തോറ്റുപോയ മനുഷ്യര്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട് | അതിജീവനം 70


എ.വി. മുകേഷ്

5 min read
Read later
Print
Share

നർഗീസ് ബീഗം

'നിങ്ങള്‍ പോകുന്ന എല്ലായിടത്തും സ്‌നേഹം വ്യാപിപ്പിക്കുക നിങ്ങളുടെ അടുത്തുനിന്നു മടങ്ങുന്നവര്‍ ആരും സന്തോഷവാന്മാരല്ലാതെ തിരിച്ചുപോവരുത്.' അതിരറ്റ മനുഷ്യസ്‌നേഹം കൊണ്ട് ലോകം കീഴടക്കിയ മദര്‍ തെരേസയുടെ വാക്കുകളാണിത്. കൊല്‍ക്കത്തയിലെ നിറം മങ്ങി നരച്ച തെരുവുകളില്‍ കുഷ്ഠരോഗവുമായി മരിച്ചു ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് മദര്‍ സ്‌നേഹത്തിന്റെ മാലാഖയായിരുന്നു. സഹജീവിയെ താനായി കണ്ട് സ്‌നേഹിക്കുന്നതാണ് ഏറ്റവും വലിയ പോരാട്ടമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് കാരാട് സ്വദേശി നര്‍ഗീസ് ബീഗം. ചാരിറ്റി കച്ചവടമായി മാറിയ ഈ കാലത്ത് തന്റെ ജീവിതം കൊണ്ട് വ്യത്യസ്തമായ വഴി തുറന്നിടുകയാണവര്‍. രോദനങ്ങള്‍ നിറഞ്ഞ ആ വഴിയിലുടനീളം മനുഷ്യത്വമല്ലാതെ മറ്റൊന്നും പങ്കുവക്കപ്പെടുന്നില്ല.

കടല്‍ത്തീരത്തോടു ചേര്‍ന്നുള്ള കൊച്ചുകുടിലിലാണ് നര്‍ഗീസ് ജനിച്ചു വളര്‍ന്നത്. മഴക്കാലത്ത് ഇരമ്പിയാര്‍ക്കുന്ന കടല്‍ പല തവണ ഭയപ്പെടുത്തിയിട്ടുണ്ട്. ഉറങ്ങാന്‍ സാധിക്കാത്ത വിധം സ്വപ്നങ്ങളില്‍ പോലും തിരമാലകള്‍ വന്ന് മൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി കുടുംബമായിരുന്നതിനാല്‍ മഴക്കാലം വറുതിയുടെ കാലം കൂടെയാണ്. പട്ടിണിയുടെ രുചി ഓര്‍മ്മവെച്ച കാലം മുതല്‍ ആമാശയത്തിന് ശീലമാണ്. ആ കാലത്തെ അതിജീവിച്ചത് കരിങ്കല്ല് പൊട്ടിച്ചാണ്. ക്വറിയില്‍നിന്നു വരുന്ന വലിയ കല്ലുകള്‍ ചുറ്റികകൊണ്ട് പൊട്ടിച്ച് മെറ്റലാക്കണം. ഒരുപാട് കുടുംബങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം അതായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ കയ്യില്‍ ഒതുങ്ങിയ ചുറ്റിക എടുത്ത് നര്‍ഗീസും ഉമ്മൂമ്മക്കൊപ്പം ഇറങ്ങുകയായിരുന്നു.

കടന്നുവന്ന ജീവിത വഴികളാണ് നര്‍ഗീസ് ബീഗത്തെ വാര്‍ത്തെടുത്തത്. അത്രമാത്രം മനുഷ്യരിലേക്ക് പടര്‍ത്തുന്നതും ആ അനുഭവങ്ങളാണ്. അവിടെനിന്ന് പഠിച്ച പാഠങ്ങളാണ് 200 കുടുംബങ്ങളെ ദത്തെടുക്കാനുള്ള പ്രാപ്തി ഉണ്ടാക്കിയത്. സൗജന്യ വസ്ത്രകേന്ദ്രങ്ങള്‍ മുതല്‍ മനുഷ്യനെ ചേര്‍ത്തുപിടിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അഡോറേ എന്ന എന്‍.ജി.ഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടെയാണവര്‍. മനുഷ്യവേദനക്കൊപ്പം നില്‍ക്കാന്‍ ജീവിതം മാറ്റിവംക്കുകയായിരുന്നു നര്‍ഗീസ് ബീഗം.

Nargis Begum
നര്‍ഗീസ് ബീഗം

കടല്‍ ഇരമ്പുന്ന ബാല്യം

കോഴിക്കോട് വെള്ളയില്‍ കടപ്പുറത്താണ് നര്‍ഗീസ് ബീഗം ജനിച്ചു വളര്‍ന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു. ഖമറുന്നീസയുടെയും ഹംസക്കോയയുടെയും നാലു മക്കളില്‍ ആദ്യത്തെ കുട്ടിയാണ് നര്‍ഗീസ്. കടലായിരുന്നു കുടുംബത്തെ അന്നമൂട്ടിയത്. കടലിന്റെ ഓരോ തിരയിളക്കവും വയറ്റിലെ വിശപ്പിനെ അത്രമേല്‍ ബാധിച്ചിരുന്നു. ഇന്ന് കാണുന്ന വിധം യന്ത്രസഹായങ്ങള്‍ ഇല്ലാത്തതിനാല്‍ അക്കാലത്ത് മല്‍സ്യബന്ധനം ഏറെ പ്രയാസമേറിയ പണിയാണ്. ശാരീരിക അസ്വസ്ഥതകള്‍ കാരണം മത്സ്യതൊഴിലാളിയായ ഉപ്പക്ക് മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ സാധിക്കാറില്ല. അന്നൊക്കെ ആഞ്ഞു വീശുന്ന തിരകള്‍ നോക്കി വിശപ്പിനെ ശപിക്കും.

പട്ടിണി കുറച്ചെങ്കിലും ശമിപ്പിക്കാന്‍ സാധിച്ചത് ക്വറിയില്‍നിന്നു മെറ്റലാക്കാന്‍ കൊണ്ടുവന്നിരുന്ന കരിങ്കലുകളാണ്. വലിയ കല്ലുകള്‍ അരയിഞ്ചും ഒരിഞ്ചുമാക്കി പൊട്ടിച്ച് മെറ്റലാക്കണം. വീടിന്റെ ഓരത്തിരുന്ന് ഉമ്മൂമ്മയാണ് അതിന് മുന്‍കൈ എടുക്കുക.

നാലാം ക്ലാസ് മുതല്‍ നര്‍ഗീസും ചുറ്റിക കയ്യിലെടുത്ത് തുടങ്ങിയതാണ്. മറ്റുള്ള കുട്ടികള്‍ കളിക്കാന്‍ പോകുമ്പോള്‍ നര്‍ഗീസിന്റെ സ്വപ്നങ്ങളില്‍ പോലും അത്തരമൊരു ബാല്യം ഇല്ലായിരുന്നു. എല്ലാ ഓര്‍മ്മകളും നീറുന്ന യാഥാര്‍ഥ്യങ്ങളാണ്. കല്ലിനോടും ചുറ്റികയോടും മല്ലിട്ട് വൈകുന്നേരം ആകുമ്പോഴേക്കും കുഞ്ഞ് കൈകള്‍ രണ്ടും ചുവന്ന് പൊട്ടിയിട്ടുണ്ടാകും. പണി കഴിഞ്ഞ് കടലില്‍ പോയി കൈകള്‍ മുക്കി വയ്ക്കും. മുറിവിലേക്ക് ഉപ്പുവെള്ളം കയറുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ കണ്ണില്‍ വെള്ളം നിറക്കും.

ജീവിതം നിശ്ചലമായപ്പോഴാണ് ഉമ്മ ഗദ്ദാമയായി ഗള്‍ഫിലേക്ക് പോകുന്നത്. തന്റെ താഴെയുള്ള മൂന്ന് കൂടപ്പിറപ്പുകളും നര്‍ഗീസിന്റെ ഉത്തരവാദിത്തമായി. ഒരു ആറാം ക്ലാസ്സുകരിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് അക്കാലം അവരെ കൊണ്ടുപോയത്. അതിരാവിലെ എഴുന്നേറ്റ് അടുക്കളയിലെ പണികള്‍ എല്ലാം തീര്‍ക്കണം. ചോറുകലത്തിലെ കരി പറ്റിയ യൂണിഫോമും ആദാമിന്റെ ചെരുപ്പുപോലെ തുന്നിയ ബാഗുമായി പിന്നെ ഒരു ഓട്ടമാണ്. സ്‌കൂളില്‍ എത്തുമ്പോഴേക്കും ആദ്യ പിരീഡ് തുടങ്ങിക്കാണും.

കമ്മലു വിറ്റു പഠിച്ച പാഠങ്ങള്‍

Nargis Begum
നര്‍ഗീസ് ബീഗം

ആകെയുള്ള രണ്ട് മണ്ണെണ്ണ വിളക്കാണ് ഇരുട്ടുവീണാല്‍ ഏക ആശ്രയം. മാസം പകുതി ആകുമ്പോഴേക്കും മണ്ണെണ്ണ കഴിഞ്ഞ് കരിന്തിരി കത്താറാണ് പതിവ്. അതില്‍നിന്ന് വരുന്ന നേര്‍ത്ത വെളിച്ചത്തില്‍ ഇരുന്നാണ് പാഠങ്ങള്‍ പഠിച്ചെടുത്തത്. കരിന്തിരിയുടെ രൂക്ഷഗന്ധം കാരണം അധികസമയം വായിക്കാനും സാധിക്കില്ല. ഇടക്ക് എപ്പോഴോ ഉറങ്ങിപ്പോകും. കഥകളും കവിതകളും ഏറെ ജീവനായിരുന്നു.

ഏറ്റവും വലിയ സന്തോഷം വായിക്കാന്‍ പുസ്തകങ്ങള്‍ സമ്മാനമായി കിട്ടുമ്പോഴാണ്. മാധവിക്കുട്ടിയും പുനത്തിലുമായിരുന്നു ഏറെ പ്രിയപ്പെട്ട എഴുത്തുകാര്‍. ആ വായനകളാണ് മനസ്സില്‍ കവിത നിറച്ചത്. എഴുതാതിരിക്കാന്‍ വിരലുകള്‍ക്ക് പിന്നീട് സാധിച്ചിരുന്നില്ല. ഒട്ടേറെ കവിതകളാണ് എഴുതി കൂട്ടിയത്. കവിത എഴുത്താണ് പുതിയ പേര് സമ്മാനിച്ചത്. വല്ല്യമ്മ തനിക്ക് ഇടാന്‍ മനസ്സില്‍ കാത്തുവച്ച നര്‍ഗീസ് ബീഗം എന്ന പേര് റോസിനക്ക് പകരം മാറ്റി എഴുതുകയായിരുന്നു. കവിതയ്‌ക്കൊപ്പം ജീവിതത്തിലും അത് ചേര്‍ത്തുവച്ചു.

ചെറുപ്പം മുതലെ കണ്ടുവന്ന കാഴ്ചകള്‍ ഉടനീളം നീറുന്ന മനുഷ്യജീവിതങ്ങള്‍ മാത്രമാണ്. അവരെ സ്‌നേഹിക്കുന്ന, സഹായിക്കുന്ന, മുറിവില്‍ മരുന്ന് പുരട്ടുന്ന വെളുത്ത സാരിയുടുത്ത നഴ്‌സുമാര്‍ മനസ്സില്‍ കടന്നു കൂടുന്നത് അവിചാരിതമായാണ്. വല്ലാത്തൊരു ആകര്‍ഷണമാണ് ആ വസ്ത്രത്തോടും നഴ്സുമാരോടും തോന്നിയത്. തന്റെ വഴിയും അതാണെന്ന് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പ്രീഡിഗ്രി കഴിഞ്ഞതോടെ എങ്ങനെയെങ്കിലും നഴ്‌സിങ് പഠിക്കാനുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു.

എന്നാല്‍, ഗള്‍ഫില്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഉമ്മയുടെ ശമ്പളം വിശപ്പുമാറ്റാനല്ലാതെ മറ്റൊന്നിനും തികയുമായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് അനുഭവത്തിന്റെ കരുത്തുള്ളത് കൊണ്ട് പിന്മാറാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍ കാലങ്ങളെടുത്ത് സ്വരുക്കൂട്ടിവച്ച പണം കൊണ്ട് ഉമ്മ വാങ്ങിത്തന്ന കമ്മല്‍ വിറ്റ് ഡിപ്ലോമക്ക് ഫീസടച്ചു.

പഠനശേഷം ചെമ്മാട് പത്തൂര്‍ ആശുപത്രിയില്‍ ജോലി കിട്ടി. 300 രൂപ സ്‌റ്റൈപന്‍ഡ് മാത്രമാണ് മാസം അവസാനം കിട്ടുക. അതില്‍നിന്നു വേണം എല്ലാ ചെലവുകളും നടത്താന്‍. അവിടെനിന്നാണ് വേദന അനുഭവിക്കുന്ന മനുഷ്യനിലേക്ക് ഹൃദയം കൂടുതല്‍ കൊരുക്കുന്നത്. പണമുള്ളവനും ഇല്ലാത്തവനും പ്രത്യേക ഇടങ്ങളും ചികിത്സയും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. രണ്ടുനേരം കഞ്ഞി കുടിക്കാന്‍ പോലും പൈസയില്ലാത്ത രോഗികള്‍ കണ്ണുനിറച്ചു. ആകെ കിട്ടുന്ന 300 രൂപയില്‍നിന്ന് മിച്ചം പിടിച്ച് രണ്ടുപേര്‍ക്കായി വീതം വച്ചുകൊടുത്തു. അവര്‍ക്കൊപ്പം മാനസികമായി നില്‍ക്കാനും ശ്രമം തുടങ്ങി. പിന്നീടത് തുടര്‍ന്നുകൊണ്ടേ ഇരുന്നു. അവിടെനിന്നാണ് അപരന്റെ വേദനയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിയത്. നര്‍ഗീസ് അതിവേഗം പ്രിയപ്പെട്ട മാലാഖയായി.

Nargis Begum

ഏഞ്ചല്‍സ് തരുന്ന ആത്മവിശ്വാസം

വിവാഹത്തോടെയാണ് കോയാസ് ഹോസ്പിറ്റലില്‍ എത്തുന്നത്. അവിടെനിന്നാണ് മനുഷ്യരിലേക്ക് ഇറങ്ങാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത്. വൈകാതെ തന്നെ അല്‍ഹാനും അതുല്‍ റഹ്‌മാനും മക്കളായി വന്നു. താന്‍ കാണുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ആകുന്ന വിധം ഇടപെടാന്‍ തുടങ്ങി. നര്‍ഗീസിന്റെ അത്തരം സഹായങ്ങള്‍ വേദന അനുഭവിക്കുന്ന മനുഷ്യരിലേക്ക് അതിവേഗം പടര്‍ന്നു. അന്നേ വരെ ഡയറിയില്‍ കുറിച്ചിട്ട മനുഷ്യജീവിതങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതിരുകളില്ലാതെ ആ വേദന പങ്കുവെക്കപ്പെട്ടു. വലിയ പിന്തുണയാണ് അത്തരം പോസ്റ്റുകള്‍ക്ക് ലഭിച്ചത്. ഒപ്പം സാമ്പത്തിക സഹായങ്ങളും.

അഡോറ എന്ന എന്‍.ജി.ഒയുടെ ഭാഗമായതോടെയാണ് ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നത്. അംഗമായാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഇപ്പോള്‍ അഡോറേയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. മിക്ക സംസ്ഥാനങ്ങളിലും അഡോറയ്ക്ക് വേരുകള്‍ ഉണ്ട്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഇടയില്‍നിന്ന് ഇരുന്നൂറോളം കുടുംബങ്ങളെയാണ് ദത്തെടുത്ത് സംരക്ഷിക്കുന്നത്.

വീടില്ലാത്ത നിസ്സഹായരായ മനുഷ്യര്‍ക്ക് 65 വീടുകളും പൂര്‍ത്തിയാക്കി കൊടുത്തിട്ടുണ്ട്. അറു വീടുകളുടെ പണി നടക്കുന്നുമുണ്ട്. ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താനാണ് കൂടുതല്‍ ശ്രദ്ധ. എം.ബി.ബി.എസും എന്‍ജിനീയറിങ്ങും വരെയുള്ള പഠന ആവശ്യങ്ങള്‍ക്കായി സഹായവും നല്‍കുന്നുണ്ട്. പുനര്‍ജനി എന്നപേരില്‍ റീസൈക്ലിങ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. പഴയ ബാഗുകളും മറ്റും പുനര്‍നിര്‍മിച്ച് ഉപയോഗയോഗ്യമാക്കുന്നതാണ് പുനര്‍ജനി. ഒട്ടേറെ പേര്‍ക്ക് അതിലൂടെ തൊഴിലും ലഭിക്കുന്നു. ഒറ്റക്കായി പോകുന്ന അനേകം മനുഷ്യര്‍ക്ക് അതൊരു പ്രതീക്ഷയാണ്.

നര്‍ഗീസ് കണ്ട മറ്റൊരു സ്വപ്നമാണ് ഏഞ്ചല്‍സ്. പണമില്ലാത്തവര്‍ക്ക് ഇഷ്ട്ടമുള്ള വസ്ത്രങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ഒരിടം. ആദ്യമായി കേള്‍ക്കുന്ന ആര്‍ക്കും അതിശയോക്തി തോന്നിയേക്കാം എന്നാല്‍, കേരളത്തില്‍ ആറ് ഏഞ്ചല്‍സ് വസ്ത്രവിതരണ കേന്ദ്രങ്ങള്‍ ഇന്നുണ്ട്. വയനാട്ടിലെ മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, കമ്പളക്കാട്, തലപ്പുഴയിലും കൊല്ലത്തും കാസര്‍കോട്ടുമാണവ. വിവാഹവസ്ത്രങ്ങള്‍ മുതല്‍ കൊച്ചു കുട്ടികള്‍ക്ക് വേണ്ട എല്ലാ തുണിത്തരങ്ങളും എയ്ഞ്ചല്‍സില്‍ ലഭ്യമാണ്. സഹായ മനസ്ഥിതിയുള്ള ഒട്ടേറെ മനുഷ്യരുടെ മനസ്സാണ് എയ്ഞ്ചല്‍സിലേക്ക് വസ്ത്രങ്ങള്‍ എത്തുന്നത്. ഫേസ്ബുക് കൂട്ടായ്മയും നര്‍ഗീസിന്റെ സുഹൃത്തുക്കളുമാണ് എല്ലാത്തിനും കരുത്തു പകര്‍ന്ന് കൂടെനില്‍ക്കുന്നത്.

Nargis Begum
നര്‍ഗീസ് ബീഗം

തുറന്ന വാതിലുകളുള്ള വീട്

തളര്‍ന്നുപോയ മനുഷ്യര്‍ക്കായി തുറന്ന വീടാണ് നര്‍ഗീസിന്റെ വലിയ സ്വപ്നം. ഇതിനോടകം തന്നെ തളര്‍ന്നു പോയ നാല്‍പ്പതോളം പേരെയാണ് ഫിസിയോതെറാപ്പിയിലൂടെയും മറ്റും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആരുമില്ലാതായിപ്പോയ അത്തരം മനുഷ്യരെ ഒരു കൂരക്കുള്ളില്‍ കൊണ്ടുവന്ന് സംരക്ഷിക്കണം. അത്തരം ഒരു ഇടം കിട്ടിയാല്‍ പലരെയും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അനുഭവം കൊണ്ട് നര്‍ഗീസ് പറയുന്നത്. നന്മകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ മനസ്സിന്റെ തീരുമാനങ്ങളെ മാത്രം ആശ്രയിക്കുന്ന നര്‍ഗീസിന് ആ സ്വപ്നവും അനായാസമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജീവിതചക്രം ഉരുണ്ട വഴികളില്‍ ആ ദൃഢനിശ്ചയത്തിന്റെ അവശേഷിപ്പുകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്.

Content Highlights: Nargis Begum- The answer for helplessness | Athijeevanam 70

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohen jodaro
Premium

7 min

ആരാണ് ഇന്ത്യക്കാര്‍? കലര്‍പ്പില്ലാത്ത രക്തമുള്ള ആരെങ്കിലും രാജ്യത്തുണ്ടോ? | നമ്മളങ്ങനെ നമ്മളായി 05

Sep 28, 2023


.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


shepherd goats
Premium

6 min

ആട്ടിടയൻമാർ കണ്ടെത്തിയ പെൻസിൽ, 'വയറിളക്കം'വന്ന പേന; മനുഷ്യന്റെ എഴുത്തിന്റെ ചരിത്രം 04

Sep 19, 2023


Most Commented