മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ ഭയം; ഈ അമ്മ മകള്‍ക്ക് വേണ്ടി പോരാട്ടത്തിലാണ് | അതിജീവനം 41


എ.വി.മുകേഷ്

7 min read
Read later
Print
Share

തമിഴ് ചുവ കലര്‍ന്ന ഹിന്ദിയില്‍ വിജനമായ വഴികളെ നോക്കി അവര്‍ ഉറക്കെ പറയുന്നത്, നീതി കിട്ടും വരെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ്.

റാണി

'തമിഴ് സ്ത്രീയാണ് ഞാന്‍, പോരാട്ടം എന്റെ രക്തത്തില്‍ അലിഞ്ഞതാണ്'. ആളനക്കമില്ലാത്ത ജന്തര്‍ മന്തറിന്റെ റോഡരികില്‍ ഇപ്പോഴും റാണി സമരത്തിലാണ്. തമിഴ് ചുവ കലര്‍ന്ന ഹിന്ദിയില്‍ വിജനമായ വഴികളെ നോക്കി അവര്‍ ഉറക്കെ പറയുന്നത്, നീതി കിട്ടും വരെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ്.

അനീതികള്‍ക്കെത്തിരെ സമരം ചെയ്യാനുള്ള രാജ്യത്തിന്റെ പ്രതിഷേധ ഇടമാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍. റോഡിന് ഇരുവശത്തുമായി ഇന്ത്യയിലെ നാനാവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധം സാധാരണ കാഴ്ചയാണ്. എന്നാല്‍ കോവിഡ് ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നിന്നപ്പോള്‍ സമര പോരാട്ടങ്ങളിലായിരുന്നവര്‍ വീടകങ്ങളിലേക്ക് തിരികെ പോയിരുന്നു.

നിശ്ചലമായ സമരവഴിയില്‍ ഒരു കൂട്ടം ബാരിക്കേഡുകളും റാണിയും മാത്രമാണ് ഇപ്പോള്‍. റോഡരികില്‍ നിറയെ സമരച്ചൂടേറ്റ് വളര്‍ന്ന വന്‍മരങ്ങളുണ്ട്. മുദ്രാവാക്യങ്ങളുടെ തീക്കാറ്റേറ്റ് വിറച്ചിരുന്ന ആലിലകള്‍ പോലും നിശ്ശബ്ദമാണ്. ശബ്ദ മുഖരിതമായിരുന്ന വഴികളില്‍ ഇപ്പോള്‍ പേടിപ്പെടുത്തുന്ന നിശബ്ദത കനത്തു നില്‍ക്കുകയാണ്.

തമിഴ്നാട്ടുകാരിയായ റാണി ജന്തര്‍ മന്തറില്‍ സമരം തുടങ്ങിയിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ അതിശൈത്യത്തിലും കഠിനമായ ചൂടിലും ഉള്ളിലെ സമരവീര്യം കെടാതെ അവര്‍ ഈ തെരുവില്‍ തന്നെയുണ്ട്. പ്രായപൂര്‍ത്തിയാവാത്ത മകളെ ക്രൂരമായി ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ടാണ് പോരാട്ടം തുടരുന്നത്.

jantar mantar

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാത്രിയിലാണ് ആന്ധ്രയിലെ നെല്ലുരില്‍ ജീവിതം അടിമേല്‍ മറിച്ച ആ ദാരുണസംഭവം ഉണ്ടായത്. സ്ഥലത്തെ പ്രമാണിമാരായ ചിലര്‍ ചേര്‍ന്ന് 15 വയസ്സായ മകളെ പിച്ചിച്ചീന്തുകയായിരുന്നു. സമൂഹത്തില്‍ ഉന്നതരും ജാതി പ്രമാണിമാരുമായ കുറ്റവാളികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ റാണി ശക്തയല്ലായിരുന്നു.

ഉന്നത ജാതി സമൂഹം ഒന്നടങ്കം അവര്‍ക്ക് നേരെ തിരിഞ്ഞു. ഇരയ്ക്ക് കിട്ടേണ്ട യാതൊരു പരിഗണനയും റാണിയുടെ മകള്‍ക്ക് കിട്ടിയല്ല. താഴ്ന്ന ജാതിയായതിനാലും പണമില്ലാത്തതിനാലും അവര്‍ക്ക് മുന്നില്‍ നീതി എന്നേക്കുമായി കണ്ണടക്കുകയായിരുന്നു. മുന്നില്‍ മരണം നിഴല്‍പോലെ നിന്ന കാലമായിരുന്നു അത്.

കടുത്ത അവഗണനക്കും നീതി നിഷേധത്തിനുമാണ് റാണിയും കുടുംബവും ഇരയായത്. എന്നാല്‍ പ്രമാണിമാരുടെയും സമൂഹ്യവിരുദ്ധരുടെയും ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഇനിയും മുട്ടുമടക്കാന്‍ പാടില്ല എന്നവര്‍ തീരുമാനിക്കുകയായിരുന്നു. ലോകം മുഴുവന്‍ എതിരായാലും മകള്‍ക്ക് നീതി കിട്ടും വരെ പോരാടും എന്നു മനസ്സിനെ പറഞ്ഞ് ശീലിപ്പിക്കുകയായിരുന്നു.

ആ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ഡല്‍ഹിയിലെ സമരവഴിയില്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും വാടാതെ പൂത്തുനില്‍ക്കുന്നത്. എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഓരോ 15 മിനിറ്റിലും ഒരു പെണ്‍കുട്ടി വീതം ബലാത്സംഗത്തിന് ഇരയാകുന്ന രാജ്യമാണ് ഇന്ത്യ.

പരാതിപ്പെടാതെ ഗ്രാമങ്ങള്‍ക്കുള്ളില്‍ തന്നെ ഒടുങ്ങി പോകുന്ന കേസുകള്‍ എല്ലാ കണക്കിനും അപ്പുറത്താണ്. അവിടെയാണ് ഒരമ്മ ഒറ്റയ്ക്ക് നിന്ന് നീതി ചോദിക്കുന്നത്. രാജ്യം വീടകങ്ങളിലേക്ക് കുടിയേറിയപ്പോഴും അവര്‍ മാറ്റമേതും ഇല്ലാതെ സമര വഴിയില്‍തന്നെയുണ്ട്. ശരീരത്തേക്കാള്‍ മനസ്സിനേറ്റ മുറിവ് അത്രമേല്‍ ആഴമേറിയത് കൊണ്ടാണ് മഹാമാരി റാണിയെ ഭയപ്പെടുത്താത്തത്.

ജാതിഗ്രാമങ്ങള്‍

ചെങ്കല്‍ പേട്ട്, മേപ്പാക്കം ഗ്രാമത്തിലെ കര്‍ഷകനായ അച്ഛന്റെ നാലാമത്തെ മകളായിരുന്നു റാണി. താഴ്ന്ന ജാതി എന്ന് പൗരപ്രമുഖര്‍ അധിക്ഷേപിക്കുന്ന ലിംഗായത്ത് സമുദായത്തിന്റെ ഭാഗമായിരുന്നു കുടുംബം. ഓരോ ജാതിക്കും ഓരോ ഗ്രാമങ്ങളായിരുന്നു. മറ്റൊരു ജാതിയുടെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പോലും പലപ്പോഴും കഴിയാറില്ല. എന്തിനേറെ ഇടവഴികള്‍ക്ക് പോലും ജാതിപ്പേരുകള്‍ ആയിരുന്നു.

അത്രമേല്‍ മനുഷ്യര്‍ നിറത്തിന്റെയും ജോലിയുടെയും, ജന്മത്തിന്റെയും അടിസ്ഥാനത്തില്‍ പല തട്ടുകളിലായിരുന്നു. ആ കാലത്താണ് റാണിയുടെ അച്ഛന്‍ മറ്റൊരു ജാതിയില്‍പെട്ട അമ്മയെ വിവാഹം കഴിക്കുന്നത്. വലിയ സംഘര്‍ഷങ്ങളിലൂടെയാണ് ആ കാലം കടന്നു പോയത്.

വര്‍ഷങ്ങളോളം ഗ്രാമത്തിന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. കാലങ്ങള്‍ ഏറെ കടന്നുപോയി റാണിയെ വിദ്യാലയത്തില്‍ ചേര്‍ക്കാനുള്ള പ്രായമായി. അച്ഛന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു റാണിയുടെ വിദ്യാഭ്യാസം. എന്നാല്‍ ആറുവയസ്സുള്ള റാണിയുമായി ക്ഷേത്രത്തില്‍ പോയി വരും വഴി അമ്മയെ ജാതി ഭ്രാന്തന്മാര്‍ വെട്ടി വീഴ്ത്തുകയായിരുന്നു.

ചിതറിത്തെറിച്ച അമ്മയുടെ രക്തം ഇന്നും റാണിയുടെ കണ്ണുകളില്‍ ഉണ്ട്. പിന്നീട് ഒരിക്കലും സ്വസ്ഥമായ ജീവിത സാഹചര്യം കുടുംബത്തില്‍ ഉണ്ടായില്ല. വിദ്യാഭ്യാസവും പല വഴിക്കായി. അമ്മ കൊല്ലപ്പെട്ടതോടെ വീടിന്റെ താളമാകെ നഷ്ടപ്പെടുകയായിരുന്നു. അച്ഛന്‍ മദ്യപാനം കൂടി തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

വളരെ ചെറുപ്പത്തില്‍ തന്നെ ജോലിക്ക് പോകേണ്ടിവന്നു. മുല്ലപ്പൂമാല കെട്ടാനും വീട്ടുജോലിക്കുമായി ഇരുട്ടും വരെ ഓടി നടന്നു. വളരെ ചെറുപ്പത്തില്‍തന്നെ ജീവിതം പ്രതിസന്ധികളുടെ മഹാചുഴികളില്‍ പെട്ട് ആടി ഉലയുകയായിരുന്നു. പതിനെട്ടാം വയസ്സില്‍ പെരമ്പുര്‍ നഗരസഭയില്‍ താല്‍ക്കാലിക തൂപ്പുജോലി കിട്ടി. അവിടെയും ജാതിയും സ്ത്രീശരീരവും പലപ്പോഴും ചോദ്യംചെയ്യപ്പെട്ടു. എങ്കിലും ജീവിത വഴികളില്‍നിന്നും ആര്‍ജിച്ചെടുത്ത കരുത്ത് വീണുപോകാതെ സഹായിച്ചു.

പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാനുള്ള കരുത്ത് അപ്പോഴേക്കും റാണി കൈമുതലാക്കിയിരുന്നു. സഹപ്രവര്‍ത്തകനായ മറ്റൊരാളുമായി പ്രണയത്തിലാകുന്നതും അവിടെ വച്ചായിരുന്നു. വൈകാതെ തന്നെ ആ ഇഷ്ട്ടം വിവാഹത്തില്‍ എത്തി. നഷ്ടപ്പെട്ട ജീവിത സ്വപ്നങ്ങള്‍ ഓരോന്നായി കണ്ടു തുടങ്ങുകയായിരുന്നു. മനസ്സില്‍ ആഗ്രഹിച്ചതു പോലെ സുന്ദരിയായ ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കി.

ജീവിതം സ്വാഭാവിക ഒഴുക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ജോലി നഷ്ടപ്പെടുന്നത്. തുടര്‍ന്ന് ഗ്രാമത്തിലേക്ക് തന്നെ തിരികെ പോകേണ്ടി വന്നു. സാധ്യമായ എല്ലാ ജോലിയും ഭര്‍ത്താവിനൊപ്പം ഗ്രാമത്തില്‍ ചെയ്തു. പലപ്പോഴും ജോലി കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു. ജീവിതം മുന്നോട്ട് പോകാന്‍ പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടത് അനിവാര്യമായി വന്നു.

തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന പണമെല്ലാം കൂട്ടി പച്ചക്കറി കച്ചവടം നടത്താന്‍ ഉന്തുവണ്ടി വാങ്ങിയത്. എന്നാല്‍ മറ്റൊരു ജാതിഗ്രാമത്തിനുള്ളില്‍ അനുമതിയില്ലാതെ കടന്നു എന്നാരോപിച്ച് ഉന്തുവണ്ടി കത്തിച്ചു കളയുകയായിരുന്നു. ജീവന്‍ മാത്രമാണ് ബാക്കി കിട്ടിയത്. ജാതിക്കോമരങ്ങളായ മനുഷ്യജീവികള്‍ വീണ്ടും റാണിയുടെ ജീവിതം തകര്‍ത്ത് എറിയുകയായിരുന്നു.

ഒറ്റപ്പെടുന്ന സ്ത്രീ

തുടര്‍ച്ചയായി നടന്ന ജാതി തിരിഞ്ഞുള്ള അക്രമങ്ങളില്‍ സഹികെട്ട് റാണിയെ ഉപേക്ഷിച്ച് ഭര്‍ത്താവ് നാടുവിടുകയായിരുന്നു.
അതോടുകൂടി പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്ക് വീഴുകയായിരുന്നു റാണിയും കൈക്കുഞ്ഞും. പിഞ്ചുകുഞ്ഞുമായി ജീവിതത്തിനും മരണത്തിനും ഇടയില്‍ അവര്‍ ഒറ്റപ്പെടുകയായിരുന്നു.

ജീവിതം മുച്ചൂടും നശിപ്പിച്ചിട്ടും ജാതി പ്രമാണിമാര്‍ റാണിയെ വേട്ടയാടിക്കൊണ്ടേ ഇരുന്നു. ഇനിയും ഗ്രാമത്തില്‍ നിന്നാല്‍ ജീവന്‍ പോലും നഷ്ടപ്പെടും എന്ന അവസ്ഥവന്നപ്പോള്‍ നാടുവിടാന്‍ തീരുമാനിച്ചു. എങ്ങോട്ടെന്നില്ലാതെ കുഞ്ഞിനെയും എടുത്ത് കയ്യില്‍ കിട്ടിയ സാധങ്ങളുമായി പോവുകയായിരുന്നു. ആ യാത്ര അവസാനിച്ചത് തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തി പ്രദേശത്താണ്. വൈകാതെ തന്നെ ചെറിയൊരു ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി ലഭിച്ചു. തുച്ഛമായ കൂലിയായിരുന്നു എങ്കിലും വിശപ്പ് മാറ്റാനും തലചായ്ക്കാനും വഴിയില്ലാത്തതിനാല്‍ അത് തുടരേണ്ടി വന്നു.

ജോലി ചെയ്യുന്ന സമയത്ത് കുഞ്ഞിനെ മാറോട് ചേര്‍ത്ത് സാരികൊണ്ട് കെട്ടിയിടുകയായിരുന്നു പതിവ്. എന്നാല്‍ തിരക്കുള്ള ഒരു ദിവസം അടുക്കളക്ക് പുറകിലെ മാവിന്‍ ചുവട്ടില്‍ ഷീറ്റ് വിരിച്ചു കിടത്തേണ്ടി വന്നു. തിരികെ വന്ന് നോക്കിയപ്പോള്‍ പ്രാണനായിരുന്ന തന്റെ കുഞ്ഞിനെ കാണാനില്ലായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി ബോധം നഷ്ടപ്പെടുകയായിരുന്നു.

നീണ്ട അന്വേഷണങ്ങളായിരുന്നു പിന്നീട്. ഒടുവില്‍ സമീപത്തെ കടയില്‍ സഹായിയായി നിന്നിരുന്ന ആളാണ് കുഞ്ഞിനെ എടുത്ത് കടന്നുകളഞ്ഞതെന്ന് റാണി മനസ്സിലാക്കുകയായിരുന്നു. അയാളെ തിരഞ്ഞ് ഒടുവില്‍ ആന്ധ്രവരെ എത്തി. അവിടെ തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്താന്‍ തന്നെ റാണി തീരുമാനിച്ചു.

അപ്പോഴേക്കും ദിവസങ്ങളായുള്ള അലച്ചിലും വിശപ്പും ഏറെ തളര്‍ത്തിയിരുന്നു. പല സ്ഥലങ്ങളിലായി ജോലി അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. വിശപ്പ് സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഭിക്ഷയാചിക്കാന്‍ തുടങ്ങി. മാസങ്ങളോളം അത് തുടര്‍ന്നു. ഭിക്ഷ യാചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുഞ്ഞിനെ കൊണ്ടുപോയ ആളെ അവിചാരിതമായി കാണാന്‍ ഇടയായത്.

അയാളെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ തന്റെ കുഞ്ഞിനെപ്പോലെ ഒട്ടേറെ കുട്ടികളെ താമസിപ്പിച്ച ഒരിടത്താണ് എത്തിച്ചേര്‍ന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും നടപടി ഉണ്ടാവുകയുമായിരുന്നു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കുട്ടിയെ കണ്ടപ്പോള്‍ പുനര്‍ജ്ജന്മം കിട്ടിയ അനുഭവമായിരുന്നു.

പിന്നീട് ഉറക്കത്തില്‍ പോലും കൈവിടാതിരിക്കാന്‍ തുണികൊണ്ട് ചേര്‍ത്തു കെട്ടുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് ഭിക്ഷയാചിക്കാന്‍ പോകുന്നത് അപകടമാണെന്ന് മനസ്സിലാക്കിയപ്പോള്‍ വീണ്ടും ജോലിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഭാഷയും നിറവുമായിരുന്നു അവിടെ പ്രതിസന്ധിയായത്.

ദിവസങ്ങളോളം നീണ്ട അലച്ചിലിനൊടുവിലാണ് തമിഴ്‌നാട്ടുകാരനായ മാരിമുത്തുവിന്റെ അടുത്ത് എത്തിയത്. അഴുക്കുചാല്‍ വൃത്തിയാക്കുന്ന ജോലി കരാറെടുത്ത് ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. പെണ്ണായ നിനക്ക് ചെയ്യാന്‍ പറ്റുന്ന ജോലിയല്ല ഇതെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും റാണി വിട്ട് പോകാന്‍ തയ്യാറായിരുന്നില്ല. എന്ത് ജോലി ചെയ്യാനും തയ്യാറുള്ള മനസ്സുണ്ട് തനിക്കെന്ന് പറഞ്ഞ് സമീപത്തെ കറുത്തൊഴുകുന്ന ഓവുചാലിലേക്ക് ഇറങ്ങുകയായിരുന്നു.

റാണി

പോരാട്ടവും ജീവിതവും

ജീവിതം അത്രമേല്‍ ഇരുണ്ടതായതുകൊണ്ടാവണം കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കുന്ന ഓവുചാല്‍ റാണിയെ അലോസരപ്പെടുത്താതിരുന്നത്. പുരുഷന്മാര്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ പലതും സധൈര്യം അവര്‍ ചെയ്തു തീര്‍ത്തു. മകളെ നല്ല നിലയില്‍ വളര്‍ത്തണം എന്ന ആഗ്രഹം മാത്രമായിരുന്നു പിന്നീട്. എന്നാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മകളെ ആണ്‍തുണയില്ലാതെ ഒറ്റക്ക് സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് റാണിക്ക് അറിയാമായിരുന്നു.

എങ്കിലും പരിഭ്രമം പുറത്തുകാണിക്കാതെ മനസ്സില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. വൈകാതെതന്നെ റാണിയുടെ ജീവിതം നന്നായി അറിയാവുന്ന സഹപ്രവര്‍ത്തകന്‍ അവരുടെ കൈ പിടിക്കാന്‍ തയ്യാറാവുകയായിരുന്നു. നഷ്ടപ്പെട്ട ജീവിത സ്വപ്നങ്ങള്‍ ആന്ധ്രയിലെ ഒറ്റമുറി വീട്ടിലേക്ക് ഒരോന്നായി കടന്നുവന്നു. വീണ്ടും റാണി ഒരു പെണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കി.

ജീവിതത്തില്‍ എന്നോ നഷ്ടപ്പെട്ട സമാധാനവും സന്തോഷവും നിറഞ്ഞു നിന്ന കാലമായിരുന്നു പിന്നീട്. എന്നാല്‍ അധികം ആയുസ്സുണ്ടായിരുന്നില്ല ആ കാലത്തിന്. വീടിന്റെ പരിസരത്തുനിന്നും പുറത്തേക്ക് പോകുന്ന ശീലമില്ലാത്ത മൂത്ത മകള്‍ അന്ന് ഇരുട്ടിയിട്ടും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ഗ്രാമം മുഴുവന്‍ അര്‍ദ്ധരാത്രി വരെ ഓടി നടന്ന് തിരയുകയായിരുന്നു.

ഒരമ്മയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത ഒടുവില്‍ റാണിയെ തേടിയെത്തി. മകളെ ക്രൂരമായി ബലാത്സംഗം ചെയ്തിരിക്കുന്നു. 15 വയസ്സുമാത്രം പ്രായമായ കുട്ടിയെയും കൊണ്ട് ആശുപത്രിയില്‍നിന്നും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും വരാന്‍ തയ്യാറാവാത്തതിനാലാണ് നീതി തേടി മകളുമായി റാണി സ്റ്റേഷനിലേക്ക് പോയത്.

എന്നാല്‍ ജാതി പ്രമാണിയും സമീപവാസിയുമായ പ്രതിയുമായി പോലീസ് സൗഹൃദസംഭാഷണത്തിലായിരുന്നു. ആ കാഴ്ചയില്‍ തന്നെ തന്റെ നീതി ഏറെ അകലെയാണെന്ന് റാണി തിരിച്ചറിയുകയായിരുന്നു. പിന്നീട് നടന്നതെല്ലാം അസാധാരണമായിരുന്നു. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും നടപടിയെടുക്കാന്‍ പോലീസ് ദിവസങ്ങള്‍ എടുത്തു. പരസ്പരബന്ധമില്ലാത്ത കുറെ കഥകള്‍ കെട്ടിച്ചമച്ച് പ്രതിക്ക് അനായാസം രക്ഷപെടാനുള്ള വഴി പോലീസ് തന്നെ എഴുതി വച്ചിരുന്നു.

കേസില്‍നിന്ന് പിന്മാറാന്‍ തയ്യാറാവാത്തതിനാല്‍ പലതവണ റാണിക്ക് നേരെ അക്രമണമുണ്ടായി. പോലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങി അംഗപരിമിതനായ ഒരാള്‍ക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കേണ്ടിയും വന്നു. എന്നാല്‍ അതോര്‍ക്കുമ്പോള്‍ മാത്രമാണ് റാണി ഇന്ന് ആശ്വസിക്കുന്നത്. കാലുകള്‍ തളര്‍ന്നു പോയെങ്കിലും ആ ചെറുപ്പക്കാരന്‍ മകളെ വലിയ സ്‌നേഹത്തോടെയാണ് ചേര്‍ത്ത് പിടിക്കുന്നത്.

സമാധാനത്തോടെ അവള്‍ക്കിപ്പോള്‍ ജീവിക്കാന്‍ സാധിക്കുന്നുണ്ട് എന്ന് പറയുമ്പോള്‍ റാണിയുടെ കണ്ണില്‍ നനവ് പടരുന്നുണ്ടായിരുന്നു. എന്നാല്‍ അവളെ പിച്ചിച്ചീന്തിയവരെ വെറുതെ വിടാന്‍ റാണി ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അത്തരക്കാരോട് സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങുകയായിരുന്നു റാണി. കോടതിയില്‍ കേസ് എത്തിയെങ്കിലും പ്രതികളുടെ സ്വാധീനം കാരണം അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല.

നിയമത്തിന്റെ പഴുതിലൂടെ അവര്‍ ഇപ്പോഴും പുറത്തുണ്ട്. കേസ് ഇങ്ങനെ മുന്നോട്ട് പോയാല്‍ ഒരിക്കലും പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്നുകണ്ടാണ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. നീതിക്കായുള്ള പോരട്ടമായിരുന്നു പിന്നീട്. കേസിനൊപ്പം സമരവഴിയിലേക്ക് നീങ്ങാനും റാണിക്ക് കാരണങ്ങള്‍ ഏറെ ഉണ്ടായിരുന്നു.

റാണി

ഇനിയൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടാതിരിക്കാന്‍ സാധ്യമായ നിയമം ഉണ്ടാക്കണമെന്നാണ് റാണിയുടെ പ്രധാന ആവശ്യം. ഒപ്പം ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ ലഭ്യമാകാതിരുന്ന നീതി തന്റെ മകളുടെ കാര്യത്തില്‍ സാധ്യമാവുക കൂടി വേണം. പ്രതികള്‍ മാതൃകാപരമായി ശിക്ഷയ്ക്കപ്പെടണം.

രാജ്യതലസ്ഥാനത്ത് ബലാത്സംഗം ചെയ്ത് കൊന്ന നിര്‍ഭയയുടെ മുഖം ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ മറക്കാത്ത വിങ്ങലാണ്. നിര്‍ഭയക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടവും ഒടുവില്‍ പ്രതികള്‍ക്ക് തൂക്ക് മരം ലഭിച്ചതും ചരിത്രമാണ്.

എന്നാല്‍ റാണി മറ്റൊരു പ്രതീകമാണ്. ലഭിക്കാത്ത നീതിക്കുവേണ്ടി തെരുവില്‍ അലയുന്ന ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണ് റാണി. അവര്‍ ചോദ്യം ചെയ്യുന്നത് ഈ നട്ടിലെ ദുഷിച്ചു നാറിയ ജാതിബോധത്തെ കൂടിയാണ്. അനുഭവങ്ങളുടെ തീജ്വാല പടര്‍ന്ന് കത്തുന്നുണ്ട് അവര്‍ക്കുള്ളില്‍ അതുകൊണ്ട് തന്നെയാകണം മഹാമാരിക്കു മുന്നിലും പിന്മാറാതെ സമരത്തെരുവില്‍ എരിഞ്ഞ് ജ്വലിക്കുന്നത്.

content highlights: rani woman from tamil nadu stages protest at jantar mantar at delhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented