ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തങ്കമ്മയുടെ അടുപ്പിനു മുകളിൽ സ്ഥാപിച്ച ക റെയിൽ അടയാളക്കല്ല് | ഫോട്ടോ: അജയ്
'ഒരു മുന്നറിയിപ്പും തരാതെയാണ് മഞ്ഞക്കല്ലുമായി അവരൊക്കെ വന്നത്. എന്റെ മുഖത്തു പോലും നോക്കാതെ അടുപ്പിളക്കി മാറ്റി കല്ലിട്ടു. ആവുന്നത്ര ഉച്ചത്തിൽ ചെയ്യരുതെന്ന് കരഞ്ഞ് പറഞ്ഞു. എനിക്കതിനെ ആകുമായിരുന്നൊള്ളൂ. പിന്നെ എപ്പോഴോ ബോധം പോയി.'
വികസനത്തിന്റെ ചൂളംവിളിയിൽ നിശ്ശബ്ദരാക്കപ്പെട്ട ആയിരങ്ങളുടെ പ്രതിനിധിയാണ് തങ്കമ്മ. മൂന്നര സെന്റ് പുരയിടത്തിലെ ജീവിതമിപ്പോൾ നിരാശയുടെ കടലാഴങ്ങളിലാണ്. പ്രതീക്ഷയുടെ ചെറുതിര പോലും അവർക്കൊപ്പമില്ല.
ജീവിതത്തിലെ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ചത് ഒറ്റമുറി കൂര തന്ന സുരക്ഷിതത്വത്തിലാണ്. തനിച്ചായപ്പോഴും ജീവിക്കാൻ പ്രേരിപ്പിച്ചത് ആ തണലാണ്. ഒടുവിലത്തെ പ്രത്യാശയാണ് ഷീറ്റു മേഞ്ഞ ഒറ്റമുറി കൂര. അവിടെയാണിപ്പോൾ വികസനത്തിന്റെ കല്ലുകൾ സ്ഥാപിച്ചത്.
പുക കയറി കരി പിടിക്കാൻ ഇടമില്ലാതെ വന്നപ്പോഴാണ് അടുപ്പ് പുറത്താക്കിയത്. അത് ഇളക്കി മാറ്റിയാണ് അന്നത്തിനു മുകളിൽ അടയാളക്കല്ല് സ്ഥാപിച്ചത്. നെഞ്ച് പൊട്ടി കരയുമ്പോഴും ബൂട്ടിട്ട കാലുകൾ അടുപ്പുകല്ലിന് മുകളിലുണ്ട്. ആ കാഴ്ച്ചയോളം മറ്റൊന്നും ഇക്കാലത്തിനിടക്ക് വേദനിപ്പിച്ചിട്ടില്ല. അന്നത്തിന്റെ വില എന്താണ് ഇവർക്ക് മനസ്സിലാവാത്തതെന്ന് ചോദിച്ച് തങ്കമ്മ വിങ്ങി. അതുവരെ പിടിച്ചുവച്ച സങ്കടം സഹിക്കാനാവാതെ ഉറക്കെ കരഞ്ഞു.

ഓർമ്മകൾ നിറയെ വേദനയാണ്
സാമുവലിന്റെയും അന്നമ്മയുടെയും നാലു മക്കളിൽ ഒരാളാണ് തങ്കമ്മ. ചെങ്ങന്നൂരിലെ കൊഴുവല്ലൂർ ഗ്രാമത്തിലാണ് ജീവിതത്തിന്റെ വേരുകൾ പടർത്തിയത്. പ്രാരാബ്ധങ്ങൾക്കിടയിലും പത്താം ക്ലാസ് പൂർത്തിയാക്കി. പത്തൊമ്പതാമത്തെ വയസ്സിൽ ജോർജ് മാത്യു ജീവിതത്തിന്റെ കൈപിടിച്ചു. ഒറ്റമുറി വീട്ടിലെ ചെറിയ കാഴ്ചകൾക്കപ്പുറത്തെ വാതിൽ തുറന്നത് വിവാഹത്തിലൂടെയാണ്.
രാജ്യത്തിന്റെ പലയിടങ്ങളിലായി അദ്ദേഹത്തിനൊപ്പം ചെറിയ ജോലികൾ ചെയ്തു. മകൻ ജനിച്ചതോടെ ജീവിതത്തിന് കൂടുതൽ പ്രതീക്ഷ കൈവന്നു. വർഷങ്ങൾക്ക് മുൻപ് സ്വന്തം ജീവിതം നോക്കി ജോർജ് ഇറങ്ങി പോയി. അതോടെ പ്രതീക്ഷയറ്റ് അനിശ്ചിതത്ത്വത്തിലായി.
തിരികെ എത്തിയപ്പോൾ പല വഴിക്കായ സഹോദരങ്ങളാണ് ആശ്രയമായത്. അച്ഛന്റെയും അമ്മയും മരണത്തോടെ കൂരയും നിലംപൊത്തിയിരുന്നു. ഓഹരിയായി കിട്ടിയ മൂന്നര സെന്റിൽ സഹോദരന്റെ സഹായത്തോടെ ഷെഡ് കെട്ടി. മകന്റെ പഠനത്തിനും ജീവിതച്ചെലവുകൾക്കുമായി വീട്ടുജോലികൾ ചെയ്തു തുടങ്ങി. ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് വിശ്രമമില്ലാത്ത അധ്വാനമാണ്.
വേദനയുടെ കഴിഞ്ഞ കാലം ഓർത്തതുകൊണ്ടാകണം തങ്കമ്മയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. ഇനി കരയാൻ കണ്ണീരില്ലാത്ത വിധം മുഖം വരണ്ടു. കരഞ്ഞ് ചുവന്ന കണ്ണുകൾ അവർ കടന്നുവന്ന വഴികളെ വേദനയോടെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒന്നും പറയാതെ തന്നെ ആ ശരീരം എല്ലാം അടയാളപ്പെടുത്തി.

ഈ മണ്ണ് ഇല്ലാതായാൽ
കാലപ്പഴക്കം കാരണം ഷീറ്റുകൾ പലതും ദ്രവിച്ചിട്ടുണ്ട്. താങ്ങി നിർത്തുന്ന മരത്തൂണുകളും ചിതലരിച്ചു തുടങ്ങി. പേരിന് മാത്രമാണ് വാതിൽ. ഒരു കാറ്റടിച്ചാൽ തനിയെ തുറക്കും. ഉള്ളിലെ അരണ്ട വെളിച്ചത്തിൽ യേശുദേവന്റെ മുഖം അവ്യക്തമായി കാണാം. ഒരു മൂലയിൽ ചെറിയ കട്ടിലുണ്ട്. ഏതാനും പാത്രങ്ങളും. അകത്ത് സ്ഥലമില്ലാത്തതു കൊണ്ടാണ് അടുപ്പ് പുറത്താക്കിയത്. അതാണിപ്പോൾ അധികാരികൾ ഇല്ലാതാക്കിയത്.
അതിരാവിലെ എഴുന്നേറ്റ് ജോലികൾ ചെയ്തുതീർക്കും. മറ്റ് വീടുകളിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടും. വർഷങ്ങളായി അതിന്റെ ആവർത്തനമാണ്. നിനച്ചിരിക്കാതെ ഉണ്ടായ അപകടം വലിയ പ്രതിസന്ധിയായി. കയ്യിലെ എല്ലിന് ക്ഷതമേറ്റു. സ്റ്റീൽ കമ്പി ഇടേണ്ടിവന്നു. ഭാരമുള്ള ഒരു ജോലിയും ചെയ്യാൻ പാടില്ല. അടുത്തവീട്ടിലെ പ്രായമായ അമ്മയെ നോക്കുകയാണിപ്പോൾ. അങ്ങനെ കിട്ടുന്ന ചെറിയ തുക കൊണ്ടാണ് ജീവിക്കുന്നത്.
'നിസ്സാരപ്രാണികളായ പാവങ്ങളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്ന്' ചോദിക്കുമ്പോൾ തങ്കമ്മയുടെ കണ്ണിൽ വീണ്ടും നനവ് പടർന്നു. ചുളിവു വീണ് കരുവാളിച്ച കവിളിൽ കണ്ണീർ പടർന്നു. മണ്ണിലേക്ക് വീണ് എവിടെയോ ആ തുള്ളികൾ മറഞ്ഞു. കരയാൻപോലും മണ്ണില്ലാതെയാകുമോ എന്ന ചിന്ത അവരെ കൂടുതൽ ഭയപ്പെടുത്തി. വികസനത്തിനായി മുൻ കാലങ്ങളിൽ ഒഴിഞ്ഞ് പോയ മനുഷ്യരുടെ അവസ്ഥയും കണ്ണീരിനൊപ്പം പറഞ്ഞു.

ഇവിടം വിട്ട് എവിടെ പോകാനാണ്
'ഈ മണ്ണ് ഇല്ലാതായാൽ ഞാനും ഉണ്ടാവില്ല.' ഒറ്റ ശ്വാസത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു. വേവലാതിപ്പെട്ട് ഇനിയും ജീവിക്കാൻ വയ്യെന്നാണ് തങ്കമ്മ സങ്കടം കലർന്ന ശബ്ദത്തിൽ പറഞ്ഞു നിർത്തിയത്. സർവ്വെ കല്ലിട്ട ദിവസത്തെ ഓർമ്മകൾ ഇപ്പോഴും അവരെ ഭീതിപ്പെടുത്തുന്നുണ്ട്. ബോധം മറയും മുൻപ് നോക്കിയപ്പോൾ അധികാരത്തിന്റെ ബൂട്ടുകൾ അടുപ്പുകല്ലിന് മുകളിലായിരുന്നു. ആ കാഴ്ച്ച തീരാത്ത വേദനയിലേക്കാണ് തള്ളിയിട്ടത്.
തന്നെ മുൻനിർത്തി ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകങ്ങളാണെന്നും സ്വര്യമായി ജീവിക്കാൻ അനുവദിക്കൂ എന്നുമാണ് വേദനയോടെ പറയുന്നത്. സർക്കാരിന്റെ വീടിനായി കാത്തിരുന്നത് വർഷങ്ങളാണ്. മരിക്കും മുൻപെങ്കിലും ചോർച്ചയില്ലാത്ത വീട് സ്വന്തം നാട്ടിൽ തന്നാൽ അവർക്കൊപ്പം നിൽക്കും. വികസനത്തിന് ഒപ്പമോ എതിരോ ആയ രാഷ്ട്രീയ പ്രസ്താവനയല്ലത്. ജനിച്ച മണ്ണിൽ ജീവിക്കാനായുള്ള ഒരമ്മയുടെ അഭ്യർത്ഥനയാണ്.
അധികാരം എല്ലാ മുഷ്ക്കും സാധാരണ മനുഷ്യന് മേൽ ചെലുത്തുമ്പോൾ നഷ്ടപ്പെടുന്നത് ഇടതുപക്ഷ മനസ്സാണെന്ന് കൂടെ അവർ ഓർമ്മിപ്പിക്കുന്നുണ്ട്. ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിതയിൽ പറഞ്ഞതു പോലെ ആ മനുഷ്യർക്ക് വേണ്ടത് എവിടേക്ക് പോകണം എന്ന ഉത്തരമാണ്. ബാക്കിയാകുന്നത് ഇനി ഏത് ദേശക്കാർ എന്ന ചോദ്യമാണ്.
Content Highlights: Not in the oven, it's a stone of fear on her life | Athijeevanam 90
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..