-
'ചാകുമ്പൊ കുഴിച്ചിടാനെങ്കിലുമുള്ള സ്ഥലത്തിനായാണ് സമരത്തിന് വന്നത്. മൂന്ന് സെന്റ്റ് മണ്ണിലുള്ള പണി തീരാത്ത വീട്ടിലായിരുന്നു ഇത്ര നാളും. ഭര്‍ത്താവ് മരിച്ചപ്പോഴാണ് ഭൂമിയില്ലാത്തതിന്റെ പ്രശ്‌നം ശരിക്കുമറിഞ്ഞത്. മരവിച്ച ആ ശരീരം എന്ത് ചെയ്യണമെന്നറിയാതെ നെഞ്ചത്തടിച്ചു കരയാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. കിണറിനോടും അടുക്കളയോടും ചേര്‍ന്ന് പിന്നീട് അടക്കം ചെയ്യുകയായിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്തതിന് മുകളിലൂടെ നടന്നുവേണം കിണറ്റിന്‍ കരയില്‍ എത്താന്‍. ഓരോ തവണ അതിന് മുകളിലൂടെ നടക്കുമ്പോഴും നെഞ്ച് പിടക്കുമായിരുന്നു. ആ അസഹനീയമായ വേദന സഹിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. അവിടെനിന്നാണ് അരിപ്പയിലെ സമരഭൂമിയില്‍ എത്തുന്നത്. കിടക്കാനുള്ള സ്ഥലമല്ല മരിച്ചാല്‍ അടക്കാനുള്ള ആറടിമണ്ണാണ് എനിക്ക് വേണ്ടത്. എട്ടു വര്‍ഷമായി ഈ ഷെഡില്‍ അരവയറുമായി കഴിയുന്നത് അതിനു വേണ്ടിയാണ്.'
പ്രായം തളര്‍ത്തിയ ശരീരത്തിനുള്ളില്‍നിന്ന് ജാനകി ബാലന്‍ നിര്‍ത്താതെ ചുമച്ചുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു. വര്‍ഷങ്ങളായി സമരഭൂമിയിലെ ഉറച്ച ശബ്ദമാണവര്‍. ശക്തമായ കാറ്റടിച്ചാല്‍ പോലും പറന്നു പോകുന്ന ഷീറ്റിനുള്ളില്‍ അവരെപ്പോലെ നൂറു കണക്കിന് അമ്മമാരുണ്ട്. അവരുടെയെല്ലാം അവസ്ഥ അതിദയനീയമാണ്. ജീവന്‍ പോലും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലും സമരഭൂമിയില്‍ പതറാതെ നില്‍ക്കുന്നത് ഒരു പിടി മണ്ണിനു വേണ്ടിയാണ്. അരിയാഹാരം കഴിച്ചിട്ട് ദിവസങ്ങളായി എന്ന് പറയുമ്പോഴും കുഞ്ഞുട്ടിക്ക് പിന്മാറാന്‍ തയ്യാറല്ലാത്ത സമരവീര്യത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. സമാനമായി പട്ടിണിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഓരോ സമരക്കുടിലും.
കൃഷിഭൂമിക്കായി 2012 ഡിസംബറില്‍ അരിപ്പയില്‍ തുടങ്ങിയ സമരഭൂമിയിലേക്ക് 1200-ഓളം കുടുംബങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുമെത്തിയ ഭൂരഹിതര്‍ അരിപ്പയില്‍ മണ്ണിനായി കുടില്‍ കെട്ടുകയായിരുന്നു. 'ലക്ഷം വീട് കോളനിയില്‍നിന്ന് കൃഷിഭൂമിയിലേക്ക്' എന്നതാണ് മുദ്രാവാക്യം. ശാന്തമായി തുടങ്ങുകയും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന അപൂര്‍വ്വതയും സമരത്തിനുണ്ട്.
അപകടത്തില്‍ മരിച്ച മകനെ അടുക്കള പൊളിച്ചു മാറ്റി അടക്കം ചെയ്യേണ്ടി വന്നവരും വര്‍ഷങ്ങളായി പുറമ്പോക്കില്‍ കുടില്‍ വെച്ചുകെട്ടി താമസിക്കുന്നവരുമാണ് സമരമുഖത്തുള്ളത്. ക്യാന്‍സര്‍ മുതല്‍ അതീവ ഗുരുതര അസുഖങ്ങള്‍ ഉള്ളവരും കുറവല്ല. മരിക്കും മുന്‍പ് ഒരു ദിവസമെങ്കിലും കൃഷിക്ക് ആവശ്യമായ ഭൂമി തന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഭരണകൂടത്തിനോട് ഒറ്റ സ്വരത്തില്‍ അവര്‍ക്ക് പറയാനുള്ളത്. കൃഷിചെയ്ത് ജീവിക്കാന്‍ ആവശ്യമായ ഒരേക്കര്‍ ഭൂമിയെങ്കിലും ലഭിക്കണം എന്നതാണ് പ്രധാന ആവശ്യം.
പോരാട്ടത്തിന്റെ നാള്‍വഴി
കൊല്ലം കുളത്തുപ്പുഴയിലെ അരിപ്പയിലെ 55 ഏക്കറിലാണ് സമരം നടക്കുന്നത്. 2009-ല്‍ പ്രഖ്യാപിച്ച ചെങ്ങറ ഭൂസമര പരിഹാര പാക്കേജില്‍ ഉള്‍പ്പെടാത്തവരും താമസിക്കാനും കൃഷി ചെയ്യാനുമുള്ള ഭൂമിയില്ലാത്തവരുമാണ് സമരം ചെയ്യുന്നത്. ഒരു തുണ്ട് ഭൂമിയില്ലാത്ത 1200-ഓളം കുടുംബങ്ങളാണ് അരിപ്പയില്‍ നിശബ്ദമായി ജീവിത പോരാട്ടം നടത്തുന്നത്. തങ്ങള്‍ കുഞ്ഞി മുസ്ല്യാരുടെ കുത്തക പാട്ടം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യു ഭൂമിയിലാണ് കുടില്‍കെട്ടി സമരം നടക്കുന്നത്.
90 വര്‍ഷത്തേക്കായിരുന്നു പാട്ടക്കാലാവധിയെങ്കിലും 102 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സര്‍ക്കാരിന് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. ഇതിനകംതന്നെ നിയവിരുദ്ധമായി പലരും ഭൂരിഭാഗം സ്ഥലവും കൈക്കലാക്കിയിട്ടുണ്ടെന്നും സമര സമിതി പറയുന്നു. മിച്ചം വന്ന 56 ഏക്കര്‍ സ്ഥലത്താണ് കുടില്‍കെട്ടി സമരം നടത്തിവരുന്നത്. കാടു പിടിച്ച് ചതുപ്പായി കിടന്നിരുന്ന ഭൂമിയാണ് ഈ വിധം വാസയോഗ്യമാക്കി മാറ്റിയതും കൃഷിയിറക്കിയതും. 9 തവണയാണ് നെല്‍ കൃഷി ഇറക്കിയത്. ജീവിതവും കൃഷിയുമാണ് ഈ സമരത്തിന്റെ സ്വത്വം. മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യവും അതുതന്നെയാണ്.
ഒരു കൂട്ടം മനുഷ്യര്‍ നിശബ്ദമായി നടത്തുന്ന ജീവിത പോരാട്ടത്തെ എട്ടു വര്‍ഷത്തിനിപ്പുറവും പരിഗണിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. എങ്കിലും രാഷ്ട്രീയ നാടകങ്ങള്‍ പലതു കണ്ട അരിപ്പയിലെ സമരഭൂമി ഇപ്പോഴും പ്രതീക്ഷയില്‍ തന്നെയാണ്. എന്നെങ്കിലും തങ്ങളുടെ സ്വപ്നവും ആ മണ്ണിലെ ചതുപ്പില്‍ പൂക്കുമെന്ന വിശ്വാസത്തിലാണ് സമരം മുന്നോട്ട് പോകുന്നത്. ജാതി-മത-വര്‍ണ്ണ വ്യത്യാസമില്ലാതെ സര്‍വ്വ മനുഷ്യരും ഒറ്റ മുദ്രാവാക്യം മുഴക്കുന്ന അരിപ്പക്ക് പറയാന്‍ ഒരുപാടുണ്ട്. സമരഭൂമിയിലെ അതിജീവനത്തെക്കുറിച്ച് അഞ്ചാം ക്ലാസുകാരിയായ സോനക്കും 66-കാരനായ കുഞ്ഞുകുട്ടിക്കും പറയാന്‍ വാക്കുകള്‍ മതിയാകുന്നില്ല. ആ അതിജീവന പോരാട്ടത്തെക്കുറിച്ച് ഇനി അവര്‍ പറയും.
ഭൂമിക്ക് ജീവന്‍ കൊടുത്തവര്‍

വെമ്പായം എന്ന ഗ്രാമത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഇത്രയും കാലം മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വാടകവീട്ടിലായിരുന്നു. അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പലപ്പോഴും വാടക കൊടുക്കാന്‍ സാധിക്കാറില്ലയിരുന്നു. ജീവിതം ഓരോ ദിവസം കൂടും തോറും കൂടുതല്‍ പ്രായസങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അരിപ്പയില്‍ സമരം തുടങ്ങുന്നത്. പിന്നീട് മറിച്ചൊന്നും ആലോചിക്കാതെ കയ്യിലുള്ളത് എല്ലാമെടുത്ത് സമരഭൂമിയിലേക്ക് വരുകയായിരുന്നു.
മുള്‍ക്കാടു കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു അന്ന് ഈ പ്രദേശമാകെ. സമരത്തിന് വന്ന ഓരോ മനുഷ്യനും ഓരോ യന്ത്രങ്ങള്‍ ആവുകയായിരുന്നു. വളരെ വേഗം തന്നെ ആ അധ്വാനം ഫലം കണ്ടു. കൃഷിയോഗ്യവും വാസയോഗ്യവുമാക്കി ഭൂമി മാറ്റാന്‍ യന്ത്ര സമാനമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. കപ്പയും കിഴങ് വര്‍ഗ്ഗങ്ങളും നെല്ലും ഉള്‍പ്പെടെ കൃഷിചെയ്തിരുന്നു. അക്കാലങ്ങളില്‍ ആഹാരം ഒരു നേരമെങ്കിലും എല്ലാവര്‍ക്കും നന്നായി കഴിക്കാമായിരുന്നു. എന്നാലിപ്പോള്‍ ഭരണകൂടം അതിനും സമ്മതിക്കാത്ത അവസ്ഥയാണ്.
അപകടത്തില്‍ പരിക്കുപറ്റി കിടപ്പിലായ ഭര്‍ത്താവുമാണ് സുനി സമരഭൂമിയിലെ ടാര്‍പോളിന്‍ ഷെഡില്‍ കഴിയുന്നത്. എ.ഡി.എം.എസിന്റെ സംസ്ഥാന ഭാരവാഹി കൂടിയാണിവര്‍. കെട്ട കാലത്തെ നീതി നിഷേധങ്ങളോട് സന്ധിയില്ലാത്ത പോരാട്ടത്തിനാണവര്‍ നേതൃത്വം കൊടുക്കുന്നത്. ചതുപ്പുഭൂമിക്ക് ഈ വിധം ജീവന്‍ നല്‍കിയ മനുഷ്യര്‍ക്ക് മണ്ണ് പതിച്ചു കൊടുക്കും വരെ പിന്മാറ്റമില്ലെന്നും അവര്‍ ഉറച്ചു പറയുന്നു.
അടക്കം ചെയ്യാനെങ്കിലും മണ്ണു വേണം

കോട്ടയത്തുനിന്നാണ് സമരത്തെക്കുറിച്ചറിഞ്ഞ് ഇവിടെ എത്തിപ്പെട്ടത്. ലക്ഷം വീട് കോളനിയിലെ മൂന്ന് സെന്റ് ഭൂമിയുള്ള ജന്മിയായിരുന്നു ഞാനും. കൂലിപ്പണിയെടുത്ത് നടുവൊടിഞ്ഞ ഈ പ്രായത്തിലാണ് മരണത്തെ കുറിച്ചൊക്കെ ആലോചിച്ചത്. അപ്പോഴാണ് മനസിലായത് ചത്താല്‍ കുഴിച്ചിടാന്‍ ആറടി മണ്ണു പോലും ഇല്ലെന്ന സത്യം. കാരണവന്മാരായ പലരെയും അടക്കിയത് വീട്ടിനുള്ളില്‍ തന്നെയാണ്. അതു കഴിഞ്ഞാല്‍ കുറേക്കാലം ആ വീട്ടിനുള്ളില്‍ കിടന്നുറങ്ങാന്‍ മനസ്സു സമ്മതിക്കില്ല. എനിക്കും ഭാര്യ അമ്മിണിക്കും അത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് അരിപ്പയില്‍ എത്തിയത്.
പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ചുണ്ടാക്കിയ കൂര പലതവണ മഴ കൊണ്ടുപോയതാണ്. എന്നാലും ഞങ്ങള്‍ ഇത് വിട്ട് പോകില്ല. മരിച്ചാലെങ്കിലും സ്വസ്ഥമായി നടു നിവര്‍ത്താനുള്ള സ്ഥലം ഞങ്ങള്‍ക്ക് കിട്ടണം. പനയോല ചീകി ചൂലു കെട്ടിയാണ് ഞങ്ങള്‍ രണ്ടുപേരും കഞ്ഞി കുടിക്കുന്നത്. മിക്ക ദിവസങ്ങളിലും പട്ടിണിയാണ്. അടുത്ത കൂരകളില്‍നിന്നു കിട്ടുന്ന ആഹാരമാണ് പലപ്പോഴും വിശപ്പ് മാറ്റുന്നത്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഉള്ളത് കൊണ്ട് ഞങ്ങള്‍ പങ്ക് വച്ചു കഴിക്കുന്നു. സമരം തീരുന്നത് വരെയെങ്കിലും മരിക്കാതെ പിടിച്ചു നില്‍ക്കണമല്ലോ.
66 വയസ്സായ കുഞ്ഞുകുട്ടിയുടെ വാക്കുകളാണിത്. സമരത്തിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാനല്ല ആ വൃദ്ധ ദമ്പതികള്‍ അസുഖം പേറുന്ന ശരീരവുമായി അരിപ്പയില്‍ എത്തിയത്. മരിച്ചാല്‍ കുഴിച്ചിടാനെങ്കിലുമുള്ള ഭൂമിക്കായാണ്. അരിപ്പയിലെ ചതുപ്പായി കിടന്ന 10 ഏക്കറോളം സ്ഥലത്ത് നെല്ലുവിളയിക്കാന്‍ പോന്ന ജീവിത അനുഭവങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അത്തരം മനുഷ്യരെയാണ് ഭരണകൂടം അനായാസം നിരാകരിക്കുന്നത്. സമരമുഖത്തുനിന്ന് മരണം കൊണ്ടല്ലാതെ പിന്മാറില്ലെന്ന് പറയുമ്പോള്‍ ചുളിവുവീണ മുഖത്ത് ആത്മവിശ്വാസം നിറയുന്നുണ്ടായിരുന്നു.
ഇരുട്ടില്‍ തിളങ്ങുന്ന അക്ഷരങ്ങള്‍

കൊറോണക്ക് ശേഷം ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ കറണ്ടുപോലും ഇല്ലാത്ത ഞങ്ങളെ ആരും ഓര്‍ത്തില്ല. ആറാം ക്ലാസ്സിലെ പുതിയ പാഠങ്ങള്‍ കൂട്ടുകാരികള്‍ ടി.വിയിലൂടെ പഠിക്കാന്‍ തുടങ്ങിയെന്ന് കേട്ടപ്പോള്‍ വല്ലാത്ത വിഷമം ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ക്ക് ടി.വി. സൗകര്യം കിട്ടിയത്. അതും മുപ്പതോളം വിദ്യാര്‍ത്ഥിള്‍ക്ക് ഒരു ടി.വി. അദ്ധ്യാപകര്‍ വിളിച്ച് പുസ്തകങ്ങള്‍ ഉടന്‍ തരാം എന്നു പറഞ്ഞപ്പോഴാണ് സമാധാനമായത്.
രാത്രിയൊന്നും പഠിക്കാനെ പറ്റില്ല. കറണ്ട് ഇല്ലാത്തതുകൊണ്ട് മണ്ണെണ്ണ വിളക്ക് കത്തിച്ചു വേണം പഠിക്കാന്‍. കുറച്ചു നേരം കത്തിച്ചു വക്കുമ്പോഴേക്കും വിളക്കിലെ പുക പുരമറച്ച ഷീറ്റിനുള്ളില്‍ നിറയും. പിന്നെ ശ്വാസം മുട്ടലും ചുമയുമാണ്. മിക്ക ദിവസങ്ങളും ഓരോ അസുഖങ്ങളാണ്. എന്നാലും എങ്ങനെയെങ്കിലും ക്ലാസ്സില്‍ പോകും. പഠിച്ച് എനിക്കൊരു ഡോക്ടര്‍ ആകണം. എന്നിട്ട് ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാര്‍ക്കും ഫ്രീയായിട്ട് മരുന്നു കൊടുക്കണം.
അഞ്ചാം ക്ലാസ്സുകരിയായ സോന വളരുന്നത് സമരഭൂമിയിലെ ചൂടേറ്റാണ്. പഠനത്തില്‍ മിടുക്കിയായ സോന അച്ഛന്റെയും അമ്മയുടെയും കൂടെ സമര മുഖങ്ങളിലും സജീവമാണ്. സമരത്തിന്റെ ഓരോ നീക്കവും ഭാവിയും ആ കുഞ്ഞു മനസ്സില്‍ കൃത്യമായിട്ടുണ്ട്. വിജയം കാണുന്നത് വരെ പിന്മാറില്ലെന്ന് പറയുമ്പോള്‍ കുഞ്ഞു കൈകള്‍ അറിയാതെ മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു. കാരണം അത് സോനയുടെ സ്വപ്നത്തിലേക്കുള്ള ഏക വഴിയാണെന്ന് അവള്‍ക്ക് വ്യക്തമായിട്ടറിയാം.
Content Highlights: Plz give us land for burial | Athijeevanam 51
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..