രഹ്ന ഫാത്തിമ
സ്ത്രീയുടെ നഗ്നതയെ കേവലം ലൈംഗികതയ്ക്കപ്പുറം മനസ്സിലാക്കണമെന്ന് സമൂഹത്തെ പരിശീലിപ്പിക്കാന്‍ ഉതകുന്ന നിരീക്ഷണങ്ങളാണ് 2023 ജൂണ്‍ അഞ്ചിന് കേരള ഹൈക്കോടതിയില്‍നിന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധിയിലുള്ളത്. ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ തന്റെ മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് മക്കള്‍ക്ക് ചിത്രം വരക്കാന്‍ ക്യാന്‍വാസൊരുക്കിയെന്നും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നുമായിരുന്നു ആരോപണം. എറണാകുളം സൗത്ത് പോലീസിൽ 2020-ല്‍ എടുത്ത കേസില്‍ ആക്ടിവിസ്റ്റായ സ്ത്രീക്കെതിരെ ചുമത്തിയത് പോക്‌സോ നിയമപ്രകാരവും ഐ.ടി. നിയമപ്രകാരവും ഉള്ള കുറ്റങ്ങളാണ്. ജാമ്യം എടുത്ത ശേഷം സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണ കോടതിയായ എറണാകുളം സെഷന്‍സ് കോടതി തള്ളി. ഇതിനെതിരെ അവര്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
മാതാവിന്റെ നഗ്നത ദര്‍ശിക്കാതെ ഒരു കുഞ്ഞും വളരുന്നില്ല.
അവള്‍ തന്റെ ശരീരം എപ്രകാരം പൊതുസമക്ഷത്തില്‍ അവതരിപ്പിച്ചാലും അത് കുറ്റകരമാകുന്നതെങ്ങനെ എന്ന ചോദ്യശരം സമൂഹത്തിന് നേരെ തൊടുത്ത് വിടുന്നു കോടതി. ശരീര രാഷ്ട്രീയത്തിന്റെ സമരചരിത്രം എഴുപതുകളിലെ പ്രോ ചോയ്സ് മൂവ്‌മെന്റ് മുതല്‍ ഓര്‍ത്തെടുക്കുന്നു. പുരുഷാധിപത്യ ലോകത്തില്‍ ആണ്‍ശരീരത്തിന്റെ അര്‍ധനഗ്ന പ്രദര്‍ശനം സാധാരണവും എന്നാല്‍, അത് സ്ത്രീ ചെയ്യുമ്പോള്‍ സമൂഹം ഇരട്ടത്താപ്പ് കാട്ടാനാണ് ശ്രമിച്ചതെന്നും ഹര്‍ജിക്കാരി വാദിച്ചു. മകന്‍ അമ്മയുടെ മാറിടങ്ങള്‍ക്കിടയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനീക്‌സ് പക്ഷിയെ വരച്ചെടുക്കുന്നതിന്റെ വീഡിയോ സ്ത്രീയുടെ അര്‍ധനഗ്ന ശരീരത്തെ പുരുഷന്റേത് എന്ന പോലെ സാധാരണമെന്ന നിലയില്‍ കാണാനും പ്രതികരിക്കാനും സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്ന ഒന്നായിരുന്നു. ഇവിടെ യാതൊരു വിധ ലൈംഗിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ല കുട്ടികളുടെ അമ്മയായ ആക്ടിവിസ്റ്റ് പ്രവര്‍ത്തിച്ചിരുക്കുന്നതെന്ന് കണ്ട് കോടതി പോക്‌സോ നിയമത്തിന്റെ 9, 10 വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന പറയുന്നു.
വാദപ്രതിവാദങ്ങള്‍
ബോഡി ആര്‍ട്ട് എന്ന നിലയിലുള്ള നഗ്ന്തയുടെ അവതരണത്തിന് ഭരണഘടന അനുച്ഛേദം 19 (1) (എ) യിലും അനുച്ഛേദം 21-ലും പ്രതിപാദിക്കുന്ന, പറയാനും പ്രകടിപ്പിക്കാനും ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുമുള്ള അവകാശങ്ങളുടെ പിന്‍ബലമുണ്ടെന്ന് ആക്ടിവിസ്റ്റിനു വേണ്ടി അഭിഭാഷകനായ രഞ്ജിത് ബി. മാരാര്‍ വാദമുന്നയിച്ചു.
2012-ലെ പോക്‌സോ നിയമം ഇത്തരത്തിലുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ചിത്രീകരണം പാടില്ലെന്നു വ്യക്തമായി പറയുമ്പോള്‍, പ്രതിഷേധമോ സമരരീതിയോ ആയി ചെയ്താല്‍ പോലും അത് കുറ്റം ചുമത്തപ്പെടേണ്ടതാണെന്ന ലിഖിതം സീനിയര്‍ പബ്ലിക്ക് പ്രോസിക്യുട്ടര്‍ ടി.വി. നീമ ചൂണ്ടിക്കാട്ടി.
സാമൂഹ്യചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് ശരീരരാഷ്ട്രീയത്തിന്റെ സാധ്യമായ ഇടങ്ങളെല്ലാം പരിശോധിച്ച് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തുടരുന്നു-
1. സമൂഹത്തിലെ സ്ത്രീ ശരീരത്തോടുള്ള ലൈംഗികതയില്‍ മാത്രം അധിഷ്ഠിതമായ കാഴ്ച്ചപ്പാടിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ഈ ആക്ടിവിസ്റ്റ് വീഡിയോ ചിത്രീകരിച്ചത്. മുന്‍പ് തൃശൂര്‍ പൂരം പുലിക്കളിയില്‍ സ്ത്രീകള്‍ക്ക് പുലിവേഷം കെട്ടിയാടാനുള്ള അവസരത്തിനായും സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധിക്ക് ശേഷം ശബരിമല കയറാനും പരിശ്രമിച്ച് സമൂഹത്തിന്റെ മുന്‍പില്‍ സ്ത്രീ സമത്വ ആശയത്തെ പ്രകടമാക്കിയ വ്യക്തിയാണ്. ഈ വീഡിയോയിലും അവര്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്നുണ്ട്.
2. സ്ത്രീയുടെ അര്‍ധനഗ്ന ശരീരം അശ്ലീലമോ അധാര്‍മികമോ അല്ല. രാജ്യത്ത് നിലവിലുളള ആചാരങ്ങളുടെയും ആത്മീയപ്രാധാന്യമുള്ള കലകളുടെയും വേഷങ്ങളില്‍ പുരുഷന്റെ അര്‍ധനഗ്നമേനിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന പതിവുണ്ട്. സിക്‌സ് പാക്ക് മസില്‍ പുരുഷന്‍ പ്രദര്‍ശിപ്പിക്കുമ്പോഴും ഷര്‍ട്ടിടാതെ നടക്കുമ്പോഴും സമൂഹത്തിന് കുഴപ്പമില്ല. സ്ത്രീ അപ്രകാരം ചെയ്യുമ്പോള്‍ അസാധാരണം എന്ന രീതിയില്‍ കണ്ട് പരാതിപ്പെടുന്നത് അംഗീകരിക്കാനാവില്ല. രണ്ട് കുട്ടികളുടെ അമ്മയായ രഹ്നയെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മാത്രം പ്രതിയാക്കാന്‍ കഴിയില്ല.
3. കുറ്റാരോപണത്തിന് കാരണമായ പ്രവൃത്തിയെ ബോഡി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പേരിട്ട ഹര്‍ജിക്കാരി താന്‍ ചെയ്ത കാര്യത്തെ നിഷേധിച്ചിട്ടില്ല. അമ്മ തങ്ങളെ ദുരുപയോഗപ്പെടുത്തി എന്ന് അന്നേരം 14 വയസ്സുണ്ടായിരുന്ന മകനോ 8 വയസ്സുണ്ടായിരുന്ന മകള്‍ക്കോ അപ്പോഴും ഇപ്പോഴും പരാതിയില്ല. ആര്‍ട്ട് ഓഫ് ബോഡി പെയിന്റിംഗ് ചെയ്തു നോക്കാന്‍ കൗതുകം തോന്നി ആവശ്യപ്പെട്ടപ്പോള്‍ അമ്മ തനിക്കായി സ്വന്തം ശരീരം ക്യാന്‍വാസാക്കുകയായിരുന്നു എന്നാണ് മകന്റെ മൊഴി.
4. സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിയ ജോസഫ് ഷൈന്‍ Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസും സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശത്തിലുള്‍പ്പെടുന്നു എന്ന് പറഞ്ഞ കെ.എസ്. പുട്ടസ്വാമി Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസും സ്വന്തം ശരീരത്തിന് മുകളിലുള്ള സ്ത്രീയുടെ തിരഞ്ഞെടുപ്പിന് പരിപൂര്‍ണ പിന്തുണ നല്‍കുന്നു.
5. കുട്ടികളെവച്ച് അശ്ലീല വീഡിയോ എടുക്കുകയല്ല ഉണ്ടായിരിക്കുന്നത് എന്നതിനാല്‍ പോക്‌സോ നിയമത്തിന്റെ 13 ( ബി ), 14 എന്നീ വകുപ്പുകള്‍ ബാധകമാക്കാന്‍ കഴിയില്ല. അശ്ലീല വീഡിയോ സംഭരിച്ച് വയ്ക്കുന്നതിന് ശിക്ഷ പറയുന്ന 15 -ാം വകുപ്പും അപ്രായോഗികമാണ്. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാകുന്ന ഐ.ടി. നിയമത്തിലെ വകുപ്പ് 67 (ബി) യുടെ ഉപവകുപ്പുകള്‍ക്കും ഇവിടെ പ്രസക്തിയില്ല. കുട്ടികള്‍ക്ക് പരാതിയില്ലാത്ത വിഷയത്തില്‍ ജുവനൈല്‍ സംരക്ഷണ നിയമത്തിലെ 75-ാം വകുപ്പ് ചുമത്തുന്നതും തെറ്റ്.
ജര്‍മ്മന്‍ മാസികയില്‍ ആദ്യം അച്ചടിച്ചു വന്ന ഒരു നഗ്നത കലര്‍ന്ന ഫോട്ടോ ബംഗാളിലെ ആനന്ദ് ബസാർ പത്രിക പ്രസിദ്ധീകരിച്ചത് ക്രിമിനല്‍ പ്രോസിക്യൂഷനിലേക്ക് നയിച്ച സംഭവം വിവരിച്ചാണ് വിധി ഉപസംഹരിക്കുന്നത്. ടെന്നീസ് താരം ബോറിസ് ബേക്കറും ആഫ്രോ യൂറോപ്യൻ വംശജ പ്രതിശ്രുത വധു ബാര്‍ബാറ ഫെല്‍റ്റസും അടങ്ങിയ ചിത്രമായിരുന്നു അത്. ചിത്രം പകര്‍ത്തിയതാകട്ടെ ബാര്‍ബാറയുടെ അച്ഛനും. വര്‍ണവിവേചനത്തിനെതിരായ സന്ദേശം പകരാനും പ്രണയത്തില്‍ കറുത്തവരും വെളുത്തവരും ഒന്നുചേര്‍ന്ന കഥ വിളിച്ചോതാനുമായിരുന്നു തങ്ങളുടെ ശ്രമമെന്നായിരുന്നു അന്ന് ബോറിസ് പറഞ്ഞത്. ആനന്ദ് ബസാര്‍ പത്രികയ്‌ക്കെതിരായ കേസ് റദ്ദാക്കാന്‍ ആദ്യം കല്‍ക്കത്ത ഹൈക്കോടതി വിസ്സമ്മതിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി അനുകൂല നിലപാട് കൈക്കൊണ്ട് കേസ് റദ്ദാക്കി. ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ ബാൻഡിറ്റ് ക്വീനിലെ ദൃശ്യങ്ങള്‍ കേസിലേക്ക് പോയതും ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്ദ്ധന്, നടി ഖുശ്ബു എന്നിവരുടെ കേസുകളില്‍ ഇന്ത്യന്‍ കോടതികള്‍ എടുത്ത നിലപാടും ഈ കേസില്‍ അനുകൂല തീരുമാനത്തിനായി ഉപയോഗിക്കുന്നു.
പൊതു ഇടങ്ങളിലും മറ്റും ദേവതമാരുടെ അര്‍ധനഗ്നശരീരം ശില്‍പ്പചാരുതയില്‍ കാണുമ്പോള്‍ ആളകള്‍ക്ക് നഗ്നതയല്ലല്ലോ ദൈവികത്വമല്ലേ ദര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് കോടതി ചോദിക്കുന്നു. അങ്ങനെയെങ്കിൽ ചിത്രം വരച്ച കുട്ടികള്‍ അവരുടെ അമ്മയുടെ കണ്ണില്‍ മാതൃത്വമാണ് ദര്‍ശിച്ചിട്ടുള്ളത്. കുട്ടികളുടെ ഭാവി കൂടി പരിഗണിച്ച് അമ്മയായ ആക്ടിവിസ്റ്റിനെതിരായി പ്രോസിക്യൂഷന്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നു പറയുകയാണ് ഹൈക്കോടതി. വീഡിയോയുടെ സന്ദര്‍ഭം മനസ്സിലാക്കാന്‍ വിചാരണ കോടതിക്ക് കഴിയാത്തതു കൊണ്ടാണ് വിടുതല്‍ ഹര്‍ജി അനുവദിക്കാതിരുന്നത്. വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, വിടുതല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിച്ച് ആക്ചിവിസ്റ്റിനെതിരായ കേസ് ഒഴിവാക്കി റിവിഷന്‍ ഹര്‍ജി അംഗീകരിച്ച് തീര്‍പ്പാക്കി.
(ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ആണ് ലേഖകന്‍ )
Content Highlights: rehna fathima case analysis lawpoint
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..