റോഗൻ ചിത്രങ്ങൾ/By wikipedia
'ഹൃദയത്തില്‍നിന്ന് ശിരസ്സിലേക്കും ശിരസ്സില്‍നിന്ന് ഇരുകൈകളിലേക്കും താളാത്മകമായി ഒഴുകിയെത്തുന്ന കല' എന്നാണ് ചിത്രകാരന്‍ അബ്ദുല്‍ ഗഫൂര്‍ ഖത്രി റോഗണ്‍ചിത്രങ്ങളെക്കുറിച്ച് പറയുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ നിരോണഗ്രാമമാണ്ചചൈിത്രശൈലിയുടെ ഭൂമിക. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലൊന്നായ ഭുജില്‍നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിരോണയില്‍ എത്തിച്ചേരാം. ആട്ടിടയന്മാരുടെയും കര്‍ഷകരുടെയും ഗ്രാമം; വൈവിധ്യമാര്‍ന്ന മറ്റ് നിരവധി കലകളുടെ ജന്മദേശവും.
ഇന്ത്യയില്‍ നാനൂറിലേറെ വര്‍ഷങ്ങളുടെ പ്രയോഗചരിത്രമുള്ള ചിത്രണരീതിയാണ് റോഗണ്‍. നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേര്‍ഷ്യയില്‍നിന്നാണ് ഈ ചിത്രകല ഗ്രാമത്തിലെത്തിയത്. പ്രയോഗത്തില്‍ വളരെയേറെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ള കലയാണിത്. നിരവധി ദിവസങ്ങളുടെ പ്രയത്‌നഫലമായിട്ടാണ് ഒരു ചിത്രം പൂര്‍ത്തിയാകുന്നത്. ഏകാഗ്രതയോടെ രണ്ട് കൈകളും മനസ്സും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ചിത്രം പൂര്‍ത്തിയാകൂ.
വസ്ത്രാലങ്കാര ശാഖയില്‍പെടുന്ന കലയാണിത്. ഇന്ത്യയില്‍ ഗുജറാത്തിലും കശ്മീരിലും മഹാരാഷ്ട്രയിലും പ്രയോഗത്തിലുണ്ടായിരുന്ന റോഗണ്‍ചിത്രകല പിന്നീട് ക്ഷയിച്ചപ്രത്യക്ഷമായി. എന്നാല്‍ പാകിസ്താനിലും ഇറാനിലും ഇപ്പോഴുമിത് പ്രചാരത്തിലുണ്ട്.
2001-ല്‍ കച്ചിലുണ്ടായ ഭൂകമ്പം നിരോണഗ്രാമത്തെയും ഉലച്ചിരുന്നു. ഭൂകമ്പാനന്തരം നടന്ന പുനര്‍നിര്‍മാണങ്ങളുടെ ഭാഗമായി നിരോണഗ്രാമത്തിലേക്കും വികസനം കടന്നുവരുകയും പുതിയ റോഡുകള്‍ നിര്‍മിക്കുകയും ചെയ്തു. വിനോദസഞ്ചാരികള്‍ നിരോണയിലേക്ക് നിരന്തരമായെത്തുവാന്‍ തുടങ്ങിയതിന്റെ ഫലമായി ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു.
മരണവക്കിലെത്തിയ റോഗന്‍ചിത്രകലയെ പരിരക്ഷിച്ച് നിലനിര്‍ത്തുന്നത് നിരോണഗ്രാമത്തിലെ ഒരു മുസ്ലിം കുടുംബമാണ്. അബ്ദുല്‍ ഗഫൂര്‍ ഖത്രിയെന്ന കലാകാരന്റെ നേതൃത്വത്തില്‍ സഹോദരന്‍ സുമാര്‍ ദാവൂദ് ഖത്രിയും ചേര്‍ന്നാണ് ഈ ചിത്രകലയെ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരോടൊപ്പം ബന്ധുക്കളും സഹോദരങ്ങളുമുണ്ട്.
പുരുഷന്മാര്‍മാത്രം വ്യാപരിച്ചിരുന്ന മേഖലയായിരുന്നു ഇത്. പെണ്‍കുട്ടികള്‍ ചിത്രകല അഭ്യസിച്ചാല്‍ വിവാഹാനന്തരം അവര്‍ എത്തിച്ചേരുന്ന കുടുംബങ്ങളിലൂടെ മറ്റുള്ളവര്‍ വ്യാപകമായി പരിശീലിച്ച് റോഗണ്‍കലയുടെ ആധിപത്യം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന, യാഥാസ്ഥിതികരായ കലാകാരന്മാരുടെ ആശങ്കകാരണമാണ് ഈ കലയില്‍നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തിയിരുന്നത്. എന്നാല്‍ അബ്ദുള്‍ ഗഫൂര്‍ ഖത്രിയുടെ വീട്ടില്‍ ഇപ്പോള്‍ നടന്നുപോരുന്ന പരിശീലനക്ലാസുകളില്‍ നാല്‍പ്പതിലേറെ പെണ്‍കുട്ടികള്‍ പഠിതാക്കളായുണ്ട്. ഗുരുകുലസമ്പ്രദായത്തിന് സമാനമാണ് ഖത്രിഭവനത്തിലെ പഠനം. സൗജന്യമായിട്ടാണ് അബ്ദുല്‍ ഗഫൂര്‍ ഖത്രി കല പഠിപ്പിക്കുന്നത്. 2019-ല്‍ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
നിരോണഗ്രാമത്തില്‍ പല കേന്ദ്രങ്ങളിലായി സ്ത്രീകളുടെ നേതൃത്വത്തില്‍ റോഗണ്‍ചിത്രകല ചെറുകിടവ്യവസായങ്ങളായി വളര്‍ന്നുവരുന്നുണ്ട്. വളരെ പ്രയാസമേറിയ പ്രക്രിയയാണ് റോഗണ്‍ചിത്രനിര്‍മിതി. ദീര്‍ഘകാലത്തെ കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ഇത് സ്വായത്തമാക്കാന്‍ കഴിയൂ. ചിത്രങ്ങള്‍ നിര്‍മിക്കുന്നത് വസ്ത്രപ്രതലങ്ങളിലാണ്. മുന്‍കാലങ്ങളില്‍ കട്ടികൂടിയ ഖാദിതുണിത്തരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. നിലവില്‍ വിവിധതരം തുണികളിലും ചിത്രങ്ങള്‍ നിര്‍മിച്ചുവരുന്നു.
'റോഗണ്‍' ഒരു പേര്‍ഷ്യന്‍ പദമാണ്. 'എണ്ണയെ അടിസ്ഥാനമാക്കിയത്' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. എണ്ണകൊണ്ടാണ് റോഗണ്‍ നിര്‍മിക്കുന്നത്. ആവണക്കെണ്ണ അലൂമിനിയംകൊണ്ടുള്ള പാത്രത്തിലൊഴിച്ച്, രണ്ടുനാള്‍ പൂര്‍ണമായും ഇരുന്നൂറ് ഡിഗ്രി ചൂടില്‍ കുറുക്കി ജെല്‍ പരുവത്തിലാക്കിയെടുക്കുന്നതാണ് റോഗണ്‍. ശ്രദ്ധ തെറ്റിയാല്‍ എണ്ണ കട്ടിയായി ടാര്‍പോലെ ഉറച്ചുപോകും.
പ്രകൃതി വര്‍ണങ്ങളാണ് ചിത്രനിര്‍മിതിക്ക് ഉപയോഗിച്ചിരുന്നത്. നിലവില്‍ ആധുനിക വര്‍ണങ്ങളുടെ പിഗ്മെന്റുകളും ഉപയോഗിക്കുന്നു. കടുംവര്‍ണങ്ങളിലുള്ള ഖാദിയിലും സില്‍ക്കിലും നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കാണ് വിപണിയില്‍ പ്രിയം. മഞ്ഞ, നീല, വെള്ള, ചുവപ്പ്, തത്തപ്പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ജെല്‍ പരുവത്തില്‍ നിര്‍മിച്ച റോഗണില്‍ ആവശ്യമുള്ളത്ര നിറങ്ങള്‍ ചേര്‍ത്ത് അരച്ചെടുത്ത കുഴന്പ് കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. നിര്‍മിച്ചെടുത്ത റോഗണ്‍ ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം കേടുവരാതിരിക്കുന്നതിനുവേണ്ടി പാത്രത്തില്‍ ശുദ്ധജലമൊഴിച്ച് സൂക്ഷിക്കുന്നു. ആവശ്യമുള്ളത്ര വര്‍ണം ചേര്‍ത്തെടുത്ത കലാകാരന്‍ തന്റെ ഇടത് കൈവെള്ളയില്‍ വയ്ക്കുന്നു. കട്ടയായി നശിക്കാതിരിക്കുന്നതിന് വേണ്ടിയാണ് കൈവെള്ളയില്‍ സൂക്ഷിക്കുന്നത്, ശരീരോഷ്മാവില്‍ റോഗണ്‍ കട്ടയാകാതെ പശയുടെ സ്വഭാവമുള്ള ജെല്ലിന്റെ അവസ്ഥയില്‍ തന്നെയിരിക്കും. ഏഴിഞ്ച് നീളത്തില്‍ മുന കൂര്‍ത്ത ഇരുമ്പുകൊണ്ടുള്ള ഒരുതരം പേന കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.
കലാകാരന്‍ ഇടത് കൈയില്‍ സൂക്ഷിച്ചിട്ടുള്ള റോഗണില്‍ വലത് കൈയില്‍ പിടിച്ചിട്ടുള്ള പേനകൊണ്ട് വട്ടത്തില്‍ ചുറ്റിച്ചുണ്ടാക്കുന്ന കൊഴുത്ത് കട്ടിയുള്ള പശനൂല്‍ വസ്ത്രപ്രതലത്തിലേക്ക് ഒരു പ്രത്യേക താളത്തില്‍ സന്നിവേശിപ്പിച്ചാണ് ചിത്രങ്ങള്‍ നെയ്തെടുക്കുന്നത്. ദീര്‍ഘനാളത്തെ കഠിനമായ പരിശീലനമില്ലാതെ പശനൂലുകള്‍ ചിത്രപ്രതലത്തിലേക്ക് പകര്‍ന്നുള്ള ചിത്ര നിര്‍മിതി അസാധ്യമാണ്.
ചിത്രനിര്‍മിതിക്ക് മുന്‍പായി പ്രതലത്തില്‍ ചിത്രമാതൃകകള്‍ വരയ്ക്കുന്ന രീതി റോഗണ്‍ രചനയിലില്ല. മനോഹരമായ ഡിസൈനുകളും, ജീവജാലങ്ങളായ മയിലുകളുള്‍പ്പെടെയുള്ള പക്ഷികളും, ആനകള്‍, മാനുകള്‍ തുടങ്ങിയ മൃഗങ്ങളും ചിത്രങ്ങളില്‍ കാണാം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പേര്‍ഷ്യന്‍ ലിപികളും ജ്യാമിതീയ ചിഹ്നങ്ങളും മാത്രമായിരുന്നു റോഗണ്‍ ചിത്രങ്ങളില്‍. മനുഷ്യജീവിതത്തെ പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്ന 'ട്രീ ഓഫ് ലൈഫ്' എന്ന ചിത്രത്തിന് വിദേശരാജ്യങ്ങളില്‍ പ്രിയമേറെയാണ്.
അബ്ദുല്‍ ഗഫൂര്‍ ഖത്രി, സുമാര്‍ ദാവൂദ് ഖത്രി, അരബ് ഹസ്സന്‍ ഖത്രി, ജുമ്മാ ദാവൂദ് ഖത്രി തുടങ്ങിയവരാണ് റോഗണ്‍ ചിത്രകലയിലെ ആചാര്യന്മാര്‍. വാസ്തുകലയിലും, മിനിയേച്ചര്‍ ചിത്രകലയിലും നിസ്തുലമായ സംഭാവനകള്‍ ഇന്ത്യയ്ക്ക് നല്‍കിയ മുസ്ലിം സമൂഹമാണ് റോഗണ്‍ കലയുടെയും സ്രഷ്ടാക്കള്‍.
മാതൃഭൂമി ആഴ്ച്പതിപ്പിൽ പ്രസിദ്ധീകരിച്ചത്
Content Highlights: rogan painting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..