മഴ പെയ്യുമ്പോഴെങ്കിലും ഓർക്കണം: ആ മനുഷ്യൻ ഇപ്പോഴും തെരുവിലാണ് | അതിജീവനം 96


എ. വി. മുകേഷ്‌ / mukeshpgdi@gmail.comAthijeevanam

സോമൻ | ഫോട്ടോ: നന്ദകുമാർ എച്ച്.

ഴ ഇരമ്പി ആർക്കുന്നുണ്ട്. കുറ്റിച്ചലിൽ ബസ്സിറങ്ങുമ്പോൾ റബ്ബർ മരങ്ങളാകെ കുതിർന്ന് നിൽക്കുന്നു. ദൂരെയുള്ള ഒരു കൂരയിൽ ചെറു വെട്ടം കാണാം. ഇടത് വശത്ത് റബ്ബർ മരങ്ങൾക്കു താഴെ രണ്ടു സൈക്കിൾ കെട്ടിവച്ചിരിക്കുന്നു. അതിന് മുകളിൽ ചെറു കൂടാരം കണക്കെ നീല ഷീറ്റ്. ഉള്ളിൽ മഴ പോലെ നനഞ്ഞ് ഒരു മനുഷ്യൻ... ഞാൻ അവിടേക്ക് നടന്നു.

ചുളിവുവീണ നിസ്സഹായതയുടെ കവിളിൽ ചിരി പടർന്നു. ആ ചിരിക്കൊപ്പം മഴ പതിയെ കുറഞ്ഞു. വെളുത്ത മീശയിലെ മഴത്തുള്ളികൾ പരുക്കൻ കൈകൊണ്ട് തുടച്ചു മാറ്റി. ഉടുമുണ്ടിന്റെ മറ്റൊരു അറ്റമെടുത്ത് തല തോർത്തി. പേരു ചോദിപ്പോൾ അതിശയത്തോടെ ഒന്നു നോക്കി. അൽപ്പനേരം നിശബ്ദനായി എന്നിട്ട് പറഞ്ഞു, 'സോമൻ'. ഏറെ കാലത്തിന് ശേഷമാണ് തന്റെ പേര് ഓർത്തെടുത്തതെന്ന് പറഞ്ഞ് വീണ്ടും ചിരിച്ചു. ഇടുങ്ങിയ കണ്ണുകളിലപ്പോൾ വേദനയുടെ ആഴം കാണാമായിരുന്നു. കരയാനാവാത്ത വിധം നിലച്ചു പോയിട്ടുണ്ട് ആ മനുഷ്യൻ.രണ്ടു സൈക്കിളും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. തുരുമ്പെടുത്ത് മണ്ണിൽ ആഴ്ന്നു കിടക്കുകയാണ് ടയറുകൾ. ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥ. സീറ്റിന് മുകളിൽ കെട്ടിയ മുളയും നീളൻ കമ്പുകളുമാണ് കിടക്ക. അൽപ്പം നേരം കിടക്കുമ്പോഴേ പുറം വേദനിക്കും. കടുത്ത വേദന വരുമ്പോൾ എഴുന്നേറ്റ് ഇരിക്കും. ഏറെ നേരം കഴിഞ്ഞ് വീണ്ടും കിടക്കും. പുറത്തെ തഴമ്പുകൾ തടവികൊണ്ട് സോമൻ ആ അവസ്ഥ വിവരിച്ചു.

എഴുപത് വയസ്സുകഴിഞ്ഞെന്ന് ഏറെ നേരം ഓർത്തു പറഞ്ഞു. ചിലതെല്ലാം അദ്ദേഹം മറവിക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ആധാർ കാർഡോ റേഷൻ കാർഡോ ഒന്നുമില്ല. ജനിച്ചതിനും ജീവിക്കുന്നതിനും അവശേഷിക്കുന്ന ശരീരമല്ലാതെ യാതൊരുവിധ അടയാളങ്ങളുമില്ല. ആ ജീവിതം പറയുന്നതിനിടക്ക് മഴ ഓരം ചേർന്നു നിൽക്കുന്ന പോലെതോന്നി. വീണ്ടും പെയ്യാനൊരുങ്ങുന്ന മഴമേഘങ്ങളെ റബ്ബർ മരങ്ങൾക്കിടയിലൂടെ കാണാം. അവ കൂടുതൽ ഇരുട്ടു പടർത്തി.

ഫോട്ടോ എടുക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം തടഞ്ഞു. 'ഇങ്ങനെ വേണ്ട ഇതൊന്നു മാറട്ടെ' നനഞ്ഞൊട്ടിയ ഷർട്ടഴിച്ചുകൊണ്ട് പറഞ്ഞു. ഷീറ്റിനുള്ളിൽ ചുറ്റിവച്ച കവറിൽനിന്ന് മറ്റൊരു ഷർട്ടും മുണ്ടും എടുത്തു. റബ്ബർ മരത്തിന്റെ മറപറ്റി നനഞ്ഞ തുണി മാറ്റി ഉടുത്തു. ആകെയുള്ളത് രണ്ടു ജോഡി ഷർട്ടും മുണ്ടുമാണ്. രാവിലെ ഉടുമുണ്ടും രാത്രി പുതപ്പുമാകുന്ന മാജിക്കുണ്ട് ആ മുണ്ടുകൾക്ക്. ജീവിതം അന്യമായ വൃദ്ധ ജീവിതം കാമറക്കുമുന്നിൽ ചിരിച്ചു.

സോമൻ | ഫോട്ടോ: നന്ദകുമാർ എച്ച്.

കാടുകയറിയ ബാല്യ കൗമാരങ്ങൾ

തിരുവന്തപുരം ചാരുപാറയിലാണ് സോമൻ പിച്ചവച്ചുതുടങ്ങിയത്. മീനാക്ഷിയുടെയും കുട്ടന്റെയും നാലുമക്കളിൽ ഇളയകുട്ടി. പട്ടിണിക്കുമുന്നിൽ നാലാം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു. കാളവണ്ടിക്കാരനായ അച്ഛന്റെ സഹായിയായി. രാപ്പകൽ അധ്വാനിച്ചാലും തുച്ഛമായ തുകയാണ് ബാക്കിയാവുന്നത്. ഒരു നേരത്തെ അന്നത്തിനുപോലും തികയാത്ത അവസ്ഥ.

ചുമന്നു തീർത്ത ഭാരത്തിന്റെ ഓർമ്മകൾ സോമന്റെ കണ്ണിൽ വേദന നിറച്ചു. വറ്റില്ലാത്ത കഞ്ഞിക്കലത്തിലെ വെള്ളം മാത്രം കുടിച്ചുറങ്ങിയ കാലം. ഓണത്തിനും വിഷുവിനും മാത്രം കിട്ടാറുള്ള കറികൂട്ടിയുള്ള ഒരുനേരത്തെ അന്നം. ആ രുചി ഇപ്പോഴും വയറ്റിലുണ്ടെന്ന് പറയുമ്പോൾ മുഖത്തെ ചുളിവുകൾ സന്തോഷം കൊണ്ടു വിടർന്നു. ആ കാലം ഒരിക്കൽക്കൂടി അദ്ദേഹത്തിന്റെ മുന്നിൽ വന്ന് നിന്നു കാണണം.

അക്കാലത്താണ് വിറക് ശേഖരിച്ചു വിൽക്കാൻ തുടങ്ങിയത്. കോട്ടൂർ വനമേഖലയോട് ചേർന്ന് വീണുകിടക്കുന്ന ചുള്ളിക്കമ്പുകൾ മലയിറക്കി കൊണ്ടുവരും. കെട്ടുകളാക്കി സമീപത്തെ ചായക്കടകളിൽ കൊടുക്കും. കൂലിയായി ചില്ലറ തുട്ടുകൾക്കൊപ്പം ഒരു ചായയും കിട്ടും. കാലങ്ങളോളം അത് തുടർന്നു. മറ്റൊരർത്ഥത്തിൽ, ബാല്യവും കൗമാരവും വനാതിർത്തിയിൽ നിലച്ചുപോവുകയായിരുന്നു.

തനിച്ചായ കാലം

കൃഷി ചെയ്യണമെന്ന ആഗ്രഹം മനസ്സിന്റെ നീറ്റലായിരുന്നു. എന്നാൽ പാറക്കല്ലുകൾ നിറഞ്ഞ പത്തുസെന്റ് സ്ഥലത്ത് കൃഷി അസാധ്യമായി. മറ്റൊരു ജീവിതം സാധ്യമാക്കാനാണ് പുരയിടം വിറ്റ് ഭാഗംവച്ചത്. അതോടെ സഹോദരങ്ങൾ പലവഴിക്കായി പിരിഞ്ഞു. അവശേഷിച്ച തുകക്ക് ഒരു തുണ്ട് കൃഷിഭൂമിക്കായി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കാലങ്ങൾ കടന്നുപോയി, കയ്യിലുള്ള പണം പൂർണ്ണമായും തീർന്നു. ഒടുവിൽ സൈക്കിൾ മാത്രം അവശേഷിച്ചു.

ശരീരത്തോട് ചേർന്നു നിന്ന സൈക്കിൾ അടുത്ത സുഹൃത്തായി. പറയാനും നിശബ്ദമായി കേൾക്കാനും നിഴൽപോലെ ഒരാൾ. ഒറ്റപ്പെടലിൽ നിന്നും ആ ചിന്തകളാണ് മുന്നോട്ടുകൊണ്ടുപോയത്. അതിരാവിലെ കാടുകയറി വിറകുശേഖരിക്കും. സൈക്കിളിന് പുറകിൽ കെട്ടി ആവശ്യക്കാർക്ക് എത്തിക്കും. അന്നന്ന് കഴിയാനുള്ളത് കിട്ടിയാൽ പണി നിർത്തും. ഇരുട്ടിയാൽ ബസ്സ് സ്റ്റോപ്പിലും കടത്തിണ്ണകളിലുമായി കിടക്കും.

ദിക്കറിയാത്ത യാത്രകൾക്കുമുന്നിൽ കാലങ്ങൾ കടന്നുപോയി. വിവാഹവും സ്വപ്നങ്ങളുമെല്ലാം വഴികളിൽ എവിടെയോ അന്യമായി. പലവഴിക്കായ സഹോദരങ്ങൾ എവിടെയെന്നുപോലും അറിയില്ല. പ്രായം ഇന്നു വലിയ പ്രതിസന്ധിയാണ്. രോഗങ്ങൾ പലപ്പോഴും പ്രാണനെ വെല്ലുവിളിക്കുന്നു. ഒന്നിനും കീഴ്പ്പെടാൻ തയ്യാറല്ലാത്ത മനസ്സാണ് അവിടെയൊക്കെ കൈപിടിക്കുന്നത്. വീണുപോകാതെ കാക്കുന്നത് നടന്നു തീർത്ത വഴികളിലെ അനുഭവങ്ങളാണ്.

സോമൻ | ഫോട്ടോ: നന്ദകുമാർ എച്ച്.

വിത്തെറിയാനുള്ള മണ്ണു വേണം

അനാരോഗ്യം കാരണം കാട്ടിൽ കയറി വിറകു ശേഖരിക്കാൻ പറ്റാതായി. സൈക്കിൾ ചവിട്ടി ഏറെ നേരം സഞ്ചരിക്കാൻ കാലുകൾ അനുവദിക്കാത്ത അവസ്ഥ. റബ്ബർ മരങ്ങളുടെ തണലുപറ്റി സൈക്കിൾ ചേർത്തു നിർത്തി. കയ്യിലുള്ള പൈസ കൂട്ടി മറ്റൊരു പഴയ സൈക്കിൾ കൂടി വാങ്ങി. രണ്ടും കമ്പുകൾ ചേർത്തുകെട്ടി. മുളവിരിച്ച് കട്ടിലാക്കി. അസാധാരണ ജീവിതത്തിനാണ് അന്ന് തുടക്കമായത്.

മാറിയുടുക്കാൻ ഒരു ജോഡി വസ്ത്രം മാത്രമാണുള്ളത്. അതും പിന്നി പഴകിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും പട്ടിണിയാണ്. മനുഷ്യനെ മറന്നിട്ടില്ലാത്തവരുടെ കരുണ ഒരു നേരത്തെ അന്നം തരും. അതിനായി സമീപത്തെ ഹോട്ടലിലേക്ക് രാവിലെതന്നെ പോകും. പുറത്ത് വിശന്നൊട്ടിയ വയറുമായി കാത്തിരിക്കും. ആർക്കുമുന്നിലും കൈനീട്ടില്ല, അറിഞ്ഞ് തരുന്നത് വാങ്ങിക്കും. മഹാ ഭൂരിപക്ഷവും ആ മനുഷ്യന്റെ ആമാശയ വേദന കാണാതെ കടന്നുപോകാറാണ് പതിവ്. അന്നൊക്കെ കാലി വയറുമായി കിടക്കും.

സോമൻ എന്ന ജീവനുള്ള മനുഷ്യൻ ഇങ്ങനെ റോഡരികിൽ കിടക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. ഭരണകൂടത്തിന്റെ നിഴലുപോലും ആ വഴി വന്നിട്ടില്ല. ഇപ്പോഴും അദ്ദേഹം ആവശ്യപ്പെടുന്നത് ആരുടെയെങ്കിലും സൗജന്യമല്ല. പ്രാണൻ പോകുന്നത് വരെ അധ്വാനിച്ചു ജീവിക്കാനുള്ള മണ്ണാണ്. അതും തന്റെ ജീവൻ പോയാൽ തിരിച്ചെടുക്കാമെന്ന് അടിവരയിടുന്നുണ്ട്.

തിരുവന്തപുരം ജില്ലയിലെ കുറ്റിച്ചൽ തച്ചൻകോട് റോഡിൽ വൃദ്ധനായ ഈ മനുഷ്യനുണ്ട്. മനുഷ്യത്വത്തിന്റെ അവസാന ചിന്തയെങ്കിലും ബാക്കിയുണ്ടെങ്കിൽ അതുവഴി പോകാം. റബ്ബർ മരങ്ങൾക്കുള്ളിൽ ഒളിച്ച കാർമേഘങ്ങൾ വീണ്ടും പെയ്തുതുടങ്ങി. നിമിഷങ്ങൾക്കകം ഷീറ്റിനുള്ളിലൂടെ അകത്തേക്ക് വെള്ളമിറങ്ങി. സോമൻ കാലുകൾ മടക്കി ഇരുകൈകൾ കൊണ്ടും ചേർത്തുപിടിച്ചു. ശരീരത്തിലേക്ക് പതിയെ വീണുതുടങ്ങിയ മഴത്തുള്ളികളുടെ ശക്തികൂടി വന്നു. മഴക്കൊപ്പം അയാൾ പെയ്തിറങ്ങുന്നത് പോലെ തോന്നി.

Content Highlights: Life story of Soman Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented