ഗീത | ഫോട്ടോ: ജയരാജ് കൊയിലാണ്ടി
"അതെന്താ സ്ത്രീകള്‍ക്ക് ചുമട്ടുതൊഴില്‍ ചെയ്താല്‍...? വത്സല മാഡത്തിന്റെ കനത്ത ശബ്ദം സ്റ്റേഷനില്‍ ആകെ മുഴങ്ങി. റെയില്‍വേയുടെ വലിയ ഉദ്യോഗസ്ഥയായിരുന്നു അവര്‍. നിമിഷങ്ങളോളം കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ ആകെ നിശബ്ദമായി. ഉടനെ മാഡം എന്റെ നേരെ തിരിഞ്ഞ് ഒറ്റ ചോദ്യമായിരുന്നു, ധൈര്യമുണ്ടോ നിങ്ങള്‍ക്ക് ഈ ജോലി ഏറ്റെടുക്കാന്‍. പറഞ്ഞു തീരുംമുമ്പേ തയ്യാറാണെന്ന് പറഞ്ഞു. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കികൊള്ളാമെന്ന് പറഞ്ഞ് ചിരിച്ചു കൊണ്ടവര്‍ തോളില്‍ തട്ടി. അടുത്ത ദിവസം മുതല്‍ തുടങ്ങിയതാണ് സ്റ്റേഷനിലെ പോര്‍ട്ടര്‍ ജോലി."
ജീവിതഭാരം കുറക്കാന്‍ ഗീത ഭാരമേറ്റാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. പോര്‍ട്ടര്‍ ആയിരുന്ന ഭര്‍ത്താവ് മോഹനന്‍ മരിച്ചപ്പോള്‍ വന്ന ഒഴിവിലേയ്ക്കാണ് ഗീതയ്ക്ക് നിയമനം ലഭിച്ചത്. ഓര്‍മ്മ വച്ച കാലം മുതല്‍ അധ്വാനം ശീലമായ ശരീരത്തിന് പുതിയ ജോലിയും പ്രയാസമായില്ല. എത്ര ഭാരവും മറ്റാരെപ്പോലെയും അവര്‍ കൈകാര്യം ചെയ്യും. ഇവര്‍ക്കിത് എടുക്കാന്‍ സാധിക്കുമോ എന്ന ചിന്ത പുറത്തു വരുന്നതിന് മുന്‍പെ ഗീത അത് തോളില്‍ കയറ്റി നടക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.
ഇന്ത്യയില്‍തന്നെ വിരലില്‍ എണ്ണാവുന്ന സ്ത്രീ ചുമട്ടു തൊഴിലാളികളില്‍ ഒരാളാണ് ഗീത. 64-ാം വയസ്സിലും തീവണ്ടിയുടെ വേഗതയ്‌ക്കൊപ്പം ഓടാന്‍ സാധിക്കുന്നത് മനസ്സിന്റെ കരുത്തു കൊണ്ടുകൂടെയാണ്. കൊറോണക്ക് ശേഷം വലിയ ബുദ്ധിമുട്ടിലൂടെയാണ് ജീവിതം കടന്നുപോയത്. വൈറസ് ഭീതിയില്‍ നാട് അടച്ചപ്പോള്‍ അര്‍ദ്ധ പട്ടിണിയിലായിരുന്നു. ട്രെയിനുകള്‍ നിലച്ചപ്പോഴും മിക്ക ദിവസങ്ങളിലും റെയില്‍വെ സ്റ്റേഷനില്‍ പോയി അല്‍പ്പനേരം ഇരിക്കും.
നിശബ്ദമായ സ്റ്റേഷനും നോക്കെത്താ ദൂരെ നീണ്ടു കിടക്കുന്ന തീവണ്ടി പാളങ്ങളും ഉള്ള് പൊള്ളിച്ചിരുന്നു. ഇക്കാലമത്രയും വിള്ളലുകള്‍ വീണ പാളങ്ങളിലൂടെയാണ് ജീവിതം കൊണ്ടുപോയത്. എങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിലച്ചു പോകാതെ കുതിച്ചു പായാനുള്ള ഇന്ധനം കാലം അവരില്‍ കരുതി വച്ചിട്ടുണ്ട്. ഗീതയുടെ അതിജീവനത്തിന്റെ ആ യാത്ര സ്വപ്നതുല്യമാണ്.

നെയ്‌തെടുത്ത ജീവിതം
കോഴിക്കോട് കൊയിലാണ്ടിയിലെ നെയ്ത്ത് ഗ്രാമത്തിലാണ് ഗീത ജനിച്ചുവളര്‍ന്നത്. ഗ്രാമത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയും നെയ്ത്തുമായിരുന്നു. അക്കാലത്ത് അവിടെനിന്നു നെയ്തു വരുന്ന സാരിക്കും തോര്‍ത്തിനും വലിയ ആവശ്യക്കാരുമുണ്ടായിരുന്നു. അച്ഛന്‍ ചാപ്പനും നെയ്ത്തായിരുന്നു തൊഴില്‍. ശ്രീദേവിയുടെയും ചാപ്പന്റെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയാണ് ഗീത. വലിയ വറുതികളുടെ കാലത്തും വിശപ്പറിയാതെ ജീവിക്കാന്‍ ചെറിയ മില്ലിലെ നെയ്ത്ത് ജോലികൊണ്ട് സാധിച്ചിരുന്നു.
പഠനത്തിനും കുടുംബത്തില്‍ തടസ്സങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍, വിദ്യാലയത്തില്‍ പോകുന്നതിനേക്കാള്‍ കൈത്തൊഴില്‍ പഠിക്കുന്നതിനായിരുന്നു അക്കാലത്ത് മുന്‍ഗണന. ഗീതയും ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി അച്ഛന്റെ കൂടെ നെയ്ത്തിന് പോവുകയായിരുന്നു. ഇഴ പൊട്ടാതെ നൂലെടുത്ത് നെയ്യാന്‍ ആദ്യമൊക്കെ ഏറെ പ്രയാസപ്പെട്ടു. കാലങ്ങളായുള്ള പരിശ്രമത്തിനൊടുവില്‍ തറിയില്‍ അനായാസം നെയ്‌തെടുക്കാന്‍ സാധിച്ചു.
സാരിയും തോര്‍ത്തും മുണ്ടും മറ്റാരേക്കാളും വേഗതത്തില്‍ നെയ്‌തെടുക്കുന്നതില്‍ ഗീത വിദഗ്ദ്ധയായി. കൂലിയായി കിട്ടുന്ന ഓരോ ചില്ലറയും കുടുബത്തിന് ഏറെ ആശ്വാസമായിരുന്നു. മറ്റ് സഹോദരങ്ങള്‍ക്ക് ഉയര്‍ന്ന വിഭ്യാഭ്യാസം കൊടുക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്. നീണ്ട 16 പവര്‍ഷമാണ് കുടുംബത്തിനായി ഗീത തന്റെ ജീവിതം നെയ്തു തീര്‍ത്തത്.

കാലം മറന്ന കൈത്തറി
റെയില്‍വെ പോര്‍ട്ടര്‍ ആയിരുന്ന ബാലന്‍ ജീവിതത്തിലേക്ക് വരുന്നതോടെയാണ് പുതിയ കാലത്തിന് തുടക്കമാകുന്നത്. പതിനാലാം വയസ്സ് മുതല്‍ തുടങ്ങിയതാണ് അദ്ദേഹം ചുമടെടുക്കാന്‍. കുടുംബത്തിന്റെ നെടുംതൂണായിരുന്ന ബാലന്‍ കഠിനാധ്വാനിയായിരുന്നു. ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഏറെക്കുറെ സമാനമായിരുന്നു. അതുകൊണ്ട് തന്നെ ജീവിത പ്രയാസങ്ങള്‍ ഓരോന്നും അവര്‍ സ്‌നേഹത്തില്‍ ചാലിച്ച് പങ്കുവക്കുകയായിരുന്നു.
നാല് സെന്റ് സ്ഥലം വാങ്ങി ചെറിയൊരു കൂര ഉണ്ടാക്കിയതും അക്കാലത്താണ്. കിട്ടുന്നതില്‍നിന്ന് മിച്ചംവച്ച് കാലങ്ങളെടുത്താണ് താമസിക്കാവുന്ന രൂപത്തിലാക്കി എടുത്തത്. കുട്ടികള്‍ ഇല്ലെങ്കിലും കുടുംബത്തിലെ ഓരോരുത്തരും അവര്‍ക്ക് സ്വന്തം മക്കളെ പോലെ ആയിരുന്നു. ആ സ്‌നേഹം അതിരുകളില്ലാതെ വീതിച്ചു കൊടുത്തു. 2008-ല്‍ ബാലന്‍ മരണപ്പെട്ടതോടെയാണ് ജീവിതം വീണ്ടും പ്രതിസന്ധിയിലാകുന്നത്. പണിതീരാത്ത വീട്ടില്‍ ഗീത തനിച്ചായി.
ജീവിതം ഏറെക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ് വീണ്ടും നെയ്ത്ത് ജോലിക്കായി പോകുന്നത്. കാലത്തോടൊപ്പം പരിഷ്‌കരിക്കാന്‍ മറന്നുപോയ നെയ്ത്ത് ശാലകള്‍ പലതും അപ്പോള്‍ നിശബ്ദമായിരുന്നു. കൈത്തറി വസ്ത്രങ്ങള്‍ മലയാളി മറന്നപ്പോള്‍ അടച്ചുപൂട്ടിയത് നൂറുകണക്കിന് വസ്ത്ര നിര്‍മ്മാണകേന്ദ്രങ്ങളാണ്. കുറച്ചകലെയുള്ള മറ്റൊരു നെയ്തു കേന്ദ്രത്തിലാണ് പിന്നീട് അന്നം കണ്ടെത്തിയത്. വൈകുംവരെ തോര്‍ത്ത് നെയ്താല്‍ കഷ്ട്ടിച്ച് നൂറു രൂപ കിട്ടും.

ജീവിതം മാറ്റിയ ചൂളം വിളി
ജീവിതം നിശ്ചലമായപ്പോഴാണ് ബാലേട്ടന്‍ ജീവിച്ചു തീര്‍ത്ത കൊയിലാണ്ടി സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്തെങ്കിലും ഒരു വഴി അവിടെ കണ്ടെത്താന്‍ സാധിക്കുമെന്നുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഭാഗ്യവശാല്‍ റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചതും അന്നായിരുന്നു. ജീവിക്കാനുള്ള മാര്‍ഗ്ഗം സാധ്യമാക്കി തരണം എന്ന ഗീതയുടെ ആവശ്യത്തെ തുറന്ന മനസ്സോടെയാണ് അവര്‍ സ്വീകരിച്ചത്.
എന്നാല്‍, എന്ത് ജോലി കൊടുക്കും എന്നതില്‍ ആര്‍ക്കും വ്യക്തതയില്ലായിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥയായ വത്സലയാണ് ബാലന്റെ ജോലി തന്നെ ഗീത തുടരട്ടെ എന്ന് പറഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ക്ക് അത് ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കിലും ഗീത സമ്മതമാണെന്ന് പറഞ്ഞതോടെ എല്ലാം തീരുമാനമായി. ഒടുവില്‍ പോര്‍ട്ടര്‍ ആകാനുള്ള തീരുമാനം സധൈര്യം എടുത്ത ഗീതയെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചാണ് മടക്കി അയച്ചത്.
ആദ്യമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ മറ്റ് പോര്‍ട്ടര്‍മാര്‍ക്കും അവരെ ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. തങ്ങളോടൊപ്പം നിര്‍ത്താന്‍ തന്നെ പ്രയാസമായിരുന്നു. വൈകുന്നേരം പൈസ വീതം വയ്ക്കുമ്പോള്‍ പോലും ആ വിയോജിപ്പ് അവര്‍ പ്രകടമാക്കി. എന്നാല്‍, ദിവസങ്ങള്‍ക്കകം എല്ലാവരുടെയും പ്രിയപ്പെട്ട ഗീതച്ചേച്ചിയായി. ഒരു ദിവസം പോലും അവധി എടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ അവര്‍ ജോലി ചെയ്തു. തീരദേശ മേഖലയിലേക്ക് വരുന്ന മീന്‍വലയാണ് പ്രധാന ചരക്ക്. വരുമാന മാര്‍ഗ്ഗവും അതാണ്. കൂലി കൊടുക്കാതെ തര്‍ക്കിക്കാന്‍ നില്‍ക്കുന്നവരും കുറവല്ല. അത്തരക്കാരോട് അധ്വാനത്തിന്റെ വില പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും. വയോധികരായ മിക്ക യാത്രക്കാര്‍ക്കും ഗീത സഹായിയാണ്. അത്തരം സഹായം വേണ്ടവരോട് കൂലി ചോദിക്കാറുമില്ല.
കഠിനമായ ജോലി അതിവേഗം ഗീതക്ക് അനായാസമായി മാറുകയായിരുന്നു. ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് വില്ലനായി കൊറോണ വന്നത്. റെയില്‍പാളങ്ങള്‍ നിശ്ചലമായി. നിലക്കാതെ ഒഴുകിയിരുന്ന ആള്‍കൂട്ടം കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ കാണാതായി. അപരിചിതമായ ദിവസങ്ങളായിരുന്നു പിന്നീട്. മിക്ക ദിവസങ്ങളിലും സ്റ്റേഷനില്‍ പോകുമെങ്കിലും നിശബ്ദത ഏറെ ഭയപ്പെടുത്തിയിരുന്നു. റെയില്‍പാളങ്ങള്‍ക്ക് തുരുമ്പ് കയറുന്നതും പുല്ല് കയറിയ ട്രാക്കുകളും വേദനയോടെയാണ് കണ്ടത്. ജോലിയും കൂലിയും ഇല്ലാതെ പട്ടിണിയുടെ വക്കോളം ജീവിതമെത്തി.
എല്ലാത്തിനെയും മനക്കരുത്തുകൊണ്ട് അതിജീവിക്കുകയായിരുന്നു. റെയില്‍പാളങ്ങള്‍ വീണ്ടും സജീവമായി വരുമ്പോള്‍ ജീവിതവും പുതിയ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എത്രയും വേഗം വീടുപണി പൂര്‍ത്തിയാക്കണം. ആ സ്വപ്നങ്ങള്‍ക്ക് മുന്നിലാണ് ഭാരം അനായാസമാകുന്നത്. ആദ്യം ജോലി പിന്നെ വിശ്രമം എന്നതാണ് ഗീതയുടെ രീതി. ജോലി കഴിഞ്ഞിട്ട് വിശ്രമിക്കാന്‍ സമയമില്ല എന്നത് മറ്റൊരു വസ്തുത. എന്തു ജോലിയും ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ ഏതു കാലത്തെയും ആര്‍ക്കും അതിജീവിക്കാം എന്നാണ് ഗീത തന്റെ ജീവിതത്തിലൂടെ പറഞ്ഞുവക്കുന്നത്.
Content Highlights: No special jobs, all jobs should be done by women, says Geetha, female porter | Athijeevanam 69
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..