കണ്ണടച്ചാൽ ബുൾഡോസറിന്റെ ഇരമ്പലാണ്; മതമല്ല, വിശപ്പാണ് പ്രശ്നം | അതിജീവനം 91


എ.വി. മുകേഷ്

വ്യത്യസ്ഥജാതികളിലും മതത്തിലുമുള്ള മനുഷ്യർ ഒന്നായി ഒഴുകിയ ഒരു നാടിന്റെ ഹൃദയത്തിലാണ് അധികാരത്തിന്റെ ബുൾഡോസറുകൾ തടയണ തീർത്തത്. ഉറങ്ങാൻ സാധിക്കാത്ത വിധം ഭയം അവരിലുണ്ടാക്കിയത് ഭരണ സംവിധാനങ്ങളാണ്.

വിമലാദേവി, ഹനിഫ | ഫോട്ടോ: വൈശാഖ് ജയപാലൻ

'ഹിന്ദു - മുസ്ലീം എന്ന വേർതിരിവ് ഞങ്ങൾക്കില്ല. സഹോദരങ്ങളെപ്പോലെയാണ് ഇവിടെ കഴിയുന്നത്. ബുൾഡോസറുമായി വന്ന് ആരെങ്കിലും അങ്ങനെ അല്ലെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും' വിമലാദേവിയുടെ മുഖം രോഷംകൊണ്ട് ചുവന്നു. ചുളിവുകൾ വീണ കൈകൾ വാതിലിനോട് മുറുകെ പിടിച്ചു. 'സംശയമുണ്ടെങ്കിൽ ആരോട് വേണമെങ്കിലും ചോദിച്ചു നോക്ക്.' ഇടുങ്ങിയ ഗലിക്കുളിലേക്ക് വിരൽ ചൂണ്ടി വേദനയോടെ അവർ പറഞ്ഞ് നിർത്തി.

വഴിമുട്ടിയ ജീവിതത്തെ കുറിച്ചുള്ള ആവലാതി കണ്ണുകളിൽ വ്യക്തം. അത്രമേൽ അനിശ്ചിതത്വത്തിലാണ് ജഹാംഗിർ പുരിയിലെ മനുഷ്യജീവിതം. ആഴ്ചകൾക്ക് ശേഷവും ഒന്നും പഴയപടിയായിട്ടില്ല. കാക്കിയിട്ട ഭരണകൂടം ചുറ്റുമുണ്ട്. സ്വതന്ത്രമായി ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം എല്ലാം നിയന്ത്രണങ്ങൾക്കുള്ളിലാണ്.

ബുൾഡോസർ തകർത്തുകളഞ്ഞ ഉന്തുവണ്ടികളോ പെട്ടികടകളോ ഒന്നും ഇനി ഇല്ല. കഴുകൻ കൊത്തി വലിച്ചതിന് സമാനമായി അസ്ഥികൂടം മാത്രമാണ് ബാക്കിയായത്. ഉന്തുവണ്ടികൾക്ക് മുകളിൽ ആവർത്തിച്ച് പ്രഹരിച്ചുകൊണ്ട് ബുൾഡോസർ അത് ഉറപ്പാക്കിയിട്ടുണ്ട്. ഒരിക്കലും പുനർനിർമ്മിക്കാൻ സാധിക്കാത്ത വിധമാണ് എല്ലാത്തിന്റെയും അവസ്ഥ.

സാധാരണ ജനതയുടെ ജീവിതത്തിന് മുകളിലൂടെയാണ് ബുൾഡോസറുകൾ കടന്നുപോയത്. ഇപ്പോഴും അവരുടെ സ്വപ്നങ്ങളെപ്പോലും അന്നത്തെ ഓർമ്മകൾ മുറിപ്പെടുത്തുന്നുണ്ട്. എന്നാൽ മതത്തിന്റെ അതിരുകൾക്ക് അപ്പുറം മനുഷ്യനെ പരിഗണിച്ച ജഹാംഗിർ പുരിയുടെ മനസ്സിന് ഒരു പോറൽപോലും വന്നിട്ടില്ല. കൈ ചേർത്ത് പിടിച്ചുകൊണ്ട് അവർ പറയുന്നത് ഞങ്ങൾ ഒന്നാണെന്ന് തന്നെയാണ്.

ജഹാംഗിർപുരിയിൽ കടകൾ ഇടിച്ചുനിരത്തുന്നു | Photo: ANI

വിശപ്പിന് പരിഹാരം ഉണ്ടാക്കൂ

കുശാൽ ചൗക്കിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് ഗലികൾക്ക് അകത്തേക്ക് കയറിയത്. പ്രദേശമാകെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ് ചുറ്റും. മിക്കതും പുറംചുവരുകൾ തേക്കാത്തവ. അവക്ക് നടുവിലൂടെ നീളത്തിലുള്ള ഇടുങ്ങിയ വഴി. മലിനജലം പലയിടത്തായി പരന്നൊഴുകുന്നുണ്ട്. ഭരണകൂടങ്ങൾ എത്രമാത്രം പരിഗണിക്കുന്ന പ്രദേശമാണെന്ന് ആദ്യകാഴ്ച്ചയിൽ തന്നെ വ്യക്തം.

മഹാമാരിയുടെ കാലത്തും ജീവിതം വഴിമുട്ടിയപ്പോഴൊക്കെയും കരുതലായത് പരസ്പര സ്നേഹമാണ്. ജാതിക്കും മതത്തിനും അപ്പുറം അവർ അന്യന്റെ ആമാശയവും വേദനയും കണ്ടവരാണ്. ഇടുങ്ങിയ ഗലികളിൽ ജീവിതം ആഘോഷമാക്കാൻ സാധിക്കുന്നതിന് പുറകിലെ രഹസ്യമാണത്. വിമലാദേവിയുടെ വാതിലിന് അപ്പുറം വിളിപ്പാടകലെ മുന്നിയുണ്ട്. ഒന്നിലേറെ അസുഖങ്ങൾ അലട്ടുന്ന അവരുടെ ഏക ആശ്വാസവും മുന്നിയാണ്.

ശബ്ദം കേട്ടപ്പോഴെ മുന്നി വാതിലിന് പുറത്ത് എത്തി. അന്നുരാത്രി നടന്ന പൊലീസ് വേട്ടയിൽ ക്രൂരമായാണ് മുന്നിയെയും മക്കളേയും തല്ലിച്ചതച്ചത്. ഭർത്താവിനെ അവർ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തു. കാറ്റിൽ തട്ടം തെന്നി മാറിയപ്പോൾ മുഖത്തേറ്റ മർദ്ദനത്തിന്റെ പാട് കണ്ടു. നീലിച്ചു കിടക്കുന്നുണ്ട്. കൈയ്ക്കും കാലിനും അടിയേറ്റിടത്ത് തൊടാനാവാത്ത വേദനയാണ്.

ഭരണകൂടം ഈ വിധമാണ് സംഘർഷത്തിന് ശേഷം നടത്തിയ ഇടപെടലുകൾ. തുച്ഛമായ തുകകൊണ്ട് ജീവിതം കണ്ടെത്തുന്നവരെയാണ് വെല്ലുവിളിക്കുന്നത്. അതും അർധസൈനിക വിഭാഗമുൾപ്പെടെ സർവ്വസജ്ജമായി. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നാണ് ആ മനുഷ്യർക്ക് പറയാനുള്ളത്.

ജീവിതം കണ്ടെത്താനുള്ള എല്ലാ സാധ്യതകളും തെരുവിലുണ്ട്. ഏതു ജോലിയും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ചെയ്യാനുള്ള അന്തരീക്ഷം അവിടുത്തെ പ്രത്യേകതയാണ്. വിശപ്പ് കൊണ്ടുപോകും മുമ്പ്, ജീവിക്കാൻ അനുവദിക്കണം എന്നാണ് നാടിന്റെ അഭ്യർത്ഥന.

വിമലാദേവി | ഫോട്ടോ: വൈശാഖ് ജയപാലൻ

ബുൾഡോസറിന്റെ രാഷ്ട്രീയം

വിഭജനങ്ങൾ ഏറെ കണ്ട മണ്ണാണ് ഇന്ത്യയുടേത്. ചരിത്രപരമായ രൂപപ്പെടലിന് ശേഷവും ആ വിഭജനങ്ങളുടെ മുറിവിൽ പലപ്പോഴായി വർഗ്ഗീയ ശക്തികൾ ഉപ്പ് തേച്ചിട്ടുണ്ട്. അതങ്ങനെ ഉണങ്ങാതിരിക്കേണ്ടത് അവരുടെ രാഷ്ട്രീയ താൽപ്പര്യമാണ്. അത്തരം അജണ്ടകളാണ് ജയപരാജയ സാധ്യതകൾ ഉറപ്പിക്കുന്നത്. പലപ്പോഴായി അത് പരീക്ഷിച്ചു വിജയിച്ച മണ്ണാണ് ഉത്തരേന്ത്യയുടേത്.

രാഷ്ട്രീയ എതിരാളികൾക്ക് നേരെ ആദ്യം ബുൾഡോസർ തിരിച്ചത് ഉത്തർപ്രദേശാണ്. യോഗിയുടെ രണ്ടാം വിജയം ബുൾഡോസറിൽ ആഘോഷിച്ചതും സ്വാഭാവികം. പിന്നീട് ഇതേ ഭീതിയുടെ തന്ത്രം മധ്യപ്രദേശിലും ഗുജറാത്തിലും നടപ്പാക്കി ഭരണകൂടം വിജയിച്ചതുമാണ്. സംഘർഷത്തിന് ശേഷമാണ് ജഹാംഗിർ പുരിയിലേക്ക് ബുൾഡോസറുകൾ ഇരമ്പിയെത്തിയത്. പതിനഞ്ചു വർഷമായി ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പാലിറ്റി പിന്നെ കണ്ടതെല്ലാം കയ്യേറ്റമാണ്.

ലൈസൻസുള്ളവയും പൊളിച്ചുമാറ്റിയതിൽ ഉണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം നൂറുകണക്കിന് മനുഷ്യരുടെ അതിജീവന സാധ്യതകളാണ് നഷ്ടമായത്. ബുൾഡോസറുകൾ ഞെരിച്ച് ഇല്ലാതാക്കിയയത് അവരുടെ സ്വപ്നങ്ങളെ കൂടെയാണ്.

ഹനിഫ | ഫോട്ടോ: വൈശാഖ് ജയപാലൻ

ഇനി എങ്ങിനെ ജീവിക്കണം

'ഭർത്താവ് മരിച്ചിട്ട് ഒരു വർഷമായി. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിച്ചത് പെട്ടിക്കടയുള്ളതുകൊണ്ടാണ്. അഞ്ച് മക്കളുടെ അന്നമായിരുന്നു. അതാണ് ബുൾഡോസർ ഇല്ലാതാക്കിയത്'.

വെളിച്ചം കയറാൻ ഇടമില്ലാത്ത ഒറ്റമുറി വീടിൻറെ ജന്മിയാണ് ഹനിഫയും മക്കളും. ഞങ്ങൾ ചെല്ലുമ്പോൾ വാതിൽപ്പടിയിൽ തന്നെ അവർ ഉണ്ട്. ചെറിയ തുകക്ക് ഇറച്ചിക്കടയിൽനിന്ന് കോഴിയുടെ അവശിഷ്ടങ്ങൾ കിട്ടും. അത് ശ്രദ്ധയോടെ നന്നാക്കുകയായിരുന്നു. കോഴിയുടെ കാലുകളും ഇറച്ചി ഒട്ടുമില്ലാത്ത ഭാഗങ്ങളുമാണ് വൃത്തിയാക്കി എടുക്കുന്നത്. ഇളയ മകൾ നൂറിന്റെ ഏറെ നാളത്തെ ആവശ്യമാണ്.

ഭർത്താവിന്റെ മരണശേഷം പെട്ടിക്കട സ്വയം ഏറ്റെടുത്ത് നടത്താൻ തയ്യാറായി. മക്കളുടെ വിശപ്പിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. കുടിക്കാനുള്ള വെള്ളവും ബിസ്‌കറ്റുമാണ് വിറ്റിരുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ പൊളിക്കാൻ തുടങ്ങിയപ്പോൾ നടുങ്ങിപ്പോയി. ഓടിപ്പോയി സാധങ്ങൾ എങ്കിലും എടുക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ജീവൻ വേണമെങ്കിൽ ഓടാനായിരുന്നു പൊലീസിന്റെ മറുപടി. മിനിറ്റുകൾക്കകം എല്ലാം തകർത്തു. പുറത്തേക്ക് തെറിച്ചുവീണ സാധങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റി ഇറക്കി. കണ്മുന്നിൽ ഇല്ലാതായത് മക്കളുടെ വിശപ്പിനുള്ള ഉത്തരമാണ്.

ഇനി എങ്ങനെ ജീവിക്കണം എന്ന ചോദ്യമാണ് തെരുവാകെ ചോദിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട ജനതക്ക് വേണ്ട ഉത്തരവും അതാണ്. വ്യത്യസ്ത ജാതികളിലും മതത്തിലുമുള്ള മനുഷ്യർ ഒന്നായി ഒഴുകിയ ഒരു നാടിന്റെ ഹൃദയത്തിലാണ് അധികാരത്തിന്റെ ബുൾഡോസറുകൾ തടയണ തീർത്തത്. ഉറങ്ങാൻ സാധിക്കാത്ത വിധം ഭയം അവരിലുണ്ടാക്കിയത് ഭരണ സംവിധാനങ്ങളാണ്. അവസാനത്തെ മനുഷ്യനെയും പരിഗണിക്കാതെ പൂർത്തിയാവുന്നതല്ല ജനാധിപത്യമെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾ മറക്കാതിരിക്കാം.

Content Highlights: Roar of a bulldozer remains; The problem is not religion, but hunger | Athijeevanam 91

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented