രാംരതി ദേവി | ഫോട്ടോ: ജഗദീഷ് ബിഷ്ട്മാതൃഭൂമി ന്യൂസ്
മെട്രോ ഇറങ്ങി ഓഫീസില്‍ എത്തണമെങ്കില്‍ ബാരക്കമ്പ റോഡിലൂടെ പത്തു മിനിറ്റോളം നടക്കണം. ഡല്‍ഹിയിലെ മിക്ക തെരുവുകളും രാവിലെ വിജനമായിരിക്കും. ബാരക്കമ്പ റോഡ് അതില്‍നിന്നു വ്യത്യസ്തമാണ്. അതിരാവിലെതന്നെ തെരുവുകളുടെ ഓരോ കോണിലും രാമായണം മുഴങ്ങി കേള്‍ക്കുന്നുണ്ടാകും. മെട്രോ ഇറങ്ങി വരുമ്പോള്‍തന്നെ ദൂരെനിന്ന് അത് കേള്‍ക്കാന്‍ സാധിക്കും. ഒരേ ശബ്ദത്തില്‍, ഇടര്‍ച്ചയില്ലാതെ. കഠിനമായ തണുപ്പിലും അസഹനീയമായ ചൂടിലും ആ ശബ്ദം കേള്‍ക്കാതിരുന്നിട്ടില്ല.
തെരുവ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് രാമകഥകള്‍ കേട്ടാണ്. അതിരാവിലെതന്നെ ഇതിഹാസഗ്രന്ഥവുമായി രാംരതി ദേവി തയ്യാറാകും. നടപ്പാത ചൂലുകൊണ്ട് അടിച്ചു കഴുകി വൃത്തിയാക്കും. ഗ്രന്ഥപ്പലകയില്‍ തൊഴുകയ്യോടെ രാമായണം വക്കും. ഏറെ നേരം നിശബ്ദമായി കണ്ണുകളടച്ച് പ്രാര്‍ത്ഥനയാണ്. നിമിഷങ്ങള്‍ക്കകം പാരായണം തുടങ്ങും. കഴിഞ്ഞ ദിവസം നിര്‍ത്തിയ ഖണ്ഡികയുടെ തുടര്‍ച്ചയായിരിക്കും വായിക്കുക. ഒരേ ശബ്ദത്തില്‍ മണിക്കൂറുകള്‍ നീളും. സൂര്യന്‍ ഉദിച്ച് ഉയരുന്നതുവരെ രാമായണ പാരായണം തുടരും. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങി സൂര്യാസ്തമയത്തിനൊപ്പം നിര്‍ത്തും.
പ്രായം ശരീരത്തെയാകെ തളര്‍ത്തിയിട്ടുണ്ട്. കണ്ണുകള്‍ക്ക് കാഴ്ചക്കുറവുമുണ്ട്. എങ്കിലും രാമായണ വായന ഒരിക്കല്‍പ്പോലും മുടക്കിയിട്ടില്ല. പത്തു വര്‍ഷമായി രാമജീവിതം പാടിയും പറഞ്ഞും തെരുവില്‍ത്തന്നെയുണ്ട്. രാംരതി ദേവി ഡല്‍ഹിക്കിപ്പോള്‍ മാതാജിയാണ്. രാമനെന്നാല്‍ വിശ്വാസത്തിനപ്പുറം ഓരോ മനുഷ്യരും ശീലമാക്കേണ്ട ജീവിതചര്യയാണെന്നാണ് മാതാജി പറയുന്നത്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ക്കിപ്പോള്‍ വനവാസകാലമാണ്. എല്ലാ സങ്കടങ്ങള്‍ക്കുമുള്ള ഉത്തരം ഇവിടെയുണ്ടെന്നാണ് മടിയിലെ രാമായണത്തില്‍ കൈ ചേര്‍ത്ത് രാംരതി ദേവി പറഞ്ഞു തുടങ്ങുന്നത്.

കാണാമറയത്തെ അക്ഷരങ്ങള്‍
ഉത്തര്‍ പ്രദേശിലെ സിംഖോര്‍താറ ഗ്രാമത്തിലാണ് രാംരതി ദേവി ജനിച്ചു വളര്‍ന്നത്. തലമുറകളായി കൃഷിയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. കൃഷിമാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകന്റെ അവസ്ഥ അക്കാലത്തും ദയനീയമായിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും രാപ്പകല്‍ മണ്ണില്‍ അധ്വാനിക്കുന്നവരാണ്. അതുകൊണ്ടാവണം ഗ്രാമീണര്‍ക്കെല്ലാം മണ്ണിന്റെ ചാരനിറമായിരുന്നു. ഗന്ധം നനഞ്ഞ മണ്ണിന്റേതും.
ഗ്രാമത്തിലെ ഭൂരിഭാഗം കുട്ടികള്‍ക്കും വിദ്യാലയം അന്യമാണ്. ചില പ്രത്യേക ജാതിയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനും അക്കാലത്ത് ആളുകളുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പഠിക്കാന്‍ സാധിക്കാത്തവരാണ് മഹാ ഭൂരിപക്ഷവും. മക്കളെ ഉയര്‍ന്ന നിലവാരത്തില്‍ പഠിപ്പിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് രാംരതി ദേവിക്ക് തുണയായത്. ഗ്രാമത്തില്‍തന്നെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിരലില്‍ എണ്ണാവുന്ന ഒരാളായി. തുടര്‍പഠനത്തിന് ഏറെ ആഗ്രഹിച്ചെങ്കിലും എട്ടാം ക്ലാസ്സുതന്നെ അക്കാലത്ത് മികച്ച പഠനമായിരുന്നു. അതിനപ്പുറത്തേക്ക് കേട്ടിട്ടുള്ളവര്‍തന്നെ വിരളം. ഒടുവില്‍ മറ്റുള്ളവരുടെ അജ്ഞതക്ക് മുന്നില്‍ 1963-ല്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു.

സ്വപ്നങ്ങളുടെ ചിറകരിയുന്നവര്‍
പഠനം നിര്‍ത്തിയ ശേഷവും വായന തുടരുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗ്രാമത്തില്‍ അപൂര്‍വ്വമായാണ് പുസ്തകങ്ങള്‍ ലഭിക്കുക. ദിനപത്രം വരുത്തുന്നവും നന്നേ കുറവാണ്. കിലോ മീറ്ററുകള്‍ നടന്ന് സുഹൃത്തിന്റെ കയ്യില്‍നിന്നു കബീര്‍ദാസ് കവിതകളുടെ പുസ്തകം വാങ്ങിയത് ഇന്നും ഓര്‍ക്കുന്നുണ്ട്. വായിച്ച വരികള്‍ കാലം മറവിയിലേക്ക് തള്ളിയിട്ടെങ്കിലും കവിതകളുടെ രത്‌നച്ചുരുക്കം ഹൃദയത്തിലുണ്ട്.
ഇരുപത് വയസ്സിനുള്ളില്‍തന്നെ സമീപത്തെ വിദ്യാലയത്തില്‍ അധ്യാപികയായി നിയമനം ലഭിച്ചു. അക്ഷരങ്ങള്‍ക്കൊപ്പം താന്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ച സന്തോഷത്തിലായിരുന്നു. അക്കാലത്തുതന്നെ വിവാഹവും കഴിഞ്ഞു. എന്നാല്‍, ജീവിതസ്വപ്നങ്ങള്‍ക്ക് മേല്‍ വിലങ്ങ് വീഴാന്‍ അധികകാലം വേണ്ടിവന്നില്ല. സ്ത്രീകള്‍ ജോലിക്കായി പുറത്തുപോകരുതെന്ന കുടുംബനാഥന്റെ വാക്കുകള്‍ വാറോലയായി. എതിര്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ എല്ലാം തല താഴ്ത്തി അനുസരിച്ചു.
കാലങ്ങള്‍ കടന്നുപോയി. ആണും പെണ്ണുമായി കൂട്ടിന് ആറു മക്കളായി. ജീവിതത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ദുരന്തങ്ങള്‍ വീണ്ടും തുടര്‍ക്കഥയാവുന്നത്. വാഹനാപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായി. ആറു മക്കളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും താങ്ങാവുന്നതിലും അപ്പുറമായി. അതിജീവനത്തിനായി എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞപ്പോള്‍ കുടുംബസ്വത്തായി ഉണ്ടായിരുന്ന പാടത്ത് കൃഷി തുടങ്ങി. വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് പുലര്‍ച്ചെ പാടത്ത് എത്തും. സൂര്യന്‍ മറയുന്നതുവരെ വിശ്രമമില്ലാത്ത അധ്വാനമാണ്.
തനിക്ക് ലഭിക്കാതെപോയ ലോകം മക്കള്‍ക്ക് സാധ്യമാകണമെന്ന ചിന്തയാണ് തളരാതെ കരുത്തു പകര്‍ന്നത്. എല്ലാവരെയും സാധ്യമാകും വിധം പഠിപ്പിച്ചു. ഗ്രാമത്തിലും പുറത്തുമായി ജോലിയും ലഭിച്ചു. അപ്പോഴേക്കും കുടുബസ്വത്തായി കിട്ടിയ എല്ലാം നഷ്ടമായിരുന്നു. ഒന്നുമില്ലാത്ത അമ്മ പിന്നീട് എപ്പോഴോ മക്കള്‍ക്ക് ബാധ്യതയായി. തന്റെ കാഴ്ചക്കപ്പുറത്തേക്ക് മക്കള്‍ പോകുന്നതായി രാംരതി ദേവി തിരിച്ചറിഞ്ഞെങ്കിലും തടയാന്‍ നിന്നില്ല. ആറുപേരും പല വഴിക്കായി.
ഇതിഹാസവും ജീവിതവും

ഒറ്റയ്ക്കായി പോയപ്പോഴും ജീവിതത്തിന് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ഒരു ചെറിയ സഞ്ചിയില്‍ അത്യാവശ്യം വസ്ത്രങ്ങളും രാമായണവും എടുത്ത് വീട് വിട്ടിറങ്ങി. ഒരു ലക്ഷ്യവും ഇല്ലാത്ത യാത്ര. ഒടുവില്‍ പ്രയാഗരാജിലെ ക്ഷേത്രനഗരിയിലേക്ക് പോവാന്‍ തീരുമാനിച്ചു. കയ്യിലുണ്ടായിരുന്ന രാമായണം നെഞ്ചോട് ചേര്‍ത്തു യാത്ര തുടര്‍ന്നു. ക്ഷേത്രം എത്തിയപ്പോഴേക്കും കരുതിയ ചില്ലറത്തുട്ടുകളെല്ലാം കാലിയായി. വിശപ്പ് സഹിക്കാനാവാതെ വീണുപോകുമെന്ന അവസ്ഥവന്നു. എന്തുവന്നാലും യാചിക്കാന്‍ പാടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.
ഹൃദയം വിങ്ങുന്ന വേദനയോടെ ക്ഷേത്രത്തിന് മുന്നില്‍നിന്ന് വിങ്ങിപ്പൊട്ടി. തറയിലിരുന്ന് കയ്യില്‍ കരുതിയ രാമായണം ഉറക്കെ വായിച്ചു. അതുവരെയുണ്ടായിരുന്ന രോഷവും സങ്കടവുമെല്ലാം ഭക്തിയിലേക്ക് വഴിമാറി. കണ്ടുനിന്ന വഴിയാത്രക്കാരും ഭക്തരും ആ കാഴ്ചക്ക് മുന്നില്‍ കൈകൂപ്പി. സാധ്യമായ തുക കൊടുത്ത് എല്ലാവരും സഹായിച്ചു. തന്റെ ദിനചര്യക്കൊപ്പം രാമായണപാരായണം ശീലമാക്കി. വൈകാതെതന്നെ അവിടുത്തെ സന്യാസസമൂഹത്തിനൊപ്പം ചേര്‍ന്നു. ഇതിഹാസഗ്രന്ഥം ശരീരത്തോട് ചേര്‍ന്ന മറ്റൊരു അവയവമായി.
അമ്മയാണ് മറക്കരുത്
നിരന്തരമായ യാത്രകള്‍ക്കൊടുവിലാണ് ഡല്‍ഹിയില്‍ എത്തുന്നത്. പത്തു വര്‍ഷത്തോളമായി തലസ്ഥാനത്തെ തെരുവുകള്‍ക്ക് രാംരതി ദേവി സുപരിചിതയാണ്. ഓരോ തെരുവിലും ഹൃദയത്തില്‍ തൊട്ട് അവര്‍ ചൊല്ലിയ രാമകഥകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. അതിശൈത്യവും കഠിനമായ ചൂടും ഡല്‍ഹിയിലെ കാലാവസ്ഥയുടെ പരിച്ഛേദങ്ങളാണ്. രണ്ടും അസഹനീയമായ വിധത്തില്‍ അനുഭവപ്പെടുന്ന ഇടം. ആ തെരുവുകളിലാണ് രാംരാതി ദേവി തന്റെ ജീവിതം വഴിപാടായി അര്‍പ്പിക്കുന്നത്.
രാത്രി റോഡരികില്‍തന്നെ കിടന്ന് പൊതു ശൗചാലയത്തില്‍നിന്ന് കുളിച്ചു വൃത്തിയാകും. അടുത്തുള്ള കടയില്‍ നിന്നും ദലിയയും പഴവും കഴിക്കും. അന്നത്തെ വിശപ്പ് അതില്‍ തീര്‍ക്കും. ആരെങ്കിലും സ്‌നേഹത്തോടെ നീട്ടുന്ന ഭക്ഷണവും സ്വീകരിക്കും. വഴിയാത്രക്കാരും മറ്റും കൊടുക്കുന്ന ചെറിയ തുകകളാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരിക്കല്‍ റോഡരികില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രാമായണം ഉള്‍പ്പെട്ട സഞ്ചി മോഷണം പോയതാണ്. അത്യാവശ്യം ഭക്ഷണം കഴിക്കാനായി സാരിത്തലപ്പില്‍ കെട്ടിയിട്ട പൈസകൊണ്ട് മറ്റൊരു രാമായണം വാങ്ങി. ജീവശ്വാസം തിരിച്ചുകിട്ടിയത് അപ്പോഴാണ്. അന്നു മുതലാണ് രാമായണം രാത്രികാലങ്ങളില്‍ അടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റിക്കാരനെ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്.
തെരുവില്‍ മുഴങ്ങുന്ന രാമായണവും രാംരതി ദേവിയും ഡല്‍ഹിക്ക് ഇപ്പോള്‍ മറ്റൊരു അടയാളമാണ്. അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറല്ലെങ്കിലും കിട്ടുന്ന ചില്ലറതുട്ടുകള്‍ അവര്‍ക്ക് കൃത്യമായി അയച്ചുകൊടുക്കാറുണ്ട്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരെയും കണ്ട് തിരിച്ച് വരും. മാതാജി ഏറെ നേരം നിശബ്ദയായി. തെരുവിലെ തിരക്കിലേക്ക് കണ്ണുകള്‍ പായിച്ചു. സാവധാനം ചുളിവുവീണ മുഖത്ത് ചെറു ചിരി പടര്‍ന്നു. എല്ലാ സങ്കടങ്ങള്‍ക്കും ഇവിടെ ഉത്തരമുണ്ടെന്ന് പറഞ്ഞ് രാമായണം മാറോട് ചേര്‍ത്തു. നിറഞ്ഞ ചിരിയോടെ പറഞ്ഞു, 'ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താന്‍ സാധിക്കാത്ത നല്ല കാലം ഉണ്ടാവും. സ്‌നേഹത്തിന്റെയും പരിഗണനയുടെയും രാമരാജ്യം വരും.'
Content Highlights: Ramrathi Devi, the Ramayana reciter of Delhi | Athijeevanam 81


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..