അന്ധവിശ്വാസത്തിനെതിരേ നിയമം കൊണ്ടുവരൽ, ആ പോരാട്ടത്തിനിടെയുള്ള രക്തസാക്ഷിത്വം | Their Story


സി. എ ജേക്കബ്


Published:

Updated:


Their Story

നരേന്ദ്ര ധബോൽക്കർ | Photo - AP

അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്കും പീഡനത്തിനും തട്ടിപ്പുകള്‍ക്കുമെതിരേ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അത്ഭുതസിദ്ധികളുണ്ടെന്ന് അവകാശപ്പെടുക, ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് ഉപദ്രവിക്കുക, രോഗശാന്തി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുക, നഗ്‌നരാക്കി നടത്തുക, വൈദ്യശാസ്ത്ര ചികിത്സ തേടുന്നത് തടയുക തുടങ്ങിയവയെല്ലാം ക്രിമിനല്‍ കുറ്റമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കില്ല. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെയാവും തടവുശിക്ഷ ലഭിക്കുക.

അന്ധവിശ്വാസങ്ങളുടെ പേരില്‍ രാജ്യത്തെ പാവപ്പെട്ടവരായ നിരവധി പേര്‍ ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യത്തില്‍ സമാനമായ നിയമം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത് സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (MANS)യും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ്. ദളിത് വിഭാഗക്കാര്‍ക്ക് സമത്വം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിലടക്കം ധബോല്‍ക്കര്‍ സജീവമായി പങ്കെടുത്തിരുന്നു. ജാതിവ്യവസ്ഥ, ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എന്നിവയ്ക്കെതിരെയും അദ്ദേഹം പോരാട്ടം നടത്തി.

എന്നാല്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ധബോല്‍ക്കറും സംഘടനയും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും അന്ധവിശ്വാസങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും എതിര്‍പ്പ് കുറഞ്ഞില്ല. എം.എ.എന്‍.എസ്. കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നുവെങ്കിലും അന്ധവിശ്വാസത്തിനെതിരായ നിയമം കൊണ്ടുവരുന്നത് മാറിമാറിവന്ന സര്‍ക്കാരുകള്‍ നീട്ടിക്കൊണ്ടുപോയി. അതിനിടെയാണ് 2013-ല്‍ ബൈക്കിലെത്തിയ അക്രമികള്‍ ധബോല്‍ക്കറെ വെടിവച്ച് കൊല്ലുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കൊലപാതകത്തിന് പിന്നാലെ അന്ധവിശ്വാസത്തിനെതിരായ നിയമം (Anti-Superstition and Black Magic Atc) കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായി. മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളില്‍ വസിക്കുന്ന നിരക്ഷരരും വിദ്യാഭ്യാസം കുറഞ്ഞവരുമായ നിരവധി പാവപ്പെട്ടവര്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ കടുത്ത ചൂഷണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു നിയമത്തിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുന്നതെന്ന് ധബോല്‍ക്കര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം അടക്കമുള്ളവ പരിഗണിച്ച് 2014-ല്‍ മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി രാജ്യം ധബോല്‍ക്കറെ ആദരിച്ചു. തട്ടിപ്പുകള്‍ നിയമത്തിലൂടെ പൂര്‍ണമായും തടയാന്‍ കഴിയില്ലെങ്കിലും അന്ധവിശ്വാസങ്ങള്‍ക്കെതിരായ നീക്കങ്ങളില്‍ ഒരു സുപ്രധാന ചുവടുവെപ്പായാണ് മഹാരാഷ്ട്രയിലെ നിയമം വിലയിരുത്തപ്പെടുന്നത്. ഇതിനുവേണ്ടി ധബോല്‍ക്കര്‍ നടത്തിയ നീക്കങ്ങളും ജനങ്ങളെ ബോധവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ ജീവന്‍തന്നെ നല്‍കേണ്ടിവന്നതുമാണ ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.

ധബോല്‍ക്കറുടെ പ്രവര്‍ത്തനങ്ങള്‍

1989-ലാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ മഹാരാഷ്ട്ര അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതിക്ക് രൂപം നല്‍കുന്നത്. ദുര്‍മന്ത്രവാദികള്‍ക്കും വ്യാജ സിദ്ധന്മാര്‍ക്കും മുറിവൈദ്യന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ വ്യാപക പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഗ്രാമങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലുമെത്തി ഇത്തരക്കാരെ തുറന്നുകാട്ടാനും ശാസ്ത്രാവബോധം പകരാനും ശ്രമങ്ങള്‍ നടത്തി. മുപ്പതിലേറെ പുസ്തകങ്ങളാണ് ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് അദ്ദേഹം എഴുതിയത്. സാധന എന്ന മാസിക എഡിറ്റ് ചെയ്തു. സത്താറയില്‍ ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങി. 2000-ല്‍ അഹമ്മദ്നഗറിലെ ശനി ശിഖ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. അന്നത്തെ ശക്തരായ ആള്‍ദൈവങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും അവരെ വെല്ലുവിളിക്കുകയും ചെയ്തു.

മഹാരാഷ്ട്ര കടുത്ത വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നിരിക്കെ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമെത്തിച്ച് ഹോളി ആഘോഷം നടത്തിയ അസറാം ബാപ്പുവിനെതിരെ ശബ്ദമുയര്‍ത്തിയതും ധബോല്‍ക്കര്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ഇടപെടുകയും ഹോളി ആഘോഷം തടയുകയും ചെയ്തു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും ദുരഭിമാനകൊലകളെ ശക്തമായി അപലപിക്കുന്നതിനും അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. തന്റെ ആശയങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ നാടക കലാകാരന്മാരെ സംഘടിപ്പിച്ച് 100 നാടകാവതരണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. ഇതിലൂടെ ലഭിച്ച ടിക്കറ്റ് തുകയും സംഭാവനകളും അദ്ദേഹം മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തകരുടെ ചിലവുകള്‍ക്കായി വിനിയോഗിച്ചു.

Also Read

ആഗസ്റ്റ് ഇരുപത്; ഓർക്കുന്നു ദഭോൽക്കർ ആദരവോടെ

തോക്ക്‌ കണ്ടെത്തിയതിന് ചെലവ് 7.5 കോടി; ...

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം ആള്‍ദൈവങ്ങളെയും തട്ടിപ്പുകാരെയും പരോക്ഷമായി പിന്‍തുണച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായിരുന്നില്ല. അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന പീഡനങ്ങളുടെയും തട്ടിപ്പുകളുടെയും വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നു കൊണ്ടിരുന്നു. ഇതിനിടെ നിരവധി ഭീഷണികളാണ് ധബോല്‍ക്കര്‍ക്കെതിരെ ഉയര്‍ന്നത്. ആസാദ് മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ സനാതന്‍ സന്‍സ്ത അദ്ദേഹത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി. ഗാന്ധിജിയെ ഓര്‍ക്കണമെന്നായിരുന്നു ഭീഷണി.

അന്ധവിശ്വാസങ്ങള്‍ക്കെതിരേ ധബോല്‍ക്കറുടെ പോരാട്ടം

മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ധബോല്‍ക്കര്‍ ഡോക്ടറായിരുന്നു. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ക്ലിനിക്ക് നടത്തിവന്ന അദ്ദേഹം 1982 മുതലാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിനായി ജീവിതം മാറ്റിവച്ചത്. അന്ധവിശ്വാസങ്ങള്‍ക്ക് പിന്നിലെ യുക്തിരാഹിത്യം തുറന്നുകാട്ടി. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും എതിരായ ബില്‍ പാസാക്കാന്‍ 18 വര്‍ഷത്തോളമാണ് അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. സമൂഹത്തിലെ ഒരു വിഭാഗത്തില്‍നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നുവെങ്കിലും ബില്‍ പാസാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ അദ്ദേഹം ഉറച്ചുനിന്നു.

മഹാരാഷ്ട്രയിലെ വിവാഹങ്ങള്‍ക്കിടെ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അരി വിതറുന്ന ചടങ്ങിനെതിരെയും ധബോല്‍ക്കര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കേണ്ട 10 - 15 കിലോ അരിയാണ് ഓരോ വിവാഹങ്ങള്‍ക്കുമിടെ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ ഓരോ വര്‍ഷവും ഇത്തരത്തില്‍ 45 ലക്ഷം കിലോ അരിയാണ് പാഴാക്കിക്കളയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ലക്ഷത്തോളം വിവാഹങ്ങളാണ് ഓരോ വര്‍ഷവും മഹാരാഷ്ട്രയില്‍ നടക്കുന്നത്. ഇതുവച്ച് കണക്കുകൂട്ടി നോക്കിയാല്‍ പ്രതിവര്‍ഷം 45 ലക്ഷം കിലോ അരി പാഴാക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് നിര്‍മിക്കുകയും വിഷവസ്തുക്കളടങ്ങിയ നിറങ്ങള്‍കൊണ്ട് ചായം പൂശുന്നതുമായ വിഗ്രങ്ങള്‍ ഒഴുക്കി നദികള്‍ മലിനമാക്കരുതെന്ന് ആഭ്യര്‍ഥിച്ചതും അദ്ദേഹത്തിനെതിരേ എതിര്‍പ്പുയരാന്‍ ഇടയാക്കി. എന്നാല്‍, അതുകൊണ്ടൊന്നും പിന്മാറാന്‍ തയ്യാറായിരുന്നില്ല ധബോല്‍ക്കര്‍. നിരവധി ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നുവെങ്കിലും പോലീസ് സംരക്ഷണം തേടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ധബോല്‍ക്കര്‍ക്കുനേരെ നിറയൊഴിച്ച
ശരത് കലാസ്‌കറെ കോടതിയില്‍
ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ | Photo: PTI

സതി നിരോധിക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കാണിച്ച ആര്‍ജവം ഇന്നില്ല

നിയമം കൊണ്ടുവരാന്‍ വൈകുന്നതിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ധബോല്‍ക്കര്‍ ഉന്നയിച്ചത്. 1829-ല്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന വില്യം ബെന്റിക് സതി നിരോധിച്ച നടപടിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ധബോല്‍ക്കറുടെ വിമര്‍ശനം. ഇന്ത്യക്കാരുടെ മതപരമായ ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന നിര്‍ദ്ദേശമാണ് വില്യം ബെന്റിക്കിന് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയിരുന്നത്. എന്നാല്‍, സതി പോലെയുള്ള ഒരു ആചാരത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത് തനിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് വില്യം ബെന്റിക് സതി നിരോധിച്ചതെന്ന് പന്‍വേലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ധബോല്‍ക്കര്‍ പറഞ്ഞിരുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം പാസാക്കാന്‍ വര്‍ഷങ്ങളായി തയ്യാറാകാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട് സതി പോലെയുള്ള വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിന് നേര്‍വിപരീതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയല്ല മഹാരാഷ്ട്രയിലെ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും സമാനമായ സ്ഥിതിവിശേഷം ഇല്ലെന്നും കുറ്റപ്പെടുത്തിയിരുന്നു മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ജനങ്ങളെ അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

അന്ധവിശ്വാസങ്ങള്‍ക്ക് പിന്നിലുള്ള യുക്തിയെപ്പറ്റി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. പുരോഗമന ചിന്താഗതി ഉണ്ടാവണമെന്നും മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരം പ്രസംഗങ്ങള്‍ അടക്കമുള്ളവ സമൂഹത്തിലെ ഒരു വിഭാഗത്തില്‍ കടുത്ത അസഹിഷ്ണുതയാണ് സൃഷ്ടിച്ചത്.

ധബോല്‍ക്കര്‍ക്ക് മരണാനന്തര
ബഹുമതിയായി ലഭിച്ച പദ്മ പുരസ്‌കാരം
മകള്‍ ഏറ്റുവാങ്ങുന്നു | Photo: PTI

തൊട്ടടുത്തുനിന്ന് നിറയൊഴിച്ചു; കൊല നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ

2013 ഓഗസ്റ്റ് 20-ന് രാവിലെ 7.30-ന് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പുണെയില്‍വച്ച് ധബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മഹര്‍ഷി വിത്തല്‍ റാംജി ഷിന്‍ഡേ ബ്രിഡ്ജിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. പിന്നില്‍നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു സാഹചര്യത്തെളിവുകള്‍. 25-നും 30-നുമിടെ പ്രായം തോന്നുന്ന രണ്ടു പേരാണ് ധബോല്‍ക്കറെ തൊട്ടടുത്തുനിന്ന് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തൊട്ടടുത്ത് വച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.

അക്രമികളുടെ രേഖാചിത്രം തയ്യാറാക്കാനും ദൃക്‌സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെ, കന്നഡ പണ്ഡിതന്‍ എം.എം. കല്‍ബുര്‍ഗി, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിന് സമാന രീതിയിലാണ് ധബോല്‍ക്കറെയും അക്രമികള്‍ കൊലപ്പെടുത്തിയത്. ഒരേ ആളുകള്‍ തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നിലെന്ന സംശയം ഇതോടെ ബലപ്പെട്ടു.

അന്ധവിശ്വാസത്തിനെതെരേ നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര

ധബോല്‍ക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം കൊണ്ടുവരാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തയ്യാറായത്. ഇതോടെ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരുന്ന ആദ്യസംസ്ഥാനമായി മഹാരാഷ്ട്ര മാറി. ധബോല്‍ക്കറുടെ മേല്‍നോട്ടത്തില്‍ എം.എ.എന്‍.എസ്. ബില്ലിന്റെ കരടുരൂപം തയ്യാറാക്കി. ദുര്‍മന്ത്രവാദം, നരബലിക്ക് പ്രേരിപ്പിക്കല്‍, അത്ഭുത രോഗശാന്തി തുടങ്ങിയവയെല്ലാം ക്രിമിനല്‍ കുറ്റമാണെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം. ബാധ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ ഉപദ്രവിക്കുക, പീഡിപ്പിക്കുക, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക, മനുഷ്യ വിസര്‍ജ്യം ഭക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, അത്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെടുകയോ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയോ ചെയ്യുക, അജ്ഞാത ശക്തികളെ പ്രീതിപ്പെടുത്തുന്നതിനായി മരണകാരണം ആയേക്കാവുന്നതോ ഗുരുതര പരിക്കേല്‍ക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുക, നരബലിക്ക് പ്രേരണ നല്‍കുക, ദുര്‍മന്ത്രവാദം ചെയ്യുക, നഗ്നരാക്കി നടത്തുക, പ്രേതങ്ങളുടെ പേരുപറഞ്ഞ് ആരെയെങ്കിലും ഭയപ്പെടുത്തുക, ചികിത്സ തേടുന്നത് തടയുക, പാമ്പോ നായയോ കടിച്ചാല്‍ ചികിത്സ തേടുന്നതിന് പകരം മറ്റു മാര്‍ഗങ്ങളിലൂടെ സുഖം പ്രാപിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുക, സ്വന്തം നിലയില്‍ ശസ്ത്രക്രിയ നടത്തുമെന്ന് അവകാശപ്പെടുക, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്താന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുക, ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണികളാക്കാനുള്ള സിദ്ധിയുണ്ടെന്ന് അവകാശപ്പെടുക എന്നിവയെല്ലാം ക്രമിനല്‍ കുറ്റമാക്കുന്നതാണ് മഹാരാഷ്ട്രയിലെ നിയമം.

നരബലി കൊലപാതകം തന്നെയായാണ് നിയമം കാണുന്നത് എന്നിരിക്കെ, നരബലിക്ക് പ്രേരിപ്പിക്കുന്നതും ക്രമിനില്‍ കുറ്റമാണെന്ന് ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ആറു മാസം മുതല്‍ ഏഴ് വര്‍ഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. 5000 മുതല്‍ 50,000 രൂപവരെ പിഴയും ഒടുക്കേണ്ടിവരും. ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ് അന്ധവിശ്വാസങ്ങളുടെ പേരില്‍ ചൂഷണംചെയ്യല്‍.

കൊലപാതകങ്ങള്‍ക്ക് പിന്നിലെ അസഹിഷ്ണുത

പുണെ സിറ്റി പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറി. അതിനിടെ, കേസന്വേഷണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി ധബോല്‍ക്കറുടെ കുടുംബത്തിന് പല തവണ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തേണ്ടിവന്നു. 2016 ജൂണ്‍ പത്തിന് സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ ഭാഗമായ ഹിന്ദു ജനജാഗ്രതി സമിതിയുടെ വെസ്റ്റേണ്‍ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന ഡോ. വിരേന്ദ്ര താവ്ഡയെ കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്തു. ധബോല്‍ക്കറുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സനാതന്‍ സന്‍സ്തയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ വന്ന മുഖപ്രസംഗവും മരണത്തിന് മുന്‍പ് അവരുടെ വെബ്സൈറ്റില്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ചിത്രവും സംശയം ബലപ്പെടുത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് സംഘടനാ പ്രവര്‍ത്തകരായ പ്രതികളിലേക്കെത്തിയത്.

സംഘടനാപരമായ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇ.എന്‍.ടി സ്പെഷ്യലിസ്റ്റായിരുന്ന താവ്ഡെയാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം നടത്തുന്നതിനായി ധബോല്‍ക്കര്‍ സ്ഥാപിച്ച അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയും സനാതന്‍ സന്‍സ്തയും തമ്മിലുള്ള ആശയപരമായ ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഡോ. വീരേന്ദ്രസിങ് താവ്‌ഡെ, സച്ചിന്‍ ആന്‍ഡൂര്‍, ശരത് കലാസ്‌കര്‍, സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍, സംഘടനയിലെ അംഗമായ വിക്രം ഭാവെ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ഇതില്‍ സച്ചിന്‍ ആന്‍ഡൂര്‍, ശരത് കലാസ്‌കര്‍ എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ പുരഗോമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ധബോല്‍ക്കര്‍ വധവും തമ്മില്‍ നിര്‍ണായക ബന്ധമുണ്ടെന്ന് സി.ബി.ഐ. കോടതിയില്‍ വ്യക്തമാക്കി. ധബോല്‍ക്കര്‍ക്കുനേരെ നിറയൊഴിച്ച സച്ചിന്‍ ആന്‍ഡൂരിന്റെ ബന്ധുവില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത നാടന്‍ തോക്കിന്റെ ഫോറന്‍സിക് പരിശോധനാഫലം വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളില്‍ ഒരാളാണ് സച്ചിന്‍ ആന്‍ഡൂരിന് തോക്കും മൂന്ന് വെടിയുണ്ടകളും നല്‍കിയതെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

കൊലപാതകം നടന്ന സമയത്തുതന്നെ ഉയര്‍ന്ന സംശയങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. കേസിന്റെ വിചാരണ നടപടികള്‍ തുടരുകയാണ്. വിചാരണ വേഗത്തിലാക്കുമെന്ന് 2022 ജൂലായിലും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ വീരേന്ദ്ര താവ്ഡയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഇത്.

സനാതന്‍ സന്‍സ്ത

ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ത. ഗോവയിലും മഹാരാഷ്ട്രയിലും നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടും ഈ സംഘടനയ്ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. യു.എ.പി.എ. നിയമപ്രകാരം സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2017-ല്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. 2008-ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ സംഘടനയുടെ ആസ്ഥാനം മുംബൈയില്‍നിന്ന് ഗോവയിലേക്ക് മാറ്റി. 2009-ല്‍ ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സനാതന്‍ സന്‍സ്ത അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2013-ല്‍ കേസ് എന്‍ഐഎക്ക് കൈമാറി.

എന്നാല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് പ്രതികളെയും പിന്നീട് പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. താനെയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സംഘടനയുടെ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന രണ്ടു പേര്‍ക്ക് പത്തു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. മറാഠി നാടകം അരങ്ങേറിയ ഓഡിറ്റോറിയത്തിലാണ് സ്ഫോടനം നടന്നത്. ഇതേ നാടകം അരങ്ങേറാനിരുന്ന നവിം മുംബൈയിലെ ഓഡിറ്റോറിയത്തില്‍നിന്ന് സ്ഫോടക വസ്തുകള്‍ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നുവെന്ന് ഔട്ട്‌ലുക്ക് മാഗസിൻ റിപ്പോര്‍ട്ടുചെയ്യുന്നു. ധബോല്‍ക്കറുടെ കൊലപാതകത്തോടെയാണ് സനാതന്‍ സന്‍സ്തയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ സംഘടനക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം സനാതന്‍ സന്‍സ്ത നിഷേധിക്കുകയാണ് ചെയ്യുന്നത്.

നരബലിക്കെതിരേ നടപടി

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം പ്രാബല്യത്തില്‍വന്ന് അഞ്ച് വര്‍ഷത്തിനകം മഹാരാഷ്ട്രയില്‍ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 512 കേസുകളാണ്. ഇതില്‍ നിരവധി കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമത്തിനൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് കേസെടുക്കുന്നതും വിചാരണ നടപടിയടക്കം ഉണ്ടാകുന്നത്. ഹിന്ദു മതത്തിന് എതിരാണ് നിയമമെന്ന വിമര്‍ശനം ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരില്‍ വിവിധ മതക്കാരുണ്ട്. 2013-ല്‍ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഏഴ് നരബലികള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടുവെന്ന് ധബോല്‍ക്കറുടെ മകള്‍ മുക്ത ധബോല്‍ക്കര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ രണ്ടെണ്ണം സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് തടയാന്‍ സാധിച്ചു.

ഈ നിമയം കൊണ്ടുവരുന്നതിന് മുമ്പ് നരബലി നടത്താനുള്ള ശ്രമങ്ങള്‍ നടന്നാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടായിരുന്നില്ല. പൂജയോ മറ്റോ മാത്രമാണ് നടത്തിയതെന്ന് അവകാശപ്പെട്ട് കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. കൊലപാതകം നടത്തിയാല്‍ മാത്രമെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, നിയമം വന്നതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. സ്ത്രീകള്‍ക്കെതിരെ അടക്കം ആള്‍ദൈവങ്ങള്‍ നടത്തുന്ന പീഡനങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ഈ നിയമംമൂലം സാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഗാര്‍ഹിക പീഡന നിയമമടക്കം ചുമത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തിനാണ് മാറ്റമുണ്ടായത്.

അന്ധവിശ്വാസത്തിന് എതിരായ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ പത്ത് ലക്ഷം രൂപ എല്ലാവര്‍ഷവും നീക്കിവെക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും തെറ്റായ നടപടികളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുമാണ് ഈ തുക വിനിയോഗിക്കുന്നത്. പോലീസ് ഉദോയ്ഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രാസംഗികര്‍ക്കുമടക്കം പരീശിലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അന്ധവിശ്വാസങ്ങളുടെ പേരില്‍ കൊടിയപീഡനങ്ങളും ചൂഷണങ്ങളും കൊലപാതകങ്ങളും വരെ നടന്നിരുന്ന മഹാരാഷ്ട്രയില്‍ ധബോല്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത്രയെങ്കിലും മാറ്റം ഉണ്ടാകുമായിരുന്നില്ല.

ധബോല്‍ക്കര്‍ സ്ഥാപിച്ച മഹാരാഷ്ട്രാ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം പടര്‍ന്നു പന്തലിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ധബോല്‍ക്കറുടെ മരണത്തിനു മുമ്പ് സംഘടനയ്ക്ക് 170 ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് അവ 325 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3250 മുഴുവന്‍ സമയ വോളന്റിയര്‍മാരും സംഘടനയ്ക്കുണ്ടെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സംഘടന വളര്‍ന്ന് പന്തലിക്കാന്‍ ഇടയാക്കിയതും ധബോല്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്.

Content Highlights: Narendra Dabholkar, fight against superstition and black magic,Their story,social,mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented