എം.കെ വിപിന
ഒരുങ്ങിനടക്കുമ്പോഴോ പൊട്ടുകുത്തുമ്പോഴോ നിറമുള്ള വസ്ത്രം ധരിക്കുമ്പോഴോ പലപ്പോഴും അരുതുകള്‍ കേൾക്കേണ്ടി വരുന്നവരാണ് ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍. ഭര്‍ത്താവിന്റെ മരണത്തോടൊപ്പം ജീവിതത്തിലെ സകല വിധ നിറങ്ങളെയും അവരില്‍ നിന്ന് സമൂഹം മായ്ക്കാന്‍ ശ്രമിക്കും. ആഘോഷചടങ്ങുകളില്‍ നിന്ന് ദുഃശ്ശകുനമായി മാറ്റിനിര്‍ത്തപ്പെടുന്നതു മുതല്‍ ദുര്‍ബലകളാണെന്ന ബോധത്തില്‍ ലൈംഗികമായി ആളുകള്‍ സമീപിക്കുന്നത് വരെ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇത്തരത്തിലുള്ള സകല വിധ അരുതുകളെയും കുറ്റപ്പെടുത്തലുകളെയും മാറ്റിനിര്‍ത്തലുകളെയും അതിജീവിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍. ജൂനിയര്‍ ക്ലാര്‍ക്ക് സ്ഥാനത്തു നിന്ന് എന്‍എംഡിസി എന്ന സഹകരണ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ കോഴിക്കോട് സ്വദേശിയായ എം.കെ വിപിനയുടെ അതിജീവന കഥ വായിക്കാം.
'2004ലാണ് ഞാന്‍ ഡിഗ്രി പഠിച്ചിറങ്ങുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഞങ്ങളുടെ വിവാഹം. ഭര്‍ത്താവ് മദ്യപിക്കുമായിരുന്നെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഒരുമിച്ചു ജീവിക്കണമെന്ന തീരുമാനമെടുക്കുന്നത്. പക്ഷെ എനിക്ക് നിയന്ത്രിക്കാനാവുന്നതിലുമപ്പുറം രോഗാതുരമായ മദ്യപാനത്തിലേക്ക് വഴുതിയിരുന്നു അദ്ദേഹം. ഒത്തിരി സ്നേമുണ്ടായിരുന്നെങ്കിലും രാപകല്‍ ഭേദമന്യേയുള്ള മദ്യപാനം ഞങ്ങളുടെ കുടുംബജീവിതത്തെയും സാമ്പത്തിക സ്ഥിരതയെയും വല്ലാതെ ബാധിച്ചു തുടങ്ങി.
മദ്യപാനം കാരണം ജോലി നഷ്ടവും കടവും കയറി സ്വസ്ഥത നഷ്ടപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായ ഘട്ടത്തിലാണ് കോപ്പറേറ്റീവ് ബാങ്കില്‍ ജോലി കിട്ടാനുള്ള എച്ച്ഡിസി പഠനത്തിന് മുന്‍കൈയ്യെടുക്കുന്നത്. മോനുണ്ടായതോടെ നിവൃത്തികേട് കൊണ്ടാണ് താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങുന്നത്. വെറും 2500 രൂപയായിരുന്നു അന്നൈന്റെ മാസ ശമ്പളം. മോന്റെ പ്ലേ സ്‌കൂളിലാവട്ടെ 600 രൂപയായിരുന്നു ഫീ. എന്റെ ജോലി അദ്ദേഹത്തിന്റെ കണ്ണില്‍ മതിപ്പില്ലാത്തതായിരുന്നു. അധികജോലിയെടുത്ത് ഓഫീസില്‍ നിന്ന് വൈകിയെത്തുമ്പോള്‍ കറുത്ത മുഖം കാണേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും വീട് പൂട്ടിയിട്ട് താക്കോലുമായി പോയി അദ്ദേഹം തിരിച്ചു വരുന്നത് വരെ വരാന്തയില്‍ കാത്തുനിന്നിട്ടുണ്ട് ഞാന്‍. സ്വന്തം തിരഞ്ഞെടുപ്പായതിനാല്‍ വിഷമങ്ങള്‍ വീട്ടില്‍ പറയാന്‍ ആദ്യം മടിച്ചെങ്കിലും ഗതികെട്ടാണ് എന്റെ സങ്കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും ഭാണ്ഠക്കെട്ട് ഞാന്‍ വീട്ടുകാര്‍ക്കു മുന്നില്‍ അഴിച്ചുവെക്കുന്നത്. അപ്പോഴേക്കും ലക്ഷങ്ങളുടെ കടത്തിനു മുകളിലായി ഞങ്ങളുടെ ജീവിതം.

അങ്ങനെയാണ് മോനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവാനുള്ള തീരുമാനമെടുക്കുന്നത്. അതിനിടെ അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് പല തവണ അദ്ദേഹത്തിന്റെ വീട്ടിലും എന്റെ വീട്ടിലും നിന്ന് ജീവിതം മുന്നോട്ടു പോയി. മദ്യപാനം നിര്‍ത്തണമെന്ന് അദ്ദേഹവും ആഗ്രഹിച്ചു. ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സ പ്രതീക്ഷയുടെ വെട്ടം കൊണ്ടു വന്നു. അഡ്മിറ്റായ 14 ദിവസം ഞാനാണദ്ദേഹത്തിന് കൂട്ട് നിന്നത്. വിത്ത്ഡ്രോവല്‍ സിന്‍ഡ്രം വന്നപ്പോള്‍ ആള്‍ വളരെയധികം അക്രമാസക്തനായി. ഒരുവിധം അദ്ദേഹം സാധാരണനിലയിലേക്ക് വന്ന ശേഷമാണ് അദ്ദേഹത്തെ അമ്മയുടെ അടുത്താക്കി ലീവിനു ശേഷം ഞാന്‍ ജോലിക്ക് വീണ്ടും പോയിത്തുടങ്ങിയത്. അന്നായിരുന്നു അദ്ദേഹം ജീവനൊടുക്കിയതും.
എന്നാല്‍ അത്രനാളത്തെ ഞങ്ങളുടെ ദുരിതവും അതിജീവനശ്രമങ്ങളുമെല്ലാം ചിത്രത്തില്‍ നിന്ന് മാഞ്ഞു. കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. എന്റെയെന്തോ പ്രശ്നം കൊണ്ടാണ് ആത്മഹത്യചെയ്തതെന്ന വ്യാഖ്യാനങ്ങളുണ്ടായി. മരിച്ച വീട്ടില്‍ 16 വരെ ഞാനും മോനുമുണ്ടായിരുന്നു.
ആ ദിവസങ്ങളില്‍ എന്റെ നെറ്റിയിലെ പൊട്ട് ഒരു ബന്ധു എടുത്തു മാറ്റി കൊണ്ടു പോയപ്പോള്‍ അനുഭവിച്ച വേദന ഇനിയും പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല.
വീട്ടിലെത്തിയപ്പോള്‍ അമ്മയും ചെറിയ പൊട്ട് മതിയെന്നായി. ഭര്‍ത്താവിന്റെ മരണത്തോടെ സകല നിറങ്ങളും ഒരു സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് മായണമെന്ന് ശഠിക്കുകയല്ലേ സമൂഹം. അതിനൊപ്പമല്ലേ കുടുംബത്തിനും സഞ്ചരിക്കാനാവൂ. പക്ഷെ സഹോദരങ്ങളും സുഹൃത്തുക്കളും നീ പഴയ പോലെ ഒരുങ്ങി നടക്കണമെന്ന് പറഞ്ഞ് എന്നില്‍ ഊര്‍ജ്ജം നിറച്ചു കൊണ്ടിരുന്നു.
കുറ്റം ചാര്‍ത്താനുള്ള വെമ്പലുകള്‍
മരണ ശേഷം ഞങ്ങളെങ്ങനെ ജീവിക്കുമെന്നതിനേക്കാളുപരി അദ്ദേഹത്തിന്റെ മരണത്തിനു ഞാന്‍ കാരണക്കാരിയാണോ എന്ന അന്വേഷണവും ചിലരുടെ ഭാഗത്തു നിന്നുണ്ടായി. ആ തിരച്ചിലില്‍ കിട്ടിയ കുറിപ്പിലാവട്ടെ എന്നോടുള്ള മാപ്പ് പറച്ചിലും മോനെ നന്നായി നോക്കണമെന്ന ഉപദേശവുമായിരുന്നു. കുറ്റം ചാരാനുള്ള ശ്രമം പലരും ഉപേക്ഷിച്ചെങ്കിലും വലിയ മാനസ്സിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു കുറച്ചു കാലത്തെ ജീവിതം. വിഷാദത്തെ മറികടക്കാന്‍ വൈദ്യസഹായമെടുത്ത് ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ നടന്നു..
ഈസ്ലി അവൈലബിള്‍ അല്ല ഞങ്ങള്‍
ഭര്‍ത്താവ് മരിച്ച സ്ത്രീ ഈസ്ലി അവൈലബിള്‍ ആണെന്ന ചിലരുടെ ധാരണ പലപ്പോഴും ജീവിതത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്. പലരുടെയും ശല്യം പേടിച്ച് വാട്സാപ്പ് ഒഴിവാക്കലായിരുന്നു ഭര്‍ത്താവ് മരിച്ച ശേഷം ആദ്യം ചെയ്തത് . അനായാസേന സാരി ഉടുത്തു ശീലിച്ച ഞാന്‍ പലരുടെയും നോട്ടങ്ങള്‍ കാരണം 15ഓളം പിന്നുകള്‍ കുത്തി സാരിഉടുക്കുന്ന തരത്തിലേക്ക് മാറി. ഇന്നതെല്ലാം തമാശയായി തോന്നുമെങ്കിലും അന്നത്തെ എന്റെ ഏറ്റവും വലിയ പ്രശ്നങ്ങളായിരുന്നു അവയെല്ലാം. പലപ്പോഴും ജെന്‍ഡര്‍ ഭേദമില്ലാതെ എന്നെ ആശ്വസിപ്പിക്കാന്‍ വന്നവരെ പ്രതീക്ഷയോടെ കണ്ടെങ്കിലും അവരുടെയെല്ലാം മെസ്സേജുകളിലും വിളികളിലും ഒളിഞ്ഞ ദുരുദ്ദേശങ്ങള്‍ പിന്നീടാണ് തിരിച്ചറിഞ്ഞത് . പലരും സാന്ത്വനിപ്പിക്കാന്‍ വന്നത് ആ സ്പേസ് ദുരുപയോഗപ്പെടുത്താനാണ്. പാസ്പോര്‍ട്ടിനു അപേക്ഷിച്ചസമയത്ത് പോലീസുകാര്‍ വരെ ശല്യപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. ശല്യം സഹിക്കാതെ സാറിന് സറിന്റെ ജോലി കളയിക്കണോ എന്ന ചോദ്യത്തിലാണ് ആ ഉപദ്രവം നിന്നത്.ആളുകളുടെ തുറിച്ചു നോട്ടങ്ങളിലും ഇടപെടലുകളിലും അസ്വസ്ഥയായി കല്ല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും പോകാതെ വീട്ടിലേക്ക് ഒതുങ്ങിപ്പോയിരുന്നു അന്നൊക്കെ.

സഹോദരങ്ങളുടെ കല്ല്യാണത്തിന് സന്തോഷത്തോടെ പങ്കെടുത്ത ഘട്ടത്തില്‍ വിധവയായി എന്ന ഒറ്റക്കാരണത്താല്‍ ദുശ്ശകനുമായി കണ്ട് ആങ്ങളക്ക് താലി കൊടുക്കുന്ന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അനുഭവവുമുണ്ടായി . അവരെ പറഞ്ഞിട്ടും കാര്യമില്ല. സമൂഹം ശീലിപ്പിക്കുന്നതാണിതൊക്കെ
പക്ഷെ ഇതെല്ലാം വകഞ്ഞുമാറ്റി ഞാന്‍ എന്റെ നൂറ് ശതമാനവും ജോലിക്കായി തന്നെ നീക്കി വെച്ചു. സമയം കഴിഞ്ഞ് വൈകിയും ജോലിയെടുക്കുന്നത് മോശമായി വ്യാഖ്യാനിച്ചവരുണ്ട്. ആ കഠിനാധ്വാനത്തിന്റെ ഫലമായാണ് തകര്‍ച്ച നേരിട്ട സ്ഥാപനത്തെ കൈപിടിച്ചുയര്‍ത്താന്‍ എനിക്ക് പറ്റിയതും. മാത്രവുമല്ല കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതാവു കൂടിയാണ് ഞാന്‍.
ഭര്‍ത്താവുളള സ്ത്രീ ജോലി ചെയ്യുമ്പോള്‍ സമൂഹമൊന്നും പൊതുവെ ഗൗരവമുള്ള ജോലിയായി അതിനെ കാണില്ല. പത്ത് മണിക്ക് പോയി അഞ്ച് മണിക്ക് തന്നെ ജോലി ചെയ്ത് തിരിച്ചെത്തേണ്ടവരാണെന്ന ശാഠ്യം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകും. അതിനനുസരിച്ചായിരുന്നു ഒരു ഘട്ടം വരെ എന്റെ ജീവിതവും. ഒറ്റപ്പെടുത്തലിന്റെയും നിന്ദയുടെ എല്ലാം അനുഭവച്ചൂളയില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ടോ എന്തോ ഭര്‍ത്താവിന്റെ മരണത്തോടെ ഞാന്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അല്ലെങ്കിലും ഭാര്യമരിച്ച പുരുഷന്‍ നേരിടുന്നതുപോലുള്ള പ്രശ്‌നങ്ങളല്ല ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ നേരിടുന്നത്. അവരുടെ യാത്ര സങ്കീര്‍ണ്ണമായിരിക്കും.
ചുറ്റിലുമുള്ളവരുടെ മുന്‍വിധികളെ തൃപ്തിപ്പെടുത്താനായി പിന്നീട് ഞാന്‍ ജീവിച്ചില്ല എന്നതാണ് ഞാന്‍ എന്നോടു ചെയ്ത ഏറ്റവും നല്ല കാര്യം. എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചു, ഒരുങ്ങി നടന്നു, എനിക്കിഷ്ടമുള്ള ജോലി ചെയ്തു.
ലോകം മാറില്ല. പക്ഷെ നമുക്ക് മാറാമല്ലോ. ഭര്‍ത്താവ് മരിച്ച ശേഷമാണ് ഞാന്‍ എംബിഎ ചെയ്യുന്നത്. 2010ല്‍ വെറുമൊരു ജൂനിയര്‍ ക്ലര്‍ക്കായി ജോലിയില്‍ കയറിയ ഞാന്‍ കഠിനാധ്വാനം ചെയ്താണ് ഇന്നാ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ തസ്തകിയലേക്കുയരുന്നത്. ഭര്‍ത്താവ് മരിച്ചപ്പോള്‍ 9 ലക്ഷം രൂപ കടത്തിലായിരുന്ന ഞാന്‍ സ്വന്തമായി വീട് വെച്ചു. വാഹനം വാങ്ങി. പക്ഷെ ഈ ദൂരം വരെയെത്താന്‍ എടുത്ത തീരുമാനങ്ങളും സാഹസങ്ങളും സമാനതകളില്ലാത്തതാണ്. അടക്കം പറച്ചിലുകളും കുറ്റപ്പെടുത്തലും മാറ്റിനിര്‍ത്തലുകളും ഊര്‍ജ്ജമാക്കി മാറ്റിയാണ് ഇന്ന് കാണുന്ന ഞാനിലേക്കുള്ള എന്റെ വളര്‍ച്ച.
കുടുംബക്കാരും ഇന്നെന്നെ അംഗീകരിച്ചു തുടങ്ങി. അന്ന് ഞങ്ങള്‍ താമസിച്ച വീട് ഭര്‍ത്താവിനായി കരുതിവെച്ചതായിരുന്നെങ്കിലും ഞാന്‍ അവകാശിയായി വരുമോ എന്ന ഭയമാവാം മോന്റെ പേരിലേക്ക് അന്ന് വീട് മാറ്റിയെഴുതാന്‍ അവരെ പ്രേരിപ്പിച്ചത്. അവരെ സംബന്ധിച്ച് പേരക്കുട്ടി വിവാഹം ചെയ്യുന്നതോ അവരുടെ ഭാര്യമാര്‍ ആ സ്വത്ത് അനുഭവിക്കുന്നതോ ഒന്നും പ്രശ്നമല്ല. പകരം ഭര്‍ത്താവിന്റെ മരണ ശേഷം സാധാരണ ജീവിതത്തിലേക്ക് ഒരു സ്ത്രീ തിരികെ കയറുമോ എന്നതാണ് പലരുടെയും ആശങ്ക. അതാണല്ലോ സ്വത്ത് കൊടുക്കാനുള്ള ഭയത്തിനു പിറകിലും.
പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെ
ഭര്‍ത്താവ് നഷ്ടപ്പെട്ട വെറും ഒരു സ്ത്രീ എന്ന ഐഡന്റിറ്റിയിലേക്ക് ചുരുങ്ങാനായി നിരന്തര സമ്മര്‍ദ്ദം സമൂഹത്തിന്റെ പലഭാഗത്തുനിന്നുണ്ടായിട്ടും അതിലൊന്നും വീഴാതെ നമ്മള്‍ നമ്മളായി ജീവിക്കണമെന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. കുലീനയായ ഇമേജ് നഷ്ടപ്പെടുമെന്ന് കരുതിയല്ല വിവാഹം കഴിക്കാത്തത്. ഇനിയും ആരേയും ആശ്രയിച്ചു കൊണ്ടുള്ള ജീവിതം അനുഭവിക്കാന്‍ വയ്യാത്തതുകൊണ്ടാണ് അത്തരമൊരു കാര്യത്തെ കുറിച്ച് ചിന്തിക്കാത്തു തന്നെ. ഭര്‍ത്താവ് നഷ്ടപ്പെട്ട വെറും ഒരു സ്ത്രീ എന്ന ഐഡന്റിറ്റിയിലേക്ക് ചുരുങ്ങാനായി നിരന്തര സമ്മര്‍ദ്ദം സമൂഹത്തിന്റെ പലഭാഗത്തുനിന്നുണ്ടാകാം അതിലൊന്നും വീഴാതെ നമ്മള്‍ നമ്മളായി ജീവിക്കണമെന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ഞാനും മോനും നല്ല സുഹൃത്തുക്കളാണ് എന്റെ മോനെ മനസ്സിലാക്കുന്നവനാണെന്ന് തിരിച്ചറിഞ്ഞ് വരുന്ന ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുമായിരിക്കാം. പക്ഷെ നിലവില്‍ കണ്ടത്തെയിട്ടില്ലാത്തതിനാല്‍ അതേക്കുറിച്ചാലോചനയുമില്ല.
stop shaming, stop being judgemental- ഭര്‍ത്താവ് മരിച്ചാല്‍ ഒരു സ്ത്രീ പൊട്ട് ധരിക്കണമോ വേണ്ടയോ എന്ന് തുടങ്ങി അവരുടെ ജീവിതത്തിലെ നിസ്സാരവും നിര്‍ണ്ണായകവുമായ തീരുമാനങ്ങളെല്ലാം എടുക്കുന്നത് മറ്റുള്ളവരാവും. ആ സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും കൈകടത്തുന്ന കുടുംബക്കാരും ബന്ധുക്കളുമാവും ചുറ്റിലും. എന്നാൽ ഭാര്യ മരിച്ച ഭര്‍ത്താവിന് ഇത്തരത്തില്‍ ഒന്നും നേരിടേണ്ടി വരില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീകളെ വിളിക്കാന്‍ വിധവയെന്ന പദമുണ്ട് നമുക്ക്. ആ പ്രയോഗമാവട്ടെ സര്‍വ്വസാധാരണവും . ഭര്‍ത്താവ് മരിച്ചവരെപ്പോലെ തന്നെ ഭാര്യ മരിച്ചവരുണ്ടായിട്ടും വിഭാര്യനെന്ന വാക്ക് അധികം പ്രയോഗിച്ചു കണ്ടിട്ടില്ല. പങ്കാളിയുടെ നഷ്ടം ആണായാലും പെണ്ണായാലും ഒരുപോലെയാണെങ്കിലും നഷ്ടത്തിനു പുറമെയുള്ള വിലക്കുകളും തുറിച്ചു നോട്ടങ്ങളും കൂടുതലും ഏല്‍ക്കേണ്ടി വരുന്നത് ഭര്‍ത്താവ് മരിച്ച സ്ത്രീകളാണ്. മാറ്റാം മനോഭാവം മാതൃഭൂമി ഡോട്ട്കോമിലൂടെ
Content Highlights: MK Vipina, General manager, clerk role ,Widow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..