Representative Image | Photo: Gettyimages.in
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പ്രേക്ഷകരും സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിളിക്കുന്ന പത്രസമ്മേളനങ്ങള്‍ക്ക് പാഞ്ഞു പോകാനും അത് ചൂടപ്പം പോലെ വിറ്റഴിക്കാനും അന്തിച്ചര്‍ച്ചകളില്‍ ഹരം പിടിച്ച് പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടേയിരിക്കാനും അവരുടെ വസ്ത്രത്തിലെ ഡിസൈനില്‍ ഒരു പ്രത്യേക രഹസ്യകോഡ് വരെ ഉണ്ടെന്ന് സ്ഥാപിക്കാനും കാണിക്കുന്ന അമിതശ്രദ്ധയുടെ, അമിതാവേശത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഈ ദിവസങ്ങളില്‍ കേരളത്തിന്റെ സമൂഹിക പൊതുമണ്ഡലത്തില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മൂന്നു സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും മാറ്റി വെച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
കേരള സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന വര്‍ധിച്ച ദൈനംദിന ആക്രമണങ്ങളുടെ, ലൈംഗികാക്രമണങ്ങളുടെ നടുക്കുന്ന അനുഭവങ്ങളാണ് ചിത്രകാരിയും സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയും പ്രസാധകയും എഴുത്തുകാരിയുമായ എം.എ. ഷഹനാസും ഈ ദിവസങ്ങളില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇവര്‍ മൂന്നു പേരും തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ, ഉപദ്രവിച്ചവര്‍ക്കെതിരെ നിയമപരമായ നീതി തേടി സന്ധിയില്ലാ സമരത്തിനുള്ളിലാണിപ്പോള്‍. അവര്‍ക്ക് വേണ്ടി മാത്രമല്ല, കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും അവകാശമായ അക്രമരഹിതമായ സമൂഹത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന വ്യക്തിപരമായ പോരാട്ടമാണത്. ഇവര്‍ക്ക് വലിയ പിന്തുണ ആവശ്യമുണ്ട്. ഇങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ നടന്നിരിക്കുന്നു എന്ന് ജനങ്ങളോടു പറയാനും പിന്തുണ രൂപപ്പെടുത്താനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ഷഹനാസിന്റെ തുറന്നു പറയല്‍ വെളിപ്പെടുത്തുന്നത്
എം.എ. ഷഹനാസ് പ്രസാധകയും എഴുത്തുകാരിയുമാണ്. പുസ്തകപ്രസാധന രംഗത്ത് സ്ത്രീകള്‍ അധികമില്ല എന്നത് ഈ സമൂഹത്തിന്റെ തന്നെ ആണധികാര പ്രബലത കൊണ്ടാണ്. പ്രസാധകര്‍ എഴുത്തുകാരുമായി എപ്പോഴും ഇടപെടേണ്ടി വരുന്നവരാണ്. അങ്ങനെ ഇടപെടേണ്ടി വന്ന വി.ആര്‍. സുധീഷ് എന്ന പ്രശസ്തനായ എഴുത്തുകാരനില്‍നിന്ന് താന്‍ നേരിടേണ്ടി വന്ന ഭീഷണികളും പീഡാനുഭവങ്ങളും തുറന്നു പറയുകയും നിയമപരമായ വഴികളിലേക്ക് നീങ്ങുകയുമാണ് ഷഹനാസ്. വി.ആര്‍ സുധീഷില്‍നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഷഹനാസ് അവരുടെ ഫേസ്ബുക്കില്‍ വിശദമായി തുറന്നെഴുതിയിട്ടുണ്ട്. സാഹിത്യ, സാംസ്‌കാരിക രംഗത്ത് ഇതൊരു വലിയ പൊട്ടിത്തെറിയാണ്. സാഹിത്യ, കലാ, അക്കാദമിക് രംഗത്ത് വി ആര്‍. സുധീഷിനെപ്പോലെ ഇനിയും പലരുമുണ്ട്. ഷഹനാസിന്റെ ഫേസ്ബുക്ക് പേജിലെ തുറന്നു പറച്ചിലിനോട് പ്രതികരിച്ചു കൊണ്ട് പല സ്ത്രീകളും അവരുടെ അത്തരം വിഷമതകളും അനുഭവങ്ങളും സൂചിപ്പിക്കുന്നുണ്ട്.
.jpg?$p=c0dff4c&&q=0.8)
ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം
ഇരയെന്നോ അതിജീവിതയെന്നോ താന്‍ വിളിക്കപ്പെടരുതെന്ന് നിര്‍ബ്ബന്ധമുള്ള കുന്ദമംഗലം സ്വദേശിനി തന്റെ പേരും മുഖവും മറയ്ക്കരുതെന്ന് മാധ്യമങ്ങളോട് നിര്‍ബ്ബന്ധപൂര്‍വ്വം പറയുന്നത് മാധ്യമങ്ങള്‍ കേള്‍ക്കുക തന്നെ വേണം. നിയമങ്ങളും കോടതിയും സ്ത്രീയുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കാനുള്ളതായിരിക്കണം എന്നോര്‍മ്മിപ്പിക്കണം. കഠിനാധ്വാനത്തിലൂടെ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള സ്വന്തം വ്യക്തിത്വം ഒരു ദിവസം അപ്രതീക്ഷിതമായി ലൈംഗികമായി ആക്രമിക്കപ്പെടുമ്പോഴേക്കും തകര്‍ന്ന് തരിപ്പണമാവരുതെന്ന് അവര്‍ മാത്രമല്ല, എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ആക്രമിക്കപ്പെട്ടവര്‍ മുഖവും പേരും മറച്ചു വെച്ച് ജീവിക്കേണ്ടി വരുന്ന നടപ്പു നിയമത്തിനുള്ളിലെ സാമൂഹിക വശത്തെപ്പറ്റി നാം ഇനി സൂക്ഷ്മമായി ചര്‍ച്ചകള്‍ നടത്തിയേ പറ്റൂ.
ജോലി കഴിഞ്ഞ് വൈകീട്ട് എട്ട് മണി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോയ അവരെ പിന്തുടര്‍ന്ന് ഇരുട്ടുള്ള വഴിയില്‍ വെച്ച് ആക്രമിച്ച് വീഴ്ത്തിയതും ബലാത്സംഗത്തിന് ശ്രമിച്ചതും അതില്‍നിന്ന് മനസ്സാന്നിദ്ധ്യം കൊണ്ടു മാത്രം പ്രതിരോധിച്ച് രക്ഷപ്പെടുകയും റേപ്പിസ്റ്റായവന്റെ പിറകേ ഓടി നാട്ടുകാരുടെ സഹായത്താല്‍ അവനെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചതും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. അവരുടെ സ്ഥാനത്ത് ശാരീരികമോ മാനസികമോ ആയി അത്ര ശക്തയല്ലാത്ത മറ്റൊരു സ്ത്രീയോ പെണ്‍കുട്ടിയോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു എന്ന് തീര്‍ച്ചയാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ, പോലീസ് സ്റ്റേഷനില്‍ എത്തിച്ച ബലാത്സംഗക്കാരന്റെ പ്രായം പതിനെട്ടിനു താഴെയാണെന്ന നിയമപരമായ സാങ്കേതിക പ്രശ്‌നത്താല്‍ എഫ്.ഐ.ആര്‍. ഇടാന്‍ പോലീസ് തയ്യാറായില്ലെന്നും കുറ്റവാളിയുടെ വീട്ടുകാര്‍ യുവതിയോട് കോംപ്രമെസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്രശ്‌നത്തെ നമ്മുടെ സമൂഹവും നിയമവും നിശിതമായി ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഇന്ന് മൈനര്‍ എന്നു പറയുന്ന ഈ കുറ്റവാളിയെ സൃഷ്ടിച്ചെടുത്തതില്‍ കുടുംബത്തിനും മതങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും കോടതികള്‍ക്കും നിയമങ്ങള്‍ക്കുമുള്ള സ്വാധീനവും വലിയ പങ്കും ഇതോടെ തീര്‍ത്തും രക്ഷപ്പെടുകയാണ്. അതിനാല്‍ സ്വന്തം ജീവിതത്തെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനായി ഉഴിഞ്ഞു വെയ്ക്കുകയാണവര്‍. തന്റെ ഭാവനകളിലും സര്‍ഗ്ഗാത്മകതയിലും മുഴുകി ജീവിക്കേണ്ടിയിരുന്ന ഒരു ചിത്രകാരിയുടെ, പ്രൊഫഷണലിന്റെ ജീവിതം ഈ വിധം ദുര്യോഗത്തിലേക്ക് തള്ളിവിട്ടതിന് യഥാര്‍ത്ഥത്തില്‍ എല്ലാവരും ഉത്തരം പറയേണ്ടതില്ലേ? അവര്‍ക്ക് മുമ്പും ശേഷവും സ്ത്രീകള്‍ ഇതു തന്നെയാണ് നേരിടേണ്ടി വരിക എന്ന നിരാശയും രോഷവും സ്ത്രീസമൂഹത്തെയാകെ ചൂഴ്ന്നു നില്‍ക്കുന്നില്ലേ?
''ഇവിടെ നീതി കിട്ടാതാവുന്നത് അക്രമം നേരിട്ട ഞാന്‍ എന്ന സ്ത്രീയ്ക്കാണ്. ഞാന്‍ ഇത് ഈ സ്റ്റേറ്റിനോട്, നിയമത്തോട് സമൂഹത്തോട് ശക്തമായി ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ മറഞ്ഞിരിക്കുകയോ, തളര്‍ന്നിരിക്കുകയോ, കരഞ്ഞിരിക്കുകയോ ഇല്ല. ഞാന്‍ അബലയോ ചപലയോ അല്ല. ഞാന്‍ നിര്‍ഭയയുടെയോ അതിജീവിതയുടെയോ ടൈറ്റിലില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ .... ഈ സമൂഹത്തില്‍ കൃത്യമായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത സ്വാതന്ത്രയായ ഉത്തരവാദിത്വമുള്ള വ്യക്തി. എനിക്ക് നീതി നല്‍കേണ്ടത് ഈ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് എന്ന് ഉറപ്പിച്ച് പറയുന്നു... അസാമാന്യ പ്രതിരോധ ശക്തിയും നേരം ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാന്‍ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തില്‍ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാല്‍ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് മുദ്രയടിക്കപ്പെടേണ്ടത് മറ്റു സ്ത്രീകളുടെ രക്ഷയ്ക്ക് ആവശ്യമാണ്. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഇവന്‍ അനുവദിക്കപ്പെടരുത്.'' ആലീസിന്റെ വാക്കുകള്‍ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ശ്രദ്ധിച്ചു കേള്‍ക്കുമോ?
ശ്രീജ നേരിട്ട ലൈംഗികാക്രമണം
വര്‍ഷങ്ങളോളം സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ജീവിതാനുഭവങ്ങളുള്ള പൊതു പ്രവര്‍ത്തകയാണ് ശ്രീജ നെയ്യാറ്റിന്‍കര. ശ്രീജ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടിയാണിപ്പോള്‍. ശ്രീജ തനിക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സമൂഹത്തോടു തുറന്നു പറയുന്നത് ഇങ്ങനെയാണ്.
''തിരുവനന്തപുരം പ്രസ് ക്ലബിലൊരു പരിപാടി കഴിഞ്ഞിട്ട് നെയ്യാറ്റിന്‍കരയിലേക്ക് ബസ് കയറിയതാണ് ഞാന്‍.. രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും മറ്റൊരു സ്ത്രീയും ... പള്ളിച്ചലോ മറ്റോ എത്തിയപ്പോഴാണ് അടുത്തിരുന്ന സ്ത്രീയിറങ്ങി.. ആ സീറ്റില്‍ മറ്റൊരു പുരുഷന്‍ വന്നിരുന്നു ... ഇരുന്ന് മിനിറ്റുകള്‍ക്കകം അയാള്‍ എന്നെ ബലമായി കയറിപ്പിടിച്ചു ... അലറി വിളിച്ചു കൊണ്ട് ഞാന്‍ എണീറ്റതും അയാളുടെ ചെകിട് നോക്കി പൊട്ടിച്ചതും ഒരുമിച്ചായിരുന്നു ...അയാള്‍ പെട്ടെന്ന് ബസിന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു ... കണ്ടക്ടര്‍ അയാളെ തടഞ്ഞു വച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ ബാലരാമപുരമാണ്. കണ്ടക്ടറോട് പോലീസ് സ്റ്റേഷന്‍ പടിക്കല്‍ ബസ് നിര്‍ത്തണം എന്ന് ഞാനാവശ്യപ്പെട്ടു.... ഇതിനിടയില്‍ ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തു .. മുടവൂര്‍പാറയ്ക്കും ബാലരാമപുരത്തിനും മധ്യേ വച്ച് അയാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടാനൊരുങ്ങുമ്പോള്‍ ഡ്രൈവര്‍ അയാള്‍ക്ക് വണ്ടി സ്ലോ ചെയ്തു കൊടുത്തു... അയാള്‍ സുന്ദരമായി രക്ഷപ്പെട്ടു ...എന്റെ വേദനത്രയും KL15 8789 എന്ന ആ ബസിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ആ ബസില്‍ സഞ്ചരിച്ചിരുന്ന നെറികെട്ട മനുഷ്യരെ കുറിച്ചോര്‍ത്താണ്. തടഞ്ഞു വച്ച ആ കണ്ടക്ടറെ സഹായിക്കാന്‍ ആ ബസില്‍ യാത്ര ചെയ്തിരുന്ന ഒരാളെങ്കിലും തയ്യാറായിരുന്നെങ്കില്‍ അയാള്‍ രക്ഷപ്പെടില്ലായിരുന്നു .. ആ കണ്ടക്ടര്‍ ആരെങ്കിലും ഒന്നിവനെ പിടിക്കൂ എന്ന് പറഞ്ഞിട്ടും ഒരൊറ്റയെണ്ണം അനങ്ങിയില്ല... ഇത്ര നിസഹായതയും അരക്ഷിതാവസ്ഥയും ഇതിന് മുന്‍പ് എപ്പോഴെങ്കിലും അനുഭവിച്ചതായി ഓര്‍മ്മയിലില്ല. ആക്രമിച്ചവന്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നതിനപ്പുറം ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന കുറേ മനുഷ്യര്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കി എന്നത് എനിക്ക് തീരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ... മാസ്‌ക്കിട്ടിരുന്ന മുഖം, കയ്യില്‍ കുറേ ചുവന്ന നൂലുകള്‍, നെറ്റിയില്‍ കുങ്കുമക്കുറി, കടും നീല ഷര്‍ട്ട്... ആ ക്രിമിനലിനെ കുറിച്ച് ഇത്രയും ഓര്‍മ്മയിലുണ്ട് ... ഈ മാനസികാവസ്ഥയെ അതിജീവിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്....''
ശ്രീജയും ചിത്രകാരിയെപ്പോലെ പോലീസില്‍ പരാതിയും അനുബന്ധ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട മേഖലകളില്‍ ചെലവഴിക്കാനുള്ള സമയവും ഊര്‍ജ്ജവും സന്തോഷങ്ങളുമാണ് ഈ സമൂഹം ഈ വിധം തട്ടിത്തെറിപ്പിച്ചു കളയുന്നത്. ശ്രീജയ്ക്കുണ്ടായ അനുഭവത്തിനു മുമ്പും ശേഷവും ബസ്സില്‍ ഇനിയും സ്ത്രീകള്‍ പല തരത്തിലുള്ള ലൈംഗികാക്രണങ്ങള്‍ നേരിടുകയും നിശ്ശബ്ദമായി സഹിക്കുകയും സമൂഹത്തേയും കുടുംബത്തേയും പേടിച്ച് മിണ്ടാതിരിക്കുകയും പരാതിപ്പെട്ടാല്‍ നീതി ലഭിക്കാതിരിക്കുകയും ചെയ്യും എന്നതാണ് പൊതുവേ സംഭവിക്കുക. എന്നാല്‍, ശ്രീജയെ ആക്രമിച്ചവനെ കണ്ടെത്തുകയും ശിക്ഷിക്കുകയും അയാളെ രക്ഷപ്പെടാന്‍ അനുവദിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കുകയും ശിക്ഷിക്കുകയും ചെയ്താല്‍ ഭാവിയില്‍ ചില വ്യത്യാസങ്ങള്‍ അതുമൂലം ഉണ്ടാകും. ലൈംഗികാക്രമണം നടത്തിയവനെപ്പോലെ തന്നെ കുറ്റവാളിയാണ് അയാളെ രക്ഷപ്പെടാന്‍ അനുവദിച്ച ഡ്രൈവറും. ബസ്സിലെ മറ്റു യാത്രക്കാരെപ്പറ്റി എന്താണ് പറയേണ്ടത്! നീതിബോധവും മനസ്സാക്ഷിയും മരവിച്ച, എല്ലാ അനീതികള്‍ക്കും സാക്ഷികളായി കാവല്‍ നില്‍ക്കുന്ന ഒരു ജീര്‍ണ്ണ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണത്. നാം പ്രബുദ്ധ സമൂഹമാണെന്ന് പറയുന്നതില്‍ യാതൊരു സത്യവുമില്ല എന്നതിന് തെളിവല്ലേ ശ്രീജയ്ക്കുണ്ടായ ഭയാനകമായ അനുഭവം! നാളെ ഇതേ അനുഭവം എത്രയെത്ര സ്ത്രീകളാണ് ഇനിയും നേരിടാനിരിക്കുന്നത്!
സ്ത്രീകള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും സഞ്ചരിക്കാനും പണിയെടുക്കാനും കഴിയുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാക്കുന്നതില്‍ സര്‍ക്കാരും പോലീസും കോടതികളും വരുത്തുന്ന വീഴ്ചയാണ് ഒട്ടേറെ സ്ത്രീകള്‍, സാമൂഹ്യപ്രവര്‍ത്തകരും കലാകാരികളും എഴുത്തുകാരികളുമായ സ്ത്രീകള്‍ വരെയും ഇന്ന് പട്ടാപ്പകല്‍ ബസില്‍ സഞ്ചരിക്കുമ്പോള്‍ പോലും ലൈംഗികാക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതിപ്പോള്‍ ഇവരെപ്പോലെ ബുദ്ധിമതികളും ധൈര്യവതികളുമായ സ്ത്രീകള്‍ പുറത്തു പറഞ്ഞതു കൊണ്ട് അറിഞ്ഞ കാര്യങ്ങള്‍.
ഭയന്ന് പുറത്ത് പറയാനാകാത്ത എത്രയധികം ആക്രമണകഥകള്‍ക്കുള്ളിലാണ് ഈ സമൂഹം ഇന്ന് അനുനിമിഷം ജീര്‍ണ്ണിച്ച് ജീര്‍ണ്ണിച്ച് എന്നാല്‍ പുറത്ത് പുരോഗമനത്തിന്റെ കുപ്പായമണിഞ്ഞ് മേനി പറഞ്ഞ് ജീവിക്കുന്നത് എന്നതു കൂടി ഒന്നാലോചിച്ചു നോക്കൂ.
ബസില്‍ തന്നെ ആക്രമിച്ചവന്റെ കുപ്പായം ശ്രീജ വലിച്ചു കീറിയത് പോലെ ഈ സമൂഹത്തിന്റെ നിറപ്പകിട്ടുള്ള പുറംകുപ്പായം സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും വലിച്ചു കീറാന്‍ തുടങ്ങിയിരിക്കുകയാണ്. ഇവിടെ നഗ്‌നരായി നില്‍ക്കുന്ന കുറ്റവാളികള്‍ ആരൊക്കെയെന്ന് സ്ത്രീകള്‍ക്ക് ഇപ്പോള്‍ നന്നായി കാണാനാവുന്നുണ്ട്.
Content Highlights: CS Chandrika column, Maratte keralam, alice mahamudra issue, shahanas, vr sudheesh, sreeja
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..