തും. ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യും. ഇതെങ്ങനെയെന്ന് ചോദിച്ചാല്‍, അറിയില്ലെന്നായിരിക്കും മറുപടി. പക്ഷേ ഭംഗിയുള്ള പല രീതിയിലുള്ള പായകള്‍ ഇവര്‍ മെടഞ്ഞുകൊണ്ടേയിരിക്കും.

നടരാജൻ

സ്ത്രീകളാണ് നെയ്ത്തില്‍ വിദഗ്ധര്‍. പുരുഷന്മാരോട് ചോദിച്ചാല്‍, അത് സ്ത്രീകള്‍ ചെയ്യുന്നതെന്നാണ് അവര്‍ പറയുക. "പുരുഷന്മാര്‍ നെയ്ത്ത് പഠിക്കില്ലല്ലോ. അത് അവര്‍ (സ്ത്രീകള്‍) ചെയ്യുന്നതല്ലേ. ഞങ്ങള്‍ ചെയ്യാറില്ല. അവര്‍ നന്നായിട്ട് ചെയ്യും. ഞങ്ങള്‍ക്ക് റബര്‍ വെട്ടാനൊക്കെ പോണം. മുളയെടുക്കാനും പോകാറുണ്ട്. അവരാണ് കൂടുതലും പോകുന്നത്. ഇതെല്ലാം മുള തന്നെയാണ്", വീട് കാണിച്ചുകൊണ്ട് നടരാജന്‍ പറഞ്ഞു. മുള ഉപയോഗിച്ച് ഇവര്‍ മനോഹരമായി വീടുകള്‍ പണിയും, മുളകളെ കോര്‍ത്തെടുത്ത് ഭംഗിയില്‍ അടുക്കിവെച്ചുകൊണ്ട് അടിയുറപ്പുള്ള കുഞ്ഞു വീടുകള്‍.

മുളയെ ഭംഗിയുള്ള, ഉപയോഗപ്രദമായ ഉത്പന്നങ്ങളാക്കുമെങ്കിലും പക്ഷേ വില്‍ക്കാന്‍ ഇവര്‍ക്കറിയില്ല. 'ഫോറസ്റ്റ് പോസ്റ്റ്' എന്ന കൂട്ടായ്മയാണ് ഇപ്പോള്‍ ഇവരുടെ ഉത്പന്നങ്ങളെ മാര്‍ക്കറ്റിലെത്തിക്കുന്നത്. അവരുടെ വെബ്‌സൈറ്റിലൂടെ ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളവ മേടിക്കാം.

മുളയുത്പന്നങ്ങളെ കൂടാതെ തേന്‍ ഉത്പന്നങ്ങള്‍, അച്ചാറുകള്‍, ബാഗുകള്‍ തുടങ്ങി പലതരം സാധനങ്ങളാണ് മുതുവരുടെയും ഇതര സമൂഹങ്ങളുടേതായി വില്‍പ്പനയ്ക്കുള്ളത്. ഇതിനൊപ്പം തന്നെ ആവശ്യമെങ്കില്‍ ഓര്‍ഡറനുസരിച്ച് പായകളും മറ്റും ചെയ്തുകൊടുക്കാനും ഇവര്‍ തയ്യാറാണ്.

'2021-ലാണ് ഫോറസ്റ്റ് പോസ്റ്റിന്റെ തുടക്കം. മുള, തേന്‍ തുടങ്ങിയവയില്‍ നിന്നും ആദിവാസി സ്ത്രീകള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഒരു മാര്‍ക്കറ്റ് സൃഷ്ടിക്കുകയാണ് ഫോറസ്റ്റ് പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. സാങ്കേതികമായി പറഞ്ഞാല്‍ ഇത്തരത്തിലുള്ള ചെറുകിട വ്യവസായ സംരഭങ്ങള്‍ക്ക് ഡചഉജയുടെയും സഹായത്തോടെ ഒരു സിംഗിള്‍ വിന്‍ഡോ ഉണ്ടാക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അതോടൊപ്പം തന്നെ മുതുവരുടെ കണ്ണാടിപ്പായ ഏക റെജിസ്ട്രിയില്‍ ലിസ്റ്റ് ചെയ്യിക്കാനുള്ള ശ്രമങ്ങളും ഏറെ കുറെ വിജയിച്ചിരിക്കുകയാണ്', ഫോറസ്റ്റ് പോസ്റ്റിന്റെ സഹ-സ്ഥാപകയായ ഡോ. മഞ്ജു വാസുദേവന്‍ പറഞ്ഞു.
കുഞ്ഞുങ്ങളെയും തോള്‍സഞ്ചിയില്‍ തൂക്കി മുതുവരെന്നും കാടുകയറും

കണ്ണാടിപ്പായയാണ് മുതുവരുടെ മുളയുത്പന്നങ്ങളിലെ സിഗ്‌നേച്ചര്‍ പ്രോഡക്ട്. ഈയടുത്ത് ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ഇവരുടെ പായകളെ പൊതുവിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പൂര്‍ണമായും വിജയിച്ചില്ലെങ്കിലും മുതുവരുടെ ഈ കുഞ്ഞു സംരംഭം ജനശ്രദ്ധയിലെത്തിക്കാന്‍ ആ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

'ഇവരെ പങ്കെടുപ്പിച്ചുള്ള വര്‍ക്ക്ഷോപ്പുകള്‍ ഒരിക്കല്‍ ഫോറസ്റ്റ് പോസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമായും പറഞ്ഞത് ഉത്പന്നങ്ങള്‍ എങ്ങനെ മാര്‍ക്കറ്റ് റെഡിയാക്കാമെന്നാണ്. ചെറിയ ചെറിയ അപാകതകള്‍ തിരുത്തി ഒരു ഫൈനല്‍ പ്രോഡക്ട് ഉണ്ടാക്കുകയെന്നത് അത് വില്‍ക്കുകയെന്ന പോലെ തന്നെ വലിയ വെല്ലുവിളിയാണ്', മഞ്ജു പറഞ്ഞു നിര്‍ത്തി.

വിറകുവെട്ടാനും, മുളകള്‍ വിളവെടുക്കാനും, പഴങ്ങള്‍ പറിക്കാനുമെല്ലാം അട്ടകള്‍ വിഹരിക്കുന്ന വഴികളിലൂടെ കുഞ്ഞുങ്ങളെയും തോള്‍സഞ്ചിയില്‍ തൂക്കി മുതുവരെന്നും കാടുകയറും. ഒപ്പം കാവലും കൂട്ടുമായി ഒരു പറ്റം നായകളും. ആ മുളകളെ മുറിച്ച് വെള്ളത്തിലിട്ട് മയപ്പെടുത്തി, മെടയുന്ന പരുവത്തിലാക്കുന്നത് ഇവര്‍ തന്നെയാണ്. ഫോറസ്റ്റ് പോസ്റ്റിന്റെ ഇടപെടലിലൂടെ ഉത്പന്നങ്ങളുടെ മിനുക്കുപണികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇവര്‍ പഠിച്ചു.

മരുടു സ്വാമി

മറന്നു തുടങ്ങിയ ഒത്തിരി പാട്ടുകളുണ്ട് മുതുവര്‍ക്ക് സ്വന്തമായി. പല വരികളും ഓര്‍മയില്ലെങ്കിലും ചിലത് ഓര്‍ത്തെടുത്ത് പാടാനും അതിന് പിന്നിലെ കഥകള്‍ പറയാനും വലിയ ആവേശമായിരുന്നു അടിച്ചില്‍തൊട്ടിയിലെ കരകൗശലപ്പണിക്കാരന്‍ കൂടിയായ മരുടുസ്വാമിക്ക്.

'പാടാന്‍ അങ്ങനെ കാരണങ്ങള്‍ വേണ്ട. പാടുമ്പോള്‍ ഇങ്ങനെ ഇരിക്കരുത്. ആടണം കൈകൊട്ടണം. പക്ഷേ ഇപ്പോള്‍ വരികളൊന്നും ഓര്‍മ വരുന്നില്ല. മറവിയാണ്', ചെറിയ സങ്കടത്തോടെ മരുടുസ്വാമി പറഞ്ഞു. എന്നാലും ഓര്‍ത്തെടുത്ത് ഒരുവരി പാട്ട് അദ്ദേഹം പാടി. മരുടുസ്വാമിയുണ്ടാക്കുന്ന മുളയുപയോഗിച്ചുള്ള പരമ്പരാഗത രീതിയിലുള്ള ചീപ്പുകള്‍ ഇപ്പോള്‍ മറ്റെവിടെയും കാണാന്‍ സാധിക്കില്ല. മറവിയും പ്രായാധിക്യവും മരുടുസ്വാമിയെ വല്ലാതെ ബാധിച്ചിരിക്കുന്നു. എന്നാലും ചെയ്യുന്നത് അദ്ദേഹം ചെയ്തുകൊണ്ടേയിരിക്കും.

ഇടമലയാറില്‍ ആനകള്‍ ഏറ്റവും അധികം വിഹരിക്കുന്ന സ്ഥലമാണ് അടിച്ചില്‍തൊട്ടി. എന്നാല്‍ ഊരിലുള്ള ഒരാളെയും ആനകള്‍ ആക്രമിച്ചതായി ചരിത്രമില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ മികച്ച മാതൃക കൂടിയാണ് ഇവിടം.

അടിച്ചില്‍തൊട്ടി മുതുവരുടേതാണ്, അവിടെ വരത്തന്മാരെ അവര്‍ ആഗ്രഹിക്കുന്നില്ല. സാങ്കേതികമായി പറഞ്ഞാല്‍ സര്‍ക്കാരിന്റെ സംരക്ഷിത മേഖലകളില്‍പ്പെടും അടിച്ചില്‍തൊട്ടിയും മുതുവരും.

വൈദ്യുതി അല്ലാതെ പുതിയ കാലത്തിന്റെ മാറ്റങ്ങളില്‍ വലിയ മുന്നേറ്റങ്ങളൊന്നും അടിച്ചില്‍തൊട്ടിയില്‍ സംഭവിച്ചിട്ടില്ല. മൊബൈലോ ടവറുകളോ നെറ്റ്വര്‍ക്കോ അങ്ങനെ ഒന്നും അടിച്ചില്‍തൊട്ടിയില്‍ കാല് കുത്തിയിട്ടില്ല. ആ ശാന്തത തന്നെയാണ് അടിച്ചില്‍തൊട്ടിയെയും മുതുവരെയും അവരുടെ മണ്ണിനോട് ചേര്‍ത്ത് നിര്‍ത്തുന്നതും.

ഉണ്ടാക്കുന്ന ഓരോ സാധനങ്ങളിലും ഉപയോഗിക്കുന്ന ഓരോ വസ്തുവിലും പാടുന്ന പാട്ടിലും കഴിക്കുന്ന ഭക്ഷണത്തിലും, ആ മണ്ണിനെ, അതിന്റെ സംസ്‌കാരത്തെ അവര്‍ ചേര്‍ത്ത് പിടിക്കുന്നു. ഇവിടെ രേവതിയുടെ സെറപ്പായകളും കനകമ്മ പാട്ടിയുടെ കണ്ണാടിപ്പായകളും നാഗമ്മയുടെ നിറങ്ങള്‍ ചേര്‍ത്ത മുറങ്ങളും പൊന്നുതായിയുടെ കൊട്ടകളും മരുടുസ്വാമിയുടെ പാട്ടുകളുമെല്ലാം ഇതിന്റെ ശേഷിപ്പുകളാണ്. മുളങ്കൂട്ടം പോലെ ചേര്‍ന്നുനിന്ന്, മണ്ണില്‍ ഉറച്ച വേരിലൂന്നി, ഒരു മനോഹര സംസ്‌കാരത്തിന്റെ കാവല്‍ക്കാരായവര്‍ അങ്ങനെ ജീവിക്കുകയാണ്...

Content Highlights: Rural India, Muthuvan tribe, Mudugars of Adichil thotti, social

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
athijeevanam
അതിജീവനം 114

3 min

ബിഹാറിലെ നരച്ച ഗ്രാമങ്ങളിലേക്ക് പടർന്ന വെളിച്ചം; സൈക്കിൾ ദീദിയും അവരുടെ സ്വപ്നങ്ങളും | അതിജീവനം 105

May 12, 2023


women old photo

5 min

80കളില്‍ ഫെമിനിസ്റ്റുകള്‍ മുന്നോട്ടുവെച്ച വസ്ത്രധാരണ ചര്‍ച്ച; അന്ന് പഴി കേട്ടു, ഇന്നത് വഴികാട്ടിയായി

Nov 15, 2021

Most Commented