ബംഗ്ലദേശിലെ റോഹിങ്ക്യ ക്യാംപ്.
കോടിക്കണക്കിന് മനുഷ്യര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള മഹാരാജ്യമാണ് ഇന്ത്യ. രണ്ടു നേരത്തെ ഭക്ഷണം പോലും ലക്ഷ്വറിയായ ഗ്രാമങ്ങളുണ്ട് ഡിജിറ്റല്‍ ഇന്ത്യയില്‍. മഹാമാരിക്ക് മുന്നില്‍ രാജ്യം നിശ്ചലമായിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. ഭരണചക്രമുരുളുന്ന തലസ്ഥാന നഗരിയിലെ മനുഷ്യ ജീവിതം ദിനം പ്രതി ദുഃസ്സഹമാണ്.
അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈ എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ലോകം ഭയപ്പെടുന്ന വൈറസ്സിനേക്കാള്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ വിറപ്പിക്കുന്നത് ഇപ്പോള്‍ വിശപ്പാണ്. കൊടും പട്ടിണിയില്‍ നിശബ്ദമാണ് ഒരോ ഇന്ത്യന്‍ ഗ്രമങ്ങളും.
മഹാമാരിയെക്കാള്‍ വേഗത്തില്‍ അത് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഹാറില്‍ മരിച്ച രാകേഷ് മുഷര്‍ എന്ന എട്ടുവയസ്സുകാരന്‍ അത് അടിവരയിടുന്നുണ്ട്. ദിവസങ്ങളായി കാലിയായി കിടക്കുന്ന രാകേഷ് മുഷറിന്റെ ആമാശയം കണ്ട് കാലം പോലും നിശ്ചലമായിട്ടുണ്ടാകും.
50 രൂപ പോലും ദിവസക്കൂലിയില്ലാത്ത ഗ്രാമങ്ങളുണ്ട് ബിഹാറിലും ഹരിയാണയിലും. സമ്പത്തിന്റെയും കയ്യൂക്കിന്റെയും അടിസ്ഥാനത്തില്‍ ജാതി തിരിച്ചുള്ള തുരുത്തുകള്‍ പോലും ഉണ്ട് ഗ്രാമങ്ങള്‍ക്കുള്ളില്‍. ജാതിപ്രമാണിമാരാണ് അവിടങ്ങളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടത്തുന്നതും.
സ്വാതന്ത്ര്യം എന്ന വാക്കു പോലും കേള്‍ക്കാത്ത ജീവിതങ്ങള്‍ ജന്മിക്ക് വേണ്ടി ഗോതമ്പ് പാടങ്ങളില്‍ അനുദിനം ഉരുകി തീരുന്നതും ഗ്രാമീണ കാഴ്ച്ചയാണ്. ജനനത്തിനും മരണത്തിനും ശേഷം ഭരണകൂടം നല്‍കുന്ന രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലാതെ അവരുടെ ജീവിതത്തില്‍ സര്‍ക്കാരിന്റെ മറ്റൊരു ഇടപെടലും ഉണ്ടാകാറില്ല.
ആ മനുഷ്യരോടാണ് മഹാഭാരതം കണ്ട് വീട്ടിലിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പറയുന്നത്. പട്ടിണിയില്‍നിന്ന് നികുതി പണം കൊടുക്കുന്ന മനുഷ്യരോടുള്ള മനോഭാവം ഇതൊക്കെയാണ്. സമാനമായ സാഹചര്യത്തില്‍ കാലങ്ങളായി കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളുമുണ്ട് രാജ്യത്ത്. ആട്ടിപ്പുറത്താക്കണമെന്ന് ഭരണകൂടം തന്നെ പറഞ്ഞ റോഹിംഗ്യകളാണ് അവര്‍. ആ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയും ജനാധിപത്യ ഇന്ത്യ മനസ്സിലാക്കേണ്ടതുണ്ട്.
വംശവെറിയുടെ നാട്ടില്‍ നിന്നും രക്ഷപ്പെട്ട് ഗാന്ധിയുടെ മണ്ണിലേക്ക് ഓടി കയറിയ റോഹിംഗ്യകളെ മനുഷ്യരായി പോലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ആധിയുടെ തുരുത്തുകളില്‍ അവര്‍ ലോക്ക്ഡൗണ്‍ ആയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ലഭ്യമായ കണക്കുകള്‍ പ്രകാരം 40000 റോഹിംഗ്യകളാണ് അഭയം തേടി ഇന്ത്യയുടെ കരകളിലേക്ക് കയറിയത്.
കശ്മീര്‍ മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചെറു ക്യാമ്പുകളില്‍ അവര്‍ ഉണ്ട്. ആറോളം ക്യാമ്പുകളുണ്ട് ഡല്‍ഹിയില്‍ മാത്രം. മിക്ക ക്യാമ്പുകള്‍ക്ക് നേരെയും പല തവണ സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങളും നടന്നിട്ടുണ്ട്.
2013 ഇല്‍ ഐക്യരാഷ്ട്ര സഭ റോഹിംഗ്യകളെ വിശേഷിപ്പിച്ചത്, 'വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹം' എന്നാണ്. മഹാമാരിയുടെ ഈ കാലത്ത്, സ്വപ്നങ്ങള്‍ പോലും കാണാന്‍ മറന്ന ജനതയുടെ അവസാനിക്കുന്ന ശ്വാസവും പ്രതിസന്ധിയുടെ കടലാഴങ്ങളിലാണ്.
ജീവിതത്തോട് അനുദിനം പോരാടിക്കൊണ്ടിരിക്കുന്ന അനേകം മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അവരുടെ ജീവിതത്തിന് കനത്ത പ്രഹരമാണ് മഹാമാരി ഏല്‍പ്പിച്ചത്. ഇത്തരത്തില്‍ ജീവിത പ്രതിസന്ധിക്ക് മുന്നില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്. മനുഷ്യന്‍ എന്ന മിനിമം പരിഗണനയെങ്കിലും ഭരണകൂടങ്ങള്‍ നല്‍കണം എന്നാണ് അവര്‍ക്ക് പറയാനുള്ളത്. മറ്റു വൈര്യങ്ങള്‍ക്ക് ദീര്‍ഘകാലം അവധികൊടുക്കേണ്ട കാലം കൂടിയാണിത്.
മുഹമ്മദ് ജമീല്‍ എന്ന എട്ടുവയസുകാരന്‍

ഫരീദാബാദ് ബുഡേന ഗാവിലെ ക്യാമ്പിന് പുറത്തുനിന്നുതന്നെ മുഹമ്മദ് ജമീലിന്റെ നിലവിളി കേള്‍ക്കാന്‍ സാധിക്കും. അത്ര മരണ വേദനയാണ് കാലിന്. ടെന്റിനോട് ചേര്‍ന്ന് കിടക്കുന്ന മാലിന്യക്കൂമ്പാരത്തില്‍നിന്നും കിട്ടിയതാണ് ഇനിയും പേരറിയാത്ത മഹാമാരി.
കാലിന്റെ അടിഭാഗത്തുവന്ന വൃണങ്ങള്‍ ആയിരുന്നു തുടക്കം. വളരെ പെട്ടെന്ന് തന്നെ കാല് നിലത്തുകുത്താനാകാത്ത വേദനയില്‍ എത്തി. വൃണങ്ങള്‍ വലുതായി. രക്തവും ചലവും വരാന്‍ തുടങ്ങി. മാലിന്യക്കൂനയില്‍ നിന്നും രോഗങ്ങള്‍ പേറി പറന്നാര്‍ക്കുന്ന ഈച്ചകള്‍ കാലില്‍ വന്ന് പൊതിയാന്‍ കൂടെ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. വിശപ്പും വേദനയും കൂടെ അതിന്റെ പാരമ്യത്തില്‍ എത്തി. കരയാന്‍ പോലും ശക്തിയില്ലാതെ ആ ഏട്ടുവയസ്സുകാരന്‍ നിശ്ചലനായിട്ട് മാസങ്ങള്‍ ആയി.
ഉമ്മ ഹസീന ബീഗവും പിതാവ് കത്തോലും അവന്റെ വേദനകൊണ്ടുള്ള പിടച്ചിലിനൊപ്പം നെഞ്ചുപൊള്ളി കൂടെതന്നെയുണ്ട്. മ്യാന്‍മറില്‍ നിന്ന് രക്ഷപെട്ട് വന്ന ഹസീന ബീഗത്തെ അസ്സംകാരനായ കത്തോല്‍ ക്യാമ്പില്‍ നിന്നാണ് കണ്ട് ഇഷ്ടപെട്ട് വിവാഹം കഴിക്കുന്നത്. അവരെ കൊണ്ടുപോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ അദ്ദേഹവും ഹസീനയ്‌ക്കൊപ്പം ക്യാമ്പില്‍ കഴിയുകയായിരുന്നു.
ജീവിക്കാനായി മാലിന്യം വേര്‍തിരിക്കുന്ന ജോലിയില്‍ കത്തോലും ചേര്‍ന്നു. ഡല്‍ഹിയിലെ പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ക്യാമ്പിന് മുന്നില്‍ മലപോലെ കൂട്ടിയിടും. അതില്‍ നിന്നും പ്ലാസ്റ്റിക്കും ഇരുമ്പും വേര്‍ തിരിച്ചെടുക്കണം. മാലിന്യക്കൂമ്പാരത്തില്‍ തന്നെയാണ് കുട്ടികള്‍ കളിക്കുന്നതും.
അതാവണം ജമീലിന്റെ കാലിന് വൃണങ്ങള്‍ വരാന്‍ കാരണമായതെന്നാണ് ഉമ്മ പറയുന്നത്. സമാനമായ രീതിയില്‍ മുതിര്‍ന്നവര്‍ക്കും മലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടക്ക് അപകടങ്ങള്‍ പറ്റിയിട്ടുണ്ട്. ഇതെല്ലാം സഹിച്ചു രാപ്പകല്‍ പണിയെടുത്താല്‍ പരമാവധി കിട്ടുന്നത് 100 രൂപയാണ്. ക്യാമ്പില്‍ ഉള്ള 200 ഓളം മനുഷ്യര്‍ ഒരു നേരം റൊട്ടി എങ്കിലും കഴിക്കുന്നത് അത് കൊണ്ടാണ്.
പലതവണ ജമീലിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതാണ്. എന്നാല്‍ ആധാര്‍കാര്‍ഡോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ തിരിച്ചയക്കും. മനസ്സലിവ് തോന്നി ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ സഹായിക്കുന്നത് കൊണ്ടാണ് വല്ലപ്പോഴെങ്കിലും ഡോക്ടറെ കാണാന്‍ സാധിക്കുന്നത്. രണ്ടു നേരം ആഹാരം കഴിക്കാന്‍ പോലും വക ഇല്ലാത്തത്തു കൊണ്ട് സ്വകാര്യ ആശുപത്രികളെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല. പ്രാണനെടുക്കുന്ന വേദന സഹിച്ച് ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍ മുഹമ്മദ് ജമീല്‍.
പ്രാണന്‍ പോകുന്ന വേദന

മുസ്ത് അഹമ്മദ് മകന്‍ അന്‍വറിനെയും ഫാത്തിമ ബീഗത്തേയും കൊണ്ട് കലാപകാരികളില്‍ നിന്നും രക്ഷപ്പെട്ടാണ് ഇന്ത്യയില്‍ എത്തിയത്. പലായനത്തിനിടെ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ ഓര്‍ക്കാന്‍ പോലും പേടിയാണ് അദ്ദേഹത്തിനിപ്പോഴും. പ്രാണനും കൊണ്ട് രക്ഷപെട്ട് വരുന്നതിനിടക്ക് ഒട്ടേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതും പരിക്കുകള്‍ പറ്റിയതും. ആ യാത്രയില്‍ വച്ചാണ് ഫാത്തിമ ബീഗത്തിനും തലക്ക് പരിക്ക് പറ്റിയത്. പുറമേക്ക് പരിക്കൊന്നും ഇല്ലാത്തതിനാല്‍ അന്നത് കാര്യമാക്കിയില്ല.
പലപ്പോഴായി പിന്നീട് വേദന തോന്നിയെങ്കിലും അതൊന്നും വലിയ കാര്യമാക്കിയില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അത് പ്രാണന്‍ പോകുന്ന വേദനയായി മാറുകയായിരുന്നു. ആശുപത്രികള്‍ ആദ്യം ചില സാങ്കേതികത്വങ്ങള്‍ പറഞ്ഞെങ്കിലും പിന്നീട് ചികിത്സിക്കാന്‍ തയ്യാറായി.
പക്ഷെ സ്‌കാനിങും ടെസ്റ്റുകളും ഉള്‍പ്പെടെ പുറത്തുനിന്ന് വലിയ പൈസകൊടുത്ത് ചെയ്യേണ്ടി വന്നു. ഇനിയും മൂന്ന് ടെസ്റ്റുകള്‍ ബാക്കിയുണ്ട്. മലിന്യക്കൂമ്പാരത്തില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി കിട്ടുന്നതില്‍ നിന്നും അരപ്പട്ടിണി കിടന്നായിരുന്നു മരുന്നകള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നത്. അതിനിടക്കാണ് ലോക്ക്ഡൗണ്‍ കൂടെ വന്നത്.
വേദന സഹിക്കാന്‍ വയ്യാതെ ആശുപത്രിയില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. മുമ്പ് പലപ്പോഴായി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ക്രൂരതകള്‍ ഓര്‍ത്തപ്പോള്‍ പിന്നീട് അതിന് മുതിര്‍ന്നില്ല. എല്ലാം പടച്ചവന്റെ കയ്യില്‍ കൊടുത്താണ് പുലരുമെന്ന് ഉറപ്പില്ലാത്ത പല രാത്രികളും ഉറങ്ങാന്‍ കിടക്കാറെന്ന് ഫാത്തിമ ഭീഗം പറയുമ്പോള്‍, മുസ്ത് അഹമ്മദിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. വേദനയുടെ ആഴം അത്രമേല്‍ അവരെ നിസ്സഹായതയുടെ പടുകുഴിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. അടക്കിപ്പിടിച്ചു കരയാന്‍ പോലും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി ടെന്റില്‍ സൗകര്യമില്ല.
ചികിത്സയില്ലാത്ത മനുഷ്യര്‍
ടെന്റിനോട് ചേര്‍ന്ന് ഇപ്പോഴും മാലിന്യങ്ങള്‍ കുന്നുകൂടുന്നുണ്ട്. കയ്യുറകളും മാസ്‌ക്കുകളും ഉള്‍പ്പെടെ ചില ആശുപത്രി സാമഗ്രികളും അതില്‍ പെടും. അവിടെയാണ് നൂറുകണക്കിന് മനുഷ്യര്‍ ഇപ്പോഴും ജീവിക്കുന്നത്. മഹാമാരി എപ്പോള്‍ വേണമെങ്കിലും പടര്‍ന്ന് പിടിക്കാവുന്ന അവസ്ഥയാണ്.
അങ്ങനെ സംഭവിച്ചാല്‍ ഗാന്ധിയുടെ മണ്ണില്‍ സമാധാനത്തോടെ എന്നെങ്കിലും ജീവിക്കാന്‍ സാധിക്കുമെന്ന് കരുത്തുന്ന ജനതയുടെ കൂട്ടക്കുരുതിയാകും ഉണ്ടാവുക. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത അവരുടെ പ്രതിരോധ ശേഷി കാലം എടുത്തുകളഞ്ഞതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങാവും.
2017 ലെ യു.എന്‍. കണക്ക് പ്രകാരം 65.6 ദശലക്ഷം അഭയാര്‍ഥികളുണ്ട് ലോകമെമ്പാടും. മഹാമാരിയുടെ കാലത്ത് ഈ മനുഷ്യരുടെ അവസ്ഥ ജനാധിപത്യ രാജ്യത്ത് പോലും ഇങ്ങനെ ആണെങ്കില്‍ മറ്റ് ചോദ്യങ്ങള്‍ എല്ലാം അപ്രസക്തമാണ്. നാടുകടത്താനുള്ള വ്യഗ്രതയില്‍ കാത്തു നില്‍ക്കുന്ന ഭരണകൂടം മനുഷ്യര്‍ എന്ന മിനിമം പരിഗണന എങ്കിലും അവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. ബംഗ്ലാദേശ് പോലും അതിലൊരു മാതൃകയാണ്. പത്തുലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്‌സസ് ബസാര്‍ ജില്ല സമ്പൂര്‍ണമായി അടച്ചുപൂട്ടി എങ്കിലും അവരെ മനുഷ്യരായി പരിഗണിക്കുന്ന ഭരണകൂട ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്.
'മനുഷ്യത്വമാണെന്റെ മാതൃരാജ്യം' എന്ന് ഫിദല്‍ കാസ്‌ട്രോ പറഞ്ഞതു പോലെയുള്ള വിശാല അര്‍ത്ഥത്തില്‍ അടുത്തകാലത്തൊന്നും ഇന്ത്യയിലെ രാഷ്ട്രീയ ഇടങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ സാധ്യതയില്ലെങ്കിലും, പ്രതീക്ഷ കൈവിടാതെ ടെന്റുകളിലെ മനുഷ്യര്‍ ഗാന്ധിയെ സ്വപ്നം കാണുന്നുണ്ട്. മഹാമാരിയെ അതിജീവിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഓരോ ദിവസവും അവര്‍ മുന്നോട്ട് നീക്കുന്നത്.
content highlights: lockdown and its impact on poor and migrant people in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..