യുക്രൈന്‍ യുദ്ധം : നിരാശപ്പെടുത്തുന്നത് ഇന്ത്യൻ സര്‍ക്കാരിന്റെ നെഞ്ചുറപ്പില്ലായ്മ- രാമചന്ദ്ര ഗുഹ


രാമചന്ദ്ര ഗുഹആദ്യം ഫ്രഞ്ചുകാരുടെയും പിന്നീട് അമേരിക്കയുടെയും അധിനിവേശത്തിനെതിരേയുള്ള വിയറ്റ്നാമീസ് പോരാട്ടത്തിന്, സാമ്രാജ്യത്വശക്തികളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമെന്നനിലയ്ക്ക് ഇന്ത്യ പിന്തുണ നല്‍കിയിരുന്നുവെന്നകാര്യം ഓര്‍ക്കണമെന്നും രാമചന്ദ്രഗുഹ പറയുന്നു

പ്രതീകാത്മക ചിത്രം | AP

യുക്രൈന്‍ ഭൂപ്രദേശത്തിനുള്ളിലേക്ക് ആദ്യ റഷ്യന്‍ ടാങ്കുകള്‍ ഉരുണ്ടുതുടങ്ങിയിട്ട് അഞ്ചുമാസം പിന്നിടുകയാണ്. യുക്രൈന്‍പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആദ്യ റഷ്യന്‍ ജെറ്റ് വിമാനങ്ങള്‍ ബോംബ്വര്‍ഷം നടത്തിയിട്ടും അഞ്ചുമാസം തികയുന്നു. രക്തത്തില്‍ മുങ്ങിയ, തികച്ചും ഹീനമായ യുദ്ധമായിരുന്നു അത്. ഇരുപതിനായിരത്തിനടുത്ത് റഷ്യന്‍ സൈനികരും അതിലുമിരട്ടി യുക്രൈന്‍ പട്ടാളക്കാരും മരിച്ചുവീണ യുദ്ധം. ഇതിനിടയില്‍ പെട്ട് സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ടായ പരിക്കും മാരകം. ദശലക്ഷക്കണക്കിന് യുക്രൈന്‍ പൗരന്മാര്‍ വീടും നാടുമുപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പലായനംചെയ്യാന്‍ നിര്‍ബന്ധിതരായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നുതരിപ്പണമായി. ഏറ്റുമുട്ടലവസാനിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞാലേ അത് പൂര്‍വസ്ഥിതിയിലാകൂ.

സാധാരണക്കാരായ റഷ്യക്കാരുടെ ജീവിതത്തെയും യുദ്ധം സാരമായി ബാധിച്ചു. പടിഞ്ഞാറന്‍രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും പ്രസിഡന്റ് പുടിന്‍ തുടങ്ങിവെച്ച യുദ്ധത്തിന്റെ ചെലവുകളുടെ ഭാരവും കാരണമാണത്.മനുഷ്യരാശിയിലെ ഒരംഗം എന്ന നിലയ്ക്ക് റഷ്യന്‍സൈന്യത്തിന്റെ പൈശാചികത എന്നെ ഭയചകിതനാക്കുന്നുണ്ട്. നഗരങ്ങളുടെ അസ്ഥിവാരംപോലും തുടച്ചുനീക്കിക്കൊണ്ടുള്ള അവരുടെ പട്ടാളനീക്കം, ആശുപത്രികള്‍ക്കും ജനങ്ങളുടെ താവളങ്ങള്‍ക്കും നേരേയുള്ള ബോംബ്വര്‍ഷം, യുക്രൈനിയന്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം എന്നിവയെല്ലാം എന്റെ ആധി വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് ഈ സംഘര്‍ഷത്തെ നോക്കിക്കാണുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ നെഞ്ചുറപ്പില്ലായ്മയാണ് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നത്. റഷ്യന്‍ അധിനിവേശത്തെയും അതിക്രമങ്ങളെയും അപലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുന്നതും എന്റെ നിരാശ വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങിയപ്പോളും മാര്‍ച്ചില്‍ അത് തുടര്‍ന്നപ്പോളും കാത്തിരുന്നു കാണുക എന്ന നയം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നര്‍ബന്ധിതരായിട്ടുണ്ടാകും. സംഘര്‍ഷം എത്രനാള്‍ നീളും എന്നകാര്യത്തില്‍ വ്യക്തയുണ്ടായിരുന്നില്ല. പെട്ടെന്നുള്ള പ്രശ്‌നപരിഹാരത്തെക്കുറിച്ചുള്ള സംസാരം നടക്കുന്നുണ്ടായിരുന്നു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. മാര്‍ച്ച് കഴിഞ്ഞ് ഏപ്രിലായി, എപ്രില്‍ പിന്നിട്ട് മേയ് വന്നു. അപ്പോഴേക്കും റഷ്യന്‍പട്ടാളത്തിന്റെ ക്രൂരത കൂടുതല്‍ ദൃശ്യമായിത്തുടങ്ങി. അതോടെ നിഷ്പക്ഷനിലപാടിന് ന്യായീകരണമില്ലാതായി. പടിഞ്ഞാറന്‍പ്രകോപനം കാരണമാണ് റഷ്യ അധിനിവേശം നടത്തിയത് എന്ന വാദം പൊള്ളത്തരമാണെന്ന് വ്യക്തമാവുകയും ചെയ്തു. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് തടയാനല്ല, അവര്‍ തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് പുടിന്‍ യുദ്ധമാരംഭിച്ചതെന്ന് ആര്‍ക്കും മനസ്സിലാകുമായിരുന്നു. റഷ്യയെയും അതിന്റെ അയല്‍രാജ്യങ്ങളെയുമെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒറ്റനേതാവിന്റെ കീഴില്‍ ഒറ്റരാഷ്ട്രമാക്കാന്‍ അവതാരമെടുത്ത ഏതോ മധ്യകാലചക്രവര്‍ത്തി എന്ന കിറുക്കന്‍ മിഥ്യാഭ്രമത്തിലാണ് റഷ്യന്‍പ്രസിഡന്റ് മുന്നോട്ടുപോവുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ പട്ടാളവും ഇത്തരം ഭ്രമകല്പനകള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ യുക്രൈന്‍കാര്‍ക്കോ റഷ്യക്കാര്‍ക്കോ എന്ത് നഷ്ടം സംഭവിച്ചാലും അതവരെ ബാധിക്കുന്നേയില്ല.

ഗോതമ്പ് കയറ്റുമതിചെയ്യാന്‍ യുക്രൈനെ അനുവദിച്ചുകൊണ്ടുള്ള കരാര്‍ ഒപ്പിട്ടതിന് തൊട്ടടുത്ത ദിവസംതന്നെ ഒഡേസാ തുറമുഖനഗരത്തില്‍ ബോംബാക്രമണം നടത്തിയതാണ് റഷ്യന്‍കാപട്യത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം.

Also Read

നാസിസവും ഹിന്ദുത്വയും തമ്മിലുള്ള സാദൃശ്യം, ...

പേരില്‍ മാത്രം വ്യത്യാസമുള്ള റഷ്യക്കാരാണ് യുക്രൈന്‍ ജനതയെന്ന് പ്രസിഡന്റ് പുടിന്‍ വിശ്വസിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ബലംപ്രയോഗിച്ചും അവരെ ജന്മനാടുമായി ഒന്നിച്ചുചേര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസത്തെ യുദ്ധം തെളിയിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം യുക്രൈന്‍കാരുടെ ആഴത്തില്‍ പടര്‍ന്ന ദേശീയബോധമാണ്. പ്രത്യേകമായൊരു ജനവിഭാഗമായി സ്വയം കാണുന്ന യുക്രൈന്‍കാര്‍ തങ്ങള്‍ക്ക് സ്വന്തമായൊരു ദേശീയവ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കരുതുന്നു. റഷ്യയുമായുള്ള സാംസ്‌കാരികബന്ധങ്ങളെക്കുറിച്ച് യുദ്ധത്തിനുമുന്‍പ് ധാരാളം യുക്രൈന്‍കാര്‍ ആവേശത്തോടെ സംസാരിക്കുമായിരുന്നു. ഇപ്പോഴതില്ല. റഷ്യയുമായുള്ള രാഷ്ട്രീയ എതിര്‍പ്പ് കാരണം ഭൂരിഭാഗം യുക്രൈന്‍കാരും വീട്ടില്‍പോലും ഇപ്പോള്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നില്ല.

റഷ്യന്‍സാമ്രാജ്യത്വത്തിനെതിരേ ദേശീയബോധമുയര്‍ത്തിക്കൊണ്ടുള്ള യുക്രൈന്‍ ചെറുത്തുനില്‍പ്പ് കാണുമ്പോള്‍ പണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേയുണ്ടായ വിയറ്റ്നാമീസ് ചെറുത്തുനില്പാണ് ഓര്‍മ്മവരുക. ആദ്യം ഫ്രഞ്ചുകാരുടെയും പിന്നീട് അമേരിക്കയുടെയും അധിനിവേശത്തിനെതിരേയുള്ള വിയറ്റ്നാമീസ് പോരാട്ടത്തിന്, സാമ്രാജ്യത്വശക്തികളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമെന്നനിലയ്ക്ക് ഇന്ത്യ പിന്തുണ നല്‍കിയിരുന്നുവെന്നകാര്യം ഓര്‍ക്കണം. അമേരിക്കയില്‍നിന്ന് സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ നമ്മള്‍ കൈപ്പറ്റുന്ന കാലമായിരുന്നു 1960-കള്‍. നമ്മളെ പട്ടിണിയില്‍നിന്ന് രക്ഷിച്ചതുപോലും അമേരിക്കന്‍ സഹായമായിരുന്നു. എന്നിട്ടും വിയറ്റ്നാമില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത് ധാര്‍മികമായി തെറ്റും രാഷ്ട്രീയമായി ബുദ്ധിമോശവുമാണെന്ന് പറയാന്‍ നമ്മളൊട്ടും മടികാട്ടിയിരുന്നില്ല.

നമുക്ക് തൊട്ടടുത്തുള്ള മറ്റൊരു സാദൃശ്യവും ഓര്‍മ്മവരുന്നു. 1970-കളില്‍ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും രാഷ്ട്രീയപരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പടിഞ്ഞാറന്‍ പാകിസ്താനുമായി കടുത്ത അകല്‍ച്ചയിലായിരുന്നു അന്നത്തെ കിഴക്കന്‍പാകിസ്താനിലെ ജനങ്ങള്‍. തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഇസ്ലാമികസ്വത്വത്തിനെതിരേ അവരുടെ ഉള്ളിലുള്ള ബംഗാളിദേശീയത കലഹിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് സ്വന്തമായൊരു രാഷ്ട്രം എന്ന ആവശ്യം അവര്‍ ഉയര്‍ത്തിത്തുടങ്ങിയത്. എന്നാല്‍ ഇസ്ലാമാബാദില്‍ അധികാരത്തിലുണ്ടായിരുന്ന പട്ടാളഭരണകൂടം കിഴക്കന്‍ബംഗാളികളെ പാകിസ്താന്‍കാരായിത്തന്നെ കണ്ടുപോന്നു. അവരുടെ മുന്നേറ്റത്തെ ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യന്‍ ഇടപെടലിലൂടെ ബംഗ്‌ളാദേശ് എന്ന സ്വതന്ത്രരാഷ്ട്രം പിറവിയെടുക്കുന്നത്.

പാകിസ്താനികള്‍ക്ക് പണ്ട് ബംഗ്ലാദേശികള്‍ എങ്ങനെയായിരുന്നോ അങ്ങനെയാണിപ്പോള്‍ റഷ്യക്കാര്‍ക്ക് യുക്രൈന്‍. തങ്ങളുടെ സ്വത്വവും ചരിത്രവും പങ്കിടണമെന്ന വമ്പന്‍ രാഷ്ട്രത്തിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ പൊരുതുന്ന സ്വതന്ത്രവ്യക്തിത്വമുള്ള ഒരുകൂട്ടം ജനങ്ങള്‍. 1970-71 കാലഘട്ടത്തില്‍ പാകിസ്താന്‍സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇന്ത്യ തക്കതായ ശിക്ഷ നല്‍കുകയും കിഴക്കന്‍പാകിസ്താനില്‍നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കുകയും ചെയ്തു. സൈനികനടപടികള്‍ ആവശ്യമായ ഘട്ടത്തില്‍ അങ്ങനെ ചെയ്യാന്‍ ഒരുനിമിഷംപോലും നമ്മള്‍ മടിച്ചുനിന്നതുമില്ല.

ബംഗ്ലാദേശ് നമ്മുടെ തൊട്ടയല്‍പക്കവും യുക്രൈന്‍ എത്രയോ അകലെയാണെന്നുമുള്ള കാര്യം മറക്കുന്നില്ല. അതുകൊണ്ടുതന്നെ ഭൗതികസഹായമെത്തിക്കല്‍ അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, നമ്മള്‍ എന്തിനാണ് തികച്ചും കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്? യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കാന്‍ വിസമ്മതിക്കുകവഴി പുട്ടിനും കൂട്ടരും ചെയ്യുന്ന കുറ്റകൃത്യത്തിന് കുടപിടിക്കുന്നതെന്തിനാണ്?

യുക്രൈനിലെ സംഭവങ്ങളോടുള്ള ഇന്ത്യയുടെ നിരാശാജനകമായ പ്രതികരണത്തിന് പിന്നില്‍ പല കാരണങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാം. ഒരുപക്ഷേ, റഷ്യയില്‍നിന്ന് ലഭിക്കുന്ന സൈനികസഹായങ്ങള്‍കൊണ്ടാകാം. അല്ലെങ്കില്‍ സ്വതന്ത്രരാഷ്ട്രത്തിനായുള്ള യുക്രൈന്‍വാദത്തെ പിന്തുണച്ചാല്‍ കശ്മീരികള്‍ക്കുവേണ്ടിയോ നാഗാവിഭാഗക്കാര്‍ക്കുവേണ്ടിയോ ഇതേ ആവശ്യമുന്നയിച്ച് ആരെങ്കിലും രംഗത്തുവരുമെന്ന ഭരണകക്ഷിയുടെ ഭയമാകാം. അല്ലെങ്കില്‍ റഷ്യയില്‍നിന്നുള്ള എണ്ണയിറക്കുമതി നിര്‍ബാധം തുടര്‍ന്നുകൊണ്ട് വിലക്കയറ്റം തടഞ്ഞുനിര്‍ത്താമെന്ന പ്രതീക്ഷകൊണ്ടാകാം. അല്ലെങ്കില്‍ പ്രധാനമന്ത്രിപദമേറി എട്ടുവര്‍ഷം പിന്നിട്ടിട്ടും അന്താരാഷ്ട്ര ഭൂരാഷ്ട്രതന്ത്രത്തിന്റെ നൂലാമാലകള്‍ ഇഴപിരിച്ചെടുക്കാന്‍ നരേന്ദ്രമോദിക്ക് സാധിക്കാത്തതുകൊണ്ടുമാകാം. അതുകൊണ്ടായിരിക്കാം നമുക്കൊരു നിലപാടില്ലാതെപോകുന്നത്.

കാരണമെന്തായാലും യുക്രൈന്‍വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്-കൃത്യമായി പറഞ്ഞാല്‍ നിലപാടില്ലായ്മ, ധാര്‍മികമായി തെറ്റും രാഷ്ട്രീയപരമായി ബുദ്ധിമോശവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകം ഉപയോഗിക്കുകയും അവിടെനിന്ന് എണ്ണ ഇറക്കുമതിചെയ്ത ഇന്ത്യയെ വിമര്‍ശിക്കുകയും ചെയ്യുന്ന യൂറോപ്യന്‍രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ വി.കെ. കൃഷ്ണമേനോന്റെ ശൈലി കടമെടുത്തുകൊണ്ട് നമ്മുടെ വിദേശകാര്യമന്ത്രി വിമര്‍ശിക്കുന്നത് കണ്ടു. സത്യത്തില്‍ പടിഞ്ഞാറന്‍രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പല്ല ബ്രേക്കിങ് ന്യൂസാകേണ്ടത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെതാണ് ശരിക്കുമുള്ള ഇരട്ടത്താപ്പ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാംവാര്‍ഷികമാഘോഷിക്കുകയാണ് ഈ മാസം നമ്മള്‍. മോദിസര്‍ക്കാര്‍ ഈ വാര്‍ഷികത്തിന് വിപുലമായ പ്രചാരണം നല്‍കുന്നുമുണ്ട്. എല്ലാ സര്‍ക്കാര്‍പരസ്യങ്ങളിലും പത്രക്കുറിപ്പുകളിലും ഇ-മെയിലുകളിലും ആസാദി കി അമൃത് മഹോത്സവിനെക്കുറിച്ചുള്ള അറിയിപ്പ് കാണാം. എന്നിട്ടും, രാഷ്ട്രീയസ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലോകത്തിപ്പോഴും സാമ്രാജ്യത്വം നിലനില്‍ക്കുന്നുവെന്ന സത്യം വിളിച്ചുപറയാന്‍ കേന്ദ്രസര്‍ക്കാരിനാകുന്നില്ല. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അതിന്റെ ഏറ്റവും വലിയ തെളിവാണെന്ന കാര്യവും നമ്മള്‍ മിണ്ടുന്നതേയില്ല.

യുക്രൈനിയന്‍ ജനതയുടെ ധീരമായ ചെറുത്തുനില്പിന് പിന്തുണയേകാന്‍ ഇന്ത്യക്കാര്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ട്. രാഷ്ട്രീയമായും ബാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ സാമ്പത്തികവും ജനസംഖ്യാപരവുമായ വലുപ്പവും സൈനികശേഷിയും കാരണം ഇന്ത്യയ്ക്ക് അന്താരാഷ്ട്രരംഗത്ത് ആദരം ലഭിക്കുന്നുണ്ട്. ചൈന പുട്ടിന്റെ ചെയ്തികളെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കില്‍ പുട്ടിന്റെയും സര്‍ക്കാരിന്റെയും മേല്‍ അത് വലിയ സമ്മര്‍ദം സൃഷ്ടിച്ചേനേ. യുക്രൈനെ ഇന്ത്യ പിന്തുണച്ചിരുന്നെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനും റഷ്യ നിര്‍ബന്ധിതരാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലോകത്തിനുമുന്‍പാകെ നമ്മുടെ വിശ്വാസ്യത വര്‍ധിച്ചേനേ. അതുവഴി യുക്രൈന്‍കാരുടെ ദുരിതത്തിന് അറുതിയുമാകുമായിരുന്നു.

Content Highlights: Ramachandra Guha column on Russia Ukraine war,Mathrubhumi weekly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented