അങ്ങനെയൊരു ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് പ്രിയയും സുനിതയും| അതിജീവനം 52


എ.വി. മുകേഷ്

4 min read
Read later
Print
Share

പ്രിയയും സുനിതയും.

പ്രസവശേഷം മണിക്കൂറുകളോളം നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ കണ്ടാണ് ഡോക്ടര്‍ വിദഗ്ധ പരിശോധന നടത്തിയത്. പുറത്തുവന്ന പരിശോധന ഫലം ആ കുടുംബത്തിന്റെയാകെ നെഞ്ച് പൊള്ളിക്കുന്നതായിരുന്നു. വഴിപാടുകള്‍ നേര്‍ന്ന് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ദേവകിക്കും ശങ്കരനാരായണനും പ്രിയയെ ലഭിച്ചത്. ആ മകള്‍ക്ക് എല്ലുകള്‍ പൊടിയുന്ന അപൂര്‍വ്വ രോഗമാണെന്ന് കേള്‍ക്കേണ്ടി വന്ന നിമിഷം ഇന്നും ദേവകിയമ്മക്ക് ഓര്‍ക്കുമ്പോള്‍ വേദനയാണ്. പാലക്കാട് കോങ്ങാട് പഞ്ചായത്തിലുള്ള പതിനാറാം മൈലിലെ കൊച്ചു വീട്ടില്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ അമ്മക്കൊപ്പം ചിരിയുടെ ഓണപ്പൂക്കളം തീര്‍ക്കുകയാണവര്‍.

കണ്ണിലെ കൃഷ്ണമണിപോലെയാണ് ആ അമ്മ പിന്നീട് മകള്‍ക്കൊപ്പം നടന്നത്. ചെറിയ വീഴ്ചയില്‍ പോലും എല്ലുകള്‍ നുറുങ്ങുന്നത് പതിവായിരുന്നു. പൂര്‍ണ്ണമായും അസുഖം ഭേദമാക്കാന്‍ സാധ്യമായ ചികിത്സ പിന്നീട് എവിടെയും ലഭിച്ചില്ല.

കണ്ണു തുറന്നത് തീരാവേദനയിലേക്കാണെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാലം മുതല്‍ തുടങ്ങിയതാണ് പ്രിയയ്ക്ക് ദുരിതങ്ങള്‍. സാധ്യമായ എല്ലാ ചികിത്സയും പരീക്ഷിച്ചു ഒപ്പം അമ്പലങ്ങളും പ്രാര്‍ഥനകളുമായി വര്‍ഷങ്ങള്‍ കടന്നുപോയി.

ആ ഇടക്കാണ് മറ്റൊരു മകള്‍ക്കുകൂടെ ദേവകിയമ്മ ജന്മം കൊടുത്തത്. പ്രിയയെ പോലെ പ്രസവശേഷം നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ മനസ്സില്‍ നിസ്സഹായതയുടെ തീയായിരുന്നു. എങ്കിലും അങ്ങനെയൊരു അവസ്ഥ ഈ കുഞ്ഞിന് ഉണ്ടാകില്ലെന്ന് അവര്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പരിശോധന ഫലം വരുന്നത് വരെ മാത്രമെ ആ പ്രതീക്ഷക്ക് ആയുസ്സുണ്ടായിരുന്നൊള്ളു. മൂത്ത മകള്‍ പ്രിയയുടെ അതെ അസുഖമായ ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട തന്നെയാണ് ഇളയമകള്‍ക്കുമെന്ന് ഡോക്ടര്‍ വിധിയെഴുതി.

priya and sunitha
പ്രിയയും സുനിതയും അമ്മയ്‌ക്കൊപ്പം

വേദനയുടെ കൂരയിലേക്ക് ഒരാള്‍കൂടെ അതേ അവസ്ഥയില്‍ കടന്നുവന്ന കാലമോര്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു. അച്ഛന്റെയും പിന്നീട് സഹോദരന്റെയും മരണം പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കാണ് കുടുംബത്തെ കൊണ്ടുപോയത്.

അര്‍ധപട്ടിണിയുടെ കാലത്തും ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട മക്കളെ വിശപ്പ് അറിയിച്ചിരുന്നില്ല. ഇഴഞ്ഞ് നീങ്ങാന്‍ മാത്രം സാധിക്കുന്ന പ്രിയയുടെയും പരസഹായമില്ലാതെ അനങ്ങാന്‍ പോലും സാധിക്കാത്ത സുനിതയുടെയും മാത്രം അതിജീവന കഥയല്ല ഇത്.

പൂര്‍ണ്ണ വിശ്രമവും പ്രത്യേക പരിരക്ഷയും വേണ്ട രണ്ടു പെണ്‍കുട്ടികളെ പോറ്റാന്‍ ഇന്നും അടുക്കളപ്പുറങ്ങളില്‍ അധ്വാനിക്കുന്ന ദേവകിയമ്മയുടെ കൂടെ ജീവിതമാണിത്. എല്ലാത്തിലുമുപരി അസാധാരണമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോഴും ചിരിക്കാന്‍ സാധിക്കുന്ന മൂന്നു മനുഷ്യരുടെ അതിജീവന കഥയാണിത്.

priya and sunitha
പ്രിയയും സുനിതയും

അക്ഷരങ്ങളുടെ വേദന

ചലനശേഷി സാധ്യമല്ലാത്ത അസുഖമാണെങ്കിലും പ്രിയയ്ക്ക് നാല് വയസ്സുവരെ നടക്കാന്‍ സാധിച്ചിരുന്നു. മുട്ടിലിഴഞ്ഞ് നടന്നതില്‍ നിന്നും പതിയെ ചുമരുകള്‍ പിടിച്ച് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയപ്പോള്‍ പ്രിയയില്‍ അമ്മക്ക് വലിയ പ്രതീക്ഷയായിരുന്നു.

എന്നാല്‍ കുഞ്ഞുപ്രിയയുടെ ഓരോ ശ്രമവും വീഴ്ച്ചയിലാണ് അവസാനിച്ചത്. ഓരോ വീഴ്ച്ചയിലും എല്ലിന് സാരമായ പരിക്കും പറ്റിയിരുന്നു. നാല് വയസ്സിനു ശേഷം പിന്നീട് ഒരിക്കലും നിവര്‍ന്നു നില്‍ക്കാന്‍ പ്രിയക്കായിട്ടില്ല.

സുനിതയുടെ ശരീരത്തില്‍ കുറേകൂടി ഗുരുതരമായാണ് രോഗം പിടിമുറുക്കിയത്. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്തവിധം തളര്‍ത്തി കളയുകയായിരുന്നു.

കൂട്ടുകാരികള്‍ വിദ്യാലയങ്ങളില്‍ പോകുന്നതും കളിക്കുന്നതുമെല്ലാം പ്രിയക്കും സുനിതക്കും ജനലഴികളിലൂടെ മാത്രമെ കാണാന്‍ സാധിച്ചുള്ളു. പ്രിയയ്ക്ക് ഏഴാം ക്ലാസ്സുവരെ പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

ശാരീരിക അവസ്ഥയും രണ്ടുപേരെയും വിദ്യാലയത്തില്‍ എത്തിക്കാനുള്ള പ്രയാസവും കൊണ്ടാണ് സുനിതക്ക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത്. അഴിയന്നൂര്‍ എ.യു.പി. സ്‌കൂളിലേക്ക് അമ്മയും അമ്മായി പത്മിനിയും എടുത്തുകൊണ്ടാണ് പോയിരുന്നത്.

ഭക്ഷണം കഴിപ്പിക്കാനും മറ്റുമായി മണിക്കൂറുകള്‍ ഇടവിട്ട് അമ്മ സ്‌കൂളിലേക്ക് ഓടി വരാറുള്ളത് പ്രിയയുടെ കണ്ണുകളില്‍ ഇന്നുമുണ്ട്. ഹൈസ്‌കൂള്‍ പഠനത്തിനായി കുറച്ചകലെയുള്ള വിദ്യാലയത്തില്‍ ചെന്നെങ്കിലും അനുകൂലമായ സമീപനമല്ലായിരുന്നു അവര്‍ എടുത്തത്.

മുഴുവന്‍ സമയവും അമ്മ കൂടെയുണ്ടെങ്കില്‍ മാത്രമെ കുട്ടിയെ ചേര്‍ക്കാന്‍ പറ്റുകയുള്ളു എന്ന നിബന്ധനയാണ് അവര്‍ മുന്നോട്ട് വച്ചത്. മറ്റുവീടുകളില്‍ ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന ദേവകിയമ്മക്ക് അത് അസാധ്യമായിരുന്നു. അങ്ങനെ എന്നേക്കുമായി പ്രിയയുടെ പഠനം മുടങ്ങുകയായിരുന്നു.

പിന്നീട് വിരളമായി കിട്ടുന്ന പുസ്തകങ്ങളിലൂടെയാണ് പ്രിയ ആക്ഷരങ്ങളെ കൂടുതലറിഞ്ഞത്. സുനിതക്ക് അക്ഷരങ്ങളെ പരിചയപ്പെടുത്തിയതും ഏഴാം ക്ലാസ്സുകരിയായ പ്രിയയായിരുന്നു. ശാരീരിക അവസ്ഥയുടെ പേരില്‍ നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ വില എത്ര വലിയതാണെന്ന് ഇരുവര്‍ക്കും നല്ലപോലെ അറിയാം. ഒരു വേദനസംഹാരികൊണ്ടും മാറ്റാന്‍ സാധിക്കാത്ത വിധം ആ വേദന ഇന്നും അവര്‍ക്കുള്ളിലുണ്ട്.

ചുമരുകള്‍ക്കുള്ളിലെ വെളിച്ചം

അമ്മയില്ലാത്തപ്പോള്‍ അനിയത്തിയായ സുനിതക്ക് എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് പ്രിയയാണ്. അമ്മ വീട്ടുപണികള്‍ക്കും തൊഴിലുറപ്പിനും പോകുമ്പോള്‍ സാധ്യമായ എല്ലാ വീട്ടുജോലികളും പ്രിയതന്നെയായിരുന്നു ചെയ്തിരുന്നത്.

ചേച്ചിമാത്രമല്ല അമ്മകൂടെയായിരുന്നു സുനിതക്ക് പ്രിയ. ജനലിലൂടെ മാത്രം കണ്ട കാഴ്ച്ചകള്‍ക്കപ്പുറം നാടിനെ കുറിച്ച് വള്ളിപുള്ളി വിടാതെ അറിഞ്ഞതും പ്രിയയിലൂടെയാണ്.

രോഗത്തിന്റെ കഠിന്യത്തില്‍ വേദന കൊണ്ട് പുളയുമ്പോഴൊക്കെയും അവര്‍ പരസ്പരം വേദനസംഹാരികളാവുകയായിരുന്നു. സഹോദര്യത്തിനപ്പുറത്ത് അനിര്‍വചനീയമായ ആത്മബന്ധം ഇരുവര്‍ക്കുമിടയിലുണ്ട്.

നാലു ചുമരുകള്‍ക്കുള്ളില്‍ ഒടുങ്ങിത്തീരാന്‍ തയ്യാറാവാതെ മനസ്സിന് കരുത്തേകാന്‍ സഹായിച്ചത് ഈ ബന്ധം തന്നെയായിരുന്നു. പരസ്പരം അവര്‍ അതിജീവനത്തിന്റെ വിത്തുകള്‍ മനസ്സില്‍ പാകി വളര്‍ത്തുകയായിരുന്നു. അവയാണ് പിന്നീട് മുളച്ചുവന്ന് പ്രതീക്ഷകളുടെ മരങ്ങളായി മാറിയത്. വേദനയും വിശപ്പുമെല്ലാം ആ തണലില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു.

പ്രതീക്ഷകളുടെ കാലം

ഭൂമിയില്‍ തങ്ങള്‍ക്ക് മാത്രമാണ് ഈ അസുഖം ബാധിച്ചിരിക്കുന്നതെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നവര്‍ തങ്ങളാണെന്നുമുള്ള ചിന്ത രണ്ടുപേരുടെ മനസ്സിലും ശക്തമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമൃതവര്‍ഷിണിയില്‍ എത്തിയപ്പോഴാണ് അതൊരു തെറ്റായ തോന്നലായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.

രണ്ടു ദിവസത്തെ ക്യാമ്പിന് ശേഷം തിരിച്ചു വീട്ടിലെത്തിയത് സ്വപ്നങ്ങള്‍ കാണുന്ന രണ്ട് മനസ്സുകളുമായിട്ടായിരുന്നു. തങ്ങളെക്കാള്‍ വലിയ അസുഖങ്ങള്‍ ഉള്ളവര്‍ ജീവിതത്തെ അനായാസം കൈകാര്യം ചെയ്യുന്നത് ഇരുവരെയും അത്രമേല്‍ അത്ഭുതപ്പെടുത്തിരുന്നു. അവിടുത്തെ കാഴ്ചകളാണ് പുതിയ ചിന്തകള്‍ക്ക് അടിത്തറയിട്ടത്.

അക്കാലത്താണ് പ്രിയയുടെയും സുനിതയുടെയും അവസ്ഥ കണ്ട് ഒറ്റപ്പാലത്തുനിന്ന് ശിവമണി വരുന്നത്. ഒരു പിടി വര്‍ണ്ണ കടലാസുകളും പേനകളുമായിട്ടായിരുന്നു അദ്ദേഹം വന്നത്.

വ്യത്യസ്ത നിറങ്ങളില്‍ കടലാസുകൊണ്ടുള്ള പേനകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹമാണ് പഠിപ്പിച്ചത്. അതായിരുന്നു പിന്നീടിന്നുവരെ ജീവിതത്തിന് വെളിച്ചമേകിയത്. പ്രതീക്ഷകളുടെ പുതിയ കാലം അവിടെ തുടങ്ങുകയായിരുന്നു.

ചുവന്നു പൂക്കുന്ന വാക

പേനകള്‍ക്കുള്ളില്‍ വസന്തത്തിന്റെ വിസ്മയം കൂടെ ഒളിപ്പിച്ചു വക്കാന്‍ ഈ സഹോദരിമാര്‍ മറന്നില്ല. പൂര്‍ണ്ണമായും കടലാസുകൊണ്ട് ഉണ്ടാക്കുന്ന പേന ഒരു രീതിയിലും പ്രകൃതിക്ക് ദോഷം ചെയ്യാത്തവയാണ്.

അത്തരം പേനകള്‍ക്കുള്ളില്‍ വിത്തുകള്‍ വെയ്ക്കുന്നത് സാധാരണയാണെങ്കിലും ഇവരുടെ കാഴ്ചപ്പാട് തീര്‍ത്തും വ്യത്യസ്തമാണ്. പച്ചക്കറി വിത്തുകള്‍ക്ക് പകരം അവര്‍ വക്കുന്നത് വാകമരത്തിന്റെ വിത്തുകളാണ്.

ഉപയോഗശേഷം മണ്ണില്‍ എറിയപ്പെടുന്ന ഓരോ പേനയില്‍നിന്ന് നാടിന് തണലേകി ചുവന്നു പൂക്കുന്ന ഓരോ വാകമരങ്ങള്‍ കൂടെ പടര്‍ന്ന് പന്തലിക്കും.

തങ്ങള്‍ക്ക് ലഭിക്കാതെ പോയ തണല്‍ സാധ്യമായ രീതിയില്‍ മണ്ണിലെത്തിക്കാനുള്ള ശ്രമത്തില്‍ കൂടെയാണ് ഈ സഹോദരിമാര്‍. എന്നാലിപ്പോള്‍ കൊറോണ കാരണം ഉണ്ടായ പ്രതിസന്ധി വലിയതോതിലുള്ള സാമ്പത്തിക പ്രയാസത്തിലേക്കാണ് കുടുംബത്തെ തള്ളിവിട്ടത്.

അതീവ ശ്രദ്ധയോടെ വേദന കടിച്ചമര്‍ത്തി അവര്‍ നിര്‍മ്മിച്ച 5,000 ത്തോളം പേനകള്‍ വില്‍പ്പനക്കെത്തിക്കാന്‍ ആവാതെ കെട്ടികിടക്കുകയാണ്. നാളെകളില്‍ നാടിന് തണലേകുന്ന വന്മരങ്ങള്‍ കൂടെയാണ് ഇല്ലാതാകാന്‍ പോകുന്നത് എന്നു കൂടെ ഓര്‍ക്കേണ്ടതുണ്ട്.

സുരേഷ്ഗോപിയും ജയസൂര്യയും ടോവിനോയുമാണ് അവരുടെ ഹീറോസ്. കാരണം അവരിലൊക്കെ നായകനപ്പുറത്തെ നന്മ കണ്ടെത്താന്‍ പ്രിയക്കും സുനിതക്കും കഴിഞ്ഞിട്ടുണ്ട്. അവരെ നേരിട്ട് കണ്ട് ആ സ്‌നേഹം പങ്കുവക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.

മറ്റൊരു ഓണക്കാലം കൂടെ കടന്നു വന്നിരിക്കുകയാണ്. ഓണക്കോടിയും ആഘോഷങ്ങളും ഏതുമില്ലെങ്കിലും ഈ ഓണത്തിനും അവര്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. പേനകള്‍ക്കുള്ളിലെ വാകവിത്തുകള്‍ ഒരിക്കല്‍ മരമായി മാറും. വരും കാലത്തെ ഏതെങ്കിലും ഓണത്തിന് അവ ചുവന്നു പൂക്കും. നഷ്ടപ്പെട്ട ഓണം പോലും അസാമാന്യമായ രീതിയില്‍ പങ്കുവക്കപ്പെടുകയാണ്. പരാധീനതകള്‍ക്കപ്പുറത്തെ ഓണക്കാലത്തിനയുള്ള കാത്തിരിപ്പിലാണ് അമ്മക്കൊപ്പം പ്രിയയയും സുനിതയും.

content highlights: priya and sunitha are waiting for such an onam- athijeevanam 52

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented