നൈമിത്ര ഒരു നിമിത്തമാണ്, തളര്‍ന്നുപോയ ജീവിതങ്ങള്‍ക്കുള്ള ചവിട്ടുപടി | അതിജീവനം 38


എ.വി. മുകേഷ് \ മാതൃഭൂമി ന്യൂസ്‌

7 min read
Read later
Print
Share

തളര്‍ത്തിയിട്ട കാലത്തെ നോക്കി സഹതപിക്കാന്‍ പോലും ഇന്ന് സമയമില്ല. സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി പറക്കാന്‍ ശ്രമിക്കുകയാണവര്‍.

ദീജ

ഴ്സറിയില്‍ കളിക്കുന്നതിനിടെയായിരുന്നു ചവിട്ടുപടിയില്‍ വീണ് ദീജയുടെ കാലിന് ചെറിയ മുറിവ് പറ്റിയത്. വിവരമറിഞ്ഞ് ഓടി വന്ന അമ്മ വീട്ടിലേക്ക് എടുത്തു കൊണ്ട് പോവുകയായിരുന്നു. വലിയ മുറിവൊന്നും ഇല്ലാത്തതിനാല്‍ അമ്മ തന്നെ കുളിപ്പിച്ച് മരുന്നൊക്കെ വച്ചു. കാലിലെ വേദന കുറഞ്ഞെങ്കിലും ശരീരത്തിനാകെ തളര്‍ച്ചയായിരുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ ശരീരവേദനക്കൊപ്പം പനിയും തുടങ്ങി. നിമിഷ നേരം കൊണ്ട് പനികൂടി ശരീരം വിറക്കാന്‍ തുടങ്ങി.

അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും തൊട്ടാല്‍ പൊള്ളുന്ന പനി അതുപോലെ നിന്നു. അടുത്ത ദിവസം പനി കുറഞ്ഞെങ്കിലും ദീജക്ക് മനസ്സിനൊപ്പം ശരീരത്തെ ചലിപ്പിക്കാന്‍ ആയില്ല. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ കിടക്കയില്‍നിന്ന് അനങ്ങിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അച്ഛന്‍ സതീശനും അമ്മ സുധര്‍മ്മിണിക്കും കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന ദീജക്ക് മുന്‍പില്‍ പകച്ചു നിലക്കാനെ ആയൊള്ളു.

പലസ്ഥലങ്ങളിലായി എണ്ണിയാലൊടുങ്ങാത്ത ചികിത്സകള്‍ നടത്തി. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം എസ്.എ.ടി. ആശുപത്രിയില്‍നിന്നു പരിശോധനാഫലം വന്നു. പോളിയോ എന്ന മഹാമാരി കുഞ്ഞു ദീജയുടെ ചലനം എന്നേക്കുമായി അവസാനിപ്പിച്ചു എന്ന്.

പിന്നീട് കടന്നുവന്ന വഴികള്‍ ഓരോന്നും വേദനയുടെയും നിസ്സഹായതയുടെയും മാത്രമായിരുന്നു. ജീവിതം തന്നെ നിശ്ചലമായ അവസ്ഥ. വര്‍ഷങ്ങളോളം കാലം ഒരേ തുരുത്തില്‍ ദീജയെ നങ്കൂരമിട്ട് കിടത്തി. അക്കാലത്ത് മനസ്സില്‍ പ്രതീക്ഷയുടെ ഒരു സ്വപ്നം പോലും മുള പൊട്ടിയില്ല. എന്നാല്‍ കടുത്ത സാമ്പത്തിക ബാധ്യതകള്‍ ദിനംപ്രതി കൂടി വന്നതോടെ നിസ്സഹായതക്കപ്പുറം അതിജീവനത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ചിന്തകള്‍ സ്വപ്നങ്ങളായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. മുളപൊട്ടിയ സ്വപ്നങ്ങള്‍ക്ക് പുറകെ മനസ്സുകൊണ്ട് എത്രയോ തവണ എഴുന്നേറ്റ് ഓടിയിരുന്നു.

Nymitra
ദീജ പാചകപ്പുരയില്‍.

പ്രതീക്ഷയും സ്വപ്നങ്ങളും അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. കാലം തളര്‍ത്തിയ ദീജയുടെ കൈപിടിക്കാന്‍ അവിടെ ഒട്ടേറെ മനുഷ്യര്‍ ഉണ്ടായിരുന്നു. ജീവിതപ്രതിസന്ധികളെ തരണം ചെയ്യാനുള്ള പലതരം വഴികള്‍ സുഹൃത്തുക്കള്‍ പങ്കുവച്ചു. വൈകാതെ തന്നെ ദീജ തന്റെ വഴി കണ്ടെത്തുകയായിരുന്നു. മലയാളിക്ക് ഏറെ ഇഷ്ട്ടമുള്ള അച്ചാര്‍ പരമ്പരാഗത രീതിയില്‍ ഉണ്ടാക്കുക.

മായം കലര്‍ത്താതെ ചെറിയ ലാഭമെടുത്ത് എല്ലാ മനുഷ്യരിലേക്കും എത്തിക്കുക. ആ സ്വപ്നത്തിന് ഒപ്പം നില്‍ക്കാന്‍ സുഹൃത്തായ നൗഷാദ് കൂടി വന്നു. പുതിയ സുഹൃത്ത് എന്ന് അര്‍ത്ഥം വരുന്ന 'നൈമിത്ര' എന്ന പേരില്‍ അച്ചാര്‍ ഉണ്ടാക്കാന്‍ തുടങ്ങി. നിശ്ചലമായി കിടന്നിരുന്ന ചക്രക്കസേരയുടെ തുരുമ്പ് ഇളകി സജീവമായി. തളര്‍ത്തിയിട്ട കാലത്തെ നോക്കി സഹതപിക്കാന്‍ പോലും ഇന്ന് സമയമില്ല. സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി പറക്കാന്‍ ശ്രമിക്കുകയാണവര്‍.

ദീജയെ പോലെ ശാരീരിക പരിമിതികള്‍ക്കപ്പുറം സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന നൂറുകണക്കിന് പേരുണ്ട് നമുക്ക് ചുറ്റും. അവരില്‍ മിക്ക ആളുകളെയും നമുക്ക് അറിയുകയും ചെയ്യാം. എന്നാല്‍ നമ്മള്‍ അറിയാത്ത, കാണാത്ത, കേള്‍ക്കാത്ത മനുഷ്യരും ഉണ്ട്. പ്രതീക്ഷയുടെ ഇത്തിരി വെട്ടം പോലുമില്ലാതെ മരണം സ്വപ്നം കണ്ട് നിശ്ചലമായി കിടക്കുകയാണ് അവരില്‍ പലരും.

കൈത്താങ്ങാവാന്‍ ആരുമില്ലാത്തത്തിന്റെ പേരില്‍ തുരുമ്പെടുത്ത ചക്രക്കസേരകള്‍ മാത്രമാണ് ചില മനുഷ്യര്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ അവസാന ഓര്‍മ്മ. എന്നാല്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്കും ഇനി മറന്നുപോയ സ്വപ്നങ്ങള്‍ കാണാം, പ്രതീക്ഷയുടെ ചിറകിലേറി കാലത്തെ വെല്ലുവിളിക്കാം. കാരണം ദീജ കണ്ടിരുന്ന സ്വപ്നം അത്തരം മനുഷ്യരുടേത് കൂടിയാണ്.

ശരീരം തളര്‍ന്നുപോയ ഒട്ടേറെ മനുഷ്യക്ക് അതിജീവിക്കാനുള്ള പ്രതീക്ഷ കൂടി കലര്‍ത്തിയാണ് ദീജ നൈമിത്രയുടെ ഓരോ അച്ചാര്‍ കൂട്ടുകളും ഉണ്ടാക്കുന്നത്. രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും മുന്‍പില്‍ നിശ്ചലമായി പോയ നൂറുകണക്കിന് മനുഷ്യരുണ്ട്. അവരെ പുതിയ പുലരികള്‍ കാണാന്‍ പ്രാപ്തരാക്കുക എന്നതാണ് ദീജ കണ്ട സ്വപ്നത്തിന്റെ പ്രധാന ഭാഗം. അവരെക്കൂടി നൈമിത്രയുടെ ഭാഗമാക്കി മലയാളിയുടെ ഓരൊ അടുക്കളയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണവര്‍.

സഹതാപമല്ല വേണ്ടത്. മായം കലര്‍ത്താതെ നിര്‍മ്മിക്കുന്ന ഉല്പങ്ങള്‍ക്കുള്ള അധ്വാനത്തിന്റെ വിലയാണ് ചോദിക്കുന്നത്. ലാഭത്തില്‍ മാത്രം കണ്ണുനട്ടിരുന്ന് സാമ്പത്തിക ശക്തിയാവനല്ല. തളര്‍ന്നുപോയ മനുഷ്യര്‍ക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനമാകാനാണ്.

ഓര്‍മ്മകള്‍ക്ക് മരുന്നിന്റെ മണമാണ്

Nymitra
ദീജ

തിരുവനന്തപുരം വര്‍ക്കലയിലെ മുത്താന എന്ന കൊച്ചു ഗ്രാമത്തിലാണ് ദീജ അതിജീവനത്തിന്റെ സ്വപ്നങ്ങളുമായി ജീവിക്കുന്നത്. വാടക വീടിന്റെ ചെറിയ തണലില്‍ വലിയ സ്വപ്നങ്ങള്‍ക്കൊപ്പം ആ കുടുംബം ഉറങ്ങി ഉണര്‍ന്നു. ലോറിയിലെ ക്ലിനറായിരുന്നു അച്ഛന്‍. അസുഖങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അതുകൊണ്ട് തന്നെ അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത് തുച്ഛമായ വരുമാനം കൊണ്ടായിരുന്നു.

ജീവിതം കടുത്ത പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുന്ന സമയത്താണ് ദീജ നഴ്സറിയില്‍ വീണ് പരിക്ക് പറ്റുന്നത്. പനിയും ക്ഷീണവുമായി തുടങ്ങി അതിവേഗം മഹാരോഗമായി മാറുകയായിരുന്നു. അതോടു കൂടി ജീവിത പ്രാരാബ്ധങ്ങളും പതിന്മടങ്ങായി. വിരുന്നുകാരനായിരുന്ന പട്ടിണി സ്ഥിര തമാസക്കാരനായി.

ആശുപത്രികള്‍ പോളിയോ തളര്‍ത്തിയ ശരീരത്തിന് മുന്‍പില്‍ മുട്ടുകുത്തി. പിന്നീട് നാട്ടിലുള്ള സകല നാട്ടുവൈദ്യങ്ങളും മാറിമാറി പരീക്ഷിച്ചു. ഒടുവില്‍ ശരീരചലനങ്ങള്‍ എന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന യാഥാര്‍ഥ്യം മനസ്സിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

കടുത്ത പ്രാരാബ്ധങ്ങള്‍ക്കിടയിലും അച്ഛനും അമ്മയും മകളെ സുഖപ്പെടുത്താനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. മരുന്നുകള്‍ക്കൊപ്പം പ്രാര്‍ത്ഥനകളും തുടര്‍ന്നു. പള്ളികളിലും അമ്പലങ്ങളിലും പ്രതീക്ഷയോടെ കണ്ണുനിറഞ്ഞ് പ്രാര്‍ത്ഥിച്ചു.

രോഗപീഡക്കിടയിലും അച്ഛന്‍ മൂന്ന് തവണ ദീജയെ തോളില്‍ എടുത്തുകൊണ്ട് ശബരിമല കയറി. എന്നാല്‍ മരുന്നും മന്ത്രവും ഫലം കണ്ടില്ല. പക്ഷെ ഇതെല്ലാം അതിജീവിക്കാനുള്ള മാനസിക ധൈര്യം അപ്പോഴേക്കും കൈവന്നിരുന്നു.

വര്‍ഷങ്ങളോളം മരുന്നുകള്‍ക്കുള്ളില്‍ ആയിരുന്നു ജീവിതം. ഒറ്റമുറി വീട് നിറയെ വ്യത്യസ്തമായ മരുന്നുകളായിരുന്നു. ജനലഴിക്കുള്ളിലൂടെ വരുന്ന കാറ്റിന് പോലും ഓരോ മരുന്നിന്റെ ഗന്ധമായിരുന്നു. എത്ര കാലം മരുന്നു കഴിച്ചു എന്നത് ഓര്‍ക്കാന്‍ പോലുമാകുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിനും കുടിക്കുന്ന വെള്ളത്തിനും മരുന്നിന്റെ രുചിയായിരുന്നു. ഗുളികകളുടെയും കഷായത്തിന്റെയും കയ്പുള്ള ഒര്‍മ്മകള്‍ മാത്രമായിരുന്നു ബാല്യം.

Nymitra
ദീജ

അക്ഷരങ്ങളും പ്രതീക്ഷയും

മാസങ്ങള്‍ കടന്നു പോയത് കിടന്ന കിടപ്പില്‍ അറിഞ്ഞതേയില്ല. ചേച്ചി സ്‌കൂളില്‍ പോകുമ്പോള്‍ പല തവണ ആഗ്രഹിച്ചതാണെങ്കിലും ശരീരം അനുവദിച്ചില്ല. ഒരേ ചുമരുകള്‍ക്കുള്ളില്‍ വര്‍ഷങ്ങള്‍ കടന്നുപോയി. അക്ഷരങ്ങള്‍ പഠിക്കണം എന്ന ആഗ്രഹം പലപ്പോഴും കണ്ണു നിറച്ചു. കാര്യങ്ങള്‍ അറിഞ്ഞ അയല്‍വാസികൂടിയായ ജയലത ചേച്ചി അക്ഷരങ്ങള്‍ പഠിപ്പിച്ചു കൊടുത്തു.

നിരന്തരശ്രമം കൊണ്ട് അനായാസം അക്ഷരങ്ങള്‍ ഓരോന്നും വഴങ്ങി. ദീജയുടെ നിര്‍ബന്ധപ്രകാരം പതിനാലാം വയസ്സില്‍ നാലാം ക്ലാസ്സില്‍ ചേര്‍ത്തു. അച്ഛനും അമ്മയും മാറി മാറി തോളില്‍ എടുത്താണ് വിദ്യാലയത്തിലേക്ക് കൊണ്ടുപോയിരുന്നത്. നല്ല സമീപനമായിരുന്നു അധ്യാപകര്‍ക്കും കുട്ടികള്‍ക്കും.

എന്നാല്‍ ഒരു അധ്യാപകന്‍ മുഖത്തുനോക്കി 'നിനക്കൊക്കെ വീട്ടില്‍ ഇരുന്നാല്‍ പോരെ എന്തിനാണ് ഇങ്ങോട്ട് വരുന്നതെന്ന്' ചോദിച്ചപ്പോള്‍ തകര്‍ന്നുപോയി. അന്നേവരെ കണ്ട സ്വപ്നങ്ങള്‍ എല്ലാം ആ ക്ലാസ്സില്‍ അവസാനിപ്പിച്ചു. അത്രമേല്‍ കുഞ്ഞ് ദീജയെ മുറിപ്പെടുത്തിയിരുന്നു അധ്യാപനത്തിന്റെ അര്‍ത്ഥം അറിയാത്ത അധ്യാപകന്റെ വാക്കുകള്‍.

പിന്നീട് ഒരിക്കലും വിദ്യാലയത്തിലേക്ക് പോകാന്‍ ദീജക്ക് മനസ്സുവന്നിട്ടില്ല. സഹപാഠികള്‍ക്കു മുന്നില്‍
അപമാനിക്കപ്പെട്ടത്തിന്റെ ദുഃഖമായിരുന്നു മനസ്സില്‍. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത വാശി അതോടുകൂടി മനസ്സില്‍ വന്നിരുന്നു. എങ്ങനെയെങ്കിലും പഠിക്കണം എന്ന ചിന്ത ഉറങ്ങാന്‍ പോലും സമ്മതിക്കാതെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

സ്‌കൂള്‍ കഴിഞ്ഞ് ചേച്ചി വരാന്‍ വേണ്ടി കാത്തിരിക്കും. അവരിലൂടെയായിരുന്നു വിദ്യാലയത്തിന്റെയും സഹപാഠികളുടെയും വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. രാവിലെ മുതല്‍ പത്രം ഒരക്ഷരം വിടാതെ വായിച്ചു തീര്‍ക്കും. സംശയമുള്ള ഭാഗങ്ങള്‍ അടയാളപ്പെടുത്തി മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കും. വളരെ പെട്ടെന്ന് തന്നെ നല്ല വായനക്കാരിയായി. എണ്ണമറ്റ പുസ്തകങ്ങളാണ് വായിച്ചു തീര്‍ത്തത്.

കൂടുതല്‍ അറിവിനായി ഇംഗ്ലീഷ് ഭാഷ കൂടെ പഠിക്കണം എന്നതായിരുന്നു അടുത്ത സ്വപ്നം. ഒട്ടും വൈകാതെ പഠനം തുടങ്ങി ദിവസങ്ങള്‍ക്കകം അക്ഷരങ്ങള്‍ മനഃപാഠമായി. ഡിക്ഷ്ണറികള്‍ നോക്കി വാക്കുകളുടെ അര്‍ത്ഥം സ്വയം കണ്ടെത്തി പഠിച്ചു. മാസങ്ങള്‍ക്കുള്ളില്‍ അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ സാധിച്ചു. 2001 ആയതോടെ സമീപവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളില്‍ ക്ലാസ്സ് എടുക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മടിച്ചു നിന്ന രക്ഷിതാക്കള്‍ ദീജയുടെ പഠനത്തോടുള്ള സമീപനത്തിനു മുന്‍പില്‍ കുട്ടികളെ വിടുകയായിരുന്നു.

ഒന്നാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 13 കുട്ടികള്‍ക്ക് ഒരേ സമയം വിദ്യ പകര്‍ന്നു നല്‍കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ വന്നെങ്കിലും വീട്ടിലെ സ്ഥലപരിമിതി അതിന് അനുവദിച്ചിരുന്നില്ല. തന്നെ ആട്ടിയോടിച്ച അധ്യാപകനോട് ഇപ്പോള്‍ ദീജക്ക് സ്‌നേഹം മാത്രമാണ്. അല്ലെങ്കില്‍ ഒരുപക്ഷേ അത്ര വാശിയോടെ പഠിക്കാന്‍ സാധിക്കില്ലായിരുന്നു. അക്ഷരങ്ങള്‍ തന്നത് വലിയ ആത്മാവിശ്വാസമായിരുന്നു എന്ന് പറയുമ്പോള്‍ ദീജയുടെ കണ്ണുകളില്‍ ആ തിളക്കം കാണാമായിരുന്നു.

നൗഷാദും നൈമിത്രയും

Nymitra
നൗഷാദിനൊപ്പം ദീജ

വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുദിനം മോശമായി വരുന്നത് മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. മുന്നോട്ട് പോയേ തീരൂ എന്ന തീരുമാനം പുതിയ വഴികള്‍ തുറന്നു തന്നു. സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഫാന്‍സി ആഭരണ നിര്‍മ്മാണം പഠിച്ചു. രവിലെ മുതല്‍ ഇരുട്ടുംവരെ വിവിധങ്ങളായ നിറങ്ങളില്‍ ആഭരണങ്ങള്‍ ഉണ്ടാക്കി.

ആയിടക്കാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഗോപകുമാര്‍ വീല്‍ചെയര്‍ നല്‍കുന്നത്. മറ്റാരോ ഉപയോഗിച്ചിരുന്ന ഒന്നാണെങ്കിലും അതില്‍ ഇരുന്ന് ഒറ്റക്ക് മുന്നോട്ട് പോകുമ്പോള്‍ വലിയ ആത്മവിശ്വാസം കിട്ടിയിയിരുന്നു. ചെറിയ തകരാറുകള്‍ വന്നതോടെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായി വന്നു. ഇതെല്ലാം അറിഞ്ഞ സമീപവാസിയായ അംബിക പുതിയ വീല്‍ചെയര്‍ സ്‌നേഹസമ്മാനമായി കൊടുത്തു.

ചെറിയ വാടകവീട്ടില്‍ വീല്‍ചെയര്‍ ഉരുളാനുള്ള സ്ഥല പരിമിതി കാരണം പുറംകാഴ്ചകള്‍ അപ്പോഴും അന്യമായിരുന്നു. ആയിടെയാണ് സര്‍ക്കാരില്‍നിന്ന് വീടു വെക്കാനുള്ള ചെറിയ സഹായധനം ലഭിക്കുന്നത്. ആറു സെന്റ് സ്ഥലത്ത് വലിയൊരു തുക ബാങ്ക് ലോണും എടുത്ത് വീടുപണി പൂര്‍ത്തിയാക്കി. അപ്പോഴേക്കും കടങ്ങള്‍ ഇരട്ടിച്ചിരുന്നു എങ്കിലും പുതിയ കാഴ്ച്ചകള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കി.

കാലം പിന്നെയും ആ മനുഷ്യരെ വെറുതെവിട്ടില്ല. അച്ഛനെ ക്യാന്‍സര്‍ വിടാതെ പിടിച്ചു. അതോടെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടായി. ബാങ്കിലെ കടങ്ങള്‍ ഉള്‍പ്പെടെ തലക്ക് മുകളില്‍ അസ്വസ്ഥമായി പറന്നുകൊണ്ടിരുന്നു. മുന്നോട്ട് പോകാന്‍ എന്തു ചെയ്യും എന്ന് ആലോചിച്ചു വലഞ്ഞു.

മാമന്റെ മകനായ ശ്രീക്കുട്ടനാണ് ഫേസ്ബുക്കിന്റെ സാധ്യതകളെ കുറിച്ചും. ശാരീരിക പരിമിതി ഉള്ളവര്‍ക്ക് ഒരുപാട് ഗ്രൂപ്പുകള്‍ ഉണ്ട് എന്നുമൊക്കെ പറഞ്ഞത്. വളരെ പെട്ടെന്നു തന്നെ സ്‌നേഹസാഗരം എന്ന ഗ്രൂപ്പിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരാളായി ദീജ മാറി. പല സഹായവാഗ്ദാനങ്ങളും കിട്ടി എങ്കിലും വെറുതെ ആരുടെയും ഒന്നും വേണ്ടായിരുന്നു.

ഫേസ്ബുക്ക് സുഹൃത്തായ അഞ്ചല്‍ സ്വദേശി നൗഷാദ് ആണ് ജീവിതം അടിമുടി മാറ്റിമറിച്ചത്. അദ്ദേഹമാണ് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന അച്ചാര്‍ നിര്‍മ്മാണം തുടങ്ങാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാം എന്ന് ഏറ്റത്. മുടക്കിയ പണം തിരിച്ചു തരുമ്പോള്‍ വാങ്ങിക്കണം എന്ന നിബന്ധനയോടെ 5000 രൂപ നൗഷാദിന്റെ കയ്യില്‍നിന്നു സ്വീകരിച്ചു. അത്യാവശ്യം സാധനങ്ങളും വാങ്ങി അമ്മയുടെയും ചേച്ചിയുടെയും സഹായത്തോടെ അച്ചാര്‍ ഉണ്ടാക്കി.

ഒരു തരത്തിലുമുള്ള മായവും കലര്‍ത്താതെ വ്യത്യസ്ത തരം അച്ചാറുകളാണ് ഉണ്ടാക്കിയത്. നൈമിത്ര എന്ന പേരിലേക്ക് എത്താനും അധികം ആലോചിക്കേണ്ടി വന്നില്ല. തുടര്‍ന്ന് എങ്ങനെ വിറ്റഴിക്കും എന്നതായിരുന്നു അടുത്ത സംശയം. എന്നാല്‍ ഫേസ്ബുക്ക് അതിനും പരിഹാരം കണ്ടെത്തി കൊടുത്തു. മറ്റു ജില്ലകളിലെ ആളുകള്‍ പോലും ആവശ്യക്കാരായി വന്നു. പണം അടച്ചവര്‍ക്ക് കൊറിയര്‍ ചെയ്തു കൊടുത്തു. ദിവസങ്ങള്‍ക്കകം നൈമിത്ര അച്ചാറുകള്‍ വിറ്റഴിഞ്ഞു.

Nymitra
ദീജ

പ്രതീക്ഷിച്ചതിനെക്കാളും വലിയ പിന്തുണയായിരുന്നു പിന്നീട് കിട്ടിയത്. അതിനൊരു പ്രധാന കാരണം അച്ചാറിന്റെ ഗുണനിലവാരം തന്നെയായിരുന്നു. കൂടുതല്‍ വിപുലമാക്കാന്‍ നൗഷാദും ദീജയും തീരുമാനിച്ചു. അപ്പോഴും പണം ഒരു വില്ലനായി. അവിടെയും സുഹൃത്തുക്കള്‍ കൈത്താങ്ങായി. സുബിത്തിന്റെ പേരില്‍ 2 ലക്ഷം ബാങ്ക് ലോണ്‍ എടുത്തു. ഏറെ കായികാധ്വാനം വേണ്ടി വന്നതോടെ മറ്റൊരാളുടെ സഹായമില്ലാതെ മുന്നോട്ട് പോകില്ലെന്ന അവസ്ഥ വന്നു.

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നൈമിത്രക്ക് വേണ്ടി നൗഷാദ് നാട്ടിലേക്ക് വന്നു. ചെറിയ കടമുറി വാടകക്കെടുത്തു. വളരെ നന്നായി ഇപ്പോള്‍ വില്‍പ്പന മുന്നോട്ട് പോകുന്നുണ്ട്. എങ്കിലും പരസ്യങ്ങളും വര്‍ണ്ണക്കടലാസ്സിലും പൊതിയാത്ത നൈമിത്ര അച്ചാറുകള്‍ മിക്ക വീടുകള്‍ക്കും അന്യമാണ്. ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും വീട് ജപ്തി ഭീഷണിയിലാണ്. മായം കലര്‍ത്താത്ത തങ്ങളുടെ അധ്വാനം വൈകാതെ തന്നെ ആളുകള്‍ തിരിച്ചറിയും എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്.

വീണുപോയ ഒട്ടേറെ മനുഷ്യര്‍ക്ക് ജീവിതത്തിന്റെ രുചി പകരാന്‍ നൈമിത്ര കരുത്താര്‍ജ്ജിക്കും എന്ന ആത്മാവിശ്വാസത്തിലാണ് ദീജയിപ്പോള്‍.

Content Highlights: Nymitra and story of a young lady who fight against polio | Athijeevanam 38

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented